ഇങ്ങനെ ഒരമ്മ നിങ്ങളുടെ വീട്ടിലും ചിലപ്പോൾ കാണും! എന്ത് പറഞ്ഞാലും ദേഷ്യപ്പെടുന്ന, ആകെ മൊത്തം നെഗറ്റീവ് ആയി പ്രതികരിക്കുന്ന ഒരു അമ്മ. അവർക്ക് മിക്കവാറും 60 വയസിനു മുകളിൽ പ്രായം കണ്ടേക്കാം. അമ്മയെന്താ ഇങ്ങനെ… ആരോടും യാതൊരു സ്നേഹവുമില്ലാതെ, ദക്ഷിണ്യമില്ലാതെ പെരുമാറുന്നത് എന്ന് നിങ്ങൾ സങ്കടപ്പെട്ടേക്കാം. ചിലപ്പോൾ ആ അമ്മ മൗനമായി ആലോചിരിക്കുന്നുണ്ടാകാം. ചിലപ്പോൾ അവർ ചെറിയ കാര്യത്തിന് പോലും വഴക്ക് ഉണ്ടാക്കുന്നുണ്ടാക്കാം. മക്കൾ മടുത്തു ഇവർക്കെന്താ പ്രാന്താണോ എന്ന് ചോദിക്കുന്നുണ്ടാകാം….

ഉദാത്ത സ്നേഹത്തിന്‍റെ മാതൃകയാവേണ്ട മാതൃത്വം വീട്ടിൽ അസഹ്യമായ അന്തരീക്ഷം സൃഷ്ടിക്കുന്നുണ്ടെങ്കിൽ അതിന്‍റെ കാരണം തീർച്ചയായും തിരയണം. എന്നാൽ ആ കാരണം അവരോട് നേരിട്ടു ചോദിച്ചാൽ പോലും പറഞ്ഞെന്നു വരില്ല.

ഈ അമ്മമാരിൽ ഭൂരിഭാഗവും മുൻപ് ഉദ്യോഗസ്ഥരായിരുന്നവർ ആകാം, അത്യാവശ്യം വിദ്യാഭ്യാസം ഉള്ളവരും ആകാം. ജീവിതത്തിൽ അവർ ഇങ്ങനെ ഒക്കെ ആയി മാറിയിട്ടുണ്ടെങ്കിൽ അതിന് പല കാരണങ്ങൾ ഉണ്ടാകാം. ഒന്നാമത്തെ കാര്യം ഡിപ്രഷൻ തന്നെ ആകാം. മറ്റൊരു കാരണം ആർത്തവ വിരാമം ഉണ്ടാക്കുന്ന ഹോർമോൺ വ്യതിയാനങ്ങൾ ആകാം. മറ്റൊന്ന് ജീവിതത്തിൽ വിചാരിച്ച പോലെ കാര്യങ്ങൾ നടക്കാത്തത് കൊണ്ടുള്ള ആധിയും ഒപ്പം. ജീവിതം തീരാൻ കുറച്ചു കാലം കൂടിയേ ഉള്ളു എന്ന ചിന്തയും ആകാം. ചിലർക്ക് അൽഷിമേഴ്‌സ് എന്ന രോഗത്തിന്‍റെ തുടക്കം ആകാം… ഇതല്ലാതെ മറ്റു ചിലർക്ക് അവരുടേതായ കാര്യങ്ങൾ വേറെയും ഉണ്ടാകാം.. എന്തു തന്നെ ആയാലും അവസാനം എത്തിനിൽക്കുന്നത് അസംതൃപ്തമായ സായാഹ്നകാലം ആണ്.

സമൂഹത്തിൽ മാതൃത്വം പലപ്പോഴും മഹത്വവത്കരിക്കപ്പെടുന്നു, എന്നാൽ ഈ മഹത്വവൽക്കരണത്തിൽ സ്ത്രീകൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പലപ്പോഴും ചർച്ച ചെയ്യപ്പെടാതെ പോകുകയോ പരിഗണന വിഷയമായി മാറാതെ പോകുകയോ ചെയ്യുന്നത് അത്ഭുതമുളവാക്കുന്ന വസ്തുതയാണ്. എന്തുകൊണ്ട് അങ്ങനെ സംഭവിക്കുന്നു?

