ഇക്കാലത്ത് കുട്ടികളിലും യുവ തലമുറയിലും ജങ്ക് ഫുഡ് കഴിക്കാനുള്ള ആസക്‌തി വളരെയധികം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാ ദിവസവും ജങ്ക് ഫുഡ് കഴിക്കുന്നത് നിമിത്തം ഒരു ലഹരിക്കടിമപ്പെടുന്ന അവസ്‌ഥ സംജാതമാകുകയാണ്. ഒരാൾക്ക് ആഗ്രഹമുണ്ടെങ്കിൽപോലും ആ ശീലം ഒഴിവാക്കാൻ കഴിയുകയില്ല. അതിനാൽ അവർ പൊണ്ണത്തടിയുള്ളവരായി മാറുകയും ചെറുപ്രായത്തിൽ തന്നെ രോഗങ്ങളാൽ കഷ്‌ടപ്പെടുകയും ചെയ്യുന്നു. ജങ്ക് ഫുഡ് കഴിക്കുന്ന ശീലത്തിൽ നിന്ന് വിട്ടുനിൽക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഈ വിവരങ്ങൾ വളരെ ഉപയോഗപ്രദമാകും.

എന്‍റെ മകന് ബിരിയാണി കഴിച്ചശേഷം അപ്പോൾ തന്നെ കൊക്കോകോള പോലെ എന്തെങ്കിലും കുടിച്ചേ മതിയാകു. ഇത് നല്ല ഭക്ഷണ ശീലമല്ല എന്ന് പറഞ്ഞു കൊടുത്താലും മാറ്റമില്ല. അമ്മ വിദ്യ പറയുന്നു. എന്തുചെയ്യണം എന്‍റെ മകന്‍റെ ഈ ശീലം എത്ര ശ്രമിച്ചിട്ടും മാറുന്നില്ല എന്നൊക്കെ ഇങ്ങനെ ചിലർ പറയുന്നത് കേട്ടിട്ടില്ലെ. ഉപേക്ഷിക്കേണ്ട ശീലങ്ങളെ നമ്മൾ നെഗറ്റീവ് രീതിയിലാണ് എടുക്കുന്നത്. എന്നാൽ വാസ്തവത്തിൽ ഒരു വ്യക്തിയുടെ ദൈനംദിന ദിനചര്യ തീരുമാനിക്കുന്നത് ആ വ്യക്തിയുടെ ശീലങ്ങളാണ്.

നമ്മുടെ ശീലങ്ങൾക്കനുസൃതമായാണ് നാമെല്ലാവരും നമ്മുടെ ദൈനംദിന ജോലികളിൽ പലതും ചെയ്യുന്നത്. രാവിലെ ഉണരുന്ന സമയമായാലും രാത്രി ഉറങ്ങുന്ന സമയമായാലും നമ്മൾ എന്ത് കഴിക്കുന്നു എങ്ങനെ പെരുമാറുന്നു എന്നതായാലും ശീലങ്ങളാണ് മുഖ്യം. അതു കൊണ്ടാണ് ശീലങ്ങൾ നല്ലതും ചീത്തയും ആകുന്നത്. ശീലം നല്ലതാണെങ്കിൽ അത് നമ്മളിലും കുടുംബത്തിലും സമൂഹത്തിലും നല്ല സ്വാധീനം ചെലുത്തുന്നു. മറുവശത്ത് നമ്മൾ ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ശീലങ്ങൾ മോശമോ നെഗറ്റീവോ ആണെങ്കിൽ അവ ഉപേക്ഷിക്കാൻ പ്രയാസകരവുമാണ്.

