ലഹരിയുടെ വഴിയിൽ നിന്നും കുട്ടികളെ പിന്തിരിപ്പിക്കാനുള്ള മാർഗ്ഗമായാണ് സംസ്‌ഥാനത്തെ സ്‌കൂളുകളിൽ സുംബ ഡാൻസ് സംസ്ഥാന സർക്കാർ മുന്നോട്ട് വന്നു നടപ്പാക്കിയത്. സർക്കാരിന്‍റെ ഈ പുതിയ തീരുമാനം എന്തുകൊണ്ടും വിദ്യാർത്ഥികളെ സംബന്ധിച്ച് പ്രയോജനപ്രദമാകുമെന്നാണ് ഭൂരിഭാഗംപേരും വിലയിരുത്തുന്നത്. സർക്കാർ നിർദ്ദേശത്തെ എല്ലാവരും ഒരേ മനസ്സോടെ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും ഇതിനെതിരെ ചില രാഷ്ട്രീയ-മത സംഘടനകൾ ശക്തമായ എതിർപ്പാണ് പ്രകടിപ്പിച്ചത്. സുംബ വ്യായാമം കുട്ടികളുടെ ശാരീരിക- മാനസികാരോഗ്യനില മികച്ചതാക്കുമെന്നാണ് ഫിറ്റ്നസ്സ് വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നത്. തളർച്ചയോ ആലസ്യമോ ഉണ്ടാക്കാത്ത മാധുര്യമേറിയ ശരീര ചലനങ്ങൾ ഉൾപ്പെടുന്ന രസകരമായ സുംബ വർക്കൗട്ട് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഗുണപ്രദമാണ്.

സംഗീതവും നൃത്തവും ഇഴുകി ചേർന്നുള്ള ഫിറ്റ്നസ് പ്രോഗ്രാമായ സുംബ നമ്മുടെ നാട്ടിലെങ്ങും സുപരിചിതമാണ്. സുംബ ഡാൻസിന്‍റെ രസം അറിയുന്നവർ പിന്നീട് ഒരിക്കലും ഈ വർക്കൗട്ട് ഫോർമാറ്റിൽ നിന്നും പിന്തിരിയില്ല. ഫിറ്റ്‌നസ്സ് മൂവ്‌മെന്‍റ്സിൽ നൃത്തം ഉൾപ്പെടുത്തിയുള്ള പാട്ടിന്‍റെ പശ്ചാത്തലത്തിലുള്ള ഒരു വ്യായാമ രീതി മാത്രമാണിത്. അതിനാൽ സുംബ ചെയ്യുന്നവർക്ക് ബോറടിക്കുകയുമില്ല. കുട്ടികൾ മുതൽ ഏത് പ്രായത്തിലുള്ളവർക്കും സുംബ വർക്കൗട്ട് ചെയ്യാം.

സന്തോഷത്തിനും ആരോഗ്യത്തിനും സുംബ

zumba

ഒരു വ്യക്തിയുടെ ശരീരാരോഗ്യത്തെയും മാനസികാരോഗ്യത്തെയും സുംബ വ്യായാമം എങ്ങനെ സ്വാധീനിക്കുന്നു? ഇതേക്കുറിച്ച് എറണാകുളം കാക്കനാടിലെ ജെയ്‌സൽസ് ഡാൻസ് ആൻഡ് ഫിറ്റ്നസ്സ് സ്‌റ്റുഡിയോയിലെ പരിശീലകനായ ജെയ്‌സൽ ജയിംസ് പറയുന്നത് ഇങ്ങനെയാണ്. “ശാരീരികമായി മാത്രമല്ല വൈകാരികമായും സാമൂഹികമായും സുംബ നമ്മെ പോസിറ്റീവായി സ്വാധിനിക്കുന്നുണ്ട്. വ്യായാമത്തിനുപരിയായി ഇത് ചലനത്തിന്‍റെയും താളത്തിന്‍റെയും ആത്മവിശ്വാസത്തിന്‍റെയും ആഘോഷവും കൂടിയാണ്.

സുംബയിൽ പങ്കെടുക്കുന്നവർക്ക് ഉണ്ടാകുന്ന ആദ്യ നേട്ടം അതിൽ നിന്നുണ്ടാകുന്ന സന്തോഷമാണ്. നൃത്തവും സംഗീതവും സമന്വയിപ്പിച്ചുള്ള വ്യായാമം ആയതിനാൽ ശരീരത്തിൽ അത് ഹാപ്പി ഹോർമോണുകളുടെ ഉത്പാദനം വർദ്ധിപ്പിച്ച് മാനസിക സമ്മർദ്ദത്തെ കുറയ്ക്കുന്നു” അദ്ദേഹം പറയുന്നു.

