സൂരജിന്റെയും സോണിയയുടെയും വിവാഹം കഴിഞ്ഞിട്ട് കുറച്ചുനാളുകളേ ആയിരുന്നുള്ളു. ആഹ്ളാദത്തിന്റെ നിമിഷങ്ങൾ പുത്തുലഞ്ഞു നില്ക്കുമ്പോഴായിരുന്നു ആ ദുരന്തം. പ്രമേഹത്തിന്റെ രൂപത്തിൽ അവരുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത്. തലകറക്കത്തെ തുടർന്ന് നടത്തിയ രക്തപരിശോധനയിലായിരുന്നു സൂരജിന് കടുത്ത പ്രമേഹമുണ്ടെന്ന വിവരം അറിയാനിടയായത്. ഡോക്ടർ പറഞ്ഞതനുസരിച്ച് ഇനിയുള്ള ജീവിതം ഏറെ കരുതലോടുകൂടി വേണമെന്ന ചിന്ത അവനെ അലട്ടി. കിട്ടുന്നതെന്തും കഴിച്ചുശീലിച്ച സൂരജിനെ സംബന്ധിച്ച് ഭക്ഷണ നിയന്ത്രണവും കർശന ചിട്ടയുമൊക്കെ സഹിക്കാവുന്നതിലപ്പുറമായിരുന്നു. അതിനാൽ ഈ സാഹചര്യത്തെ എങ്ങനെ നേരിടുമെന്ന അങ്കലാപ്പിലായിരുന്നു സോണിയ.
അതുകൊണ്ട് അവർ ഭർത്താവിന്റെ ഭക്ഷണരീതിയിൽ കടുത്ത ചിട്ട പുലർത്തി. പതിവായി വ്യായാമം ചെയ്യാൻ സൂരജിനെ പ്രേരിപ്പിച്ചു. ഭക്ഷണ നിയന്ത്രണവും വ്യായാമവും ചേർന്ന കടുത്ത ജീവിത ചിട്ടയുമായി മാനസികമായും ശാരീരികമായും പൊരുത്തപ്പെടാൻ സൂരജിനെ പ്രേരിപ്പിക്കുകയെന്നുള്ളത് തുടക്കത്തിൽ ഏറെ ശ്രമകരമായിരുന്നു. സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ സോണിയയ്ക്കും ഇതിനോടകം കഴിഞ്ഞിരുന്നു. രോഗം വരുന്നത് ആരുടേയും കുറ്റം കൊണ്ടല്ലല്ലോ. അതിന്റെ പേരിൽ ഉറ്റവരെ ഉപേക്ഷിക്കാനാവുമോ?
സ്നേഹപൂർണ്ണമായ സമീപനം
ഭർത്താവിന്റെ നീണ്ട രോഗാവസ്ഥയും ചികിത്സയുമൊക്കെ ഭാര്യമാരെ മാനസികമായി തളർത്തിയേക്കാം. ചിലപ്പോൾ ഭർത്താവിന്റെ രോഗാവസ്ഥയ്ക്കു നേരെ കണ്ണടയ്ക്കുകയോ ആ അവസ്ഥയെ സ്വീകരിക്കുവാൻ വൈമുഖ്യം തോന്നുകയോ ചെയ്തേക്കാം. ഈ സാഹചര്യത്തിൽ പ്രശ്നം ബുദ്ധിപൂർവ്വം കൈകാര്യം ചെയ്യുകയാണെങ്കിൽ മാനസിക പിരിമുറുക്കങ്ങളും സംഘർഷങ്ങളും ഒഴിവാക്കാം. ഭർത്താവിന് എളുപ്പത്തിൽ രോഗശാന്തി ലഭിക്കാൻ ഭാര്യയുടെ മനഃസാന്നിധ്യവും സ്നേഹപൂർണ്ണമായ സഹകരണവും ആവശ്യമാണ്. ഭാര്യയുടെ സ്നേഹസംരക്ഷണവും ധൈര്യവുമാണ് രോഗിയായ ഭർത്താവ് കാംക്ഷിക്കുക.
"രോഗിയായ ഭർത്താവിന്റെ പെരുമാറ്റത്തിലെ ചെറിയ ചെറിയ കാര്യങ്ങൾ വരെ ശ്രദ്ധിക്കേണ്ടി വരാം. ഉദാ: രോഗ കാഠിന്യത്താൽ ഭർത്താവ് ദേഷ്യപ്പെടുകയോ അസ്വസ്ഥനാവുകയോ ചെയ്യുമ്പോൾ ഭാര്യ ഉടൻ പ്രതികരിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്യരുത്. ഭർത്താവിന്റെ ഈ പെരുമാറ്റത്തെ ഭാര്യ കൂടുതൽ സഹിക്കണമെന്നില്ല. അമിതമായി സഹിക്കുകയും ക്ഷമിക്കുകയും ചെയ്താൽ മനസ്സ് സംഘർഷഭരിതമാകും. പ്രതീകരിക്കുകയൊണങ്കിലോ, ദാമ്പത്യ കലഹവും ഉണ്ടാവും. അതുകൊണ്ട് ഉടനടിയുള്ള പ്രതികരണത്തിന് പകരം വളരെ സാവകാശം ഭർത്താവിനെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തുകയാണ് വേണ്ടത്." മനോരോഗവിദഗ്ധ സ്മിതാ പറയുന്നു.
രോഗിയായ വ്യക്തി ശാരീരികമായി മാത്രമല്ല, മാനസികമായും ദുർബലനാകും. പങ്കാളിയുടെ സ്നേഹവും വിശ്വാസവും വൈകാരിക അടുപ്പവുമാണ് ഈ സാഹചര്യത്തിൽ രോഗിക്ക് ആവശ്യം. സുഖമില്ലാത്തതുകൊണ്ട് കൂടുതൽ ചിന്തിക്കാനോ വികാരങ്ങൾ പ്രകടിപ്പിക്കാനോ കഴിയില്ല എന്നുകരുതി രോഗിയെ അവഗണിക്കുന്നതും ദോഷമേ ചെയ്യൂ. അതയാളെ കൂടുതൽ വേദനിപ്പിച്ചേക്കാം.
പങ്കാളിയുടെ രോഗം അത്ര ഗുരുതതമല്ലെങ്കിൽ, എല്ലായ്പ്പോഴും പ്രശ്നമുണ്ടാക്കാത്ത രോഗമാണെങ്കിൽ മനസ്സിന് റിലാക്സ് പകരാൻ ഭാര്യയ്ക്ക് ഇടവേളകളിൽ മറ്റെന്തെങ്കിലും കാര്യങ്ങളിൽ ഏർപ്പെടാം. ടി.വി. കാണുക, പാട്ടു കേൾക്കുക, നൃത്തപഠനം, ചിത്രരചന, എഴുത്ത്, വീട്ടിലെ മറ്റ് ജോലികൾ ചെയ്യുക തുടങ്ങി താല്പര്യമുള്ളവ തെരഞ്ഞെടുക്കാം. ഒരേ ടൈപ്പ് ജീവിത രീതിയിൽ നിന്നുണ്ടാവുന്ന മടുപ്പും വിരസതയും അകറ്റാനും തന്റേതായ രീതിയിൽ ആഹ്ളാദവും സംതൃപ്തിയും കണ്ടെത്താനും ഇത് സഹായിക്കും. ഇത്തരം ഹോബികൾ വരുമാന മാർഗ്ഗമാക്കുകയും ചെയ്യാം.