ഒരാൾ രാവിലെ ഉണരുമ്പോൾ തന്നെ ചായയോ കാപ്പിയോ ആഗ്രഹിക്കുന്നതുപോലെ എല്ലാ ദിവസവും എത്ര നല്ല ഭക്ഷണം കഴിച്ചാലും ചിലർക്ക് സമൂസ, ബർഗർ, മധുരപലഹാരങ്ങൾ തുടങ്ങിയ ചില ജങ്ക് ഫുഡ് വേണം. അത് കഴിക്കുന്നതുവരെ ആ വ്യക്തിക്ക് സംതൃപ്തി തോന്നുന്നില്ല. ആഗ്രഹിച്ചത് ലഭിച്ചില്ലെങ്കിൽ മറ്റേന്തെങ്കിലും കിട്ടിയാലും അത് ആസ്വദിക്കാനും കഴിയില്ല.

മോശം ശീലങ്ങൾ ഉപേക്ഷിക്കാൻ കുറച്ച് ബുദ്ധിമുട്ടാണ്. പിന്നെ പലപ്പോഴും നമ്മൾ പറയുന്നു ഞാൻ ശ്രമിക്കുന്നുണ്ടെന്ന്. പക്ഷേ ഈ ശീലം മാറുന്നില്ല. ഇതിന് പിന്നിലെ കാരണം എന്താണ്? എല്ലാത്തിനുമുപരി നല്ലതോ ചീത്തയോ ആയ ശീലങ്ങൾ എങ്ങനെയാണ് വളരുന്നത്? നമ്മുടെ ശീലങ്ങൾക്കനുസരിച്ച് നാം നമ്മുടെ ദിനചര്യ പിന്തുടരുന്നത് എന്തുകൊണ്ടാണ്? നമുക്ക് ആഗ്രഹമുണ്ടെങ്കിൽ പോലും നമ്മുടെ ശീലങ്ങൾ മാറ്റാനോ ഉപേക്ഷിക്കാനോ കഴിയാത്തത് എന്തുകൊണ്ടാണ്? നമ്മുടെ ശീലങ്ങൾ നമ്മുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു? ഉപേക്ഷിച്ചതിനുശേഷവും നാം വീണ്ടും ചില ശീലങ്ങളിലേക്ക് മടങ്ങി വരുന്നത് എന്തു കൊണ്ടാണ്?

എന്താണ് ശീലം

ശീലം എന്നത് ഒരു പെരുമാറ്റമാണ്. പതിവായി ആവർത്തിക്കുന്ന ഏതൊരു പെരുമാറ്റവും മിക്കവാറും യാതൊരു ചിന്തയും ആവശ്യമില്ലാത്തതും മറിച്ച് ആവർത്തനത്തിലൂടെ വികസിക്കുന്നതും തുടർന്ന് ആ പ്രവൃത്തി ചിന്തിക്കാതെ യാന്ത്രികമായോ സ്വയമേവയോ സംഭവിക്കാൻ തുടങ്ങുന്നതുമാണ്. ഉദാഹരണത്തിന് എല്ലാ ദിവസവും ജങ്ക് ഫുഡ് കഴിക്കുന്ന കുട്ടികൾ അതിന് അടിമപ്പെടുന്നു. പിന്നീട് ജങ്ക് ഫുഡ് അവർക്ക് ഒരു ആസക്‌തിയായി മാറുന്നു. അതിന്‍റെ ഫലമായി അവർ അത് കഴിക്കുന്നതുവരെ അസ്വസ്‌ഥതയോടെ തുടരുന്നു. അവരുടെ അസ്വസ്‌ഥത കോപത്തിന്‍റെയും ക്ഷോഭത്തിന്‍റെയും രൂപത്തിൽ പുറത്തുവരുന്നു.

ശീലങ്ങൾ നല്ലതും ചീത്തയുമാകുമെന്ന് നമുക്കെല്ലാവർക്കും അറിയാം. എന്നാൽ പെരുമാറ്റംമൂലം ഭാവിയിൽ ഉണ്ടാകാൻ പോകുന്ന ദോഷഫലങ്ങൾ അറിഞ്ഞിട്ടും നമ്മൾ അതിനെ ഒരു മോശം ശീലം അല്ലെങ്കിൽ ആസക്‌തി എന്ന് വിളിക്കുന്നു. പിന്നീട് അത് ആസക്തി സ്വഭാവം ആവർത്തിക്കാനുള്ള നമ്മുടെ നിർബന്ധമായി മാറുന്നു.