മറ്റ് വ്യായാമങ്ങളെ അപേക്ഷിച്ച് സുംബയുടെ പ്രത്യേകത എന്താണ് എന്ന് പലരും ചോദിക്കാറുണ്ട്. ഇതിനുള്ള ഉത്തരവും അദ്ദേഹം പറയുന്നു. “ആളുകളെ പുഞ്ചിരിക്കാനും വിയർക്കാനും സമ്മർദ്ദം ഇല്ലാതാക്കാനും പ്രേരിപ്പിക്കുന്നു. ജോലി, കുടുംബപരമായ സമ്മർദ്ദം എന്നിവ അഭിമുഖീകരിക്കുന്നവരാണ് സുംബ സെഷനിൽ പങ്കെടുക്കുന്ന 80% പേരും. ഒരു മണി ക്കൂർ സെഷൻ ചെയ്യുമ്പോൾ അവർ എല്ലാ ടെൻഷനും മറന്നിരിക്കും. വ്യായാമത്തിൽ മാത്രമാവും ഫോക്കസ്. സംഗീതത്തിന്‍റെ ചടുലതാളത്തിനൊപ്പമുള്ള ചുവടുകളിലൂടെ മനസ്സ് ഫ്രീ ആകും. ഒപ്പം ശരീരത്തിന് പുത്തനുണർവും ഊർജ്ജവും ലഭിക്കുന്നുവെന്നാണ് അവർ പറയുന്നത്.” ജെയ്സൽ പറയുന്നു.

തുടർച്ചയായുള്ള സുംബ പരിശീലനത്തിലൂടെ ഫ്ളക്സ‌ിബിലിറ്റി, സ്‌റ്റാമിന, മൊബിലിറ്റി എന്നിവ മെച്ചപ്പെടുത്തുകയും കാർഡിയോ വാസ്‌കുലർ സിസ്‌റ്റം മികച്ചതാവുകയും ചെയ്യുന്നു. ജിം വർക്കൗട്ടുകൾ, നടത്തം എന്നിവയൊക്കെ സ്‌ഥിരമായി ചെയ്യുമ്പോൾ സ്വാഭാവികമായും മിക്കവരിലും മടുപ്പുണ്ടാകാം. ചിലർ മാത്രം അത് തുടർന്ന് പോകാം. മറ്റ് ചിലർക്കത് വിരസതയുണ്ടാക്കാം. അവിടെയാണ് സുംബയ്ക്കുള്ള പ്രസക്തി.

ഡാൻസ് ചെയ്യാൻ ഇഷ്‌ടപ്പെടുന്നവരാണ് ഭൂരിഭാഗംപേരും. നൃത്തത്തിനു സമാനമായ ചലനങ്ങളിൽ അധിഷ്‌ഠിതമായ സുംബ ചെയ്യാൻ എല്ലാവരും ഇഷ്‌ടപ്പെടുന്നു. അതുപോലെ വിരസത അകറ്റാൻ ഇതിന്‍റെ പശ്ചാത്തല സംഗീതം അടിക്കടി മാറ്റുകയും ചെയ്യുന്നതുകൊണ്ട് ആവർത്തന വിരസതയും മടുപ്പും ഉണ്ടാവുകയില്ല. ആളുകൾ ഒരേ മനസ്സോടെ നന്നായി എൻജോയ് ചെയ്യും. ഗ്രൂപ്പ് സെഷൻ ആയതുകൊണ്ട് കുറച്ചുകൂടി ആക്റ്റീവ് ആയി ചെയ്യാനുള്ള താൽപ്പര്യം എല്ലാവരിലും ഒരേ തലത്തിൽ ഉണ്ടാകും. വ്യായാമത്തിന്‍റെ കൊഴുപ്പ് കൂട്ടാൻ ഇടയ്ക്ക് ബോളിവുഡ് സോംഗ്, തമിഴ് ഡപ്പാം കൂത്ത് പാട്ടുകൾ, മലയാളം പാട്ടുകൾ എന്നിവ കൂടി ചേർക്കാറുണ്ട്. ഇതൊക്കെ സുംബ സെഷനെ രസകരമാക്കാറുണ്ട്.

ബോഡിവെയ്റ്റ് കുറയ്ക്കാം, കുട്ടാം

ഒരു ഫുൾ ബോഡി വർക്കൗട്ട് ആണ് സുംബ. ശരീരത്തിന്‍റെ ഒരു ഭാഗത്തിന് മാത്രമായി ഈ വ്യായാമം ചെയ്യാനാവില്ല. ശരീരഭാരം വർദ്ധിപ്പിക്കാനായാലും കുറയ്ക്കാനായാലും വർക്കൗട്ട് ആവശ്യമാണ്. ഒപ്പം മികച്ചൊരു ഡയറ്റ് പ്ലാനും വേണം. അതിന്‍റെ കൂടെ 6-7 മണിക്കൂർ വിശ്രമവും കൃത്യമായി ഉണ്ടാകണം. ഇത് മൂന്നും കൂടി വരുമ്പോഴാണ് നമ്മൾ ഉദ്ദേശിക്കുന്ന റിസൾട്ട് കിട്ടുക. തുടർച്ചയായി സുംബ കാർഡിയോ വർക്കൗട്ട് ചെയ്യുമ്പോൾ പേശികൾ വഴക്കമുള്ളതാകും. ഒരു മണിക്കൂർ വർക്കൗട്ട് കൊണ്ട് ഏകദേശം 500-800 കലോറി വരെ എരിച്ചു കളയാം.

