ബസ് റ്റോപ്പിൽ എത്തിയതോടെ തിരക്കും ചൂടുമേറി അവിടെ കണ്ട ഒരു കടയിൽ കയറി നീട്ടിയടിച്ച ചായ കുടിച്ചു. ഉഷ്ണം ഉഷ്‌ണേന ശാന്തി എന്നാണല്ലോ ആപ്തവാക്യം. ചായ കുടിച്ചപ്പോൾ ദേഹം വിയർത്തു, ഒരിളം കാറ്റ് തഴുകിക്കടന്നപ്പോൾ ഉഷ്ണത്തിനൽപ്പം ശമനം കിട്ടി. ആ കടയിലെ കണ്ണാടിക്കൂട്ടിൽ ചെറു ഉഴുന്നുവടയും മറ്റു ലഘുഭക്ഷണ പദാർത്ഥങ്ങളും നിരത്തി വച്ചിരിക്കുന്നതു കണ്ടപ്പോൾ കഴിക്കണമെന്ന് തോന്നിയെങ്കിലും അവിടെ മൂലയിൽ വച്ചിരിക്കുന്ന തിള ശമിക്കാത്ത എണ്ണ കണ്ടപ്പോൾ മനസ്സിൽ ആഗ്രഹം മുളയിലേ നുള്ളിക്കളഞ്ഞു.

ബസ്സിൽ ഏറെ തിരക്കില്ല. ദൂരയാത്ര പോകുന്ന ബസ്റ്റാണ് വിരലിലെണ്ണാവുന്നവരെ ബസ്സിലുള്ളൂ. ബസ്സിന്‍റെ കുലുക്കം ദേഹത്തെ ബാധിക്കാതിരിക്കാനായി മുൻവശത്തെ ഇരിപ്പിടത്തിൽ പോയിരുന്നു. ഏറെ താമസിയാതെ വിയർത്തു കുളിച്ച് കണ്ടക്ടറും വന്നു ചേർന്നു. ബസ്സ് സ്റ്റാന്‍റു വിട്ട് യാത്രയാരംഭിച്ചു. നഗരപ്രാന്തത്തിലൂടെ തിരക്കിലൂടെ ബസ്സ് ഇര വിഴുങ്ങിയ പാമ്പായി ഇഴഞ്ഞു നീങ്ങി.

എന്‍റെ മനസ്സ് അമലിനെക്കുറിച്ചുള്ള ചിന്തകളിൽ ചുറ്റിപ്പിണഞ്ഞു കഴുത്തിനു പിറകിൽ ശക്തമായ അടിയേറ്റ് കഴുത്തൊടിത്താണ് ഹതഭാഗ്യനായ ആ കുട്ടി മരണപ്പെട്ടത്. അർദ്ധനഗ്നമായ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. അനാഥാലയത്തിൽ നിന്ന് ഒരു കിലോമീറ്ററോളം ദൂരത്ത് ആൾ സഞ്ചാരം അത്രയില്ലാത്ത ഒരിടത്താണ് മൃതദേഹം കണ്ടത്.

ആ കുട്ടി അവിടെയെത്താനുള്ള സാഹചര്യം എന്താണ്? മറ്റെവിടെ വച്ചെങ്കിലും കൊലപ്പെടുത്തിയതിനു ശേഷം അവിടെ ഉപേക്ഷിച്ചതാവാം. ഏതായാലും ക്രൂരനായ ഒരാൾക്കേ ഇത്രക്കു നീചമായ ഒരു കൊലപാതകം ചെയ്യാനാകു. കൊലപാതകം നടത്താനുപയോഗിച്ച ആയുധം? പോസ്റ്റുമോർട്ടം റിപ്പോർട്ട്…? അന്വേഷണം നടക്കുന്നുണ്ടാകും. നടക്കട്ടെ എതായാലും മാധ്യമങ്ങളുടെ ശ്രദ്ധയിൽ ഇക്കാര്യം വന്നിട്ടില്ല. അതിനു പിന്നിൽ കാരണങ്ങൾ പലതുണ്ടാകാം. ഏതായാലും അതൊന്നും എനിക്കറിയേണ്ടതല്ല. എനിക്ക് തോമാച്ചനോടു മാത്രമേ ഉത്തരവാദിത്വമുള്ളൂ.