ഒരു ശീലവും ജനനം മുതൽ വരുന്നതല്ല. നമ്മൾ അത് ക്രമേണ പഠിക്കുന്നതാണ്. എന്തെങ്കിലും പഠിക്കുന്നത് നമ്മുടെ തലച്ചോറുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. നമ്മൾ പഠിക്കുന്നതെന്തും തലച്ചോറിൽ സംഭരിക്കപ്പെടുന്നു. വിവിധ പഠന രീതികളിൽ, ശീലങ്ങൾക്ക് കാരണമാകുന്ന ഒരു പ്രധാനകാര്യം പ്രതിഫലത്തെ അടിസ്ഥാനമാക്കിയുള്ള പഠനമാണ്. മനഃശാസ്ത്രജ്ഞനായ എഡ്വേർഡ് തോൺഡൈക്കിന്‍റെ അഭിപ്രായ പ്രകാരം പ്രതിഫലത്തെ അടിസ്‌ഥാനമാക്കിയുള്ള തലച്ചോറിന്‍റെ പഠനമാണ് നമ്മുടെ ശീലങ്ങൾക്ക് കാരണമാകുന്നത്.

പ്രതിഫലാധിഷ്‌ഠിത പഠനം എന്താണ്?

നമുക്ക് സംതൃപ്തിയോ സന്തോഷമോ നൽകുന്ന അനുഭവം അല്ലെങ്കിൽ ജോലി. ആ അനുഭവം നേടുന്നതിനായി ആ ജോലി വീണ്ടും വീണ്ടും ചെയ്യാൻ നമ്മെ പ്രേരിപ്പിക്കുന്നു. തുടർന്ന് നമ്മൾ ആ കാര്യം വീണ്ടും വീണ്ടും ചെയ്യുന്നു. ഇവിടെയാണ് ഒരു ശീലം ജനിക്കുന്നത്. നമ്മുടെ മസ്‌തിഷ്കം ഈ മുഴുവൻ ശീലത്തിന്‍റെയും ന്യൂറൽ നെറ്റ്‌വർക്ക് സൃഷ്ടിക്കുന്നു. അത് കാലക്രമേണ ശക്തമാക്കുന്നു.

ജങ്ക് ഫുഡ് കഴിക്കുന്ന ശീലം

നമ്മൾ ആദ്യമായി ജങ്ക് ഫുഡ് കഴിക്കുകയോ രുചിക്കുകയോ ചെയ്ത ശേഷം അത് നമുക്ക് ഇഷ്ടപ്പെട്ടെങ്കിൽ വീണ്ടും കഴിക്കാൻ ആഗ്രഹിക്കും. പിന്നെ അത് ദിവസവും കഴിക്കാൻ സാധ്യതയുണ്ട്. പിന്നീട് ആവർത്തിക്കുന്നതിലൂടെ ശീലമായി മാറും. കാരണം അത് കഴിച്ചതിനുശേഷം ഉടനടി അല്ലെങ്കിൽ അൽപനേരം സംതൃപ്തിയുടെയോ സന്തോഷത്തിന്‍റെയോ അനുഭവം ഉണ്ടാകുന്നു. പക്ഷേ അത് ശാശ്വതമല്ല. അതേ അനുഭവം വീണ്ടും ലഭിക്കാൻ നമ്മൾ ദിവസവും ജങ്ക് ഫുഡ് കഴിക്കുന്നു. അപ്പോൾ തലച്ചോറിലെ ന്യൂറോൺ നെറ്റ്‌വർക്ക് ശക്തമാകുന്നു. അതോടെ ഈ ശീലം ഉപേക്ഷിക്കേണ്ടി വരുമ്പോൾ അത് വളരെ ബുദ്ധിമുട്ടായിത്തീരുന്നു.