നാം ആഗ്രഹിക്കുന്ന തലത്തിൽ ശരീരം ടോൺഡ് ആകാൻ എത്ര നാൾ വേണ്ടി വരുമെന്നത് ചില ഘടകങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. വ്യക്‌തിയുടെ ശാരീരിക ഘടന, ശരീര ഭാഷ, ആ വ്യക്തി എത്ര മാത്രം അർപ്പണമനോഭാവത്തോടെ ചെയ്യുന്നുവെന്നതിനെയൊക്കെ ആശ്രയിച്ചിരിക്കുമത്. എല്ലാവരും ഒരേ തീവ്രതയോടെ സുംബ ചെയ്യണമെന്നില്ല. ചിലർക്ക് പെട്ടെന്ന് റിസൾട്ട് ലഭിക്കാം. ചിലർക്ക് കാലതാമസമെടുക്കാം. സുംബ തുടർച്ചയായി ചെയ്യാം. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്ന, സ്‌റ്റാമിന വർദ്ധിപ്പിക്കുന്ന മികച്ച കാർഡിയോ വ്യായാമവും കൂടിയാണിത്.

ഒരു ഫംഗ്ഷനോ പ്രോഗ്രാമോ വരുമ്പോൾ നമുക്ക് ഈസിയായി ഡാൻസ് ചെയ്യാൻ കഴിയുമെന്നതും ഇതിന്‍റെ പ്ലസ് പോയിന്‍റാണ്. ഫ്ളക്സിബിലിറ്റിയും വ്യായാമവും സന്തോഷവും എല്ലാം കൂടിച്ചേരുമ്പോൾ ജോലികളൊക്കെ ഉത്സാഹത്തോടെ ചെയ്യാനും കഴിയും. ഒപ്പം ദിവസം മുഴുവനും ഹാപ്പിയുമാകും.

കുട്ടികൾക്ക് മികച്ച വ്യായാമം

കുട്ടികളെ തെറ്റായ വഴികളിൽ നിന്നും കുട്ടി പിന്തിരിപ്പിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണല്ലോ സ്‌കൂളുകളിൽ സുംബ പരിശീലനം ഏർപ്പെടുത്താനായി സർക്കാർ മുന്നോട്ട് വന്നത്. പൂർണ്ണമായും സന്തോഷവും ഊർ‌ജ്ജവും ഉണർത്തുന്ന സുംബ കുട്ടികളെ സംബന്ധിച്ച് മികച്ചൊരു വ്യായാമപദ്ധതിയാണ്. ഫിറ്റ്‌നസ്സിനും ആരോഗ്യത്തിനും പ്രാധാന്യം നൽകിയുള്ള ജീവിത ശൈലി ചെറുപ്പം തുടങ്ങി കുട്ടികളിൽ വളർത്തിയെടുക്കുന്നത് ജീവിതകാലം മുഴുവനും അവർക്ക് ഗുണം ചെയ്യും. അതിലൂടെ ഫിറ്റ്‌നസ്സ് മെന്‍റാലിറ്റി അവരിൽ വളർത്തിയെടുക്കാം. ഇപ്പോൾ ഒട്ടുമുക്കാൽ സ്‌കൂളുകളിലും ഫ്ളാറ്റുകളിലുമൊക്കെ സുംബ പരിശീലിപ്പിക്കുന്നുണ്ട്.

ലാറ്റിൻ സംഗീതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ചെയ്യുന്ന നൃത്ത വ്യായാമാണ് സുംബ. അക്കാദമിക് സമ്മർദ്ദം, മറ്റ് ശാരീരികവും മാനസികവുമായ സമ്മർദ്ദം, ഉദാസീനമായ ദിനചര്യകൾ എന്നിവ നേരിടുന്ന വിദ്യാർത്ഥികൾക്ക് ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള ഉന്മേഷദായകവും ശക്‌തവുമായ ഒരു മാർഗ്ഗമെന്ന നിലയിൽ സുംബ മികച്ചൊരു ഉപാധിയാണ്.

അടുക്കളയിൽ നിന്ന് സുംബയിലേക്ക്- ഷീല അലോഷി

zumba sheela

സുംബ വർക്കൗട്ട് ചെയ്‌ത്‌ ശരീരഭാരം കുറച്ച് ശാരീരിക വേദനകളെ അതിജീവിക്കുകയും നിരവധി സ്ത്രീകളെ സുംബ ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്‌ത ഷീല അലോഷി എന്ന വീട്ടമ്മയുടെ അനുഭവങ്ങളെക്കുറിച്ചറിയാം.

