ഇത്തവണയും ലീവിൽ വരുമ്പോൾ ഒരേയൊരു ലക്ഷ്യമേ മനസ്സിലുണ്ടായിരുന്നുള്ളു. മുൻവർഷങ്ങളിലെപോലെ പെണ്ണുകാണുക. കഴിഞ്ഞ രണ്ടു വർഷങ്ങളിലെ ആനുവൽ ലീവും പെണ്ണുകാണലിൽ മാത്രമായി ഒതുങ്ങിപ്പോയി.
ഈ വരവും അങ്ങനെതന്നെ ആയിത്തീരുമോ എന്ന് നിഥിനോട് സ്വന്തം മനസ്സുതന്നെ ചോദിച്ചുകൊണ്ടേയിരുന്നു. തന്റെ മനസ്സിന് ശക്തമായ ഒരു മറുപടി കൊടുക്കാൻ കഴിയാത്തതിന്റെ മനോവേദന അവനെ ആകുലനാക്കി.
തന്നെ സ്വീകരിക്കാൻ എയർപോർട്ടിലേക്ക് ആരും വരണ്ട എന്ന് നേരത്തെ തന്നെ വീട്ടിലേക്ക് അറിയിച്ചിരുന്നതിനാൽ ആരെയും പ്രതീക്ഷിച്ചില്ല. എമിഗ്രേഷൻ കഴിഞ്ഞ് ലഗേജ് എടുത്ത് എയർപോർട്ടിൽ നിന്നും പുറത്ത് കടക്കുന്നതിനു മുമ്പ് ടാക്സി കൗണ്ടറിൽ ചെന്ന് പണം അടച്ച് ടോക്കൺ വാങ്ങിയാണ് പുറത്ത് കടന്നത്.
മകരത്തിലെ മരം കോച്ചുന്ന തണുപ്പ് അനുഭവപ്പെട്ടില്ലെങ്കിലും നേരിയ കുളിർമ്മ മനസ്സിനെയും ശരീരത്തെയും തലോടികൊണ്ടിരുന്നു.
ഗെയ്റ്റിൽ തനിക്കു വേണ്ടി വന്നു നിന്ന ടാക്സിയുടെ നമ്പർ നോക്കി ഡിക്കിയിലേക്ക് ലഗേജ് കയറ്റി വെക്കുമ്പോൾ ഒതുക്കി വെക്കാൻ ഡ്രൈവറും ഒപ്പം നിന്നു. എയർപോർട്ട് പരിധിയിൽ നിന്നും പുറത്ത് കടന്ന് ഗ്രാമത്തിന്റെ ശാന്തയിലൂടെ വണ്ടി നീങ്ങുമ്പോൾ ഏസി ഓഫ് ചെയ്തത് ഗ്ലാസ്സ് താഴ്ത്തിതരുവാൻ നിഥിൻ ഡ്രൈവറോട് യാചി ച്ചു. ഡ്രൈവർ സുപരിചിതനല്ലാത്തതിനാൽ പങ്കുവെക്കാൻ വിഷയ ദൗർലഭ്യം നേരിട്ടു.
വണ്ടിയുടെ വിൻഡോ സ്ക്രീനിലൂടെ നോക്കെത്താ ദൂരത്തിലേക്ക് നോട്ടമെറിഞ്ഞ് പ്രകൃതിഭംഗി വീക്ഷിക്കുകയാണെന്ന വ്യാജേന അവനിരുന്നു. പുലർകാലമായതിനാൽ സൂര്യന് തിളക്കം കുറവായിരുന്നു. വികൃതമായി കിടന്ന വഴികൾ താണ്ടി തിരക്കുപിടിച്ച മെയിൻ റോഡിലേക്ക് വാഹനം കടന്നപ്പോൾ യാത്രയുടെ വേഗതയും താനേക്കൂടി. പിന്നിലേക്ക് പായുന്ന പ്രകൃതിയോടൊപ്പം പിന്നിൽ നിന്നും താൻ പെണ്ണുകാണാൻ നടന്ന ഓർമ്മകൾ മനസ്സിലേക്ക് ഓടി കയറി വരാനും തുടങ്ങി. മനസ്സിനും ജീവിതത്തിലും ഒത്തുചേരാൻ ബോഡി കെമിസ്ട്രിയിലൂടെ ശ്രദ്ധിച്ച് തന്റെ ജീവിതത്തിലേക്ക് ക്ഷണിക്കുമ്പോൾ അവരിൽ നിന്നും കിട്ടുന്ന നെഗറ്റീവ് മറുപടി തന്റെ ഉറക്കത്തെ ക്ഷീണിപ്പിക്കുന്നതായിരുന്നു.
