ഗായത്രി ടീച്ചറും രഞ്ജൻ മാഷും പിണങ്ങി? കോളേജിൽ വാർത്ത കാട്ടുതീപോലെ പടർന്നു. മരത്തണലുകൾക്ക് കീഴെ ചെറുസംഘങ്ങളുടെ അടക്കിപ്പിടിച്ച ചിരികൾ. സ്റ്റാഫ് റൂമിൽ ഒരു അപസർപ്പക കഥയുടെ ചുരുളഴിക്കാനുള്ള ത്വരയോടെ അധ്യാപകർ.

“രഞ്ജൻ മാഷിനും ഗായത്രി ടീച്ചർക്കും എന്താണ് സംഭവിച്ചത്?” കഥകൾ മെനയുന്ന കൗമാരത്തിന്‍റെ ലഹരിയിൽ കുട്ടികൾ ടീമുകളായി തിരിഞ്ഞ് ഡിബേറ്റ് തുടങ്ങി.

ഒന്നാമത്തെ പീരിയഡ് തുടങ്ങുന്നതിനുമുമ്പാണ് ആ സംഭവം. കോളേജിന്‍റെ മുഖ്യകവാടത്തിന് സമീപം കുട്ടികൾ നോക്കിനിൽക്കെ ആയിരുന്നല്ലോ അവരുടെ ശണ്ഠ…

രണ്ടുവർഷം മുമ്പാണ് രഞ്ജൻ മാഷ് കോഴിക്കോട്ടെ പ്രശസ്തമായ കോളേജിൽ രസതന്ത്രാധ്യാപകനായി എത്തുന്നത്. അധ്യാപകർക്കിടയിലെ ജൂനിയർ. വിദ്യാർത്ഥികളുടെ റോമിയോ, കാണാൻ സുമുഖനും അവിവാഹിതനുമാണ്. ഗായത്രി ടീച്ചറും സൗന്ദര്യത്തിന്‍റെ കാര്യത്തിൽ ഒട്ടും പിന്നിലല്ല, വിവാഹിതയാണെന്ന് ആരും പറയുകയില്ല. ഏറിയാൽ വയസ്സ് 25 വയസ്സ് തോന്നും. അധ്യാപനത്തിലും ബഹുമിടുക്കി.

ബയോളജി അധ്യാപികയായ ഗായത്രിയും രസതന്ത്രാധ്യാപകനായ രഞ്ജനുമിടയിൽ സൗഹൃദത്തിന്‍റെ പാത വിരിച്ചത് ജീവിതത്തിലെ ഏകാന്തതയാണെന്ന് പറയാം. കമ്പ്യൂട്ടർ എൻജിനീയറാണ് ഗായത്രിയുടെ ഭർത്താവ്. മൂന്നുവർഷമായി അമേരിക്കയിലാണ്. വീട്ടിൽ തനിച്ചായതിനാൽ ഗായത്രി കൂടുതൽ സമയവും കോളേജിൽത്തന്നെ. മംഗലാപുരത്തുകാരനായ രഞ്ജൻ കോളേജിനടുത്തുള്ള ഫ്ളാറ്റിലാണ് താമസം.

സ്റ്റാഫ് റൂമിൽ നിന്ന് കോളേജ് ക്യാന്‍റീനിലേക്കുള്ള സൗഹൃദത്തിന്‍റെ വളർച്ച അവർപോലുമറിയാതെ സംഭവിക്കുകയായിരുന്നു.

മൂന്നുമണിക്കുള്ള അവരുടെ പതിവ് ചായ സൗഹൃദത്തിൽ എന്തോ ഒന്ന് മണക്കുന്നുവെന്ന് പറഞ്ഞുപരത്തിയത് ക്യാമ്പസിൽ ആകാശവാണിയെന്ന് ഇരട്ടപ്പേരുള്ള കെമിസ്ട്രിയിലെ ജിനുവാണ്. അങ്ങനെ രഞ്ജൻ മാഷും ഗായത്രി ടീച്ചറും ക്യാമ്പസിലെ ഹോട്ട് ടോക്കായി.

ഗോസിപ്പുകൾ അതിരുവിടുന്നത് അവരറിയുന്നുണ്ടായിരുന്നു. സംസ്കൃതാധ്യാപികയായ സുഹാസിനിയെ കൂട്ടപിടിച്ച് ചായസൗഹൃദത്തിന് മറയിടാൻ ശ്രമിച്ചെങ്കിലും എല്ലില്ലാത്ത നാവുകൾക്കുണ്ടോ വിശ്രമം?

സുഹാസിനിടീച്ചർ അൽപം മോഡേണാണ്. സാരിയോടത്ര പ്രിയമില്ല ടീച്ചർക്ക്. ലൈറ്റ്കളർ ചുരുദാറിൽ ഒരുങ്ങിയെത്തുന്ന ടീച്ചറോട് കുട്ടികൾക്ക് പ്രത്യേകമായ ഒരിഷ്ടമുണ്ട്. കർക്കശക്കാരിയാണെങ്കിലും സുഹാസിനിടീച്ചറുടെ ക്ലാസ് കട്ട് ചെയ്യാൻ ഒരുത്തനും തയ്യാറല്ല.

രഞ്ജനും ഗായത്രിയും ഉച്ചഭക്ഷണ ഇടവേളകളിലും സുഹാസിനി ടീച്ചറെ നിർബന്ധിച്ച് കൂടെ കൊണ്ടുപോകും. എന്നാൽ ചില വൈകുന്നേരങ്ങളിൽ സുഹാസിനിയില്ലാതെ ഇരുവരും സിനിമയ്ക്ക് പോയെന്ന കഥയും കാമ്പസിലെ ചൂടുവാർത്തയായി. ഇതിനിടയിലാണ് അത് സംഭവിച്ചത്.

