ചെക്കനെക്കൊണ്ട് ഞാൻ തോറ്റു. പോത്തുപോലെ വളർന്നു. എന്നിട്ടെന്താ കാര്യം!” ബെഡ്‌റൂമിൽ താഴെ വീണുകിടക്കുന്ന തലയിണയും കിടക്ക വിരികളും എടുത്തുവച്ചുകൊണ്ട് നിർമ്മല പിറുപിറുത്തു.
ഇത് പുതുമയുള്ള കാര്യമൊന്നുമല്ല. വീട്ടിൽ പതിവായി നടക്കാറുള്ള സംഭവങ്ങളൊക്കെത്തന്നെ നിർമ്മലയുടെ പതിനാലു വയസ്സുകാരൻ മകൻ വിനീതിന് അനുസരണ തീരെയില്ല.
നാലുമണിയാകാറായി. വിനീതും ചിത്രയും ഇപ്പോൾ സ്‌കൂളിൽനിന്നു മടങ്ങിയെത്തും. എത്ര ഒതുക്കിവച്ചിട്ടെന്താ. വന്നു കേറുമ്പോൾ തുടങ്ങും അലങ്കോലമാക്കൽ. വിനീത് വന്നപാടെ ബാഗ് കിടക്കയിലേക്ക് വലിച്ചെറിഞ്ഞു. യൂണിഫോമും കോട്ടും ഊരിയയിടത്തുതന്നെ ഇട്ടു. പിന്നെ കിട്ടിയ ഉടുപ്പിട്ട് ഡ്രോയിംഗ് റൂമിലുള്ള സോഫയിൽ വന്നു കിടപ്പായി. റിമോട്ടെടുത്ത് ടി.വി. ചാനലുകൾ മാറ്റി മാറ്റി വയ്ക്കലാണവന്‍റെ പ്രധാന ഹോബി.
ചിത്രമോൾ ഡ്രസ്സ് മാറി ഡ്രോയിംഗ് റൂമിലെത്തുമ്പോൾ വിനീത് ചാനലുകൾ മാറ്റിക്കൊണ്ടിരിക്കുന്നു. “ചേട്ടാ, എത നേരമായി, ഏതെങ്കിലും ചാനൽ വയ്ക്ക്. അല്ലെങ്കിലാ റിമോട്ട് തരൂ.” വിനീതിന് അതുകേട്ടപ്പോൾ ദേഷ്യമായി. അവൻ അവളെ തല്ലാനാഞ്ഞു.
“പൊയ്ക്കോ. ഇല്ലെങ്കിൽ നീ തല്ലു മേടിക്കും.”
നിർമ്മല അടുക്കളയിലായിരുന്നു. മകനോട് തർ ക്കിച്ചിട്ട് കാര്യമില്ലെന്നറിയാം. എങ്കിലും അവർ ഡൈനിംഗ് ഹാളിലെത്തി.
“വിനു, ഇങ്ങനെ ടി.വി. കണ്ടിരുന്നാൽ മതിയോ? ഭക്ഷണം കഴിക്കണ്ടേ.” വിനീത് കേട്ട മട്ടില്ല.
“എന്താ, നിനക്ക് ചെവി കേൾക്കില്ലേ? സ്കൂളിൽ നിന്നു വന്നാൽ ടി.വി.യുടെ മുന്നിൽ ചടഞ്ഞിരിക്കാതെ ഭക്ഷണം കഴിക്കാൻ വരണമെന്ന് നിന്നോട് നൂറുവട്ടം പറഞ്ഞിട്ടുള്ളതല്ലേ?”
“ഹോ… എപ്പോ നോക്കിയാലും ഭക്ഷണം കഴിക്ക്… ഭക്ഷണം കഴിക്ക്.. എനിക്ക് വിശക്കുമ്പോൾ ഭക്ഷണം കഴിച്ചോളാം.” അവന്‍റെ മുഖം ചുവന്നു.
“ഈ ചെക്കനിതെന്തു പറ്റി? എന്തു ചോദിച്ചാലും തർക്കുത്തരം.”
“വിനു… മതി. വാശിപിടിച്ചിരിക്കാതെ വന്ന് ഭക്ഷണം കഴിക്ക്” നിർമ്മ നിർബന്ധിച്ചു. നിർമലയുടെ മുഖഭാവം മാറുന്നതുകണ്ട് മനസ്സില്ലാമനസ്സോടെ വിനു എഴുന്നേറ്റു.
