ചോദ്യം
30 വയസ്സുള്ള അവിവാഹിതനാണ് ഞാൻ. ചെറുപ്പത്തിൽ പോളിയോ വന്നതിനെത്തുടർന്ന് കാലിന് അല്പം മുടന്തുണ്ട്. എന്‍റെ ഓഫീസിൽത്തന്നെയുള്ള ഒരു പെൺകുട്ടിയെ എനിക്ക് ഇഷ്ടമാണ്. ഞാൻ ഇക്കാര്യം അവളെ അറിയിച്ചിട്ടില്ല. എന്നെ ഇഷ്ടപ്പെടുന്നുണ്ടെന്നാണ് പെൺകുട്ടിയുടെ ഇടപെടലുകളിൽ നിന്നും എനിക്ക് മനസ്സിലാക്കാൻ കഴിയുന്നത്. പക്ഷേ, ഞാൻ നടക്കുന്നത് കാണുമ്പോൾ അവളുടെ പെരുമാറ്റമാകെ മാറും. പോളിയോ ബാധിച്ച കാല് എലിസ്റോവ് രീതിയിലുള്ള ശസ്ത്രക്രിയ നടത്തി ഭേദപ്പെടുത്താമെന്ന് ഞാൻ അടുത്തിടെ ഒരു മാസികയിൽ വായിച്ചിരുന്നു. ഇത് സാധ്യമാണോ?
ഉത്തരം
ഓർത്തോപീഡിക് റിഹാബിലിറ്റേഷൻ സർജറിയിൽ വിദഗ്ധരായ ഡോക്‌ടർമാർ പോളിയോ ബാധിച്ച അവയവങ്ങൾ ശരിയാക്കുവാൻ പലതരം ശസ്ത്രക്രിയകൾ ചെയ്യുന്നുണ്ട്. അതിൽ റഷ്യൻ സർജൻ എലിസ്‌റോവ് വികസിപ്പിച്ചെടുത്ത മാർഗ്ഗത്തിലൂടെ നടത്തപ്പെടുന്ന ശസ്ത്രക്രിയയും ഉൾപ്പെടും. എന്നാൽ വ്യക്തിയുടെ ആരോഗ്യസ്‌ഥിതിയുടെ അടിസ്ഥാനത്തിലാണ് ഏത് സർജറി വേണമെന്ന് നിർണയിക്കുക.
കുട്ടിക്കാലത്തുണ്ടാവുന്ന പോളിയോ മൂലം പേശികൾ മാത്രമല്ല ദുർബ്ബലമാകുന്നത്. ആ അവയവത്തിലെ എല്ലുകളുടെ വികാസവും ശരിയായി നടക്കാതെ വരുന്നു. ക്രമേണ ഇത് കാൽ, മുട്ട്, തുട, നട്ടെല്ല് ഭാഗങ്ങളെ പ്രതികൂലമായി ബാധിക്കുന്നു. ഈവക പ്രശ്നങ്ങൾ മുഴുവനും അവലോകനം നടത്തിയ ശേഷം മാത്രമേ രോഗിയുടെ വൈകല്യത്തെ എങ്ങനെ മറികടക്കാമെന്നതിനെക്കുറിച്ച് ആലോചിക്കാനാവൂ. അതുകൊണ്ട് ഏതെങ്കിലും നല്ല ഓർത്തോപീഡിക് അല്ലെങ്കിൽ റിഹാബിലിറ്റേഷൻ സർജനെ കണ്ട് പരിശോധന നടത്തിയശേഷം ശസ്ത്രക്രിയയെക്കുറിച്ച് വിശദമായി ചോദിച്ചു മനസ്സിലാക്കുക.
അവിവാഹിതയായ സഹപ്രവർത്തകയോട് ആകർഷണം തോന്നിയത് സ്വാഭാവികമാണ്. പക്ഷേ, അവർക്ക് നിങ്ങളോടുള്ള പെരുമാറ്റത്തിൽ അസാധാരണമായി ഒന്നുമില്ലെന്നാണ് അറിയാൻ കഴിയുന്നത്. നിങ്ങളോട് അവർക്കിഷ്ടമുണ്ടായിരുന്നുവെങ്കിൽ മോശമായി പെരുമാറുമായിരുന്നില്ല. നിങ്ങൾക്ക് അവരോട് കാര്യം തുറന്നുചോദിക്കാം. പ്രതികരണം പ്രതികുലമായാൽ സാരമാക്കരുത്.