ഇത്ര സങ്കുചിതമായി ചിന്തിച്ചതിൽ എനിക്ക് എന്നോടു നീരസം തോന്നി. എനിക്കു തോമാച്ചനോടു മാത്രമല്ല ഉത്തരവാദിത്വം! എനിക്ക് ഈ സമൂഹത്തോടും ഉത്തരവാദിത്വമുണ്ട്. ഒരു ബാലനെ മൃഗീയമായി കൊലപ്പെടുത്താൻ തക്ക മാനസികനിലയുള്ള ഒരുവൻ നമുക്കിടയിലുണ്ട്. ഒരു അനാഥ ബാലനോട് പക വച്ചു പുലർത്തേണ്ട ആവശ്യം ആർക്കുമില്ല. അപ്പോൾ പണത്തിനു വേണ്ടി കുടില കൃത്യം ചെയ്യാൻ തയ്യാറുള്ള ഒരുവനെ ഇരുളിൽ നിന്നും വെളിച്ചത്തിലേക്കു കൊണ്ടുവരുന്നതിന്‍റെ വലിയൊരു സാമൂഹിക ഉത്തരവാദിത്വം എനിക്കു നിർവഹിക്കാനുണ്ട്. ഇനിയും പണം നല്കാൻ ആളുണ്ടെങ്കിൽ ഇനിയും ഇത്തരം പ്രവൃത്തികൾ ആ സാമൂഹികദ്രോഹി ആവർത്തിക്കും. ഇനിയും ആളുകൾ കൊല്ലപ്പെടാം. അതു തടയണം!

മരണപ്പെട്ടു കിടന്ന അമലിന്‍റെ വസ്ത്രത്തിൽ നിന്നും ഒരു കടലാസു ചുരുൾ ലഭിച്ചെന്നറിഞ്ഞു. വിചിത്രങ്ങളായ കോഡുകൾ നിറഞ്ഞ കടലാസുചുരുൾ. എനിക്കത് കാണാൻ കഴിഞ്ഞിട്ടില്ല. എന്നിരുന്നാലും ആ വിചിത്രമായ ഭാഷയിലൂടെ അമൽ എന്തോ രഹസ്യം പറയാൻ ആഗ്രഹിച്ചിരുന്നു. ഒരു പക്ഷേ കൊലപാതകി ആരെന്നതിലേക്ക് വെളിച്ചം വീശുന്ന ഒന്നായിരിക്കും അത്. അങ്ങനെയെങ്കിൽ പരിചിതനായ ഒരാളായിരിക്കില്ലേ ഇതിനു പിന്നിൽ. അതല്ല എങ്കിൽ പല തവണ മർഡർ അറ്റംപ് അമലിന് നേരിടേണ്ടി വന്നിരിക്കാം. ആ വിവരങ്ങൾ പുറംലോകം അറിയണമെന്ന് അവൻ ആഗ്രഹിച്ചിരുന്നിരിക്കാം. നേരായ വഴിയിൽ അവനത് സാധ്യമല്ലാതിരിക്കാം. അതിനു കാരണം ആ പരിചിതനായ വ്യക്തിയുടെ സാന്നിദ്ധ്യമാകണം.

എല്ലാം ഊഹാപോഹം മാത്രം ഒന്നും തന്നെ ഉറപ്പിച്ചു പറയാൻ കഴിയാത്ത അവസ്ഥയാണ്.

വിചിത്രമായ കോഡുകളെക്കുറിച്ച് ആലോചിച്ചപ്പോഴാണ് ലോകത്തിലെ ഏറ്റവും ദുരൂഹമായ ഒരു പുസ്തകത്തെ കുറിച്ചുള്ള ഓർമ്മകൾ മനസ്സിൽ തെളിഞ്ഞു. വിചിത്രങ്ങളായ ചിഹ്നങ്ങളും ചിത്രങ്ങളും അടങ്ങിയ വോയ്നിച്ച് മാനു സ്ക്രിപ്റ്റ്. പതിനഞ്ചാം നൂറ്റാണ്ടിൽ എഴുതിയത് എന്നു കാർബൺ ഡേറ്റിംഗ് പരിശോധനയിൽ തെളിയിക്കപ്പെട്ട വോയ്നിച്ച് മാനു സ്ക്രിപ്റ്റിൽ എഴുതപ്പെട്ടിരിക്കുന്ന വിചിത്രഭാഷ ഇന്നുവരെ ലോകത്തിന് മനസ്സിലാക്കാൻ സാധിച്ചിട്ടില്ല.

എന്തിനേറെ ആധുനിക സാങ്കേതിക വിദ്യയായ എ.ഐ ഉപയോഗിച്ചു പോലും ഡീകോഡ് ചെയ്യാനാകാതെ ക്രിപ്റ്റോഗ്രാഫർമാർക്ക് വെല്ലുവിളിയായി വോയ്നിച്ച് നില നിൽക്കുന്നു. ഇടത്തു നിന്നും വലത്തോട്ട് എഴുതിയ ഒരു ചെറിയ അക്ഷരത്തെറ്റു പോലും കാണാൻ കഴിയാത്ത ഇരുനൂറ്റി നാൽപ്പതോളം പേജുകളുള്ള അതിമനോഹര ചിത്രങ്ങളുള്ള വോയ്നിച്ച് കയ്യെഴുത്തുപ്രതി നൂറ്റാണ്ടുകളിലൂടെ സഞ്ചരിച്ച് പലരുടെയും കൈകളിലൂടെ കൈമാറി ഭാഷാപണ്ഡിതൻമാർക്കു മുന്നിൽ ഒരു പ്രഹേളികയായി തുടരുന്നു.

