ഇൻവെസ്റ്റ് ഇൻ വുമൺ, ആക്‌സിലറേറ്റ് പ്രോഗ്രസ്സ്: (സ്ത്രീകളിൽ നിക്ഷേപിക്കുക പുരോഗതി ത്വരിതപ്പെടുത്തുക) 2024 ലെ വനിതാ ദിനത്തിന്‍റെ തീം മേല്പറഞ്ഞ ആശയം ആണ്.
മികച്ച സമ്പദ്‌വ്യവസ്ഥയും ആരോഗ്യമുള്ള ലോകവും സൃഷ്ടിക്കണമെങ്കിൽ ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും ലിംഗസമത്വവും സ്ത്രീകളുടെ ക്ഷേമവും കൈവരിക്കുന്നത് നിർണായകമാണ്. അതിനാൽ ‘സ്ത്രീകളിൽ നിക്ഷേപിക്കുക, പുരോഗതി ത്വരിതപ്പെടുത്തുക’ എന്ന പ്രമേയത്തിന് കീഴിലുള്ള അന്താരാഷ്ട്ര വനിതാ ദിനത്തിൽ #InvestInWomen എന്ന ഹാഷ്‌ടാഗ് ഉപയോഗിക്കാനാണ് ഐക്യരാഷ്ട്ര സഭ നിർദേശിച്ചിരിക്കുന്നത്.
ഓരോ വർഷവും വനിതാ ദിനങ്ങൾ വന്നു ചേരുകയും പല പല ആശയങ്ങളും പ്രതീക്ഷകളുമായി കടന്നു പോവുകയും ചെയ്യുന്നു. കുടുംബത്തിന്‍റെ പുരോഗതി സ്ത്രീയുടെ സാമ്പത്തിക പുരോഗതിയിലൂടെ ആണെന്ന ചിന്ത ഇപ്പോൾ മാറ്റങ്ങൾ കൊണ്ടു വരുന്നുണ്ട്. അതിന് സംയുക്ത പ്രവർത്തനം തന്നെയാണ് ആവശ്യം..
2030-ഓടെ 342 ദശലക്ഷത്തിലധികം സ്ത്രീകളും പെൺകുട്ടികളും ദാരിദ്ര്യത്തിൽ കഴിയുന്നത് തടയാൻ അടിയന്തര നടപടി നിർണായകമാണ്. യുദ്ധങ്ങളും വിലക്കയറ്റവും നിമിത്തം 75% രാജ്യങ്ങളും 2025-ഓടെ പൊതുചെലവ് വെട്ടിക്കുറച്ചേക്കാം, ഇത് സ്ത്രീകളെയും അവരുടെ അവശ്യ സേവനങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക ഐക്യരാഷ്ട്ര സഭ പങ്കു വെയ്ക്കുന്നു.
ഒരുമിച്ചു നിന്നാൽ ഒരുപാടു കാര്യങ്ങൾ ചെയ്യാമെന്ന തിരിച്ചറിവ് സ്ത്രീകൾക്ക് ഇപ്പോൾ ഉണ്ട്. അങ്ങനെ പല കാര്യങ്ങൾക്കായി അറിഞ്ഞോ അറിയാതെയോ ഒരുമിച്ചു ചേരുകയും പിന്നീട് അതൊരു സാമൂഹ്യ ചാലക ശക്തിയായി മാറുകയും ചെയ്ത ഏതാനും വനിതാ കൂട്ടായ്മകളെ നമുക്ക് പരിചയപ്പെടാം…
സ്വപ്നങ്ങളിലേക്ക് പറന്നു പറന്ന്– സൃഷ്ടി
