സൂരജിന്‍റെയും സോണിയയുടെയും വിവാഹം കഴിഞ്ഞിട്ട് കുറച്ചുനാളുകളേ ആയിരുന്നുള്ളു. ആഹ്ളാദത്തിന്‍റെ നിമിഷങ്ങൾ പുത്തുലഞ്ഞു നില്ക്കുമ്പോഴായിരുന്നു ആ ദുരന്തം. പ്രമേഹത്തിന്‍റെ രൂപത്തിൽ അവരുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത്. തലകറക്കത്തെ തുടർന്ന് നടത്തിയ രക്തപരിശോധനയിലായിരുന്നു സൂരജിന് കടുത്ത പ്രമേഹമുണ്ടെന്ന വിവരം അറിയാനിടയായത്. ഡോക്ടർ പറഞ്ഞതനുസരിച്ച് ഇനിയുള്ള ജീവിതം ഏറെ കരുതലോടുകൂടി വേണമെന്ന ചിന്ത അവനെ അലട്ടി. കിട്ടുന്നതെന്തും കഴിച്ചുശീലിച്ച സൂരജിനെ സംബന്ധിച്ച് ഭക്ഷണ നിയന്ത്രണവും കർശന ചിട്ടയുമൊക്കെ സഹിക്കാവുന്നതിലപ്പുറമായിരുന്നു. അതിനാൽ ഈ സാഹചര്യത്തെ എങ്ങനെ നേരിടുമെന്ന അങ്കലാപ്പിലായിരുന്നു സോണിയ.
അതുകൊണ്ട് അവർ ഭർത്താവിന്‍റെ ഭക്ഷണരീതിയിൽ കടുത്ത ചിട്ട പുലർത്തി. പതിവായി വ്യായാമം ചെയ്യാൻ സൂരജിനെ പ്രേരിപ്പിച്ചു. ഭക്ഷണ നിയന്ത്രണവും വ്യായാമവും ചേർന്ന കടുത്ത ജീവിത ചിട്ടയുമായി മാനസികമായും ശാരീരികമായും പൊരുത്തപ്പെടാൻ സൂരജിനെ പ്രേരിപ്പിക്കുകയെന്നുള്ളത് തുടക്കത്തിൽ ഏറെ ശ്രമകരമായിരുന്നു. സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ സോണിയയ്ക്കും ഇതിനോടകം കഴിഞ്ഞിരുന്നു. രോഗം വരുന്നത് ആരുടേയും കുറ്റം കൊണ്ടല്ലല്ലോ. അതിന്‍റെ പേരിൽ ഉറ്റവരെ ഉപേക്ഷിക്കാനാവുമോ?
സ്നേഹപൂർണ്ണമായ സമീപനം
ഭർത്താവിന്‍റെ നീണ്ട രോഗാവസ്ഥയും ചികിത്സയുമൊക്കെ ഭാര്യമാരെ മാനസികമായി തളർത്തിയേക്കാം. ചിലപ്പോൾ ഭർത്താവിന്‍റെ രോഗാവസ്‌ഥയ്ക്കു നേരെ കണ്ണടയ്ക്കുകയോ ആ അവസ്‌ഥയെ സ്വീകരിക്കുവാൻ വൈമുഖ്യം തോന്നുകയോ ചെയ്തേക്കാം. ഈ സാഹചര്യത്തിൽ പ്രശ്‌നം ബുദ്ധിപൂർവ്വം കൈകാര്യം ചെയ്യുകയാണെങ്കിൽ മാനസിക പിരിമുറുക്കങ്ങളും സംഘർഷങ്ങളും ഒഴിവാക്കാം. ഭർത്താവിന് എളുപ്പത്തിൽ രോഗശാന്തി ലഭിക്കാൻ ഭാര്യയുടെ മനഃസാന്നിധ്യവും സ്നേഹപൂർണ്ണമായ സഹകരണവും ആവശ്യമാണ്. ഭാര്യയുടെ സ്നേഹസംരക്ഷണവും ധൈര്യവുമാണ് രോഗിയായ ഭർത്താവ് കാംക്ഷിക്കുക.
“രോഗിയായ ഭർത്താവിന്‍റെ പെരുമാറ്റത്തിലെ ചെറിയ ചെറിയ കാര്യങ്ങൾ വരെ ശ്രദ്ധിക്കേണ്ടി വരാം. ഉദാ: രോഗ കാഠിന്യത്താൽ ഭർത്താവ് ദേഷ്യപ്പെടുകയോ അസ്വസ്‌ഥനാവുകയോ ചെയ്യുമ്പോൾ ഭാര്യ ഉടൻ പ്രതികരിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്യരുത്. ഭർത്താവിന്‍റെ ഈ പെരുമാറ്റത്തെ ഭാര്യ കൂടുതൽ സഹിക്കണമെന്നില്ല. അമിതമായി സഹിക്കുകയും ക്ഷമിക്കുകയും ചെയ്താൽ മനസ്സ് സംഘർഷഭരിതമാകും. പ്രതീകരിക്കുകയൊണങ്കിലോ, ദാമ്പത്യ കലഹവും ഉണ്ടാവും. അതുകൊണ്ട് ഉടനടിയുള്ള പ്രതികരണത്തിന് പകരം വളരെ സാവകാശം ഭർത്താവിനെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തുകയാണ് വേണ്ടത്.” മനോരോഗവിദഗ്‌ധ സ്മിതാ പറയുന്നു.
