ബിഎ പഠിക്കാനായി കൊച്ചിയിൽ നിന്ന് മുംബൈയിലെത്തിയ ഊർമിളയ്ക്ക് മുംബൈയിലെ ജീവിതശൈലി ഏറെ കൗതുകമുണർത്തുന്നതായിരുന്നു. ഭക്ഷണം, തിരക്കുപിടിച്ച നഗര വീഥികൾ തുടങ്ങി ചുറ്റുമുള്ള ആളുകളുടെ സൗഹ്യദ സ്വഭാവംവരെ അവളിൽ വളരെയധികം മതിപ്പുളവാക്കി. ഇതിനിടെ അവൾ തന്‍റെ പഴയ സഹപാഠിയായ സുനിലിനെ കണ്ടുമുട്ടി. ക്രമേണ അവരുടെ സൗഹൃദം ശക്തിപ്പെട്ടു. സമയം കിട്ടുമ്പോഴൊക്കെ ഇരുവരും പുറത്തുപോകുന്നത് പതിവായി. ഒരിക്കൽ സംഭാഷണമദ്ധ്യേ തങ്ങളുടെ സൗഹൃദത്തെ എന്ത് പേരിട്ടാണ് വിളിക്കേണ്ടതെന്ന ഊർമിളയുടെ ചോദ്യത്തിന് സുനിലിന്‍റെ മറുപടി ഫ്ളീറ്റിംഗ് എന്നായിരുന്നു. ആ വാക്കിന്‍റെ അർത്ഥം എന്താണെന്ന് ഊർമിളയ്ക്ക് അന്ന് മനസിലായില്ല. അവളതുകേട്ട് ചി രിച്ചു. ഡേറ്റിംഗ് എന്നാണ് സുനിൽ ഉദ്ദേശിച്ചതെന്ന് ഊർമിള കരുതി. പക്ഷേ സുനിലിന്‍റെ വിചിത്രമായ മറുപടി അവളെ ആശയക്കുഴപ്പത്തിലാക്കി. വാക്കിന്‍റെ അർത്ഥം കണ്ടെത്താനായി ഊർമിള ഗൂഗിളിൽ സെർച്ച് ചെയ്‌തു. എന്നാൽ സുനിലിന് ആ ബന്ധം മറ്റൊന്നായിരുന്നു. അവിടെ ആരും ആരുടേയും ഇഷ്ടമുള്ളിടത്തോളം നിയന്ത്രണത്തിലല്ല. അവർക്ക് ഒരുമിച്ച് സമയം ചെലവഴിക്കാം. ഇഷ്ടമുള്ളപ്പോഴെല്ലാം പുറത്തു പോകാം. ഒരു ബന്ധത്തിന്‍റെ നിയന്ത്രണങ്ങളിൽ അകപ്പെടാൻ സുനിൽ ആഗ്രഹിക്കുന്നില്ലെന്ന വസ്തുത ഉർമിളയെ തീർത്തും ഞെട്ടിച്ചു. കാരണം അവനൊപ്പമുള്ള ജീവിതം അവൾ എപ്പോഴും സ്വപ്നം കണ്ടിരുന്നു. അതോടെ ഊർമിള അവനിൽ നിന്ന് അകന്നുമാറി പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിച്ചു.