ഗായത്രിടീച്ചറുടെ ഭർത്താവ് നികേഷ് അമേരിക്കാവാസം മതിയാക്കി മടങ്ങിയെത്തിയിരിക്കുന്നു. നാട്ടിൽ സ്വന്തമായി കമ്പനി തുടങ്ങാനാണ് വരവ്. നികേഷ് കോളേജിനടുത്ത് ബംഗ്ലാവ് വാങ്ങിയതോടെ കോളേജ് വക ഫ്ളാറ്റ് ടീച്ചർ ഒഴിഞ്ഞു. വരവും പോക്കും പുതുപുത്തൻ നീല സാൻട്രോ കാറിൽ.

നികേഷ് ഇപ്പോൾ ഒരു പക്കാ ബിസിനസ്സുകാരനാണ്. തിരക്കേറിയ ജീവിതം. കോളേജിലെ ഗോസിപ്പുകൾക്ക് ചെവികൊടുക്കാൻ അയാൾക്ക് എവിടെ സമയം? എങ്കിലും ഗായത്രി രഞ്ജനുമായുള്ള സൗഹൃദത്തിന് അതിർവരമ്പിടണമെന്ന് ആഗ്രഹിച്ചു. മൂന്നാമതൊരാളുടെ സാന്നിധ്യം ദാമ്പത്യത്തിലുണ്ടാക്കാവുന്ന ദുരന്തങ്ങളെക്കുറിച്ച് അവളോർത്തു. രഞ്ജനെ കാണരുത്, സംസാരിക്കരുത് ഓരോ ദിവസവും അവൾ രഞ്ജനിൽ നിന്നൊഴിഞ്ഞുമാറാൻ പണിപ്പെടുകയായിരുന്നു. പക്ഷേ, രഞ്ജൻ നീറിപ്പുകഞ്ഞു. ഗായത്രി തന്നെ അവഗണിക്കുന്നതെന്തേ, ഇത്രയധികം സ്നേഹിച്ചിട്ടും. അവളെ ഇത്തിരിനേരം തനിച്ച് കിട്ടിയിരുന്നെങ്കിൽ… ഓരോ നിമിഷവും അയാൾ ആഗ്രഹിച്ചു.

കാന്‍റീനിലും വരാന്തയിലുമെല്ലാം ഇണക്കിളികളായി ഉല്ലസിച്ചാടുന്നവർ. ഗായത്രി ടീച്ചറുടെ മാറ്റം കുട്ടികളും മനസ്സിലാക്കുന്നുണ്ടായിരുന്നു.

“അറിഞ്ഞില്ലേ… ഗായത്രി ടീച്ചറും രഞ്ജൻ മാഷും തെറ്റിയെന്നാ തോന്നുന്നേ…” പൂത്തുനിൽക്കുന്ന വാകമരങ്ങളെ തലോടിയ കാറ്റിൽപ്പോലും ആ പിണക്കത്തിന്‍റെ കഥ പാറിപ്പറന്നു.

ഓടകൾക്കു മീതെയുള്ള കമ്പിവലകളിലൂടെ ചാടിയെത്തിയ നീല സാൻട്രോ കാർ വല്ലാത്തൊരു ശബ്ദത്തോടെ കുലുങ്ങി നിന്നു.

ഗായത്രി പതിവുപോലെ ബയോളജി ഡിപ്പാർട്ടുമെന്‍റിലേക്ക് നടന്നു. അവൾ  വരുന്നതും കാത്ത് കെമിസ്ട്രി ലാബിനോട് ചേർന്ന വരാന്തയിൽ രഞ്ജൻ നിൽക്കുന്നുണ്ടായിരുന്നു. തന്നെ ഒഴിവാക്കി ഗായത്രി നടന്നകലാൻ ശ്രമിക്കുന്നത് രഞ്ജനറിഞ്ഞു.

“എന്താ ഗായത്രി ഇത്? ഇപ്പോൾ ഒന്ന് മിണ്ടാൻ പോലും കൂട്ടാക്കുന്നില്ല നീ… ഞാനെന്ത് തെറ്റ് ചെയ്തു?” ഖിന്നതയോടെയുള്ള രഞ്ജന്‍റെ ചോദ്യവും അസഹനീയതയോടെയുള്ള ഗായത്രിയുടെ നിൽപ്പും വിദ്യാർത്ഥികൾക്ക് കൗതുകക്കാഴ്ചയായി.

“പ്ലീസ് രഞ്ജൻ, ലെറ്റ് മി ഗോ… എന്നെ വെറുതെ വിട്…”

“ഇല്ല, നീ മറുപടി പറയാതെ ഞാൻ വിടില്ല. എന്തുപറ്റി നിനക്ക്?” കൈ നീട്ടി വഴി തടഞ്ഞു അയാൾ.

“വഴി മാറൂ രഞ്ജൻ.” ഗായത്രിയുടെ സ്വരത്തിലെ മൂർച്ച രഞ്ജനെ അതിശയപ്പിച്ചു.

അയാൾ കോപാവേശിതനായി ഗായത്രിയുടെ ഇരുകൈകളും കൂട്ടിപ്പിടിച്ച് ഉച്ചത്തിൽ ചോദിക്കാൻ തുടങ്ങി. ആ മുഖം വികാരക്ഷോഭത്തിൽ ചുവന്നുതുടുത്തു.

