ആഖ്യാന ശൈലിയും കഥാപാത്രസൃഷ്ടിയും കൊണ്ട് തന്‍റേതായ ഒരിടം സൃഷ്ടിച്ച കഥാകാരിയാണ് സുധ അജിത്. ബന്ധങ്ങളുടെ സങ്കീർണതകളും സ്ത്രീ പോരാട്ടങ്ങളും ജീവിതത്തിന്‍റെ സൂക്ഷ്‌മമായ സൗന്ദര്യവും ഒപ്പിയെടുക്കുന്നതാണ് സുധയുടെ രചനകളുടെ പ്രത്യേകത. അതുകൊണ്ടുതന്നെ സമകാലിക മലയാള എഴുത്തുകാർക്കിടയിൽ ആദരണീയമായ സ്‌ഥാനം നേടിയിട്ടുണ്ട്. സുധ അജിത്തിന്‍റെ കഥകളും നോവലുകളും സർഗാത്മകമായ പ്രതിഭയെ മാത്രമല്ല, സമൂഹത്തെയും വ്യക്തികളുടെ ആന്തരിക ലോകത്തെക്കുറിച്ചുള്ള അവരുടെ സൂക്ഷ്‌മമായ നിരീക്ഷണത്തെയും പ്രതിഫലിപ്പിക്കുന്നവയാണ്. ശക്തമായ പ്രമേയങ്ങളും ഉൾക്കാഴ്ചയേറിയ ആവിഷ്ക്കാരങ്ങളും കൊണ്ട് അവർ വായനക്കാരെ അസ്വസ്‌ഥരാക്കുന്നു. അഞ്ച് ചെറുകഥാ സമാഹാരങ്ങളും നാലു നോവലുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. രണ്ടു നോവലുകൾ ഗൃഹശോഭ മാസികയിൽ പ്രസിദ്ധീകരിച്ചതു കൂടാതെ മനോരമ വീക്കിലിയിൽ രണ്ടു സമ്പൂർണ നോവലുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരള സാഹിത്യ വേദിയുടെ തകഴി പുരസ്ക്കാരം, ആത്മായനങ്ങളുടെ ഖസാക്ക് അവാർഡ്, കൊച്ചി അന്താരാഷ്ട്ര പുസ്‌തകോത്സവ സമിതിയുടെ മാടമ്പ് കുഞ്ഞിക്കുട്ടൻ പു രസ്ക്കാരം, ഗാർഗി മാധവിക്കുട്ടി പ്രത്യേക ജൂറി പുരസ്ക്കാരം, കോലധാരി എന്ന നേവലിന് എഴുത്തുകൂട്ടം കമ്മ്യൂണിക്കേഷൻ ഓഫ് ലെറ്റേഴ്‌സിന്‍റെ 2025-ലെ മികച്ച നോവൽ പുരസ്ക്‌കാരം 2025-ലെ മികച്ച നോവലിനുള്ള തുളുനാട് പുരസ്ക്കാരം എന്നിങ്ങനെയുള്ള നിരവധി അംഗീകാരങ്ങൾ നേടിയിട്ടുള്ള സുധ അജിത് തന്‍റെ എഴുത്തു ജീവിതത്തെപ്പറ്റി ഗൃഹശോഭയുമായി പങ്കു വയ്ക്കുന്നു.

