പ്രണയിക്കാൻ എളുപ്പമാണ്. എന്നാൽ അത് നിലനിർത്തിക്കൊണ്ടുപോകുക എന്നത് അൽപം ബുദ്ധിമുട്ടേറിയ കാര്യമാണ്. ഇന്നത്തെ യുവതലമുറ ആ യാഥാർത്ഥ്യം പലപ്പോഴും മറന്നുപോകുന്നു. സ്‌നേഹം, സഹനം, ത്യാഗം, ധൈര്യം എന്നിവയൊക്കെ ഒരേയളവിൽ ഒത്തുചേരുമ്പോഴാണ് ജീവിതത്തിന് ഭംഗിയേറുന്നതെന്ന് പലരും അറിയുന്നില്ല. സഹനശക്‌തിയുടെയും ധൈര്യത്തിന്‍റെയും കുറവാണ് പല പ്രണയങ്ങളും ഫ്‌ളോപ്പാകാൻ കാരണം. ആലോചിച്ചുറച്ച് ഒരു തീരുമാനമെടുക്കുന്നതിനു പകരം എടുത്തുചാടിയുള്ള തീരുമാനങ്ങൾ പലപ്പോഴും പിന്നീട് പശ്ചാത്തപിക്കാൻ ഇടവരുത്തും. ബന്ധങ്ങളിൽ അകൽച്ചയ്‌ക്കും ഇത് കാരണമാകും. പിന്നീട് പരസ്‌പരം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല.
പ്രണയം അതിന്‍റെ കാൽപനിക ലോകം വെടിഞ്ഞ് യാഥാർത്ഥ്യത്തിലേക്ക് കടക്കുമ്പോഴുണ്ടാകുന്ന മാറ്റങ്ങളാണ് പ്രശ്നം. കാൽപനിക ലോകത്ത് സന്തോഷങ്ങൾ മാത്രമേ കാണൂ. എന്നാൽ യഥാർത്ഥ ജീവിതവുമായി മല്ലിടുമ്പോൾ നിരവധി പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വരും. സുഖദുഃഖ സമ്മിശ്രമാണല്ലോ ജീവിതം! അതിനാൽ യാഥാർത്ഥ്യത്തെ ഉൾക്കൊള്ളാനുള്ള മനസ്സാണ് ആവശ്യം. പരസ്‌പരം കാണുമ്പോൾ മാത്രം തോന്നേണ്ടതല്ല സ്‌നേഹവും സന്തോഷവുമൊക്കെ... എന്നത്തേയ്‌ക്കും നിലനിൽക്കേണ്ടതാണ്.
സന്തോഷം നൽകണം ദുഃഖം മാത്രം നൽകുന്നത് സ്‌നേഹമല്ല. പരസ്‌പരം സന്തോഷം കൂടി നൽകാൻ കഴിയണം. നിങ്ങളുടെ പെരുമാറ്റവും സമീപനവും പങ്കാളിയ്‌ക്ക് സന്തോഷം നൽകുന്നുണ്ടോ എന്ന് ഇടയ്‌ക്ക് ആത്മപരിശോധന നടത്തുന്നത് നല്ലതായിരിക്കും. പങ്കാളിയുടെ എന്തൊക്കെ ഗുണങ്ങൾ നിങ്ങൾ ഇഷ്‌ടപ്പെടുന്നു, ഏതൊക്കെ ഗുണങ്ങൾ പങ്കാളിയിൽ നിന്നും സ്വായത്തമാക്കാം, എന്തൊക്കെ ഉപേക്ഷിക്കണം എന്നീ കാര്യങ്ങൾ സ്വയം വിലയിരുത്തി പെരുമാറാൻ ശ്രമിക്കുക.
