സുമിതയ്ക്ക് കടുത്ത നിരാശ തോന്നി. ഇന്നും മമ്മിയുടെ ശകാരം ഏറെ കേട്ടു. അത്ര പുതിയ കാര്യമൊന്നുമല്ല ഈ ശകാരവും പിണക്കവുമൊക്കെ, എങ്കിലും സങ്കടം തോന്നും. എല്ലാ കലഹത്തിന്‍റെയും അന്ത്യം സുമിതയുടെ കരച്ചിലിലേ അവസാനിക്കൂ.
ഇന്നും നിസ്സാര കാര്യത്തിനാണ് ഉദയനുമായി വഴക്കുണ്ടായത്. അനിയൻ പോസ്‌റ്റർ കളേഴ്‌സ് സുമിത എടുത്തു. അതാണ് വഴക്കിന്‍റെ കാരണം. അവൻ പ്ലസ് വണ്ണിനു പഠിക്കുന്ന കുട്ടിയാണ്. സുമിത ബി. എ ഫൈനൽ ഇയറും. എങ്കിലും ചേച്ചിയോട് കയർക്കാൻ ഒരു മടിയുമില്ല.
വരയ്ക്കാൻ വലിയ ഇഷ്ടമാണ് സുമിതയ്ക്ക്. അതും സ്വന്തം കഥയ്ക്ക് ഇലസ്ട്രേഷൻ വരയ്ക്കാൻ! അതിനാണ് അവൾ ഉദയന്‍റെ കളർ ബോക്‌സിൽ നിന്ന് ചായപ്പെൻസിൽ എടുത്തത്. കൃത്യസമയത്തു തന്നെയാണ് പ്രോജക്‌ടു ചെയ്യാൻ അവൻ കളർ തെരയാൻ തുടങ്ങിയത്. അന്വേഷിച്ചു മടുത്തിരിക്കുമ്പോൾ കളർ ബോക്സ‌് സുമിതയുടെ സമീപത്ത് കണ്ടതും അവൻ പൊട്ടിത്തെറിച്ചു. “ഹോ! ഇതു ശല്യമായല്ലോ… എനിക്കു പ്രോജക്‌ട് ചെയ്യാനുണ്ട്. എന്‍റെ കളേഴ്സ് തരൂ…”
“രാജാ രവിവർമ്മയാണെന്നാ ഭാവം. ഞങ്ങളുടെ പഠിത്തം കൂടി താറുമാറാക്കും. അത്രയേയുള്ളൂ.” അടുത്തു തന്നെ നിന്ന അനുജത്തി സുനന്ദ പറഞ്ഞു. “വീട്ടിലോ ഒരുപകാരവുമില്ല. നിനക്കിതെന്തിന്‍റെ കേടാ…” നേരെ ഇളയ അനുജത്തിയാണ് സുനന്ദ.
ഇതെല്ലാം കേട്ടുനിന്ന മമ്മി അടുക്കളയിൽ നിന്ന് ഒച്ചയെടുത്തു. “സുമിതാ… നീ മൂത്ത കുട്ടിയല്ലേ… അവരുടെ സാധനങ്ങൾ എടുത്ത് വഴക്കുണ്ടാക്കരുതെന്ന് എത്രവട്ടം പറഞ്ഞിട്ടുണ്ട്. നാശം, നീ സുനന്ദയെ കണ്ടു പഠിക്ക്… അവൾ ട്യൂഷൻ പഠിപ്പിക്കുന്നുണ്ട്, വീട്ടുജോലിയും ചെയ്യും… നീയോ? എപ്പോഴും ഇളയത്തുങ്ങളുമായി കലഹം!”
“മമ്മി എന്നെ മാത്രമേ ചീത്ത പറയുകയുള്ളൂവെന്ന് എനിക്കറിയാം.” സുമിത നിലവിളി കുരുങ്ങിയ ശബ്‌ദത്തിൽ പറഞ്ഞു.