ഇരുപതാം നൂറ്റാണ്ടു കണ്ട എക്കാലത്തെയും മികച്ച ഗണിത ശാസ്ത്രജ്ഞനും നിർമ്മിത ബുദ്ധിയുടെ ഉപജ്ഞാതാവെന്ന ബഹുമതി നേടിയിട്ടുള്ള അലൻ ടൂറിംഗ് ഏറെ ശ്രമങ്ങൾ നടത്തിയെങ്കിലും വിജയിച്ചില്ല. രണ്ടാം ലോകമഹായുദ്ധത്തിൽ ശത്രുക്കളുടെ സന്ദേശങ്ങൾ ഡീകോഡ് ചെയ്തെടുക്കുന്നതിൽ അസാമാന്യ കഴിവ് തെളിയിച്ചയാളായിരുന്നു ടൂറിംഗ്. നിർമ്മിത ബുദ്ധിയുടെ പിതാവായ ടൂറിംഗ് പോലും ആ വിചിത്രഭാഷക്കു മുന്നിൽ തോൽവി സമ്മതിച്ചു. അജ്ഞാതനായ ഒരാളെഴുതിയ നിഗൂഢമായ വോയ്നിച്ച് കൈയെഴുത്തുപ്രതിയിലെ ദുർഗ്രഹമായ ഭാഷ ഇന്നും അഭേദ്യമായിത്തന്നെ തുടരുന്നു.

ഒരു വലിയ വളവ് ചുറ്റി ബസ്സ് നിരങ്ങി നിന്നു. ഇറങ്ങേണ്ട ഇടം ഞാൻ ധ്യതിയിൽ ബസ്സിൽ നിന്നും എഴുന്നേറ്റു പുറത്തിറങ്ങി. നേരിയ മഴ പൊടിയുന്നുണ്ട്. അതെന്നെ തെല്ല് വിസ്മയിപ്പിച്ചു. ഏതാനും കിലോമീറ്റർക്കപ്പുറം പൊള്ളുന്ന വെയിൽ ഇവിടെ മഴയുടെ പെരുക്കം. ചില്ലു പൊടിഞ്ഞു ചിതറുന്നതു പോലെ തോന്നിച്ച പൊടിമഴയിൽ സൂര്യൻ പലതായി പ്രതിഫലിച്ചു. ആ മഴയുടെ കുളിർ പുരണ്ട ഇളങ്കാറ്റ് വഴിത്ത‌ാരയിലെ മരങ്ങളിൽ പതിഞ്ഞു. ഇലകൾ അതുൾക്കൊണ്ടു. പരിസരം നല്കിയ ഉന്മേഷത്തോടെ ഞാൻ വാഴിത്താരയിലൂടെ നടന്നു. ചെറിയ ടൗൺപ്രദേശം പിന്നിട്ട് നടപ്പാത വിദൂരതയിലേക്ക് നീണ്ടു. സ്ഥലം എത്താറായിരിക്കുന്നു.

വഴിയോരത്തു കണ്ട ഏറെ തിരക്കില്ലാത്ത ഒരു ടീ ഷോപ്പിലേക്ക് കയറി. പഴമയിൽ നിന്നും വിട്ടുപോരാൻ മടിക്കുന്ന ടീ ഷോപ്പ്. പുറമെ നിന്ന് ജനലിലൂടെ നോക്കിയാൽ ഒരാൾ സമോവർ തിളപ്പിക്കുന്നതു കാണാമായിരുന്നു. ആദ്യം ചായ കുടിക്കാം. ചായക്ക് ഓർഡർ ചെയ്ത് ഞാൻ അവിടെക്കണ്ട കസേരയിൽ ഇരുന്നു കൊണ്ട് ചുറ്റുപാടുകൾ ഉൾക്കൊള്ളുവാൻ ശ്രമിച്ചുകൊണ്ടിരുന്നു.