ആരോടും ചോദിച്ചു നോക്കു, അവരുടെ സ്വപ്നങ്ങളുടെ ബക്കറ്റ് ലിസ്റ്റിൽ ‘യാത്ര’ എന്നൊരു വാക്ക് ഉറപ്പായും ഉണ്ടാകും… എത്ര പേർക്ക് അതിന് കഴിയുന്നു എന്ന് ചോദിച്ചാൽ ഉത്തരം അത്ര യാത്രയോളം സുന്ദരമായിരിക്കില്ല… എന്നാൽ സ്വന്തം യാത്രാസ്വപ്നങ്ങൾ മുറുകെപ്പിടിച്ച് സ്ത്രീകൾ പരസ്പരം കൈകോർക്കാൻ തുടങ്ങിയതോടെ ആ മോഹങ്ങൾ ഇപ്പോൾ സാക്ഷാൽകരിക്കപെടുകയാണ് പലർക്കും. അതിന് സഹായിക്കുന്ന ഒരു വനിതാ യാത്ര കൂട്ടായ്മയാണ് സൃഷ്ടി… നക്ഷത്രങ്ങൾ നിറഞ്ഞ രാത്രികളും രസകരമായ ട്രെക്കിംഗും വിലയേറിയ നിമിഷങ്ങളും വാഗ്ദാനം ചെയ്യുന്ന സൃഷ്ടി എന്ന വനിതാ ട്രാവൽ ഗ്രുപ്പ്, ഗീതു മോഹൻദാസ് എന്ന ഒരു യുവ എഞ്ചിനീയർ തുടങ്ങിവെച്ച യാത്ര സ്റ്റാർട്ടപ്പിന്‍റെ ഭാഗമാണ്. സ്ത്രീകൾക്ക് മാത്രമുള്ള യാത്രകൾ കേരളത്തിൽ പ്രചാരം നേടിയിട്ട് കുറച്ചു വർഷങ്ങളെ ആയിട്ടുള്ളു. സമാന ചിന്താഗതിക്കാരായ മറ്റ് സ്ത്രീകളോടൊപ്പം യാത്ര ചെയ്യാനുള്ള ഓരോ സ്ത്രീയുടെയും സ്വപ്നം സാക്ഷാത്കരിക്കുക എന്നതാണ് സൃഷ്ടിയുടെ ലക്ഷ്യം.
പെൺകുട്ടികൾ മുതൽ പ്രായമായ സ്ത്രീകൾ വരെ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾ ‘സൃഷ്ടി’ എന്ന കൂട്ടായ്മയിൽ ബാക്ക് പാക്കുമായി ഇറങ്ങി തിരിക്കുന്നു. ഗീതു മോഹൻദാസ് പറയുന്നു. “പെൺകുട്ടികൾ, ജോലി ചെയ്യുന്ന സ്ത്രീകൾ, വീട്ടമ്മമാർ, വിരമിച്ച സ്ത്രീകൾ എന്നിവരെല്ലാം യാത്രയ്ക്ക് തയ്യാറാണ്. യാത്ര ക്ക് എത്തിക്കഴിഞ്ഞാൽ എല്ലാവരും ചെറുപ്പമാണ്. ഞങ്ങൾക്ക് ലഭിക്കുന്ന അന്വേഷണങ്ങളിൽ ഭൂരിഭാഗവും കൂട്ടായ്മയുടെ ഭാഗമാകാൻ പ്രായപരിധിയുണ്ടോ എന്നാണ്. ഇതിനകം യാത്ര ചെയ്ത ആളുകൾ തങ്ങളുടെ അനുഭവം മറ്റുള്ളവരുമായി പങ്കുവെച്ചതിന് ശേഷം കൂടുതൽ ആളുകൾ താൽപ്പര്യം കാണിക്കുന്നുണ്ട്.”
തുടക്കത്തിൽ സ്ത്രീകൾക്ക് മാത്രമുള്ള യാത്രകൾ കേരളത്തിലെ ടൂറിസ്റ്റ് ടെസ്റ്റിനേഷനുകളിൽ മാത്രമായിരുന്നുവെങ്കിലും ഇപ്പോൾ സംഘം വിദേശ പര്യടനങ്ങളും സംഘടിപ്പിക്കുന്നുണ്ട്.
