തോളിൽ കിടന്ന വരയുള്ള ചാരനിറത്തിലുള്ള ജാക്കറ്റിൽ കൊനേരു ഹംപി മുറുക്കെ പിടിച്ചു. ഇതിനിടെ ക്രീം നിറമുള്ള ചെസ്സ് പീസുകൾ അവൾ വളരെ സൂക്ഷ്‌മതയോടെ തന്‍റെ മുന്നിൽ ക്രമീകരിച്ചു. എതിരാളിയായ മഹാരാഷ്ട്രയിൽ നിന്നുള്ള 19 വയസ്സുള്ള ദിവ്യ ദേശ്‌മുഖ്, തന്‍റെ വീൽചെയറിൽ പതുക്കെ ആടിക്കൊണ്ട് കാത്തിരുന്നു. ടൈമർ സജ്‌ജമാക്കാൻ ദിവ്യ മുന്നോട്ട് വന്നപ്പോൾ രണ്ടുപേരും ഹസ്തദാനം ചെയ്തു.
2025 ജൂലൈയിൽ ഇന്‍റർനാഷണൽ ചെസ് ഫെഡറേഷൻ വനിതാ ലോകകപ്പിന് ജോർജിയ ആതിഥേയത്വം വഹിച്ചു. ആദ്യമായി രണ്ട് ഇന്ത്യൻ താരങ്ങൾ ഫൈനലിൽ ഏറ്റുമുട്ടിയത് അവിടെ വെച്ചായിരുന്നു. മൂന്ന് ദിവസത്തെ കടുത്ത പോരാട്ടത്തിനുശേഷം ഹംപിയും ദിവ്യയും ഫൈനൽ റൗണ്ട് എത്തി.
മത്സരം ആരംഭിച്ചു. ഹംപി ക്വീൻസ് ഗാംബിറ്റ് കളിച്ചു. ബോർഡിന്‍റെ മധ്യഭാഗത്തിന്‍റെ നിയന്ത്രണം നേടാൻ ശ്രമിച്ച നീക്കത്തിലൂടെ അവർ രാജ്‌ഞിയുടെ മുന്നിൽ പണയം വച്ചു. ദിവ്യ ഏകദേശം 15 മിനിറ്റുനുള്ളിൽ അവരെ പരാജയപ്പെടുത്തി. ഇന്ത്യയിലെ പ്രഥമ വനിതാ ഗ്രാൻഡ്‌മാസ്‌റ്ററെ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥി പരാജയപ്പെടുത്തി.
രണ്ട് മാസത്തിനുശേഷം വിജയവാഡയിലെ വീട്ടിൽ വെച്ച് അവർ ഗൃഹശോഭയോട് സംസാരിച്ചു. അവൾ ലളിതമായ വെളുത്ത കുർത്ത ധരിച്ചിരുന്നു. പിന്നിൽ ഇളം നിറത്തിലു ള്ള ദുപ്പട്ട ഇളകിക്കൊണ്ടിരുന്നു.
“തീർച്ചയായും കഠിനവും വെല്ലുവിളി നിറഞ്ഞതുമായ മത്സരമായിരുന്നു അത്.” ഹംപി പറഞ്ഞു.
ഈ നില തുടരാൻ നമ്മൾ യുവതാരങ്ങളോട് പോരാടേണ്ടതുണ്ട്. കാരണം ചെറുപ്പക്കാർക്ക് ധാരാളം ഊർജ്‌ജമുണ്ട്. അവർ നമ്മുടെ തലമുറയേക്കാൾ കൂടുതൽ തയ്യാറെടുപ്പുള്ളവരും മികച്ച പരിശീലനം നേടിയവരുമാണ്.” ഹംപി പറഞ്ഞു.
അനുഭവത്തിന്‍റെ നേർക്കാഴ്ച
മൂന്ന് പതിറ്റാണ്ടിലേറെ പഴക്കമുള്ള അനുഭവമാണ് ഹംപിയുടെ വാക്കുകൾ പ്രതിഫലിപ്പിക്കുന്നത്. 1993-ൽ ആറ് വയസ്സുള്ളപ്പോൾ അവർ ചെസ്സ് കളിക്കാൻ തുടങ്ങി. മൂന്ന് വർഷത്തിനുശേഷം അവർ തന്‍റെ ആദ്യത്തെ ദേശീയ കിരീടം നേടി. പിന്നീട് കായികരംഗത്തെ ഏറ്റവും മികച്ച കളിക്കാരിലൊരാളായി സ്വയം സ്ഥാപിച്ചു. 2002-ൽ 15-ാം ജന്മദിനത്തിന് ഒരു മാസത്തിനുശേഷം ഹംപി ഇന്ത്യയിലെ ആദ്യത്തെ വനിതാ ഗ്രാൻഡ് മാസ്റ്ററായി. അക്കാലത്ത് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാൻഡ് മാസ്റ്ററായി. 2003-ൽ രാജ്യത്തെ ഏറ്റവും ഉയർന്ന കായിക ബഹുമതികളിലൊന്നായ അർജുന അവാർഡ് അവർക്ക് ലഭിച്ചു. 2007-ൽ രാജ്യത്തെ നാലാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മശ്രീ ലഭിച്ചു. “അന്ന് ഞാൻ എന്‍റെ ഉന്നതിയിലായിരുന്നു.” ആ കൊടുമുടി ഇപ്പോൾ തീർച്ചയായും എനിക്ക് പിന്നിലാണ്” അവർ പറഞ്ഞു.
2014-ൽ ഹംപി ഇലക്ട്രിക്കൽ എഞ്ചിനീയറായ ദാസരി അൻവേഷിനെ വിവാഹം കഴിച്ചു. രണ്ട് വർഷത്തിനു ശേഷം ഗർഭാവസ്‌ഥയുടെ പ്രയാസകരമായ സമയങ്ങളിൽ ഹംപി ചെസ്സ് ബോർഡിൽ നിന്ന് ഇടവേള എടുത്തു.
2018-ൽ ചെസ്സിലേക്ക് തിരിച്ചു വന്നതിനുശേഷം അവർ കഠിനാധ്വാനം ചെയ്ത് വിജയങ്ങൾ കൈപ്പിടിയിലാക്കി. എന്നാൽ തുടക്കത്തിൽ അവർ ചെസ്സ് ഉപേക്ഷിക്കാൻ പോകുന്ന ഒരു കാലമുണ്ടായിരുന്നു.