“നീ എന്താ നിന്നെക്കുറിച്ച് കരുതിയത്? അപ്സരസെന്നോ? ഞാൻ നിന്‍റെ വാലാട്ടിപ്പട്ടിയോ? ഒരാഴ്ച മുമ്പ് വരെ എന്തിനും ഞാൻ വേണമായിരുന്നു. എന്നിട്ടിപ്പോൾ? എല്ലാം എന്‍റെ തെറ്റ്… പക്ഷ, ഞാൻ നിന്നെ വെറുതെ വിടില്ല.” രഞ്ജന്‍റെ ക്രോധഭാവം അവളിൽ നടുക്കമുണ്ടാക്കി.

സംഗതി വഷളാവുകയാണ്. അങ്ങിങ്ങ് മാറിനിന്ന് ഒളിഞ്ഞുനോക്കിയ കുട്ടികൾ രംഗപ്രവേശം തുടങ്ങിയിരിക്കുന്നു. ഒരു സംഘം കുട്ടികൾ ഓടിവന്ന് രഞ്ജനിൽ നിന്ന് ടീച്ചറെ രക്ഷപ്പെടുത്തി. “എന്താ സാർ… ഇത് ഒരു കോളേജാണ്. നിങ്ങളെപ്പോലെ ബഹുമാന്യരായ അധ്യാപകർ ഇങ്ങനെയൊക്കെയാണോ പെരുമാറുന്നത്?”

കൂവിവിളിക്കുന്ന കുട്ടികളുടെ മുന്നിലൂടെ ഇരുവരും തലകുമ്പിട്ട് നടന്നു. രഞ്ജൻ ദേഷ്യമടക്കാനാകാതെ ഫ്ളാറ്റ് ലക്ഷ്യമാക്കി നടന്നു. അപമാനഭാരത്തോടെ ഗായത്രി ധൃതിയിൽ പ്രിൻസിപ്പാളിന്‍റെ മുറിയിലേക്കും.

രാവിലെ നടന്ന സംഭവം കാമ്പസിൽ കാട്ടുതീപ്പോലെ പടരാൻ നിമിഷങ്ങളെ വേണ്ടി വന്നുള്ളൂ… “ഗായത്രി ടീച്ചർ പ്രിൻസിപ്പാളിന് പരാതി നൽകിയിരിക്കുന്നു. അതും രഞ്ജൻ മാഷിനെതിരെ.”

പിറ്റേന്ന് നോട്ടീസ് ബോർഡിൽ രഞ്ജനെ സസ്പെൻഡ് ചെയ്തുകൊണ്ടുള്ള അറിയിപ്പ്, “ചില കാരണങ്ങളാൽ ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ രസതന്ത്രാധ്യാപകൻ രഞ്ജനെ സസ്പെൻഡ് ചെയ്തിരിക്കുന്നു.” അറിയിപ്പിനടിയിൽ പ്രിൻസിപ്പാൾ മഹേന്ദ്രന്‍റെ കിടിലൻ ഒപ്പ്.

രഞ്ജൻ ഫ്ളാറ്റിൽ തന്നെയിരുന്നു. പുറത്തേക്കിറങ്ങാൻ മടിയായിരുന്നു. അയാൾക്ക് 10 ദിവസത്തിനകം പ്രിൻസിപ്പാളിന് വിശദീകരണം നൽകാനാണ് നിർദ്ദേശം.

അരോപണം ഗുരുതരമാണ്. ക്ലാസ് സമയത്ത്, കോളേജ് പരിസരത്ത്, കുട്ടികളുടെ മുന്നിൽ വെച്ച് ഉണ്ടായ സംഭവം. മറ്റ് അധ്യാപകരൊന്നും രഞ്ജനെ പിന്തുണച്ചില്ല. ഗായത്രിയുമായി രഞ്ജനുള്ള അടുപ്പം മിക്ക അധ്യാപകർക്കും ഉൾക്കൊള്ളാനാകാത്തതായിരുന്നു.

സുന്ദരിയും തന്‍റേടിയുമായ ടിച്ചറെ രഞ്ജൻ എങ്ങനെ വലയിലാക്കി? സഹാധ്യാപകർ ഒളിഞ്ഞും തെളിഞ്ഞും പലതവണ ചർച്ച ചെയ്തകാര്യം. എന്തായാലും ഈ അവസരം മുതലാക്കി കോളേജ് ട്രസ്റ്റ് അംഗത്തിന്‍റെ കാത്തിരിപ്പ്. കുട്ടി നേതാവായ ജോൺ സാമുവലിന്‍റെ അനുജൻ എംഎ, എംഫിൽ കഴിഞ്ഞ് നിൽപ്പാണ്. പ്രതിസന്ധി മുതലാക്കി അയാളെ തിരുകികയറ്റാൻ നേതാവ് ശ്രമം തുടങ്ങിയതോടെ എല്ലാവരും ആശങ്കയിലായി. രഞ്ജന്‍റെ പണി പോകുമോ? ഒരാഴ്ച ഒന്നും സംഭവിക്കാതെ കടന്നുപോയി. രഞ്ജൻ ഫ്ളാറ്റിൽനിന്നും പുറത്തിറങ്ങിയതേയില്ല. സ്വയം തടവറ തീർത്ത് കഴിയുകയായിരുന്നു അയാൾ. സഹപ്രവർത്തകരാരും അയാളെ തേടിയെത്തിയില്ല. രഞ്ജൻ അതാഗ്രഹിച്ചുമില്ല.