സ്ത്രീകൾക്ക് മാത്രമുള്ള എല്ലാ യാത്രകളും സ്ത്രീ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കിയാണ് നടത്തുന്നത്. ടൂർ ആരംഭിക്കുന്നതിന് മുമ്പ്, താമസസൗകര്യം ഉൾപ്പെടെ എല്ലാം കൃത്യം ആണെന്ന് ഉറപ്പാക്കാൻ സംഘാടകർ ഒരു ട്രയൽ ടൂർ നടത്തും. ട്രയൽ ടൂറിന്‍റെ പ്രധാന ലക്ഷ്യം മതിയായ സുരക്ഷാ സംവിധാനങ്ങൾ നിലവിലുണ്ടെന്ന് ഉറപ്പാക്കുക എന്നതാണ്. ട്രയൽ ട്രിപ്പ് നടത്തിയ ശേഷമേ സംഘം യാത്ര തുടങ്ങൂ.
എന്തും ചോദിക്കാൻ ആസ്ക് വുമൺ
ഷൊർണൂരിലെ മയിൽവാഹനം ബിസിനസ് കുടുംബത്തിൽ നിന്നുള്ള രൂപ ജോർജ്ജ്, വിശാല ഹൃദയമുള്ള സാമൂഹിക സംരംഭകയാണ്. ആളുകൾക്ക് എന്ത് സഹായവും സെൽഫ് ലെസ്സ് ആയി കൊടുക്കാനും നമ്മുടെ വിലപ്പെട്ട സമയം ആവശ്യമുള്ളവർക്ക് നൽകാനും പ്രേരിപ്പിക്കുവാൻ രൂപ ജോർജ് 2019 ൽ തുടക്കമിട്ട സോഷ്യൽ മീഡിയ കൂട്ടായ്മക്ക് വലിയ സ്വീകരണം ആണ് ലഭിച്ചത്. രൂപയുടെ ഫ്രണ്ട്‌സ് സർക്കിൾ എന്ന നിലയിൽ ആരംഭിച്ച വാട്ട്‌സ്ആപ്പ് ഗ്രൂപ്പ്കളായ ‘ആസ്ക് വുമൺ, പ്രീ ലവ്ഡ്’ എന്നിവ വലിയ സാമൂഹ്യ സഹായമാണ് നൽകുന്നത്.
പാരിസ്ഥിതിക അവബോധം, ദയ, പത്രവായന, സെ നോ ടു ഡ്രഗ്സ്, തുടങ്ങി വിവിധ കാമ്പെയ്‌നുകൾ വഴി 300 ലധികം സ്കൂളുകളിൽ രൂപ സജീവമായി പ്രവർത്തിക്കുന്നു. ബഞ്ചുകൾ, ഡെസ്‌ക്കുകൾ, യൂണിഫോം, ലാബുകൾ, ലൈബ്രറികൾ, പുസ്തകങ്ങൾ, വിദ്യാഭ്യാസ ചെലവുകൾ തുടങ്ങിയ ആവശ്യങ്ങൾക്കുള്ള പിന്തുണ ഉറപ്പാക്കിക്കൊണ്ട്, സിഎസ്ആർ ഫണ്ടുകളുമായി അർഹമായ സ്‌കൂളുകളെ ബന്ധിപ്പിച്ച് പ്രവർത്തിക്കുന്നു. ഭവനരഹിതർക്ക് വീടുകൾ നിർമ്മിക്കുന്നതിൽ സഹായിക്കുന്നു.
സ്ത്രീകൾക്ക് നെറ്റ്‌വർക്ക് ചെയ്യാനും ചർച്ച ചെയ്യാനും ആശയങ്ങൾ പങ്കിടാനും നിർദ്ദേശങ്ങൾ തേടാനും ബിസിനസ്സ് പ്രോത്സാഹിപ്പിക്കാനുംഉള്ള ഒരു പ്ലാറ്റ്ഫോം കൂടി ഇത് നൽകുന്നു. 5000 ത്തിലേറെ ഗുണഭോക്താക്കൾക്കൊപ്പം, പ്രിയപ്പെട്ട സാധനങ്ങൾ, ട്യൂഷൻ അന്വേഷണങ്ങൾ, ആരോഗ്യവും ശാരീരികക്ഷമതയും, കൗൺസിലിംഗ്, യാത്ര എന്നിവയ്‌ക്കായി പ്രത്യേക പ്ലാറ്റ്‌ഫോമുകൾ അവർ കൈകാര്യം ചെയ്യുന്നു.
