“രാവിലെ 5 മണിക്ക് അലാറം അടിച്ചാലും ഇല്ലെങ്കിലും അമ്മ കൃത്യസമയത്ത് തന്നെ എഴുന്നേൽക്കു൦. എന്നിട്ട് മക്കളെ ഉണർത്താൻ തുടങ്ങുമ്പോൾ മക്കൾ എല്ലാവരും അമ്മയോട് പറയുന്ന ഒരു കാര്യമുണ്ട്, “അമ്മേ ഒരു 5 മിനിറ്റ് കൂടി ഉറങ്ങിക്കോട്ടെ…” ശല്യപെടുത്തല്ലേ എന്ന്. ഒടുവിൽ അമ്മ അതുകേട്ട് മുറി വിട്ടുപോവുകയും ചെയ്യും. മക്കൾ എഴുന്നേൽക്കുമ്പോഴേക്കും ഉച്ചഭക്ഷണവും പ്രാതലുമൊക്കെ റെഡിയാക്കി അമ്മ കാത്തിരിക്കും. സ്‌കൂളിൽ പോകാൻ തയ്യാറെടുക്കുന്ന മക്കൾ ഓരോരുത്തരും ഡ്രസ്സും ചെരുപ്പുമൊക്കെ എടുത്തുകൊണ്ടുവരാൻ അമ്മയോട് ആവശ്യപ്പെടും, അമ്മ യാതൊരു പരിഭവവുംകാട്ടാതെ വസ്ത്രമെല്ലാം ഇസ്തിരിയിട്ട് റെഡിയാക്കി കൊണ്ടു വരും. കൂട്ടത്തിൽ മക്കൾക്ക് കഴിക്കാനുള്ള ഭക്ഷണം മേശമേൽ എടുത്തു വയ്ക്കണം. അവിടെയും തീർന്നില്ല അമ്മയുടെ ജോലി. ഇനി അച്ഛനുള്ള ടിഫിനും ഡ്രെസ്സുമൊക്കെ തയ്യാറാക്കി വയ്ക്കണം. വീട്ടിൽ മറ്റു കുടുംബാംഗങ്ങൾ ഉണ്ടെങ്കിൽ അവർക്കും ഭക്ഷണവും മറ്റും നൽകണം. എല്ലാവരും ഓരോ ആവശ്യങ്ങൾക്കായി അമ്മയെ നിരന്തരം വിളിച്ചുകൊണ്ടിരിക്കും.

ഇനി അമ്മ ഉദ്യോഗസ്ഥ ആണെങ്കിൽ എല്ലാവരുടെയും ആവശ്യങ്ങളൊക്കെ നിറവേറ്റിയാകും ഓഫീസിലേക്ക് പോവുക. മിക്ക വീടുകളിലും ഏതാണ്ട് ഇതേ അവസ്ഥ തന്നെയല്ലേ. പരിഭവവും പിണക്കങ്ങളുമൊന്നുമില്ലാതെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു അമ്മ എല്ലാ വീടുകളിലും ഉണ്ടാകും.

തന്‍റെ അമ്മ എങ്ങനെയാണ് ഇത്ര കൃത്യതയോടെ ഇതൊക്കെ കൈകാര്യം ചെയ്യുന്നതെന്ന് ചിലപ്പോഴൊക്കെ ഓരോ കുട്ടിയും ചിന്തിച്ചിട്ടുണ്ടാകാം. അമ്മയിൽ നിന്ന് ഇതൊക്കെ പഠിച്ച് അമ്മയെപ്പോലെയാകണം എന്ന് അഭിമാനത്തോടെ കുട്ടികളിൽ ചിലരെങ്കിലും പറഞ്ഞു നമ്മൾ കേൾക്കാറുണ്ട്. യഥാർത്ഥത്തിൽ അമ്മ എന്നത് പൂർണ്ണതയുടെ പര്യായമാണ്.വീട്ടിലെയും ഔദ്യോഗിക മേഖലയിലെയും എല്ലാ ഉത്തരവാദിത്തങ്ങളും ഭംഗിയായി നിറവേറ്റുന്ന ഒരു മൾട്ടി ടാസ്‌ക്കർ. മൾട്ടി ടാസ്ക്കറായ അമ്മയെപ്പറ്റിയുള്ള ചിലരുടെ അഭിപ്രായങ്ങൾ അറിയാം:

“പക്ഷേ എനിക്കും ശക്തിയുണ്ട്, അമ്മയെ പോലെ കരുത്തയാകണം. അമ്മയുടെ ചിട്ടയാർന്ന ജീവിതരീതി ഞാൻ പഠിക്കുകയാണ്”15 കാരിയായ കൊച്ചി സ്വദേശിയായ റിയ പറയുന്നു. “ഫിറ്റ്‌നസിന്‍റെ കാര്യത്തിൽ അമ്മ യാതൊരു വിട്ടുവീഴ്ചയും കാട്ടാറില്ല, വീട്ടിലെ ജോലിയും ഓഫീസും ഒക്കെയുള്ള തിരക്കിനിടയിൽ പോലും അമ്മ സ്വന്തം ആരോഗ്യത്തെ അവഗണിക്കാറില്ല. ആരോഗ്യത്തെ അവഗണിച്ചാൽ ഭാവിയിൽ പ്രശ്‌നങ്ങൾ നേരിടേണ്ടിവരുമെന്ന് അമ്മയ്‌ക്ക്‌ നല്ല ബോധ്യമുണ്ട്, അതുകൊണ്ട് തന്നെ പ്രഭാത നടത്തത്തിനായി അമ്മ അരമണിക്കൂർ നേരത്തെ തന്നെ എഴുന്നേൽക്കും. അത് മുടക്കം കൂടാതെ എന്നും തുടരും. ഞങ്ങളുടെ ആരോഗ്യ കാര്യത്തിലും അമ്മ ശ്രദ്ധ പുലർത്തും. ഓടാനും ചാടാനും വ്യായാമംചെയ്യാനും ഒക്കെ അമ്മ പ്രേരിപ്പിക്കും. ഒപ്പം നല്ല ശീലങ്ങൾ പുലർത്തണമെന്നത് അമ്മയ്‌ക്ക്‌ നിർബന്ധമുള്ള കാര്യമാണ്. അതിലൊന്നാണ് വായന എന്നത്. ഈ ശീലങ്ങൾ കാരണം ഞങ്ങൾക്ക് എല്ലാ കാര്യത്തിലും വ്യക്തമായ തീരുമാനങ്ങൾ എടുക്കാൻ കഴിയുന്നു. നന്നായി പഠിക്കാനും വീട്ടിലെ മറ്റ് കാര്യങ്ങളിൽ ഇൻവോൾവ് ആകാനും കഴിയുന്നു. അതിനുള്ള ക്രെഡിറ്റ് ഞങ്ങൾ അമ്മയ്‌ക്കാണ്‌ നൽകുന്നത്. ഷി ഈസ് ഔർ സൂപ്പർ ഹീറോ ” റിയ അമ്മയെക്കുറിച്ച് ഓർത്തു അഭിമാനം കൊള്ളുന്നു. ഇങ്ങനെ ഓരോ കുഞ്ഞിനും സ്വന്തം അമ്മയെകുറിച്ചു പറയാൻ ധാരാളം കാര്യങ്ങൾ ഉണ്ടാകും.

വീട്ടിലെ എല്ലാ കാര്യങ്ങളും അമ്മമാർ തനിച്ചാവും ചെയ്യുക. ബഹുഭൂരിഭാഗം വീടുകളിലും ഇങ്ങനെ തന്നെയാകും. മാത്രവുമല്ല കുടുംബാംഗളുടെ ആരോഗ്യകാര്യത്തിലും ഏറെ ശ്രദ്ധ പുലർത്തുന്നവരാണ് അമ്മമാർ. നല്ല ഭക്ഷണം തയ്യാറാക്കി നൽകുക, കുഞ്ഞുങ്ങളിൽ നല്ല ചിന്തകലും ശീലങ്ങളും വളർത്തുക എന്നിങ്ങനെ അവരുടെ വ്യക്തിത്വവികാസത്തിനായുള്ള സർവ്വപിന്തുണയും നൽകുന്നവരാണ് അമ്മമാർ. ഫിറ്റ്നസ് കാര്യങ്ങളിൽ എല്ലാ കുടുംബാംഗങ്ങളെയും അവർ ഉൾപ്പെടുത്താൻ അവർ പ്രത്യേകം ശ്രദ്ധിക്കും. രാവിലെ ശുദ്ധവായു ശാസിച്ചുകൊണ്ട് നടക്കുന്നതിലൂടെ രോഗങ്ങളിൽ നിന്ന് സ്വയരക്ഷ പ്രാപിക്കാമെന്ന് മാത്രമല്ല, ദിവസം മുഴുവനും ഫ്രഷ് ആയി പ്രവർത്തിക്കാൻ കഴിയുമെന്നും അവർ കുഞ്ഞുങ്ങളെ പറഞ്ഞുമനസിലാക്കും. കുടുംബത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും പോസിറ്റീവ് മനോഭാവം നിലനിർത്താനും താനും ആരോഗ്യവതിയായിരിക്കേണ്ടത് പ്രധനമാണെന്ന് ഒട്ടുമിക്ക അമ്മമാർക്ക്‌ അറിയാം.