രോഗിയായ വ്യക്‌തി ശാരീരികമായി മാത്രമല്ല, മാനസികമായും ദുർബലനാകും. പങ്കാളിയുടെ സ്നേഹവും വിശ്വാസവും വൈകാരിക അടുപ്പവുമാണ് ഈ സാഹചര്യത്തിൽ രോഗിക്ക് ആവശ്യം. സുഖമില്ലാത്തതുകൊണ്ട് കൂടുതൽ ചിന്തിക്കാനോ വികാരങ്ങൾ പ്രകടിപ്പിക്കാനോ കഴിയില്ല എന്നുകരുതി രോഗിയെ അവഗണിക്കുന്നതും ദോഷമേ ചെയ്യൂ. അതയാളെ കൂടുതൽ വേദനിപ്പിച്ചേക്കാം.
പങ്കാളിയുടെ രോഗം അത്ര ഗുരുതതമല്ലെങ്കിൽ, എല്ലായ്പ്പോഴും പ്രശ്നമുണ്ടാക്കാത്ത രോഗമാണെങ്കിൽ മനസ്സിന് റിലാക്സ‌് പകരാൻ ഭാര്യയ്ക്ക് ഇടവേളകളിൽ മറ്റെന്തെങ്കിലും കാര്യങ്ങളിൽ ഏർപ്പെടാം. ടി.വി. കാണുക, പാട്ടു കേൾക്കുക, നൃത്തപഠനം, ചിത്രരചന, എഴുത്ത്, വീട്ടിലെ മറ്റ് ജോലികൾ ചെയ്യുക തുടങ്ങി താല്പര്യമുള്ളവ തെരഞ്ഞെടുക്കാം. ഒരേ ടൈപ്പ് ജീവിത രീതിയിൽ നിന്നുണ്ടാവുന്ന മടുപ്പും വിരസതയും അകറ്റാനും തന്‍റേതായ രീതിയിൽ ആഹ്ളാദവും സംതൃപ്‌തിയും കണ്ടെത്താനും ഇത് സഹായിക്കും. ഇത്തരം ഹോബികൾ വരുമാന മാർഗ്ഗമാക്കുകയും ചെയ്യാം.
ആത്മവിശ്വാസം വളർത്തുക
രോഗാവസ്‌ഥ നീളുന്നത് ഭർത്താവിനെ വിഷാദഗ്രസ്‌തനാക്കാം. ധൈര്യം നഷ്‌ടപ്പെട്ട് ഉദാസീനനായി കാണപ്പെടുന്നുണ്ടെങ്കിൽ ഒന്നുറപ്പിക്കാം, അദ്ദേഹത്തിന് പോസിറ്റീവ് എനർജി ആവശ്യമാണ്. പഴയതുപോലെ ആത്മവിശ്വാസം വളർത്തിയെടുക്കുകയെന്നുള്ളത് ഭാര്യയുടെ ധർമ്മമാണ്. മുമ്പ് കാര്യങ്ങൾ എത്രഭംഗിയായാണ് ചെയ്‌തിരുന്നതെന്നും അദ്ദേഹത്തെ കൂടെക്കൂടെ ഓർമ്മിപ്പിക്കാം. ധൈര്യവും ലക്ഷ്യബോധവും ആത്മവിശ്വാസവും അദ്ദേഹത്തിൽ വളർത്തിയെടുക്കാൻ കഴിയുകയാണെങ്കിൽ പഴയ ജീവിതത്തിലേയ്ക്ക് എളുപ്പം മടങ്ങിയെത്താൻ സാധിക്കും.
