നിങ്ങൾ ഭക്ഷണപ്രിയനോ, പ്രകൃതി സ്നേഹിയോ ആണോ? എങ്കിൽ കുമരകത്തേയ്ക്ക് പോകാം. പുഴമത്സ്യങ്ങളുടെ രുചിയും കായലിന്‍റെ ഭംഗിയും കാടിന്‍റെ കുളിർമ്മയും കുമരകം നിങ്ങളെ അനുഭവിപ്പിയ്ക്കും. കേരളത്തിലെ ഏറ്റവും മനോഹരമായ ജൈവാവസ്ഥ കുമരകത്താണ്. കുമരകത്തിന് പകരം നിൽക്കാൻ കുമരകം മാത്രം! പ്രകൃതി തന്‍റെ ഹ്യദയം തുറക്കുന്ന സ്ഥലമാണ് ഇവിടം എന്നു തോന്നും. ഇനി അധികം ആലോചിക്കേണ്ട. വണ്ടി കുമരകത്തേക്ക് വിടാം… അരുവികൾ തോടുകൾ, കനാലുകൾ, കണ്ടൽകാടുകൾ, കൃഷിയിടങ്ങൾ അവധി ദിനങ്ങൾ കുടുംബാംഗങ്ങളോടൊപ്പം ചെലവഴിക്കാനാഗ്രഹിക്കുന്നവർക്ക് കുമരകം ഏറ്റവും അനുയോജ്യമാണ്. ഏറെ സാമ്പത്തിക ബാദ്ധ്യതകളില്ലാതെ തന്നെ ട്രിപ്പ് അടിച്ചു പൊളിക്കാം. കേരളത്തിലെത്തുന്ന വിദേശ സഞ്ചാരികളും കുമരകം കാഴ്ചകൾ ഒഴിവാക്കാറില്ല.

കുമരകം യാത്രയിലുടനീളം വ്യത്യസ്ത ഇനങ്ങളിലുള്ള അത്യപൂർവ്വമായ ചെടികളും പുഷ്പലതാദികളും കാണുവാൻ സാധിക്കും. വിവിധയിനം ജലജീവികൾ, ദേശാടനക്കിളികൾ എന്നിവയുടെ ആവാസകേന്ദ്രവുമാണ് കുമരകം. ബോട്ട് യാത്ര, മീൻ പിടിത്തം, വള്ളം തുഴയൽ, നീന്തൽ എന്നിവ നടത്തണമെന്നുണ്ടോ? കരിമീൻ, കൊഞ്ച്, ഞണ്ട്, ചെമ്മീൻ എന്നിങ്ങനെയുള്ള കായൽ വിഭവങ്ങൾ ആസ്വദിക്കണമെന്നുണ്ടോ? കുമരകം നിങ്ങളെ നിരാശരാക്കില്ല.

ഭൂപ്രകൃതി

കോട്ടയം ആലപ്പുഴ ജില്ലകളുമായി ബന്ധപ്പെട്ടു കിടക്കുന്ന കുമരകം നെല്ലിന്‍റെ കലവറയായ കുട്ടനാടിന്‍റെ ഒരു ഭാഗം തന്നെയാണെന്ന് പറയാം. ഇവിടത്തെ കൃഷികളെല്ലാം കായൽ നിരപ്പിലാണ്. ശാന്തമായ അന്തരീക്ഷവും ശുദ്ധമായ വായുവും ശീതള കാലാവസ്ഥയും സാധാരണക്കാരായ ആളുകളുമെല്ലാം ഈ പ്രദേശത്തിന്‍റെ പ്രത്യേകതയാണ്. അങ്ങനെ ഗ്രാമീണ ടൂറിസത്തിന്‍റെ ഉത്തമ മാതൃകയാവുന്നു കുമരകം.

കവണാർ വേമ്പനാട്ടുകായലുമായി ഒത്തു ചേരുന്ന ദൃശ്യഭംഗി നിറഞ്ഞ പ്രദേശമാണിത്. കോട്ടയം താലൂക്കിലെ കുമരകം നോർത്ത്, ഈസ്‌റ്റ്, വെസ്‌റ്റ്, സൗത്ത് വാർഡുകൾ ഉൾക്കൊള്ളുന്ന വില്ലേജിന് 51.65 ച.കി.മീ വിസ്ത്യതിയുണ്ട്. ചെറിയ കൈത്തോടുകൾ, ചതുപ്പുനിലങ്ങൾ, തെങ്ങിൻ തോപ്പുകൾ, പശപ്പരുത്തി മരങ്ങൾ, റബർ മരങ്ങൾ എന്നിവയൊക്കെ ഇടതിങ്ങി നിറഞ്ഞ പ്രദേശമാണിത്. കണ്ടൽകാടുകളുടെ സമ്പന്നമായ പച്ചപ്പും ഇവിടെയുണ്ട്. അനുഗ്രഹിക്കപ്പെട്ട പ്രകൃതിയാണ് മറ്റു പ്രദേശങ്ങളിൽ നിന്ന് കുമരകത്തെ വേറിട്ടതാക്കുന്നത്.