“എനിക്ക് വിജയിക്കാൻ കഴിയുന്നില്ലെങ്കിൽ ഞാൻ വിരമിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയായിരുന്നു. ഞാൻ കളിക്കുകയാണെങ്കിൽ എനിക്ക് എന്തെങ്കിലും നേടണം. ആർക്കെങ്കിലും ഒരു പ്രചോദനമാകണം.” അവൾ പറഞ്ഞു. അമ്മയാകുന്നത് ഹംപിയുടെ മുൻഗണനകളെ വിശാലമാക്കിയിട്ടുണ്ടെങ്കിലും കായികരംഗത്തോടുള്ള അവരുടെ സമർപ്പണം ഇപ്പോഴും നിലനിൽക്കുന്നു. അനുഭവസമ്പത്തും ആത്മവിശ്വാസവും നിറഞ്ഞ അവർ ഇപ്പോൾ കരിയറിന്‍റെ രണ്ടാം ഘട്ടത്തിലാണ്.
ലോക ചാമ്പ്യൻ
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഹംപി ശ്രദ്ധേയമായ വിജയങ്ങൾ നേടിയിട്ടുണ്ട്. അതിൽ വനിതാ റാപ്പിഡ് ചെസ് എന്ന വേഗതയേറിയ മത്സരത്തിൽ ലോക ചാമ്പ്യനായി കിരീടം നേടിയതും ഉൾപ്പെടുന്നു. 2019ലും 2024ലും അവർ ഈ കിരീടം നേടി. ഈ കിരീടം രണ്ടു തവണ നേടിയ ഒരേയൊരു വനിതയാണ് അവർ. 2008 മുതൽ ഹംപിയുടെ റാങ്കിംഗ് ഒരിക്കലും ആദ്യ 5 സ്ഥാനങ്ങളിൽ നിന്ന് താഴേക്ക് പോയിട്ടില്ല.
“മിക്ക കേസുകളിലും കുട്ടികളെ വളർത്തുന്നതിന്‍റെ ഉത്തരവാദിത്തവും മാനസിക അധ്വാനവും അമ്മയുടെ ചുമലിലാണ് വരുന്നത്. പ്രൊഫഷണലായി ജോലി ചെയ്യുമ്പോൾ പോലും അങ്ങനെ ഒന്നിലധികം ജോലികൾ കൈകാര്യം ചെയ്യുന്നത് പ്രയാസകരമാണ്.”
“രണ്ടുതവണ ലോക ചാമ്പ്യനായിരിക്കാൻ അതിശക്തമായ പോരാട്ടവീര്യം ആവശ്യമാണ്. സ്പോർട്‌സ് പ്രസിദ്ധീകരണമായ ഇഎസ്പിഎന്നിന് നൽകിയ ലേഖനത്തിൽ പത്രപ്രവർത്തക സെനിയ ഡി കുൻഹ പറഞ്ഞു.
പണ്ട് ഒരു മത്സരം സമനിലയിലാക്കാൻ പോകുന്നു എന്ന് തോന്നിയാൽ ഹംപി ജയിക്കാൻ വളരെയധികം ശ്രമിക്കുമായിരുന്നു. അവൾ ഓർക്കുന്നു. എന്നാൽ അവൾ ഗെയിമിലേക്ക് തിരിച്ചെത്തിയപ്പോൾ എന്‍റെ ശക്തികൾ എവിടെ സമ്മർദ്ദം ചെലുത്തണം എവിടെ പിടിച്ചുനിൽക്കണം എന്നിവ എനിക്ക് മനസ്സിലായി. അവൾ പറയുന്നു. ചെസ്സിനെ പുതിയ കാഴ്ചപ്പാടിൽ നിന്ന് നോക്കാൻ ഇടവേള എന്നെ സഹായിച്ചു. ഞാൻ പൂർണ്ണമായും ഉന്മേഷവതിയായിരുന്നു. എന്‍റെ മനസ്സ് വ്യക്തമായിരുന്നു.”
കഠിനാധ്വാനത്തിലൂടെ സൃഷ്‌ടിക്കപ്പെട്ട വ്യക്തിത്വം
ഹംപിയുടെ അച്ഛൻ അശോക് കൊനേരു എപ്പോഴും തന്‍റെ മകളെ കായികരംഗത്ത് ഉൾപ്പെടുത്തണമെന്ന് ആഗ്രഹിച്ചിരുന്നു. അവൾ അച്‌ഛനിൽ നിന്നാണ് ടെന്നീസും ചെസ്സും പഠിച്ചത്. 1990 കളുടെ തുടക്കത്തിൽ ഹംപി വളർന്നു വന്നപ്പോൾ വിദേശ സഹോദരിമാരായ വീനസും സെറീന വില്യംസും ആഗോള പ്രശസ്‌തി നേടിയിരുന്നു. അശോകിനെ സംബന്ധിച്ചിടത്തോളം അവരുടെ ഉയർച്ച ടെന്നീസിന്‍റെ മഹത്വത്തിനും പ്രതിഫലത്തിനും ഒരു പോലുള്ള കഴിവിന്‍റെ തെളിവായി രുന്നു.
“അതുകൊണ്ടാണ് അവൾ (ഹംപി) ടെന്നീസ് കളിക്കണമെന്ന് ഞാൻ ആഗ്രഹിച്ചത്” അദ്ദേഹം പറയുന്നു. പക്ഷേ ഞാൻ കളിച്ചു കൊണ്ടിരിക്കുമ്പോൾ ഹംപി ചെസ്സിൽ ആകൃഷ്‌ടയായി. പിന്നെ ഞാൻ ഹംപിയോട് എന്‍റെ അച്ഛനെ തോൽപ്പിക്കാൻ ആവശ്യപെട്ടു. അദ്ദേഹം ക്ലബ് ലെവൽ ചെസ്സ് കളിക്കാരനായിരുന്നു. വെറും 8 വയസ്സുള്ളപ്പോൾ അവൾ അച്ഛനെ തോൽപ്പിച്ചു. അതിനുശേഷം ഞാൻ അവൾക്കെതിരെ കളിക്കാൻ തുടങ്ങി. ഞാൻ ടൂർണമെന്‍റ് ലെവൽ കളിക്കാരനായിരുന്നു. 11 വയസ്സുള്ളപ്പോൾ അവൾക്ക് എന്നെയും തോൽപ്പിക്കാൻ കഴിഞ്ഞു.”