“പിന്നെ… നിന്നെ സപ്രമഞ്ചത്തിലിരുത്തി ആട്ടണോ?” “ഹൊ! മടുത്തു…” സുനന്ദ പുസ്‌തകങ്ങൾ ശബ്ദത്തോടെ പെറുക്കിവെച്ച് പുറത്തേക്കു പോയി.
“എപ്പോ നോക്കിയാലും കണ്ട പടം വരച്ച് സമയം കളഞ്ഞോളും. നിനക്കെന്ന് ബോധം വരും… എനിക്കറിയില്ല. കെട്ടിച്ച് വിട്ടേക്കാമെന്നു വച്ചാൽ ഒന്നും ശരിയാകുന്നുമില്ല. എന്തൊരു കഷ്ടമാണിത്.” അമ്മ നിർത്താനുള്ള ലക്ഷണമില്ല. ഇത്രയൊക്കെയായപ്പോഴേക്കും സുമിത പതിവുപോലെ കരയാൻ തുടങ്ങി.
സുമിതയ്ക്ക് ഒരു കാര്യത്തിലും സീരിയസ്നെസ്സില്ലെന്നാണ് എല്ലാവരുടേയും പരാതി. പ്രായം 20 കഴിഞ്ഞു. എന്നിട്ടും കരിയറിനെക്കുറിച്ചോ ജീവിതത്തെക്കുറിച്ചോ ഒരു ചിന്തയുമില്ലാത്ത പെൺകുട്ടി. അവൾ വീടിന് ഭാരമാവാതിരിക്കുമോ? അമ്മയുടെ ചിന്ത ഇങ്ങനെയാണ്.
ആധാരമെഴുത്തുകാരനായ വിജയകുമാറിന്‍റെയും വീട്ടമ്മയായ സുധയുടെയും മൂത്ത മകൾ ആണ് സുമിത. ഭാവിയെക്കുറിച്ച് തനിക്ക് വ്യക്‌തമായ ചിന്തയുണ്ട്. അത് സുമിതയ്ക്കറിയാം, പക്ഷേ വീട്ടിലാർക്കും വിശ്വാസമില്ല. മറ്റുള്ളവർ കാണുന്ന സ്വപ്‌നങ്ങളല്ല സുമിതയുടേത്. അവൾ വളരെ ഒതുങ്ങിയ, ലജ്‌ജാലുവായ പെൺകുട്ടിയാണ്. അനിയനും അനുജത്തിയും കാട്ടുന്ന വികൃതിത്തരങ്ങൾക്കു പോലും സദാ തല്ലുകൊള്ളുന്നവൾ, മമ്മിയുടെ ശകാരം മുറ തെറ്റാതെ ഏറ്റു വാങ്ങുന്നവൾ.
പെയിന്‍റിംഗിലും കഥയെഴുത്തിലുമാണ് സുമിതയ്ക്ക് കമ്പമെന്നു പറഞ്ഞല്ലോ. ചെറുപ്പം മുതൽ അവൾ അങ്ങനെയാണ്. മനസ്സിന്‍റെ ക്യാൻവാസിൽ നിറക്കൂട്ടുകൾ ചാലിച്ച് സുന്ദരമായ ചിത്രങ്ങൾ നെയ്‌തുകൊണ്ടേയിരിക്കും. സ്ത്രീകൾ തന്നെയാണ് അവളുടെ പെയിന്‍റിഗിന്‍റെയും കഥയുടെയും കേന്ദ്രബിന്ദു. സ്ത്രീജീവിതത്തിന്‍റെ പല ഘട്ടങ്ങൾ, പല വികാരങ്ങൾ എല്ലാം അവൾ കഥയിലും ചിത്രങ്ങളിലും പകർത്തി വയ്ക്കും!