ഡെനിംഗ് ടേബിളിൽ അടച്ചുവച്ച പാത്രത്തിന്‍റെ അടപ്പെടുത്തതും അവൻ ദേഷ്യപ്പെടാൻ തുടങ്ങി. “അയ്യേ! ദോശയും ചട്‌നിയും… എനിക്കു വേണ്ട. മമ്മിക്ക് ടേസ്‌റ്റിയായിട്ടുള്ള എന്തെങ്കിലും ഉണ്ടാക്കിക്കൂടെ?”
“ആഴ്ചയിൽ നാലുദിവസവും നിനക്കിഷ്ടപ്പെട്ട ഭക്ഷണമല്ലേ ഉണ്ടാക്കിത്തരുന്നത്. ദിവസവും പിസ ബർഗറും കോൺഫ്ളേക്സും! ചപ്പാത്തിയും ദോശയുമൊക്കെ കഴിച്ചു പഠിക്കണ്ടേ? ശരീരത്തിൽ വല്ലതും പിടിക്കാൻ ഇതും കഴിക്കണം.”
“മതി ക്ലാസ്സെടുത്തത്. ജാമോ സോസോ ഉണ്ടോ?”
നിർമ്മല ഫ്രിഡ്‌ജിൽ നിന്നും ജാമിന്‍റെ ബോട്ടിലെടുത്തു കൊടുത്തു. രണ്ടു മൂന്നു സ്‌പൂൺ ജാമിൽ മുക്കി വിനീത് ദോശ കഴിച്ചെന്ന് വരുത്തി. അവനോട് ഇനി ദേഷ്യപ്പെടില്ലെന്ന് നിർമ്മല മനസ്സിലുറപ്പിച്ചു. എന്നുമിങ്ങനെ ചീത്ത പറഞ്ഞിട്ട് ഒരു കാര്യവുമില്ല. പക്ഷേ, ജോലിയൊക്കെ ഒതുക്കി നിർമ്മല വിനീതിന്‍റെ മുറിയിലെത്തിയപ്പോൾ കണ്ട കാഴ്‌ച!
കിടക്കയിൽ പുസ്‌തകങ്ങളും കടലാസും… യൂണിഫോം, ഷൂ, ബോക്‌സ് എല്ലാം വലിച്ചുവാരിയിട്ടിരിക്കുന്നു.
“വിനു, ആദ്യമിതൊക്കെയെടുത്ത് അതാതിടത്ത് കൊണ്ടുവയ്ക്ക്.” നിർമ്മല ദേഷ്യം പുറത്തുകാണിക്കാതെ പറഞ്ഞു.
“ഞാൻ പഠിക്കുവല്ലേ മമ്മീ. പിന്നെയാവാം.” അവൻ വായിക്കുകയാണല്ലോ എന്ന ഒറ്റക്കാര്യംകൊണ്ട് നിർമ്മല പതുക്കെ മുറി വൃത്തിയാക്കാൻ തുടങ്ങി. അമ്മായിയമ്മ അവൾക്കരികിലെത്തി. “നീയെന്തിനാ വിഷമിക്കുന്നത്. ഇപ്പോഴത്തെ കുട്ടികളല്ലേ? കണ്ടോ, വളർന്നു വലുതാവുമ്പോൾ അവൻ നിനക്കൊരു താങ്ങാവും.”
ഇതുകേട്ട് അവൾ തെല്ലൊരു പരിഹാസത്തോടെ പറഞ്ഞു, “അമ്മേ, ഞാൻ ദിവാസ്വപ്നം കാണാറില്ല. ഇവനെനിക്ക് താങ്ങാവും പോലും! ഒരു ഗ്ലാസ്സ് വെള്ളം പോലും സ്വയമെടുത്തു കുടിക്കാനറിയാത്ത ഇവൻ…”
അമിതമായി ലാളിക്കുകയും സ്നേഹിക്കുകയും ചെയ്‌താൽ കുട്ടികൾ വഷളാകും. ചിത്രമോൾക്ക് 9 വയസ്സേ ആയിട്ടുള്ളു. അമ്മയുടെ ഉപദേശങ്ങൾ ശ്രദ്ധയോടെ കേൾക്കാനും അനുസരിക്കാനും അവൾ പരമാവധി ശ്രമിച്ചിരുന്നു. പക്ഷേ, വിനീതോ? കഴിഞ്ഞ രണ്ടുവർഷമായി അവന്‍റെ പെരുമാറ്റത്തിലെന്തൊരു മാറ്റം. അവന്‍റെ വാശിയും അനുസരണയില്ലായയും കണ്ട് നിർമ്മലയ്ക്ക് ആധിയായി. ഓരോ സമയത്ത് ഓരോ പെരുമാറ്റം. ചിലപ്പോൾ പെട്ടെന്നു പ്രതികരിക്കും. ചിലപ്പോൾ നിശ്ശബ്ദനായിരിക്കും. ചിലപ്പോൾ ഏങ്ങിക്കരയും.