എഴുത്തുകാരി എന്നനിലയിലുള്ള തുടക്കം

വളരെ ചെറുപ്പം മുതൽ ഞാൻ എഴുതിത്തുടങ്ങി. ഏകദേശം പത്തുപന്ത്രണ്ടു വയസ്സുള്ളപ്പോൾ മുതൽ ഞാൻ കഥകൾ എഴുതിയിരുന്നു. ആദ്യമായി എഴുതിയത് യുദ്ധത്തിൽ രക്തതസാക്ഷിയാകുന്ന ഒരു ബാലനെക്കുറിച്ചായിരുന്നു. ആ കഥ അന്ന് എന്‍റെ അയൽവാസിയായിരുന്ന കവി വിഷ്ണുനാരായണൻ നമ്പൂതിരി, അദ്ദേഹത്തിന്‍റെ മകൾ മുഖാന്തിരം കാണാൻ ഇടയാകുകയും ധാരാളം പ്രോത്സാഹനം നൽകുകയും ചെയ്തു. പിന്നീട് തിരുവനന്തപുരം ജവഹർ ബാലഭവനിൽ വച്ച് കാവാലം നാരായണപ്പണിക്കർ ഒരു നാടകത്തിൻറ പ്ലോട്ട് നൽകുകയും അതനുസരിച്ച് ഞാൻ നാടകപരൂപത്തിൽ എഴുതി അദ്ദേഹത്തെ കാണിക്കുകയും ചെയ്തു. അദ്ദേഹത്തിൽ നിന്നും ലഭിച്ച അഭിനന്ദനങ്ങളും പ്രോത്സാഹനങ്ങളുമാണ് പിന്നീട് എഴുത്തിലേക്ക് എന്നെ വഴിതിരി ച്ചത്. പിന്നീട് ഒരു കാലഘട്ടത്തിൽ കവിയും അധ്യാപകനും ആയിരുന്ന ഒഎൻവി കുറുപ്പ് സാറിന്‍റെ വാക്കുകളും എഴുത്തിൽ എനിക്ക് പ്രചോദനം നൽകിയിട്ടുണ്ട്.

എന്നാൽ ചെറുപ്പകാലത്ത് എഴുതിയിരുന്നതൊന്നും എനിക്ക് പ്രസിദ്ധീകരിക്കാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് വിവാഹശേഷം ഏകദേശം മുപ്പത്തഞ്ച് വയസ്സുള്ളപ്പോൾ നോവൽ എഴുതിയെങ്കിലും അത് എന്‍റെ കയ്യിൽ നിന്നും നഷ്ടപ്പെട്ടു. ആ കാലഘട്ടത്തിൽ എഴുതിയ കുറേ കവിതകളും കഥകളും മലയാളത്തിലെ മുൻനിരയിലുള്ള ചില ആനുകാലികങ്ങളിൽ വന്നിട്ടുണ്ട്. പിന്നീട് കുടുംബപരമായ ജോലിത്തിരക്കുകൾ മൂലം ദീർഘകാലത്തേക്ക് കാര്യമായി എഴുതിയില്ല. എങ്കിലും ഇടയ്ക്ക് ചിലതെല്ലം കുത്തിക്കുറിക്കുമായിരുന്നു. പിന്നീട് 2017-ൽ കുറച്ച് കഥകൾ ചേർത്ത് “മഞ്ഞിനടിയിലെ തീ ജ്വാല” എന്ന പേരിൽ കഥാസമാഹാരം ഇറക്കി. അതിനുശേഷം തുടർച്ചയായി ആനുകാലികങ്ങളിൽ കഥകളും നോവലുകളും എഴുതിക്കൊണ്ടിരുന്നു.

പ്രശസ്ത എഴുത്തുകാരായ സി രാധാകൃഷ്ണൻ, ശ്രീകുമാരി രാമചന്ദ്രൻ, എൽ മോഹനവർമ്മ, ജോർജ് ജോസഫ് എന്നിവരിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്ന പ്രോത്സാഹനങ്ങളാണ് ഇന്നിപ്പോൾ എന്നെ മുന്നോട്ടു നയിക്കുന്നത്. ഇപ്പോൾ എന്‍റേതായി ഒമ്പതു കൃതികൾ പുസ്തകരൂപത്തിലായിട്ടുണ്ട്. അതിൽ നാലുനോവലുകളും അഞ്ച് കഥാസമാഹാരങ്ങളും ഉണ്ട്. “വിഷ്ണു‌ കണ്ട പ്രളയം” എന്ന പേരിൽ ഒരു ബാലനോവലും ഞാൻ എഴുതിയിട്ടുണ്ട്.