ഹംപി താമസിയാതെ സ്വന്തം രാജ്യത്തിന് പുറത്ത് തന്‍റെ സ്‌ഥാനം ഉറപ്പിച്ചു. ചെസ്സ് ആരംഭിച്ചതിന് തൊട്ടു പിന്നാലെ ജില്ലാ സംസ്ഥാനതല മത്സരങ്ങളിൽ അവർ വിജയം നേടി. അതേസമയം ഹംപിയെ മുഴുവൻ സമയവും പരിശീലിപ്പിക്കുന്നതിനും ടൂർണമെന്‍റ് യാത്രകളിൽ അവരോടൊപ്പം പോകുന്നതിനുമായി അശോക് തന്‍റെ അപ്ലൈഡ് സയൻസ് പ്രൊഫസർ ജോലി ഉപേക്ഷിച്ചു.
1998-ൽ ഫ്രണ്ട്ലൈൻ മാസികയിൽ മാനുവൽ എറാൻ എഴുതിയ ഒരു ലേഖനത്തിൽ “ഹംപി വളരെ കുറച്ചേ സംസാ രിക്കൂ. പക്ഷേ ചെസ്സ് കാര്യത്തിൽ അവൾ മനസ്സുതുറക്കുന്നു” എന്ന് എഴുതി.
ചെന്നൈയുടെ സമ്പന്നമായ ചെസ്സ് സംസ്കാരത്തിന് അടിത്തറ പാകുന്നതിൽ നിർണായക പങ്കുവഹിച്ച ഇന്ത്യയി ലെ ആദ്യത്തെ ഇന്‍റർനാഷണൽ മാസ്‌റ്ററായിരുന്നു മാനുവൽ. ഹംപിക്ക് 10 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളുവെങ്കിലും അവൾ വളരെ ക്ഷമയോടെ കളിച്ചു. മാനുവൽ അഭിപ്രായപ്പെട്ടു.” അവൾ ഒരിക്കലും തിടുക്കത്തിൽ ആക്രമിക്കാറില്ല. ആദ്യം അവൾ ചെസ്സ് ബോർഡ് നിരത്തും ശരിയായ സമയമാകുമ്പോൾ അവൾ ആഞ്ഞടിക്കും.”
ഈ സമയമായപ്പോഴേക്കും ഹംപി അന്താരാഷ്ട്ര തലത്തിൽ തന്‍റെ വ്യക്‌തിമുദ്ര പതിപ്പിച്ചു തുടങ്ങിയിരുന്നു. കൗമാരത്തിന്‍റെ തുടക്കത്തിൽ തന്നെ ഹംപിയെ ആൺകുട്ടികളുടെ ടൂർണമെന്‍റുകളിൽ ചേർക്കാനുള്ള അവളുടെ പിതാവിന്‍റെ തീരുമാനം ഹംപിയുടെ അതിവേഗ പുരോഗതിക്ക് കാരണമായെന്ന് പത്രപ്രവർത്തക സൂസൻ നൈനാൻ ഇഎസ്പിഎൻ-ൽ എഴുതി. പുരുഷന്മാർക്കും സ്ത്രീകൾക്കും ഒരേ ടൂർണമെന്‍റിൽ മത്സരിക്കാൻ കഴിയുന്ന ചുരുക്കം ചില കായിക ഇനങ്ങളിൽ ഒന്നാണ് ചെസ്സ്.
ആത്മവിശ്വാസം ശക്തിപ്പെടുത്തുക
1999-ൽ അണ്ടർ 12 ഏഷ്യൻ ടൂർണമെന്‍റിൽ വിജയിച്ച ഏക പെൺകുട്ടി ഹംപിയായിരുന്നു. അടുത്ത വർഷം അണ്ടർ 14 ആൺകുട്ടികളുടെ ടൂർണമെന്‍റും അവർ നേടി. ഈ വിജയങ്ങൾ ഹംപിയുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ചു.
“സ്ത്രീകളുടെ മത്സരങ്ങളിൽ ജയി ക്കുന്നതിനേക്കാൾ പുരുഷൻമാർക്കെതി രെ ജയിക്കുമ്പോൾ എനിക്ക് കൂടുതൽ ആത്മവിശ്വാസം തോന്നി.” ഹംപി പറഞ്ഞു. “വളരെ ശക്‌തരായ എതിരാളികൾക്കെതിരെ കളിക്കുന്നതിനാൽ എനിക്ക് കൂടുതൽ സന്തോഷം തോന്നി.”
ഹംപിയുടെ പാത വ്യക്തമായിരുന്നു. ചെസ്സ് ഒഴികെയുള്ള മറ്റൊരു കരിയറിനെക്കുറിച്ച് അവൾ ഒരിക്കലും ചിന്തിച്ചിരുന്നില്ല. അവൾ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയില്ല. ഒരു സാധാരണ ബാല്യവും അനുഭവിച്ചിട്ടില്ല. പക്ഷേ അവൾക്ക് അതിൽ ഖേദമില്ല.
“ഞാൻ വിജയിച്ചില്ലായിരുന്നെങ്കിൽ എനിക്ക് അങ്ങനെ തോന്നിയേനെ. പക്ഷേ വിജയം കണ്ടതിനാലും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് സഞ്ചരിച്ചതിനാലും എനിക്ക് ഒരിക്കലും അങ്ങനെ തോന്നിയിട്ടില്ല.” അവൾ പറയുന്നു.
ലിംഗ വിവേചനം ഹംപിയുടെ ഉയർച്ചയെ പരിധിവരെ മന്ദഗതിയിലാക്കി. 2000-ൽ ഇന്ത്യയിലെ ആദ്യത്തെ വനിതാ ഗ്രാൻഡ് മാസ്റ്ററായതിനുശേഷം പേടി സ്വപ്നം എന്ന് വിശേഷിപ്പിക്കുന്ന കാലഘട്ടത്തിലൂടെ അവർ കടന്നുപോയി. പുരുഷ കളിക്കാർ അവരെ വിമർശിക്കുകയും അവരുടെ കഴിവുകളെ കുറച്ചു കാണുകയും ചെയ്തുവെന്ന് അവർ ഓർമ്മിച്ചു. “അന്ന് 15 വയസ്സായിരുന്നു. അതിനുശേഷം ചില മത്സരങ്ങളിൽ എനിക്ക് വിജയിക്കാൻ കഴിഞ്ഞില്ല.” ഹംപി എന്നോട് പറഞ്ഞു.
