ഏകദേശം 12 വർഷം മുമ്പ് ബീഹാറിലെ റോഹ്‌താസ് ജില്ലയിലെ ഹുർക്ക ഗ്രാമത്തിൽ നിന്നും കൊച്ചിയിലേക്ക് ചേക്കേറിയതാണ് കൊച്ചുമിടുക്കൻ ആര്യൻ ഠാക്കൂറിന്‍റെ കുടുംബം. വർഷങ്ങൾ ഏറെയായിട്ടും അച്‌ഛൻ സനോജ് കുമാറിനും അമ്മ ഡിംപിളിനും മലയാളം അത്ര വഴങ്ങിയിട്ടില്ല. ആശയ വിനിമയമൊക്കെ ഇപ്പോഴും ഹിന്ദിയിൽ തന്നെ. എന്നാൽ അവരുടെ 13കാരൻ മകൻ ആര്യന് മലയാളം നന്നായി എഴുതാനും വായിക്കാനും അറിയാം. കൊച്ചി സെന്‍റ് ആൽബർട്സ് സ്ക്കൂളിൽ 8-ാം ക്ലാസ് വിദ്യാർത്ഥിയാണ് ആര്യനിപ്പോൾ. എറണാകുളം ശ്രീ രുദ്രവിലാസം യൂപി സ്‌കൂളിൽ 7-ാം ക്ലാസിൽ പഠിച്ചുകൊണ്ടിരുന്നപ്പോഴാണ് ആര്യൻ മലയാളത്തിൽ നിന്നും ഹിന്ദിയിലേക്ക് ഒരു മലയാള ചെറുകഥ വിവർത്തനം ചെയ്യുന്നത്. എഴുത്തുകാരി പ്രിയ എ എസിന്‍റെ ബാലകഥാ സമാഹാരത്തിലെ “ഉള്ളിത്തീയലും ഒമ്പതിന്‍റെ പട്ടികയു”മാണ് ആര്യൻ 19 പേജുളള വിവർത്തന കൃതിയാക്കുന്നത്.

ബഡിംഗ് റൈറ്റർ

സ്ക്‌കൂളിൽ ബഡിംഗ് റൈറ്റേഴ്‌സ് എന്ന പ്രൊജക്ടിന്‍റെ ഭാഗമായാണ് ആര്യൻ കഥ വിവർത്തനം ചെയ്‌തത്. സ്ക്കൂളിലെ ഹിന്ദി അധ്യാപികയായ ജ്യോതിബാല ടീച്ചറുടെ നിരന്തരമായ പ്രേരണയാലായിരുന്നു അത്. കഥയിലെ അൽപം നീണ്ട മലയാള വാചകങ്ങൾ കൊച്ചു വിവർത്തകനെ അൽപം കുഴക്കിയിരുന്നു. അതുപോലെ ചില മലയാള പദങ്ങളുടെ ഹിന്ദി അർത്ഥങ്ങൾ കണ്ടുപിടിക്കാനും. എന്നാൽ ജ്യോതിബാല ടീച്ചറുടെ പിന്തുണയോടെ ആ പ്രശ്‌നങ്ങളെ ആര്യൻ മറികടന്നു. ആര്യന് മനസിലാവാത്ത വാക്കുകളുടെ അർത്ഥം ടീച്ചർ ആര്യന് പറഞ്ഞു കൊടുത്തിരുന്നു. ഒപ്പം അമ്മ ഡിംപിളിന്‍റെ പിന്തുണയും. വേനലവധിക്കാലത്തായിരുന്നു വിവർത്തനം. കഴിഞ്ഞ ജൂലൈയിൽ പുസ്ത‌കത്തിന്‍റെ ഹിന്ദി വിവർത്തനമായ “പ്യാജ് കാ കഠി ഔർ നൗ കി പഹാടാ”യുടെ പുസ്‌തക പ്രകാശന ചടങ്ങിൽ എത്തിയ കഥാകാരി പ്രിയ എ എസ് കുട്ടി വിവർത്തകനെ നേരിൽ കണ്ട് അഭിനന്ദിച്ചു. കൊച്ചു സാഹിത്യകാരനെ ചേർത്ത് നിർത്തിയ എഴുത്തുകാരിയ്ക്ക് സന്തോഷകരമായ മുഹൂർത്തമായിരുന്നു. അത്. അതോടെ ആര്യൻ സ്‌കൂളിലെ താരമായി. “ആര്യൻ വളരെ നന്നായി തന്നെയാണ് വിവർത്തനം ചെയ്തത്. ചിലയിടങ്ങളിൽ മാത്രമാണ് ആശയകുഴപ്പമുണ്ടായിരുന്നത്” എന്നാണ് പ്രധാനാധ്യാപികയായ ടി പി സിന്ധു പറയുന്നത്.