തലച്ചോറിൽ ന്യൂറോൺ പാറ്റേണുകൾ എങ്ങനെയാണ് രൂപപ്പെടുന്നത്? ശീലങ്ങൾ നമ്മെ വിട്ടു പോകാത്തത് എന്തുകൊണ്ട്? എന്തുകൊണ്ടാണ് നമ്മൾ മോശം ശീലങ്ങളുടെ അടിമകളാകുന്നത്?

നമ്മുടെ മസ്തിഷ്‌കം വളരെ സങ്കീർണ്ണമായ ഒരു സംവിധാനത്തിലൂടെ സജീവമായി തുടരുന്നു. നമ്മുടെ ശരീരം തലച്ചോറിന്‍റെ ക്രമപ്രകാരം പ്രവർത്തിക്കുന്നു. തലച്ചോറിൽ 86 ബില്യൺ ന്യൂറോണുകളുണ്ട്. നമ്മൾ അനുഭവിക്കുന്നതോ കാണുന്നതോ പഠിക്കുന്നതോ ആയ എന്തും ന്യൂറോണുകളുടെ ഒരു ശൃംഖലയോ പാറ്റേണോ സൃഷ്ടിച്ചുകൊണ്ട് മസ്‌തിഷ്കം അത് സംഭരിക്കുന്നു. ഒരു ജോലി ആവർത്തിക്കുന്നതിലൂടെ ആ ജോലിയുടെ ശൃംഖല ഓരോ ആവർത്തനത്തിലും ശക്തമാക്കുന്നു.

ശീലങ്ങളുടെ അടിമയാകരുത്

നമ്മൾ ഒരു കാറോ സ്‌കൂട്ടറോ ഓടിക്കാൻ പഠിക്കുമ്പോൾ നമ്മുടെ മുഴുവൻ ശ്രദ്ധയും വാഹനം കൈകാര്യം ചെയ്യുന്നതിലാണ്. അതിനാൽ ആ വിവരങ്ങളുടെ ന്യൂറോൺ ശൃംഖല നമ്മുടെ തലച്ചോറിൽ രൂപപ്പെടുന്നില്ല. എന്നാൽ നമ്മൾ എല്ലാ ദിവസവും ഒരു കാറോ സ്കൂട്ടറോ ഓടിക്കാൻ പരിശീലിക്കുമ്പോൾ നമ്മുടെ തലച്ചോറിൽ ഒരു ന്യൂറോൺ ഡ്രൈവിംഗ് പാറ്റേൺ രൂപപ്പെടുന്നു. അത് ഡ്രൈവിംഗിന് ആവശ്യമായ വിവരങ്ങളും കഴിവുകളും സംഭരിക്കുന്നു. ആവർത്തിച്ച് വാഹനമോടിക്കുന്നതിലൂടെ ഈ ശൃംഖല അല്ലെങ്കിൽ ന്യൂറോൺ പാറ്റേൺ ശക്തമാകാൻ തുടങ്ങുന്നു. തുടർച്ചയായി ഡ്രൈവിംഗ് പരിശീലിക്കുന്നതിലൂടെ ഈ പാറ്റേൺ നമ്മുടെ തലച്ചോറിൽ ശക്തമാവുകയും മിക്കവാറും സ്‌ഥിരമാവുകയും ചെയ്യുന്നു. അതോടെ ഒന്നും ചിന്തിക്കാതെ തന്നെ ആ ജോലി യാന്ത്രികമായി ചെയ്യാൻ തുടങ്ങുന്നു. അപ്പോൾ നമ്മൾ ഡ്രൈവിംഗിൽ കാര്യക്ഷമതയുള്ളവരാകുകയും നമ്മുടെ മസ്‌തിഷ്‌കം ഓട്ടോ മോഡിലേക്ക് പോകുകയും ചെയ്യുന്നു.