ജീവിതം 

പ്രസവം, ഗർഭധാരണം പോലെയുള്ള ഘട്ടങ്ങളിൽ മിക്കവാറും സ്ത്രീകൾക്ക് കുടുംബാംഗങ്ങളുടെ മൊത്തത്തിലുള്ള പരിഗണനയും സംരക്ഷണവു൦ ലഭിക്കുന്നു. എന്നാൽ 50 പിന്നിട്ട ആർത്തവവിരാമ സമയത്ത് ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്ന സ്ത്രീയ്ക്ക് അവശ്യമായ പരിഗണനയും അനുഭാവപൂർവമായ സമീപനവും നിഷേധിക്കപ്പെടുന്നത് എന്ത് കൊണ്ടാണ്? അല്ലെങ്കിൽ അത്തരം യാഥാർഥ്യങ്ങൾക്കു നേരെ കുടുംബാംഗങ്ങളും സമൂഹവും ഒരുപോലെ അജ്ഞരാവുന്നത് എന്തുകൊണ്ടാണ്? ഇക്കാര്യത്തിലുള്ള ശരിയായ ബോധവൽക്കരണമില്ലായ്‌മ ഉള്ളതുകൊണ്ടല്ലേ. വലിയൊരു ശതമാനം ആളുകൾ സ്ത്രീകൾ നേരിടുന്ന ഇത്തരം കാര്യങ്ങളെക്കുറിച്ചു അജ്ഞരാണെന്നതാണ് കാരണം.

ആർത്തവവിരാമ കാലത്തിൽ 

സ്ത്രീകളുടെ പെരുമാറ്റത്തിൽ വലിയൊരു മാറ്റം സംഭവിക്കുന്ന കാലം ആണ് ആർത്തവവിരാമകാലം. ആർത്തവം പോലെ ആർത്തവവിരാമവും ഒരു സ്വാഭാവിക ജൈവ പ്രക്രിയയാണ്, ഇത് ഒരു സ്ത്രീയുടെ ആർത്തവ ചക്രങ്ങളുടെയും പ്രത്യുത്പാദന കാലഘട്ടത്തിന്‍റെയും അവസാനത്തെ അടയാളപ്പെടുത്തുന്നു. സാധാരണയായി ഇത് 45 നും 55 നും ഇടയിൽ പ്രായമുള്ള സ്ത്രീകളിലാണ് സംഭവിക്കുന്നത്, എന്നിരുന്നാലും ഈ പ്രക്രിയ ഓരോരുത്തരിലും വ്യത്യാസപ്പെടാം. പെരിമെനോപോസ് എന്നറിയപ്പെടുന്ന ആർത്തവവിരാമത്തിലേക്കുള്ള പരിവർത്തനം ശാരീരികവും വൈകാരികവുമായ പല മാറ്റങ്ങൾ കൊണ്ടുവരും, ആർത്തവവിരാമത്തിന് മുമ്പും ശേഷവും വൈകാരികവും ശാരീരികവുമായ ധാരാളം വെല്ലുവിളികളെയും സ്ത്രീകൾക്ക് നേരിടേണ്ടി വരാം. വൈകാരികമായ വെല്ലുവിളികൾ നല്ലൊരളവ്‌ വരെ സ്വന്തം കുടുംബാംഗങ്ങളിൽ നിന്നോ ഇടപഴകുന്ന ഇടങ്ങളിൽ നിന്നോ അവൾ നേരിടുന്നുണ്ട്. ഈയൊരു അവസ്ഥ മിക്കവാറും എല്ലാ സ്ത്രീകളുടെയും ജീവിതത്തിൽ സംഭവിക്കുന്നുണ്ട്.

