ലളിതമായ ഭാഷയിൽ പറഞ്ഞാൽ താനൊരു പുരുഷനാണെന്നും അതിനാൽ തന്‍റെ മുന്നിലുള്ള സ്ത്രീയേക്കാൾ മികച്ച അറിവും ബോധവും തനിക്ക് ഉണ്ടെന്നും കാണിക്കുന്ന പുരുഷസഹജമായ സ്വഭാവമാണ് മാൻസ്പ്ലെയ്നിംഗ് എന്നത്. അടുത്ത കാലത്തായി ദൈനംദിന ജീവിതത്തിൽ നാം ഏറ്റവും പരിചയിച്ചു വന്ന വാക്കാണ് മാൻസ്പ്ലെയ്നിംഗ്. മാൻ, എക്സപ്ലെയിനിംഗ് എന്നീ രണ്ട് ഇംഗ്ലീഷ് പദങ്ങളുടെ സംയുക്‌ത രൂപമാണിത്.
ഉദാഹരണത്തിന് രാഷ്ട്രീയമോ സാമ്പത്തികമോ സാമൂഹികമോ ആയ വിഷയങ്ങളിൽ ഓഫീസിൽ സ്ത്രീകൾ സ്വന്തം അഭിപ്രായം പ്രകടിപ്പിക്കുമ്പോഴോ കാഴ്ചപ്പാടുകൾ വ്യക്തമാക്കാൻ ശ്രമിക്കുമ്പോഴോ മുന്നിലിരിക്കുന്ന പുരുഷ സഹപ്രവർത്തകൻ അതിൽ ഇടപ്പെടുകയും “നിങ്ങളുടെ പ്രസ്താവന അത്ര വ്യക്തമല്ല" എന്ന് പ്രസ്‌താവിക്കുകയും താനത് കൂടുതൽ വ്യക്‌തതയോടെ വിശദീകരിക്കാമെന്ന് പറയുകയും ചെയ്യുന്ന രീതി. അതായത് താനൊരു പുരുഷനും മറുവശത്തുള്ള ആൾ ഒരു സ്ത്രീയും ആയതിനാൽ കാര്യങ്ങളെക്കുറിച്ച് ആ സ്ത്രീയേക്കാൾ തനിക്ക് മികച്ച ധാരണയുണ്ടെന്ന് അയാൾ സ്വയം വിശ്വസിക്കുന്നു.
ഇത്തരം അനുഭവങ്ങൾ ഓഫീസിൽ ചില സ്ത്രീകൾക്ക് നേരിടേണ്ടി വരാറുണ്ട്. സ്ത്രീ സഹപ്രവർത്തകയുടെ വാക്കുകൾ ശരിയായി കേൾക്കാതെ അത് പഴഞ്ചൻ ആശയമാണെന്ന് പറഞ്ഞുതള്ളുന്ന പുരുഷ സഹപ്രവർത്തകർ മിക്ക ഓഫീസുകളിലും ഉണ്ടാകും. അതായത് ഒരു സ്ത്രീയുടെ വാക്കുകളെയോ അഭിപ്രായങ്ങളെയോ അവഗണിച്ചുകൊണ്ട് സ്വയം ശരിയും മികച്ചതുമാണെന്ന് തെളിയിക്കാൻ ശ്രമിക്കുകയാണ് മാൻസ്പ്ലെയ്നിംഗിലൂടെ ചെയ്യുന്നത്. അതുപോലെ അടുത്തിരിക്കുന്ന പുരുഷൻ സ്ത്രീയുടെ സംഭാഷണം തടസ്സപ്പെടുത്തുകയും ഉച്ചത്തിലുള്ള സംസാരത്തിലൂടെ സ്വന്തം കാഴ്ചപ്പാടുകൾ അവർക്കു മേൽ അടിച്ചേൽപ്പിക്കുകയോ ചെയ്‌തെന്നും വരാം.