കോളിംഗ് ബെൽ അടിക്കുന്ന ശബ്ദം കേട്ട് രഞ്ജൻ ഞെട്ടിയെഴുന്നേറ്റു. ആരാകും ഈ നേരത്ത്? വാതിൽ തുറന്നപ്പോൾ രഞ്ജൻ ആശ്ചര്യപ്പെട്ടുപോയി, സുഹാസിനി…

“ഞാൻ കരുതി ഇയാളെന്നെ ഉപേക്ഷിച്ചെന്ന്…”

“എനിക്കെങ്ങനെ കഴിയും? പൊട്ട ബുദ്ധിക്ക് ഓരോന്ന് ചെയ്തുവെച്ചിട്ട്… നിന്നെ എങ്ങനെ രക്ഷിക്കുമെന്നാ എന്‍റെ ചിന്ത…”

“എനിക്കെന്താകാൻ… അപമാനം… തൊഴിൽ നാശം… എന്‍റെ തെറ്റിനുള്ള ശിക്ഷ എനിക്ക് കിട്ടട്ടെ… അതുകൊണ്ടാണ് ഞാൻ സാറിന് ലെറ്റർ നൽകാത്തത്.”

“രഞ്ജൻ, നിങ്ങൾക്ക് എങ്ങനെയാണ് ഇത്തരമൊരു തെറ്റ് സംഭവിച്ചത്? കുട്ടികൾ നോക്കിനിൽക്കേ ഗായത്രിയുടെ കൈപിടിച്ച് കയർക്കാൻ ചില്ലറ ധൈര്യം പോരാ…”

രഞ്ജൻ മൗനിയായി. “മറ്റാരെങ്കിലുമാണിത് ചോദിക്കുന്നതെങ്കിൽ ഞാൻ മറുപടി നൽകില്ലായിരുന്നു. പക്ഷേ, സുഹാസിനിയോട് എനിക്കങ്ങനെ പെരുമാറാനാകില്ല. ഞങ്ങളുടെ ബന്ധത്തെക്കുറിച്ച് എന്തെങ്കിലുമൊക്കെ മനസ്സിലാക്കിയത് സുഹാസിനിയാണല്ലോ.” രഞ്ജൻ തുടർന്നു.

“ഗായത്രിയെ എന്നിലേക്കാകർഷിച്ചത് ആ സൗന്ദര്യവും വ്യക്തിത്വവും തന്നെയാണ്. ഞാൻ പാവപ്പെട്ട കുടുംബത്തിലെ അംഗമാണെന്നറിയാമല്ലോ. ഗായത്രിയോട് അടുത്തുപെരുമാറാൻ മറ്റ് അധ്യാപകർക്കുള്ള സങ്കോചംകൂടി കണ്ടപ്പോൾ അവരോടുള്ള ആരാധന വർദ്ധിച്ചു.”

“ഗായത്രി എന്നോട് പരിഗണന കാണിച്ചപ്പോൾ ഞാൻ അതിരുവിട്ട് സ്നേഹിച്ചുപോയി. അഹങ്കാരമായിരുന്നു മനസ്സിൽ. അവളെന്നെ എന്തിനു സ്നേഹിച്ചു എന്നെനിക്കറിയില്ല. ഒരുപക്ഷേ, ഏകാന്തതയിൽനിന്ന് അവൾ അൽപം മോചനം ആഗ്രഹിച്ചിട്ടുണ്ടാകും. സുഹാസിനിയെ കൂട്ടുപിടിച്ച് ഞങ്ങൾ രഹസ്യമായി ഇഷ്ടം കൂടുകയായിരുന്നു.”

“അതെനിക്ക് മനസ്സിലായിരുന്നു…” സുഹാസിനി ചിരിച്ചു. “എന്താണ് സംഭവിക്കുന്നതെന്ന് അറിയാത്ത ദിവസങ്ങളായിരുന്നു അവ. വിവാഹിതയായ സ്ത്രീയോട് രഞ്ജന് നല്ല സൗഹൃദമെന്നേ ഞാൻ ആദ്യമൊക്കെ കരുതിയുള്ളു. കൂടെക്കൂടെ മെസേജ് അയയ്ക്കുന്നതും ഗിഫ്റ്റുകൾ കൈമാറുന്നതും ഗോസിപ്പുകളും ഞാൻ കൂട്ടിവായിച്ചിരുന്നു രഞ്ജൻ.”

“സുഹാസിനിയെ ഒഴിവാക്കി ഞങ്ങൾ പുറത്തുപോകാറുണ്ടായിരുന്നു. ഒരുപക്ഷേ, ടീച്ചർ തടഞ്ഞാലും ആ ബന്ധം വിടാൻ ഞാൻ ഒരുക്കമായിരുന്നില്ല.”

“നിങ്ങളിരുവരും സിനിമയ്ക്ക് പോകുന്നതും മൂന്നാർ കറങ്ങിയതുമൊക്കെ ഗോസിപ്പായി ഞാനും കേട്ടിരുന്നു. പക്ഷേ, അത് സത്യമാകരുതേ എന്നായിരുന്നു എന്‍റെ പ്രാർത്ഥന. നിങ്ങൾ തമ്മിൽ മറ്റുവല്ലതും….”

“ഇല്ല, അങ്ങനെയൊന്നുമുണ്ടായിട്ടില്ല. അവളെ വിവാഹം ചെയ്യണമെന്നായിരുന്നു എന്‍റെ മോഹം.”

“ഗായത്രി വിവാഹിതയാണെന്ന് രഞ്ജനറിയില്ലായിരുന്നോ?”

“ആദ്യമറിയില്ലായിരുന്നു. പക്ഷേ, ഞങ്ങളുടെ ബന്ധം മറ്റൊരാളുടെ വരവോടെ ഉലയുമെന്ന് ഞാനറിഞ്ഞില്ല.”

“ഗായത്രിയുടെ ഭർത്താവ് നാട്ടിലെത്തിയിട്ടുണ്ട്.”

“ശരിയാണ്. നടന്നതെല്ലാം ഇത്രവേഗം ഒരു സ്വപ്നമായി കരുതേണ്ടി വന്നാൽ…”

“അവൾ ഭയന്നിട്ടുണ്ടാകും രഞ്ജൻ. യാഥാർത്ഥ്യമെന്തെന്ന് അവൾക്കും മനസ്സിലായി.” സുഹാസിനി പറഞ്ഞു.

