കഴിഞ്ഞ 25 ഓണങ്ങളിലേറെയായി ഓണം വീട്ടിലിരുന്ന് ആഘോഷിക്കാൻ കഴിയാറി ല്ല. രഞ്ജിനി ചിരിച്ചു കൊണ്ട് പറയുന്നു. “സാധാരണയായി കേരള സർക്കാരിന്‍റെ ആഘോഷങ്ങളുടെ ഭാഗമായി ആ ദിവസങ്ങളിൽ യാത്ര ചെയ്യേണ്ടി വരാറുണ്ട്. എങ്കിലും എന്‍റെ ഏറ്റവും ഇഷ്‌ടമുള്ള ഓണക്കാഴ്ചകൾ വീട്ടിൽ തന്നെയാണ്. കസവു സാരി ധരിച്ച് പൂക്കളം ഉണ്ടാക്കൽ, പപ്പായുടെയും മമ്മിയുടേയുമൊപ്പം ഇലയിൽ സദ്യ കഴിക്കുന്നതും പായസം കുടിക്കുന്നതും പോലുള്ള പഴയ ഓർമ്മകൾക്ക് ഇപ്പോഴും എന്തൊരു ചന്തമാണ്!!”
ഈ വർഷം രഞ്ജിനിക്ക് ഓണം ഗംഭീരമായി ആഘോഷിക്കാൻ വേറെയും ഒരുപാട് കാരണങ്ങളുണ്ട്. രഞ്ജിനി സംഗീത രംഗത്ത് 25 വർഷങ്ങൾ പൂർത്തിയാക്കിയിരിക്കുന്നു. കൗമാരത്തിൽ തുടങ്ങിയ ആ യാത്രയിൽ ഇപ്പോൾ 200-ഓളം സിനിമകളും അഞ്ച് ഭാഷകളും കൂടെ കൂടി. നിരവധി വിദേശ യാത്രകൾ. ആർ ജെ ദി ബാൻഡ് എന്ന സ്വന്തം ഇൻഡി ബാൻഡ് വഴി സ്വതന്ത്ര സംഗീതലോ കത്തിലേക്ക് കടക്കൽ എന്നിങ്ങനെ വൈവിധ്യമാർന്ന വഴികളിലൂടെയാണ് ആ യാത്ര കടന്നുപോയത്. രഞ്ജിനിയുടെ ശബ്ദം പോലെ തന്നെ വൈവിധ്യമുള്ള ഭയമില്ലാത്ത യാത്ര. ശാസ്ത്രീയ സംഗീതത്തിൽ നിന്ന് റോക്കിലേക്ക്, മലയാളം മുതൽ ഹിന്ദിവരെ പ്ലേബാക്കിൽ നിന്ന് സ്വന്തം രചനകളിലേക്ക്. രഞ്ജിനിയുമായി കുറച്ച് സമയം ചെലവഴിക്കാം.
സംഗീത ജീവിതത്തിൽ 25 വർഷങ്ങൾ പിന്നിടുമ്പോൾ എങ്ങനെ തോന്നുന്നു?
നന്ദി. സന്തോഷം… അത്ഭുതം… കോവിഡ് കാലത്ത് കുറച്ച് സമയം എല്ലാറ്റിൽ നിന്നും പിൻവാങ്ങിനിന്ന വേളയിൽ ആണ് ഞാൻ ഈ രംഗത്ത് എത്രദൂരം എത്തിനിൽക്കുന്നു എന്ന് ചിന്തിച്ചത്. കോവിഡ് കാലം കഴിഞ്ഞപ്പോൾ ഞാൻ വീണ്ടും പഴയ പോലെ തിരക്കുകളിലേക്ക് ആയി. ടൂറുകൾ, റെക്കോർഡിംഗുകൾ, സ്‌റ്റേജ് ഷോകൾ. അപ്പോഴാണ് മനസ്സിലായത് എനിക്ക് ഇത്രയും കാലം ഈ രംഗത്ത് തുടരാൻ കഴിഞ്ഞല്ലോ എന്ന്. ഇനി എനിക്ക് ആഗ്രഹിക്കുന്ന കാര്യങ്ങൾ ചെയ്യാനാണ് ഇഷ്ടം. ഇനി ഞാൻ എന്‍റെ സംഗീതത്തെ കൂടുതൽ ഗൗരവത്തോടെ കാണുന്നു.