വൈകല്യമുണ്ടായിട്ടുകൂടി ആരേയും ആശ്രയിക്കാതെ മാന്യമായി ജീവിതം നയിക്കുന്നത് വലിയൊരു നേട്ടമല്ലേ. ഈ നേട്ടമാണ് നിങ്ങളുടെ ജീവിതത്തിന് എല്ലാവിധ നന്മകളും ഐശ്വര്യവും ആഹ്ളാദവുമൊക്കെ കൊണ്ടുവരിക. നിങ്ങളെ മനസ്സിലാക്കാനും ഉൾക്കൊള്ളാനും കഴിയുന്ന ഒരു പങ്കാളിയോടൊത്തു വേണം നിങ്ങൾ ജീവിതം നയിക്കാൻ.
ചോദ്യം
25 വയസ്സുള്ള വിവാഹിതയാണ് ഞാൻ. വിവാഹം കഴിഞ്ഞിട്ട് മൂന്നുവർഷമായി. ഇതേവരെ ഗർഭിണിയായില്ല. പല ഡോക്‌ടർമാരെ കണ്ട് യാതൊരു പ്രയോജനവുമുണ്ടായില്ല. എന്‍റെ അണ്ഡാശയത്തിൽ സിസ്‌റ്റ് ഉണ്ടെന്നാണ് പരിശോധന നടത്തിയ ഡോക്‌ടർ പറയുന്നത്. അതുകൊണ്ട് അണ്ഡവിസർജ്ജനം നടക്കുന്നില്ലത്രേ. എത്രയും, പെട്ടെന്ന് ലാപ്രോസ്കോപ്പി ശസ്ത്രക്രിയ ചെയ്ത‌് സിസ്‌റ്റ് പങ്ചർ ചെയ്യണമെന്നാണ് ഡോക്ടർ പറയുന്നത്. എന്നാൽ എനിക്ക് പോളിസിസ്‌റ്റിക് ഓവറി പ്രശ്നമില്ലെന്ന് മറ്റ് ഡോക്ടർമാർ പറയുന്നു. സിസ്റ്റിന് 10 മില്ലീമീറ്ററിൽ താഴെ മാത്രമേ വലുപ്പമുള്ളൂവെന്നും ലാപ്രോസ്കോപ്പി ചെയ്യേണ്ട എന്നുമാണ് അവർ പറയുന്നത്.
ഉത്തരം
വ്യത്യസ്ത അഭിപ്രായങ്ങളുള്ള സ്‌ഥിതിക്ക് ഏതെങ്കിലും മികച്ച ഇൻഫെർട്ടിലിറ്റി ക്ലിനിക്കിൽ ചികിത്സ തേടുന്നതാവും മെച്ചം. പോളിസിസ്റ്റിക് ഓവറീസ് ഉണ്ടെന്നു സംശയമുള്ള സ്‌ഥിതിക്ക് നിങ്ങൾ വിശദമായ ഹോർമോൺ പരിശോധന നടത്തുന്നത് ഉചിതമായിരിക്കും.