“ഇനി പഴയ കാര്യങ്ങൾ പറഞ്ഞിട്ടെന്താ? രണ്ടുപേരും തെറ്റ് തന്നെയാണ് ചെയ്തത്.”

“ഞാൻ നിയന്ത്രണം വിട്ട് പെരുമാറി. ശരിയാണ്. എന്നെ അവൾ ഒരു കളിപ്പാട്ടമാക്കിയെന്ന ചിന്ത എന്‍റെ മനോനില തെറ്റിക്കുകയായിരുന്നു. രണ്ടുദിവസം മുമ്പുവരെ എന്‍റെ സ്വന്തം കൂട്ടുകാരിയായിരുന്ന അവൾ പെട്ടെന്ന് മിസിസ് നികേഷ് ആയി മാറിയാൽ…”

“ഓകെ രഞ്ജൻ. ഇനി എതെല്ലാം മറന്നേക്കൂ… ഇയാളെ ഈ പ്രശ്നത്തിൽ നിന്ന് എങ്ങനെ കരകയറ്റാമെന്നാണ് എന്‍റെ ചിന്ത…”

“ബോർഡ് മീറ്റിംഗിൽ എന്നെ പുറത്താക്കും. തീർച്ച.”

“രഞ്ജൻ, നിങ്ങൾ മാപ്പപേക്ഷിക്കാൻ തയ്യാറാണോ? എങ്കിൽ ഒരു കത്തെഴുതി തരൂ…”

“ഞാൻ മാപ്പപേക്ഷിക്കാം. പക്ഷേ, പ്രിൻസിപ്പാളോ ഗായത്രിയോ അംഗീകരിക്കുമോ?”

“ധൈര്യമായിരിക്ക്. ഞാൻ ഗായത്രിയുമായി സംസാരിക്കാം. അവൾ പരാതി പിൻവലിച്ചാൽ പ്രശ്നം തീരുമല്ലോ?”

“എന്തോ എനിക്ക് വിശ്വാസം വരുന്നില്ല. അവൾ സമ്മതിക്കുമോ?” രഞ്ജന്‍റെ ശബ്ദത്തിൽ കടുത്ത നിരാശ.

“നമുക്ക് ശ്രമിക്കാം. രഞ്ജൻ ഒരു മാപ്പപേക്ഷ ഉടൻ എഴുത്.”

“ശരി. ഇത് പ്രിൻസിപ്പാളിന് കൊടുത്തേക്കുമല്ലോ?”

“രഞ്ജൻ, നിങ്ങൾ വിഷമിക്കേണ്ട, ഈ പ്രശ്നം ഞാൻ തീർത്തോളാം. ഇതെന്‍റെ വാഗ്ദാനമല്ല പക്ഷേ, രഞ്ജനെന്നെ വിശ്വസിക്കാം.”

രഞ്ജന്‍റെ ഹൃദയം കൃതജ്ഞതാഭരിതമായി. ഇടറിയ വാക്കുകളാൽ അയാൾ സുഹാസിനിയോട് പറഞ്ഞു, “ടീച്ചർ, ഇത്രയും നന്മയുള്ള ഒരു മനസ്സ് തിരിച്ചറിയാൻ ഞാൻ വൈകി.”

“ഹാ… എന്തു ചെയ്യാൻ. സുഹൃത്തിന്‍റെ തെറ്റ് തിരുത്താൻ എന്തൊക്കെ ചെയ്താലാണ്?” സുഹാസിനി പുഞ്ചിരിയോടെ കത്ത് വാങ്ങി.

ഗായത്രിയെ തനിച്ചുകിട്ടാൻ കാത്തിരിക്കുകയായിരുന്നു സുഹാസിനി. ഇപ്പോൾ അവൾ തന്നെയും ഒഴിവാക്കുന്നുണ്ടെന്ന് സുഹാസിനിക്ക് തോന്നി. മറ്റ് അധ്യാപകരാരും സ്റ്റാഫ് റൂമിൽ ഇല്ലാത്ത സമയത്ത് സുഹാസിനി ഗായത്രിയോട് രഞ്ജന്‍റെ കാര്യം സൂചിപ്പിച്ചു.

“ഗായത്രീ, ഞാൻ ഇന്നലെ രഞ്ജനെ കണ്ടിരുന്നു. പാവം… വളരെ വിഷമത്തിലാണ്.”

“അതിനെനിക്കെന്താണ്?” ഗായത്രിയുടെ സ്വരത്തിൽ ഈർഷ്യ.

“നീ അൽപം ക്ഷമയോടെ കേൾക്കണം.” സുഹാസിനി പറഞ്ഞു.

“രഞ്ജൻ സാമ്പത്തികശേഷിയില്ലാത്ത കുടുംബത്തിലെ അംഗമാണ്. അയാളെ ആശ്രയിച്ചാണ് ഒരു കുടുംബത്തിന്‍റെ നിലനിൽപ്പ്. നിന്‍റെ പരാതിയുടെ പേരിൽ രഞ്ജന്‍റെ ജോലി നഷ്ടപ്പെടാനിടവന്നാൽ ഒരുപക്ഷേ, അയാൾ ജീവിതം അവസാനിപ്പിച്ചേക്കുമൊയെന്ന് എനിക്ക് ഭയമുണ്ട്.”

“ഇങ്ങനെയൊക്കെ സംഭവിക്കാമെന്ന് അയാൾ ആദ്യമേ ചിന്തിക്കേണ്ടതായിരുന്നു.” ഗായത്രി നിർദാക്ഷിണ്യം പറഞ്ഞു.