ഒരിക്കൽ മീരചേച്ചിയുടെ (ചേട്ടന്റെ ഭാര്യ) ഇതിനെക്കുറിച്ച് ആരായുകയുണ്ടായി. “എന്തുകൊണ്ടാണ് നാട്ടിലുള്ള പെൺകുട്ടികൾ എന്നോടൊപ്പം കഴിയാൻ ഇഷ്ടമില്ലെന്ന് പറയുന്നത്?”
“പുതിയ തലമുറയിലെ പെൺകുട്ടികൾക്ക് നാട്ടിൽ ജോലിയുള്ള പയ്യന്മാരെയാണ് ഇഷ്ടം. അല്ലെങ്കിൽ യൂറോപ്പ്. ഗൾഫിന്റെ വിലയെല്ലാം പോയി. അത് പണ്ടായിരുന്നു.” മീര പറഞ്ഞു നിർത്തി.
മീര ചേച്ചിയുടെ വാക്കുകളെ ഉൾക്കൊള്ളാൻ വിഷമം തോന്നി. അവർ പറഞ്ഞത് സ്വന്തം അനുഭവത്തിൽ നിന്നാണെന്ന് മനസ്സിലായി.
ഏതാനും നിമിഷത്തെ മൗനത്തിനു ശേഷം അവൻ തുടർന്നു. “പെൺകുട്ടികളെ കൂടുതൽ പഠിപ്പിച്ചാൽ ഇങ്ങനെയാകുമല്ലേ?”
“നീ എന്താ അങ്ങനെ പറഞ്ഞത്?” സ്വന്തം വർഗ്ഗത്തെ അധിക്ഷേപിച്ചതിലുള്ള ധാർഷ്ഠ്യം ആ വാക്കുകളിൽ ഉണ്ടായിരുന്നു. അവരുടെ ശബ്ദം ലോപിച്ചിൽ നിന്നും ഉയർന്നു.
“നീ പോയി കണ്ട എല്ലാ പെൺകുട്ടികളെയും നിനക്ക് ഇഷ്ടമായോ? എത്ര പേരെ നീ ഇഷ്ടമായില്ല എന്ന് പറഞ്ഞു. അതുപോലെ അവർക്കും സ്വന്തം ഇണയെ തിരഞ്ഞെടുക്കാനുള്ള അവകാശമില്ലേ? അവരുടെ സ്വാതന്ത്ര്യത്തെ നീ നിഷേധിക്കുകയാണോ?”
തന്റെ മുഖത്തിനേറ്റ പ്രഹരമായി തോന്നി നിഥിന്. ചേച്ചിയുടെ വാക്കുകൾക്ക് അത്രമാത്രം തീവ്രതയുണ്ടായിരുന്നു. അൽപം കഴിഞ്ഞാണ് അതിലെ യഥാസിഥികത അവൻ മനസ്സിലാക്കിയത്.
ഈ വരവിൽ ഏതെങ്കിലും ഒന്ന് ഉറപ്പിക്കണം. അതിനായി തന്റെ മുൻതീരുമാനങ്ങളിൽ ചില വിട്ടുവീഴ്ചകൾ നടത്തിയിട്ടായിരുന്നു നാട്ടിലേക്കുള്ള യാത്ര.
ഏതാനും ആഴ്ചകൾക്കുമുമ്പ് വീട്ടിലേക്ക് വിളിച്ച് സംസാരിക്കുന്നതിനിടയിൽ അതു പറഞ്ഞിരുന്നു. “ഞങ്ങൾ ഒരു കുട്ടിയെ കണ്ടുവെച്ചിട്ടുണ്ട്. അടുത്തു തന്നെയാണ് വീട്. മേഘ, ഐടി ഫീൽഡ് ആണ്. ജോലിയുണ്ട്. ഞങ്ങൾക്കൊപ്പം മാമനും വലിയമ്മയും വന്നിരുന്നു. കുട്ടിക്ക് നല്ല ലുക്കും ബോഡിഷെയ്പ്പും ഉണ്ട്. എല്ലാവർക്കും നല്ല അഭിപ്രായം തന്നെയാണ് നിനക്കും ഇഷ്ടമാകും.”
അമ്മയുടെ വാക്കുകളിലെ ശുഭപ്രതീക്ഷയിലാണ് ഇന്നത്തെ യാത്ര. സ്വന്തം മനസ്സും ചില തിരുത്തിക്കുറിക്കലുകൾക്ക് വിധേയമാക്കപ്പെട്ടിരുന്നു.