“പ്രായം കൂടുന്തോറും ശരീരത്തിൽ ഉണ്ടാകുന്ന ഇരുമ്പിന്‍റെയും കാൽസ്യത്തിന്‍റെയും അഭാവം സ്ത്രീകളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുമെന്ന കാര്യത്തെകുറിച്ചു സ്ത്രീകൾ ബോധവതികളാണ്. അത്തരമൊരു സാഹചര്യ൦ ഉണ്ടാകാതിരിക്കാനും ചെറുക്കാനും സ്വന്തം ഭക്ഷണകാര്യത്തിൽ പഴയകാല അമ്മമാരെ അപേക്ഷിച്ചു ഇപ്പോഴത്തെ അമ്മമാർ കൂടുതൽ ശ്രദ്ധ ചെലുത്തി കാണാറുണ്ട്. ഞങ്ങൾ മക്കളെ സംബന്ധിച്ച് അതൊരു വലിയ പാഠം തന്നെയാണ്. അത് മാതൃകയാക്കി നമ്മൾ കുട്ടികളും അപ്രകാരം പ്രവർത്തിക്കും. ആരോഗ്യകരമായ ജീവിതമാണ് എല്ലാ സന്തോഷങ്ങൾക്കും പിന്നിലെന്ന് ഞാൻ വിശ്വസിക്കുന്നു. ജോലി തിരക്കുകളും ഉത്തരവാദിത്തങ്ങൾ മൂലവും ഇത്തരം കാര്യങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കുന്ന ചെറിയൊരു വിഭാഗം അമ്മമാരുമുണ്ട്.” എന്നാണ് സ്കൂൾ വിദ്യാർത്ഥിയായ രഞ്ജന പറയുന്നത്.

“അമ്മമാർക്ക് ഒരു മാന്ത്രിക വടി ഉണ്ടെന്നുള്ള ഒരു പഴഞ്ചൊല്ലുണ്ട്, അത് എല്ലാ പ്രതിസന്ധികളെയും എളുപ്പമുള്ളതാക്കും” എന്നാണ് സ്കൂൾ വിദ്യാർത്ഥിയായ കുനാൽ അമ്മയെക്കുറിച്ച്‌ പറയുന്നത്. “അമ്മയ്ക്ക് ഓഫീസ് മീറ്റിംഗുള്ള ഒരു ദിവസം. അന്ന് സ്കൂളിൽ കലാപരിപാടി ഉള്ളതിനാൽ എനിക്ക് രണ്ടു നേരത്തെ ഭക്ഷണം വേണ്ടിയിരുന്നു. അമ്മ അതൊക്കെ കൃത്യമായി എടുത്തു വച്ചു, ഒപ്പം അച്ഛനുള്ള ടിഫിനും. ആ ദിവസം വീട്ടിൽ ജോലിക്കാരി വന്നിരുന്നില്ല. എന്നിട്ടും അമ്മ യാതൊരു പരിഭവവും കൂടാതെ എല്ലാ കാര്യങ്ങളും വളരെ സിമ്പിൾ ആയി കൈകാര്യം ചെയ്‌തു. അതും കുറഞ്ഞ സമയത്തിനുള്ളിൽ. അതാണ് അമ്മയുടെ മാജിക്. വൈകുന്നേരം വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് ഞങ്ങൾ ഇതെല്ലാം അറിയുന്നത്. അമ്മയ്ക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ഞങ്ങൾക്ക് അപ്പോൾ തോന്നി. പിന്നെ ഞാനും പപ്പയും കൂടി അമ്മയ്ക്കുവേണ്ടി ഉഗ്രനൊരു അത്താഴം തയ്യാറാക്കി. ഓഫിസ് കഴിഞ്ഞു മടങ്ങിയെത്തിയ അമ്മ ശരിക്കും അത്ഭുതപ്പെട്ടു പോയി. ഇതാദ്യമായല്ല, അമ്മ പലപ്പോഴും ഓഫീസ് തിരക്കുകൾക്കിടയിൽ ഇപ്രകാരം ചെയ്യാറുണ്ട്. അമ്മ എത്ര ഹാർഡ് വർക്ക് ചെയ്യുന്നുവെന്നത് നമ്മൾ മക്കൾ തിരിച്ചറിയേണ്ടത് പ്രധനമാണ്. അപ്പോഴാണ് വീട്ടിൽ നല്ലൊരു അന്തരീക്ഷം ഉണ്ടാകുക. ഓരോ ജോലിയും അടുക്കും ചിട്ടയോടെയും കൂടി ചെയ്യുന്ന അമ്മ ഞങ്ങൾക്ക് ഒരു പ്രചോദനം തന്നെയാണ്. അമ്മയെപ്പോലെ അമ്മ മാത്രം.” കുനാൽ അമ്മയെക്കുറിച്ചു അഭിമാനപൂർവ്വം പറയുന്നു.