കട്ടിക്കണ്ണട വച്ച് മൊബൈൽ ഫോണിൽ എന്തോ ചെയ്തു കൊണ്ടിരിക്കുന്ന കാഷ്യർ. മൂന്നു നാലു പേരിരുന്ന് ചായ കുടിക്കുന്നു. നാടൻ പലഹാരം കഴിക്കുന്നു. ചൂടാറ്റിയ ചായ അൽപ്പാൽപ്പം കുടിച്ചു കൊണ്ട് ഞാൻ മെനു ബോഡിൽ കണ്ട ഇടിയപ്പവും മുട്ടക്കറിയും ഓർഡർ ചെയ്തു. മിനിറ്റുകൾക്കും എത്തിയ ആവി പറക്കുന്ന മൃദുലമായ ഇടിയപ്പത്തിനു മുകളിൽ മുട്ടക്കറിയൊഴിച്ച് ഞാൻ കഴിക്കാനാരംഭിച്ചു. നല്ലവണ്ണം വെന്ത ഇടിയപ്പത്തിൽ കുറുകിയ ചാറ് കുഴച്ചത് നാവിൽ രുചിയുടെ മേളം തീർക്കുമ്പോൾ എന്‍റെ മനസ്സ് ആശങ്കയിലായിരുന്നു.

വീട് എങ്ങനെയെങ്കിലും കണ്ടുപിടിക്കാം. എന്നാൽ എന്ത് മുഖം മൂടിയണിഞ്ഞാണ് അവിടെ കയറിച്ചെല്ലുക? അന്വേഷണത്തിന്‍റെ കാര്യം പറയുന്നത് ഒരിക്കലും സത്യമായ വിവരം പുറത്തു കൊണ്ടുവരാൻ സഹായിക്കില്ല. പിന്നെ അന്വേഷണത്തിന്‍റെ പേരും പറഞ്ഞ് ഭയപ്പെടുത്തിയാൽ തന്നെ വഴങ്ങിക്കൊള്ളുമെന്ന് ഒരു നിബന്ധനയുമില്ല. ഇവിടെ ആവശ്യം എന്‍റേതാണ് അവരുടേതല്ല. ഭയപ്പെടുത്തി കാര്യം സാധിക്കുന്നത് ഇത്തരം ആളുകളിൽ എത്ര കണ്ട് പ്രവർത്തികമാകുമെന്നതിന് യാതൊരു ഉറപ്പുമില്ല. ഒരു ബാലനെ അനാഥാലയത്തിൽ കൊണ്ടാക്കാനും പിന്നെ ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ച് കൊലപ്പെടുത്താനും ആലോചിച്ച ക്രിമിനൽ മനസ്സ് എനിക്കു തന്നെ അപകടകരമായേക്കാവുന്ന തീരുമാനങ്ങൾ കൈകൊള്ളില്ലെന്ന് എന്താണുറപ്പ്?

പെരുവിരലിൽ നിന്നാരംഭിച്ച വിറയൽ ശരീരമാസകലം പടരുന്ന പോലെ എനിക്കു തോന്നി. വ്യക്തമായ പദ്ധതിയോ ധാരണയോ ഇല്ലാതെ ഇങ്ങിനെയൊരു യാത്രക്ക് ഇറങ്ങിപ്പുറപ്പെട്ടതിൽ എനിക്ക് ഖേദം തോന്നി. ഒരു വേള തിരിച്ചു പോയിമാ എന്നാലോചിച്ചു. ഒടുവിൽ ഏതായാലും വന്ന സ്ഥിതിക്ക് വീടും പരിസരവും കണ്ട് തിരിച്ചു പോകാമെന്ന് നിശ്ചയിച്ച ശേഷം ക്ലാസ്സിൽ അവശേഷിച്ചിരുന്ന ചായ കാലിയാക്കിയ ശേഷം ഞാൻ എഴുന്നേറ്റു കൈ കഴുകി.

പണം നല്കാനായി ചെന്നപ്പോൾ കട്ടിക്കണ്ണടക്കാരൻ മൊബൈൽ ഫോണിൽ നിന്ന് മുഖം ഉയർത്തി എന്നെ ഒന്നുഴിഞ്ഞു നോക്കി. ഞാൻ അയാളെ നോക്കി പുഞ്ചിരിച്ചു. പണം വാങ്ങി ബാക്കി ചില്ലറ തരാനായി പരതുന്നതിനിടയിൽ ഞാൻ സൗഹാർദ്ദപൂർവ്വം ചോദിച്ചു.

“ഒരു ആന്‍റണി പൈലോക്കാരനെ അറിയാമോ? അദ്ദേഹത്തിന്‍റെ വീട്ടിലൊന്നു പോകണമായിരുന്നു.”

കട്ടിക്കണ്ണടക്കാരൻ ചോദ്യം കേട്ടതും ചില്ലറ പരതുന്നതു നിർത്തി.

“ആ.. സ്ഥലക്കച്ചവടം അല്ലേ.”

അയാളുടെ ആ എതിർ ചോദ്യത്തിൽ ഞാനൊരു സാധ്യത കണ്ടു. പൊടുന്നനെ ഞാൻ പറഞ്ഞു.