രോഗിയായ വ്യക്തിയോട് പൊതുവേ സഹതാപപൂർവ്വമായ സമീപനമായിരിക്കും വീട്ടുകാരുടേത്. സ്ത്രീകൾ ഇത്തരം സാഹചര്യങ്ങളിൽ ഏറെ വൈകാരികമായ മനോഭാവമാകും പുലർത്തുക. അദ്ദേഹത്തിന് ചെയ്യാൻ കഴിയുന്ന ജോലിപോലും ഭാര്യ ചെയ്യിക്കണമെന്നില്ല. ഭർത്താവിനെ കൂടുതൽ രോഗിയാക്കുന്ന അവസ്‌ഥയിലേക്ക് ഇത് നയിക്കുമെന്നതിൽ സംശയമില്ല. വീട്ടിലെപ്പോഴും അതിഥികൾ വരുന്നതും തിരക്കും. ബഹളവുമൊക്കെ രോഗിയെ അസ്വസ്ഥനാക്കാം. അതിഥികളുടെ സഹതാപ വാക്കുകൾ രോഗിയുടെ ഉള്ള ആത്മവിശാസംകൂടി കെടുത്തിക്കളയും. അതുകൊണ്ട് സ്വച്ഛവും ശാന്തവുമായ ഗൃഹാന്തരീക്ഷം സൃഷ്‌ടിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
ഭാര്യ ശ്രദ്ധിക്കേണ്ടത്
- ഭർത്താവിനെ ശുശ്രൂഷിക്കുന്നതിനിടെ സ്വന്തം ജീവിതം മറന്നുപോകരുത്. നിങ്ങൾക്കും പ്രതീക്ഷകളും സ്വപ്‌പ്നങ്ങളുമുണ്ടെന്ന കാര്യം വിസ്മരിച്ചുകൂടാ. അവ പൂർത്തിയാക്കാൻ ശ്രമിക്കുക.
- ഭർത്താവിന്‍റെ രോഗംമൂലം വീട്ടിലെ മറ്റുജോലികൾ ചെയ്യാൻ സാധിക്കുന്നില്ലെങ്കിൽ കുടുംബാംഗങ്ങൾക്ക് ഉത്തരവാദിത്തങ്ങൾ പങ്കിട്ട് നല്‌കുകയോ വീട്ടിൽ ഒരു ജോലിക്കാരിയെ ഏർപ്പെടുത്തുകയോ ചെയ്യാം.
- സ്വന്തം ആരോഗ്യത്തിനും കഴിവിനുമുപരിയായി ജോലി ചെയ്യരുത്. അല്ലാത്ത പക്ഷം നിങ്ങളും രോഗക്കിടക്കയിലാവാൻ അധികനേരം വേണ്ടിവരില്ല.
- രോഗം ദീർഘകാലമായി തുടരുന്നുവെങ്കിൽ എപ്പോഴും പരിതപിക്കുന്നതിനുപകരം സ്വന്തം ജീവിതത്തെ നോർമ്മൽ ട്രാക്കിലാക്കാൻ പരിശ്രമിക്കുക.
- ഭർത്താവ് ലഹരിവസ്‌തുക്കൾ കഴിക്കുന്നയാളാണെങ്കിൽ, നിങ്ങൾ എത്ര വിലക്കിയിട്ടും ആ ദുശ്ശീലം നിർത്തുന്നില്ലായെങ്കിൽ വീണ്ടും അതേച്ചൊല്ലി വഴക്കടിക്കാതെ ഭർത്താവിനെ അദ്ദേഹത്തിന്‍റെ വഴിക്കുവിടുന്നതാണ് നല്ലത്.
ഭർത്താവ് അറിയേണ്ടത്
- രോഗിയായ ഭർത്താവ് കുടുംബാംഗങ്ങളെ അനാവശ്യമായി ശല്യപ്പെടുത്തരുത് സഹനവും ക്ഷമയും ശീലിക്കുക.
- നിസ്സാരകാര്യങ്ങളിൽ മനഃസാന്നിധ്യം കൈവെടിയാതിരിക്കുക. വീട്ടുകാർക്ക് കൂടുതൽ ബുദ്ധിമുട്ടും കടുത്ത മാനസിക സമ്മർദ്ദവും ഉണ്ടാക്കും.
- രോഗിയാണെങ്കിലും ഭാര്യയോടും മക്കളോടുമുള്ള സ്നേഹം പ്രകടിപ്പിക്കണം. അതവരിൽ കൂടുതൽ ഉത്സാഹം പകരും.
- നിസ്സാര കാര്യങ്ങളെച്ചൊല്ലി വാശി പിടിക്കരുത്. അതിന്‍റെ പേരിലുള്ള അനാവശ്യ തർക്കങ്ങൾ ഒഴിവാക്കുക.
- മരുന്നു കഴിക്കുന്ന കാര്യത്തിൽ രോഗിയും ശ്രദ്ധിക്കണം.
- ഹോബികൾ ഉണ്ടെങ്കിൽ അതിൽ ശ്രദ്ധ കേന്ദ്രീകരിക്കാവുന്നതാണ്.
- നിങ്ങൾക്കൊരു രോഗമുണ്ടായിരിക്കുന്നു. അതിനെ ആത്മവിശ്വാസത്തിന്‍റെ പിൻബലത്തോടെ നേരിടുക. രോഗിയുടെ ധൈര്യവും ആത്മവിശ്വാസവും മരുന്നിന്‍റെ ഫലം എളുപ്പത്തിലാക്കും. പലതിനും മനസ്സ് തന്നെയാണല്ലോ മരുന്ന്.