നിരവധി സ്ത്രീകൾക്ക് ഉപദേശം തേടുന്നതിനും ആശയങ്ങൾ ചർച്ച ചെയ്യുന്നതിനും അവരുടെ ബിസിനസ്സ് പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്നു. വെറുതെ വീട്ടിൽ സമയം കഴിച്ചു കൊണ്ടിരുന്ന കുറേ പേർക്കെങ്കിലും ഈ കൂട്ടായ്മയുടെ തണലിൽ സംരംഭകരായി വിജയിക്കാൻ കഴിഞ്ഞു.
പ്രീ ലൗഡ് എന്ന കൂട്ടായ്മയിൽ യൂസ്ഡ് സാമഗ്രികളുടെ വില്പനയും വാങ്ങലും വളരെ എളുപ്പമായി സ്ത്രീകൾക്ക് ചെയ്യാൻ കഴിയുന്നു. വസ്ത്രങ്ങൾ മുതൽ ഫർണിചർ വരെ ഈ രീതിയിൽ വിപണനം ചെയ്യാൻ ഗ്രൂപ്പ് സഹായിക്കുന്നു.
കൈപിടിച്ചു കൂടെ ഉണ്ട് ക്വീൻസ് ബിസിനസ് ഗ്ലോബൽ
സ്ത്രീയുടെ ആഗ്രഹങ്ങളും ദുഖങ്ങളും വേഗം മനസിലാക്കാൻ കഴിയുന്നത് മറ്റൊരു സ്ത്രീക്ക് തന്നെയാണ്. അവളുടെ ഉയർച്ച കാണാൻ ആഗ്രഹിക്കുന്നതും അതിലൂടെ സ്വയം പ്രചോദിതർ ആകാനും ആഗ്രഹിക്കുന്നതും സ്ത്രീകൾ തന്നെയാണ്… ലോകത്തിന്‍റെ പല ഭാഗങ്ങളിലുള്ള മലയാളി സ്ത്രീ സംരംഭകരുടെ ഒരു ഓൺലൈൻ കൂട്ടായ്മ ആണ് QBG- ക്വീൻസ് ബിസിനസ് ഗ്ലോബൽ. ഇതിലെ ഓരോ അംഗവും അവരവരുടേതായ ബിസിനസുകളിൽ മികവ് തെളിയിച്ചവർ ആണ്. മാത്രമല്ല പുതിയ ഓരോ സംരംഭത്തിലേക്കു ചുവട് വെയ്ക്കുന്നവരെ കൈ പിടിച്ചു കയറ്റുന്നവർ കൂടിയാണ് ഈ കൂട്ടായ്മയിൽ ഉള്ളത്. പരസ്പരം സഹകരിച്ചു ഒരു നെറ്റ്‌വർക്ക് ആയി പ്രവർത്തിച്ചു കൊണ്ട് ഒരു വലിയ സ്ത്രീ സംരംഭ കൂട്ടായ്മ ആയി മാറി കൊണ്ടിരിക്കുകയാണ് QBG.
സാമ്പത്തിക സ്വാതന്ത്രം എല്ലാവരുടേയും അവകാശമാണ് എന്ന് ഉറച്ചു വിശ്വസിക്കുന്നതിൽ നിന്നുമാണ് ഈ ഗ്രൂപ്പിന്‍റെ ഉത്ഭവം എന്ന് കൂട്ടായ്മ നയിക്കുന്നവരിൽ ഒരാളായ സന്ധ്യ രാധാകൃഷ്ണൻ പറയുന്നു.