അവളുടെ വായനാശീലവും പെയിന്‍റിംഗ് ക്രേസും അവളുടെ ഇമേജ് തന്നെ മാറ്റിക്കളഞ്ഞു. പഠിക്കാതിരിക്കാനും സമയം കളയാനുമുള്ള സൂത്രമാണതൊക്കെ എന്ന് കൂട്ടിക്കാലം മുതലേ മമ്മിയും സഹോദരങ്ങളും മാർക്കിട്ടു വച്ചിരിക്കുകയാണ്. അല്പമെങ്കിലും പിന്തുണ കിട്ടിയത് പപ്പയിൽ നിന്നാണ്.
ഏതു സമയവും ആലോചനയിലാണ്ടിരിക്കും. മറ്റു കാര്യങ്ങളിലൊന്നും ശ്രദ്ധയില്ലാതെയായപ്പോൾ പഠനത്തിന്‍റെ നിലവാരവും കുറഞ്ഞു. സുമിതയിലെ സർഗശേഷിയുടെ പ്രകടനമായി ഇതൊന്നും മനസ്സിലാക്കാനുള്ള കഴിവ് ആർക്കുമുണ്ടായില്ല. പക്ഷേ കോളേജിലെ അധ്യാപകർക്ക് അവളുടെ കഴിവ് മനസ്സിലായിരുന്നു. വളരെ പോസിറ്റീവ് ആയി ചിന്തിക്കാൻ കഴിയുന്ന കുട്ടി എന്ന് ഇംഗ്ലീഷ് പ്രൊഫസറായ ലാൽ ജോൺ പറയുന്നത് വെറുതെയായിരുന്നില്ല.
ആര് വഴക്കു പറഞ്ഞാലും അവൾ പിണങ്ങാറില്ല. മമ്മിയുടെ ചില നേരത്തെ ശകാരം അവളെ ഉലയ്ക്കുമെന്നു മാത്രം. 18 വയസ്സു കഴിഞ്ഞപ്പോൾ മുതൽ വിവാഹാലോചനകൾ വരാൻ തുടങ്ങിയതാണ്. പക്ഷേ അവൾ സമ്മതിച്ചില്ല. വിവാഹം ഉടനെ വേണ്ടെന്ന് സുമിത ഉറപ്പിച്ചു പറഞ്ഞു. വിവാഹസ്വപനങ്ങൾ കാണേണ്ട പ്രായത്തിൽ അവൾ കുട്ടികളെപ്പോലെ ശലഭങ്ങളെ നോക്കി, കുഞ്ഞുപൂക്കളോട് കിന്നാരം പറഞ്ഞ് നടന്നു. കിളിക്കൂട്ടങ്ങൾക്കൊപ്പം പറക്കാൻ കൊതിച്ച വൈകുന്നേരങ്ങളിൽ അവൾ ധാരാളം സമയം പറമ്പിലും പാടത്തും കറങ്ങിനടക്കും.
ജീവിതത്തിൽ വിവാഹം അന്തിമമായ കാര്യമായി ഇതുവരെ അവൾക്ക് തോന്നിയിട്ടേയില്ല. വിവാഹശേഷം സ്ത്രീക്ക് മാത്രമായി ഒരു മാറ്റം എന്തുകൊണ്ട്? എല്ലാവരേയും മനസ്സിലാക്കി പെരുമാറണമെന്ന നിബന്ധനകൾ അതും സ്ത്രീക്കു മാത്രം. എന്തു കൊണ്ടാണങ്ങനെ?
സ്ത്രീജീവിതത്തെക്കുറിച്ച് എണ്ണിയാലൊടുങ്ങാത്ത സന്ദേഹങ്ങൾ അവളുടെ മനസ്സിൽ നിറഞ്ഞിരുന്നു. തകഴിയുടേയും എം.ടിയുടെയും മാധവിക്കുട്ടിയുടെയും ആരാധികയായ സുമിതയ്ക്ക് സ്ത്രീ കേന്ദ്രകഥാപാത്രമായ കഥകളെഴുതാനായിരുന്നു കൂടുതൽ ഇഷ്‌ടം.