“അതുശരി, എങ്കിൽ പറയൂ, നിനക്കീ സംഭവത്തിൽ ഒരു ചുക്കുമില്ലെന്ന്. തീക്കളിയാണ് കളിക്കുന്നതെന്ന് ആദ്യമേ കരുതണമായിരുന്നു. രഞ്ജൻ തെറ്റ് ചെയ്തെങ്കിൽ അതിന്‍റെ കാരണക്കാരി നീ തന്നെയാണ് ഗായത്രി.” സുഹാസിനിയുടെ സ്വരം കടുത്തു.

“സുഹാസിനി നീ എന്താണ് പറഞ്ഞുവരുന്നത്?”

“അതെ, അതുതന്നെ. നീ വിവാഹിതയാണ് രഞ്ജൻ അവിവാഹിതനും.”

“നീ എന്‍റെ സുഹൃത്തായിട്ടും എന്നെ കുറ്റപ്പെടുത്തുകയാണല്ലോ?”

“നീ മാത്രമല്ല രഞ്ജനും എന്‍റെ സുഹൃത്താണ്. രഞ്ജൻ മാപ്പുപറയാൻ ആഗ്രഹിക്കുന്നുണ്ട്. നോക്ക്, ഈ കത്ത് മാപ്പപേക്ഷയാണ്.” സുഹാസിനി രഞ്ജന്‍റെ കത്ത് ഗായത്രിക്ക് കൈമാറി.

“ഈ കത്ത് ഞാനെന്ത് ചെയ്യണം?”

“രഞ്ജൻ മാപ്പ് പറഞ്ഞ സ്ഥിതിയ്ക്ക്, നീ പരാതി പിൻവലിക്കണം. അതാണ് ശരി.”

“ഇല്ല. അന്ന് എത്രയോ കുട്ടികൾക്ക് മുന്നിൽ വെച്ച്… ഞാനതെങ്ങനെ മറക്കും…?”

“ശരി. പക്ഷേ, ഒന്ന് മറക്കണ്ട… കഴിഞ്ഞ രണ്ട് വർഷമായി നിങ്ങളുടെ ബന്ധം കുട്ടികൾക്കിടയിൽ പാട്ടായിരുന്നു. നിങ്ങളുടേത് വഴിവിട്ട പോക്കാണെന്നറിഞ്ഞപ്പോഴെങ്കിലും ഞാൻ കറക്ട് ചെയ്യണമായിരുന്നു. അതെന്‍റെ തെറ്റ്. രഞ്ജനെ പിരിച്ചുവിട്ടാൽ അയാൾ കോടതിയിൽ പോകുമെന്നുറപ്പാണ്. അതോടെ കോളേജ് മാത്രമല്ല നാട് മുഴുവനറിയും നിങ്ങളുടെ പൂർവ്വബന്ധം.”

ഗായത്രിയുടെ ഉള്ളൊന്ന് കിടുങ്ങി. “ഞാൻ പരാതി പിൻവലിച്ചാൽ നികേഷിനോടെന്ത് പറയും?”

“ഒരാളുടെ ജീവിതപ്രശ്നമല്ലേ, നികേഷതിന് എതിര് നിൽക്കുമെന്ന് തോന്നുന്നില്ല.”

“പക്ഷേ… പ്രിൻസിപ്പാൾ…”

“അദ്ദേഹത്തിന്‍റെ കാര്യം എനിക്ക് വിട്ടേക്കു. ആദ്യം പരാതി പിൻവലിച്ചുകൊണ്ടുള്ള കത്ത് തരൂ.” ഗായത്രിയുടെ പിരിമുറുക്കം കുറയുന്നത് മുഖത്ത് പ്രകടമായിരുന്നു. അവൾ ചിരിയോടെ സുഹാസിനിയെ നോക്കി. സംഗതിയേറ്റു. സുഹാസിനിക്ക് ആശ്വാസമായി.

“എന്താണാവോ ഈ നിറഞ്ഞ ചിരിയുടെ കാരണം?” തന്‍റെ സംശയം സുഹാസിനി ഒളിച്ചുവെച്ചില്ല.

“നിന്‍റെ ചിരി കണ്ടിട്ട് ഞാൻ പോലും വീണു, പിന്നല്ലേ ആ രഞ്ജൻ…” ഇത് കേട്ടപ്പോൾ ഗായത്രി പൊട്ടിച്ചിരിച്ചു.

“നികേഷും ഇതുതന്നെയാ പറഞ്ഞത്. അതോർത്ത് ചിരിച്ചതാ…”

സുഹാസിക്കത് കേട്ടപ്പോൾ ആശ്വാസം തോന്നി. നികേഷ് എത്രമാത്രം പൊരുത്തപ്പെടുന്ന വ്യക്തിയാണ്.

“സുഹാസിനി, ഒരു കാര്യം പറയട്ടെ. നീ ഒത്തിരി  മാറിയിരിക്കുന്നു.” ഗായത്രിയുടെ കമന്‍റ് കേട്ടപ്പോൾ അവൾ ചിരിയോടെ പറഞ്ഞു.

“മറ്റൊരാളും എന്നോടിത് പറഞ്ഞു. ഹാ… കൂട്ടുകാർക്കായി എന്തൊക്കെ വേഷങ്ങൾ കെട്ടിയാലാണ്…”

വാതിൽ തുറന്ന് അകത്തേക്ക് വരുന്നയാളെ കണ്ടപ്പോൾ പ്രിൻസിപ്പാൾ മഹേന്ദ്രവർമ്മ തെല്ല് അത്ഭുതപ്പെടാതിരുന്നില്ല.