നമ്മുടെ ജങ്ക് ഈറ്റിംഗ് ശീലങ്ങൾക്കും ഇതിനു സമാനമായ ഒരു ശൃംഖല രൂപം കൊള്ളുന്നു. ഇത് ഒരിക്കൽ തലച്ചോറിൽ ശക്ത‌മാകുമ്പോൾ നമ്മെ ഓട്ടോ മോഡിൽ നിലനിർത്തുന്നു. അതിനാൽ നമ്മൾ ഭക്ഷണം കാണുമ്പോഴോ കഴിക്കുമ്പോഴോ നമുക്ക് ജങ്ക് ഫുഡ് മാത്രമേ കഴിക്കാൻ തോന്നൂ. അല്ലെങ്കിൽ നമ്മുടെ കൈ എപ്പോൾ അതിലേക്ക് നീങ്ങുമെന്നോ എപ്പോൾ കഴിക്കുമെന്നോ പോലും നമുക്ക് അറിയില്ല. കാരണം നമ്മുടെ തലച്ചോറ് ഓട്ടോ മോഡിലേക്ക് പോകുന്നു. പിന്നെ നമ്മൾ ഇവിടെ ജങ്ക് ഫുഡ് തിരഞ്ഞെടുക്കുന്നു. എന്തു കൊണ്ടാണ് ഇത് സംഭവിക്കുന്നത്? എന്തുകൊണ്ടാണ് നമ്മൾ മോശം ശീലങ്ങളുടെ അടിമകളാകുന്നത്?

കാരണം 1: തൽക്ഷണം ആനന്ദം നേടുക

നമ്മുടെ മസ്‌തിഷ്‌കം തൽക്ഷണ ആനന്ദത്തിലേക്കോ തൽക്ഷണ സംത്യപ്തിയിലേക്കോ കൂടുതൽ ആകർഷിക്കപ്പെടുന്നു. ഇതുമൂലം തൽക്ഷണ നേട്ടങ്ങൾക്കായി ദീർഘകാല നേട്ടങ്ങളോ പാർശ്വഫലങ്ങളോ നാം അവഗണിക്കുന്നു. ജങ്ക് ഫുഡിന്‍റെ ഫലം തൽക്ഷണമായതിനാൽ അത് കഴിച്ചതിനുശേഷം നമുക്ക് വളരെ സുഖം തോന്നുന്നു. അത് തൽക്ഷണ ആനന്ദത്തിന്‍റെയോ ആവേശത്തിന്‍റെയോ രൂപത്തിൽ അനുഭവപ്പെടുന്നു. പക്ഷേ അത് ദിവസവും കഴിക്കുന്നതിലൂടെ പൊണ്ണത്തടി, രക്തസമ്മർദ്ദം, പ്രമേഹം തുടങ്ങിയ രോഗങ്ങൾ നമുക്ക് അനുഭവപ്പെടാം. ഇതറിഞ്ഞ ശേഷവും നമ്മൾ അത് കഴിക്കാൻ ഇഷ്ടപ്പെടുന്നു. ആ ശീലത്തിന്‍റെ ദീർഘകാല പാർശ്വഫലങ്ങൾ നമ്മൾ അവഗണിക്കുന്നു.