“അതെ സ്ഥലത്തിന്‍റെ ആവശ്യം തന്നെ. സ്ഥലമൊന്നു കണ്ടാൽ കൊള്ളാമെന്നുണ്ട്.”

“ആ കുറെ പാർട്ടികളായി വന്നു നോക്കിപ്പോകുന്നു. ഒന്നും നടക്കുന്നില്ല വായിൽ തോന്നിയ വിലയൊക്കെ പറഞ്ഞാൽ ആർക്കാണ് കൊടുക്കാൻ കഴിയുക. എല്ലാത്തിനും ഒരു സാമാന്യ മര്യാദയൊക്കെയില്ലേ? ആ അമ്മച്ചിക്കാകട്ടെ വിട്ടുവീഴ്ച എന്നൊന്നില്ല. ഇങ്ങയെങ്കിൽ സ്ഥലവും വീടും ഈ ജന്മത്ത് വിറ്റുപോകില്ല.”

മൊബെലിൽ മുഖം പുഴ്‌ത്തിയുള്ള ഇരിപ്പും കട്ടിക്കണ്ണടയും കണ്ടപ്പോൾ ഈ ലോകത്തൊന്നുമല്ല ആളെന്ന് തോന്നിച്ചെങ്കിലും കാഷ്യർ അന്തർമുഖനല്ല സംസാരപ്രിയനാണെന്ന് എനിക്ക് മനസ്സിലായി. അതെനിക്ക് ഉത്സാഹം നല്കി.

“ചില്ലറ ഇല്ലെങ്കിൽ വേണ്ട. ഞാൻ തിരിച്ചു വരുമ്പോൾ ഇവിടെ കയറാം.” അപ്പറഞ്ഞത് അയാൾക്ക് സ്വീകാര്യമായി തോന്നി.

“സ്ഥലത്തിനെന്തെങ്കിലും അവകാശത്തർക്കമോ? പ്രശ്നമുണ്ടോ? വല്ല കേസോ കൂട്ടമോ അവകാശത്തർക്കമോ?”

കട്ടിക്കണ്ണടക്കാരൻ മുഖമുയർത്തി നിഷേധാർത്ഥത്തിൽ തലയാട്ടി.

“ഇല്ല അങ്ങനെയൊന്നുമില്ല. നല്ല പറമ്പാണ്. ഇരുപത് ഇരുപത്തഞ്ച് സെന്‍റ് കാണും. നല്ല ഒത്ത സ്ക്വയർ പ്ലോട്ട്. പക്ഷേ വീട് പഴയതാ.”

“അതെന്താ ഇപ്പോൾ പെട്ടെന്ന് വിൽക്കാൻ കാരണം?”

“ആ അമ്മച്ചീടെ മകൻ വിദേശത്താ മകന്‍റെ കൂടെ സെറ്റിൽ ചെയ്യാനാണെന്ന് തോന്നുന്നു… ശരിക്കറിയില്ല…”

തൊട്ടടുത്ത് ബില്ലടക്കാനായി ഒരാൾ തിടുക്കം കൂട്ടുന്നതു കണ്ട് അയാൾ എന്നോട് പെട്ടന്ന് പറഞ്ഞു.

“ഇവിടെ നിന്ന് നേരെ പോകുക. ഇടതും വലതും ഒന്നും തിരിയണ്ട റൈറ്റ് സൈഡിൽ ഒരു പള്ളി കാണാം. അവിടെ നിന്നും ഫസ്റ്റ് റൈറ്റ് മൂന്നാമത്തെ വീട്.”

“ശരി.” ഞാൻ അയാളോട് യാത്ര പറഞ്ഞ് പുറത്തിറങ്ങി. ഇനി ഒരമ്പത് വർഷം കഴിഞ്ഞു തിരിച്ചു പോന്നാലും ആ കട്ടികണ്ണടക്കാരൻ അതേ ഇടത്തു അതേകസേരയിൽ പണമെണ്ണിത്തിട്ടപ്പെടുത്തികൊണ്ടു ഇരുപ്പുണ്ടാവുമെന്നു എനിക്ക് തോന്നി.