നോവലുകൾ എഴുതാനുള്ള പ്രചോദനം?

മിക്കപ്പോഴും വേറിട്ട പ്രമേയങ്ങളാണ് നോവലിന് തിരഞ്ഞെടുക്കാറുള്ളത്. നമ്മുടെ സമൂഹത്തിൽ ജീർണ്ണോന്മുഖമായി കാണുന്ന ജാതി മതാദിചിന്തകളും (സാഗര സംഗമം) രോഗഗ്രസ്‌തമായ വാർദ്ധക്യത്തിന്‍റെ രോദനങ്ങളും (പവിഴമല്ലിപ്പൂക്കൾ) അരികുവൽക്കരിക്കപ്പെടുന്ന ചില പ്രത്യേക വിഭാഗങ്ങളുടെ ദുരിതപൂർണ്ണമായ ജീവിത ചിത്രങ്ങളും (കോലധാരി, സമകാമിത) എല്ലാം ഞാൻ നോവലിൽ കൊണ്ടുവരാൻ ശ്രമിക്കാറുണ്ട്. സാഗര സംഗമം എന്ന നോവലിൽ പഴയ തലമുറയുടെ ജാതി മതചിന്തകളാൽ വിഷലിപ്തമാക്കിയിട്ടും വളർന്നു വികസിച്ച ഒരു മനോഹര പ്രണയ കഥയാണ് ഞാൻ ആവിഷ്ക്കരിക്കാൻ ശ്രമിച്ചത്. അതുപോലെ ഗൃഹശോരയിൽ പ്രസിദ്ധീകരിച്ച “പവിഴമല്ലിപ്പൂക്കൾ” എന്ന നോവലിൽ വാർദ്ധക്യത്തിൽ അൾഷിമേഴ്‌സ് എന്ന രോഗം ബാധിച്ച വ്യദ്ധൻ, രോഗവിമുക്‌തനായി തന്‍റെ പൂർവ്വകാല പ്രണയിനിയെ ജീവിതത്തിലേക്ക് സ്വീകരിക്കുന്നതാണ് പ്രമേയം.

കോലധാരി എന്ന നോവൽ തെയ്യം കലാകാരൻ ജീവിത ദുരിതങ്ങൾ ആവിഷ്ക്കരിക്കുമ്പോൾ “സമകാമിത” എന്ന നോവൽ ഇന്ന് സമൂഹം ഒട്ടൊക്കെ അവഗണനയോടെ കാണുന്ന എൽജിബിടിക്യൂ വിഭാഗക്കാരെക്കുറിച്ചുള്ളതാണ്. ഇനിയും ഒരു നല്ല ജീവിതം സ്വപ്നം കാണാൻ മാത്രം വിധിക്കപ്പെട്ട അവർ സമൂഹത്തിന്‍റെ ദയാദാക്ഷിണ്യങ്ങൾക്കായി കാത്തു നിൽക്കുകയാണ്. ഇത്തരത്തിൽ നമ്മുടെ ചുറ്റും കണുന്ന വ്യത്യസ്ത ജീവിതങ്ങൾ ഞാൻ നോവലിന് വിഷയമാക്കാറുണ്ട്.

മിക്ക നോവലുകളും സ്ത്രീയുടെ ആന്തരികശക്തിയെയും അന്തഃസംഘരങ്ങളേയുമാണ് ചിത്രീകരിക്കുന്നത്. ബോധ പൂർവമായ തിരഞ്ഞെടുപ്പാണോ അത്?