സുംബയിലൂടെ ആരോഗ്യവും ഊർജ്ജവും വീണ്ടെടുത്ത വീട്ടമ്മയാണ് ഫോർട്ട് കൊച്ചി നസ്‌റത്ത് നെടിയോടി വീട്ടിൽ ഷീല അലോഷി. സ്വന്തം ആരോഗ്യം മെച്ചപ്പെടുത്താനുള്ള തീവ്രശ്രമത്തിന്‍റെ ഭാഗമായി ആരംഭിച്ച സുംബ വ്യായാമം അവരുടെ ജീവിതത്തെ മാറ്റിമറിക്കുന്ന ഒരു യാത്രയായി പരിണമിക്കുകയായിരുന്നു. അത് മാത്രമല്ല ചുറ്റുമുള്ളവരിലേക്കും അവർ ആരോഗ്യ സംരക്ഷണത്തിന്‍റെ മഹത്തായ ആ പാഠം പകർന്ന് നൽകി. ഇന്ന് ഷീലയുടെ കീഴിൽ 50 ലേറെ പേരാണ് സുംബ ഡാൻസ് പരിശീലിച്ച് ആരോഗ്യവും സന്തോഷവും കൈവരിച്ചുകൊണ്ടിരിക്കുന്നത്. കേവലം സുംബ ഡാൻസ് വീഡിയോകൾ മാത്രം കണ്ട് പരിശീലിച്ച ഈ വീട്ടമ്മ ചുറ്റുമുള്ള സാധാരണക്കാരായ വീട്ടമ്മമാർക്കും ജോലിക്കാരായിട്ടുള്ളവർക്കുമായി അതിന്‍റെ പ്രയോജനം ലഭിക്കാനായി വീടിന്‍റെ മൂന്നാം നിലയിൽ സുംബ ഡാൻസ് ഫ്ളോർ കാലക്രമേണ ഒരുക്കുകയായിരുന്നു. ഷീലയുടെ പരിശീലനകേന്ദ്രത്തെ കുറിച്ച് കേട്ടറിഞ്ഞു ദൂരെ നിന്നുപോലും ആളുകൾ സുംബ പരിശീലിക്കാനായി എത്തുന്നുണ്ട്.

“അടുക്കളയിൽ നിന്നും അരങ്ങത്തേക്ക്” എന്നാണ് തന്‍റെയും ശിഷ്യരുടേയും ശാരീരിക ആരോഗ്യത്തിൽ ഉണ്ടായ മാറ്റത്തെ കുറിച്ച് ഷീല സ്വയം വിശേഷിപ്പിക്കുന്നത്. തനിക്കുണ്ടായ ശാരീരികവും മാനസികവുമായ ആരോഗ്യ നേട്ടങ്ങൾ മറ്റുള്ളവർക്ക് കൂടി പ്രയോജനമാകുന്ന രീതിയിൽ ഒരു നിശബ്ദ ആരോഗ്യ വിപ്ലവത്തിന് സാധാരണ വീട്ടമ്മയായ ഷീല തുടക്കമിടുകയായിരുന്നു. അമിതവണ്ണം, നട്ടെല്ലിന് വേദന, യൂറിക് ആസിഡ്, ഉപ്പൂറ്റി വേദന, മുട്ട് വേദന തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങളിലൂടെ കടന്നുപോയ അവർ സുംബയുടെ ഊർജ്ജസ്വലവും ചടുലവുമായ ചുവടുകളിലൂടെ താൻ നേരിട്ട ശാരീരിക ബുദ്ധിമുട്ടുകളെ അതിജീവിച്ചു. അതും ജിമ്മിലൊന്നും പോകാതെ വീഡിയോ കണ്ട് സ്വന്തമായി സുംബ പഠിച്ചെടുത്തുകൊണ്ട് ശരീരഭാരം 76 കിലോയിൽ നിന്നും 62 കിലോയിൽ എത്തിച്ചു.

“നട്ടെല്ലിന് കടുത്ത വേദനയുണ്ടായി ഓപ്പറേൻ ചെയ്യണമെന്ന സ്ഥിതിയിൽ വരെയെത്തി. പക്ഷേ ഓപ്പറേഷന് വിധേയമാകാതെ ഞാൻ ഒരു ആയുർവേദ ഡോക്‌ടറെ കാണുകയായിരുന്നു. അദ്ദേഹം നിർദ്ദേശിച്ച ചില മരുന്നുകൾ കഴിച്ചു. വേദന കുറഞ്ഞു. ശരീരഭാരം കുറയ്ക്കുകയല്ലാതെ മറ്റൊരു പരിഹാരവുമില്ലെന്ന് ഡോക്ടർ തറപ്പിച്ചു പറഞ്ഞു. കോവിഡ് ലോക്ക്ഡൗൺ സമയം വീട്ടിൽ ഇരുന്ന് ഭക്ഷണം കഴിച്ചതുകൊണ്ട് ശരീരഭാരം നന്നായി വർദ്ധിച്ചിരുന്നു. പിന്നെ ഒട്ടും വൈകിയില്ല. ഞാൻ തന്നെ ഒരു പരിഹാരം കണ്ടെത്തി. യൂട്യൂബ് സെർച്ച് ചെയ്ത‌ത് സുംബ വീഡിയോകൾ നോക്കി സുംബ പരിശീലിച്ചു. ആദ്യം 5 മിനിറ്റ് നേരം ചെയ്‌. ക്രമേണ സമയം കൂട്ടി കൂട്ടി ഒരു മണിക്കൂർ വച്ച് രാവിലെയും വൈകുന്നേരവും ഒറ്റയ്ക്ക് സുംബ ചെയ്യുന്നത് പതിവാക്കി. ഒപ്പം വീഡിയോ നോക്കി മറ്റ് വ്യായാമങ്ങളും യോഗയും ചെയ്യുന്നതും പതിവാക്കി.”