അനുഭവങ്ങൾ നൽകുന്ന പാഠങ്ങൾ

ആർത്തവവിരാമത്തിലൂടെ കടന്നു പോകുന്നത് ഭുരിഭാഗംപേരെ സംബന്ധിച്ച്‌ അൽപം ദുഷ്‌കരമായ കാര്യമാണ്. സർക്കാരുദ്യോഗസ്ഥയായ കോട്ടയം സ്വദേശിനി ഹിമ സ്വന്തം അനുഭവത്തെകുറിച്ചു പറയുന്നു, “എനിക്ക് ഏകദേശം 48 വയസ്സായപ്പോൾ മുതൽ ചില മാസങ്ങളിൽ പീരീഡ്‌സ് വരാതെയായി. അതിന് മുമ്പ് വരെ 28 -30 ദിവസങ്ങൾ കൂടുമ്പോൾ കൃത്യമായി മാസമുറ വരുമായിരുന്നു. എന്നാൽ, പിന്നീട് മാസമുറ രണ്ടോ മൂന്നോ മാസം കൂടുമ്പോൾ വരാൻ തുടങ്ങി. ആ സമയത്തു എനിക്ക് അത് വല്ലാത്ത മാനസിക സംഘർഷമുണ്ടാക്കി. എന്തായിരിക്കും. എന്തെങ്കിലും പ്രശ്‌നം കൊണ്ടാണോ ഇങ്ങനെ സംഭവിക്കുന്നത് എന്നൊക്കെ ചിന്തിക്കാൻ തുടങ്ങി. എന്തായാലും ഒരു ഡോക്ടറെ കണ്ടു കളയാം എന്ന് വിചാരിച്ചു. ഗൈനെക്കോളജിസ്റിനെ കണ്ടെങ്കിലും അതൊന്നും എന്‍റെ മാനസിക പ്രശ്‌നത്തിന് അയവു വരുത്തിയില്ല. രക്തപരിശോധന നടത്തിയതിൽ നിന്നും ആർത്തവവിരാമത്തിലേക്ക് വിരൽ ചൂണ്ടുന്ന തരത്തിലാണ് ഹോർമോൺ നിലയെന്ന് കണ്ടെത്തി. ആർത്തവ വിരാമം അടുക്കുന്നതിന്‍റെ ലക്ഷണമാണ് എന്ന് പറഞ്ഞുകൊണ്ട് ഡോക്ടർ എനിക്ക് കുറച്ച് വൈറ്റമിൻ ഗുളികകൾക്ക് കുറിച്ചു തന്നു. പക്ഷെ എന്‍റെ മാനസിക നില വല്ലാതെ വഷളായി. എപ്പോഴും വിഷാദാവസ്ഥ. ആരും എന്നെ കേൾക്കുന്നില്ല, എന്‍റെ സങ്കടം മനസ്സിലാക്കുന്നില്ല എന്നൊക്കെയുള്ള വിചാരം മനസ്സിൽ കടന്നു കൂടി. ഇതിന്‍റെ കൂടെ മൂഡ് സ്വിംഗ്സ്, ഹോട്ട് ഫ്ലഷ്സ് ഒക്കെ ഉണ്ടായി. രാത്രി ഉറക്കം തീരെ ഇല്ലാതെയായി. ശരീരം ചുട്ടുപൊള്ളി വിയർത്തു. രാവിലെ എഴുന്നേറ്റ് കുട്ടികളുടെ കാര്യങ്ങളും വീട്ടുകാര്യങ്ങളും ഒക്കെ കൃത്യമായൊക്കെ ചെയ്തെങ്കിലും എന്തോ അപൂർണമായ ഫീലിംഗ് ആയിരുന്നു. ആ സമയത്ത് ഓഫീസിലെ ജോലി പ്രശ്നങ്ങൾ വേറെയും. ദേഷ്യവും സങ്കടവും കൊണ്ട് ചെറിയ കാര്യങ്ങൾക്കുപോലും പൊട്ടിത്തെറിക്കാൻ തുടങ്ങി. കാര്യം കൈവിട്ടു പോകുന്ന അവസ്ഥ വന്നതോടെ ഞാൻ കൗൺസിലിങ്ങിനായി പോയി. ആർത്തവ വിരാമം നേരത്തെ സംഭവിച്ചതിനെ തുടർന്നുള്ള മാറ്റങ്ങളായിരുന്നു ഇതൊക്കെ. കൗൺസിലിങ്ങിലൂടെയും മെഡിക്കേഷനലിലൂടെയും എന്‍റെ പ്രശ്‌നത്തിന് നല്ലൊരളവുവരെ പരിഹാരമുണ്ടായി.”

“ഈ ഘട്ടത്തിലൂടെ കടന്നു പോകുന്ന ഏതൊരു സ്ത്രീയ്ക്കും ഇത്തരം സമാനമായ പ്രശ്നങ്ങൾ ഏറിയും കുറഞ്ഞും ഉണ്ടാകാം. ഗർഭകാലം, പ്രസവം പോലെയുള്ള അവസരങ്ങളിൽ സ്ത്രീകൾക്ക് കുടുംബാംഗളുടെ പൂർണമായ ശ്രദ്ധയും പരിഗണനയും പിന്തുണയും ഒക്കെ ലഭിക്കും. എന്നാൽ അതൊക്കെ കഴിഞ്ഞ് ആർത്തവവിരാമത്തോട് അടുക്കുന്ന അല്ലെങ്കിൽ ആർത്തവവിരാമമായിട്ടുള്ള സ്ത്രീകൾ നേരിടുന്ന ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങളെപ്പറ്റി കുടുംബത്തിനകത്തും പുറത്തും ആരും മനസിലാക്കാൻ ശ്രമിക്കാറില്ല. മിക്കവാറും ഈ ഘട്ടത്തിലെത്തുന്ന സ്ത്രീകൾക്ക് മുതിർന്ന മക്കൾ ഉണ്ടാകാം, പഠനം, ജോലി തുടങ്ങിയ കാര്യങ്ങളിൽ മാത്രമായിരിക്കും അവരുടെ ശ്രദ്ധ. അതിനാൽ മക്കൾ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കില്ല. ഭാര്യയ്ക്കു ഇത്തരം പ്രശ്നങ്ങൾ ഉണ്ട് വേണ്ട പരിഗണന നൽകണം എന്നൊന്നും ബഹുഭൂരിഭാഗം കേസുകളിൽ ഭർത്താക്കന്മാരും ചിന്തിക്കാറില്ല. ആ സമയത്തുള്ള മൂഡ് സ്വിംഗ്സിനെ അവർ ലാഘവത്തോടെ കാണുകയാണ് ചെയ്യുന്നത്.”