സ്ത്രീ ശാക്തീകരണം വാക്കുകളിൽ മാത്രം ഒതുങ്ങേണ്ട ഒന്നല്ല എന്നും, നമ്മുടെ കൂടെ ഉള്ള മറ്റു സ്ത്രീകൾക്ക് ഒരു കൈ താങ്ങ് ആവുക കൂടി നമ്മുടെ ചുമതല ആണെന്ന് വിശ്വസിക്കുന്നവരാണ് ഈ ഗ്രൂപ്പിലെ അംഗങ്ങൾ. ഇവിടെ വലിയ സംരംഭകർ, ചെറിയവർ അങ്ങനെയൊന്നുമില്ല, എല്ലാവരും ഒരുപോലെയാണ്. 2000 ൽ പരം സംരംഭകർ ഇത് വരെ QBG യുടെ ഭാഗം ആയിട്ടുണ്ട്. ഇതിൽ പല ജോലികൾ ചെയ്യുന്നവരുണ്ട്. സ്റ്റിച്ചിംഗ് ചെയ്യുന്നവരുണ്ട്, ഭക്ഷ്യവസ്തുക്കള്‍ വിൽക്കുന്നവരുണ്ട്, ആക്‌സസറീസ് ചെയ്യുന്നവരുണ്ട്, വക്കീലന്മാരുണ്ട്, കൗൺസിലിംഗ് ചെയുന്നവരുണ്ട് . ഇടനിലക്കാരില്ലാതെ നേരിട്ടുള്ള വ്യവഹാരം ആയതിനാൽ കൊള്ളലാഭം ആരും ഇടാകുന്നില്ല.
50,000 ൽ അധികം ഉപഭോക്താക്കൾ നിലവിൽ ഗ്രൂപ്പിലുണ്ട്. അതുകൊണ്ട് തന്നെ ഒരു സോഷ്യൽ മീഡിയ മാർക്കറ്റ് തന്നെയാണ് ഇന്ന് QBG. കോവിഡ് തുടങ്ങിയതിനു ശേഷം സ്വന്തമായി ജീവിത മാർഗം കണ്ടെത്തിയ നിരവധി സ്ത്രീകളുണ്ട്. കേക്ക് നിർമാണം മുതൽ, തലമുടിയ്ക്ക് വേണ്ട എണ്ണയുടെ ഉൽപാദനം വരെ ചെയ്യുന്നുണ്ട് ഇപ്പോൾ, നൂലിൽ ചിത്രം വരക്കുന്നവർ മുതൽ കുപ്പിയിൽ ലോകം ചുരുക്കുന്നവർ വരെ, മാർക്കറ്റിംഗ് മേഖലയിൽ ഉള്ളവർ മുതൽ സിവി /റെസ്യുമെ മേക്കഓവർ ചെയ്യുന്നവർ വരെ ഉള്ള ഒരു ചെറിയ വലിയ ലോകം.
പല പ്രായത്തിലുള്ള സ്ത്രീകളുടെ ഒരു കൂട്ടമാണിത്. പ്രായം കുറഞ്ഞവർ മുതൽ കൂടിയവർ വരെ. വിപണിയിൽ വിൽക്കപ്പെടുന്ന വസ്തുക്കൾക്ക് വേണ്ടി മാത്രമല്ല ഈ ഗ്രൂപ്പ്. ഉപഭോക്താക്കൾക്കായി പ്രൊഫെഷണൽ ജോലി ചെയ്യുന്ന സ്ത്രീകളും ഗ്രൂപ്പിലുണ്ട്. കച്ചവടം, സ്ത്രീ ശാക്തീകരണം, സാമ്പത്തിക സ്വാതന്ത്രം എന്നത് തന്നെയാണ് ഗ്രൂപ്പിന്‍റെ മുഖ്യ ലക്‌ഷ്യം. ലോകത്തിന്‍റെ പല ഭാഗങ്ങളിൽ നിന്നും 5 സ്ത്രീകൾ ആണ് ഈ കൂട്ടായ്മ നയിക്കുന്നത്.