പൊടിമഴ അപ്പോഴേക്കും ശമിച്ചിരുന്നു. ടാറിട്ട റോഡായിരുന്നിട്ടു കൂടി മണ്ണിൽ മഴ വീണതിന്‍റെ ഗന്ധം. വഴിത്താരക്കിരുവശവും വലിയ മരങ്ങൾ ഒറ്റപ്പെട്ടു നിന്നു. വഴിത്താരക്കു വലതുവശത്തെ പള്ളി ലക്ഷ്യം വച്ച് ഞാൻ നടന്നു. വഴിക്കിരുവശവും ഒറ്റപ്പെട്ട കടകളുണ്ട്. മല്ലി, മുളക് പൊടിക്കുന്ന ഒന്ന്, ഒരു ബാർബർ ഷോപ്പ്, പഴയ രീതിയിലുള്ള ഒരു പലചരക്കുകട അങ്ങനെ. ആ പ്രദേശത്ത് ഞാൻ അപരിചിതനായതിലാവണം എന്നെ ആളുകൾ തുറിച്ചു നോക്കുന്നതായി ഞാൻ കണ്ടു. എനിക്ക് വല്ലായ്മ തോന്നി.

കട്ടിക്കണ്ണടക്കാരൻ വഴി പറഞ്ഞു തന്നപ്പോൾ ഞാൻ പ്രതീക്ഷിച്ചതിലും ഏറെ ദൂരം നടക്കേണ്ടി വന്നു. ഇതറിഞ്ഞിരുന്നെങ്കിൽ ഒരോട്ടോ പിടിക്കാമായിരുന്നു എന്നു തോന്നി. അങ്ങനെ പള്ളിക്കടുത്തെത്തി. പള്ളിക്കു മുന്നിൽ വഴിത്താരക്കപ്പുറം വിശാലമായ സെമിത്തേരിയാണ്. കറുത്തതും നിറം മങ്ങിയതുമായ ഫലകങ്ങൾ സെമിത്തേരിയിൽ എഴുന്നു നിന്നു. അതിനു പിന്നിൽ ഒറ്റപ്പെട്ട് ഉണങ്ങി ഇല പോയ മരങ്ങളും. എല്ലാത്തിനും പുറകെ നിറം പോയി ചാരച്ച ആകാശവും. ആകാശം അനന്തതയിലേക്ക് വളഞ്ഞു നിന്നു.

വേർതിരിച്ചറിയാനാകാത്ത കാരണത്താൽ ഒരു ഉൾഭയം എന്നെ പിടികൂടി. സഹായി ജോണിയെ കൂടെ കൂട്ടാമായിരുന്നെന്ന് എനിക്ക് തോന്നി. ഒറ്റക്കു യാത്ര തിരിച്ചത് അബദ്ധമായി. അതല്ലെങ്കിലും അപരിചിതമായ യാത്രാപഥങ്ങൾ ഭയാശങ്കകൾ തീർക്കുന്നതാണ്. പള്ളിക്കു വലതു വശത്തെ വഴി തിരിഞ്ഞ് ഞാൻ പ്രയാസപ്പെട്ടു നടന്നു. പിന്നീട് ഏറെ പണിപ്പെടേണ്ടി വന്നില്ല ആന്‍റണി പുല്ലോക്കാരന്‍റെ വീടെത്താൻ.

കട്ടിക്കണ്ണടക്കാരൻ പറഞ്ഞതുപോലെ മതിലു കെട്ടിത്തിരിച്ച സ്ക്വയർ പ്ലോട്ട്. അതിനു നടുക്കായി പഴയ വീട്. കട്ടിയിരുമ്പു കൊണ്ടു നിർമിച്ച ഇരുമ്പു ഗേറ്റു തുറക്കാനാഞ്ഞതും ചാരനിറമുള്ള പരുക്കൻ ഷർട്ടിട്ട ഒരു സെക്യൂരിറ്റിക്കാരൻ എവിടെ നിന്നോ ഓടി വന്നു. കപ്പടാ മീശയും ചുവന്ന ഉണ്ടക്കണ്ണുകളുള്ള അയാളോട് മാഡത്തെ കാണണം എന്നു മാത്രം പറഞ്ഞു. യാതൊരു സഹകരണവുമില്ലാത്തയാൾ എന്നു തോന്നിപ്പിച്ച അയാളുടെ ചോദ്യാവലിക്കെല്ലാം യുക്തിസഹജമായ ഉത്തരം നല്കിയ ശേഷം ഞാൻ ഗേറ്റു തുറന്ന് അകത്തേക്ക് പ്രവേശിച്ചു.

വെളുത്ത പൂക്കള്ള ബോഗൻ വില്ല പടർത്തിയ കമാനം പിന്നിട്ട് വെട്ടുകല്ല് പാകിയ നടപ്പാത കടന്ന് ഞാൻ സിറ്റൗട്ടിൽ പ്രവേശിച്ചു. വീടിനിടതുവശത്തെ പുൽത്തകിടിയിൽ ഒരു വെളുത്ത പെയിന്‍റടിച്ച അഴികളുള്ള മരയൂഞ്ഞാൽ ആടുന്നത് ഞാൻ കണ്ടു.

