ജീവിത രീതിയെത്തന്നെ സ്വാധീനിക്കുന്ന ഒരു രോഗമാണ് പ്രമേഹം. ഇന്ത്യയിൽ ഇപ്പോൾ 4.5 കോടി പ്രമേഹ രോഗികളുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ഭക്ഷണരീതി, വർദ്ധിച്ച കൊഴുപ്പ്, മധുരം, ഉപ്പ്, പുളി എന്നിവയുടെ അമിതോപയോഗം, മദ്യപാനം, അലസത, മാനസിക പിരിമുറുക്കം, വ്യായാമത്തിന്‍റെ അഭാവം എന്നിവയാണ് പ്രമേഹ രോഗത്തിനുള്ള കാരണങ്ങൾ. ഇന്ത്യയിൽ പ്രമേഹരോഗികളുടെ എണ്ണം ദിനംപ്രതി കുടി വരികയാണ്. മെറ്റബോളിസവുമായി ബന്ധപ്പെട്ട രോഗമാണ് പ്രമേഹം. കാർബോഹൈഡ്രേറ്റിന്‍റെയും ഗ്ലൂക്കോസിന്‍റെയും ഓക്സീകരണം ഈ അവസ്‌ഥയിൽ പൂർണ്ണരൂപത്തിൽ നടക്കുകയില്ല. ഇൻസുലിന്‍റെ അളവിലുണ്ടാകുന്ന കുറവാണ് ഇതിന് കാരണമാകുന്നത്.
ശരീരത്തിൽ ഇൻസുലിൻ ഉല്പാദിപ്പിക്കുന്നത് പാൻക്രിയാസ് ഗ്രന്ഥിയാണ്. ശരീരത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് കൂടുകയോ കുറയുകയോ ചെയ്യുന്നത് പ്രമേഹ സാധ്യത കൂട്ടും. ശരിയായ ഭക്ഷണ രീതിയിലൂടെയും വ്യായാമത്തിലൂടെയും മരുന്നിലൂടെയും ഈ പ്രശ്നം പരിഹരിക്കാം.
പ്രായം, തൂക്കം, ലിംഗം, ദിനചര്യ എന്നിവയെ അടിസ്ഥാനമാക്കി ഭക്ഷണ കാര്യങ്ങൾ ചിട്ടപ്പെടുത്താം. പ്രമേഹ രോഗിക്കുള്ള ഭക്ഷണ ചിട്ടകളാണ് ചുവടെ കൊടുത്തിരിക്കുന്നത്. ഭക്ഷണ സമയത്തിനും അളവിനും പ്രാധാന്യം നല്‌കണം. മറ്റു ചില മുൻകരുതലുകളും കർശനമായി പാലിക്കണം.
- ധാന്യങ്ങളും പരിപ്പിനങ്ങളും നിശ്തിത അളവിലേ കഴിക്കാവു.
- ഭക്ഷണം പാകം ചെയ്യുന്നതിന് കുറഞ്ഞ അളവിൽ എണ്ണ ഉപയോഗിക്കുക. സൺഫ്ളവർ, വെളിച്ചെണ്ണ, സോയാബീൻ എന്നിവയിലേതെങ്കിലുമൊന്ന് ഉപയോഗിക്കാൻ ശ്രദ്ധിക്കുക.
- ഒരു ദിവസം മൂന്ന് സ്‌പൂണിൽ കൂടു തൽ എണ്ണ ഉപയോഗിക്കരുത്.
- കോഴിയിറച്ചി, മത്സ്യം എന്നിവ ആഴ്ച യിൽ രണ്ടുമൂന്ന് തവണ 50-60 ഗ്രാം അളവിൽ കഴിക്കാം.
- പുഴുങ്ങിയ മുട്ടയുടെ വെള്ള കഴിക്കാം.
- പപ്പായ, ഓറഞ്ച്, മുസംബി, പേരയ്ക്ക, ആപ്പിൾ, പൈനാപ്പിൾ, തണ്ണിമത്തൻ, എന്നിവ ദിവസവും 100 ഗ്രാം കഴിക്കാം.
- കാരറ്റ്, ഗ്രീൻപീസ്, ബീറ്റ്റൂട്ട് എന്നീ പച്ചക്കറികൾ കഴിക്കാം.
- പാലുല്പന്നങ്ങളോ ക്രീം നീക്കം ചെയ്‌ത പാലോ മാത്രം ഉപയോഗിക്കുക.
- കരിക്കിൻ വെള്ളം, തക്കാളി, ജ്യൂസ്, എന്നിവ നിശ്ചിത അളവിൽ കഴിക്കാം.
- ബദാം കഴിക്കാം.
ഒഴിവാക്കേണ്ട ഭക്ഷ്യവസ്തുക്കൾ
- വെണ്ണ, നാടൻനെയ്യ്, വനസ്‌പതി.