പുറത്ത് ചാറ്റൽ മഴ തുടങ്ങി. തന്റെ ശരീരത്തെ തലോടി പോകുന്ന ഇളം കാറ്റിനും നനവ് തോന്നി. അമ്മ പറഞ്ഞ വാക്കുകൾ കുളിരോടെ മനസ്സിൽ നിറഞ്ഞു നിന്നു.
ആരോടും ഉരിയാടാൻ ഇല്ലാത്തതിനാൽ സ്വന്തം മനസ്സിനോടുതന്നെ സല്ലപിച്ചിരുന്നു. തന്നെ കൊണ്ടുപോകാൻ ആരും വരണ്ടയെന്ന് താൻ തന്നെയാണ് അച്ഛനോട് പറഞ്ഞത്. യാത്രയിൽ അവർക്കൊപ്പം ഇരുന്നാൽ വീട്ടിലെത്തുന്നതുവരെ അവരുടെ ഉപദേശമായിരിക്കും, കൊച്ചു കുട്ടിയെപോലെ എല്ലാം കേട്ടിരിക്കണം. ആ ഗതികേട് വേണ്ടല്ലോ എന്ന് കരുതിയാണ് ഒഴിവാക്കിയത്. താൻ ഇപ്പോഴും കൊച്ചുകുട്ടിയാണെന്നാണ് അവരുടെ കരുതൽ. പെണ്ണു കെട്ടിയാൽ പിന്നെ അവർക്ക് തന്റെ മേൽ ഉള്ള അവകാശം നഷ്ടപ്പെടുമെന്ന പേടിയും കാണും.
വീട്ടുമുറ്റത്ത് കാർ ചെന്നു നിന്നപ്പോൾ ആണ് നിഥിൻ ചിന്തയിൽ നിന്ന് ഉണർന്നത്. എയർപോർട്ടിൽ വെച്ചു തന്നെ ഡ്രൈവറുടെ ഫോണിലേക്ക് ഗൂഗിൾ മാപ്പ് അയച്ചുകൊടുത്ത കാര്യം അപ്പോൾ അവൻ ഓർത്തു. ഉമ്മറത്ത് ചാരുപടിയിൽ അച്ഛനും അമ്മയും ചേട്ടനും ചേച്ചിയും തന്നെയും പ്രതീക്ഷിച്ചിരുന്നിരുന്നു. വണ്ടിയിൽ നിന്നും ഇറങ്ങിയ മകനെ ആശ്ലേഷിക്കാൻ അച്ഛനും അമ്മയും മുറ്റത്തേക്കിറങ്ങി വന്നു. ഡ്രൈവർ ഡിക്കി തുറന്ന് ലഗേജുകൾ ഇറക്കി വെച്ചു. ഡിക്കി അടച്ച് വണ്ടി റിവേഴ്സ് എടുത്തു തിരിച്ചപ്പോൾ അച്ഛനും ചേട്ടനും പെട്ടികൾ അറ്റത്തേക്കുമാറ്റി. നിഥിൻ അമ്മയോട് ചേർന്ന് ചുറ്റുപാടുകൾ വീക്ഷിച്ചു കൊണ്ട് മുറ്റത്തു തന്നെ നിന്നു. താൻ മാറി നിന്ന സമയത്തുണ്ടായ മാറ്റങ്ങളിലേക്കാണ് അവൻ ശ്രദ്ധിച്ചത്.
പൂന്തോട്ടത്തിൽ ചെണ്ടുമല്ലിയും സീനിയയും ഡാലിയായും മെലസ്റ്റോമയും പൂത്തുലഞ്ഞിരുന്നു. മഴത്തുള്ളികൾ പൂക്കളിൽ ഭാരം നിറച്ചതിനാൽ പലതും തല കുനിച്ചിരുന്നു.
അമ്മയുടെ പരിലാളനത്തിലാണ് ഗാർഡൻ. വീട്ടിനുള്ളിലെ ജോലികൾ കഴിഞ്ഞാൽ അമ്മ തോട്ടത്തിൽ തന്നെയായിരിക്കും. ചേട്ടന്റെ വിവാഹ ശേഷം മീര ചേച്ചിയും ഒഴിവു സമയത്ത് അമ്മയോടൊപ്പം കൂടും. അമ്മ നിങ്ങളുടെ മാത്രം അമ്മയല്ല. ചെടികളുടെയും അമ്മയാണെന്ന് അച്ഛൻ ഞങ്ങളോട് പറയാറുണ്ട്.
