ലളിതമായ ഭാഷയിൽ പറഞ്ഞാൽ താനൊരു പുരുഷനാണെന്നും അതിനാൽ തന്‍റെ മുന്നിലുള്ള സ്ത്രീയേക്കാൾ മികച്ച അറിവും ബോധവും തനിക്ക് ഉണ്ടെന്നും കാണിക്കുന്ന പുരുഷസഹജമായ സ്വഭാവമാണ് മാൻസ്പ്ലെയ്നിംഗ് എന്നത്. അടുത്ത കാലത്തായി ദൈനംദിന ജീവിതത്തിൽ നാം ഏറ്റവും പരിചയിച്ചു വന്ന വാക്കാണ് മാൻസ്പ്ലെയ്നിംഗ്. മാൻ, എക്സപ്ലെയിനിംഗ് എന്നീ രണ്ട് ഇംഗ്ലീഷ് പദങ്ങളുടെ സംയുക്‌ത രൂപമാണിത്.
ഉദാഹരണത്തിന് രാഷ്ട്രീയമോ സാമ്പത്തികമോ സാമൂഹികമോ ആയ വിഷയങ്ങളിൽ ഓഫീസിൽ സ്ത്രീകൾ സ്വന്തം അഭിപ്രായം പ്രകടിപ്പിക്കുമ്പോഴോ കാഴ്ചപ്പാടുകൾ വ്യക്തമാക്കാൻ ശ്രമിക്കുമ്പോഴോ മുന്നിലിരിക്കുന്ന പുരുഷ സഹപ്രവർത്തകൻ അതിൽ ഇടപ്പെടുകയും “നിങ്ങളുടെ പ്രസ്താവന അത്ര വ്യക്തമല്ല” എന്ന് പ്രസ്‌താവിക്കുകയും താനത് കൂടുതൽ വ്യക്‌തതയോടെ വിശദീകരിക്കാമെന്ന് പറയുകയും ചെയ്യുന്ന രീതി. അതായത് താനൊരു പുരുഷനും മറുവശത്തുള്ള ആൾ ഒരു സ്ത്രീയും ആയതിനാൽ കാര്യങ്ങളെക്കുറിച്ച് ആ സ്ത്രീയേക്കാൾ തനിക്ക് മികച്ച ധാരണയുണ്ടെന്ന് അയാൾ സ്വയം വിശ്വസിക്കുന്നു.
ഇത്തരം അനുഭവങ്ങൾ ഓഫീസിൽ ചില സ്ത്രീകൾക്ക് നേരിടേണ്ടി വരാറുണ്ട്. സ്ത്രീ സഹപ്രവർത്തകയുടെ വാക്കുകൾ ശരിയായി കേൾക്കാതെ അത് പഴഞ്ചൻ ആശയമാണെന്ന് പറഞ്ഞുതള്ളുന്ന പുരുഷ സഹപ്രവർത്തകർ മിക്ക ഓഫീസുകളിലും ഉണ്ടാകും. അതായത് ഒരു സ്ത്രീയുടെ വാക്കുകളെയോ അഭിപ്രായങ്ങളെയോ അവഗണിച്ചുകൊണ്ട് സ്വയം ശരിയും മികച്ചതുമാണെന്ന് തെളിയിക്കാൻ ശ്രമിക്കുകയാണ് മാൻസ്പ്ലെയ്നിംഗിലൂടെ ചെയ്യുന്നത്. അതുപോലെ അടുത്തിരിക്കുന്ന പുരുഷൻ സ്ത്രീയുടെ സംഭാഷണം തടസ്സപ്പെടുത്തുകയും ഉച്ചത്തിലുള്ള സംസാരത്തിലൂടെ സ്വന്തം കാഴ്ചപ്പാടുകൾ അവർക്കു മേൽ അടിച്ചേൽപ്പിക്കുകയോ ചെയ്‌തെന്നും വരാം.