നമ്മുടെ ദൈനംദിന ജീവിതത്തിൽ പലപ്പോഴും സംഭവിക്കുന്ന തൽക്ഷണ ആനന്ദത്തിന്‍റെ ഒരു ഉദാഹരണം വളരെ സാധാരണമാണ്. നാളെ രാവിലെ ഞാൻ നേരത്തെ എഴുന്നേറ്റ് നടക്കാൻ പോകുമെന്ന് ഇന്ന് രാത്രി മനസ് തീരുമാനിച്ചു. എന്നാൽ രാവിലെ നിങ്ങൾ തീരുമാനം മാറ്റി. ഇന്ന് ഞാൻ കൂടുതൽ നേരം ഉറങ്ങും. നാളെ മുതൽ ഞാൻ നേരത്തെ എഴുന്നേൽക്കും. ഇവിടെ തൽക്ഷണ ആനന്ദത്തിനായുള്ള പ്രഭാത നടത്തത്തിന്‍റെ ദീർഘകാല നേട്ടങ്ങൾ അവഗണിച്ചു തൽക്ഷണ ആനന്ദത്തിനായി കൂടുതൽ ഉറങ്ങാൻ ഇഷ്ടപ്പെട്ടു.

കാരണം 2: ഹോർമോണുകളുടെയും രാസവസ്തു‌തുക്കളുടെയും രൂപീകരണം

 

നമ്മൾ സ്വാഭാവികമായി സന്തോഷിക്കുമ്പോഴോ സന്തോഷവും സംത്യപ്തിയും അനുഭവിക്കുമ്പോഴോ നമ്മുടെ തലച്ചോറിൽ ചില പ്രത്യേക ഹോർമോണുകളും രാസവസ്‌തുക്കളും രൂപം കൊള്ളുന്നു. അതുമൂലം നമുക്ക് സന്തോഷം തോന്നുന്നു. ജങ്ക് ഫുഡ് കഴിച്ചതിനു ശേഷവും ഇതുതന്നെ സംഭവിക്കുന്നു. നമുക്ക് സന്തോഷവും സംതൃപ്തിയും അനുഭവപ്പെടുന്ന ഹോർമോണുകൾ പുറത്തുവരുന്നു. വിശക്കുമ്പോൾ പോലും നമുക്ക് അത് ലഭിച്ചില്ലെങ്കിൽ പിന്നെ അസ്വസ്‌ഥത അനുഭവപ്പെടുന്നു.

ഈ അസ്വസ്ഥതയിൽ നിന്ന് മുക്തി നേടാൻ ഈ ന്യൂറൽ നെറ്റ്‌വർക്ക് ഉണ്ടാക്കി വെച്ചശീലം ഒരു നിർബന്ധയി മാറുന്നു. അങ്ങനെ ജങ്ക് ഫുഡ് കഴിക്കുന്ന ശീലത്തിന്‍റെ ഒരു വളയം രൂപപ്പെടുന്നു. അപ്പോൾ നല്ല ശീലങ്ങൾ കൊണ്ട് ഇത് സംഭവിക്കാത്തത് എന്തുകൊണ്ട്? നല്ല ശീലങ്ങൾ ഒരിക്കലും തൽക്ഷണ ആനന്ദമോ സന്തോഷമോ നൽകുന്നില്ല. അവ ദീർഘകാല നേട്ടങ്ങൾ മാത്രമേ നൽകുന്നുള്ളൂ.