അകത്ത് കയറി എല്ലാവരോടൊപ്പം അവനും സിറ്റൗട്ടിൽ ഇരുന്നു. അച്ഛൻ ജോലിയെ കുറിച്ചും അമ്മ അവിടത്തെ കാലാവസ്ഥയെക്കുറിച്ചും മാറിമാറി ചോദിച്ചു. ജോലിയുടെ ടെൻഷനെക്കുറിച്ചും ചൂടിന്റെ തീക്ഷ്ണതയെക്കുറിച്ചും പറയുന്നതിനോടൊപ്പം കൂടെ താമസിക്കുന്ന വൈശാഖിന്റെ പോഷത്തരങ്ങളെ പുതിയ പുതിയ ചിപ്പുകൾ ചേർത്ത് അവൻ വിളമ്പികൊണ്ടിരുന്നു. വൈശാഖിനെ ഹാസ്യ രൂപത്തിൽ അവതരിപ്പിക്കുന്നത് അവന്റെ ഹോബിയാണെന്ന് എല്ലാവർക്കും അറിയാം. അത് മനസ്സിലാക്കിയ മീര ഫുൾസ്റ്റോപ്പിടാനായി പറഞ്ഞു.
“നീ യാത്ര കഴിഞ്ഞു വന്നതല്ലേ. പോയി കുളിച്ച് എന്തെങ്കിലും കഴിച്ച് പോയി കിടക്ക്.” എല്ലാവരുടെയും ശ്രദ്ധ തിരിക്കാനാണ് അവൾ ഇത്രയും പറഞ്ഞത്.
ചേട്ടനും ചേച്ചിയും ഐടി മേഖലയിലാണ് ജോലി. കോവിഡിന് ശേഷം അവർക്ക് വർക്ക് അറ്റ് ഹോം അനുവദനീയമായതിനാൽ ജോലിയുടെ ഭാഗമായി അവർ അവരുടെ മുറികളിലേക്കും നിഥിൻ അവന്റെ മുറിയിലേക്കും പോയി. അമ്മ തനിക്ക് മാത്രം അധികാരപരിധിയിലുള്ള അടുക്കളയിലേക്ക് നീങ്ങിയപ്പോൾ അച്ഛൻ തൊടിയിലേക്കിറങ്ങി.
മകന് അനുവദിച്ചുകിട്ടിയ ലീവിലെ വിലയേറിയ ദിവസങ്ങൾ പാഴാക്കി കളയണ്ട എന്ന ഉദ്ദേശ്യത്താൽ അടുത്ത ദിവസം തന്നെ കുടുംബം പെണ്ണുകാണൽ ചടങ്ങിനായി പുറപ്പെട്ടു. കുട്ടിയുടെ അച്ഛനുമായി സംസാരിച്ച് ദിവസവും സമയവും അനുവദിച്ചു കിട്ടിയതിനു ശേഷം ആയിരുന്നു യാത്ര. അവിടത്തെ അച്ഛൻ ജോലിക്കാരനായതിനാൽ അവരുടെ സമയവും സന്ദർഭവും വിലപ്പെട്ടതാണല്ലോ.
ഇറങ്ങുന്നതിനു മുമ്പ് അച്ഛനും അമ്മയും നിഥിന്റെ ഇരു ചെവികളിലും എല്ലാം ഓതികൊടുത്തിരുന്നു. ഞങ്ങളും മാമനും വലിയമ്മയുമാണ് കുട്ടിയെ കണ്ടിട്ടുള്ളത്. ചേട്ടനും ചേച്ചിയും ജോലി സ്ഥലത്തായിരുന്നതിനാൽ അവർ മേഘയെ കണ്ടിട്ടില്ല. ഇന്ന് അവർ നമ്മോടൊപ്പം വരുന്നു. കണ്ടവരുടെ ക്ലീൻ ചിറ്റ് കിട്ടി.
ചേട്ടനാണ് വണ്ടിയെടുത്തത്. നിഥിൻ, ചേട്ടനൊപ്പം മുൻസീറ്റിൽ ഇരുന്നു. അച്ഛനും അമ്മയും മീരയും പിൻസീറ്റിലും. യാത്രയിൽ ആരും ഉരിയാടാൻ തുനിഞ്ഞില്ല. ഉള്ളു പുകയുന്നുണ്ടെങ്കിലും ഏസിയുടെ തണുപ്പിൽ മനസ്സും ശരീരവും മരവിച്ചു നിന്നു. എല്ലാവരുടേയും മനസ്സിൽ ഒരു പ്രാർത്ഥനയേ ഉണ്ടായിരുന്നുള്ളു.
മേഘനയുടെ വീട്ടിൽ ചെന്നിറങ്ങി ആതിഥ്യ മര്യാദകൾ പാലിച്ച് അകത്തിരുന്നു.