അമ്മ സൂപ്പർ ഹീറോ

സ്വന്തം അമ്മയെ തന്‍റെ റോൾ മോഡലായി കാണുന്നവരാണ് മക്കൾ. അതിപ്പോൾ സ്വഭാവത്തിന്‍റെയോ പാചകത്തിന്‍റെയോ ആരോഗ്യപരിപാലനത്തിന്‍റെയോ കാര്യത്തിൽ ആയാലും അമ്മ കുട്ടികൾക്ക് ശക്തമായ പ്രചോദനമാകാറുണ്ട്. ഇത്തരം സാഹചര്യത്തിൽ വളരുന്ന കുട്ടികൾ സ്വന്തം സ്വഭാവരൂപീകരണത്തിൽ യാതൊരു വിട്ടുവീഴ്ചയും വരുത്താൻ തയ്യാറാവുകയില്ല. അമ്മയിൽ നിന്നും പകർന്നു കിട്ടിയ അത്തരം ഒരു പ്രചോദനത്തെപ്പറ്റിയാണ് 10ാ൦ ക്ലാസുകാരിയായ കൃതിയ്ക്ക് പറയാനുള്ളത്. “അമ്മയുടെ വ്യക്തിപരമായ ചില ദിനചര്യകളെ കുറിച്ച് പറയാതിരിക്കാനാവില്ല. അമ്മ എവിടെയായാലും എല്ലാ കാര്യങ്ങളിലും ശ്രദ്ധ നൽകും. വീട്ടിലുള്ള സാഹചര്യത്തിൽ ഓഫീസ് ജോലിയുമായി ബന്ധപ്പെട്ട് ധാരാളം കോളുകൾ അമ്മയ്‌ക്ക്‌ വരാറുണ്ട്. അമ്മ അതെല്ലാം അറ്റൻഡ് ചെയ്ത് കൃത്യമായ മറുപടി നൽകും. കൂട്ടത്തിൽ ഓഫീസ് ജോലികളും ചെയ്യും. എന്നാൽ പോലും അമ്മ ഫുൾടൈം ഫ്രഷ് ആയിരിക്കും. എന്‍റെ മനസിൽ അമ്മ ഒരു സൂപ്പർ ഹീറോ തന്നെയാണ്. എപ്പോഴും ഏറ്റവും നല്ല വസ്ത്രങ്ങൾ ധരിക്കും. സമയക്കുറവുള്ളപ്പോൾ വീട്ടിൽ ലഭ്യമായ വസ്തുക്കൾ ഉപയോഗിച്ച് ചർമ്മ൦ പരിപാലിക്കും. എല്ലാ തരത്തിലും അമ്മ പോസിറ്റീവിറ്റിയുടെ നിറകുടമാണ്. അത് കാണുമ്പോൾ ശരിക്കും നമ്മളും അറിയാതെ അമ്മ സഞ്ചരിക്കുന്ന ആ ട്രാക്കിലൂടെ സഞ്ചരിക്കും.”