പ്രണയം നിലനിർത്താം
വിവാഹത്തിന്‍റെ ആദ്യ നാളുകളിലെന്ന പോലെ പരസ്‌പര പ്രണയവും സൗഹാർദ്ദവും നിലനിർത്താൻ ശ്രമിക്കാം. ചെറിയ കാര്യങ്ങളിൽപ്പോലും ശ്രദ്ധ ചെലുത്തുമ്പോൾ നിങ്ങൾ ആവശ്യമായ കരുതൽ നൽകുന്നുണ്ടെന്ന് പങ്കാളിയ്‌ക്ക് അനുഭവപ്പെടും. ഇടയ്‌ക്ക് മനസ്സ് തുറന്നുള്ള സ്‌നേഹ സംഭാഷണങ്ങൾ ആവാം. വിശേഷാവസരങ്ങളിൽ പങ്കാളിയ്‌ക്ക് ഏറ്റവും പ്രിയപ്പെട്ട വസ്‌തുക്കൾ സമ്മാനമായി നൽകാം. ഇടയ്‌ക്ക് ഒരു ചെയ്‌ഞ്ചിന് വീടിന് പുറത്ത് ഏതെങ്കിലും റെസ്‌റ്റോറന്‍റിൽ പോയി ഒരു കാൻഡിൽ ലൈറ്റ് ഡിന്നറുമാവാം.
മനസ്സു തുറന്നുള്ള സംസാരം തന്നെയാണ് ബന്ധങ്ങളെ ഊഷ്മളമാക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന്. പങ്കാളികൾ ഒരുമിച്ചല്ലെങ്കിൽ കുറച്ച് നേരമെങ്കിലും ഫോണിൽ സംസാരിക്കാൻ സമയം നീക്കി വയ്‌ക്കുക. ഒരുമിച്ചിരുന്ന് പാട്ട് കേൾക്കുന്നതും ഒന്നിച്ചുള്ള യാത്രകളും നിങ്ങളുടെ ബന്ധത്തിന് തീവ്രമായ ഇഴയടുപ്പം നൽകും. പ്രണയത്തിലെന്ന പോലെ ദാമ്പത്യ ജീവിതത്തിലും ഇത്തരം കാര്യങ്ങൾക്ക് സുപ്രധാനമായ പങ്കുണ്ട്. ഇതുവഴി, തന്നോടുള്ള കാഴ്‌ചപ്പാടിന് മാറ്റമൊന്നും സംഭവിച്ചിട്ടില്ലെന്ന് പങ്കാളിയ്‌ക്ക് മനസ്സിലാകും.
തുറന്നു സംസാരിക്കാം
വഴക്കുകളിൽ തന്‍റെ ഭാഗം ന്യായീകരിക്കാനാണ് എല്ലാവരും ആദ്യം ശ്രമിക്കുക. ഇത് വഴക്കിന്‍റെ ആഴം കൂട്ടാനേ സഹായിക്കൂ. പ്രശ്നം പരിഹരിക്കുന്നതിന് പകരം കൂടുതൽ വഷളാക്കുകയാണ് ഇത്തരം സമീപനങ്ങൾ ചെയ്യുന്നത്. രണ്ടുപേർക്കും പറയാനുള്ളത് പറഞ്ഞതിനുശേഷം വേണം തീരുമാനങ്ങളെടുക്കാൻ. പങ്കാളിയുടെ പ്രശ്നങ്ങൾ കേൾക്കാനുള്ള ക്ഷമ കാണിക്കുക. പങ്കാളി സംസാരിക്കുന്നതിന് ഇടയിൽക്കയറി സംസാരിക്കരുത്. ഈഗോ മെന്‍റാലിറ്റി പാടില്ല. വഴക്കിന്‍റെ യഥാർത്ഥകാരണം മനസ്സിലാക്കിയാൽ മാത്രമേ പ്രശ്നം പരിഹരിക്കാൻ പറ്റുകയുള്ളൂ. തുറന്ന സംസാരം ഇതിന് വഴിവെയ്‌ക്കും.