ചേട്ടനാണ് നിഥിനെ പരിചയപ്പെടുത്തികൊടുത്തത്. തുടർന്ന് തന്നെയും ഭാര്യയെയും പരിചയപ്പെടുത്തി. അവർക്ക് പയ്യനിൽ നിന്നും അറിയാനുള്ളതെല്ലാം അച്ഛഛനും അമ്മയും ചോദിച്ചു മനസ്സിലാക്കി.
യുവതലമുറയിലെ പുതു നിയമാവലി അനുസരിച്ച് അന്യോന്യം പരിചയപ്പെടാനും ഇഷ്ടാനിഷ്ടങ്ങൾ മനസ്സുതുറന്ന് പറയാനും സ്വകാര്യ സംഭാഷണത്തിനായി പ്രത്യേക സ്ഥലം അവർക്ക് അനുവദിച്ച് കൊടുത്തു. അവൻ മേഘനയുടെ ജോലിയെക്കുറിച്ചും സ്ഥാപനത്തെക്കുറിച്ചും പഠിച്ചിരുന്ന കോളേജിനെക്കുറിച്ചുമുള്ള പൂർണ്ണ വിവരങ്ങൾ ചോദിച്ചറിഞ്ഞു.
“ഇനി കുട്ടിക്ക് എന്നെക്കുറിച്ച് എന്താണ് അറിയേണ്ടതെങ്കിൽ ചോദിച്ചു കൊള്ളൂ.”
നീതിയുക്തമായി അവർക്കുള്ള അവകാശത്തെ അനുവദിച്ചുകൊണ്ട് തന്റെ കൈയ്യിലുള്ള റിലേ അവൻ അവളിലേക്ക് കൈമാറി. അവളുടെ ഇനി തന്റെ ഊഴമാണെന്ന് മനസ്സിലാക്കിയ മേഘ്ന ഒരു നിമിഷം മൗനിയായി തലകുനിച്ചു നിന്നു.
മനസ്സിൽ സൂക്ഷിച്ചുവെച്ച ചോദ്യത്തെ ആവാഹിച്ചെടുത്ത് നിഥിന്റെ കണ്ണുകളിലേക്ക് ഉറ്റുനോക്കി കൊണ്ട് ചോദിച്ചു.
“ജനിച്ചു വളർന്ന നാടും സുഹൃത്തുക്കളെയും വിട്ട് ജോലിക്കായി വിദേശത്തേക്ക് ചേക്കേറാനുള്ള പ്രചോദനം?”
മേഘ്നയുടെ ചോദ്യത്തിനുമുന്നിൽ അക്ഷരാർത്ഥത്തിൽ അവൻ ഒന്ന് പതറി. ചെറിയ ഒരു ഞെട്ടൽ ശരീരമാകെ അനുഭവപ്പെട്ടു.
ഇങ്ങനെയൊരു ചോദ്യം ആയിരുന്നില്ല പ്രതീക്ഷിച്ചിരുന്നത്. തന്റെ ജോലിയെക്കുറിച്ചും അവിടത്തെ ഫാമിലി സ്റ്റാറ്റസിനെ കുറിച്ചുമൊക്കെയുള്ള ചോദ്യങ്ങളെയാണ് അവൻ പ്രതീക്ഷിച്ചത്. അതിനുള്ള ഉത്തരങ്ങൾ മനസ്സിൽ കുറിച്ചു വെച്ചിരുന്നു.
പൊടുന്നനെ ഉണ്ടായ മാനസികസംഘർത്തിൽ നിന്നും ഉണർന്ന് മനസ്സിനെ നിയന്ത്രിച്ച് അവളുടെ മുന്നിൽ പതറരുത് എന്ന ദൃഢ പ്രതിജ്ഞയിൽ ദൃഷ്ടികൾ മേഘനയിലേക്ക് ഉയർത്തി കൊണ്ട് തുടർന്നു.
“നമ്മുടെ നാട്ടിലെ രാഷ്ട്രീയ അതിപ്രസരവും മേൽക്കോയ്മയും കണ്ട് ഞാൻ മടുത്തു. ജോലിയേക്കാൾ ഇഷ്ടം അവർക്ക് സമരത്തോടാണ്. ജോലി ചെയ്യാൻ തയ്യാറുള്ളവരെ പോലും അതിനനുവദിക്കില്ല. തൊഴിൽ ശാലകൾ അടഞ്ഞുകിടക്കണം. തെരുവോരങ്ങളിൽ സമരകാഹളം മുഴങ്ങണം. പാർട്ടിയുടെ കൊടി കയ്യിലുള്ളവന് എന്തും ചെയ്യാം. പാർട്ടി അവനെ സംരക്ഷിച്ചുകൊള്ളും. ചെറുപ്പം മുതൽ കണ്ടുവരുന്ന കാഴ്ചയാണിത്. ദൈവത്തിന്റെ സ്വന്തം നാട് എന്ന പഴമൊഴി തിരുത്തി രാഷ്ട്രീയക്കാരുടെ സ്വന്തം നാട് എന്ന് പറയുന്നതാണ് ഇവിടെ ഉചിതം.”