കാരണം-3: സമയമില്ലാത്തപ്പോൾ അല്ലെങ്കിൽ ഒറ്റയ്ക്കായിരിക്കുമ്പോൾ

ഇന്നത്തെ തിരക്കേറിയ ജീവിതശൈലി യിൽ പലപ്പോഴും നമുക്ക് ഭക്ഷണം പാകം ചെയ്യാൻ സമയം ലഭിക്കില്ല അ ല്ലെങ്കിൽ ഒറ്റയ്ക്കായിരിക്കുമ്പോൾ പാ ചകം ചെയ്യാൻ തോന്നില്ല. എളുപ്പത്തിൽ ലഭ്യമായതും നല്ലതുമായ എന്തും നമ്മൾ കഴിക്കുമെന്ന് നമ്മൾ കരുതുന്നു. ഈ ഭക്ഷണം നമുക്ക് ദോഷകരം ചെയ്യുമോ അതോ ഗുണം ചെയ്യുമോ എന്ന് അ പ്പോൾ ചിന്തിക്കുന്നില്ല. ആ നിർബന്ധം കൊണ്ടാണ് നമ്മൾ ജങ്ക് ഫുഡുമായി സൗഹൃദം സ്ഥാപിക്കുന്നത്. എന്നാൽ ഇത് വളരെക്കാലം കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ് എന്ന ജങ്ക് ഫുഡ് കഴിക്കുന്നതിന്‍റെ ദോഷഫലങ്ങൾ താൽക്കാലത്തേക്ക് അവഗണിക്കുന്നു. പക്ഷേ ശരീരം വളരെക്കാലം ആരോഗ്യകരമായി നിലനിർത്തണമെങ്കിൽ വീടിനടുത്തുള്ള ഒരു ടിഫിൻ സെന്‍ററിലോ റസ്‌റ്റേറന്‍റിലോ പോയി ലളിതമോ ആരോഗ്യകരമോ ആയ ഭക്ഷണം ആസ്വദി ക്കാം. കൂടാതെ അവധി ദിവസങ്ങളിൽ ഇഷ്‌ടമുള്ള ആരോഗ്യകരമായ ഭക്ഷണം വീട്ടിൽ തന്നെ പാകം ചെയ്‌ത്‌ ആസ്വദിക്കാം.

“ദി പവർ ഓഫ് ഹാബിറ്റ്” എന്ന പ്രശസ്‌ത പുസ്‌തകത്തിന്‍റെ രചയിതാവായ ചാൾസ് ഡുഹിഗ് പറയുന്നതിനനുസരിച്ച് ഒരു മോശം ശീലം മാറ്റുന്നത് മാത്രമല്ല പുതിയ നല്ല ശീലങ്ങൾ രൂപപ്പെടുത്തുന്നതും ബുദ്ധിമുട്ടാണ്. കാരണം നല്ല ശീലങ്ങളുടെ പുതിയ സ്വഭാവം പഴയ ശീലത്തെ തസ്സപ്പെടുത്തുകയും നിങ്ങളുടെ തലച്ചോറിനെ ഓട്ടോ മോഡിലേക്ക് പോകുന്നത് തടയാൻ ശ്രമിക്കുകയും ചെയ്യുന്നു. എന്നാൽ തലച്ചോറിലെ നിലവിലുള്ളതോ സംഭരിച്ചിരിക്കുന്നതോ ആയ ശീലങ്ങളുടെ ശക്തമായ ശൃംഖല പുതിയ പെരുമാറ്റത്തെ വിജയിക്കാൻ അനുവദിക്കുന്നില്ല.

നിങ്ങളുടെ മോശം ശീലങ്ങൾ ഈ രീതിയിൽ മാറ്റാൻ കഴിയും

ഏതെങ്കിലും മോശം ശീലം ഉപേക്ഷിക്കാൻ എല്ലായ്പ്പോഴും ഇച്ഛാശക്തി ആവശ്യമാണ്. ഈ ഇച്‌ഛാശക്ത‌ി ഒരു പേശി പോലെയാണ്. തുടർച്ചയായ പരിശീലനത്തിലൂടെ ഇത് ശക്തിപ്പെടുത്തേണ്ടതുണ്ട്. രണ്ടാമതായി അമിതമായ ഉപയോഗം മൂലം പേശികൾ തളർന്നുപോകുകയും പ്രവർത്തിക്കാൻ കഴിയാതെ വരികയും ചെയ്യുന്നതുപോലെ ഒരു ഘട്ടത്തിനുശേഷം ഇച്ഛാശക്തിയും ദുർബലമാകും. ഉപേക്ഷിക്കപ്പെട്ട ഒരു ശീലം 90% മുതൽ 95% വരെ കേസുകളിലും തിരികെ വരുന്നതിന്‍റെ കാരണം ഇതാണ്. അതിനാൽ ഇച്ഛാശക്തി ഉപയോഗിച്ച് ശീലങ്ങൾ മാറ്റാൻ കഴിയും. പക്ഷേ ആവർത്തിക്കാനുള്ള സാധ്യത നിലനിൽക്കുന്നു.