മെറ്റമോർഫ് എന്ന പുതിയ പ്രോജക്ടിനെ കുറിച്ച് പറയാമോ?
മെറ്റമോർഫ് എനിക്ക് ഏറെ വ്യക്തിപരമാണ്. എന്‍റെ ആദ്യ സ്വതന്ത്ര ആൽബമാണ് ഇത്. അതിലെ എല്ലാ പാട്ടുകളും എന്‍റെ സ്വന്തം രചനകളാണ് ആദ്യ ട്രാക്കായ ഹ്യൂസ് ഇതിനകം പുറത്തുവിട്ടിട്ടുണ്ട്. പ്ലേബാക്ക് ഗാനങ്ങൾക്കപ്പുറം പലതും ചെയ്യാൻ എനിക്ക് ഇഷ്ടമാണ്. ലിറിക്സ് എഴുതുന്നത് എനിക്ക് ഒരു തെറാപ്പി പോലെയാണ്. ഇതുവരെ പറഞ്ഞിട്ടില്ലാത്ത കാര്യങ്ങൾ എഴുത്തിലൂടെ പറയാൻ ഞാൻ ശ്രമിക്കാറുണ്ട്. ആർ ജെ ദി ബാൻഡ് എന്‍റെ പ്രൊഡ്യൂസർ ചാൾസ് നസ്രത്ത് എന്നിവരോടൊപ്പം ഞാൻ മികച്ച പുതിയ സൃഷ്‌ടികൾ ഒരുക്കുന്നു.
താങ്കൾ വിവിധ ഇന്ത്യൻ ഭാഷകളിൽ പാടുന്നു. അതെങ്ങനെ സാധിക്കുന്നു?
ഞാൻ ഭാഷകളെ സ്നേഹിക്കുന്നു. ഓരോ ഭാഷയും എങ്ങനെ വികാരങ്ങളെ ഉൾക്കൊള്ളുന്നു എന്ന് അറിയാൻ എനിക്ക് താൽപ്പര്യമുണ്ടായിരുന്നു. എനിക്ക് പല ഭാഷകളും ആസ്വദിക്കാനാകുന്നുണ്ട്. ഞാൻ പല ഭാഷകളിലുമായി ലിറിക്സ് എഴുതുകയും ചെയ്യുന്നു. ഭാഷ എനിക്ക് ഒരു തടസ്സമല്ല.
ഇന്ന് കുടുതൽ സ്ത്രീകൾ സ്വതന്ത്ര സംഗീതം ചെയ്യുന്നു. ഈ മാറ്റത്തെ എങ്ങനെ കാണുന്നു?
നമുക്ക് ഏറെ പ്രചോദനമാണ് അതെല്ലാം. ഒരു കാലത്ത് ഒറിജിനൽ മ്യൂസിക് പ്രൊഡക്ഷൻ പുരുഷന്മാരുടെ മേഖലയായി കരുതപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ അത് മാറിക്കൊണ്ടിരിക്കുന്നു. ഗൗരി ലക്ഷ്മിയും, സയനോരയും ഞാനുമൊക്കെ ഒരുപാട് വർഷങ്ങളായി ഒറിജിനൽ ഗാനങ്ങൾ ചെയ്യുന്നവരാണ്. ഒരു പ്രാവശ്യം എആർ റഹ്മാൻ സാറിനെ ഞാൻ ഇന്‍റർവ്യൂ ചെയ്‌തപ്പോൾ അദ്ദേഹം പറഞ്ഞു. “രഞ്ജിനി ഒറിജിനലുകൾ ചെയ്തുകൊണ്ടിരിക്കുക.” ആ ഉപദേശം എനിക്ക് ഇന്നും ഓർമ്മയിലുണ്ട്. ഇപ്പോൾ യൂട്യൂബ് പോലെയുള്ള പ്ലാറ്റ്‌ഫോമുകൾ നമുക്ക് സ്വന്തം ഇടം നൽകുന്നു.