ആർത്തവവിരാമത്തിന് മുമ്പുള്ള സമയത്ത്, ഒരു സ്ത്രീയുടെ ഹോർമോണുകളുടെ അളവ്, പ്രത്യേകിച്ച് ഈസ്ട്രജൻ, പ്രൊജസ്ട്രോൺ എന്നിവയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാൻ തുടങ്ങുന്നു. ഈ ഹോർമോൺ മാറ്റങ്ങൾ ക്രമരഹിതമായ ആർത്തവചക്രം, ഹോട്ട് ഫ്ലഷുകൾ, രാത്രിയിൽ അമിതമായ വിയർക്കൽ, മാനസികാവസ്ഥ മാറുക എന്നിവയ്ക്ക് കാരണമാകും. ഈ ലക്ഷണങ്ങൾ ഓരോ സ്ത്രീയിലും ഏറിയും കുറഞ്ഞുമിരിക്കാം. യഥാർത്ഥത്തിൽ നമ്മുടെ നാട്ടിൽ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനുള്ള സംവിധാനം വേണം. ആർത്തവവിരാമത്തോട് അനുബന്ധിച്ചുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് ഒരുപക്ഷെ സാധരണക്കാരായ സ്ത്രീകൾക്കു മനസിലാകണമെന്നില്ല. അവരത് നിശബ്ദം സഹിച്ചു ജീവിതം തള്ളി നീക്കാം.”

അത്തര൦ സമാനമായ അവസ്ഥയിലൂടെ കടന്നു പോകുന്ന അധ്യാപികയായ ദിവ്യ പറയുന്നതിങ്ങനെ, “എന്നെ ആർക്കും വേണ്ട തോന്നൽ അതുപോലെ ഒന്നിലും താല്പര്യം തോന്നാത്ത അവസ്ഥയും എനിക്ക് ഉണ്ടാകാറുണ്ട്. വീട്ടിൽ ഒതുങ്ങി കൂടാൻ ആഗ്രഹിക്കാറുണ്ട്. ചിലപ്പോഴൊക്കെ സുഹൃത്തുക്കളോടുപോലും ഇഷ്ടക്കേട് തോന്നാറുണ്ട്. എനിക്ക് രണ്ടാൺമക്കളാണ്. എന്നോടുള്ള അവരുടെ പെരുമാറ്റവും സമീപനവും കാണുബോൾ മക്കളും ഭർത്താവുമൊന്നും എന്നെ മനസിലാക്കുന്നില്ലല്ലോ എന്ന് തോന്നി പോകും. എന്‍റെ ദേഷ്യവും സങ്കടവും ഒക്കെ കാണുമ്പോൾ അമ്മയ്‌ക്ക്‌ വട്ടാണെന്നാണ് മക്കൾ പറയുക. അത്തരം നിസാരവൽക്കരണം എന്നെ ഒന്നുകൂടി ദേഷ്യപെടുത്താറുണ്ട്. അവരെയും പറഞ്ഞിട്ട് കാര്യമില്ലല്ലോ.അവർക്ക് ഇക്കാര്യങ്ങളെക്കുറിച്ചു അറിയില്ല.”

ഇതിന് പുറമെ, മുട്ട് വേദന, ശരീര വേദന, തലവേദന എന്നിങ്ങനെ ശാരീരികമായ വൈഷമ്യങ്ങൾ വേറെയും. വീട്ടുജോലി എങ്ങനെയെങ്കിലും തീർന്ന് കിട്ടിയാൽ മതിയെന്ന ചിന്തയായിരിക്കും അപ്പോൾ. ഒന്നും എൻജോയ് ചെയ്യാൻ പോലും കഴിയാറില്ല. സെക്‌സിൽ പോലും താല്പര്യം തോന്നാറില്ല. അതിന്‍റെ പേരിൽ ഭർത്താവിന് ചിലപ്പോഴൊക്കെ അതൃപ്തി തോന്നാറുണ്ട്. സ്ത്രീകൾക്കുണ്ടാകുന്ന ആർത്തവ സംബന്ധമായ മാറ്റങ്ങളെക്കുറിച്ച് പങ്കാളികളും കുട്ടികളും മനസിലാക്കണമെന്നാണ് എന്‍റെ അഭിപ്രായം. അങ്ങനെയാണെങ്കിൽ ഇത്തരം പ്രശ്‌നങ്ങളെ അനായാസം തരണം ചെയ്യാൻ സ്ത്രീകൾക്ക് കഴിയും” എന്ന് ദിവ്യ ഉറച്ചു വിശ്വസിക്കുന്നു.