ആരെയും വകവയ്ക്കാത്ത പ്രകൃതം, വഴക്കാളി, അഹങ്കാരി. പക്ഷേ, പഠനത്തിൽ വിനീത് അത്രമോശക്കാരനൊന്നുമായിരുന്നില്ല. കലാപരമായും വിനീത് ഒന്നാമതായിരുന്നു. അദ്ധ്യാപകർ വിനീതിനെ പ്രശംസിക്കുന്നത് കേൾക്കുമ്പോൾ നിർമ്മലയ്ക്ക് അഭിമാനം തോന്നിയിരുന്നു.
മോശമായ കുട്ടുകെട്ടാണ് വിനീതിന്‍റെ പ്രശ്നം. പിസാ ഹട്ടിലും മക്ഡൊണാൾഡിലും പോകാനും സുഹൃത്തുക്കൾക്ക് പിറന്നാൾ സമ്മാനം നൽകാനും മറ്റ് ആഡംബരങ്ങളിലേർപ്പെടാനും എപ്പോഴും പണമാവശ്യപ്പെടാൻ തുടങ്ങി.
അച്ഛൻ രോഹിത്തിന് ഇത്തരം കാര്യങ്ങളൊന്നും ശ്രദ്ധിക്കാൻ നേരമില്ലല്ലോ. രോഹിത്തിന്‍റെ ജോലിത്തിരക്കു കാരണം മക്കളുടെ ഉത്തരവാദിത്വം മുഴുവനും നിർമ്മലയ്ക്കായിരുന്നു. എങ്കിലും മക്കളുടെയും കുടുംബത്തിന്‍റെയും ആവശ്യങ്ങൾ അറിഞ്ഞു പ്രവർത്തിക്കാൻ രോഹിത്ത് മറന്നില്ല.
ഇപ്പോഴത്തെ കുട്ടികളുടെ സ്വഭാവം എത്ര വിചിത്രമാണ്. സ്വാർത്ഥരും തൻകാര്യക്കാരുമാണവർ. സ്വന്തം സുഖ സൗകര്യങ്ങൾക്കാണ് അവർ പ്രാധാന്യം നൽകുന്നത്. കിട്ടുന്നതുകൊണ്ട് സന്തോഷത്തോടെ ജീവിക്കാൻ അവർക്കറിയില്ല. രക്ഷിതാക്കൾ എത്രമാത്രം വിയർപ്പൊഴുക്കിയും കഷ്‌ടപ്പെട്ടുമാണ് അവരെ വളർത്തുന്നതെന്നതൊന്നും അവർക്കൊരു പ്രശ്‌നമേയല്ല.
ഒരു ദിവസം എല്ലാവരും കൂടിയിരുന്ന് ടി.വി. സീരിയൽ കാണുകയായിരുന്നു. ഒരു വൃദ്ധൻ മരിച്ചു കിടക്കുന്ന ഹൃദയ ഭേദകമായ കാഴ്ചയായിരുന്നു അതിൽ. നിർമ്മലയ്ക്ക് പെട്ടെന്ന് സ്വന്തം അച്‌ഛനെ ഓർമ്മ വന്നു. അവളുടെ കണ്ണുകൾ ഈറനണിഞ്ഞു. പെട്ടെന്ന് ബഹളം വച്ചു കൊണ്ട് വിനീത് അവിടെയെത്തി. ടി.വി.യിലെ ഈ ദൃശ്യം കണ്ട് അവൻ പൊട്ടിച്ചിരിച്ചു.
“ഇയാൾ മരിച്ചോ? നന്നായി, ശരിക്കും ബോറടിച്ചു തുടങ്ങിയിരുന്നു.” ശോക മുകാന്തരീക്ഷത്തിൽ വിനീതിന്‍റെ ഈ അഭിപ്രായം കേട്ട് നിർമ്മലയ്ക്ക് ദേഷ്യം വന്നു. വിനീതിന്‍റെ ഇത്തരത്തിലുള്ള വികാര രഹിതമായ പെരുമാറ്റം അവനിലെ സംസ്കാര ശൂന്യതയല്ലെ വ്യക്തമാക്കുന്നത്.