1999ൽ പ്ലേബാക്ക് ആരംഭിച്ച സമയം?
അന്ന് ഞാൻ പ്ലസ്‌ടുവിൽ പഠിക്കുകയായിരുന്നു. എന്‍റെ ആദ്യ സിനിമാ പാട്ട് ബേണി- ഇഗ്നേഷ്യസ് സാർ ഒരുക്കിയ “മേലേവാര്യത്തെ മാലാഖക്കുട്ടികൾ” എന്ന സിനിമയിലായിരുന്നു. തൃശൂരിലെ ചേതന സ്റ്റുഡിയോയിൽ ആണ് റെക്കോർഡ് ചെയ്തത്. ആദ്യം ലഭിച്ചത് അഭിനയിക്കാനുള്ള ചാൻസായിരുന്നു. പിന്നെ അത് പാടാനുള്ള അവസരം ആയി മാറി. കാസറ്റിൽ എന്‍റെ ഫോട്ടോ ചിത്രചേച്ചിയോടൊപ്പം വന്നപ്പോൾ അതായിരുന്നു എന്‍റെ ആദ്യ വലിയ സന്തോഷ നിമിഷം. അതിനുശേഷം ഞാൻ നിരവധി ഭാഷകളിൽ 200-ലേറെ സിനിമകളിൽ പാടി.
ഇളയരാജ, എസ്‌പിബി, ശങ്കർ മഹാദേവൻ തുടങ്ങിയവരോടൊപ്പം പാടിയിട്ടുണ്ട്. ആ അനുഭവങ്ങൾ എങ്ങനെയായിരുന്നു?
അസുലഭമായ അനുഭവങ്ങൾ. ഇളയരാജ സാറിനെ ആദ്യമായി കണ്ടപ്പോൾ “അഖിലാണ്ഡേശ്വരി” എന്ന ഗാനം പാടേണ്ടി വന്നു. അത് കേട്ടപ്പോൾ അദ്ദേഹം ചിരിച്ചു പറഞ്ഞു. “നല്ല ശബ്ദം. നന്നായി പാടിയിരിക്കുന്നു.” അതിനുശേഷം ഞാൻ “പൊന്മുടി പുഴയോരം” എന്ന പാട്ട് പാടി. വിദ്യാസാഗർ സാർ, മനു രമേഷ്, ശരത്ത് സാർ ഇവർക്കൊപ്പം എനിക്ക് വർക്ക് ചെയ്യാൻ ഭാഗ്യം ലഭിച്ചു. എസ് ബി സാറിനൊപ്പം പാടാനും സാധിച്ചു. അതൊക്കെ സ്വപ്‌നസാക്ഷാൽകാരമായിരുന്നു.
ഡബ്ബിംഗ് ചെയ്തിട്ടുമുണ്ടല്ലോ?
അതെ ബാൻഡിഷ് ബാൻഡിറ്റ്സ്, റെഡ് വൈറ്റ് ആന്‍റ് റോയൽ ബ്ലൂ, എക്സ്‌പാറ്റ്സ് എന്നിവയ്ക്കായി ഞാൻ ഡബ്ബ് ചെയ്തിട്ടുണ്ട്. മലയാളത്തിൽ മാത്രമല്ല ചിലപ്പോൾ ഇംഗ്ലീഷിലോ മറ്റ് ഭാഷകളിലോ ഒക്കെ. വൈകാരികമായി ചെയ്യേണ്ട ഒരു പെർഫോമൻസ് ആണ് ഡബ്ബിഗും.
സിനിമയിൽ അഭിനയിച്ചല്ലോ. അതേ കുറിച്ച്?
