അപർണ, അവൾ എനിക്കെന്നും ഒരു അത്ഭുതമായിരുന്നു. വെൺനിലാവുപോലെ സ്നേഹത്തിന്‍റെ പരിശുദ്ധി ചൊരിഞ്ഞവൾ മറ്റുള്ളവരുടെ നന്മ മാത്രമായിരുന്നു അപർണയുടെ നിയോഗം. സ്‌കൂളിൽ എന്‍റെ സഹപ്രവർത്തകയായിരുന്നുവെങ്കലും അപർണ എനിക്ക് ഒരു കൊച്ചനുജത്തിയായിരുന്നു. അവളുടെ ‘ചേച്ചി’യെന്ന വിളി കേൾക്കുമ്പോൾ തന്നെ മനസ്സിൽ മാരിവില്ല് തെളിയുന്ന അനുഭവമായിരുന്നു. ആ വിളിയിൽ അപർണയുടെ സുന്ദരമായ പുഞ്ചിരി പോലെ സ്നേഹത്തിന്‍റെ വിശുദ്ധി നിറഞ്ഞുനിന്നിരുന്നു. എനിക്കൊരു നിസ്സാര പനി വന്നാൽ മതി, അവളുടെ മനസ്സ് പിടയും. ആ ബന്ധത്തിനപ്പുറമുള്ള ഏതോ ഒരു ആത്മബന്ധം ഞങ്ങളെ കൂട്ടിയിണക്കിയിരുന്നു. എന്‍റെ നിസ്സാര ജോലി പോലും ചെയ്യാൻ അവൾക്ക് വലിയ ഉത്സാഹമായിരുന്നു. സഹോദരങ്ങളിൽ ഏറ്റവും മൂത്തയാളായിരുന്നു അപർണ. അവൾക്ക് ഇളയതായി രണ്ട് സഹോദരിമാരും ഒരു സഹോദരനുമാണുണ്ടായിരുന്നത്. അച്‌ഛൻ മരിക്കുമ്പോൾ ഇളയ സഹോദരങ്ങളെല്ലാം ചെറിയ കുട്ടികളായിരുന്നു. അവരെ വളർത്തിയെടുക്കേണ്ട ഉത്തരവാദിത്തം മൂത്ത മകളായ അപർണ്ണയ്ക്കായിരുന്നു. അമ്മയ്ക്ക് കിട്ടിയിരുന്ന തുച്ഛമായ പെൻഷനും അപർണ ജോലി ചെയ്‌തുണ്ടാക്കുന്ന വരുമാനവും കൊണ്ടാണ് വീട്ടുകാര്യങ്ങൾ ഒരുവിധം നടന്നിരുന്നത്. മാത്രമല്ല അല്പസ്വല്പം സമ്പാദ്യവുമുണ്ടായിരുന്നു. അപർണയേക്കാൾ രണ്ട് വയസ്സ് ഇളയതായിരുന്നു അവളുടെ അനിയത്തി അനിത. അപർണയുടെ കഠിനാധ്വാനവും കുടുംബസ്നേഹവും കണ്ട് ഒരിക്കൽ ഞാനവളെ ഓർമ്മിപ്പിക്കുകയും ചെയ്‌തിരുന്നു. “ങ്ഹാ ഇനി അനിയത്തിക്ക് ജോലി കിട്ടിക്കഴിയുമ്പോഴെങ്കിലും നീ നിന്‍റെ ഭാവിയെക്കുറിച്ച് ചിന്തിച്ച് തുടങ്ങണം.”
“അയ്യോ, അതെങ്ങനെ?” അവളുടെ ആശ്ചര്യം കലർന്ന ചോദ്യം കേട്ട് എനിക്ക് അദ്ഭുതം തോന്നി.
“എടി മണ്ടി, നിനക്കറിയാത്ത കാര്യമൊന്നുമല്ല ഞാൽ പറയുന്നത്. നിനക്കൊരു കല്യാണമൊക്കെ വേണ്ടേ മോളേ? ങ്ഹാ, നിന്‍റെ ബന്ധുവല്ലേ പ്രശാന്ത്, നിന്‍റെ വീട്ടിൽ ഇടയ്ക്ക് വരാറുണ്ടല്ലോ. അവന് നിന്നെ ഇഷ്ടമാണെന്നാണ് എനിക്ക് തോന്നുന്നത്.”