“വണ്ണം കുറയ്ക്കണമെന്നത് എന്‍റെ വാശിയായിരുന്നു. തുടക്കത്തിൽ 76 കിലോ ഉണ്ടായിരുന്ന ശരീരഭാരം 3 മാസം കൊണ്ട് 6 കിലോ കുറഞ്ഞു. പിന്നെയും ഒന്നര വർഷം ഞാൻ ഒറ്റയ്ക്ക് വ്യായാമം ചെയ്തു. അങ്ങനെ 14 കിലോ കുറഞ്ഞു 62 കിലോയിലെത്തി. എനിക്കുണ്ടായ ഈ മാറ്റം കണ്ടപ്പോൾ അമിതവണ്ണവും ആരോഗ്യപ്രശ്നങ്ങളും കൊണ്ട് ബുദ്ധിമുട്ടുന്ന സ്ത്രീകളെ ഉൾപ്പെടുത്തി ഒരു പരിശീലന പരിപാടി എന്തുകൊണ്ട് നടത്തികൂടായെന്ന ചിന്ത എന്‍റെ മനസ്സിൽ ഉണ്ടായി.”

“യൂറിക് അസിഡ് പ്രശ്ന‌ം കൊണ്ട് ഉപ്പൂറ്റി വേദന അടക്കം പലവിധ പ്രശ്‌നങ്ങൾ എനിക്കുണ്ടായിരുന്നു. 5-6 വർഷമായിട്ട് കാലുകുത്താൻ പറ്റാത്തത്ര വേദനയായിരുന്നു. വണ്ണം കുറഞ്ഞു 62 കിലോയിലെത്തിയപ്പോൾ എന്‍റെ ഉപ്പൂറ്റി വേദന എങ്ങോട്ട് പോയെന്ന് അറിയില്ല. എന്തിനേറെ എൻ മുട്ട് വേദനയും മാറി. മുമ്പ് പള്ളിയിൽ മുട്ട് കുത്തി പ്രാർത്ഥിക്കാൻ ബുദ്ധിമുട്ടിയിരുന്നു. നിലത്തിരുന്നാൽ എഴുന്നേൽപ്പിക്കാൻ ഭർത്താവും മകനും സഹായിക്കണമായിരുന്നു. എന്നാൽ വണ്ണം കുറഞ്ഞതോടെ എത്ര നിലവരെയും എനിക്ക് ഓടി കയറാമെന്നായി. ഈസിയായി ഓടാം ചാടാം. ഏതു ജോലിയും ചെയ്യാം. ഭാരമുയർത്താം. മുമ്പ് ഇതൊന്നും ആലോചിക്കാനേ കഴിയുമായിരുന്നില്ല. ശരീരത്തിന്‍റെ ഒട്ടുമുക്കാൽ പ്രശ്ന‌ങ്ങളും മാറികിട്ടി. ഒപ്പം ദിവസം മുഴുവനും നീണ്ടുനിൽക്കുന്ന ഊർജ്ജസ്വലതയും ഉത്സാഹവും. ഇതൊക്കെ എന്‍റെ അനുഭവത്തിൽ നിന്നറിഞ്ഞ യാഥാർഥ്യങ്ങളാണ്.