ഓഫീസുകളിൽ മാത്രമല്ല വീടുകളിലും ഇത് സർവ്വ സാധാരണമായി നടക്കുന്ന ഒന്നാണ്. മിക്ക വീടുകളിലും അച്ഛനോ ഭർത്താവോ സഹോദരനോ സ്വന്തം കാഴ്‌ചപ്പാടുകൾ മുന്നോട്ട് വയ്ക്കുന്നത് തങ്ങൾക്ക് എല്ലാം അറിയാമെന്നും സ്ത്രീകൾക്ക് കൃത്യമായി ഒന്നും അറിയില്ല എന്നുമുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ്. എന്നാലോ, എല്ലാ വിഷയങ്ങളിലും ഇതേ പുരുഷന് പൂർണ്ണവും കൃത്യവുമായ അഭിപ്രായങ്ങൾ ഉണ്ടാകണമെന്നുമില്ല. പ്രത്യേകിച്ച് സ്ത്രീ ജീവിതാനുഭവങ്ങളെക്കുറിച്ച്. എന്നാൽ അത്തരം വിഷയങ്ങളിൽ പോലും പുരുഷന്മാർ പലപ്പോഴും സ്ത്രീകളെ തടസ്സപ്പെടുത്താൻ മുതിർന്നെന്നു വരാം. മാത്രവുമല്ല അതിന്‍റെ പേരിൽ അവരെ വിമർശിക്കുകയും ചെയ്യും. ഒരു സ്ത്രീയേയും അംഗീകരിക്കാൻ താൽപര്യം കാട്ടാത്ത ഒരു യാഥാർഥ്യമാണ് മാൻസ്പ്ലെയ്നിംഗ്.
മറ്റൊന്ന്, മുന്നിൽ ഇരിക്കുന്ന സ്ത്രീക്ക് തന്നെക്കാൾ കൂടുതൽ അറിവും ബോധവും ഉണ്ടെന്ന് അറിയുമ്പോൾ പരിഭ്രാന്തരാകുകയും അരക്ഷിതാവസ്‌ഥ അനുഭവിക്കുകയും ചെയ്യുന്ന നിരവധി പുരുഷന്മാരുമുണ്ട് എന്ന ഒരു മറുവശവുമുണ്ട് ഇതിന്. അതോടെ അവരുടെ “ഈഗോ” ആധിപത്യം സ്ഥാപിക്കാൻ തുടങ്ങുന്നു. അതിനാൽ സ്വന്തം ഈഗോയെ തൃപ്തിപ്പെടുത്താനായി മാൻസ്പ്ലെയ്നിംഗിനെ അവർ കൂട്ടുപ്പിടിക്കുന്ന സാഹചര്യവുമുണ്ട്.
എന്താണ് മാൻസ്പ്ലെയ്നിംഗ്?
പുരുഷമേധാവിത്വ സമൂഹത്തിന്‍റെ യാഥാർത്ഥ്യമാണ് മാൻസ്പ്ലെയ്നിംഗ്. ഇത് പരമ്പരാഗതമായി തുടർന്നു പോരുന്ന ഒന്നാണ്. പുരുഷന്മാർ സ്വയം ശ്രേഷ്ഠരായി കണക്കാക്കുകയും സ്ത്രീകളെ ഇകഴ്ത്തി സംസാരിക്കുകയും ചെയ്യുന്ന ഒരു തരം വിലകുറഞ്ഞ പ്രവണത. കൂടുതൽ വിശദമായി പറഞ്ഞാൽ മെറിയം ആന്‍റ് വെബ്‌സ്റ്റർ നിഘണ്ടു പ്രകാരം ഏത് വിഷയമായാലും സ്ത്രീയ്ക്ക് ആ വിഷയത്തിൽ യാതൊരു അറിവും ഇല്ലെന്ന മട്ടിൽ എന്തെങ്കിലുമൊക്കെ വിശദീകരിക്കുന്ന പുരുഷന്‍റെ പ്രവൃത്തിയാണ് മാൻസ്പ്ലെയ്നിംഗ്.
ഉദാ: നിങ്ങൾ ഒരു മീറ്റിംഗിലാണെന്ന് സങ്കൽപ്പിക്കുക. പുരുഷ സഹപ്രവർത്തകൻ നിങ്ങളെ തടസ്സപ്പെടുത്തുകയും നിങ്ങൾ പറയുന്നതിനെ ഖണ്ഡിച്ചു കൊണ്ട് സ്വയം സംസാരിച്ചു തുടങ്ങുകയും ചെയ്യും. കാര്യങ്ങളെക്കുറിച്ച് കൂടെയുള്ള വനിതകളേക്കാൾ മികച്ച ധാരണയുണ്ടെന്ന് അവർ വ്യക്തമാക്കും. അത്തരമൊരു സാഹചര്യത്തിൽ സ്ത്രീയുടെ മാനസികാവസ്‌ഥ എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. അതുപോലെ ഓഫീസ് മീറ്റിംഗുകളിൽ പുരുഷ സഹപ്രവർത്തകരിൽ നിന്ന് അത്തരക്കാർ ഇൻപുട്ട് തേടുമെന്നതാണ് മറ്റൊരു പ്രത്യേകത. എന്നാൽ സഹപ്രവർത്തകരായ സ്ത്രീകളിൽ നിന്നും യാതൊരു അഭിപ്രായവും ആരായുകയുമില്ല.