അവൾ തെല്ല് നാണത്തോടെ എന്നെ നോക്കി സംസാരം മുഴുവനും പ്രശാന്തിനെക്കുറിച്ചായിരുന്നു. പ്രശാന്ത് എഞ്ചിനീയറാണെന്നും പുതിയ ജോലി കിട്ടി ഇവിടെ എത്തിയതാണെന്നും അവധി ദിവസങ്ങളിൽ പ്രശാന്ത് പതിവായി വീട്ടിൽ വരാറുണ്ടെന്നും അവൾ വാതോരാതെ പറഞ്ഞുകൊണ്ടിരുന്നു. അവളുടെ വാക്കുകളിൽ അവനോടുള്ള ഇഷ്‌ടവും കരുതലുമൊക്കെ നിറഞ്ഞു നിന്നിരുന്നു. എങ്കിലും അവളത് തുറന്നു സമ്മതിക്കാൻ മടിക്കുന്നതുപോലെ…
അവൻ മിക്കപ്പോഴും സ്‌കൂളിൽ നിന്നും നിന്നെ കൊണ്ടുപോകാൻ ബൈക്കിൽ വരാറുണ്ടല്ലോ.” എന്‍റെ കുസൃതിച്ചോദ്യം അവളെ തെല്ലുനേരം നിശ്ശബ്ദദയാക്കി. പതുക്കെ അവളുടെ മുഖം ചുവന്നു തുടുക്കുന്നത് ഞാൻ തിരിച്ചറിഞ്ഞിരുന്നു.
പിന്നീട് പ്രശാന്തിനെ കാണുമ്പോഴൊക്കെ ഞാനയാളുടെ വിശേഷങ്ങൾ തിരക്കിക്കൊണ്ടിരുന്നു. വളരെ മാന്യനായ യുവാവ്. അപർണയ്ക്ക് യോജിച്ചവൻ തന്നെ.
ഒരു ദിവസം ഇന്‍റർവെൽ സമയത്ത് അപർണ ഉത്സാഹത്തോടെ എന്നോട് പറഞ്ഞു, “പ്രശാന്ത് ജർമ്മനിക്കു പോവുകയാ ചേച്ചീ. അവിടെ ഒരു കമ്പനിയിൽ നിന്നും നല്ലൊരു ഓഫർ കിട്ടിയിട്ടുണ്ട്.”
“ഓഹോ, അപ്പോൾ നീയും താമസിയാതെ ജർമ്മനിക്ക് പോകുമെന്നർത്ഥം,” എന്‍റെ മറുപടി കേട്ട് അവൾ പുഞ്ചിരിച്ചു.
വേനലവധിക്ക് സ്‌കൂൾ അടച്ചതിനാൽ ഞാൻ. കുട്ടികളേയും കൂട്ടി എന്‍റെ തറവാട്ടിലേക്ക് മടങ്ങി. ഇനി രണ്ടു മാസക്കാലം അച്ഛനും അമ്മയ്ക്കുമൊപ്പം ചെലവഴിക്കാം. മാത്രമല്ല, അവരെ കാണാൻ കിട്ടുന്ന അപൂർവ്വ സമയവുമാണല്ലോ. അതുകൊണ്ട് അവധിക്കാലമാവുമ്പോഴേക്കും ആർത്തിയോടെയാണ് ഞങ്ങൾ വീട്ടിലേക്ക് ഓടുന്നത്. കുട്ടികൾക്കും അതായിരുന്നു ഏറെയിഷ്ടം. കൂട്ടത്തിൽ കുറച്ചു ദിവസം ഭർത്താവിന്‍റെ വീട്ടിലും തങ്ങും. അതുകൊണ്ട് അവധിക്കാലം എന്നെ സംബന്ധിച്ച് ഒരുത്സവക്കാലം തന്നെയായിരുന്നു. സന്തോഷം നിറഞ്ഞ അവധിക്കാലത്തിന് വിടചൊല്ലി വീണ്ടും തിരക്കുകളിലേക്കുള്ള മടക്കം മനസ്സിനെ വല്ലാതെ വേദനിപ്പിച്ചിരുന്നു:
അവധിക്കാലം കഴിഞ്ഞ് സ്‌കൂളിൽ മടങ്ങിയെത്തിയപ്പോൾ പതിവുപോലെ പ്രസന്നവദനയായി അപർണ എന്‍റെയരികിലേക്ക് വന്നു. അവളുടെ ഓടിവരവ് കണ്ടാലറിയാം പറയാൻ എന്തോ പുതിയ വിശേഷമുണ്ടെന്ന്…
“ഏയ്, പ്രശാന്തിന്‍റെ വിശേഷം വല്ലതുമുണ്ടോ?” ഞാൻ കുസൃതി കലർന്ന ചിരിയോടെ ചോദിച്ചു. എന്‍റെ ചോദ്യം കേട്ടിട്ടാകണം അവളുടെ മുഖം ഗൗരവം പൂണ്ടു.