ലേഡി മൂവേഴ്‌സ് സുംബ ഫിറ്റ്‌നസ്സ് ഡാൻസ് സ്റ്റുഡിയോ

“വീടിന്‍റെ മൂന്നാം നിലയിലാണ് ലേഡി മൂവേഴ്‌സ് സുംബ ഫിറ്റ്‌നസ്സ് എന്ന ഡാൻസ് സ്റ്റുഡിയോ ഒരുക്കിയിട്ടുള്ളത്. സാധാരണക്കാരയ വീട്ടമ്മമാരാണ് എന്‍റെ അടുത്ത് പരിശീലനത്തിനായി വരുന്നത്. ധാരാളം പണം മുടക്കാൻ കഴിയുന്നവർ വൻകിട ഹെൽത്ത് ക്ലബ്ബിൽ പോയി ചേരും. എന്നാൽ സാധാരണക്കാരായിട്ടുള്ളവർക്ക് അങ്ങനെ പോകാൻ ഒരിടവുമില്ല. അതൊക്കെ ഓർത്താണ് ഞാൻ വീട്ടിൽ പരിശീലന പരിപാടി ആരംഭിച്ചത്. 10 വയസ്സ് തുടങ്ങി 60 വയസ്സ് വരെയുള്ളരാണ് എന്‍റെ കൂടെ വ്യായാമ പദ്ധതിയിൽ പങ്കെടുക്കുന്നത്. നാലുപേരിൽ നിന്ന് തുടങ്ങിയ സുംബ ക്ലാസ്സിപ്പോൾ 60 പേരിൽ എത്തി നിൽക്കുന്നു. നിലവിൽ 3 ബാച്ചുകളിലായി രാവിലെയും വൈകുന്നേരവുമായാണ് പരിശീലനം നൽകുന്നത്. മിക്കവരെയും അവരുടെ ഭർത്താക്കന്മാരാണ് ക്ലാസ്സിനു കൊണ്ടു വരുന്നതെന്നാണ് രസകരമായ ഒരു കാര്യം. ഭാര്യമാർ ആരോഗ്യവതികളും സന്തോഷവതികളും ആയിരിക്കണമെന്ന് അവരും ആഗ്രഹിക്കുന്നുണ്ട്. ഫീസിനേക്കാളുപരി അവർക്ക് അതിൽ നിന്നും കിട്ടുന്ന സന്തോഷവും ആരോഗ്യവുമാണ് എനിക്ക് പ്രധാനം. ഇവിടെ വന്ന് വ്യായാമം ചെയ്ത് മെച്ചപ്പെട്ട ആരോഗ്യം കൈവരിച്ചവരാണ് ഏറെപ്പേരും. 4 മാസമായി മാസമുറ വരാത്ത ഒരു പെൺകുട്ടിക്ക് വ്യയാമം ചെയ്ത‌തോടെ നല്ല മാറ്റമുണ്ടായി. മാസമുറ കൃത്യമായി. ഫാറ്റി ലിവർ കുറയാൻ വ്യായാമം ചെയ്യുന്നത് നല്ലതാണെന്നാണ് ഡോക്ടർ പറയുന്നത്. ഈ പ്രശ്ന‌മുള്ള ധാരാളം സ്ത്രീകൾ ഇവിടെ വന്ന് വ്യായാമം ചെയ്ത് ഫാറ്റി ലിവർ കുറച്ചിട്ടുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. കൃത്യമായി വ്യായാമം ചെയ്ത് നടുവേദന, പേശി വേദന തുടങ്ങിയ പ്രശ്‌നങ്ങൾ മാറിയവരുമുണ്ട് അക്കൂട്ടത്തിൽ. ശരീരത്തിന് നല്ല ഫ്ളക്സിബിലിറ്റിയും ഊർജ്ജസ്വലതയും ലഭിച്ചു എന്ന് പറഞ്ഞു കേൾക്കുമ്പോൾ സന്തോഷം തോന്നാറുണ്ട്.

വ്യായാമം ദിനചര്യയാക്കി

അടുക്കളയിൽ മാത്രം ഒതുങ്ങിയിരുന്ന ആളായിരുന്നു ഞാൻ. എന്‍റെ ഈ സംരംഭം കൊണ്ട് ഒരുപാട് പേർക്ക് ആരോഗ്യഗുണങ്ങൾ ഉണ്ടായിട്ടുണ്ട്. “ഷീലേച്ചി ഇത് നേരത്തെ തുടങ്ങേണ്ടതായിരുന്നു.” എന്നാണ് എന്‍റെ കൂട്ടുകാർ പറയുന്നത്. ഒരു സ്‌റ്റെപ് പോലും വയ്ക്കാൻ അറിയാത്തവരായിരുന്നു പലരും. ഇപ്പോൾ ഞങ്ങൾ നന്നായി ഡാൻസ് ചെയ്യാറുണ്ട്. അതോർക്കുമ്പോൾ എനിക്ക് അത്ഭുതം തോന്നാറുണ്ട്. 55 വയസ്സായ ഞാനാണോ ഇതൊക്കെ ചെയ്യുന്നതെന്ന്. ചില പരിപാടികൾക്ക് ഞങ്ങൾ കൂട്ടുകാർ ചേർന്ന് സ്‌റ്റേജിൽ നൃത്തമൊക്കെ അവതരിപ്പിക്കാറുണ്ട്. എനിക്ക് 48 വയസ്സുള്ളപ്പോഴാണ് സുംബ പരിശീലിച്ചു തുടങ്ങുന്നത്. അന്ന് ഞാൻ മാത്രമായിരുന്നു. ഇപ്പോൾ ആ സ്ഥാനത്ത് എനിക്കൊപ്പം നിരവധി പേർ.” ഷീല ചിരിയോടെ പറയുന്നു.

ഭക്ഷണ ചിട്ട

കൃത്യമായ സുംബ ഡാൻസ് വർക്കൗട്ടിനൊപ്പം ഭക്ഷണകാര്യത്തിലും ഷീലയുടേതായ ചില ചിട്ടകളുണ്ട്. ഭക്ഷണ കാര്യത്തിൽ കർശന നിയന്ത്രണങ്ങളൊന്നുമില്ല. പകരം നിയന്ത്രണങ്ങൾക്കാണ് മുൻതൂക്കം നൽകുന്നത്. ചോറിന്‍റെ അളവ് കുറച്ച് കറികളും സലാഡും ധാരാളം കഴിക്കും. കാരറ്റ്, ബീൻസ്, ബീറ്റ്റൂട്ട് എന്നിവ കറിയായോ സലഡായോ കഴിക്കും. ചിയ സീഡ് വെള്ളം കുടിക്കാറുണ്ട്. നാരങ്ങ വെള്ളത്തിൽ ചിയ സീഡ് ചേർത്തും കഴിക്കും. വൈകിട്ട് 6 മണിയ്ക്ക് മുമ്പായി രാത്രി ഭക്ഷണം കഴിക്കും. അതിനുശേഷം കഴിക്കില്ല. വൈകിട്ട് മിക്കവാറും പഴങ്ങളും പപ്പായയുമാണ് കഴിക്കുക. വിശന്നാൽ എന്തെങ്കിലും പഴം കഴിക്കും. ഇതേ ഡയറ്റാണ് ശിഷ്യർക്കും ഷീല നിർദ്ദേശിക്കുന്നത്.