ജീവിതത്തോടു പോരാടിത്തന്നെ മികച്ച സാഹിത്യസൃഷ്‌ടികൾ വായനാപ്രേമികൾക്ക് നൽകിയ മഹാശ്വേതാദേവിയുടെ അനുഭവങ്ങൾ അവളെ ഏറെ സ്വാധീനിച്ചു. സിക്കന്ദർ മഹാൻ, ഐൻസ്റ്റീൻ, എഡിസൻ, എ.പി.ജെ. അബ്‌ദുൾ കലാം തുടങ്ങിയ മഹാരഥന്മാരുടെ ജീവിതത്തെക്കുറിച്ച് അവൾ ചിന്തിച്ചിരിക്കും. അവളുടെ കഥകളിലും കവിതകളിലും അതിന്‍റെ പ്രതിഫലനങ്ങളുണ്ടായിരുന്നു. ഇങ്ങനെ എഴുത്തും വായനയും വരയും ചിന്തയുമായി നടക്കുമ്പോഴാണ് മനസ്സിനെ കുത്തിനോവിച്ച് മമ്മിയുടെ ശകാരം ചെവികളിൽ തുളഞ്ഞു കയറുന്നത്.
ഒരു കരച്ചിലിനുള്ള വഴി ഇന്നും തുറന്നു കിട്ടി എന്നൊക്കെ ചിന്തിച്ച് അവൾ മനസ്സിനെ ആശ്വസിപ്പിക്കാൻ ശ്രമിക്കും. പക്ഷേ ഇന്നലെ അനിയന്‍റെ കളർപെൻസിൽ എടുത്തതിന് അവരെല്ലാം കൂടി തന്നെ ഇത്രയും വഴക്കു പറഞ്ഞത് എന്തിനാണെന്ന് സുമിതയ്ക്ക് അതിശയം തോന്നി.
രാവിലെ വൈകിയാണ് ഉണർന്നത്. അൽപം കഴിഞ്ഞപ്പോഴേക്കും കൽപ്പന വന്നു. പുതിയ ചുരിദാറിൽ അവൾ വളരെ സുന്ദരിയായിരിക്കുന്നു. ഉദാസീനമായ അവളെ നോക്കി. കോളേജിൽ പോകാറായോ? അവൾ വാച്ച് നോക്കി സമയം 8.30.
“സുമീ, നീ വരുന്നില്ലേ?”
“ഉണ്ടല്ലോ. ഇവിടെ ഇരുന്നിട്ട് എന്തു ചെയ്യാൻ. അവൾക്കും ബാത്ത്റൂമിലേക്കു നടന്നു. ഞൊടിയിടയിൽ കോളേജിലേക്കു യാത്രയായെങ്കിലും അവളുടെ മനസ്സ് എങ്ങും ഉറയ്ക്കുന്നുണ്ടായിരുന്നില്ല.
“നിന്‍റെ മൂഡ് ഇതുവരെ ശരിയായില്ലേ…”
“ഇല്ല, കല്ലൂ…”
“വീട്ടിൽ വഴക്കുണ്ടാക്കി അല്ലേ?”
“അതെ, പതിവുകാര്യം തന്നെ. പക്ഷേ ഇന്നെന്തോ ഒന്നും മറക്കാൻ പറ്റുന്നില്ല.”
“എടാ… സാരമില്ല. അമ്മ വഴക്കു പറയുന്നത് നിന്‍റെ നന്മയ്ക്കു വേണ്ടിയാന്ന് കരുത്.”
“നന്മ…! ഇങ്ങനെയാണോ നന്മ വരുത്തുന്നത്…” സുമിത ഓർത്തു. അവർ സംസാരിച്ചിരിക്കേ, ശ്രീകുമാരി ടീച്ചർ പുഞ്ചിരിയോടെ സമീപത്തേക്കു വരുന്നു.
“ഗുഡ്മോണിംഗ് മാം…”
“വെരി ഗുഡ്സ്മോണിംഗ്. എന്താ, സുമിതയുടെ മുഖത്തൊരു വാട്ടം…”
“ഒന്നുമില്ല മാം, രാത്രി ഉറങ്ങാൻ വൈകി.”