ജെൻസി ബന്ധങ്ങളിൽ സാങ്കേതിക വിദ്യയുടെ സ്വാധീനം

അതിവേഗം പുരോഗമിച്ചുകൊണ്ടിരിക്കുന്ന സാങ്കേതികവിദ്യയും മാറിക്കൊണ്ടിരിക്കുന്ന സംസ്കാരങ്ങളും യഥാർത്ഥത്തിൽ ഡേറ്റിംഗ് ലോകത്തെ ഗണ്യമായി മാറ്റിമറിച്ചിട്ടുണ്ട്. മുമ്പ് ആളുകൾക്ക് യഥാർത്ഥ പ്രണയത്തിനോടായിരുന്നു താൽപര്യം. അതാണ് അവർ തേടിയിരുന്നതും. ജീവിതകാലം മുഴുവനും തന്‍റെ പ്രണയഭാജനത്തിനൊപ്പം ജീവിതം പങ്കിടാൻ അവർ ആഗ്രഹിച്ചിരുന്നു. ചില സാഹചര്യങ്ങളിൽ സാമൂഹികവും കുടുംബപരവുമായ കാരണങ്ങളാൽ പ്രണയങ്ങൾ തകർന്നു പോകുന്നതും സാധാരണമായിരുന്നു. എന്നിരുന്നാലും പരസ്‌പരമുണ്ടായിരുന്ന ഇഷ്ടത്തെ ഹൃദയത്തിൽ എന്നെന്നേക്കുമായി അവർ നിലനിർത്തിയിരുന്നു. ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ പ്രണയത്തിന്‍റെ നിറത്തിലും രൂപത്തിലുമൊക്കെ മാറ്റമുണ്ടായിരിക്കുന്നു. ആരോടെങ്കിലും പ്രണയം തോന്നിയാൽ അത് തൽക്ഷണം തുറന്നു പ്രകടിപ്പിക്കുക തന്നെ ചെയ്യും.

പ്രണയ സാഫല്യത്തിനു ഡേറ്റിംഗ് ആപ്പുകളും രംഗത്ത് എത്തിയിരിക്കുന്നു. ആണിനും പെണ്ണിനുമിടയിലെ പ്രണയം ഡേറ്റിംഗ് എന്ന ഓമന പേരിലാണ് അറിയപ്പെടുന്നത്. പക്ഷേ ഡേറ്റിംഗിലുമുണ്ട് ചില വൈവിധ്യങ്ങൾ. സാഹചര്യമനുസരിച്ച് ആണിനും പെണ്ണിനുമിടയിൽ ഉരുത്തിരിയുന്ന ബന്ധങ്ങളെ ജെൻസി പുതിയ പദങ്ങളിലൂടെയാണ് പരിചയപ്പെടുത്തുന്നത്.

ഇന്നത്തെ ഡേറ്റിംഗ് ജീവിതം മുൻകാല ഡേറ്റിംഗ് ജീവിതത്തിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. അത്തരം ഡേറ്റിംഗിന് ജെൻസി ലോകം നൽകുന്ന പേരുകളിലുമുണ്ട് ചില പ്രത്യേകതകൾ. ബന്ധം ഏത് തന്നെയായാലും പിന്നീട് ഒരിറ്റ് സങ്കടമുണ്ടാകാതെ അവസാനിപ്പിക്കുക അതാണ് ഇത്തരം ബന്ധങ്ങളിലെ ഹൈലൈറ്റ്.

സിറ്റുവേഷൻഷിപ്പ്

സൗഹൃദത്തിനും പ്രതിബദ്ധതയുള്ള പ്രണയത്തിനും ഇടയിലായി ഗ്രേ ഏരിയയിൽ നിലനിൽക്കുന്ന ഒരു പ്രത്യേകതരം ബന്ധമാണിത്. വികാരങ്ങളില്ലാത്ത ശാരീരിക അടുപ്പം ഇതിൽ ഉൾപ്പെടാം. സിറ്റുവേഷൻഷിപ്പിൽ വ്യക്തികൾ ഒരുതരത്തിലുമുള്ള ബന്ധത്തിലോ ഡേറ്റിംഗിലോ അകപ്പെടുകയില്ല. മിക്കപ്പോഴും ഒരുമിച്ച് സമയം ചിലവഴിക്കുക, സംസാരിക്കുക, ശാരീരിക ബന്ധം പുലർത്തുക എന്നിവ ഇതിൽ ഉൾപ്പെടുന്നു. വളരെ സിമ്പിളായി പറഞ്ഞാൽ പങ്കാളികൾക്ക് എപ്പോൾ വേണമെങ്കിലും ഇതിൽ നിന്നും പുറത്തു കടക്കുകയും ചെയ്യാം.