അമ്മക്കരുത്തോടെ മോംസ് ഓഫ് കൊച്ചി
ഒരുമിച്ചു ചേരാൻ എന്തെല്ലാം കാരണങ്ങൾ ആണ് നമുക്കെല്ലാം ഉള്ളത്. അമ്മ എന്നത് തന്നെ വലിയ ശക്തിയാണ്. അപ്പോൾ അമ്മമാർ കുറേപേർ ഒരുമിച്ച് ചേർന്നാലോ? കൊച്ചിയിൽ ജനിച്ചു വളർന്നതോ താമസിക്കുന്നതോ ആയ അമ്മമാരുടെ കൂട്ടായ്മയാണ് മോംസ് ഓഫ് കൊച്ചി. 2021, മെയ് 21-ന് സ്ഥാപിതമായ ഈ സംരംഭം, സംശയങ്ങൾ പങ്കുവയ്ക്കാൻ അമ്മമാരുടെ ഒരു ചെറിയ ഗ്രൂപ്പായി ആരംഭിച്ചു. ഓരോരുത്തരുടെയും ബിസിനസ്സ് പ്രോത്സാഹിപ്പിക്കുകയും ക്രിയാത്മക കഴിവുകൾ പ്രകടിപ്പിക്കുകയും എക്സിബിഷൻ നടത്തുകയും പരസ്പരം ബന്ധപ്പെടുകയും ഒരുമിച്ച് വളരുകയും ചെയ്യുന്ന 2000 അമ്മമാരുടെ ഒരു വലിയ കമ്മ്യൂണിറ്റിയിലേക്ക് ഇത് പതുക്കെ വളർന്നു.
എല്ലാ വർഷവും പാവപ്പെട്ട കുട്ടികൾക്ക് അവർ ജൈവ പച്ചക്കറികൾ ഉപയോഗിച്ച് അമ്മമാർ തന്നെ പാചകം ചെയ്ത് ധനസഹായം നൽകി ഓണ സദ്യ നൽകുന്നു. കൂടാതെ, നിർധന കുടുംബങ്ങളിലെ കുട്ടികൾക്ക് യൂണിഫോമുകളും ബാഗുകളും നൽകുന്നു. ഗ്രൂപ്പിന്‍റെ സ്ഥാപകയായ രാഖി ഒരു ബ്ലോഗറും എഴുത്തുകാരിയും ഹോളിസ്റ്റിക് വെൽനസ് കോച്ചുമാണ്. അവർ തന്‍റെ 8 കോർ ടീം അംഗങ്ങളായ സുമി, ആതിര, അനു, ലിൻഡ, ശോഭ, മനു, ജെമിനി, മേരിലിൻ എന്നിവരോടൊപ്പം 2024-ൽ അമ്മമാരെ പിന്തുണയ്ക്കുന്നതിനായി പുതിയ സംരംഭങ്ങൾ കൊണ്ടുവരാൻ പദ്ധതിയിടുന്നുണ്ട്. കൂട്ടായ്മ വളരുന്നതിനനുസരിച്ച് മോംസ് ഓഫ് കൊച്ചിയിൽ നിന്ന് കൂടുതൽ അമ്മമാർ പ്രയോജനം നേടുന്നു. വാട്സാപ്പിലും ഫേസ്ബുക്കിലുമാണ് ഗ്രൂപ്പ് പ്രവർത്തിക്കുന്നത്.
ഇപ്പോൾ പ്രധാന ഗ്രൂപ് കൂടാതെ 28 സബ് ഗ്രൂപ്പുകൾ ഉണ്ട്. സംരംഭകർ, ഗർഭിണികൾ ന്യൂ മദർ, സിംഗിൾ മദർ, പ്ലാന്‍റ് മോംസ്, പെറ്റ് മോംസ്, മൂവി ലവേർസ്, ഫുഡ് ലവേർസ്, ബുക്ക് ലവേർസ്, എക്സ്പോ ഗ്രൂപ്പ് എന്നിങ്ങനെ പോകുന്നു സബ് ഗ്രൂപ്പുകൾ.