2003-ൽ നാഗ്‌പൂരിൽ നടന്ന ദേശീയ മത്സരത്തിൽ യോഗ്യതാ വിഭാഗത്തിൽ പങ്കെടുക്കാൻ ഹംപി തീരുമാനി ച്ചു. ഉയർന്ന വിഭാഗത്തിലേക്ക് യോഗ്യത നേടാമായിരുന്നിട്ടും തന്‍റെ വിമർശകരെ നിശബ്ദരാക്കാൻ അവൾ ആഗ്രഹിച്ചു. ഏകദേശം 300 പുരുഷ കളിക്കാരുള്ളപ്പോഴാണ് അവർ മത്സരിച്ചത് എന്നാണ് റിപ്പോർട്ട്. അവസാനത്തെയും ഏറ്റവും നിർണായകവുമായ മത്സരങ്ങളിൽ ഒന്നിൽ കാണികളുടെ തിരക്ക് കൂടിയതായി അവർ ഓർമ്മിച്ചു. ഹംപിയുടെ എതിരാളി മത്സരം സമനിലയിൽ അവസാനിപ്പിക്കാൻ വാഗ്ദാനം ചെയ്തു.
കൊനേരു ഹംപിയുടെ മത്സര പോരാട്ടം സമനിലയിൽ അവസാനിക്കാനുള്ള നീക്കങ്ങൾ ഉണ്ടായെങ്കിലും അവർ മത്സരത്തിൽ ഉറച്ചു നിന്നു. ആ മത്സരം ജയിക്കാൻ തന്നെ അവർ തീരുമാനിച്ചിരുന്നു.
“പിന്നീട് വളരെ മോശമായ അവസ്ഥയിൽ ഞാൻ എത്തി. എന്‍റെ എതിരാളിയ്ക്ക് എന്നെ തോൽപ്പിക്കാമായിരുന്നു. ഒടുവിൽ എങ്ങനെയോ മത്സരം ജയിക്കാൻ സാധിച്ചു. ടൂർണമെന്‍റിൽ ഞാൻ രണ്ടാം സ്‌ഥാനത്തെത്തി. അതിനുശേഷം ഒരു വിമർശനവും എനിക്ക് നേരിടേണ്ടി വന്നിട്ടില്ല.” കൊനേരു ചിരിയോടെ ആ മത്സരത്തെ ഓർക്കുന്നു.
വെല്ലുവിളികൾ കുറവായിരുന്നില്ല
സ്പോൺസർമാരുടെ അഭാവം പോലുള്ള വെല്ലുവിളികളും ഉണ്ടായിരുന്നു. തുടക്കത്തിൽ ബാങ്ക് ഓഫ് ബറോഡ ആറോഏഴോ വർഷത്തേക്ക് ഹംപിയെ സ്പോൺസർ ചെയ്തിരുന്നു. കൃത്യം 2002-ൽ അവർ ഗ്രാൻഡ്മാസ്റ്ററായ സമയത്ത് പിന്നീട് അതുണ്ടായില്ല.
“അവർ എന്നെ മാറ്റി പകരം ക്രിക്കറ്റ് താരത്തെ ബ്രാൻഡ് അംബാസഡറാക്കി. അതുകൊണ്ട് ആ വർഷങ്ങളിൽ സ്പോൺസർഷിപ്പ് ഉണ്ടായിരുന്നില്ല. കൊനേരു പറയുന്നു. സഹായം തേടി അശോക് നിരന്തരം കോർപ്പറേറ്റുകൾക്ക് കത്തുകൾ എഴുതി. പക്ഷേ യാതൊരു മറുപടിയും ലഭിച്ചില്ല. 2006 ആയപ്പോഴേക്കും ഹംപി ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷനിൽ (ഒഎൻജിസി) പേഴ്‌സണൽ അഡ്‌മിനിസ്ട്രേറ്ററായി ജോലി നേടി. മത്സരങ്ങളിൽ പങ്കെടുക്കാൻ കമ്പനി അനുവദിച്ചിരുന്നു. അതേസമയം കൊനേരു കഠിനാധ്വാനം തുടർന്നു. 2007 ഒക്ടോബറിൽ ഇഎൽഒ (എതിരാളികൾക്കെതിരായുള്ള പ്രകടനത്തെ അടിസ്ഥാനമാക്കി കളിക്കാരന്‍റെ പ്രകടനമികവ് നിജപ്പെടുത്തുന്ന) റേറ്റിംഗ് സിസ്റ്റത്തിൽ 2606-ൽ എത്തി. ഹംപിക്ക് മുമ്പ് ഒരു വനിത താരം മാത്രമേ 2000 കടന്നിട്ടുള്ളൂ. അതേ വർഷം തന്നെ മികച്ച കായിക പരിശീലകരെ ആദരിക്കുന്ന ദ്രോണാചാര്യ അവാർഡ് അശോകിന് ലഭിച്ചു. 2009-ൽ ഹംപി തന്‍റെ കരിയറിലെ ഏറ്റവും ഉയർന്ന എലോറേറ്റിംഗ് 2623 നേടി.
2009-ൽ ഇന്‍റർനാഷണൽ ചെസ് ഫെഡറേഷൻ സംഘടിപ്പിച്ച ടൂർണമെന്‍റുകളുടെ പരമ്പരയായ വനിതാ ഗ്രാൻഡ് പ്രീയിലും ഹംപി വിജയിച്ചു. 2014-ൽ അൻവേഷുമായുള്ള വിവാഹത്തിന് തൊട്ടുപിന്നാലെ കൊനേരു ഹംപി യാത്ര ചെയ്തത് ഹണിമൂണിന് വേണ്ടിയായിരുന്നില്ല. മറിച്ച് ഷാർജയിൽ നടന്ന വനിതാ ഗ്രാൻഡ് പ്രീമീയറിൽ കളിക്കാനാണ്.
കൊനേരു ഹംപി ടെന്നീസ് കളിച്ചിട്ടില്ല പക്ഷേ സാനിയ മിർസയുമായും സെറീന വില്യംസുമായും അവർക്ക് ഒരു കാര്യത്തിൽ സാമ്യമുണ്ട്. മാതൃത്വത്തിനിടയിൽ മൂവരും ശ്രദ്ധേയമായ തിരിച്ചുവരവുകൾ നടത്തിയിരുന്നു എന്നതാണ് അത്.
ചെസ്സും കുടുംബവും
മറ്റ് പല കായിക ഇനങ്ങളെയും പോലെ കളിക്കാർക്ക് ശാരീരികമായ അധ്വാനം ചെസ്സിൽ ആവശ്യമില്ല. എന്നാൽ ഏതൊരു ജോലിയിലെന്ന പോലെ കളിക്കാരന്‍റെ മത്സരശേഷിയെ ഇടവേള മങ്ങിയതാക്കും. അതുകൊണ്ട് പെട്ടന്നുള്ള തിരിച്ചുവരവ് നടത്താൻ കഴിയില്ല. ഗർഭകാലത്ത് ഹംപി ചെസ്സിൽ നിന്ന് ഇടവേള എടുത്തിരുന്നു. “ചെസ്സ് കാണാൻ പോലും എനിക്കന്ന് താൽപര്യം തോന്നിയില്ല. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനാണ് ഞാനപ്പോൾ ആഗ്രഹിച്ചത്.”