നിഥിൻ ഒന്ന് നിർത്തി അവളിൽ നിന്നും കാഴ്ചയെ മുറിച്ചു കൊണ്ട് മുഖം തുടച്ച് ശരീരോഷ്മാവിനെ ക്രമീകരിച്ച് വീണ്ടും തുടർന്നു.
“ഇത് ഒന്നുകൊണ്ടു മാത്രമല്ല ഞാൻ പുറത്തേക്ക് എത്തിനോക്കിയത്. ലോക രാഷ്ട്രങ്ങളിലെ മിക്ക രാജ്യങ്ങളിലെയും ജനങ്ങൾ അടിത്തട്ടു മുതൽ മേൽത്തട്ടുവരെയുള്ളവർ എത്തിചേരുന്ന സ്ഥലമാണ് ഗൾഫ്. ഓരോ നാട്ടിലേയും ആചാരങ്ങളെയും ഭൂമിശാസ്ത്രത്തെയും ആ നാട്ടിൽ പോകാതെ തന്നെ സാധാരണക്കാരനിലൂടെ മനസ്സിലാക്കാൻ കഴിയുമെന്ന നിഗമനത്തിലാണ് ഞാൻ ഗൾഫ് രാജ്യത്തെ തിരഞ്ഞെടുത്തത്. എന്റെ വീക്ഷണം ഒരു പരിധിവരെ ശരിയാണെന്ന് ഞാൻ വിശ്വസിക്കുന്നു.”
ലക്ഷ്യമില്ലാതെ മറ്റെവിടെയോ നോക്കികൊണ്ടായിരുന്നു നിഥിൻ ഇത്രയും പറഞ്ഞത്. എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ മനസ്സിലെ ഭാരം മുഴുവൻ ഒഴുകി പോയതുപോലെ തോന്നി.
വീണ്ടും അവൻ മേഘ്നയുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കി. അപ്പോൾ അവളുടെ മുഖത്ത് കണ്ട നിർവികാരതയെ അനലൈസ് ചെയ്തെടുക്കാൻ അവന് കഴിയുമായിരുന്നില്ല.
രണ്ടുപേരും അവരവരുടെ ഇരിപ്പടങ്ങളിലേക്ക് മടങ്ങി. മേഘ്നയോടും കുടുംബത്തോടും യാത്ര പറഞ്ഞ് നിഥിനും കുടുംബവും കാറിൽ കയറി. യാത്രയിൽ ആരും അവനോട് സംസാരിക്കാൻ ശ്രമിച്ചില്ല. വികാരവിചാരങ്ങൾ മനസ്സിനെ മഥിച്ചിരുന്നുവെങ്കിലും എല്ലാവരും മൗനത്തെ സ്വയം വരിച്ചു.
വീട്ടിലെത്തി മണിക്കൂറുകൾ കഴിഞ്ഞ് ഡൈനിംഗ് ടേബിളിൽ ഒത്തുകൂടിയ പ്പോഴാണ് അവർ മൗനത്തെ മുറിച്ചത്. നിഥിൻ വായ് തുറക്കുന്നതും നോക്കി കുടുംബം ഇരുന്നു. തനിക്ക് മേഘ്നയെ ഇഷ്ടമായി എന്ന അവന്റെ പ്രഖ്യാപനം വീടിനെ ശബ്ദമുഖരിതവും പ്രകാശിതവുമാക്കി.
അന്നുതന്നെ സന്ധ്യാദീപം കൊളുത്തി എല്ലാവരും കൂടിയിരുന്നു നാമജപത്തിനുശേഷം നിഥിന്റെ അച്ഛൻ ജയൻ മേഘനയുടെ അച്ഛനെ വിളിച്ച് മകന് മകളെ ഇഷ്ടമായി എന്നറിയിച്ചു. ഞങ്ങൾക്ക് ഈ ബന്ധത്തിന് താൽപര്യമാണ്. ഇനി അവിടത്തെ വാക്കുകൾക്കായി ഞങ്ങൾ കാതോർക്കുന്നു.
ജയന്റെ വാക്കുകളിൽ മിതത്വവും ആകാംക്ഷയും നിറഞ്ഞിരുന്നു.