“പ്രശാന്തും അനിതയും തമ്മിലുള്ള വിവാഹം കഴിഞ്ഞു. രണ്ടുപേരും ജർമ്മനിയിലാ,” എന്‍റെ ചോദ്യം കേട്ടു നിന്ന മറ്റൊരു അധ്യാപിക പറഞ്ഞു.
“ങ്ഹേ… എന്താ അപർണേ?” ഒരു വെള്ളിടി പോലെ ആ വാർത്ത എന്നെ ഞെട്ടിച്ചു. ഞാൻ അപർണയേയും പിടിച്ചുവലിച്ചു കൊണ്ട് ഒരൊഴിഞ്ഞ മൂലയിലേയ്ക്ക് മാറി നിന്നു. അവളുടെ മുഖത്ത് നിസ്സംഗത…
“ഇത് സത്യമാണോ മോളേ, പ്രശാന്തും… അനിതയും… നക്കിതെന്തു പറ്റി?”
“ചേച്ചീ, അനിത നേഴ്‌സിംഗ് കോഴ്‌സ് പഠിച്ചവളല്ലേ. ജർമ്മനിയിലാണെങ്കിൽ നഴ്‌സുമാർക്ക് വല്യ ഡിമാന്‍റല്ലേ. ഞാനവിടെ പോയിട്ട് എന്ത് ചെയ്യാനാ? രണ്ടുപേരും ചേരുകയും ചെയ്യും. മാത്രമല്ല അവൾക്ക് പ്രശാന്തിനെ ഇഷ്ടവുമാണ്.”
നിനക്കിതെന്തു പറ്റി? പ്രശാന്ത് അത് സമ്മതിച്ചോ?” ആ യാർത്ഥ്യം ഉൾക്കൊള്ളാൻ എന്‍റെ മനസ്സ് വിസ്സമതിച്ചു. അനിയത്തിയുടെ നന്മയ്ക്കുവേണ്ടി സ്വന്തം ഇഷ്ടത്തെ ഞെരിച്ചുകൊല്ലാൻ ഈ പെൺകുട്ടിക്ക് എങ്ങനെ കഴിഞ്ഞു? അളുടെ മനസ്സ് കാരിരുമ്പാണോയെന്നു വരെ ഞാൻ സംയിച്ചു. എന്‍റെ മനസ്സ് വായിച്ചിട്ടോ അതോ സ്വന്തം നഷ്ടബോധത്തെ സമർത്ഥമായി മറയ്ക്കുവാനോ വേണ്ടി അവളതിനെ ന്യായീകരിക്കാൻ ശ്രമിച്ചു.
“ചേച്ചീ, വീട്ടിലെ മൂത്തയാളല്ലേ ഞാൻ. അച്‌ഛൻ എല്ലാ ഉത്തരവാദിത്തങ്ങളും എന്നെയേല്പ്പിച്ചാണ് പോയത്. ഞാനിവിടെ നിന്ന് മാറി നിന്നാൽ വീട്ടിലെ സ്‌ഥിതി എന്താകും? ഇനിയും ഇളയവർ രണ്ടുപേരുണ്ടല്ലോ. അവരുടെ കാര്യവും നോക്കണമല്ലോ.” അവളുടെ മറുപടിക്കു മുന്നിൽ തുടർന്ന് എന്തെങ്കിലും പറയാൻ എനിക്ക് കഴിഞ്ഞില്ല. “എന്‍റെ കുഞ്ഞനുജത്തി, നീ പ്രായത്തിൽ എന്നേക്കാൾ ഇളപ്പമാണെങ്കിലും നിന്‍റെ ഈ മഹാമനസ്‌കതയ്ക്കു മുന്നിൽ ഞാൻ തോറ്റിരിക്കുന്നു.” എന്‍റെ മനസ്സ് മന്ത്രിച്ചു.