ഹംപിയെ സംബന്ധിച്ചിടത്തോളം അത് വെറുമൊരു ഇടവേള മാത്രമായിരുന്നു. കളിയിൽ നിന്നുള്ള വലിയൊരു ഇടവേളയല്ല. താൻ തിരിച്ചുവരുമെന്ന് ഹംപിയ്ക്ക് അറിയാമായിരുന്നു. പക്ഷേ അതെപ്പോൾ സംഭവിക്കുമെന്നതിൽ യാതൊരു നിശ്ചയവുമുണ്ടായിരുന്നില്ല. 2017-ൽ മകൾ അഹാന ജനിച്ചതിനുശേഷം കളിയിലേക്കുള്ള ക്ഷണങ്ങൾ ഒഴുകിയെത്തി. പക്ഷേ ഹംപി അപ്പോൾ തയ്യാറായിരുന്നില്ല. 2018-ൽ മകൾക്ക് ഏകദേശം ഒരു വയസ്സുള്ളപ്പോൾ കളിയിലേക്ക് മടങ്ങാൻ ഹംപി ജാഗ്രതയോടെയുള്ള നടപടികൾ സ്വീകരിച്ചു.
“എല്ലാം പരസ്‌പര പിന്തുണയെ ആശ്രയിച്ചാണിരിക്കുന്നത്. ഞാൻ താമസിക്കുന്ന അതേ നഗരത്തിലാണ് എന്‍റെ മാതാപിതാക്കളും താമസിച്ചിരുന്നത്. അത് സന്തോഷമുള്ള കാര്യമായിരുന്നു. ഭർത്താവും ഏറെ പിന്തുണ നൽകി. അവരുടെ പിന്തുണയില്ലാതെ ഒന്നും സാധ്യമായിരുന്നില്ല. കുഞ്ഞിനെ ആരെയെങ്കിലും ഏൽപ്പിച്ച് ഏതെങ്കിലും തൊഴിലിലേക്ക് മടങ്ങുന്നത് ബുദ്ധിമുട്ടാണ്. കാരണം ഒരു അമ്മയെന്ന നിലയിൽ സ്വന്തം കുഞ്ഞിന്‍റെ സുരക്ഷിതത്വവും സന്തോഷവും പ്രധാനമാണല്ലോ.” കൊനേരു പറയുന്നു.
ഹംപിയുടെ അമ്മ ലത ചെസ്സ് കളിക്കാരിയല്ല. പക്ഷേ സ്വന്തം മകൾക്ക് ആ കളി അവളുടെ ആത്മാവിന്‍റെ ഭാഗമാണെന്ന കാര്യം അവർക്ക് നന്നായി അറിയാമായിരുന്നു.
“എന്‍റെ കരിയറിന്‍റെ കാര്യത്തിൽ അമ്മ ഏറെ ശ്രദ്ധാലുവാണ്. എന്നെ നന്നായി പ്രോത്സാഹിപ്പിച്ചു. വിവാഹശേഷം പാചകവും മറ്റ് വീട്ടു ജോലികൾ ചെയ്യാനും എനിക്ക് ധാരാളം സമയം ചെലവഴിക്കേണ്ടി വന്നിരുന്നു. പക്ഷേ എന്‍റെ പരിശീലന സമയത്ത് അത്തരത്തിൽ സമയം പാഴാകാതിരിക്കാൻ അവർ എന്നെ നിരന്തരം ഓർമ്മിപ്പിക്കും.” കൊനേരു ചിരിയോടെ ഓർക്കുന്നു.
ഒരു ടൂർണമെന്‍റിന് പലപ്പോഴും 15 മുതൽ 20 ദിവസം വരെ യാത്ര ചെയ്യേണ്ടിവരും. ഹംപി യാത്ര ചെയ്യുമ്പോൾ അഹാനയെ പരിപാലിക്കുന്ന ചുമതല മാതാപിതാക്കൾക്കായിരുന്നു. ആദ്യമൊക്കെ ദൂരം ബുദ്ധിമുട്ടായിരുന്നു. കളി കഴിഞ്ഞ് മടങ്ങിയെത്തുമ്പോൾ ഹംപിയുടെ അടുത്ത് നിന്നും മാറാതെ മകൾ ദിവസങ്ങളോളം പറ്റിച്ചേർന്നിരിക്കും. എന്നാൽ ഇപ്പോൾ ആ ദൂരം അൽപ്പം എളുപ്പമാ യിട്ടുണ്ട്. ഇടയ്ക്കിടെയുള്ള ഫോൺ കോളുകളിലൂടെയോ ചെറിയ കളിപ്പാട്ടങ്ങളിലൂടെയോ ആ വിടവ് നികത്തും.
നാഴികക്കല്ല്
അന്താരാഷ്ട്ര ചെസ്സ് ടൂർണമെന്‍റായ 2018-ലെ ചെസ് ഒളിപ്യാഡാണ് ഹംപി തന്‍റെ തിരിച്ചുവരവായി തിരഞ്ഞെടുത്തത്. രണ്ട് വർഷത്തിലൊരിക്കൽ ഫെഡറേഷൻ സംഘടിപ്പിക്കുന്ന ടീം മത്സരമാണിത്.