ഒരു സ്ത്രീയെന്ന നിലയിൽ സ്വാഭാവികമായി എന്‍റെ നോവലിൽ അവ കടന്നുവരാം. വർത്തമാനകാല സമുഹത്തിൽ സ്ത്രീ നേരിടുന്ന പല പ്രശ്നങ്ങളേയും ആന്തരിക സംഘർഷങ്ങളേയും ഞാൻ ആവിഷ്ക്കരിക്കാൻ ശ്രമിക്കാറുണ്ട്. “സാഗര സംഗമം” അത്തരത്തിലുള്ള സംഘർഷങ്ങൾ ഏറെ നേരിടുന്ന ഒരു കഥാപാത്രമാണ്. പുരുഷാധിപത്യം നിലനിൽക്കുന്ന ഇന്നത്തെ സമൂഹത്തിൽ സ്ത്രീ നേരിടുന്ന വെല്ലുവിളികൾ അവളെ ആന്തരിക സംഘർഷങ്ങളിലേക്ക് നയിക്കാറുണ്ട്. കൂടാതെ വീട്ടമ്മ എന്ന നിലയിലും ഉദ്യോഗസ്ഥ എന്ന നിലയിലും അമ്മ എന്ന നിലയിലും അവൾക്ക് നിരവധി പ്രശ്ന‌ങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്നു. അവയെല്ലാം അസാമാന്യ പാടവത്തോടെ നേരിടുകയും സ്ത്രീയെന്ന നിലയിൽ സമൂഹത്തിൽ തന്‍റെ സ്‌ഥാനം ഉറപ്പിക്കുകയുമാണ് അവൾ ചെയ്യുന്നത്.

സ്വത്വ ബോധത്തിൽ ഊന്നിയ ഒരു മാനസിക ഘടനയാണ് അവളെ മുന്നോട്ടുനയിക്കുന്നത്. അതവൾക്ക് ആന്തരിക ശക്ത‌ി നൽകുകയും വെല്ലുവിളികളെ നേരിടാൻ പ്രാപ്തയാക്കുകയും ചെയ്യുന്നു. എന്‍റെ കഥാപാത്രങ്ങളെല്ലാം ഇത്തരത്തിൽ ആന്തരിക ശക്തിയും ആന്തരിക സംഘർഷങ്ങളും നിറഞ്ഞതാവാൻ ഇതായിരിക്കാം കാരണം. സ്ത്രീ ശാക്ത‌ികരണത്തിനായി ഞാൻ ബോധപൂർവ്വം ആവിഷ്ക്കരിക്കുന്നതുമാണെന്നും നോവലിസ്റ്റ് എന്ന നിലയിൽ നേരിടുന്ന വെല്ലുവിളികൾ  വീട്ടമ്മ എന്ന നിലയിൽ ചില സമയ പരിമിതികൾ ഉണ്ടെങ്കിലും ഞാൻ അതിനെയെല്ലാം നേരിട്ട് എഴുതാൻ ശ്രമിക്കാറുണ്ട്. അക്കാര്യത്തിൽ എന്‍റെ ഭർത്താവുൾപ്പെടെ കുടുംബാംഗങ്ങൾ എല്ലാവരും എനിക്ക് പിന്തുണ നൽകാറുണ്ട്.

പിന്നെ സമൂഹത്തെക്കുറിച്ച് പറയുകയാണെങ്കിൽ പൊതുവെ വെല്ലുവിളികൾ കുറവാണ്. എങ്കിലും സ്ത്രീക്ക് ആവിഷ്ക്കാര സ്വാതന്ത്ര്യം അത്രത്തോളം നേടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ടോ എന്ന കാര്യത്തിൽ എനിക്ക് സംശയമുണ്ട്. പെണ്ണെഴുത്തുകൾ എന്ന രീതിയിൽ ഒരു കാഴ്ച്ചപാട് ഇന്നും സമൂഹത്തിൽ നിലനിൽക്കുന്നതായി തോന്നാറുണ്ട്. അതുകൊണ്ടു തന്നെ പൊതുവെ സ്ത്രീകൾ ഏറ്റെടുക്കാൻ മടിക്കുന്ന വ്യത്യസ്‌ത പ്രമേയങ്ങൾ കൈകാര്യം ചെയ്യുമ്പോൾ അത്ഭുതപ്പെടുന്നവരുണ്ട്.. അതുപോലെ ചില പുരുഷന്മാരിൽ നിന്നും അപൂർവ്വമായി അസൂയ കലർന്ന ചില അടിച്ചമർത്തലുകളും നേരിടേണ്ടി വന്നിട്ടുണ്ട്. അതിനെയെല്ലാം ബോധപൂർവം നേരിട്ട് മുന്നേറാൻ ശ്രമിക്കാറുണ്ട്.