പൊടുന്നനെ മുൻവാതിൽ തുറന്ന് ഒരു സ്ത്രീ പ്രത്യക്ഷപ്പെട്ടു. തടിച്ചു വെളുത്ത് ഉയരം കുറഞ്ഞ ഒരു സ്ത്രീ. കറുത്ത മിഡിയും ടോപ്പും ധരിച്ചിരിക്കുന്നു. കഴുത്തറ്റം താഴ്ത്തി ആണുങ്ങളെപ്പോലെ മുടി മുറിച്ചിരിക്കുന്നു. നിശ്ചയദാർഢ്യത്തിന്‍റെയും താൻപോരിമയുടേയും ആൾരൂപമെന്ന് ഒറ്റനോട്ടത്തിൽ വിലയിരുത്താം. സംശയാസ്പദമായി എന്നെ ആകെയൊന്നുഴിഞ്ഞു നോക്കിയ ശേഷം അവർ സിറ്റൗട്ടിൽ ഇട്ടിരുന്ന മരക്കസേരയിൽ ഇരിക്കാൻ ആവശ്യപ്പെട്ടു. ഈ പ്രദേശത്ത് ഒരു വീടും പറമ്പും അടിയന്തിരമായി വാങ്ങാൻ ഉദ്ദേശിക്കുന്നതിനു പിന്നിലെ ആവശ്യകത വിശ്വസനീയമായ രീതിയിൽ ഞാൻ അവതരിപ്പിച്ചു. ഈ സ്ഥലം ഇഷ്ടമാകാൻ ഉള്ള കാരണങ്ങളും അവരെ ധരിപ്പിച്ചു. ഞാൻ പറഞ്ഞത് അവർ പൂർണ്ണമായും വിശ്വസിച്ചതായി ആ മുഖഭാവത്തിൽ നിന്നും വ്യക്തമായി. അവരുടനെ അകത്തേക്ക് പോയി ആരോടോ ചായ കൊണ്ടുവരാൻ ആവശ്യപ്പെട്ടു. ഫാമിലിയെക്കൂട്ടി ഒന്നു കൂടെ വരാനും പദ്ധതിയുണ്ടെന്ന് ഞാൻ അവരെ അറിയിച്ചു. വീടും പറമ്പും ചുറ്റിക്കാണണമെന്ന് ഞാൻ ആവശ്യപ്പെട്ടു. അവർ എന്‍റെ ആവശ്യം ഉത്സാഹപൂർവ്വം സമ്മതിച്ചു. മനോഹരവും വൃത്തിയുമായി പരിപാലിച്ചിട്ടുള്ള വീടും പരിസരവും. വെളുപ്പും റോസും നിറുള്ള നേർത്ത ബോഗൻ വില്ല ചെടികൾ പടർത്തിയ കമാനാകൃതിയായ ഗേറ്റ്. ഗേറ്റിനിരുവശത്തും വെട്ടിയൊതുക്കിയ ബുഷ് ചെടികൾ അതിരു തീർത്ത പൂന്തോട്ടം. പല ജാതി പൂക്കൾ അവിടെ പൂത്തു നിന്നു. വീടിനു തൊട്ടു മുമ്പിൽ വലിയൊരു നാട്ടുമാവ് മുറ്റമെമ്പാടും ശിഖരങ്ങൾ പടർത്തി ദീർഘകായനായി എഴുന്നു നിന്നു. അതിനെതിർവശത്ത് കനത്തു വീർത്ത തായ്തടിയുള്ള പന പോലുള്ള വൃക്ഷങ്ങൾ തുഞ്ചത്ത് ഇല പടർത്തി തണലുവിരിച്ചു നിന്നു. ആർക്കും ഒറ്റനോട്ടത്തിൽ ഇഷ്ടപ്പെടുന്ന വീടും പരിസരവും. എന്നോട് വിശ്വാസം വന്ന പോലെ ആ സ്ത്രീ ഇടതടവില്ലാതെ സംസാരിക്കാൻ തുടങ്ങി. അവരുടെ പേര് ക്ലാര എന്നായിരുന്നു. കാര്യങ്ങളെല്ലാം സവിസ്തരം എന്നെ അറിയിച്ചു കൊണ്ടിരുന്നു. വീടിനു പിറകിൽ പല നിറത്തിലുള്ള പഴവർഗ്ഗങ്ങളും പച്ചക്കറിയും നട്ടുവളർത്തിയിരുന്നു. അതെല്ലാം കണ്ടു കൊണ്ടു നടക്കുമ്പോൾ രണ്ടു ചുവന്ന കണ്ണുകൾ എന്നെ പിന്തുടരുന്നതായി എനിക്കു തോന്നി.