“ആരോഗ്യവും ചെറുപ്പവും നിലനിർത്താൻ കഴിയുന്നത്ര വെള്ളം കുടിക്കാനും നല്ല ഭക്ഷണം കഴിക്കാനും അമ്മ നിരന്തരം ഉപദേശിക്കു൦. ഉപദേശിക്കുക മാത്രമല്ല, അത് ചെയ്യാൻ ഞങ്ങളെ നിർബന്ധിക്കുകയും ചെയ്യു൦, അങ്ങനെ അതിന്‍റെ മൂല്യമറിഞ്ഞു ഞങ്ങൾ ക്രമേണ അത് ദിനചര്യയിൽ ഉൾപ്പെടുത്തും. അമ്മയുടെ കൂടെ എവിടെ പോകാനും ഉത്സാഹമാണ്. കുടുംബത്തിന്‍റെ ശക്തി എന്ന വിശേഷണം അമ്മയ്ക്കല്ലാതെ മറ്റാർക്കാണ് യോജിക്കുക. കുടുംബത്തിന്‍റെ എല്ലാ മേഖലകളിലും അമ്മയുടെ ശ്രദ്ധ ഉണ്ടാകും. കുടുംബത്തിലെ ഓരോ അംഗത്തിന്‍റെയും ഇഷ്ടാനിഷ്ടങ്ങളും നിരീക്ഷിച്ചുകൊണ്ടിരിക്കും. അതിനനുസരിച്ചു പ്രവർത്തിക്കുകയും ചെയ്യും. അതാണ് എനിക്ക് അമ്മ” കൃതി പറയുന്നു.

നല്ല പെരുമാറ്റം

കുട്ടികളോടൊപ്പം സമയം ചിലവഴിക്കാൻ അമ്മമാർക്ക് മിക്കപ്പോഴും സാധിക്കാറില്ലെങ്കിലും അവർ കുട്ടികളിൽ നല്ല പെരുമാറ്റ ശീലങ്ങൾ വളർത്തിയെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. മുതിർന്നവരോട് എങ്ങനെ പെരുമാറണം, വീട്ടിൽ എത്തുന്ന അതിഥികളെ എങ്ങനെ സൽക്കരിക്കണം, അനുസരണ ശീലം, മാതാപിതാക്കൾ എന്തെങ്കിലും പറഞ്ഞാൽ അതിനോട് എങ്ങനെ പ്രതികരിക്കണം എന്നിങ്ങനെയുള്ള കാര്യങ്ങളിൽ കുഞ്ഞുങ്ങൾക്ക് വേണ്ട പരിശീലനം നൽകാൻ മുന്നിട്ടിറങ്ങുന്നത് അമ്മമാരാണ്. ഒരു കുട്ടിക്ക് അവന്‍റെ/ അവളുടെ മാതാപിതാക്കളാണ് ആദ്യ വിദ്യാലയം എന്ന് അമ്മയേക്കാൾ നന്നായി മനസ്സിലാക്കുന്നവർ ഈ ഭൂമിയിൽ മറ്റാരുമുണ്ടാവില്ല.

വിദ്യാഭ്യാസത്തിന്‍റെ പ്രാധാന്യം വിശദീകരിക്കുക

കുട്ടികളുടെ വിദ്യാഭ്യാസകാര്യങ്ങൾ ശ്രദ്ധിക്കുന്നതിനൊപ്പം അവരുടെ ബലഹീനതകളും കുറവുകളും തിരിച്ചറിയാൻ സാധിക്കുന്നത് ഒരമ്മയ്‌ക്ക് മാത്രമാണ്. അവരിൽ എന്തെങ്കിലും കുറവ് കണ്ടാൽ ഒരു ടീച്ചറെ പോലെ അത് തിരുത്തി മനസ്സിലാക്കി കൊടുക്കാൻ അമ്മ ശ്രമിക്കും. കുഞ്ഞുങ്ങളുടെ ശോഭനമായ ഭാവിക്ക് അടിത്തറ പാകുന്നതിൽ അമ്മ നിർവഹിക്കുന്ന പങ്ക് ആർക്കും നിഷേധിക്കാനാവില്ല.

കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുക

വീട്ടിലെ എല്ലാവരുമായും ഗുണനിലവാരമുള്ള സമയം ചെലവഴിക്കാൻ ശ്രമിക്കുന്നവരാണ് മിക്ക അമ്മമാരും. കുറച്ച് സമയം മാത്രമാണെങ്കിൽ കൂടി ആ സമയം ഏറ്റവും മികച്ചതായിരിക്കുന്നതിന് അവർ പരിശ്രമിക്കുക തന്നെ ചെയ്യും. കുടുംബത്തിലെ ഒരു അംഗവും അവഗണിക്കപ്പെടുന്നില്ല. അമ്മയുടെ സ്നേഹം എന്ന് പറയുന്നത് കുടുംബത്തിലെ ഒരു നൂൽ പോലെയാണ്, അതിലൂടെ കുടുംബത്തിലെ ഓരോ അംഗത്തെയും അമ്മ മുത്തുകൾ പോലെ പരസ്പരം ബന്ധിപ്പിച്ചിരിക്കു൦. അതിനാൽ പകൽ കുറച്ച് സമയമാണെങ്കിൽ കൂടിയും കുടുംബാംഗങ്ങൾ ഒരുമിച്ചിരുന്ന് അൽപ നേരം ചെലവഴിക്കണമെന്നത് ഏതൊരു അമ്മയും ഉറപ്പു വരുത്തുന്ന ഒരു കാര്യമാണ്.

ഇന്നത്തെ തിരക്കേറിയ ജീവിതസാഹചര്യത്തിൽ പ്രിയപ്പെട്ടവരെയും ബന്ധുക്കളെയും കാണുകയെന്നത് ഏറെക്കുറെ അസാധ്യമായ കാര്യമാണ്. അമ്മയ്ക്ക് ഇക്കാര്യത്തിൽ നല്ലൊരു ഉത്തരവാദിത്തം നിർവഹിക്കേണ്ടതായി വരാം. അതിലൂടെ അവൾ കുട്ടികൾക്ക് മികച്ച ഒരു മാതൃകയാവുകയാണ് ചെയ്യുന്നത്. കുടുംബ ചടങ്ങുകളിൽ പങ്കെടുക്കുന്നതിലൂടെ കുടുംബബന്ധം ദൃഢമാകുകയാണ് ചെയ്യുക.

ടൈം മാനേജ്മെന്‍റ്

ടൈം മാനേജ്മെന്‍റ് എങ്ങനെ ചെയ്യണമെന്നത് കുട്ടികൾ അമ്മയെ കണ്ടാണ് പഠിക്കുന്നത്, “ഞാൻ ഏകമകനാണ്. അതുകൊണ്ട് എനിക്ക് മാതാപിതാക്കളുടെ പൂർണ്ണമായ ശ്രദ്ധയും പരിചരണവും ലഭിക്കുന്നുണ്ട്. അച്ഛനും അമ്മയും ഉദ്യോഗസ്ഥരാണ്. അമ്മയ്ക്ക് എല്ലാക്കാര്യത്തിലും കൃത്യമായ അടുക്കും ചിട്ടയുമുണ്ട്.ഒരു കാര്യത്തിലും വീഴ്ച്ച വരുത്തില്ല. ഞാൻ എന്തെങ്കിലും തെറ്റ് ചെയ്താൽ അമ്മ അത് ചൂണ്ടിക്കാട്ടും. അതുകൊണ്ട് പരമാവധി ഞാനും എല്ലാ കാര്യത്തിലും കൃത്യത പാലിക്കാൻ ശ്രമിക്കാറുണ്ട്. അമ്മയിൽ നിന്നാണ് ഞാൻ ടൈം മാനേജ്‌മെന്‍റ് പഠിച്ചത്. എന്‍റെ പഠന കാര്യത്തിലുണ്ടായ നേട്ടങ്ങൾക്കെല്ലാം കാരണം എന്‍റെ അമ്മ തന്നെയാണ്. അമ്മ എത്രത്തോളമാണ് എന്നെ ഹൃദയത്തോട് ചേർത്ത് നിർത്തുന്നത്” പ്ലസ് ടു വിദ്യാർത്ഥിയായ രാജ് പറയുന്നു.

ഒരു അമ്മ എല്ലാ സാഹചര്യങ്ങളെയും ധൈര്യത്തോടെ നേരിടുന്നതുപോലെ, എല്ലാ സാഹചര്യങ്ങളോടും പോരാടാൻ അവൾ മക്കളെ പഠിപ്പിക്കുന്നു. ജീവിത വിജയം ആഗ്രഹിക്കുകയും അതിനായി പ്രവർത്തിക്കുകയും ചെയ്യുന്ന അമ്മമാർ മക്കളെയും അതിനായി പ്രേരിപ്പിക്കുന്നു.

और कहानियां पढ़ने के लिए क्लिक करें...