പ്രതിഫല മൂല്യം

ഡോ. ജാഡ്സൺ ബ്രൂവർ തന്‍റെ അൺവൈൻഡിംഗ് ആംസൈറ്റി എന്ന പുസ്‌തകത്തിൽ ശീലങ്ങളെക്കുറിച്ചുള്ള ഒരു പ്രധാന വസ്തുത അവതരിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ അഭിപ്രായത്തിൽ നമുക്ക് ഒരു അനുഭവം ഉണ്ടാകുമ്പോഴെല്ലാം ആ അനുഭവത്തിൽ നിന്ന് ലഭിക്കുന്ന സന്തോഷത്തിന്‍റെയും സംതൃപ്തിയുടേയും അടിസ്‌ഥാനത്തിൽ നമ്മുടെ മസ്‌തിഷ്‌കം ആ അനുഭവത്തിന്‍റെ പ്രതിഫല മൂല്യം രേഖപ്പെടുത്തുന്നു. ആവർത്തിച്ചുള്ള അനുഭവങ്ങളുടെ അടിസ്‌ഥാനത്തിൽ ഈ മൂല്യം ശക്തമാകുന്നു. എല്ലാ മോശം ശീലങ്ങളും നമുക്ക് തൽക്ഷണം അല്ലെങ്കിൽ ഉടനടി സംതൃപ്തി അല്ലെങ്കിൽ സന്തോഷം നൽകുന്നതിനാൽ നമ്മുടെ മസ്‌തിഷ്കം അവയുടെ പ്രതിഫല മൂല്യം കൂടുതൽ രേഖപ്പെടുത്തുന്നു.

കേക്കിന്‍റെയും ആപ്പിളിന്‍റെയും കാര്യം എടുക്കാം. കേക്കും ആപ്പിളും കഴിക്കുന്നത് നമ്മൾ ഇതിനകം പലതവണ അനുഭവിച്ചിട്ടുള്ളതിനാലും ആ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ കേക്കിന്‍റെ പ്രതിഫല മൂല്യം നമ്മുടെ തലച്ചോറിൽ കൂടുതൽ രേഖപ്പെടുത്തിയിരിക്കുന്നതിനാലും മിക്കവാറും ആളുകൾ കേക്ക് തിരഞ്ഞെടുക്കും. ദീർഘകാലത്തിനുശേഷമാണ് നമു ക്ക് ആപ്പിളിന്‍റെ ഗുണങ്ങൾ ലഭിക്കാൻ സാധ്യതയുള്ളു എന്നതിനാൽ അതിന്‍റെ പ്രതിഫല മൂല്യം കേക്കിനേക്കാൾ താരതമ്യേന കുറവാണ്. അതിനാൽ ഇച്ഛാശക്തിയുടെ അടിസ്‌ഥാനത്തിൽ നമ്മുടെ ശീലം മാറ്റാൻ കഴിയുന്നില്ലെങ്കിൽ ആ ശീലത്തിന്‍റെ പ്രതിഫല മൂല്യം കുറയ്ക്കുകയോ അതിന്‍റെ ഏതെങ്കിലും ബദലുകളുടെ പ്രതിഫല മൂല്യം വർദ്ധിപ്പിക്കുകയോ ചെയ്യേണ്ടിവരും. കൂടാതെ ജങ്ക് ഫുഡ് കഴിക്കുന്ന ശീലം ആവർത്തിക്കാൻ നമ്മെ പ്രേരിപ്പിക്കുന്ന വികാരങ്ങൾ തിരിച്ചറിയുകയും വേണം.

और कहानियां पढ़ने के लिए क्लिक करें...