വറുത്തുപൊരിച്ച വിഭവങ്ങളും ബേക്കറി വിഭവങ്ങളും ഒഴിവാക്കും. ബീഫ് കഴിക്കാറില്ല. പകരം ചിക്കൻ ചെറിയ തോതിൽ കഴിക്കാൻ ആവശ്യപ്പെടാറുണ്ട്. വൈകിട്ട് 6 മണിയ്ക്ക് ശേഷം കട്ടിയുള്ള ആഹാരം കഴിക്കരുതെന്ന് പ്രത്യേകം നിഷ്ക്കർഷിക്കാറുണ്ട്. ശരീരഭാരം കുറയ്ക്കുന്നതിന് ഒരു മാസത്തേക്ക് പാലിച്ചുള്ള ഡയറ്റിനാണ് പ്രാധാന്യം നൽകുന്നത്. രാവിലെ 8 മണിയ്ക്ക് ബ്രേക്ക്‌ഫാസ്റ്റ് കഴിക്കും. അതും അളവ് കുറച്ച്. ഇത്തരം നിയന്ത്രണങ്ങളിലൂടെ ഒരുവിധം വണ്ണം കുറഞ്ഞു കഴിഞ്ഞാൽ പിന്നീട് സാധാരണ രീതിയിൽ ഭക്ഷണം കഴിച്ചാലും ശരീരഭാരം വർദ്ധിക്കുകയില്ല. പക്ഷേ സുംബയും വ്യായാമവും കൃത്യമായി ചെയ്യുന്നത് തുടരണം. ഇതോടൊപ്പം തന്നെ ബോഡി ഫിറ്റ്നസ്സിനായുള്ള ഒരു മാജിക് ഡ്രിങ്കും ഷീല പരിചയപ്പെടുത്തുന്നുണ്ട്. കുക്കുമ്പർ, ഇഞ്ചി, 2-3 അല്ലി വെളുത്തുള്ളി എന്നിവ ചേർത്തുള്ള ജ്യൂസ് തയ്യാറാക്കി രാത്രിയിൽ കഴിക്കുന്നത് ബോഡി ഫിറ്റ്നസ്സിന് കൂടുതൽ ഗുണം ചെയ്യുമെന്നാണ് ഷീല പറയുന്നത്. “ഇപ്പോൾ ഞാൻ സാധാരണ രീതിയിൽ എല്ലാം കഴിക്കാറുണ്ട്. ഒപ്പം 3 മണിക്കൂർ സുംബയും വ്യായാമവും മുടങ്ങാതെ ചെയ്യും. ഇനി എത്ര സുഖമില്ലെങ്കിൽ കൂടിയും ഞാൻ എന്‍റെ കൂട്ടുകാർക്കൊപ്പം വ്യായാമം ചെയ്യും. അതിലൂടെ അവർക്ക് പകരുന്ന ഊർ‌ജ്ജം വളരെ വലുതാണ്. മാറി നിന്നാൽ അവർക്ക് ഉത്സാഹം തോന്നില്ല. അതുകൊണ്ട് മടിച്ചിരിക്കില്ല.

പരിശീലന രീതി

സുംബയ്ക്കൊപ്പം യോഗയും മറ്റ് ചില വ്യായാമങ്ങളും കോർത്തിണക്കിയുള്ള പരിശീലനമാണ് ഷീല നൽകുന്നത്. അര മണിക്കൂർ സുംബ ഡാൻസ് കഴിഞ്ഞാൽ അര മണിക്കൂർ നേരം വിവിധ ശരീര ഭാഗങ്ങൾക്കായുള്ള വ്യത്യസ്‌തങ്ങളായ വ്യായാമങ്ങളും ചെയ്യിക്കും. രാവിലെ വ്യായാമം ചെയ്‌തു കഴിഞ്ഞാൽ വൈകുന്നേരം വരെ അതേ ഊർജ്ജം ഉണ്ടാകുമെന്നാണ് ഇവിടെ വന്ന് പരിശീലനം നേടുന്നവർ ഒരേ സ്വരത്തിൽ പറയുന്നത്. ശരീരത്തിനും മനസ്സിനും മൊത്തത്തിൽ എനർജി ഫീൽ ചെയ്യും. ആരോഗ്യപ്രശ്‌നങ്ങൾ കുറഞ്ഞു, ശരീരഭാരം കുറഞ്ഞു, ഏത് വസ്ത്രവും ഇടാം, എത്ര പടികൾ വരെയും ഓടി കയറാം. മുമ്പ് പ്രയാസപ്പെട്ട് പടികൾ കയറിയവർ അതും 40ഉം 45ഉം 50ഉം ഒക്കെ കടന്നവർ ഇന്ന് ഈസി ആയിട്ടാണ് പടികൾ ചാടി കയറി എന്‍റെ മൂന്നാമത്തെ നിലയിലുള്ള ഡാൻസ് ഫ്ളോറിലേക്ക് വരുന്നത്. അതൊക്കെ പറഞ്ഞു കേൾക്കുമ്പോൾ മനസ്സിൽ വല്ലാത്ത സന്തോഷം തോന്നാറുണ്ട്.