“സുമിതാ, നിനക്ക് ഒരു സന്തോഷവാർത്തയുണ്ട്.”
“എനിക്ക്…” അവൾ അദ്ഭുതപ്പെട്ടു.
“നീ കഥ എഴുതില്ലേ… ഈ പേപ്പർ നോക്ക്!” ടീച്ചർ പത്രമെടുത്തു നീട്ടി. “രാജ്യാന്തര കഥാമത്സരത്തിന് സൃഷടികൾ ക്ഷണിക്കുന്നു.”
“നോക്കട്ടെ…” കല്പന പത്രം തട്ടിയെടുത്തു വായിച്ചു. “ഹായ്! ഒന്നാം സമ്മാനം 1 ലക്ഷം രൂപയാണ്. അതും മുഖ്യമന്ത്രി പുരസ്കാരദാനം നിർവഹിക്കും.”
“നീ ഇതെന്തായാലും അയയ്ക്ക്…” അവൾ ആലോചിച്ചിരിക്കേ ടീച്ചർ പറഞ്ഞു,
“സുമീ ആലോചിച്ചിരിക്കാനൊന്നുമില്ല. ഉടനെ കഥ അയയ്ക്ക്.”
വീട്ടിൽ ഇക്കാര്യം പറഞ്ഞപ്പോൾ മമ്മി പതിവുപോലെ പ്രതിഷേധിച്ചു.
“എക്സാമിന് പഠിക്കാനുള്ളതാ. നീ കഥയെഴുതി സമയം കളഞ്ഞോ. ഇത്തവണ ഫസ്റ്റ്ക്ലാസ് വാങ്ങിയില്ലെങ്കിൽ കോളേജിൽ പോക്ക് നിർത്തണം. പറഞ്ഞില്ലെന്നു വേണ്ട.”
അവൾക്ക് മറുത്തൊന്നും പറയാൻ തോന്നിയില്ല. കരച്ചിൽ അടക്കിപ്പിടിച്ചു. പിന്നെ മുറിയിൽ കയറി വാതിലടച്ചു. സൃഷ്‌ടിയിൽ വേദനയുണ്ടാകും. കഥയായാലും അങ്ങനെ തന്നെ കഥാരചനയുടെ ഇടവേളകളിൽ പരീക്ഷക്കാലം നിറംമങ്ങി കടന്നുപോയി! മമ്മിയുടെ ശകാരത്തിന് മൂർച്ച കൂടി വരുന്നു, റിസൾട്ട് അടുക്കാറായിട്ടാകണം.
ഉച്ചയ്ക്ക് പാതിമയക്കത്തിലാണ് ആ ഫോൺ കോൾ വന്നത്. ഡൽഹിയിലെ രാജ്യാന്തര കഥാപുരസ്‌കാര സമിതി ഓഫീസിൽ നിന്നാണ്. ഉദയനാണ് ഫോണെടുത്തത്. അവൻ സ്‌തബ്‌ധനായി നിൽക്കുന്നു.
“ചേച്ചീ… ചേച്ചിക്കാണ് ഫസ്‌റ്റ്‌പ്രൈസ്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും.”
പിന്നെ ഫോൺ കോളുകളുടെ പ്രവാഹമായിരുന്നു. ഒരു നിമിഷം കൊണ്ട് സുമിത സ്‌റ്റാറായി. വീട്ടിൽ പത്രക്കാരുടേയും സുഹൃത്തുക്കളുടേയും സാംസ്‌കാരികനായകരുടേയും ബഹളം. അല്പം അകന്നു നിന്ന സുനന്ദയേയും മമ്മിയേയും കൂടി ക്യാമയ്ക്കു മുന്നിലേക്കു വലിച്ചു നിർത്തുമ്പോൾ സുമിതയുടെ കണ്ണ് വീണ്ടും നിറഞ്ഞു. സന്തോഷത്തിന്‍റെ കണ്ണീർ.