നിർമ്മല ഭർത്താവിനോട് ഇതേക്കുറിച്ചു പറഞ്ഞു. അതുകേട്ട് രോഹിത്ത് പുഞ്ചിരിച്ചു. “ഇപ്പോഴത്തെ കുട്ടികൾ പ്രായോഗിക ബുദ്ധിയുള്ളവരാണ്. നിന്നെപ്പോലെ ഓവർ സെന്‍റിമെന്‍റലല്ലെന്നു മാത്രം.”
രു ദിവസം നല്ല മഴക്കാറ് കണ്ട് ഒനിർമ്മല തുണിയെടുക്കാനായി ടെറസ്സിലേക്കോടി. പെട്ടെന്ന് കാലിടറി സ്റ്റെപ്പിൽ നിന്നും താഴെ വീണു. അവൾ വേദനകൊണ്ട് നിലവിളിച്ചു. ജോലിക്കാരി നിർമ്മലയെ താങ്ങി കട്ടിലിൽ കൊണ്ടു വന്നു കിടത്തി.
ജോലിയ്ക്ക് പോയ പപ്പയെ ചിത്ര ഫോൺ ചെയ്ത് വിവരം ധരിപ്പിച്ചു. രോഹിത്ത് വേഗം വീട്ടിലെത്തി അവളെയും കുട്ടി ഡോക്ടറുടെ അടുത്തുചെന്നു. ചെറിയൊരു ഫ്രാക്‌ചറുണ്ട്. നിർമ്മലയുടെ കാലിൽ പ്ലാസ്‌റ്റർ വച്ചുകെട്ടി. കംപ്ലീറ്റ് ബെഡ് റെസ്‌റ്റെടുക്കുവാൻ ഡോക്‌ടർ ഉപദേശിച്ചു.
വേദന കുറഞ്ഞെങ്കിലും നിർമ്മല ചിന്താവിവശയായി. ഇനിയെന്തു ചെയ്യും? വീടിന്‍റെ അവസ്‌ഥയെന്താവും? രോഹിത്തിന്‍റെ അമ്മയാണെങ്കിൽ നാട്ടിൽ പോയിരിക്കുകയാണുതാനും. അവർ തനിക്കൊരു കൈ സഹായമായിരുന്നു. സഹായമാവശ്യപ്പെട്ട് ചെല്ലാൻ പട്ടണത്തിൽ കാര്യമായ ബന്ധുക്കളുമില്ല. തൊട്ടടുത്ത വീട്ടിൽ വൃദ്ധ ദമ്പതികളാണ് താമസിക്കുന്നത്.
നിവൃത്തിയില്ലാതെ നിർമ്മല കൂട്ടുകാരി പ്രിയയെ ഫോണിൽ വിളിച്ചു. പ്രിയ കുറച്ചുനേരം നിശ്ശബ്‌ദയായിരുന്നു. “എന്‍റെ അമ്മായിയമ്മയും നാത്തൂനും മകളുടെ വിവാഹഷോപ്പിംഗിനായി ഇവിടെ എത്തിയിട്ടുണ്ട്. അവരോടൊപ്പം ഷോപ്പിംഗിനു പോകണം. അതിനു മുമ്പ് ഞാൻ അവിടെ ഭക്ഷണമെത്തിക്കാം. സൗഹൃദത്തിന്‍റെ വിലയെന്തെന്നു മനസ്സിലാക്കിയ നിർമ്മല തെല്ലൊന്നാശ്വസിച്ചു.
പക്ഷേ, ഒരു ദിവസത്തേക്ക് ഭക്ഷണമുണ്ടാക്കിയതുകൊണ്ടു മാത്രം എന്താവാൻ? വീട്ടിലൊരു നൂറുകൂട്ടം ജോലികളുണ്ട്. കുട്ടികളെ ഒരുക്കുക, അവർക്കുള്ള ടിഫിനെടുത്തു വയ്ക്കുക എന്നിങ്ങനെ രാവിലത്തെ തിരക്കു പിടിച്ച ജോലികൾ. “നീ വിഷമിക്കണ്ട. ഞാനില്ലേ.” നിർമ്മലയെ രോഹിത്ത് ആശ്വസിപ്പിച്ചു. രാജസ്ഥാനും ഹിമാലയവും പോലുള്ള അന്തരമാണ് ഭർത്താവും അടുക്കളയും തമ്മിലെന്ന് അറിയാമായിരുന്ന നിർമ്മല അയാളെ നോക്കി ചെറുതായൊന്നു പുഞ്ചിരിച്ചു. വളരെ വൈകിയുണരുന്ന ശീലമായിരുന്നു രോഹിത്തിന്‍റേത്. പഞ്ചസാരപ്പാത്രമെവിടെയാ വച്ചിരിക്കുന്നതെന്നോ, കുട്ടികളെപ്പോഴാണ് സ്‌കൂളിൽ പോകുന്നതെന്നോ അദ്ദേഹത്തിനറിയില്ല. ഇങ്ങനെയുള്ള ആളെങ്ങനെ…
നിർമ്മല ആറു മണിക്ക് അലാറം ക്ലോക്ക് സെറ്റു ചെയ്‌തുവച്ചു. പക്ഷേ, വേദനയും അസ്വസ്‌ഥതയും കാരണം ഉറങ്ങാനേ സാധിച്ചില്ല. നിർമ്മലയ്ക്കുവേണ്ട സഹായങ്ങൾ ചെയ്‌തു കൊടുക്കുന്നതിനിടയിൽ രോഹിത്തിനും ഉറക്കം വന്നില്ല. പക്ഷേ, രാവിലെ ആയപ്പോഴേക്കും അവർ ഒന്നു മയങ്ങി.