ഇന്ത്യയെ പ്രതിനിധീകരിക്കാൻ പോകുന്നതിനാൽ തിരിച്ചു വരവ് എന്നുള്ള തീരുമാനം ശരിയാണന്ന് ഹംപിയ്ക്ക് തോന്നി. സ്വന്തം മത്സരശേഷി വീണ്ടെടുക്കാൻ മത്സരത്തിന് ഒരു മാസം മുമ്പ് തുടങ്ങി പരിശീല മാരംഭിച്ചു. എന്നിരുന്നാലും ടീമിന്‍റെ പ്രകടനം പ്രതീക്ഷകൾക്ക് അനുസൃതമായിരുന്നില്ല. ഇന്ത്യ മൊത്തത്തിൽ എട്ടാം സ്‌ഥാനത്താണ് ഫിനിഷ് ചെയ്തത്. ആ വർഷം നവംബറിൽ നടന്ന മറ്റൊരു ടൂർണമെന്‍റിൽ ഹംപി രണ്ടാം റൗണ്ടിൽ പുറത്തായി. മത്സര ഫലങ്ങൾ ശ്രദ്ധേയമായിരുന്നില്ല എന്ന് അവർ ഓർക്കുന്നു. എന്നാൽ 2019-ൽ ഹംപി തന്‍റെ ഫോം വീണ്ടെടുത്തു. സെപ്റ്റംബറിൽ റഷ്യയിലെ സ്കോൾ കോവോയിൽ നടന്ന വനിതാ ഗ്രാൻഡ് പ്രിക്സിൽ അവർ വിജയിച്ചു. ഏതാനും മാസങ്ങൾക്ക് ശേഷം മൊണാക്കോയിൽ നടന്ന അടുത്ത ഗ്രാൻഡ് പ്രിക്സിൽ അവർ വെള്ളി മെഡൽ നേടി. ടൂർണമെന്‍റുകളിലെ വിജയികൾ ഉയർന്ന തലത്തിലുള്ള മത്സരങ്ങൾക്ക് യോഗ്യത നേടി.
വർഷാവസാനം ഹംപി തന്‍റെ കരിയറിലെ സുപ്രധാന നാഴികക്കല്ല് പിന്നിട്ടു. അവർ ആദ്യമായി വനിതാ ലോക റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പ് നേടി വിജയക്കുതിപ്പ് തുടർന്നു. 2020 ഫെബ്രുവരിയിൽ ലോകത്തിലെ ഏറ്റവും മത്സരാധിഷ്‌ഠിത വനിതാ ചെസ്സ് ടൂർണമെന്‍റുകളിലൊന്നായ കെയ്ൻസ് കപ്പ് ഹംപി നേടി.
മാതൃത്വം ഹംപിക്ക് പുതിയൊരു കാഴ്ചപ്പാട് നൽകുക മാത്രമല്ല. സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുള്ള അവരുടെ കഴിവിനെ ശക്തിപ്പെടുത്തുകയും ചെയ്തു. “മുമ്പ് മറ്റൊരു ടൈം സോണിലേക്ക് പോകുമ്പോൾ എനിക്ക് നന്നായി ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല. അത് എന്‍റെ കളിയെ ഉടനടി ബാധിക്കുമായിരുന്നു. എന്നാൽ അമ്മയായതിനു ശേഷം ഞാൻ ഈ കാര്യങ്ങളുമായി പൊരുത്തപ്പെട്ടു. “ഹംപി ആവേശത്തോടെ പറയുന്നു. ഹംപിയെപ്പോലെ ചെസ്സും പുതിയ ഉയരങ്ങളിലെത്തി. കഴിഞ്ഞ അഞ്ച് വർഷമായി ലോകമെമ്പാടും ചെസ്സിന്‍റെ ജനപ്രീതി അതിവേഗം വളർന്നു.
മൂന്നാമത്തെ പ്രചോദനാത്മക ഘടകം ഇന്ത്യയും ചെസ്സിൽ മുന്നേറ്റം നടത്തിയെന്നതാണ്. പരമ്പരാഗതമായി റഷ്യയും ചൈനയും ആധിപത്യം പുലർത്തുന്ന ഒരു കായിക ഇനത്തിൽ രാജ്യം ഉയർന്നുവരികയായിരുന്നു. 2009-ൽ ഇന്ത്യയിൽ ആകെ 20 ഗ്രാൻഡ് മാസ്റ്റർമാർ ഉണ്ടായിരുന്നു. 2025 നവംബറോടെ എണ്ണം 91 ആയി ഉയർന്നു. 2024-ൽ ചെസ് ഒളിമ്പ്യൻസിൽ ആദ്യമായി ഇന്ത്യൻ പുരുഷ-വനിതാ ടീമുകൾ സ്വർണ്ണ മെഡലുകൾ നേടി. 2025 ഒക്ടോബറോടെ ലോകത്തിലെ മികച്ച 100 കളിക്കാരിൽ 12 ഇന്ത്യക്കാരും മികച്ച 100 വനിതാ കളിക്കാരിൽ ഏഴ് ഇന്ത്യക്കാരും ഉൾപ്പെട്ടു.
ഇതിനർത്ഥം ഇന്നത്തെ വളർന്നു വരുന്ന ചെസ്സ് കളിക്കാർ അസാധാരണമായ മത്സരവീര്യം കാഴ്ച്ചവയ്ക്കുന്നു എന്നാണ്. “എന്‍റെ കാലവുമായി താരതമ്യപ്പെടുത്തുമ്പോൾ ഇപ്പോൾ 14 അല്ലെങ്കിൽ 15 വയസ്സ് ഏതൊരു കളിക്കാരനെ സംബന്ധിച്ചും ഏറ്റവും മികച്ച പ്രായമായി കണക്കാക്കപ്പെടുന്നു.” ഹംപി പറയുന്നു. 12 അല്ലെങ്കിൽ 13 വയസ്സിനുള്ളിൽ ഗ്രാൻഡ്മാസ്റ്ററാകുന്നില്ലെങ്കിൽ പ്രൊഫഷണൽ കരിയറായി അതിനെ പിന്തുടരാൻ ആ ചെസ്സ് താരത്തിന് കഴിയില്ല.”
തൽഫലമായി യുവകളിക്കാർ മികച്ച രീതിയിൽ തയ്യാറെടുക്കുകയും പരിശീലനം നേടുകയും ചെയ്യുന്നു. ടൂർണമെന്‍റുകളായാലും ഓൺലൈൻ മത്സരങ്ങളായാലും മുമ്പത്തേക്കാളും കൂടുതൽ പരിശീലന അവസരങ്ങൾ അവർക്ക് ലഭിക്കുന്നു. ചെസ്സിൽ കൂടുതൽ സമയം ചെലവഴിക്കുന്നതിനാൽ യുവകളിക്കാർക്ക് കൂടുതൽ അറിവും തയ്യാറെടുപ്പുകളും ലഭിക്കുന്നുണ്ട്. അതുകൊണ്ട് അവരുമായി മത്സരിക്കുന്നത് വെല്ലുവിളി ഉയർത്തും.” ഹംപി വിലയിരുത്തുന്നു. വർഷങ്ങളായി ചെസ്സിലുള്ള അനുഭവപരിജ്‌ഞാനമാണ് തന്‍റെ ഏറ്റവും വലിയ ശക്തിയെന്ന് അവർ വിശ്വസിക്കുന്നു. താൻ കൂടുതൽ സെലക്ടീവായി മുമ്പത്തേക്കാൾ കുറച്ച് ടൂർണമെന്‍റുകളിൽ മാത്രമേ കളിക്കുന്നുള്ളു എന്നും ഹംപി പറയുന്നു. ലോക ചാമ്പ്യൻഷിപ്പിന് യോഗ്യത നേടാൻ സഹായിക്കുന്ന മത്സരങ്ങൾക്കാണ് മുൻഗണന നൽകുന്നത്. രാത്രി വൈകി നടക്കുന്ന ഓൺലൈൻ ടൂർണമെന്‍റുകൾ അവർ ഒഴിവാക്കുന്നു.