അടിമുടി മാറ്റം

പൊതുവെ സാരി ധരിച്ചിരുന്ന ഷീല ഇപ്പോൾ മോഡേൺ വേഷങ്ങളാണ് അധികവും ധരിക്കുന്നത്. മുമ്പ് അതൊക്കെ ഏറെ ആഗ്രഹിച്ചിരുന്നു ഇന്നത് സാധ്യമായി. ജീൻസും ടോപ്പും ഷർട്ടുമൊക്കെ ധരിച്ചു പുറത്തു പോകാറുണ്ട്.. മുമ്പ് വണ്ണമുള്ളതുകൊണ്ട് അതൊക്കെ ധരിക്കാൻ മടിയായിരുന്നു. ഇപ്പോൾ അതൊക്കെ മാറി. ശരീരം ഒതുങ്ങിയതോടെ മോഡേൺ വേഷങ്ങൾ ധരിക്കാനുള്ള ആത്മവിശ്വാസം വർദ്ധിച്ചു. ഒപ്പം ഉത്സാഹവും.

സിംപിൾ സുംബ സ്‌റ്റെപ്പ്

“സുംബയുടെ ചടുലമായ ചുവടുകൾ അൽപം മയം വരുത്തിയാണ് സുംബ പരിശീലിപ്പിക്കുന്നത്. ബോഡി മൂവ്മെന്‍റ്സിന് പ്രാധാന്യം നൽകി കൊണ്ടുള്ള പരിശീലനത്തിനാണ് മുൻ തൂക്കം നൽകുന്നത്. ഒരേ സംഗീത പശ്ചാത്തലത്തിലുള്ള സുംബ പരിശീലനം ശിഷ്യർക്ക് ബോറടിക്കാതിരിക്കാൻ ഇടയ്ക്ക് ഒരു ചേഞ്ചിനായി മലയാളം, തമിഴ്, നാടൻ പാട്ടുകൾ, ബോണി എം പോലെയുള്ള സംഗീതം പ്ലേ ചെയ്യാറുണ്ട്. എല്ലാവർക്കും ഇത് കൂടുതൽ ആവേശവും ഊർജ്ജവും പകരാറുണ്ട്.

ഇത് സൗഹൃദത്തിന്‍റെയും കൂട്ടായ്മ

ഫിറ്റ്നസ്സിൽ മാത്രം ഒതുങ്ങുന്ന തല്ല ഷീലയുടേയും സംഘത്തിന്‍റെയും സന്തോഷം, അതിലുമുപരിയായി ഒരുമയേയും സ്നേഹത്തേയും ഐക്യത്തേയും പ്രതീകപ്പെടുത്തുന്നു അവരുടെ കൂട്ടായ്മ‌. സ്നേഹത്തിന്‍റെയും ഐക്യത്തിന്‍റെയും ഈ കൂട്ടായ്‌മയിൽ ഓണവും വിഷുവും, ക്രിസ്‌തുമസുമൊക്കെ അവർ നിറഞ്ഞ മനസ്സോടെയാണ് ആഘോഷിക്കുന്നത്. ഷീലയുടെ വാക്കുകളിൽ പറഞ്ഞാൽ. “ഞങ്ങളുടെ ഈ ഫിറ്റ്നസ്സ് ഗ്രൂപ്പ് യഥാർത്ഥത്തിൽ സ്നേഹത്തിന്‍റെയും ഐക്യത്തിന്‍റെയും ഒരു സൗഹൃദ കൂട്ടായ്മയാണ്. ഇവിടെ വേർതിരിവുകളില്ല. ഞങ്ങൾ ഒരുമിച്ച് അനാഥലയങ്ങൾ സന്ദർശിച്ച് അവിടത്തെ അഗതികൾക്കൊപ്പം സമയം ചെലവഴിക്കാറുണ്ട്.

വർഷത്തിൽ ഒരു തവണ എല്ലാവരുമൊരുമിച്ച് വിനോദയാത്രയ്ക്ക് പോകാറുണ്ട്.  അത് നിർബന്ധമാണ്. പലവിധ തിരക്കുകളും കാരണങ്ങൾ കൊണ്ടും വീട്ടമ്മമാർക്ക് ഇത്തരം അവസരങ്ങൾ ലഭിക്കാറില്ലല്ലോ. സ്വന്തം ശരീരത്തിനും മനസ്സിനുമുണ്ടായ മാറ്റങ്ങൾ കണ്ട് സ്‌കൂൾ കാലഘട്ടത്തിലേക്ക് മടങ്ങിപോയതുപോലെയാണെന്നാണ് ഇപ്പോൾ ഫിറ്റനസ്സ് ഗ്രൂപ്പിലുള്ള കൂട്ടുകാർ പറയുന്നത്.” ഷീല അഭിമാനപൂർവ്വം പറയുന്നു.

और कहानियां पढ़ने के लिए क्लिक करें...