അതേ സമയം, ഇതെപ്പറ്റി പിന്നീട് കൂടുതൽ വിശദമായി സംസാരിക്കാമെന്ന് പുരുഷ സഹപ്രവർത്തകർ വനിതാ ജീവനക്കാരോട് പറയുന്നതും പതിവാണ്. “നിങ്ങൾക്ക് ഒന്നും അറിയില്ല. ഇത് അൽപ്പം സങ്കീർണ്ണമായ പ്രശ്നമാണ് അതിനാൽ വിശദമായി പറഞ്ഞു മനസ്സിലാക്കി തരാം.” എന്നൊക്കെയുള്ള വിശദീകരണങ്ങൾ അവരുടെ ഭാഗത്ത് നിന്നുണ്ടാകാം.
പുരുഷന്മാരുടെ ഇത്തരത്തിലുള്ള പെരുമാറ്റം സ്ത്രീകളുടെ ആത്മാഭിമാനത്തെ തന്നെ വ്രണപ്പെടുത്തുമെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. യഥാർത്ഥത്തിൽ നമ്മുടെ പുരുഷാധിപത്യ സമൂഹത്തിൽ ഒരു സ്ത്രീയ്ക്ക് ഇത്തരം അനുഭവങ്ങൾ ഉണ്ടാകുന്നത് സാധാരണമാണ്. ജീവിതത്തിന്‍റെ ഓരോ ചുവടുവയ്‌പിലും അവൾക്ക് അത്തരം സാഹചര്യങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്നു.
പ്രത്യേകിച്ച് ജോലിസ്ഥലത്ത് പുരുഷ സഹപ്രവർത്തകർ പലപ്പോഴും സ്ത്രീകളോട് ഇത്തരത്തിലുള്ള മനോഭാവം വച്ചുപുലർത്തി കാണാറുണ്ട്. വീട്ടിൽ നമ്മുടെ അടുത്ത ബന്ധുക്കളിൽ നിന്നു പോലും ഇത്തരം സമീപനം ഉണ്ടാകാം. സ്ത്രീകളുടെ ആത്മാഭിമാനത്തെയും കരിയറിനെയും ഈ പെരുമാറ്റം ബാധിക്കുമെന്നത് ഉറപ്പാണ്.
സ്ത്രീകളുടെ കരിയറിനെ ബാധിക്കും
ഫോർച്യൂണിൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിൽ പറയുന്നത് ഹ്രസ്വകാലത്തേക്ക് പോലും മാൻസ്പ്ലെയ്നിംഗ് ചെയ്യുന്നത് വനിതാ ജീവനക്കാരെ അപമാനിക്കുന്നതിന് തുല്യമാണെന്നാണ് പറയുന്നത്. എന്നാൽ ദീർഘകാലടിസ്ഥാനത്തിലാണെങ്കിൽ സ്ത്രീകളുടെ കരിയറിനെ അത് സാരമായി ബാധിക്കും. ഒരു സ്ത്രീയാണെന്ന കാരണത്താൽ പുരുഷന്മാർ സ്ത്രീയുടെ പ്രതികരണത്തെ തടസ്സപ്പെടുത്തുന്നത് തികച്ചും അപമാനകരമാണ്. കാലിഫോർണിയ സർവകലാശാലയിലെ സാന്താ ബാർബറ നടത്തിയ പഠനത്തിൽ മിക്‌സഡ് ജെൻഡർ സംഭാഷണത്തിൽ 48-ൽ 47-ഉം സ്ത്രീപുരുഷന്മാർ സ്ത്രീകളുടെ അഭിപ്രായ പ്രകടനത്തെ തടസ്സപ്പെടുത്തുന്നതായി കണ്ടെത്തി.
ഒരു സ്ത്രീയ്ക്ക് പുരുഷന്മാർ തടസ്സപ്പെടുത്താനുള്ള സാധ്യത 3 മടങ്ങ് കൂടുതലാണെന്നാണ് മറ്റൊരു ഗവേഷണം വെളിപ്പെടുത്തുന്നത്. മീറ്റിംഗുകളിൽ പുരുഷന്മാർ പലപ്പോഴും സ്ത്രീയ്ക്ക് മേൽ ആധിപത്യ മനോഭാവം പുലർത്തുകയും ആക്രമണകാരിയായി പെരുമാറുകയും ചെയ്യുമെന്നാണ് ഇതേ പഠനം ചൂണ്ടിക്കാട്ടുന്നത്.