ഗോസ്റ്റിംഗ്

പേരുപോലെ ഇവൻ പേടിപ്പെടുത്തുന്ന ഒന്നല്ല. ഏറെ സമയവും സോഷ്യൽ മീഡിയയിൽ ചെലവഴിക്കുന്നവരാണ് ജെൻസി. ഒരിക്കൽപോലും കണ്ടിട്ടില്ലാത്ത വ്യക്‌തിയിൽ നിന്നും അവർ സോഷ്യൽ മീഡിയയിലൂടെ സ്നേഹം കണ്ടെത്തുന്നു. അവരുമായി നിരന്തരം ചാറ്റ് ചെയ്യുകയും വിളിക്കുകയും ചെയ്യും. പെട്ടെന്ന് ഒരു ദിവസം ആ വ്യക്‌തി യാതൊരു മുന്നറിയിപ്പുമില്ലാതെ അപ്രത്യക്ഷനാകാം. എന്നാൽ ആ വ്യക്‌തിയെ അവർ സോഷ്യൽ മീഡിയയിൽ തിരഞ്ഞുകൊണ്ടിരിക്കുകയും ചെയ്യും. ഇതാണ് ഗോസ്റ്റിംഗ്. അദൃശ്യമായ ബന്ധമെന്ന് ചുരുക്കി പറയാം.

മുമ്പ് നിങ്ങളെ ഗോസ്‌റ്റ് ചെയ്ത അതേ വ്യക്തി മാസങ്ങളോ വർഷങ്ങളോ കഴിഞ്ഞ് പെട്ടെന്ന് തിരിച്ചെത്തി സന്ദേശമയയ്ക്കാനോ വിളിക്കാനോ തുടങ്ങിയാൽ അതിനെ ജാബിംഗ് എന്നാണ് പറയുക.

ഫ്ളീറ്റിംഗ്

ടൈം പാസിനുവേണ്ടി മാത്രം സൃഷ്ടിക്കുന്ന റിലേഷൻഷിപ്പാണിത്. താൽക്കാലികമായ ഒരു സംവിധാനം എന്ന് പറയാം. അതിനാൽ ബന്ധം അവസാനിച്ചാലും നൊ പെയിൻ.

ബ്രെഡ് ക്രംബിംഗ്

പേരുപോലെ ഇത്തിരിയൊക്കെ മധുരമുള്ള ബന്ധമാണിത്. ഇടയ്ക്കിടെ അൽപസ്വൽപം ആശയ വിനിമയം നടത്തി മറുവശത്തുള്ള വ്യക്തിയെ ബന്ധത്തിൽ നിലനിർത്തുന്നതിനെയാണ് ബ്രെഡ് ക്രംബിംഗ് എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാൽ ബന്ധം പൂർണ്ണമായും പ്രതിജ്‌ഞാബദ്ധമായിരിക്കുകയില്ല. അതായത് ബ്രെഡ് ക്രംബിംഗിലെ വ്യക്തി ഇടുന്ന സോഷ്യൽ മീഡിയ പോസ്റ്റുകൾക്കും മീമുകൾക്കുമൊക്കെ അഭിപ്രായവും മറ്റും പറയുക

എന്നാൽ ആ ബന്ധത്തെ സീരിയസായി കാണാതിരിക്കുക. ഇതാണ് ബ്രെഡ് ക്രംബിംഗ് എന്ന റിലേഷൻഷിപ്പ്. ഇവിടെ പ്രണയത്തിന് ഒരു ചാൻസുമില്ല. എന്നാൽ എന്തും സ്വാതന്ത്ര്യത്തോടെ പങ്കാളിയോട് പറയാം.