അപകടസാധ്യത കുറവല്ല
2024-ൽ ഹംപി ഏകദേശം എട്ട് ടൂർണമെന്‍റുകൾ കളിച്ചിരുന്നു. ഈ വർഷം ഇതുവരെ അഞ്ച് ടൂർണമെന്‍റുകളും. യുവതാരങ്ങൾ ഒരു പീരിയഡിൽ പൊതുവെ ഡസൻകണക്കിന് ടൂർണമെന്‍റുകൾ കളിക്കാറുണ്ട്.
പുരുഷന്മാരുടേയും സ്ത്രീകളുടേയും കളിരീതികളിലെ ചില വ്യത്യാസങ്ങൾ ഹംപി ചൂണ്ടികാണിച്ചെങ്കിലും ഈ വ്യത്യാസങ്ങളെ അവർ സവിശേഷതകളായാണ് കാണുന്നത്.
“വനിതാ കളിക്കാർ ഗെയിം കളിക്കുന്ന കാര്യത്തിൽ പ്രത്യേകിച്ച് ഓപ്പണിംഗുകളിൽ വളരെ സെലക്ടീവാണ്. എന്നാൽ അവർ എന്ത് കളിച്ചാലും വളരെ ആഴത്തിലും സമഗ്രമായും തയ്യാറെടുക്കും. എന്നാൽ പുരുഷകളിക്കാരുടെ ഓപ്പണിംഗ് സ്കിൽസ് വിശാ ലമാണെങ്കിലും അവർ കൂടുതൽ റിസ്ക് എടുക്കും.” കൊനേരു അഭിപ്രായപ്പെടുന്നു.
വനിതാ ചെസ്സ് മുമ്പത്തേക്കാളിലും മത്സരാധിഷ്ഠിതമായിരിക്കുന്നു. മാത്രമല്ല അതിന്‍റെ പ്രേക്ഷകരും മുമ്പത്തേക്കാളിലും വലുതാണ്. ചരിത്രത്തിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട അഞ്ച് വനിതാ മത്സരങ്ങളിൽ നാലെണ്ണം കഴിഞ്ഞ രണ്ട് വർഷത്തിനിടെ നടന്നവയാണ്. എന്നിരുന്നാലും പുരുഷന്മാർക്കും സ്ത്രീകൾക്കും തുല്യ സമ്മാനത്തുക ലഭിക്കുന്ന ടൂർണമെന്‍റുകൾ ഇപ്പോഴും വളരെ കുറവാണ്. ഉദാഹരണത്തിന് ജോർജിയയിൽ നടന്ന വനിതാ ലോകകപ്പിലെ വിജയിക്ക് ഇന്‍റർനാഷണൽ ചെസ് ഫെഡറേഷൻ 50,000 ഡോളർ സമ്മാനതുക വരുന്ന ഫണ്ടാണ് നൽകുന്നത്. അതേസമയം പുരുഷന്മാരും സ്ത്രീകളും കളിക്കുന്ന ഓപ്പൺ വിഭാഗത്തിലെ വിജയിക്ക് 120,000 ഡോളർ സമ്മാന തുകയാണ് ലഭിക്കുക.
മുമ്പത്തെ താരതമ്യങ്ങൾ മാറ്റി നിർത്തിയാൽ ഇപ്പോൾ സ്‌ഥിതി വളരെ മെച്ചപ്പെട്ടിട്ടുണ്ട്. ഞങ്ങൾക്ക് ക്ഷണിക്കപ്പെടുന്ന ടൂർണമെന്‍റുകൾ ഉണ്ടായിരുന്നില്ല. സമ്മാനത്തുകയും നല്ലതായിരുന്നില്ല. 5000 അല്ലെങ്കിൽ 6000 യൂറോ നല്ലതായി കണക്കാക്കപ്പെട്ടിരുന്നു.” അവർ ഓർമ്മിക്കുന്നു. “ഇന്ന് വനിതാ ടൂർണമെന്‍റുകളിൽ 30,000 മുതൽ 40,000 യൂറോ വരെ സാധാരണമായ സമ്മാന തുകയാണ്. ആ കാര്യത്തിൽ പുരോഗതി ഉണ്ടായിട്ടുണ്ട്. പക്ഷേ അത് ഇപ്പോഴും പുരുഷന്മാർ നേടുന്നതിനേക്കാൾ വളരെ കുറവാണ്.”
മോശം സമയങ്ങളും ഉണ്ടായിരുന്നു
കഴിഞ്ഞ വർഷം ഹംപിയ്ക്ക് മോശം സാഹചര്യത്തിലൂടെ കടന്നു പോകേണ്ടി വന്നു. നോർവേയിൽ നടന്ന ടൂർണമെന്‍റിൽ അവസാന രണ്ടാ സ്ഥാനത്തെത്തിയ അവർക്ക് കളി അവസാനിപ്പിക്കേണ്ടി വന്നു. ഉടൻ തന്നെ അടുത്ത മത്സരത്തിലും തോറ്റു. കായികരംഗം വിടാൻ താൻ തയ്യാറാണെന്ന് അവർ മാതാപിതാക്കളോടും ഭർത്താവിനോടും നിരാശയോടെ പറഞ്ഞു. പക്ഷേ ആ തീരുമാനും അവർക്ക് ശരിയായി തോന്നിയില്ല.
“പ്രകടനം മോശമായതിന്‍റെ പേരിൽ ഏതൊരു കളിക്കാരനും എപ്പോഴെങ്കിലും കളി ഉപേക്ഷിക്കേണ്ടി വരാം. എന്നാൽ എന്‍റെ മുഴുവൻ കഴിവും എങ്ങനെ പ്രകടിപ്പിക്കാമെന്നും ഈ സാഹചര്യത്തിൽ നിന്ന് സ്വയം എങ്ങനെ പുറത്തുകടക്കാമെന്നുമാണ് ഞാൻ അപ്പോൾ ചിന്തിച്ചത്.” ഹംപി ചിരിയോടെ പറയുന്നു.