“ഞാൻ മകളോട് അഭിപ്രായം ചോദിച്ചിട്ടില്ല. നിങ്ങളുടെ വിവരം അറിഞ്ഞതിനുശേഷം ചോദിച്ചാൽ മതിയല്ലോ എന്ന് കരുതി. വേഗത്തിൽ തന്നെ ഞങ്ങളുടെ തീരുമാനം അറിയിക്കുന്നതായിരിക്കും.”
സമചിത്തതയോടെ മേഘനയുടെ അച്ഛൻ പറഞ്ഞു. രണ്ടുപേരും അന്യോന്യം ശുഭരാത്രി നേർന്നുകൊണ്ട് നിർത്തി. പിറ്റേ ദിവസം ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞു പത്രവായനയിൽ വ്യാപൃതനായിരിക്കുമ്പോഴാണ് ജയന്റെ ഫോൺ ശബ്ദിച്ചത്. അകത്ത് ഫോണിന്റെ അടുത്ത് നിന്നിരുന്ന മീര ഫോൺ എടുത്ത് ഉമ്മറത്തിരുന്ന അച്ഛന്റടുത്തേക്ക് ഓടി. നമ്പർ കണ്ടപ്പോൾ മേഘ്നയുടെ അച്ഛന്റെതാണെന്ന് മീര സ്വയം മനസ്സിലാക്കി. ഫോൺ അച്ഛനെ ഏൽപ്പിച്ചു.
കോൾ എടുത്ത് ഹലോ പറഞ്ഞതും മറുഭാഗത്തു നിന്ന് “ഞാൻ മേഘ്നയുടെ അച്ഛനാണ് ഞങ്ങൾക്കും മകൾക്കും ഈ ബന്ധത്തിന് താൽപര്യമാണ്. ഇനി നമുക്ക് അതിന്റെതായ കാര്യങ്ങളിലേക്ക് നീങ്ങാം.”
“സന്തോഷം. ഇന്നുതന്നെ ഞാൻ കണിയാന്റെ അടുത്ത് പോയി നല്ല ഒരു ദിവസം നോക്കി മകൻ ലീവ് കഴിയും മുമ്പായി ഈ മംഗളകർമ്മം നടത്താം.”
“ഞങ്ങൾക്കും അതിന് സമ്മതമാണ്.” മറുഭാഗത്ത് നിന്നും കേട്ടു.
കോൾ കട്ട് ചെയ്ത് ഫോൺ മീരയെ ഏൽപിച്ചു. മീരയുടെ മുഖത്തും സന്തോഷത്തിന്റെ തുടിപ്പുകൾ തുളുമ്പുന്നുണ്ടായിരുന്നു.
പുറത്തുനിന്ന് അകത്തേക്ക് കടന്ന് അച്ഛൻ ഈ സന്തോഷം അമ്മയെ അറിയിക്കാനായി അടുക്കളയിലേക്ക് നടന്നു. മീര മുകളിലെ നിഥിന്റെ മുറിയിലേക്കും. വാതിൽ തുറന്നിട്ട് ലാപ്ടോപ്പിൽ എന്തോ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു അവൻ. മീരയെ കണ്ടതോടെ ലാപ്ടോപ്പ് അടച്ച് വച്ച് എഴുന്നേറ്റ് മാറിനിന്നു.
സാധാരണയായി മുറി തൂത്തുവാരാൻ മാത്രമാണ് ചേച്ചി തന്റെ മുറിയിൽ വരാറുള്ളു.
“നീ അവിടെ ഇരുന്നോ ഞാൻ ഒരു കാര്യം ചോദിക്കാനാണ് വന്നത്. മേഘനയുടെ കാഴ്ച്ചയ്ക്ക് എന്തെങ്കിലും പ്രശ്നമുണ്ടോ?”
മീരയുടെ മനസ്സിൽ ആഹ്ളാദത്തിന്റെ പൂത്തിരി കത്തുന്നുണ്ടെങ്കിലും ഞരമ്പുകൾ ബലം പിടിപ്പിക്കാനും മുഖത്ത് ഗൗരവം തേച്ചുപിടിപ്പിക്കുവാനും അവൾ പാടുപ്പെട്ടു.
“എന്താ ചേച്ചി അങ്ങനെ ചോദിച്ചത്.. എനിക്ക് തോന്നിയില്ല.” ആശങ്കയോടെയാണ് നിഥിൻ പറഞ്ഞത്.
“മേഘനയുടെ അച്ഛൻ ഇവിടത്തെ അച്ഛനെ വിളിച്ചിരുന്നു. അവർക്ക് ഈ വിവാഹത്തിന് സമ്മതമാണെന്ന് പറഞ്ഞു. മേഘനയ്ക്കും നിന്നെ ഇഷ്ടമായത്രേ അതുകൊണ്ട് ചോദിച്ചതാ?”