പോളിസിസ്‌റ്റിക് ഓവറിസ് ഒരു പ്രത്യേകതരം ഹോർമോൺ പ്രശ്നമാണ്. അണ്ഡ വിസർജ്ജന പ്രക്രിയയെ അത് ബാധിക്കും. ഇക്കാരണത്താൽ ഗർഭധാരണം നടക്കാതെ വരാം. പെൽവിക് അൾട്രാസൗണ്ട് പരിശോധനയിലൂടെ മാത്രമേ ഓവറിക്കകത്തെ നിജസ്‌ഥിതി അറിയാൻ കഴിയുകയുള്ളു. മാത്രമല്ല, പരിശോധനാഫലത്തിന് കൂടുതൽ വ്യക്‌തത ലഭിക്കണമെങ്കിൽ ഹോർമോൺ പരിശോധനയും നടത്തേണ്ടി വരാം. രക്തത്തിൽ ല്യൂട്ടനൈസിംഗ് ഹോർമോണി (എൽഎച്ച്) എന്‍റെ അളവ് വർദ്ധിക്കുകയും ഫോളിക്കിൾ സ്‌റ്റിമുലേറ്റിംഗ് ഹോർമോണിന്‍റെ (എഫ്എസ്എച്ച്) നില കുറയുകയും ചെയ്താൽ ഈസ്ട്രജന്‍റെയും ആൻഡ്രോജന്‍റെയും ഉല്പാദനം താറുമാറാകും. അണ്ഡാശയത്തിൽ സിസ്‌റ്റിന്‍റെ വലുപ്പം 10 മില്ലിമീറ്ററിൽ അധികമായാൽ മാത്രമേ പോളിസിസ്‌റ്റിക് ഓവറീസാണെന്ന് പറയാൻ കഴിയുയെന്ന നിഗമനവും ശരിയല്ല. പോളിസിസ്റ്റിക് ഓവറീസുള്ളവരിൽ ഓരോ അണ്ഡാശയത്തിലും അഞ്ചിലധികം മുഴകൾ കാണപ്പെടാം. അവയുടെ ആകാരം 5 മുതൽ 8 മില്ലി മീറ്ററിന് ഇടയിലായിരിക്കും. അണ്ഡാശയത്തിനകത്ത് വശങ്ങളിലായി വിതറിയിട്ടതു പോലെയായിരിക്കും ഈ മുഴകൾ. പല ഡോക്ടർമാരെ കാണുന്നതിനുപകരം ഏതെങ്കിലും ഒരു വിദഗ്‌ധ ഡോക്ടറുടെ കീഴിൽ ചികിത്സ ചെയ്യുന്നതാണ് നല്ലത്.
ചോദ്യം
എന്‍റെ മകന് 16 വയസ്സുണ്ട്. അവന്‍റെ മാറിടം സ്ത്രീകളുടേതുപോലെയാണ്. ഞാനവനെ ഒരു ഡോക്ടറെ കാണിച്ചിരുന്നു. അദ്ദേഹം ഇതിനെ ‘ഗൈനേകൊമസ്‌റ്റിയ’ എന്നാണ് പറയുന്നത്. മാത്രമല്ല ഒരു വിദഗ്‌ധ സർജനെക്കൊണ്ട് ലിപ്പോസക്‌ഷൻ സർജറി ചെയ്യാനും നിർദ്ദേശിച്ചിരിക്കുകയാണ്. എന്തു കാരണത്താലാണ് ഈ രോഗ മുണ്ടാവുന്നത്? ഇതിന് ഫലപ്രദമായ ചികിത്സയുണ്ടോ?
ഉത്തരം
കൗമാരത്തിൽ നിന്നും യൗവനത്തിലേക്ക് കടക്കുന്ന പ്രത്യേക ഘട്ടത്തിൽ ഓരോ പുരുഷന്‍റെയും ശരീരത്തിൽ പുരുഷ ഹോർമോണിനൊപ്പം സ്ത്രീഹോർമോണുകളും ഉല്പാദിപ്പിക്കപ്പെടാം. എന്നാൽ ചിലരിൽ സ്ത്രീ ഹോർമോണുകൾ അധിക അളവിൽ ഉണ്ടാവാം. ഇതിന്‍റെ ഫലമായി അവരുടെ സ്‌തനങ്ങളിൽ കോശങ്ങൾ കൂടുതലായി രൂപപ്പെടുന്നു. ഈ പ്രശ്നം താനേ മാറുന്നതായി കാണാം. എന്നാൽ ഇത് തനിയേ മാറാത്തവരിൽ ഒരു ചെറിയ ഓപ്പറേഷൻ നടത്തി സ്‌തനകലകളെ നീക്കം ചെയ്തത് സാധാരണ നിലയിലാക്കേണ്ടി വരും. ലിപ്പോസക്‌ഷൻ ഓപ്പറേഷൻ ഇതിനുള്ള പ്രതിവിധിയല്ല.