പക്ഷിസങ്കേതം

വർഷങ്ങൾക്കുമുമ്പ് മിഷണറി പ്രവർത്തനങ്ങൾക്കായി കേരളത്തിലെത്തിയ ഫാ. ബെഞ്ചമിൻ ബെയ്ലിയോടൊപ്പം വന്ന ബേക്കർ സായ്പ് കുമരകത്ത് കുറച്ച് സ്ഥലം വിലയ്ക്കുവാങ്ങിയിരുന്നു. ഇവിടം പിന്നീട് ഒരു എസ്റ്റേറ്റായി മാറുകയാണ് ചെയ്തത്. ഈ ഭാഗത്ത് അപൂർവ്വമായ പല പക്ഷികളെയും കണ്ടെത്തിയതിനെ തുടർന്ന് അദ്ദേഹം 14 ഏക്കറോളം സ്ഥലം പക്ഷി സംരക്ഷണത്തിനായി നീക്കി വെച്ചു. ശാന്തത നിറഞ്ഞ കായൽ തീരത്തുള്ള ഈ പ്രദേശം പക്ഷികളുടെ വിഹാരകേന്ദ്രമായി മാറി. ഇന്ന് കുമരകം പക്ഷിസങ്കേതം കേരളത്തിലെ പ്രധാന ആകർഷണകേന്ദ്രമാണ്. സങ്കേതത്തിൽ നൂറിലധികം ഇനങ്ങളിലുള്ള അത്യപൂർവ്വമായ പക്ഷിവർഗ്ഗങ്ങൾ കൂടു കൂട്ടി ചേക്കേറിയിരിക്കുന്നു.

പെലിക്കൻ വിഭാഗത്തിലുള്ള നീർകാക്കകൾ, ചേരക്കോഴികൾ, നെയ്‌ക്കോഴികൾ, പാതിരാകൊക്കുകൾ, കാട്ടുതാറാവുകൾ, വെള്ളകൊക്കുകൾ എന്നിവയൊക്കെ ഇവിടെ കാണാം. കാലമുണ്ടി, ചിന്നമുണ്ടി, ചാരമുണ്ടി, കുളകൊക്ക്, കരിതപ്പി മുതലായ പക്ഷിവർഗ്ഗങ്ങളും ഇവിടെ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. സൈബീരിയ, ഹിമാലയം എന്നിവിടങ്ങളിൽ കാണപ്പെടുന്ന പക്ഷികളും തത്ത, എരണ്ട, വാനമ്പാടി, പൊൻമാൻ, മരംകൊത്തി എന്നിവയും പ്രത്യേക സീസണുകളിൽ ഇവിടെ ധാരാളമായി എത്തുന്നു. രണ്ടായിരത്തിലധികം വരുന്ന പാതിരാകൊക്കുകൾ ഇവിടെ യഥേഷ്‌ടം വിഹരിക്കുന്നു.

കുമരകം ടൂറിസ്‌റ്റ് കേന്ദ്രം പക്ഷിനിരീക്ഷകരുടെ താവളമാണ്. ജൂൺ മുതൽ ആഗസ്‌റ്റ് വരെയാണ് സന്ദർശന സീസൺ. നവംബർ മുതൽ ഫെബ്രുവരി വരെയാണ് ദേശാടനപക്ഷികളെ കാണാനാവുക. രാവിലെ പത്തുമുതൽ വൈകിട്ട് ആറു വരെയാണ് പക്ഷിസങ്കേതത്തിലേക്കുള്ള പ്രവേശനം.

ജലയാത്ര

കേരളത്തിലെ ഏറ്റവും ആനന്ദകരമായ ബോട്ടുയാത്ര നടത്തണമെങ്കിൽ കുമരകത്ത് തന്നെ വരണം. പക്ഷിസങ്കേതത്തിന് സമീപത്തുകൂടി കാഴ്‌ചകൾ കാണാൻ സൗകര്യം ലഭിക്കും. ഹൗസ് ബോട്ടിലെ യാത്ര ആനന്ദകരവുമാണ്. യാത്രക്കാർക്ക് ആവശ്യമായ സുഖസൗകര്യങ്ങൾ ഇതിൽ സജ്‌ജീകരിച്ചിട്ടുണ്ട്. താമസത്തിനുള്ള മുറികൾ, ബാത്ത് റൂം, അടുക്കള, ബാൽക്കണി എന്നിവയെല്ലാം ഇതിലുണ്ട്. വ്യത്യസ്‌ത വാടകയിലുള്ള ബോട്ടുകൾ സഞ്ചാരികൾക്ക് പ്രയോജനപ്പെടുത്താം. നാടൻ കെട്ടുവള്ളങ്ങളും സർവീസ് നടത്തുന്നുണ്ട്. ഇവിടുത്തെ തൊഴിലാളികളുടെ ഉപജീവന മാർഗ്ഗങ്ങളിലൊന്നായ മീൻ പിടിത്തവും ജലയാത്രയിലൂടെ അടുത്തറിയാം.