- എണ്ണപ്പലഹാരങ്ങളായ ഉണ്ണിയപ്പം, നെയ്യപ്പം, സമോസ, പുരി, പൊറോട്ട, പക്കാവട, ഫാസ്‌റ്റ് ഫുഡുകൾ.
- ബേക്കറി പലഹാരങ്ങളായ പേസ്ട്രി, വെണ്ണയും നെയ്യും ചേർത്ത കേക്ക്.
- പഞ്ചസാര, ജാം, ജെല്ലി, ചോക്കളേറ്റുകൾ, ലഡ്‌ഡു, ബർഫി, പായസം, ഐസ്ക്രീം.
- അന്നജമടങ്ങിയ ഭക്ഷ്യവസ്‌തുക്കളായ കോൺഫ്ളവർ, കസ്റ്റാർഡ്, ആരോറൂട്ട്, അരി.
- ഹൈ കലോറി പഴങ്ങളായ വാഴപ്പഴം, മാമ്പഴം, മുന്തിരി, കസ്‌റ്റാർഡ് ആപ്പിൾ.
- ഉരുളക്കിഴങ്ങ്, മധുരക്കിഴങ്ങ്, ചേന.
- മിൽക്ക് ഷേയ്ക്ക്, ഫ്രൂട്ട് ജ്യൂസ്, കാർബണേറ്റഡ് ഡ്രിങ്ക്‌സ്.
- മാൾട്ടഡ് ഭക്ഷ്യവസ്‌തുക്കളായ ബൂസ്‌റ്റ്, ബോൺവിറ്റ.
- ഡ്രൈഫ്രൂട്ടുകളായ കശുവണ്ടി, കിസ്‌മിസ്.
- മുട്ടയുടെ മഞ്ഞക്കരു, അമിതമായി വെന്ത ഇറച്ചി.
- ക്രീം, പനീർ.
- ധാരാളം എണ്ണ ചേർത്ത അച്ചാർ.
- ടിന്നിലടച്ച ഭക്ഷ്യവസ്‌തുക്കളായ സോസ്, പിസ്സാ, കണ്ടൻസ്‌ഡ് മിൽക്ക്, ടിന്നിലടച്ച പഴങ്ങൾ.
പാലിക്കേണ്ടവ
- ഡയറ്റിംഗ് പാടില്ല, ഭക്ഷണം അമിതമായി കഴിക്കുന്നതും ഒഴിവാക്കുക.
- രണ്ടുമൂന്ന് മണിക്കൂർ ഇടവിട്ട് ഭക്ഷണം ചെറിയ അളവിൽ കഴിക്കാം.
- പിരിമുറുക്കമകന്ന മനസ്സായിരിക്കണം. സംഗീതം, നൃത്തം, സ്പോർട്‌സ്, ഗാർഡനിംഗ് എന്നിവയിൽ മുഴുകാം.
- ലഘു വ്യായാമങ്ങളിലേർപ്പെടാം.
വിശക്കുമ്പോൾ എന്ത് കഴിക്കാം?
- പാകം ചെയ്യാത്ത പച്ചക്കറികളുടേയും പുഴുങ്ങിയ പച്ചക്കറികളുടേയും സലാഡുകൾ. ഉദാ: തക്കാളി, പിഞ്ചു വെള്ളരിക്ക, പച്ചനിറമുള്ള ചീരകൾ, കാബേജ്, മത്തങ്ങ.
- സൂപ്പ്, നാരങ്ങാവെള്ളം, മോര്, വെജിറ്റബിൾ ജ്യൂസ്.
- കടലമാവ്, ഗോതമ്പ് മാവ്, ബാർലി എന്നിവ ഒരുമിച്ച് കുഴച്ച് തയ്യാറാക്കിയ റൊട്ടി.
- 12 പീസ് ബദാം.
- തൊലിയുള്ള പരിപ്പ്, ബാർലി എന്നിവ ഒരു വട്ടം കഴുകി പാകം ചെയ്യുക. മുളപ്പിച്ച ധാന്യങ്ങൾ അവശ്യം കഴിച്ചിരിക്കണം.
മറ്റു ചില കാര്യങ്ങൾ
- ദിവസവും ഒരു മണിക്കൂർ നേരം വേഗത്തിൽ നടക്കുക.
- 10-12 ഗ്ലാസ് വെള്ളം ദിവസവും കുടിച്ചിരിക്കണം.
- ചെറിയ ചെറിയ ഇടവേളകളിൽ എന്തെങ്കിലും ഭക്ഷ്യവസ്‌തുക്കൾ കുറഞ്ഞയളവിൽ കഴിക്കാം.
- ദിവസവും മുന്ന് നാല് സ്‌പൂൺ റിഫൈൻഡ് എണ്ണ ഉപയോഗിക്കാം.
- കൂടുതലും നാരുകളുള്ള ഭക്ഷ്യവസ്തുക്കൾ കഴിക്കാൻ ശ്രമിക്കുക. രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് സന്തുലിതമായി നിലനിർത്താനാകും.