എന്നാലും… അപർണയുടെ ഈ ത്യാഗം എന്‍റെ മനസ്സിൽ നീറ്റൽ പടർത്തി. പ്രശാന്തിനോട് കുറച്ചു നാളെങ്കിലും കാത്തിരിക്കാൻ പറയാമായിരുന്നല്ലോ അവൾക്ക്. പിന്നേയും എന്തെല്ലാം വഴികളുണ്ടായിരുന്നു. എന്‍റെ മനസ്സ് പുതിയ പുതിയ ന്യായങ്ങൾ തേടിക്കൊണ്ടിരുന്നു. കുടുംബത്തോടുള്ള വൈകാരികമായ അടുപ്പം കൊണ്ട് സ്വന്തം കാമുകനെ അനിയത്തിക്ക് വിട്ടു കൊടുക്കുക… പക്ഷേ അവൾക്കത് എളുപ്പത്തിൽ മറക്കാനാവുമോ…
അപർണയുടെ രണ്ടാമത്തെ അനുജത്തി റീന എം.ബി.എ കഴിഞ്ഞ ശേഷം പുതിയ ജോലിയിൽ പ്രവേശിച്ചു. അവളുടെ പഠനച്ചെലവുകളെല്ലാം വഹിച്ചിരുന്നത് അപർണയായിരുന്നു. കൂടെ പഠിച്ച ഒരു യുവാവുമായി പ്രണയത്തിലായിരുന്ന റീന ഏറെ താമസിയാതെ വിവാഹിതയായി. ഏറ്റവും ഇളയ സഹോദരനും ജോലി കിട്ടിയയുടനെ വിവാഹിതനായി. എല്ലാവരും സ്വന്തം നേട്ടങ്ങൾ ലക്ഷ്യമാക്കി പ്രവർത്തിച്ചപ്പോൾ അപർണ സ്വന്തം ജീവിതം അവർക്കുവേണ്ടി ബലി കഴിക്കുകയായിരുന്നില്ലേ എന്ന് എന്‍റെ മനസ്സ് കേണുകൊണ്ടിരുന്നു.
ഒരു ദിവസം അപർണയെ കാണുവാനായി ഞാനവളുടെ വീട്ടിൽ ചെന്നു. എന്നെ കണ്ടപ്പോൾ അവളുടെ മുഖം സന്തോഷം കൊണ്ട് വിടർന്നു. കുറേ നാളുകൾക്ക് ശേഷമാണ് സന്തോഷം നിറഞ്ഞ ഒരു പുഞ്ചിരി അവളുടെ മുഖത്ത് വിരിഞ്ഞു കണ്ടത്. കാർമേഘം മൂടിക്കെട്ടിയ ആകാശം ഒരു വലിയ മഴയ്ക്കുശേഷം തെളിഞ്ഞതുപോലെ അവളുടെ വാക്കുകളിലും ചലനങ്ങളിലുമെല്ലാം ഒരു പുതുതെളിച്ചം. അവളുടെ അമ്മയും ഏറെ സന്തോഷത്തിലായിരുന്നു.
“ഇനി അപർണയുടെ വിവാഹത്തെക്കുറിച്ച് ചിന്തിക്കണ്ടേ… അവൾക്ക് പ്രായമൊന്നും അത്രയ്ക്ക് കടന്നു പോയിട്ടില്ലല്ലോ?” ഞാൻ തെല്ലൊരു പരുങ്ങലോടെ അപർണയുടെ അമ്മയോട് ചോദിച്ചു.
അവരുടെ മുഖത്ത് ഒരു നീരസം പടർന്നു, “നല്ല പ്രായത്തിൽ വേണം കല്യാണം ചെയ്യാൻ. ഇനി അതൊക്കെ… വിവാഹത്തിന് യോജിച്ച പ്രായമല്ലല്ലോ അവളുടേത്… അതിന് പറ്റിയ പയ്യന്മാരെ എവിടെ കിട്ടാനാ?”