മൂന്ന് വർഷമായി സുഹാസിനി ടീച്ചർ കോളേജിൽ ചേർന്നിട്ട്. സ്റ്റാഫ് മീറ്റിംഗിനല്ലാതെ അവർ ഈ മുറിയിലേക്ക് കടക്കാറില്ല. കോളേജിലെ ഏറ്റവും മികച്ച അധ്യാപിക കൂടിയാണ് സുഹാസിനി.

“വരൂ… വരൂ… ഇന്നെന്താണ് പതിവില്ലാതെ…?” മഹേന്ദ്രവർമ്മ ചിരിയോടെ അവരെ സ്വാഗതം ചെയ്തു.

“സാർ, ഞാൻ രഞ്ജന്‍റെ കാര്യം സംസാരിക്കാനാണ് വന്നത്?”

“രഞ്ജനെതിരെ നടപടി ആവശ്യപ്പെട്ട് നിരവധി പേർ വന്നിരുന്നു. പക്ഷേ, അയാൾ മിടുക്കനായ അധ്യാപകനാണെന്നായിരുന്നു എന്‍റെ ധാരണ.”

“അതെ സാർ. പക്ഷേ, ഞാൻ വന്നത് അദ്ദേഹത്തിന്‍റെ മാപ്പപേക്ഷയുമായിട്ടാണ്. ഗായത്രിക്കും രഞ്ജൻ കത്ത് നൽകിയിട്ടുണ്ട്.”

“അത് നന്നായി. അങ്ങനെയാണ് വേണ്ടത്.”

“രഞ്ജന്‍റെ മാപ്പപേക്ഷ കണ്ട് ഗായത്രി പരാതി പിൻവലിക്കാൻ തയ്യാറായിട്ടുണ്ട് സാർ.”

“അങ്ങനെയോ… പക്ഷേ കേവലം ഒരു അപേക്ഷയുടെ അടിസ്ഥാനത്തിൽ കേസ് പിൻവലിക്കുന്നതെങ്ങനെ? ശരിയാകില്ല. എനിക്ക് അവരെ കണ്ട് സംസാരിക്കണം. എന്നിട്ടേ തീരുമാനമെടുക്കാനാകൂ.” മഹേന്ദ്രവർമ്മ ആലോചനയോടെ പറഞ്ഞു.

“സാർ, രഞ്ജന്‍റെ കരിയർ തുടങ്ങിയതല്ലേയുള്ളൂ, ഇങ്ങനെ ഒരു കേസിൽ അയാളെ പുറത്താക്കിയാൽ മറ്റൊരു ജോലി കിട്ടുക എളുപ്പമല്ല.” പ്രിൻസിപ്പാളിൽ സമർദ്ദം ചെലുത്തേണ്ടി വരുമെന്ന് സുഹാസിനിക്ക് മനസ്സിലായി. അവൾ തുടർന്നു,

“മാത്രമല്ല സാർ, കോളേജിന്‍റെ റെപ്യൂട്ടേഷന്‍റെ പ്രശ്നം കൂടിയല്ലേയിത്?”

“സാർ, ഇതിപ്പോ നമ്മുടെ കോളേജിൽ മാത്രം ഒതുങ്ങുന്ന പ്രശ്നമാണ്. അയാളെ പിരിച്ചുവിട്ടാൽ കോടതിയിൽ പോകില്ലെന്നാരു കണ്ടു? അങ്ങനെയുണ്ടായാൽ സാറും പ്രതിസ്ഥാനത്താകും. മാത്രമല്ല, നാട്ടുകാർ മുഴുവനറിയും. അതൊക്കെ ഒഴിവാക്കുകയല്ലേ നല്ലത്?”

“ടീച്ചർ പറയുന്നത് ശരിയാണ്. പക്ഷേ…”

“മറ്റൊന്നു കൂടിയുണ്ട്. ആ നേതാവ് ജോൺ സാമുവൽ തന്‍റെ അനുജനെ തിരുകിക്കയറ്റാനുള്ള ശ്രമത്തിലാണെന്ന് അറിയാമല്ലോ. അയാളുടെ അനുജൻ ഒരു ഗുണ്ടാനേതാവാണ്. സാർ, അതിലൊക്കെ എത്രയോ നല്ലവനാണ് രഞ്ജൻ. പെട്ടെന്നുള്ള വികാരാവേശത്തിൽ ഒരു തെറ്റ് സംഭവിച്ചുവെന്നത് ശരിതന്നെ. പക്ഷേ, അയാൾ നല്ല അധ്യാപകനാണ്.”

സ്വതവേ സംസാരം കുറഞ്ഞ സുഹാസിനി രഞ്ജന്‍റെ കാര്യത്തിൽ വാചാലയാകുന്നത് കണ്ടപ്പോൾ മഹേന്ദ്രവർമ്മയ്ക്ക് അത്ഭുതം ഇരട്ടിച്ചു. അവർ പറയുന്നതിൽ കാര്യമുണ്ട്. രഞ്ജന് ഒരവസരം കൊടുക്കുന്നതാണ് ശരി.

“ഓകെ. ടീച്ചർ പറയുന്നത് എനിക്ക് മനസ്സിലാകും. പക്ഷേ, നാളെ ബോർഡ് മീറ്റിംഗ് തുടങ്ങുമ്പോൾ ഞാനത് പറയും?”

“ഗായത്രിയോട് നേരിട്ട് മീറ്റിംഗിൽ പങ്കെടുക്കാൻ പറയാം സാർ.”

പിറ്റേന്ന് ബോർഡ് മീറ്റിംഗിൽ രഞ്ജനെ പുറത്താക്കാനുള്ള ആഗ്രഹവുമായി എത്തിയവർ ഗായത്രിയെ കണ്ട് അമ്പരന്നു.