ബെഞ്ചിംഗ്

ഒപ്പമുള്ള വ്യക്ത‌ിയെ മാറ്റിനിർത്തി മറ്റ് ഓപ്ഷനുകൾ തേടുന്നതിനെയാണ് ബെഞ്ചിംഗ് എന്ന് പറയുക. അത്തരക്കാർ ഇടയ്ക്കിടെ ആ വ്യക്തിയ്ക്ക് സന്ദേശം അയയ്ക്കുകയോ വിളിക്കുകയോ ചെയ്യും. പരസ്പ‌രം കണ്ടുമുട്ടുന്നതിനെക്കുറിച്ച് സംസാരിക്കുമ്പോൾ പ്രസ്‌തുത വ്യക്‌തി നൈസ് ആയി ഒഴികഴിവുകൾ പറഞ്ഞ് തടി തപ്പും. ബെഞ്ചിംഗ്‌കാർക്ക് ഒട്ടും പ്രതിബദ്ധതയുണ്ടായിരിക്കുകയില്ല. ആ വ്യക്തി കാമുകിയേയോ കാമുകനെയോ ഒരു സപ്പോർട്ടിങ് സിസ്റ്റമായി നിലനിർത്തുകയും ചെയ്യും.

കഫിംഗ് സീസൺ

ഒക്ടോബറിൽ ആരംഭിച്ച് ഏതാണ്ട് വാലന്‍റൈൻസ് ദിനത്തോടടുത്ത് അവസാനിക്കുന്ന ഒന്നാണ് കഫിംഗ് സീസൺ റിലേഷൻഷിപ്പ്. പേരുപോലെ തന്നെ സീസൺ പോലെ ഒന്ന്. അത്തരം ബന്ധത്തിൽ അവിവാഹിതരായ ആളുകൾ ശൈത്യകാല മാസങ്ങൾ ചെലവഴിക്കാനായി ഹ്രസ്വകാല പ്രണയ പങ്കാളികളെ തേടുന്നു. ശൈത്യകാലം മുഴുവൻ അവർ അവരുടെ പങ്കാളിയുമായി ശാരീരികമായി അടുത്തിടപഴകുകയും പിന്നീട് പരസ്പ‌രം വേർപിരിയുകയും ചെയ്യുന്നു.

തേസ്‌റ്റ് ട്രാപ്പ്

മറ്റുള്ളവരുടെ ശ്രദ്ധ ആകർഷിക്കാൻ രൂപകൽപ്പന ചെയ്യുന്ന സോഷ്യൽ മീഡിയ പോസ്റ്റുകളോ ചിത്രങ്ങളോ ആണിത്. ചുരുക്കി പറഞ്ഞാൽ എതിർപക്ഷത്തെ ആളിനെ കുടുക്കാനുള്ള സുന്ദരമായ ഒരു കെണി. ഇത്തരം പോസ്റ്റുകൾ വളരെ ആകർഷകവും പ്രണയാർദ്രവുമായിരിക്കും. പോസ്റ്റ് കണ്ട് ആളുകൾ അതിനോട് പ്രതികരിക്കും. സ്വന്തം ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനോ പ്രത്യേക വ്യക്തിയുടെ പ്രണയിനിയുടെ ശ്രദ്ധ ആകർഷിക്കുന്നതിനോ അല്ലെങ്കിൽ സ്വന്തം ട്രാൻസ്ഫോർമേഷൻ മറ്റുള്ളവരെ അറിയിക്കുന്നതിനോ വേണ്ടിയാണ് ഇത്തരം പോസ്റ്റുകൾ ഇടുന്നത്.

സ്ലോ ഫേഡ്

ഈ ബന്ധത്തിൽ ആളുകൾ പെട്ടെന്ന് ആശയവിനിമയം അവസാനിപ്പിക്കുകയില്ല മറിച്ച് പതിയെ ആശയ വിനിമയം കുറയ്ക്കുന്നു. അതായതു സ്ലോ പോയ്‌സണിംഗ് പോലെ ബന്ധം പരസ്പരം അവസാനിക്കുന്നതുവരെ അവർ ആശയവിനിമയം തുടരും. രണ്ടു പേർക്കും പരാതിയുണ്ടാവില്ല.