സ്വന്തം കൃതികളിൽ ഏറ്റവും ഇഷ്‌ടപ്പെട്ടത്

ഏറ്റവും ഇഷ്‌ടപ്പെട്ട കൃതികൾ രണ്ടു മൂന്നെണ്ണമുണ്ട്. ഗൃഹശോഭയിൽ പ്രസിദ്ധീകരിച്ച സാഗര സംഗമവും തെയ്യം കലാകാരന്‍റെ ജീവിതം ആവിഷ്കരിച്ച് ഇതിനോടകം എനിക്ക് ഒന്ന് രണ്ട് അവാർഡുകൾ നേടിത്തന്ന കോലധാരി എന്ന നോവലും എൽജിബിടിക്യു വിഭാഗത്തിലുള്ളവരെ കഥാപാത്രങ്ങൾ ആക്കി രചിച്ച് ഈയിടെ പുറത്തിറക്കിയ “സമകാമിത” എന്ന നോവലും ആണ് അവ.

മലയാളത്തിലെ യുവ എഴുത്തുകാരെക്കുറിച്ചുള്ള അഭിപ്രായം

യുവ എഴുത്തുകാരിൽ സന്തോഷ് കുമാർ, ഇന്ദുഗോപൻ, സുഭാഷ്‌ചന്ദ്രൻ, ശ്രീകണ്ഠൻ കരിക്കകം, കെ ആർ മീര, ആർ രാജശ്രീ, പ്രിയ എ എസ്, രേഖ ആർ എന്നിവരുടെ എഴുത്തുകൾ എനിക്കിഷ്ടമാണ്.

ഏറെ പ്രതീക്ഷയുള്ള പുതിയ എഴുത്തുകാർ ആരെല്ലാമാണ്?

സുധ തെക്കേമഠം, നിഷ അനിൽകു മാർ, മജീദ് സെയ്‌ദ്, മനോജ് വെങ്ങോല, അനൂപ് അന്നൂർ, വി സുരേഷ് കുമാർ (ഡയസ്പോറ) അഖിൽ ധർമ്മജൻ (റാം കെയറോഫ് ആനന്ദി) ബാബു എബ്രഹാം (കമ്പിളിക്കണ്ടത്തെ കൽഭരണികൾ) എന്നിവരാണ്.

കുടുംബം

ഭർത്താവ് അജിത് കുമാർ എച്ച്ഡിഎഫ്‌സി ബാങ്ക് റിട്ടയേർഡ് ദ്യോഗസ്ഥൻ. മകൾ രോഷ്‌നി എസ്, അജിത് മരുമകൻ ഗോപു ജി ഇരുവരും കൊച്ചി ഐബിഎസിൽ മാനേജർമാരാണ്. പേരക്കുട്ടിയുമുണ്ട് ദേവൻഷ്-സ്ക്കൂൾ വിദ്യാർത്ഥിയാണ്. ഇവരുടെയെല്ലാം ശക്തമായ പിന്തുണയും പ്രോത്സാഹനവുമാണ് എന്‍റെ എഴുത്തിനെ മുന്നോട്ട് നയിക്കുന്ന ഘടകങ്ങൾ.

और कहानियां पढ़ने के लिए क्लिक करें...