സുഖകരമായ അന്തരീക്ഷം

ഏതു സീസണിലും കുമരകം സന്ദർശിക്കാമെന്നത് സഞ്ചാരികളെ ഇവിടേയ്ക്ക് ആകർഷിക്കുന്നു. സുഖശീതളമായ തണുത്ത കാറ്റ് ഇവിടുത്തെ പ്രത്യേകതയാണ്.16:10 ഡിഗ്രി മുതൽ 32:80 ഡിഗ്രി സെൽഷ്യസ് വരെയാണ് താപനില ഇത് ഓരോ സീസണിലും വ്യത്യാസപ്പെട്ടിരിക്കും. ജുൺ മുതൽ ആഗസ്‌റ്റ് വരെയാണ് മൺസൂൺ സീസൺ.

മ്യൂസിയം

ബ്രിട്ടീഷ് മിഷണറിയായ ബേക്കർ വസിച്ചിരുന്ന ബംഗ്ലാവ് ഒരു മ്യൂസിയമായി നിലനിർത്തിയിരിക്കുകയാണ്. ഇതിന് 60 വർഷത്തിലധികം പഴക്കമുണ്ട്. പക്ഷിസങ്കേതത്തിന് സമീപത്താണിത്. അപൂർവ്വമായ കരകൗശല വസ്‌തുക്കളും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. ബേക്കറിന്‍റെ നീന്തൽ കുളവും കുതിരാലയവും കാണാൻ കഴിയും. കോളനിവാഴ്‌ചയുടെ സ്മരണകൾ ഉറങ്ങുന്ന സ്‌മാരകം പോലെ മ്യൂസിയം തലയെടുത്തു നിൽക്കുന്നു.

താമസ സൗകര്യം

സഞ്ചാരികൾക്കായി നിരവധി റിസോർട്ടുകളും കെടിഡിസി റെസ്‌റ്റ് ഹൗസും ഹോം സ്‌റ്റേ സൗകര്യങ്ങളും കുമരകത്ത് ലഭ്യമാണ്. ആരോഗ്യപരിപാലനം നടത്തുന്നതിനുള്ള ഹെൽത്ത് സെന്‍ററുകളും പലയിടങ്ങളിലായുണ്ട്. ആയുർവ്വേദ മസാജ്, യോഗ, ധ്യാനം എന്നിവയിലേർപ്പെടുന്നതിനും സൗകര്യം ലഭിക്കും. ഹോം സ്‌റ്റേ സൗകര്യങ്ങളിൽ പരമ്പാരാഗത രീതിയിലുള്ള ഭക്ഷണവും കഴിക്കാം. കരിമീൻ, കൊഞ്ച്, ഞണ്ട്, ചെമ്മീൻ, പലയിനം മത്സ്യങ്ങൾ തുടങ്ങി യ പലവിധ കായൽ വിഭവങ്ങളുടെ കലവറയാണ് ഇവിടം.

എങ്ങനെ എത്താം

കോട്ടയം ആലപ്പുഴ ജില്ലകൾ വഴി കുമരകത്തെത്താം. കോട്ടയം നഗരത്തിൽ നിന്നും 16 കി.മീ റോഡ് മാർഗം സഞ്ചരിച്ച് ഇവിടെയെത്താം. റെയിൽവേ സ്‌റ്റേഷനിൽ ഇറങ്ങിയും യാത്ര തുടരാം. ആലപ്പുഴയിൽ എത്തുന്നവർക്ക് മുഹമ്മ ബോട്ട് ജെട്ടി വഴി കുമരകത്ത് എത്താം. കോഴിക്കോട് നിന്ന് 180 കി.മീ യും തിരുവനന്തപുരത്തു നിന്ന് 175 കി.മീ യും അകലമുണ്ട്. കുമരകത്തു നിന്നും വാഗമൺ, മൂന്നാർ, തേക്കടി, പാതിരാമണൽ എന്നിവിടങ്ങളിലേക്കും വേഗത്തിൽ എത്തിച്ചേരാം. നിരവധി സ്വകാര്യ ട്രാവൽ ഏജൻസികളുടെ സേവനവും ലഭ്യമാണ്.

പ്രത്യേക പരിഗണന

കേരളത്തിലെ പ്രധാന പക്ഷിവളർത്തൽ കേന്ദ്രമെന്ന നിലയിൽ കുമരകത്തിന് സർക്കാർ പ്രത്യേകപരിഗണനയും സംരക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്. ടൂറിസം, കൃഷി എന്നിവയുടെ സമഗ്ര വികസനത്തിനുള്ള പദ്ധതികൾ ആവിഷ്കരിച്ചിരിക്കുന്നു.

और कहानियां पढ़ने के लिए क्लिक करें...