ഓണം അടുത്തെത്തുമ്പോൾ കേരളത്തിന് ഒരു പ്രത്യേക ഗന്ധമുണ്ട്. പുതുവസ്ത്രങ്ങളുടെ മണം, അടുക്കളയിലെ പായസത്തിന്‍റെ സുഗന്ധം, മഴ നനഞ്ഞ മണ്ണിന്‍റെ ഗന്ധം. അതിനിടയിൽ വീട്ടുമുറ്റങ്ങളിലൊക്കെ പരക്കുന്ന പൂക്കളുടെ സുഗന്ധം, എന്നാൽ ആ സുഗന്ധം എവിടെ നിന്നാണ് വരുന്നതെന്ന് നാം എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ, പൂക്കളത്തിൽ വിരിയുന്ന മഞ്ഞ ചെണ്ടുമല്ലിയും ബന്തിയും വെള്ള ജമന്തിയും ചുവന്ന റോസും. ഇവയിൽ പലതും കേരളത്തിൽ ജനിച്ചവയല്ല. അവ നൂറുകണക്കിന് കിലോമീറ്ററുകൾ സഞ്ചരിച്ചെത്തുന്ന അതിഥികളാണ്. ആ യാത്രയുടെ തുടക്കം തമിഴ്നാട്ടിലെ തോവളയും ഹോസൂറും നിന്നൊക്കെയാണ്. ഓണം സീസണിൽ കേരളത്തിലേക്ക് എത്തുന്ന പൂക്കളുടെ വലിയൊരു പങ്കും തമിഴ്‌നാട് നിന്നാണ്.
പരമ്പരാഗത ഗ്രാമം ആയ തോവളയ്ക്ക് പുറമേ ഹൊസൂർ, ദിണ്ടിഗൽ, സത്യമംഗലം, മേട്ടുപ്പാളയം, ഊട്ടി തുടങ്ങിയ പ്രദേശങ്ങളിൽ നിന്നാണ് പൂക്കൾ എത്തുന്നത്. ഓണക്കാലത്ത് ഏറ്റവും കൂടുതൽ ആവശ്യക്കാർ ഉള്ള പൂക്കൾ ചെണ്ടു മല്ലി, വാടാമല്ലി, ജമന്തി, അരളി, റോസ്, ട്യൂബ് റോസ് എന്നിവയാണ്. കേരളത്തിലും പൂക്കൾ കൃഷി ചെയ്യുന്നുണ്ടെങ്കിലും ഓണക്കാലത്തെ വൻ ആവശ്യകത നിറവേറ്റാൻ അത് മതിയാകാറില്ല. അതിനാൽ ദിവസേന നൂറു കണക്കിന് ടൺ പൂക്കൾ ലോറിയിലൂടെ തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലെ വിവിധ പൂക്കച്ചവട കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നു.