ജോലിസ്‌ഥലത്ത് സ്ത്രീകൾക്ക് മാൻസ്പ്ലെയ്നിംഗിനൊപ്പം ഹെപ്റ്റിംഗ് (ഒരു സ്ത്രീ ആദ്യം നിർദ്ദേശിച്ച ആശയം ഒരു പുരുഷൻ പിന്നീട് ആവർത്തിക്കുന്ന പ്രവണത) പോലുള്ള പ്രശ്‌നങ്ങളും അഭിമുഖീകരിക്കേണ്ടി വരുന്നുണ്ട്. അത്തരം നിഷേധാത്മക സ്വഭാവം ഏതു മേഖലയിലായാലും ഇല്ലാതാക്കാൻ ശ്രമിക്കേണ്ടത് വളരെ പ്രധാനമാണ്. അല്ലാത്തപക്ഷം അത്തരം പെരുമാറ്റം ദീർഘകാലാടിസ്ഥാനത്തിൽ സ്ത്രീകളുടെ കരിയറിനെ സാരമായി ബാധിച്ചേക്കാം. സ്ത്രീകളുടെ കാഴ്ചപ്പാടുകളെ തള്ളിക്കളയുന്നത് വ്യക്തിഗത ഇടപെടലുകൾക്കപ്പുറത്തേക്ക് വ്യാപിക്കുകയും ചെയ്യും. ഔദ്യോഗിക മീറ്റിംഗുകളിൽ സ്ത്രീകളുടെ ആശയങ്ങൾ അവഗണിക്കപ്പെടാം. അവരുടെ സംഭാവനകൾ വിലമതിക്കപ്പെടില്ല. ഒപ്പം കരിയർ പുരോഗതി തടസ്സപ്പെടും എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ വേറെയു മുണ്ട്.
തൊഴിലിടങ്ങളിലെ സ്ത്രീകളുടെ ജോലിയെ ഈ സ്വഭാവം പല തലങ്ങളിലായി ബാധിക്കുന്നതായി മിഷിഗൺ-കൊളറാഡോ യൂണിവേഴ്‌സിറ്റികളിൽ നടത്തിയ പഠനങ്ങൾ പറയുന്നു. ഇത്തരത്തിലുള്ള തുടർച്ചയായ പെരുമാറ്റം സ്വയം അവലോകനം നടത്തുന്നതിന് സ്ത്രീകളെ പ്രേരിപ്പിക്കും. തങ്ങൾ യോഗ്യരല്ലെന്ന തോന്നൽ അവരിൽ ജനിപ്പിച്ചേക്കാം. ഇക്കാരണത്താൽ മത്സരങ്ങളിലും ധന സമ്പാദനത്തിലും അവർ പിന്നോക്കം പോയെന്നും വരാം.
ഇത്തരത്തിലുള്ള പെരുമാറ്റത്തിന് പിന്നിലെ കാരണം എന്ത് തന്നെയായാലും ചില കാര്യങ്ങളിൽ തങ്ങൾക്ക് വേണ്ട അറിയും അവബോധവും ഉണ്ടായിരിക്കുകയില്ലെന്ന തിരിച്ചറിവ് പുരഷന്മാരിൽ ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. സ്ത്രീകൾക്ക് സംസാരിക്കാൻ അവസരം നൽകണമെന്ന തിരിച്ചറിവ് അവർ പഠിക്കേണ്ടിവരും. ചുറ്റും ഇരിക്കുന്ന സ്ത്രീകളെ തടസ്സപ്പെടുത്താതെ പുരുഷൻ കേൾവിക്കാരനാകേണ്ടതുണ്ട്.
പരമ്പരാഗതമായ കാഴ്ച്ചപ്പാട്
ഒരു പ്രത്യേക വ്യക്തി അല്ലെങ്കിൽ പുരുഷൻ ബോധപൂർവ്വം മാൻസ്പ്ലെയ്നിംഗ് ചെയ്യുന്നുവെന്നല്ല ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. പുരുഷന്മാരെ ശ്രേഷ്‌ഠരായി കണക്കാക്കുന്ന പരമ്പരാഗത ചിന്തയുള്ള സാമൂഹ്യാന്തരീക്ഷത്തിലും ചുറ്റുപാടിലും ജീവിക്കുന്നതിനാൽ ഇത്തരം പ്രവണത ചെറിയ പ്രായം തുടങ്ങി ആൺകുട്ടികളിൽ സമൂഹം അറിഞ്ഞോ അറിയാതെയോ വളർത്തിയെടുക്കുന്നുണ്ട്.