“മേഘനയ്ക്കല്ല കണ്ണിന് കുഴപ്പം. എന്റെ ചേട്ടനാണ്. അതുകൊണ്ടല്ലേ ചേച്ചിയെ ഇഷ്ടപ്പെട്ടത്. എത്ര സുന്ദരികളായ പെൺകുട്ടികളെ കണ്ടതാ. അവസാനം ചെന്നുപെട്ടത്.. മേഘ്ന കണ്ണുകൾ കൊണ്ടല്ല എന്നെ അളന്നത് ബുദ്ധികൊണ്ടാണ്.”
ഗൗരവ ഭാവത്തിൽ തന്നെയായിരുന്നു അവന്റെയും മറുപടി. തന്നെ ചൊറിയുന്നവരെ മാന്തുന്നവനാണ് അനുജനെന്ന് മീരയ്ക്കറിയാം. അതിനാൽ അവന്റെ വാക്കുകൾ അവൾ മുഖവിലയ്ക്ക് എടുത്തില്ല.
തനിക്ക് ഒരനുജത്തി വന്നു ചേരുന്നതിലുള്ള സന്തോഷം ചുണ്ടുകളിലൂടെ ചെറുപുഞ്ചിരിയായി ഒലിച്ചിറങ്ങി. ബലം പിടിച്ച ഞരമ്പുകളും മുഖത്തെ ഗൗരവവും താനേ അയഞ്ഞു.
നാട്ടിൽ വരുമ്പോൾ മനസ്സുതുറന്ന് സംസാരിക്കാനും പൊട്ടത്തരങ്ങൾ പറഞ്ഞ് ആർത്ത് ചിരിക്കാനും ജോലിയുടെ ടെൻഷൻ കുറയ്ക്കാനും ഒരാൾ അടുത്തുണ്ടാകുമല്ലോ എന്ന സന്തോഷം. അച്ഛനും അമ്മയും ഭർത്താവും വീട്ടിലുണ്ടെങ്കിലും അവരോടുള്ള കൂടിച്ചേരലുകൾക്ക് ഒരു പരിധിയുണ്ടല്ലോ. ഞാനും അനുജത്തിയും ഇവിടെ തുല്യർ.
മുകളിൽ നിന്ന് നിഥിന് പിന്നിലായി മീരയും കോണിയിറങ്ങി. താഴെ അച്ഛനും അമ്മയും ചേട്ടനും കൂടിയിരുന്ന് ആഘോഷത്തിന്റെ ചിന്തയിലേക്ക് ഇറങ്ങികഴിഞ്ഞിരുന്നു.
മുഹൂർത്തം നോക്കാനും ഹാൾ ബുക്ക് ചെയ്യാനും സദ്യവട്ടവും വീഡിയോയും അച്ഛനും ചേട്ടനും ഏറ്റെടുത്തു. ഡ്രസ്സ് സെലക്ട് ചെയ്യാനും മറ്റ് ഡെക്കറേഷനുകളുടെ ചുമതല അമ്മയും മീരയും നിഥിനും നിയോഗിക്കപ്പെട്ടു.
അങ്ങനെ ആ വിവാഹ സുദിനം വന്നെത്തി. വരന് സഹോദരിമാരില്ലാത്തതിനാൽ ചെറിയച്ഛൻ മകളാണ് വധുവിന് പുടവ കൊടുത്തത്.
മന്ത്രകോടിയണിഞ്ഞ് ആടയാഭരണങ്ങളാൽ വിഭൂഷകയായി വന്നു നിന്ന മേഘ്നയുടെ കഴുത്തിൽ കൊട്ടും കുരവയുടെയും ആരവത്തിൽ നിഥിൻ താലിചാർത്തി. നെറുകയിൽ സിന്ദൂരം തൊട്ടുകൊടുത്തു. ക്യാമറ കണ്ണുകൾ ഇമ പൂട്ടാതെ എല്ലാം മെമ്മറികാർഡിൽ പകർത്തുന്നുണ്ടായിരുന്നു.
സ്റ്റേജിൽ പൂജാരിയുടേയും ക്യാമറക്കാരുടേയും നിർദേശമനുസരിച്ച് ആടി തളർന്ന വധുവരന്മാർ ഭക്ഷണത്തിനുശേഷം ഗൃഹപ്രവേശനത്തിനായി വരന്റെ ഗൃഹത്തിലേക്ക് ആനയിക്കപ്പെട്ടു.
അമ്മ അരിയും പൂവും ശിരസ്സിലെറിഞ്ഞു മരുമകൾക്ക് സ്വാഗതമേകി.