മല്ലിപ്പൂമണം പേറും തോവാള
മുൻകാലങ്ങളിൽ പ്രത്യേകിച്ച് കേരളത്തിന്‍റെ തെക്കൻ ജില്ലകളായ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നിവിടങ്ങളിലേക്ക് എത്തുന്ന പൂക്കളുടെ പ്രധാന ഉറവിടമായിരുന്നു തോവാള. മല്ലിപ്പൂ കൃഷിക്ക് ഏറെ പ്രശസ്തമാണ് തോവാള. റോസ്, ചെണ്ടുമല്ലി, ശെവന്തി തുടങ്ങിയ പൂക്കളും ഇവിടെ കൃഷി ചെയ്യുന്നു. കേരളവുമായി അതിർത്തി പങ്കിടുന്നതിനാൽ പൂക്കൾ വളരെ വേഗത്തിൽ കേരള വിപണിയിലെത്തിക്കാനാകും. ഓണം, വിഷു, വിവാഹ സീസൺ, ക്ഷേത്രോത്സവങ്ങൾ എന്നിവയിലൊക്കെ ഇവിടെ നിന്ന് വലിയ തോതിൽ പൂക്കൾ കേരളത്തിലേക്ക് കൊണ്ടുവരാറുണ്ട്. എന്നാൽ ഇന്ന് സ്‌ഥിതി കുറച്ച് മാറിയിട്ടുണ്ട്. കേരളത്തിലേക്ക് എത്തുന്ന പൂക്കളുടെ ആകെ അളവിൽ ഹൊസൂർ ഉൾപ്പെടെയുള്ള തമിഴ്നാട്ടിലെ വലിയ പൂക്കൃഷി മേഖലകളുടെ പങ്ക് വർദ്ധിച്ചിട്ടുണ്ട്. അതിനാൽ ഇപ്പോൾ ഏറ്റവും കൂടുതൽ പൂക്കൾ എത്തുന്നത് ഹൊസൂർ, ദിണ്ടിഗൽ, കൃഷ്ണഗിരി തുടങ്ങിയ മേഖലകളിൽ നിന്നാണ്. എന്നിരുന്നാലും തോവാള ഇന്നും കേരളത്തിന് പ്രധാനപ്പെട്ട ഒരു പരമ്പരാഗത പൂ കച്ചവട കേന്ദ്രമാണ്. കൂടാതെ ഒരു ഭൂപ്രദേശത്തിന്‍റെ ചരിത്രവും പ്രകൃതിയും മനുഷ്യരുടെ അധ്വാനവും ചേർന്ന് രൂപപ്പെടുത്തിയ ഒരു കാർഷിക സംസ്കാ രമാണ്. എന്തുകൊണ്ടാണ് തോവാള പൂക്കളുടെ നാടായത്? തോവാള സ്‌ഥിതി ചെയ്യുന്നത് പശ്ചിമഘട്ടം മലനിരകളുടെ അടിവാരത്താണ്. ഈ പ്രദേശത്തിന്‍റെ മണ്ണും കാലാവസ്‌ഥയും പൂക്കൃഷിക്ക് അനുയോജ്യമാണ്. നല്ല നീർവാർച്ചയുള്ള ചുവന്ന മണ്ണ്. വർഷം മുഴുവൻ താരതമ്യേന മിതമായ കാലാവസ്‌ഥ, ജലസേചന സൗകര്യങ്ങൾ. ശക്‌തമായ സൂ ര്യപ്രകാശവും ആവശ്യത്തിന് ഈർപ്പവും.
ഈ ഘടകങ്ങൾ ചേർന്നപ്പോൾ പൂച്ചെടികൾക്ക് വളരെ നല്ല വളർച്ച ലഭിച്ചു. രാജാക്കന്മാരുടെ കാലം മുതൽ ഇവിടെ പൂക്കൃഷി ഉണ്ട്. കന്യാകുമാരി പ്രദേശം ഒരു കാലത്ത് തിരുവിതാംകൂർ രാജ്യ ഭരണത്തിന്‍റെ ഭാഗമായിരുന്നു. ക്ഷേത്രാരാധനയ്ക്കും രാജകൊട്ടാരങ്ങൾക്കും ദിനംപ്രതി വലിയ അളവിൽ പൂക്കൾ ആവശ്യമായിരുന്നു. ആ ആവശ്യമാണ് തോവാളയിലെ പൂക്കൃഷിയെ പ്രോത്സാഹിപ്പിച്ചത്. പിന്നീട് വിവാഹങ്ങൾ, ഉത്സവങ്ങൾ, ക്ഷേത്രങ്ങൾ, വിപണികൾ എന്നിവയുടെ ആവശ്യകത വർദ്ധിച്ചതോടെ കർഷകർ നെൽകൃഷിയേക്കാൾ കൂടുതൽ ലാഭം ലഭിക്കുന്ന പൂക്കൃഷിയിലേക്ക് മാറിത്തുടങ്ങി.