പഠനത്തിലും മിടുക്കനാണ് ആര്യൻ. മലയാളം വായിക്കാനും എഴുതാനും സംസാരിക്കാനും അറിയാവുന്നതു കൊണ്ടാണ് ആര്യനിൽ ഈ ദൗത്യം എത്തിച്ചേരുന്നത്. ഒരു മാസമെടുത്തായിരുന്നു വിവർത്തനം.

വിവർത്തനം പുസ്‌തക രൂപത്തിലേക്ക്

“സ്‌കൂൾ വാർഷികത്തിൽ വിവർത്തനം ചെയ്ത‌ ഷീറ്റുകൾ പ്രദർശി പ്പിച്ചിരുന്നു. അങ്ങനെയാണ് അത് പുസ്ത‌കമായി അച്ചടിക്കാമെന്ന ആശയം ഞങ്ങൾക്ക് തോന്നിയത്.” രുദ്രവിലാസം യുപി സ്ക്‌കൂൾ ഹെഡ്‌മിസ് ട്രസ്സ് ടി പി സിന്ധു പറയുന്നു.

“ചെറിയ തിരുത്തലുകൾ മാത്രമാണ് വരുത്തിയത്. ഓരോ ദിവസവും ഓരോ പേജെങ്കിലും വിവർത്തനം ചെയ്യാൻ ജ്യോതിബാല ടീച്ചർ നിരന്തരം പ്രേരിപ്പിച്ചിരുന്നു.” ആര്യൻ പറയുന്നു. “സ്ക്കൂൾ വിട്ടുവന്ന് വൈകുന്നേരം പഠനമൊക്കെ കഴിഞ്ഞുള്ള സമയത്തായിരുന്നു കഥാ വിവർത്തനം. ഓരോ പേജ് വച്ച് ആണ് വിവർത്തനം ചെയ്ത‌ിരുന്നത്. ഹിന്ദി സംസാരിക്കുന്ന കുട്ടികൾക്ക് കഥ വായിച്ച് രസിക്കാൻ കഴിയുമല്ലോ” കൊച്ചു ആര്യൻ പറയുന്നു.

പുസ്ത‌കം പ്രസിദ്ധീകരിക്കുന്നതിന് മുമ്പായി രചയിതാവായ പ്രിയ എ എസിന്‍റെ അനുമതി നേടിയിരുന്നു. തന്‍റെ ഈ ഉദ്യമത്തിൽ കഥാകാരി ഏറെ സന്തോഷം പ്രകടിപ്പിക്കുകയാണുണ്ടായതെന്നാണ് ആര്യൻ പറയുന്നത്. എല്ലാ അവാർഡുകളേക്കാൾ വിലമതിക്കുന്ന ഒന്നാണ് ഈ പരിഭാഷയെന്നായിരുന്നു പ്രിയ എ എസിന്‍റെ ആഭിപ്രായം. അവധിക്കാലത്ത് ഇതുപോലെയുള്ള സർഗ്ഗാത്മകമായ പ്രവർത്തനങ്ങളിൽ ഏർപ്പെടാനാണ് ആര്യന് താൽപര്യം.

और कहानियां पढ़ने के लिए क्लिक करें...