ആരോ നിർമ്മലയെ പതുക്കെ തട്ടിയുണർത്തി. തൊട്ടുമുന്നിൽ വിനീത്. സ്കൂളിൽ പോകാൻ തയ്യാറായി നിൽക്കുകയായിരുന്നു അവൻ കൂടെ ചിത്രയുമുണ്ട്. രോഹിത്ത് ഇതൊന്നുമറിയാതെ ഉറക്കത്തിലായിരുന്നു. നിർമ്മല ക്ലോക്കിലേക്ക് നോക്കി, ഏഴര മണി.
“അയ്യോ! ഇതെന്താ അലാറമടിക്കാതിരുന്നത്?” നിർമ്മല ആശങ്കയോടെ ക്ലോക്കിലേക്ക് തുറിച്ചുനോക്കി.
“മമ്മിയെയും പപ്പയെയും ഉണർത്തേണ്ടെന്നു കരുതി ഞാനത് ഓഫ് ചെയ്തുവച്ചു.” വിനിതിന്‍റെ മറുപടി കേട്ട് നിർമ്മല ആശ്ചര്യപ്പെട്ടു.
“മമ്മീ, ഞങ്ങൾ സ്‌കൂളിലേക്കു പോകുന്നു. ബസ്സിപ്പോ വരും.” വിനീത് പറഞ്ഞു.
“ഒന്നും കഴിക്കാതെ പോവുകയാണോ?” നിർമ്മല പതുക്കെ കട്ടിലിൽ നിന്നെഴുന്നേൽക്കാൻ ശ്രമിച്ചു.
“ഞങ്ങൾ പാലും ബിസ്‌കറ്റും കഴിച്ചു. മമ്മി വിശ്രമിക്ക്.” “മമ്മീ, ഏട്ടൻ പാൽ തിളപ്പിച്ചു തന്നു.” ചിത്ര സന്തോഷത്തോടെ പറഞ്ഞു.
നിർമ്മല അതിശയത്തോടെ കേട്ടുകൊണ്ടിരുന്നു. “അപ്പോൾ നിങ്ങളുടെ ടിഫിനോ?”
“ജാമും ബ്രെഡും ബിസ്‌ക്കറ്റുമൊക്കെ എടുത്തിട്ടുണ്ട്. കുറച്ചു ന്യൂഡിൽസും തയ്യാറാക്കിയിട്ടുണ്ട്. ഇനി മമ്മിക്ക് സുഖമാകുന്നതു വരെ ഞങ്ങൾക്കിതൊക്കെ മതി.” വിനീത് പുറത്തേക്ക് നടന്നു.
എന്തോ മറന്നെന്നപോലെ അവൻ പെട്ടെന്ന് തിരിഞ്ഞു. “മമ്മിയ്ക്കും പപ്പയ്ക്കുമുള്ള ചായ തയ്യാറാക്കി ഫ്ളാസ്കിൽ വച്ചിട്ടുണ്ട്.”
“മോനേ, ചായ ഞാനുണ്ടാക്കുമായിരുന്നല്ലോ? നീ വെറുതെ കഷ്ടപ്പെടേണ്ടിയിരുന്നോ?” രോഹിത്ത് ചോദിച്ചു.
“പപ്പ ചായയുണ്ടാക്കിയാൽ പപ്പപോലും കുടിക്കില്ല. ഞാനുണ്ടാക്കിയ ചായ കുടിച്ചു നോക്ക്. അടിപൊളിയാ.” വിനീത് ചിത്രമോളുടെ കൈ പിടിച്ച് ബസ്സിനടുത്തേയ്ക്ക് നടന്നു.