കുടുംബത്തിന്‍റെ അവഗണന

കൂടുതൽ ശ്രദ്ധയും പിന്തുണയും അർഹിക്കുന്ന ആർത്തവവിരാമ സമയത്ത് കുടു൦ബത്തിനകത്തു നിന്നുള്ള അവഗണനയും അലംഭാവവും സ്ത്രീകളെ കൂടുതൽ വിഷാദാവസ്ഥയിലേക്ക് തള്ളി വിടുന്നു. എല്ലായ്‌പ്പോഴും മാതൃത്വത്തെ പ്രകീർത്തിക്കുകയും അമ്മയുടെ സഹനങ്ങളെ മഹത്വൽക്കരിക്കുകയും ചെയ്യുമ്പോൾ ജീവിതത്തിന്‍റെ പ്രത്യേകാവസ്ഥയിൽ സ്ത്രീകൾ നേരിടുന്ന ഈ പ്രശ്‌നത്തെ അവഗണിക്കുകയോ അത്തരം കാര്യങ്ങളിൽ അജ്ഞരാവുകയോ ചെയ്യുന്നത് പരിഷ്‌കൃത സമൂഹത്തിന് ഭൂഷണമല്ല. നിസ്വാർത്ഥതയ്ക്കും കുട്ടികളോടുള്ള സമർപ്പണത്തിനും അമ്മമാരെ പ്രശംസിക്കുമ്പോൾ അനുഭാവപൂർവമായ സമീപനവും പിന്തുണയും ആർത്തവവിരാമ ഘട്ടങ്ങളിൽ അവൾ ഇടപഴകുന്ന മേഖലകളിൽ നിന്നും ഉണ്ടാവേണ്ടത് ആവശ്യമാണ്.

ഡിപ്രഷൻ 

ഡിപ്രഷൻ, വിഷാദരോഗം, പോസ്റ്റ്‌ പാർട്ടം ഡിപ്രഷൻ തുടങ്ങിയ വാക്കുകൾ കൂടുതൽ ശ്രദ്ധിക്കപ്പെടാനും നോർമലൈസ് ചെയ്യപ്പെടാനും തുടങ്ങിയിട്ട് ചുരുങ്ങിയത് 5 വർഷമായിക്കാണും. ഇന്നത്തെ തലമുറ ഇത്തരം പ്രയാസങ്ങൾ യഥാസമയം മനസിലാക്കി സ്വയം പരിഹരിക്കാൻ തയ്യാറാണ്. എന്നാൽ 70കളിലും 80കളിലും അവസ്ഥ അതായിരുന്നില്ല. അക്കാലത്തു ചെറുപ്പക്കാരായി ജീവിച്ചവർക്ക് ഡിപ്രഷൻ ഉണ്ടെന്ന് പോലും തിരിച്ചറിയാൻ കഴിയുമായിരുന്നില്ല. ആരോഗ്യ രംഗം ഇത്ര വളർന്നിട്ടുമില്ല. മാനസിക പ്രശ്നം ഉണ്ടെന്ന് പറയുന്നത് പോലും വലിയ നാണക്കേടായി കാണുന്ന കാലം. അന്ന് ഡിപ്രഷൻ ഉള്ളവർ അത് ഉള്ളിൽ വെച്ചു വെച്ച് ഇപ്പോൾ വർദ്ധക്യത്തോട് അടുത്തപ്പോൾ ആർക്കും മനസിലാകാത്ത ഒരു വ്യക്തിത്വം ആയി മാറിയിട്ടുണ്ടാകും. ഇതിന് പരിഹാരം കാണാൻ മക്കൾക്ക് ശ്രമിക്കാവുന്നതാണ്‌. അപ്പോൾ എന്‍റെ അമ്മ എന്താ ഇങ്ങനെ എന്ന ചിന്തയും വിഷമവും മാറുകയും ചെയ്യും.

വർദ്ധിച്ചു വരുന്ന മറവി രോഗം 

ഇപ്പോൾ ഏത് വീട്ടിൽ ചെന്നാലും മറവി രോഗം ബാധിച്ച ഒരു മുതിർന്ന വ്യക്തി അവിടെ കാണാൻ സാധ്യത ഉണ്ട്. ടെൻഷൻ, ദേഷ്യം, അമിതമായ സങ്കടം, തുടങ്ങിയ ജീവിത സാഹചര്യങ്ങൾ നേരിടേണ്ടി വരുന്നവരിൽ ഒരു വിഭാഗത്തിനെങ്കിലും മറവിരോഗം ഉണ്ടാകുന്നുണ്ട്. ഈ രോഗത്തിന്‍റെ ലക്ഷണമോ, തുടക്കമോ അസാധാരണമായ ദേഷ്യവും, വെറുപ്പും തന്നെ ആർക്കും ഇഷ്ടമല്ലെന്ന് ഉള്ള പരാതിയും ഒക്കെ പ്രകടിപ്പിച്ചു കൊണ്ട് ആണെന്നാണ് ഡോക്ടർമാർ പറയുന്നത്. ചിലർ തന്‍റെ സാധനങ്ങൾ എല്ലാം ആരോ മോഷ്ടിച്ചു എന്ന് വരെ പറഞ്ഞു തുടങ്ങും.