അവരുടെ നിർദ്ദയമായ വാക്കുകൾ എന്‍റെ കാതുകളെ ചുട്ടുനീറ്റിച്ചു. നെഞ്ചിലേക്ക് എന്തോ ഉരുണ്ടു കയറിയതു പോലെ… എന്ത് പറയണമെന്നറിയാതെ ഞാനൊരു നിമിഷം പകച്ചിരുന്നു. സ്വന്തം മകളെക്കുറിച്ച് ഒരമ്മയ്ക്ക് ഇതൊക്കെ എങ്ങനെ പറയാനാവും… ചുരുങ്ങിയ പക്ഷം അങ്ങനെ ചിന്തിക്കാനെങ്കിലും കഴിയുമോ… മറ്റുള്ളവരുടെ നന്മയ്ക്കുവേണ്ടി സ്വന്തം ജീവിതം ഹോമിച്ച മകളുടെ ജീവിതത്തിന് അമ്മ കല്പ്പിച്ചു കൂട്ടിയ വില ഇത്രയ്ക്ക് തുച്‌ഛമാണോ… എന്‍റെ അറിവിനും അപ്പുറമായിരുന്നു അത്. അവളുടെ അമ്മ ഇളയ മകൻ ദീപുവിനെക്കുറിച്ചും അവന്‍റെ പുതിയ ജീവിത സൗകര്യങ്ങളെക്കുറിച്ചും ആവേശത്തോടെ ഓരോന്നും പറഞ്ഞുകൊണ്ടിരുന്നു, “അവന് നല്ല ജോലിയാ. പൂനയിൽ കമ്പനി വകയായി കിട്ടിയ ഫ്ളാറ്റിലാ അവനും ഭാര്യയും താമസിക്കുന്നത്. പൂന കാണാൻ നല്ല സ്‌ഥലമാണത്രേ.”
“അമ്മ അങ്ങോട്ട് പോകാനിരിക്കുകയാ,” അപർണ ഉള്ളിൽ തികട്ടി വന്ന വേദന മറച്ചു കൊണ്ട് പറഞ്ഞു, “കുറച്ചു നാളായി അമ്മ ആഗ്രഹിക്കുന്ന കാര്യമാ. വീടിന് പുറത്തൊന്നും അമ്മ പോയിട്ടില്ലല്ലോ. ങ്ഹാ, അമ്മയ്ക്കൊരു ചേഞ്ചാവുമല്ലോ.” അവളുടെ വാക്കുകളിൽ വിഷാദം പടരുന്നത്. ഞാനറിഞ്ഞു.
“ശരിയാണ്.” ഞാൻ നിർവികാരയായി തലയാട്ടി. ഏതാനും മാസങ്ങൾ കഴിഞ്ഞതോടെ ഒന്നുറപ്പായി. അപർണയുടെ അമ്മ ഇനി ദീപുവിനൊപ്പമേ താമസിക്കൂ. വാടകവീട്ടിൽ അപർണ തനിച്ചായി, എല്ലാ അർത്ഥത്തിലും.
ഇവിടെ അടുത്തായി പണി കഴിഞ്ഞ ഒരു ഫ്ളാറ്റ് വാങ്ങുവാനായി ഞാൻ തീരുമാനിച്ചു. നഗരത്തിൽ സ്വന്തമായി ഒരു വീടു വേണമെന്ന മോഹം തോന്നിയിട്ട് ഏറെ നാളായി. ഭർത്താവും അതിന് സമ്മതം മൂളിയതോടെ എനിക്ക് കൂടുതൽ സന്തോഷം തോന്നി. അതുകൊണ്ട് ഇക്കാര്യം പറഞ്ഞ് അപർണയേയും നിർബന്ധിച്ചു. “നീയും ഫ്ളാറ്റ് ബുക്ക് ചെയ്യ്. ഒരു സിംഗിൾ ബെഡ് അപ്പാർട്ട്‌മെന്‍റെങ്കിലും സ്വന്തമാക്കാമല്ലോ.”
“പക്ഷേ ചേച്ചീ… അതിന് വലിയൊരു തുക വേണ്ടിവരുമല്ലോ…”
“അപർണ, വാടകയിനത്തിൽ കൊടുക്കുന്ന പണം മതി ഫ്ളാറ്റിന്‍റെ ഇൻസ്റ്റോൾമെന്‍റ് അടയ്ക്കാൻ. പക്ഷേ തുടക്കത്തിൽ കുറച്ചു പണം സംഘടിപ്പിക്കേണ്ടി വരും. ലോണൊക്കെ ഞാൻ ശരിയാക്കിത്തരാം. നിനക്ക് സ്വന്തമായി വീടാകുകയും ചെയ്യും.”