2024-ഡിസംബറിൽ ന്യൂയോർക്കിൽ നടന്ന വനിതാ ലോക റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പിൽ ഹംപി മത്സരിച്ചപ്പോൾ കിരീടത്തിനായുള്ള ശക്തയായ മത്സരാർത്ഥിയായി അവരെ കണക്കാക്കപ്പെട്ടിരുന്നില്ല. 2019-ൽ കിരീടം നേടിയെങ്കിലും അവർ ആദ്യ മത്സരത്തിൽ തോറ്റു. എന്നാൽ കാര്യങ്ങൾ മാറി. അടുത്ത മൂന്ന് മത്സരങ്ങളിൽ അവർ സമനിലയിലായി. ഏഴ് മത്സരങ്ങളിൽ വിജയിച്ചു. ഫൈനൽ റൗണ്ടിന് മുമ്പ് ഹംപിയും മറ്റ് ആറ് ഫൈനലിസ്‌റ്റുകളും പോയിന്‍റ് നിലയിൽ തുല്യരായിരുന്നു. ഫൈനലിൽ ഇന്തോനേഷ്യൻ താരം ഐറിൻ സുകന്ദറിനെ പരാജയപ്പെടുത്തി ഹംപി എല്ലാ മത്സരാർത്ഥികളിലും വച്ച് ഏറ്റവും കൂടുതൽ പോയിന്‍റുകൾ നേടി. അവരുടെ കാഴ്‌ചപ്പാടിനെ മാറ്റിമറിച്ച് വിജയമായിരുന്നുവത്.
“അത് എന്നെ വീണ്ടും ചെസ്സ് കളിക്കാൻ പ്രചോദിപ്പിച്ചു” ഹംപി ഓർക്കുന്നു. തിരിച്ചുവരവിന് ഏഴ് വർഷങ്ങൾക്ക് ശേഷം ഹംപി കൂടുതൽ ചിന്താശേഷിയുള്ള വ്യക്‌തിയായി മാറിയിരിക്കാം. പക്ഷേ വിജയത്തിനായുള്ള അവരുടെ ദാഹം അതേപടി തുടർന്നു. “തോൽവിയുടെ വേദന അടുത്ത ഗെയിമിൽ വീണ്ടും ജയിക്കുന്നത് വരെ എന്നോടൊപ്പമുണ്ടാകും.” ഹംപി ചിരിച്ചു കൊണ്ട് പറയുന്നു. “ചില മത്സരങ്ങൾ ഇപ്പോഴും എന്നെ വേട്ടയാടുന്നുണ്ട്. 2011-ലെ മത്സരങ്ങൾ പോലും.
ഇത് അത്ര എളുപ്പമല്ല. അത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഞാൻ ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ്. വീട്ടിലായിരിക്കുമ്പോൾ പരിപൂർണ്ണമായും എല്ലാം മറന്നു അവരോടൊപ്പമായിരിക്കും. കളിയിലായിരിക്കുമ്പോൾ വീട്ടിലെ ഓർമ്മകളെ മാറ്റിനിർത്തും.”
ഒഴിവുസമയം എങ്ങനെ ചെലവഴിക്കും
ഹംപിയുടെ വീട്ടിലെ ഷെഡ്യൂൾ വളരെ വഴക്കമുള്ളതാണ്. മത്സരം വരുന്ന ഘട്ടത്തിൽ ജോഗിംഗ് അല്ലെങ്കിൽ യോഗ പോലുള്ള ഒരു മണിക്കൂർ നീളുന്ന ശാരീരിക പ്രവർത്തനങ്ങളും 5-6 മണിക്കൂർ ചെസ്സ് പരിശീലനവും ഉൾപ്പെടുന്ന ദിനചര്യയാണ് ഹംപി പിന്തുടരുക.
“പക്ഷേ ടൂർണമെന്‍റുകളില്ലാത്തപ്പോൾ കർശനമായ ദിനചര്യകളൊന്നും ഉണ്ടാവില്ല. സമയം കിട്ടുമ്പോൾ എന്തെങ്കിലും ചെയ്യും. അല്ലാത്തപക്ഷം മകളോടൊപ്പം സമയം ചെലവഴിക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്.”
അമ്മ മികച്ച ചെസ്സ് കളിക്കാരിയാണെങ്കിലും അഹാന ചെസ്സിൽ ഇതുവരെ പ്രത്യേക താൽപ്പര്യമൊന്നും കാട്ടി തുടങ്ങിയിട്ടില്ല. ചെസ്സിനു പുറത്തും ഹംപി സന്തോഷം കണ്ടെത്തുന്നു. അവർ ഒഴിവ് വേളകളിൽ സിനിമ കാണും. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കും. മെഡിറ്റേഷൻ ചെയ്യുകയും ബോർഡ് ഗെയിമുകൾ കളിക്കുകയും ചെയ്യും.
“ദി ക്വീൻസ് ഗാംബിറ്റ് പോലുള്ള പരമ്പര കാണുന്നതിൽ വലിയ താൽപര്യം കാട്ടാറില്ല. കാരണം ഒരിക്കൽ കണ്ട് തുടങ്ങിയാൽ പിന്നെ ഞാൻ അതിന് അടിമപ്പെടും.” സ്വന്തം കഥ എപ്പോഴെങ്കിലും സ്ക്രീനിൽ വരികയാണെങ്കിൽ ബോളിവുഡ് നടി തപ്സി പന്നു തന്‍റെ കഥാപാത്രത്തെ അവതരിപ്പിച്ച് കാണാനാണ് ആഗ്രഹിക്കുന്നതെന്നാണ് ഹംപി പറയുന്നത്. വിരമിക്കലിനെപ്പറ്റി താരം ഇതുവരെ തീരുമാനമൊന്നും എടുത്തിട്ടില്ല.
“മോശം ടൂർണമെന്‍റ് ആയാലും അല്ലെങ്കിലും നിങ്ങളും ഏറ്റവും മോശം അവസ്‌ഥയിൽ കളിക്കുകയും ആ മത്സരം ജയിക്കുകയും ചെയ്‌താൽ തിരിച്ചു വരവിൽ നിങ്ങളുടെ ശക്തി കാണിക്കാനുള്ള ആഗ്രഹം നിങ്ങൾക്കുണ്ടാകും. ഒരു വിജയം പോലും മുന്നോട്ട് നീങ്ങാൻ നിങ്ങളെ ശക്തിയായി പ്രേരിപ്പിക്കും. അതാണ് എന്നെ കളിക്കാൻ പ്രേരിപ്പിക്കുന്ന ഘടകം.”