രഞ്ജൻ മാപ്പ് പറയുകയും ഗായത്രി പരാതി പിൻവലിക്കുകയും ചെയ്തതായി മഹേന്ദവർമ്മ മീറ്റിംഗിൽ അറിയിച്ചു. ചില്ലറ എതിർവാദങ്ങളുണ്ടായെങ്കിലും രഞ്ജന്‍റെ സസ്പെഷൻ പിൻവലിക്കാൻ തന്നെയായിരുന്നു തീരുമാനം.

“സന്തോഷവാർത്ത സുഹാസിനി രഞ്ജനെ അറിയിക്കൂ.” മഹേന്ദ്രവർമ്മ പറഞ്ഞു. മീറ്റിംഗ് കഴിഞ്ഞ് സുഹാസിനി രഞ്ജനെ കാണാനെത്തി.

“ഹായ് രഞ്ജൻ… ഗുഡ് ന്യൂസുണ്ട്. എനിക്ക് ചെലവ് ചെയ്യണം കേട്ടോ. എത്ര നാവടിച്ചിട്ടാണ് ഈ ഓർഡർ കൈയിൽ കിട്ടിയതെന്നോ? നാളത്തന്നെ കോളേജിലെത്തണം.”

രഞ്ജൻ ഓർഡർ വാങ്ങി വായിച്ചു. സസ്പെഷൻ പിൻവലിച്ചുകൊണ്ടുള്ള കത്ത് അറിയിപ്പ്. നിറയുന്ന കണ്ണുകളോടെ അയാൾ സുഹാസിനിയെ നോക്കി.

“സുഹാസിനി… നിങ്ങൾ ചെയ്തത് എത്ര വലിയ കാര്യമാണ്. കേവലം നന്ദി വാക്കിലെങ്ങനെ ഒതുക്കാനാകും?”

“അതൊക്കെ ശരി. നാളെ കോളേജിലെത്തിയേക്കണം. ജോലി ഉപേക്ഷിക്കണമെന്ന് ചിന്തിക്കണ്ട.”

രഞ്ജൻ അതിശയിച്ചു. തന്‍റെ മനസ്സിലെ ചിന്ത ഇവളെങ്ങനെയറിഞ്ഞു?

“ഹാ… രഞ്ജൻ… ഞാനെങ്ങനെയറിഞ്ഞുവെന്നല്ലേ… നിങ്ങളുടെ വിഷമം എങ്ങനെ കുട്ടികളെ നേരിടുമെന്നല്ലേ? അതൊന്നും കാര്യമാക്കണ്ട. രണ്ട് ദിവസംകൊണ്ട് എല്ലാം ശരിയാകും. ഈ കുട്ടികൾ സ്ഥിരമായിട്ടുള്ളവരല്ല എന്നോർക്കുക. സ്ഥിരമായിട്ടുള്ളവർ നമ്മൾ അധ്യാപകരാണ്.”

പിറ്റേന്ന് രഞ്ജൻ കോളേജിലെത്തിയത് ചില തീരുമാനങ്ങളോടെയാണ്. സുഹാസിനിയെ കണ്ടപ്പോൾ അയാൾ നിറഞ്ഞ ചിരി സമ്മാനിച്ചു.

“ആമുഖമൊന്നുമില്ല സുഹാസിനി. എനിക്ക് ചിലത് പറയാനുണ്ട്.” അവൾ അത്ഭുതത്തോടെ അയാളെ നോക്കി.

“സുഹാസിനി തനെന്നുമെന്നും എന്‍റെ കൂടെയുണ്ടാകണം.”

“ഓകെ. അതിനെന്താ? ഞാൻ ഈ കോളേജ് വിട്ടുപോകുന്നില്ലല്ലോ…”

“അതല്ല ഞാനുദ്ദേശിച്ചത്. എന്‍റെ ജീവിതത്തിൽ ഒരുമിച്ചുണ്ടാകണമെന്നാണ്.” രഞ്ജൻ മനസ്സ് തുറന്നു. അതുകേട്ട് സുഹാസിനി ചിരിച്ചു.

“നിങ്ങൾ വളരെ സെൻസിറ്റീവാണ് രഞ്ജൻ. കോളേജിലെ ഏറ്റവും സുന്ദരിയായ അധ്യാപികയോടായിരുന്നില്ലേ ഇന്നലെ വരെ പ്രണയം. നാളെ സുന്ദരിയായ വിദ്യാർത്ഥിനിയോട് പ്രേമം തോന്നില്ലെന്നാര് കണ്ടു? കേവലം നന്ദിയുടെ പേരിൽ ഇത്തരമൊരു തീരുമാനം എടുക്കണ്ട.”

അവളുടെ സ്വരത്തിലെ പരിഹാസം അയാൾ തിരിച്ചറിഞ്ഞു. പക്ഷേ, അതയാളെ നിരാശനാക്കിയില്ല.

“ഞാൻ പ്രത്യുപകാരം ചെയ്യാനല്ല ഇങ്ങനെയൊരു തീരുമാനമെടുത്തത്. സുഹാസിനിക്കുവേണ്ടി ഞാൻ കാത്തിരിക്കാം, വിശ്വാസമാകുന്നതുവരെ. വർഷങ്ങൾ നീണ്ടാലുമത് തുടരും.”

രഞ്ജന്‍റെ വാക്കുകളിൽ തന്നോടുള്ള സ്നേഹത്തിന്‍റെ ആഴം സുഹാസിനി നേരിട്ടറിഞ്ഞു. അവൾ മറുപടി പറയാതെ മനോഹരമായ ഒരു ചിരി സമ്മാനിച്ച് ക്ലാസ്സ് റൂമിലേക്ക് നടന്നു.

और कहानियां पढ़ने के लिए क्लिक करें...