ആഖ്യാന ശൈലിയും കഥാപാത്രസൃഷ്ടിയും കൊണ്ട് തന്‍റേതായ ഒരിടം സൃഷ്ടിച്ച കഥാകാരിയാണ് സുധ അജിത്. ബന്ധങ്ങളുടെ സങ്കീർണതകളും സ്ത്രീ പോരാട്ടങ്ങളും ജീവിതത്തിന്‍റെ സൂക്ഷ്‌മമായ സൗന്ദര്യവും ഒപ്പിയെടുക്കുന്നതാണ് സുധയുടെ രചനകളുടെ പ്രത്യേകത. അതുകൊണ്ടുതന്നെ സമകാലിക മലയാള എഴുത്തുകാർക്കിടയിൽ ആദരണീയമായ സ്‌ഥാനം നേടിയിട്ടുണ്ട്. സുധ അജിത്തിന്‍റെ കഥകളും നോവലുകളും സർഗാത്മകമായ പ്രതിഭയെ മാത്രമല്ല, സമൂഹത്തെയും വ്യക്തികളുടെ ആന്തരിക ലോകത്തെക്കുറിച്ചുള്ള അവരുടെ സൂക്ഷ്‌മമായ നിരീക്ഷണത്തെയും പ്രതിഫലിപ്പിക്കുന്നവയാണ്. ശക്തമായ പ്രമേയങ്ങളും ഉൾക്കാഴ്ചയേറിയ ആവിഷ്ക്കാരങ്ങളും കൊണ്ട് അവർ വായനക്കാരെ അസ്വസ്‌ഥരാക്കുന്നു. അഞ്ച് ചെറുകഥാ സമാഹാരങ്ങളും നാലു നോവലുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. രണ്ടു നോവലുകൾ ഗൃഹശോഭ മാസികയിൽ പ്രസിദ്ധീകരിച്ചതു കൂടാതെ മനോരമ വീക്കിലിയിൽ രണ്ടു സമ്പൂർണ നോവലുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരള സാഹിത്യ വേദിയുടെ തകഴി പുരസ്ക്കാരം, ആത്മായനങ്ങളുടെ ഖസാക്ക് അവാർഡ്, കൊച്ചി അന്താരാഷ്ട്ര പുസ്‌തകോത്സവ സമിതിയുടെ മാടമ്പ് കുഞ്ഞിക്കുട്ടൻ പു രസ്ക്കാരം, ഗാർഗി മാധവിക്കുട്ടി പ്രത്യേക ജൂറി പുരസ്ക്കാരം, കോലധാരി എന്ന നേവലിന് എഴുത്തുകൂട്ടം കമ്മ്യൂണിക്കേഷൻ ഓഫ് ലെറ്റേഴ്‌സിന്‍റെ 2025-ലെ മികച്ച നോവൽ പുരസ്ക്‌കാരം 2025-ലെ മികച്ച നോവലിനുള്ള തുളുനാട് പുരസ്ക്കാരം എന്നിങ്ങനെയുള്ള നിരവധി അംഗീകാരങ്ങൾ നേടിയിട്ടുള്ള സുധ അജിത് തന്‍റെ എഴുത്തു ജീവിതത്തെപ്പറ്റി ഗൃഹശോഭയുമായി പങ്കു വയ്ക്കുന്നു.
എഴുത്തുകാരി എന്നനിലയിലുള്ള തുടക്കം
വളരെ ചെറുപ്പം മുതൽ ഞാൻ എഴുതിത്തുടങ്ങി. ഏകദേശം പത്തുപന്ത്രണ്ടു വയസ്സുള്ളപ്പോൾ മുതൽ ഞാൻ കഥകൾ എഴുതിയിരുന്നു. ആദ്യമായി എഴുതിയത് യുദ്ധത്തിൽ രക്തതസാക്ഷിയാകുന്ന ഒരു ബാലനെക്കുറിച്ചായിരുന്നു. ആ കഥ അന്ന് എന്‍റെ അയൽവാസിയായിരുന്ന കവി വിഷ്ണുനാരായണൻ നമ്പൂതിരി, അദ്ദേഹത്തിന്‍റെ മകൾ മുഖാന്തിരം കാണാൻ ഇടയാകുകയും ധാരാളം പ്രോത്സാഹനം നൽകുകയും ചെയ്തു. പിന്നീട് തിരുവനന്തപുരം ജവഹർ ബാലഭവനിൽ വച്ച് കാവാലം നാരായണപ്പണിക്കർ ഒരു നാടകത്തിൻറ പ്ലോട്ട് നൽകുകയും അതനുസരിച്ച് ഞാൻ നാടകപരൂപത്തിൽ എഴുതി അദ്ദേഹത്തെ കാണിക്കുകയും ചെയ്തു. അദ്ദേഹത്തിൽ നിന്നും ലഭിച്ച അഭിനന്ദനങ്ങളും പ്രോത്സാഹനങ്ങളുമാണ് പിന്നീട് എഴുത്തിലേക്ക് എന്നെ വഴിതിരി ച്ചത്. പിന്നീട് ഒരു കാലഘട്ടത്തിൽ കവിയും അധ്യാപകനും ആയിരുന്ന ഒഎൻവി കുറുപ്പ് സാറിന്‍റെ വാക്കുകളും എഴുത്തിൽ എനിക്ക് പ്രചോദനം നൽകിയിട്ടുണ്ട്.
എന്നാൽ ചെറുപ്പകാലത്ത് എഴുതിയിരുന്നതൊന്നും എനിക്ക് പ്രസിദ്ധീകരിക്കാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് വിവാഹശേഷം ഏകദേശം മുപ്പത്തഞ്ച് വയസ്സുള്ളപ്പോൾ നോവൽ എഴുതിയെങ്കിലും അത് എന്‍റെ കയ്യിൽ നിന്നും നഷ്ടപ്പെട്ടു. ആ കാലഘട്ടത്തിൽ എഴുതിയ കുറേ കവിതകളും കഥകളും മലയാളത്തിലെ മുൻനിരയിലുള്ള ചില ആനുകാലികങ്ങളിൽ വന്നിട്ടുണ്ട്. പിന്നീട് കുടുംബപരമായ ജോലിത്തിരക്കുകൾ മൂലം ദീർഘകാലത്തേക്ക് കാര്യമായി എഴുതിയില്ല. എങ്കിലും ഇടയ്ക്ക് ചിലതെല്ലം കുത്തിക്കുറിക്കുമായിരുന്നു. പിന്നീട് 2017-ൽ കുറച്ച് കഥകൾ ചേർത്ത് “മഞ്ഞിനടിയിലെ തീ ജ്വാല” എന്ന പേരിൽ കഥാസമാഹാരം ഇറക്കി. അതിനുശേഷം തുടർച്ചയായി ആനുകാലികങ്ങളിൽ കഥകളും നോവലുകളും എഴുതിക്കൊണ്ടിരുന്നു.