അവളെ ഇക്കാര്യം പറഞ്ഞ് സമ്മതിപ്പിക്കാൻ എനിക്ക് ഏറെ സമയം വേണ്ടിവന്നു. അതോടെ അവൾ സമ്മതം മൂളി. പിന്നെ കാര്യങ്ങളെല്ലാം തകൃതിയായി നടന്നു. ഞങ്ങൾ രണ്ടുപേരും ഓരോ ഫ്ളാറ്റ് സ്വന്തമാക്കി.
ഒടുവിൽ തന്‍റേതായ ഒരു ഇടം കണ്ടെത്തിയ ഭാവമായിരുന്നു അവൾക്ക്. ഒരു കൊച്ചു കുഞ്ഞിന്‍റെ ഉത്സാഹത്തോടെ അവൾ ഫ്ളാറ്റിൽ ഓടിനടന്നു. ഒരിക്കലും ഇടമുറിയാത്ത സ്നേഹത്തിന്‍റെ നറുനിലാവ് ഒരു വിരൽത്തുമ്പകലത്തിൽ കിട്ടിയ സന്തോഷമായിരുന്നു എന്‍റെയുള്ളിൽ. കുട്ടികൾ ഹോസ്റ്റലിലും ഭർത്താവ് ബിസിനസ് ടൂറിലുമായതിനാൽ ഫ്ളാറ്റിൽ ഭൂരിഭാഗം സമയം ഞാനും അപർണയും ഒരുമിച്ചായിരുന്നു. ചിലപ്പോൾ ഭക്ഷണം കഴിക്കലും ഞങ്ങൾ ഒരിടത്താക്കി.
ഇതിനിടെ അപർണയുടെ അമ്മ കുളിമുറിയിൽ തെന്നി വീണ് കാലൊടിഞ്ഞു. കാലിന് പ്ലാസ്‌റ്റർ ഇട്ടിരിക്കുന്നതിനാൽ അവർ കിടപ്പിലുമായി. ഈ വിവരമറിഞ്ഞ് അപർണ സങ്കടപ്പെട്ടു. അനിയനും ഭാര്യയും ജോലിക്കു പോയാൽ അമ്മയെ ആര് പരിചരിക്കുമെന്നോർത്ത് അവൾ വ്യസനിച്ചു. അതുകൊണ്ട് അധികം താമസിയാതെ അപർണ പൂനയിൽ പോയി അമ്മയെ കൂട്ടിക്കൊണ്ടു വന്നു. അപർണയുടെ ഒരിക്കൽക്കൂടിയുള്ള ത്യാഗം എന്നെ ശരിക്കും വിസ്‌മയിപ്പിച്ചു. ഇത്രയും നാളും ഈ നഗരത്തിൽ തനിച്ചു കഴിഞ്ഞിരുന്ന അവളെ ആരും ക്ഷേമമന്വേഷിച്ച് ഒന്നു വിളിക്കുകയോ ഒരു കത്തയയ്ക്കുക. ചെയ്തില്ല.
എന്നിട്ടും… തന്‍റെ സ്വപ്‌നങ്ങളേയും പ്രതീക്ഷകളേയും എങ്ങോ ഉപേക്ഷിച്ച് മനസ്സു നിറയെ സ്നേഹത്തിന്‍റെ കനിവുമായി നില്ക്കുന്ന അപർണ… ജീവിതത്തിന്‍റെ പുതിയ പുതിയ അർത്ഥതലങ്ങളിലേയ്ക്ക് എന്നെ നയിച്ചുകൊണ്ടിരുന്നു. ആർക്കും മനസ്സിലാക്കാനാവാത്ത ഒരു കടങ്കഥ കണക്കേ അവൾ എല്ലാവരേയും സ്നേഹിച്ചു കൊണ്ടിരുന്നു. വറ്റാത്ത സ്നേഹത്തിന്‍റെ, കാരുണ്യത്തിന്‍റെ ഉറവുമായി…