അത്തരത്തിൽ വ്യവസ്ഥാപിതമായ സാഹചര്യം പണ്ടുതൊട്ടേ സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. സുപ്രീം പരമാധികാരിയായി പുരുഷൻ പ്രവർത്തിക്കണമെന്ന് ചുരുക്കം. നല്ല ഭക്ഷണമായാലും നല്ല വിദ്യാഭ്യാസമായാലും അത് പുരുഷന് നൽകി കഴിഞ്ഞേ സ്ത്രീയ്ക്ക് ലഭിക്കൂ. പുരുഷന്‍റെയുള്ളിൽ ഈഗോ രൂപപ്പെടാൻ സമൂഹം കൽപിച്ച് നൽകിയിട്ടുള്ള ഇത്തരം പ്രിവിലേജുകൾ നല്ല അളവിൽ മാൻസ്പ്ലെയ്‌നിംഗിന് കാരണമാകുന്നുണ്ട്.
തങ്ങൾക്ക് മുന്നിലുള്ള സ്ത്രീ എല്ലാ കാര്യത്തിലും താഴ്ന്നവളാണെന്ന് ചിന്തിക്കുന്നതിന് ഇത്തരം പ്രിവിലേജുകൾ അവരെ പ്രേരിപ്പിക്കുന്നു. പുരുഷാധിപത്യ ചിന്തകൾ എവിടെയെക്കയോ മതവുമായും ബന്ധപ്പെട്ടിരിക്കുന്നു. മിക്ക മതഗ്രന്ഥങ്ങളും പുരുഷന്മാർക്ക് പരമോന്നത സ്‌ഥാനം നൽകിയിട്ടുണ്ട്.
ഈ പ്രശ്നം എങ്ങനെ ഒഴിവാക്കാം
ഒന്നാമതായി ഇത്തരം അസമത്വം സംഭവിക്കുമ്പോൾ സ്ത്രീകൾ തങ്ങൾക്കുവേണ്ടി നിലകൊള്ളേണ്ടത് പ്രധാനമാണ്. അമേരിക്കൻ വൈസ് പ്രസിഡന്‍റ് കമലാ ഹാരിസ് കുറച്ചുനാൾ മുമ്പ് മുൻ പ്രസിഡന്‍റ് പെൻസുമായി സംസാരിച്ചത് പോലെ “മിസ്റ്റർ വൈസ് പ്രസിഡന്‍റ് ഞാൻ സംസാരിക്കുന്നു.” എന്ന് സെനറ്റർ കമലാ ഹാരിസിന് ഒരവസരത്തിൽ പെൻസിനോട് പറയേണ്ടി വന്നു. വൈസ് പ്രസിഡന്‍റ് പെൻസ് അത് കാര്യമാക്കാതെ സംസാരം തുടർന്നപ്പോൾ പുഞ്ചിരിച്ചുകൊണ്ട് ഞാൻ സംസാരിക്കുന്നു എന്ന് ഒരിക്കൽ കൂടി കമല ആവർത്തിക്കുകയായിരുന്നു.
വാസ്തവത്തിൽ അത്തരമൊരു സാഹചര്യത്തിൽ ഒരു വ്യക്തി അധിപത്യമനോഭാവത്തോടെ സംസാരിക്കുമ്പോൾ മറ്റേയാൾ അത് മനസ്സിലാക്കി അയാളെ ബോധിപ്പിക്കുകയാണ് വേണ്ടത്. സ്വന്തം പെരുമാറ്റം തിരിച്ചറിയാൻ ഇത്തരം ഇടപെടലുകൾ ആ വ്യക്തിയെ സഹായിക്കുന്നു.