ക്യാറ്റ് ഫിഷിംഗ്

സോഷ്യൽ മീഡിയയിലോ ഡേറ്റിംഗ് ആപ്പുകളിലോ മറ്റൊരാളുടെ ഫോട്ടോകളും വിശദാംശങ്ങളും ഉപയോഗിച്ച് സൗഹൃദത്തിനോ ബന്ധത്തിനോ ഏർപ്പെടുന്നതിനെയാണ് ഈ പദം സൂചിപ്പിക്കുന്നത്. സത്യം വെളിപ്പെടുത്തുന്നതോടെ ഇത് വൈകാരിക തകർച്ചയിലേക്ക് നയിക്കുന്നു.

ഓർബിറ്റിംഗ്

മുമ്പ് ഉണ്ടായിരുന്ന ഒരു ബന്ധം പിന്നീട് വേർപിരിയുമ്പോഴുണ്ടാകുന്ന ഒന്നാണ് ഓർബിറ്റിംഗ്. എന്നിരുന്നാലും ആ വ്യക്തി സോഷ്യൽ മീഡിയയിലൂടെ നിങ്ങളുമായി ബന്ധപ്പെട്ടിരിക്കും. നിങ്ങൾ പങ്കിടുന്ന കഥകളും പോസ്‌റ്റുകളും ആ വ്യക്തി ലൈക്ക് ചെയ്യും. അതായത് ഒരു ഗ്രഹം കണക്കെ ചുറ്റിപ്പറ്റി ഉണ്ടാകുമെന്നു സാരം.

രണ്ട് കക്ഷികളും പരസ്പ‌രം ആശയവിനിമയം നടത്തുകയും കാര്യങ്ങൾ വ്യക്തമാക്കുകയും ചെയ്യുന്നതിനെയാണ് മേൽപറഞ്ഞ പദങ്ങളെല്ലാം ഉദ്ദേശിക്കുന്നത്. ഈ ആശയവിനിമയത്തിന് ശരിയായ സമയവും സ്‌ഥലവും തിരഞ്ഞെടുക്കേണ്ടതുണ്ട്.

സ്വന്തം വികാരങ്ങളേയും പ്രതീക്ഷകളേയും കുറിച്ച് സത്യസന്ധത പുലർത്തുകയും ഏത് പരിണതഫലത്തിനും എപ്പോഴും തയ്യാറായിരിക്കുകയും വേണം. അങ്ങനെ പ്രണയം പലപ്പോഴും ഇമോജികളുമായി ബന്ധപ്പെട്ടിരിക്കുന്ന ഇന്നത്തെ നെറ്റിസൺ ലോകത്ത് പ്രണയ ഭാഷയ്ക്ക് ജെൻസി കണ്ടെത്തുന്ന പുതിയ നിർവചനങ്ങൾ മനസ്സിലാക്കാൻ എല്ലാ യുവാക്കളും തയ്യാറാകണം. അങ്ങനെയായാൽ ഗുണങ്ങളുണ്ട്. ഒരാളുമായി സൗഹൃദം സ്‌ഥാപിക്കുന്നതിന് മുമ്പായി അവരുടെ മാനസികാവസ്ഥ എളുപ്പത്തിൽ മനസ്സിലാക്കാനും പിന്നീട് മാനസിക വേദനയുണ്ടാക്കുന്ന തെറ്റിദ്ധാരണകൾ ഒഴിവാക്കാനും എല്ലാ സാഹചര്യങ്ങളിലും സ്വയം കൈകാര്യം ചെയ്യാനും പ്രാപ്തി കൈവരിക്കാനും ഇത്തരം തിരിച്ചറിയൽ കൊണ്ട് സാധിക്കും.

और कहानियां पढ़ने के लिए क्लिक करें...