അതിനാൽ വീട്ടിൽ ദേഷ്യം കാണിക്കുന്ന അമ്മയെ തീർച്ചയായും ഒരു ഡോക്ടറെ കണ്ടു ഈ രോഗം ആണോ എന്ന് ഉറപ്പാക്കി നേരത്തെ ചികിത്സ തേടാവുന്നതാണ്.

ജീവിതസായാഹ്നം 

ജീവിതത്തിൽ ഒരുപാടു മോഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഒന്നും വേണ്ടത്ര നടക്കാതെ, ജീവിതത്തിന്‍റെ അവസാനം എത്താൻ പോകുന്നു എന്ന് തോന്നുമ്പോൾ അതിനെല്ലാം കാരണക്കാരായി എന്ന് തോന്നുന്നവരോട് അമർഷം ഉണ്ടാകാം. രോഗങ്ങൾ, സാമ്പത്തിക ഞെരുക്കം, അല്ലെങ്കിൽ അമിതമായ ജോലി ഭാരം, ആരോഗ്യമില്ലെങ്കിലും പേരക്കുട്ടികളെ നോക്കാൻ നിയോഗിക്കപെടുക തുടങ്ങിയ അവസ്ഥകളും അവരുടെ ദേഷ്യവും വെറുപ്പും വർദ്ധിപ്പിച്ചേക്കാം.

ഇഷ്ടമുള്ള കാര്യങ്ങൾ ഈ വൈകിയ വേളയിൽ എങ്കിലും ചെയ്യാൻ കഴിയാതെ ജീവിതം തീർന്നു പോകുന്നതിന്‍റെ അസ്വസ്ഥത ബാധിക്കുന്ന വ്യക്തിക്ക് ആരെയും സ്നേഹിക്കാൻ കഴിഞ്ഞെന്നു വരില്ല. ഇതൊക്കെ പൊതുവായ ചില കാര്യങ്ങൾ ആണ്. എന്നാൽ 80% പേർക്കും ബാധകമായ കാര്യങ്ങൾ ആണിത്… അതിനാൽ ഇങ്ങനെ ഒരമ്മ എന്ന് കുറ്റപ്പെടുത്തും മുമ്പ് ഒരു കരുതൽ മനസിൽ വെയ്ക്കുക.

അമ്മയെ അറിയാൻ 

  • ആർത്തവവിരാമത്തിലൂടെ കടന്നുപോകുന്ന സ്ത്രീകൾക്ക് ശാരീരികവും വൈകാരികവുമായ മാറ്റങ്ങൾ നേരിടേണ്ടി വന്നേക്കാം.
  • ഈ സുപ്രധാന ജീവിത പരിവർത്തന സമയത്ത് പല സ്ത്രീകൾക്കും ഒറ്റപ്പെടുന്നതായും പിന്തുണയില്ലാത്തതുമായി തോന്നാം.
  • ആർത്തവവിരാമ പ്രശ്നങ്ങൾ സമൂഹത്തിൽ വ്യാപകമായി ചർച്ച ചെയ്യപ്പെടുകയോ മനസ്സിലാക്കപ്പെടുകയോ ചെയ്യുന്നില്ല.
  • ആർത്തവവിരാമം നേരിടുന്ന സ്ത്രീകൾക്ക് ആവശ്യമായ പരിചരണത്തിന്‍റെയും വൈദ്യശാസ്ത്രപരമായ പിന്തുണയുടെയും അഭാവമുണ്ട്.
  • സ്ത്രീകൾക്ക് അവരുടെ ആർത്തവവിരാമത്തിന്‍റെ ലക്ഷണങ്ങളെ കുറിച്ച് തുറന്ന് സംസാരിക്കാൻ ലജ്ജയോ സങ്കോചമോ തോന്നിയേക്കാം..

മാനസിക പ്രശ്നങ്ങൾ

വിഷാദം: ഈ സമയത്ത് സ്ത്രീകൾക്ക് സങ്കടവും നിരാശയും അനുഭവപ്പെടാം.

ഉത്കണ്ഠ: ആർത്തവവിരാമം നേരിടുന്ന സ്ത്രീകൾക്കിടയിൽ ഉത്കണ്ഠയും അസ്വസ്ഥതയും ഉണ്ടാകുന്നത് സാധാരണമാണ്.

മൂഡ് സ്വിംഗ്സ്: സ്ത്രീകൾക്ക് അവരുടെ വികാരങ്ങളിൽ പെട്ടെന്ന് മാറ്റങ്ങൾ അനുഭവപ്പെടാം.

ശാരീരിക പ്രശ്നങ്ങൾ

ഹോട്ട് ഫ്ലഷുകൾ: പെട്ടെന്നുള്ള ചൂടും വീർപ്പുമുട്ടലും സാധാരണമാണ്

രാത്രി വിയർക്കുക: രാത്രിയിൽ അമിതമായി വിയർക്കുന്നത് ഉറക്കത്തെ തടസ്സപ്പെടുത്തും.