ഓഫീസുകളിൽ മാത്രമല്ല വീടുകളിലും ഇത് സർവ്വ സാധാരണമായി നടക്കുന്ന ഒന്നാണ്. മിക്ക വീടുകളിലും അച്ഛനോ ഭർത്താവോ സഹോദരനോ സ്വന്തം കാഴ്‌ചപ്പാടുകൾ മുന്നോട്ട് വയ്ക്കുന്നത് തങ്ങൾക്ക് എല്ലാം അറിയാമെന്നും സ്ത്രീകൾക്ക് കൃത്യമായി ഒന്നും അറിയില്ല എന്നുമുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ്. എന്നാലോ, എല്ലാ വിഷയങ്ങളിലും ഇതേ പുരുഷന് പൂർണ്ണവും കൃത്യവുമായ അഭിപ്രായങ്ങൾ ഉണ്ടാകണമെന്നുമില്ല. പ്രത്യേകിച്ച് സ്ത്രീ ജീവിതാനുഭവങ്ങളെക്കുറിച്ച്. എന്നാൽ അത്തരം വിഷയങ്ങളിൽ പോലും പുരുഷന്മാർ പലപ്പോഴും സ്ത്രീകളെ തടസ്സപ്പെടുത്താൻ മുതിർന്നെന്നു വരാം. മാത്രവുമല്ല അതിന്‍റെ പേരിൽ അവരെ വിമർശിക്കുകയും ചെയ്യും. ഒരു സ്ത്രീയേയും അംഗീകരിക്കാൻ താൽപര്യം കാട്ടാത്ത ഒരു യാഥാർഥ്യമാണ് മാൻസ്പ്ലെയ്നിംഗ്.
മറ്റൊന്ന്, മുന്നിൽ ഇരിക്കുന്ന സ്ത്രീക്ക് തന്നെക്കാൾ കൂടുതൽ അറിവും ബോധവും ഉണ്ടെന്ന് അറിയുമ്പോൾ പരിഭ്രാന്തരാകുകയും അരക്ഷിതാവസ്‌ഥ അനുഭവിക്കുകയും ചെയ്യുന്ന നിരവധി പുരുഷന്മാരുമുണ്ട് എന്ന ഒരു മറുവശവുമുണ്ട് ഇതിന്. അതോടെ അവരുടെ "ഈഗോ" ആധിപത്യം സ്ഥാപിക്കാൻ തുടങ്ങുന്നു. അതിനാൽ സ്വന്തം ഈഗോയെ തൃപ്തിപ്പെടുത്താനായി മാൻസ്പ്ലെയ്നിംഗിനെ അവർ കൂട്ടുപ്പിടിക്കുന്ന സാഹചര്യവുമുണ്ട്.
എന്താണ് മാൻസ്പ്ലെയ്നിംഗ്?
പുരുഷമേധാവിത്വ സമൂഹത്തിന്‍റെ യാഥാർത്ഥ്യമാണ് മാൻസ്പ്ലെയ്നിംഗ്. ഇത് പരമ്പരാഗതമായി തുടർന്നു പോരുന്ന ഒന്നാണ്. പുരുഷന്മാർ സ്വയം ശ്രേഷ്ഠരായി കണക്കാക്കുകയും സ്ത്രീകളെ ഇകഴ്ത്തി സംസാരിക്കുകയും ചെയ്യുന്ന ഒരു തരം വിലകുറഞ്ഞ പ്രവണത. കൂടുതൽ വിശദമായി പറഞ്ഞാൽ മെറിയം ആന്‍റ് വെബ്‌സ്റ്റർ നിഘണ്ടു പ്രകാരം ഏത് വിഷയമായാലും സ്ത്രീയ്ക്ക് ആ വിഷയത്തിൽ യാതൊരു അറിവും ഇല്ലെന്ന മട്ടിൽ എന്തെങ്കിലുമൊക്കെ വിശദീകരിക്കുന്ന പുരുഷന്‍റെ പ്രവൃത്തിയാണ് മാൻസ്പ്ലെയ്നിംഗ്.