അതെ അഭിനയിച്ചത് വളരെ സ്വാഭാവികമായാണ് സംഭവിച്ചത്. മോഹൻലാൽ സാറിനൊപ്പമുള്ള റെഡ് ചില്ലീസ്, മമ്മൂട്ടി സാറിനൊപ്പമുള്ള ദ്രോണ എന്നീ സിനിമകളിൽ അവസരം ലഭിച്ചു. അപ്രതീക്ഷിതമായി ലഭിച്ച അവസരങ്ങൾ ആണ് അതെല്ലാം.
യാത്ര അനുഭവങ്ങൾ എങ്ങനെയായിരുന്നു?
ഭാരതത്തിൽ മുഴുവൻ, ഗൾഫിൽ, യൂറോപ്പിൽ, അമേരിക്കയിൽ ഒക്കെ പാടാൻ അവസരം ലഭിച്ചു. അടുത്തിടെ തായ്ലൻഡിലെ ബാങ്കോക്കിൽ പാടിയിട്ടുണ്ട്. കൂടുതൽ ഏഷ്യൻ രാജ്യങ്ങളിലായി പാടാനുള്ള ആഗ്രഹം ഉണ്ട്. തുടർച്ചയായി യാത്ര ചെയ്യുന്നത് പ്രയാസം ഉണ്ടെങ്കിലും ലൈവ് ഓഡിയൻസിന്‍റെ ഊർജം അതുല്യമാണ്.
ഇന്ത്യൻ സംഗീതത്തിന്‍റെ ഭാവിയെക്കുറിച്ച്?
സ്വതന്ത്ര സംഗീതമാണ് ഭാവി. സിനിമ പാട്ടുകൾ ഒരിക്കൽ ആധിപത്യം പുലർത്തിയിരുന്നു. എന്നാൽ എല്ലാവർക്കും പ്ലേബാക്ക് അവസരമില്ല. ഇൻഡി മ്യൂസിക്, ഗായകർക്ക് അവരുടെ സ്വന്തം ശബ്ദം നൽകുന്നു. ജോബ് കുര്യൻ, അഗം ബാൻഡ് തുടങ്ങിയ ഒറിജിനലുകൾ ഇപ്പോൾ വളരുന്നു. അതിന്‍റെ ഭാഗമാകാൻ കഴിഞ്ഞതിൽ എനിക്ക് അഭിമാനമുണ്ട്. നല്ല സംഗീതം ഇനിയും വരട്ടെ.
സംഗീതമല്ലാത്ത പക്ഷം രഞ്ജിനി ജോസ് എന്താകുമായിരുന്നു?
എനിക്ക് അതറിയില്ല. ഞാൻ ജനിക്കും മുമ്പ് തന്നെ പാട്ട് പാടുന്ന മകൾ എന്‍റെ അച്‌ഛന്‍റെ സ്വപ്നം ആയിരുന്നു. ഞാൻ ആ സ്വപ്നത്തിൽ ജീവിച്ചുകൊണ്ടിരിക്കുകയാണ്.
പ്രിയപ്പെട്ട ഓണക്കാഴ്ച എന്താണ്?
ഓണം എന്നത് എനിക്ക് കേരളം തന്നെയാണ്. വീട്ടിലിരുന്ന് ആഘോഷിക്കാൻ കഴിയാറില്ലെങ്കിലും ഓണത്തിന്‍റെ പ്രത്യേകത കുറഞ്ഞിട്ടില്ല. ഏറ്റവും മികച്ച ഓർമ്മകൾ മാതാപിതാക്കളോടൊപ്പമുള്ളതാണ്. സാരി ധരിച്ചു പൂക്കളം ഉണ്ടാക്കൽ, പായസം, പപ്പടം ഉൾപ്പെടെ സദ്യ കഴിക്കൽ. എനിക്ക് ഇഷ്ടപ്പെട്ട വിഭവങ്ങൾ കൂട്ടുകറിയും പൈനാപ്പിൾ പച്ചടിയും ആണ്.