ശരീരഭാരം: പല മെയിന്‍റൈൻ ചെയ്യാൻ ബുദ്ധിമുട്ടാണ്.

മനഃശാസ്ത്രപരമായ ഫലങ്ങൾ: ചില സ്ത്രീകൾക്ക് ഓർമ്മശക്തിയിലും ഏകാഗ്രതയിലും ബുദ്ധിമുട്ട് അനുഭവപ്പെടാം.

സ്‌ട്രെസ്: ആർത്തവവിരാമം പല സ്ത്രീകൾക്കും സമ്മർദ്ദമുളവാക്കുന്ന സമയമാണ്.

ശാരീരിക ഫലങ്ങൾ

സന്ധി വേദന: സന്ധികളിൽ കാഠിന്യവും അസ്വസ്ഥതയും അനുഭവപ്പെടാം.

ക്ഷീണം: ക്ഷീണവും ഊർജ്ജമില്ലായ്മയും അനുഭവപ്പെടാം.

ഒരു മുത്തശ്ശി ഗദ

ഒരു മുന്‍കോപിയായ മുത്തശ്ശി കേന്ദ്ര കഥാപാത്രമായെത്തുന്ന ഒരു മുത്തശ്ശി ഗദ എന്ന ചിത്രം പറയുന്നത് പ്രായമായവരുടെ നിറവേറ്റപ്പെടാത്ത സ്വപ്‌നങ്ങളിലൂടെയാണ്. രണ്ട് മുത്തശ്ശിമാരാണ് കഥയിലുള്ളത് റൗഡി ലീലാമ്മയും സൂസമ്മയും. മുത്തശ്ശിമാരെ പുതിയ തലമുറ എങ്ങനെ കാണുന്നു എന്നും ഇന്ന് നമുക്കിടയിൽ അവര്‍ക്കുള്ള പ്രാധാന്യവുമൊക്കെ കാണിച്ചുകൊണ്ടാണ് സിനിമ മുന്നോട്ട് പോകുന്നത്. അതേ സമയം സിനിമ ചര്‍ച്ച ചെയ്യുന്ന വിഷയം ഗൗരവമുള്ളതായിരുന്നു. മക്കളെ വളർത്തി ഓരോ നിലയിൽ ആക്കിയ മിക്ക അമ്മമാരും സ്വന്തം ആഗ്രഹങ്ങളെ അടക്കി വെച്ചു ജീവിച്ചവരായിരിക്കും. പിന്നീട് അത് ദേഷ്യമായും വെറുപ്പായും ഒക്കെ പുറത്തേക്ക് എടുക്കുന്നു. ആ വാര്‍ദ്ധക്യ നൊമ്പരങ്ങളെ കുറിച്ചു സമൂഹത്തെ ബോധ്യപ്പെടുത്താൻ നർമ്മത്തിലൂടെ ശ്രമിച്ച സിനിമയിൽ രജനി എന്ന നടി അവതരിപ്പിച്ച റൗഡി ലീലാമ്മ എന്ന കഥാപാത്രം തന്‍റെ ഒളിച്ചു വെച്ച മോഹങ്ങളുടെ ബക്കറ്റ് ലിസ്റ്റ് ഉണ്ടാക്കി അത് നടപ്പാക്കാൻ ശ്രമിക്കുന്നതാണ് കഥ. ഇന്നത്തെ വർദ്ധക്യത്തിന്‍റെ അവസ്ഥ തന്നെ ആണ് പറയുന്നത്.

എന്നാൽ വയസായാൽ സ്ത്രീകൾ ഒരു മൂലയ്ക്കു കഴിഞ്ഞു കൂടണം, അവർ ട്രെഡിഷണൽ വസ്ത്രങ്ങളെ ധരിക്കാവു എന്നിങ്ങനെ ഒക്കെ ഉള്ള സമൂഹത്തിന്‍റെ പിന്തിരിപ്പൻ ചിന്തകൾ ഇപ്പോഴും കുറഞ്ഞിട്ടില്ല. റൗഡി ലീലാമ്മയെ അവതരിപ്പിച്ച രജനി എന്ന നടി ഷോർട്സ് ഇട്ട് സോഷ്യൽ മീഡിയയിൽ ഫോട്ടോ പോസ്റ്റ്‌ ചെയ്തപ്പോൾ അതിന് വന്ന കമന്‍റുകളിൽ പലതും വയസാം കാലത്ത് കോപ്രായം കാണിക്കുന്നു എന്ന മട്ടിലാണ്.

mother's day

എന്തുകൊണ്ട് അമ്മമാർ ഇങ്ങനെ?- ദീപ സൈറ, അധ്യാപിക

“അമ്മ ഇങ്ങനെയായിരുന്നില്ല. അച്ഛനോട് ഇത്രയും ദേഷ്യപ്പെട്ടു കണ്ടിട്ടില്ല… എന്നോടും!! അവരുടെ കാലത്തൊന്നും അമ്മമാർ ഇങ്ങനെയായിരുന്നില്ല എന്ന് അമ്മമ്മയും പറഞ്ഞു!! ഇതെന്ത് അമ്മയാണ്?”