സ്വന്തം നിലപാടിനായി നിലകൊള്ളുന്നത് വ്യക്തിയുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കും. നിങ്ങൾ സ്വയം ബഹുമാനിക്കുന്നുവെന്നും അനാവശ്യമായ ഇടപെടലുകളോ മോശം പെരുമാറ്റമോ സ്വീകരിക്കില്ലെന്നും മറ്റുള്ളവർക്ക് സൂചന നൽകാം. ഓഫീസിലെ നിങ്ങളുടെ ഇടം പുരുഷ സഹപ്രവർത്തകൻ അതിക്രമിച്ച് ഏറ്റെടുക്കുന്നുവെന്ന് തോന്നുമ്പോഴെല്ലാം ഉറക്കെ സംസാരിക്കേണ്ടത് വളരെ പ്രധാനമാണ്. അവിടെ നിശബ്ദതയ്ക്ക് സ്‌ഥാനമില്ല.
ആത്മവിശ്വാസം നിലനിർത്തുക
ഒരു വിഷയത്തിന്‍റെ വിവിധ വശങ്ങളെക്കുറിച്ച് സൂക്ഷ്‌മമായ അറിവും ധാരണയും ഉണ്ടായിരിക്കെ നിങ്ങളുടെ അറിവ് എല്ലാവരുമായും പങ്കിടാൻ കഴിയാതെ വരുന്നതിലൂടെ നിങ്ങളുടെ കഴിവുകളെക്കുറിച്ച് ചുറ്റുമുള്ളവർ പ്രത്യേകിച്ച് മേലുദ്യോഗസ്‌ഥൻ എങ്ങനെയാണ് മനസിലാക്കുക? അതിനാൽ സംസാരിച്ചുകൊണ്ടേയിരിക്കുക. മാൻസ്പ്ലെയ്നിംഗ് എന്നത് ജോലി സ്‌ഥലത്തെ ഒരു സാധാരണ സ്വഭാവമാണ്. അതിനാൽ ഓഫീസിൽ ഈ പ്രശ്നം അഭിമുഖീകരിക്കുമ്പോഴേല്ലാം ഈ വിഷയം തനിക്ക് പരിചിതമാണെന്ന് പറഞ്ഞു കൊണ്ട് മാന്യമായി ഇടപെടുക അല്ലെങ്കിൽ സ്വന്തം പോയിന്‍റ് അവതരിപ്പിച്ചതിന് ശേഷം മറ്റുള്ളവർ പറയുന്നതിനായി കാതോർക്കാം.
കോൾ ഔട്ട്
തങ്ങൾ മാൻസ്പ്ലെയ്‌നിംഗ് ചെയ്യുന്നുവെന്ന് മിക്കപ്പോഴും പുരുഷന്മാർ തിരിച്ചറിയുന്നില്ലെന്നാണ് ഫോബ്സിൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് പറയുന്നത്. അയാൾ- അവൾ ഇത്തരത്തിൽ തടസ്സപ്പെടുത്തുന്നത് പൊതുമര്യാദയ്ക്ക് വിരുദ്ധമാണെന്ന് തുറന്നു വ്യക്തമാക്കാം. വൈവിധ്യമാർന്ന കാഴ്‌ചപ്പാടുകളെ അടിച്ചമർത്തുന്നതിലൂടെയും സ്ത്രീകളുടെ കഴിവുകളുടെ പൂർണ്ണമായ ഉപയോഗം തടയുന്നതിലൂടെയും ഇത് നവീകരണത്തെ തടസ്സപ്പെടുത്തുന്നു. സ്ത്രീകൾ വ്യവസ്‌ഥാപിതമായി പിന്നോക്കം നിൽക്കുന്നതും അവരുടെ കഴിവുകൾ യഥാർത്ഥ്യമാകാത്തതും അസമത്വത്തിന്‍റെ ഒരു അന്തരീക്ഷത്തിനു കാരണമാകും. പുരുഷവാദങ്ങൾ അതിന്‍റെ ആഘാതം, ലിംഗ അസമത്വം എന്നിവയെക്കുറിച്ച് ആളുകളെ ബോധവൽക്കരിക്കുക. സ്ത്രീ ശബ്ദത്തിന്‍റെ മൂല്യത്തകർച്ചയ്ക്ക് കാരണമാകുന്ന ലിംഗപരമായ സ്റ്റീരിയോ ടൈപ്പുകളെ സജീവമായി വെല്ലുവിളിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.
ജോലിസ്‌ഥലങ്ങളിലും സ്‌കൂളുകളിലും കൂട്ടായ്‌മകളിലും സ്ത്രീകൾക്ക് സുരക്ഷിതത്വം ഉണ്ടാവുകയും അവരുടെ ആശയങ്ങളും കാഴ്ചപ്പാടുകളും പങ്കിടാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരു അന്തരീക്ഷം വളർത്തിയെടുക്കുക എന്നതാണ് പരമപ്രധാനം.