അടുത്ത പത്തു മിനിറ്റിനുള്ളിൽ വീടിനകം കണ്ട് ചായ കുടിച്ച് ക്ലാരയാന്‍റിയോട് യാത്ര പറഞ്ഞ് പുറത്തിറങ്ങി. ആ പത്തു മിനിറ്റിനുള്ളിൽ വീടിനകം സശ്രദ്ധം നിരീക്ഷിച്ചെങ്കിലും എനിക്കറിയേണ്ടുന്ന വിവരങ്ങളിലേക്ക് വെളിച്ചം വീശുന്ന ഒന്നും തന്നെ കണ്ടെത്താൻ കഴിഞ്ഞില്ല. ക്ലാരയാന്‍റിയാകട്ടെ സ്ഥലക്കച്ചവടത്തിനപ്പുറം ഒന്നും തന്നെ വിട്ടു പറയാൻ തയ്യാറായുമില്ല. അതിനപ്പുറം കൂടുതൽ കാര്യങ്ങൾ ചോദിക്കുന്നത് എന്നെ സംശയത്തിന്‍റെ നിഴലിൽ നിർത്തുമെന്ന് തോന്നിയതിനാൽ ഞാൻ നിരാശനായി. വീട്ടിൽ നിന്നും പുറത്തിറങ്ങിയ എന്നെ വീണ്ടും ചുവന്ന കണ്ണുകൾ പിൻതുടരുന്നതായി എനിക്കു തോന്നി. അത് സെകൂരിറ്റിക്കാരൻ തന്നെ. അയാൾക്ക് എന്നോട് എന്തോ പറയാനുണ്ടെന്ന് എനിക്ക് തോന്നി. ഞാൻ തിരിച്ച് അയാൾക്കടുത്തേക്ക് നടന്നു. പരിചയപ്പെട്ടു. ഫോൺ നമ്പർ വാങ്ങി.

നേരം വൈകിയതിനാൽ വിശദമായി സംസാരിക്കാമെന്ന് പറഞ്ഞത് ഞാൻ വെട്ടുവഴിയിലേക്കിറങ്ങി. വെട്ടുവഴി കടന്ന് മെയിൻ റോഡിലേക്ക് കയറുമ്പോൾ ഒരു ശവഘോഷയാത്ര പോകുന്നതു കണ്ടു. പണ്ടുമുതലേ ഇത്തരം കാഴ്ച കാണുമ്പോൾ മനസ്സിലൊരു ആന്തലാണ്. എത്രയോ തവണ ഇത്തരം കാഴ്ചകൾ കണ്ടിട്ടുണ്ടെങ്കിലും പ്രായം ഇത്രയായിട്ടും ഇക്കാഴ്ചകൾ നല്കുന്ന ഭയാശങ്കകൾ എന്നെ വിട്ടു പോയിട്ടില്ലെന്നത് ദുഃഖകരമാണ്.

ഇല്ല എനിക്ക് യാതൊരു ഭയവുമില്ല. ഞാൻ എന്നെത്തന്നെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു. അതിനായി ഞാനും മെല്ലെ ആ ശവമടക്ക് ആൾക്കൂട്ടത്തിൽ ചേർന്നു നടന്നു തുടങ്ങി. യാതൊരു പരിചയവും ഇല്ലാത്ത ഇന്നുവരെ കണ്ടിട്ടില്ലാത്ത ഏതോ സ്ഥലത്തെ ഒരാൾ. അയാളുടെ ശവമടക്കിന് കൗതുകത്തോടെ ഞാൻ തെല്ലിട കഴിഞ്ഞ് സെമിത്തേരിപ്പറമ്പിലേക്ക് നടന്നു കയറി. ചെന്നു കയറിയതും വരണ്ട കാറ്റ് വീശിയടിച്ചു. ദൂരെ നിൽക്കുന്ന ഉണങ്ങി ശോഷിച്ച മരത്തിന്‍റെ ചില്ലകൾ പൊട്ടിവീഴുന്നതു കണ്ടു. ശുശ്രൂഷകൾ ആരംഭിക്കുമ്പോൾ ഞാൻ നിസ്സംഗനായി ചുറ്റുപാടും പരിസരവും വീക്ഷിച്ച് നിന്നു. അപ്പോഴാണ് സമീപത്തുള്ള ഒരു ശവക്കല്ലറ ശ്രദ്ധിച്ചത്. ഉണങ്ങിയ പൂക്കൾ മേലാപ്പ് തീർത്ത ശവക്കല്ലറ. അൻപത് വർഷം ഈ ഭൂമിയിൽ ജീവിച്ച് വേർപെട്ടു പോയ അയാളുടെ പേര് ഞാൻ ശ്രമപ്പെട്ട് വായിച്ചു. അതിപ്രകാരമായിരുന്നു. “ആന്‍റണി പുല്ലോക്കാരൻ.”

और कहानियां पढ़ने के लिए क्लिक करें...