ഒരു പെൺകുട്ടി അത്ഭുതവും സങ്കടവും കൊണ്ട് പറഞ്ഞത് അവളുടെ അമ്മയെപ്പറ്റി പറഞ്ഞതാണ്. അവളുടെ ഉള്ളിലെ ആധി മാത്രമല്ല ആ പറച്ചിലിൽ… ഒരുപാട് ചോദ്യങ്ങളുമുണ്ടായിരുന്നു.. എന്താണ് അമ്മയ്ക്ക് സംഭവിച്ചത്!!

അമ്മ എന്നത് മാറ്റങ്ങൾക്കും തീവ്രവികാരങ്ങൾക്കും അതീതയാണ് എന്ന ഉറച്ച വിശ്വാസമാണ് ഈ അത്ഭുതത്തിനു കാരണം. അച്ഛന്‍റെയും സഹോദരങ്ങളുടെയും ഭാവമാറ്റം ആർക്കും വലിയ ഞെട്ടലുണ്ടാക്കുന്നില്ല. എന്നാൽ അമ്മ ഇടയ്ക്കൊന്ന് പൊട്ടിത്തെറിക്കുമ്പോൾ വീടാകെ അത്ഭുതപ്പെടുന്നു.

45 മുതൽ അങ്ങോട്ട് ഇന്നത്തെ അമ്മമാർ മുൻതലമുറയിലെ അമ്മമാരെപ്പോലെയാവുന്നില്ല. ടീനേജുകാരായ ഇന്നത്തെ മക്കൾ വരെ അവരെ അമ്മ എന്ന അടിസ്ഥാന വിഗ്രഹത്തിന്‍റെ പ്രതിഛായയിൽ നിന്നേറേ ദൂരെയാക്കുന്നുണ്ട്.

പണ്ടൊക്കെ 50- 55 വയസ്സോടെ മാത്രം സംഭവിച്ചിരുന്ന ആർത്തവവിരാമം ഇന്ന് 45ലും മറ്റും ആകുന്ന അവസ്ഥയുണ്ട്. ആർത്തവവിരാമത്തിന് മുമ്പുള്ള അസ്വസ്ഥതകൾ, മാനസികശാരീരിക ബുദ്ധിമുട്ടുകൾ എല്ലാം അപ്പോൾ അതിനു മുമ്പേ തുടങ്ങും. ഈ വിഷയത്തെപ്പറ്റി യാതൊന്നുമറിയാത്ത പങ്കാളിയും മക്കളും “അമ്മയ്ക്ക് ഭ്രാന്താണ്” എന്ന് പറയുന്നത് പോലും ഒരു വീട്ടിൽ കേട്ടിട്ടുണ്ട്. ഇത് പറഞ്ഞ് മനസിലാക്കാൻ ശ്രമിക്കുമ്പോഴും സ്വയം മാറാൻ ശ്രമിക്കുമ്പോഴും ആ അമ്മ വീണ്ടും വീണ്ടും കടുത്ത സമ്മർദ്ദത്തിലേക്ക് പോകുന്നതും കണ്ടിട്ടുണ്ട്.

സർവ്വം സഹയെന്നും, ക്ഷമിക്കേണ്ടവൾ എന്നും ഒരുപടി താഴ്ന്നു നിൽക്കേണ്ടവൾ എന്നുമുള്ള പല ലേബലുകളും ഇന്നത്തെ സ്ത്രീയ്ക്ക് വഴങ്ങുന്നതല്ല. പണ്ട് തന്‍റെ സ്വാതന്ത്ര്യത്തെപറ്റിയും അവകാശങ്ങളെപറ്റിയുമുള്ള അറിവില്ലായ്മയുണ്ടായിരുന്നെങ്കിൽ ഇന്നങ്ങനെയല്ല. വിദ്യാഭ്യാസം മുതൽ സാമ്പത്തിക കാര്യങ്ങളിൽ വരെ സ്ത്രീയുടെ അവകാശങ്ങളെക്കുറിച്ച് അവൾ ബോധവതിയാണ്. എന്നാൽ ഇന്നും പലപ്പോഴും കുഞ്ഞുങ്ങൾക്ക് വേണ്ടിയും, അമ്മായിയമ്മ മുതൽ സുഖമില്ലാത്ത കുടുംബാഗങ്ങൾക്ക് വേണ്ടിയും വരെ അവൾ സ്വന്തം ഇഷ്ടങ്ങൾ ത്യജിക്കേണ്ടി വരുന്നു. അവകാശബോധമുണ്ടാവുകയും അതു നേടാനാകാതെയിരിക്കുകയും ചെയ്യുന്നത് അതിസമ്മർദ്ദമായി രൂപപ്പെടുന്നു.

और कहानियां पढ़ने के लिए क्लिक करें...