അതൊരു ഞായറാഴ്ചയായിരുന്നു. പക്ഷേ പതിവുപോലെ രാഹുൽ അന്നും ഫാക്ടറിയിലേക്ക് പോയി. ഫാക്ടറിയിൽ പണിയൊന്നും ഉണ്ടായിരുന്നില്ല. പണിക്കാരും മറ്റു സ്റ്റാഫുകളും എല്ലാം അവധിയിലാണ്. വീട്ടിൽ ചടഞ്ഞു കൂടിയിരിക്കാൻ രാഹുലിന് ഇഷ്ടമല്ല. ഗോഡൗണിലെ സാധനങ്ങളുടെ ലിസ്റ്റ് നോക്കുന്നതിലും ഓഫീസ് ഫയലുകൾ പരിശോധിക്കുന്നതിലും അയാൾ മുഴുകി.
പകലന്തിയോളം പണിയെടുത്ത് വീട്ടിലുള്ളവരെ തന്നാലാവുന്ന വിധം സംരക്ഷിക്കുക. അവരുടെ സുഖസൗകര്യങ്ങൾക്ക് ആവശ്യമായതെല്ലാം ഒരുക്കിയെടുക്കുക. ഇതൊക്കെയാണ് ഒരു ഗൃഹനാഥന്‍റെ ചുമതല എന്ന് അദ്ദേഹം കരുതി. കർത്തവ്യ നിർവഹണത്തിൽ അദ്ദേഹം തൃപ്തനുമായിരുന്നു.
പത്തിരുപത് പേരുള്ള ഒരു ഗ്രൂപ്പ് ഫോട്ടോയുടെ പിൻനിരയിൽ പാതി മാത്രം കാണാവുന്ന ഒരു മങ്ങിയ മുഖത്തിനപ്പുറം പ്രാധാന്യം രാഹുലേട്ടൻ എനിക്ക് കൽപ്പിച്ചിട്ടില്ല. വിവാഹം കഴിഞ്ഞ് ഭർത്തൃ ഗൃഹത്തിൽ എത്തിയ നാൾ മുതൽ എന്‍റെ അനുഭവം ഇതാണ്. ഒന്ന് ടൗണിൽ ചുറ്റി കറങ്ങാൻ പോയാൽ പോലും അദ്ദേഹം സ്വന്തം കുടുംബത്തെ കൂടെ കൂട്ടും. എല്ലാവർക്കും വേണ്ടി ഷോപ്പിംഗ് നടത്തുന്ന കൂട്ടത്തിൽ എന്തെങ്കിലുമൊന്ന് എനിക്കായി വാങ്ങി എങ്കിൽ ആയി.
രാഹുലേട്ടന്‍റെ ഇത്തരം പ്രവർത്തികൾ ആദ്യമാദ്യം എനിക്ക് അസഹനീയമായിരുന്നു. അദ്ദേഹത്തിന്‍റെ മനസ്സിൽ എനിക്ക് യാതൊരു സ്ഥാനവും ഇല്ലാത്തതുപോലെ. പിന്നീട് ഞാൻ സ്വയം സമാധാനിച്ചു. വർഷങ്ങൾ കടന്നുപോകുമ്പോൾ ഞങ്ങൾക്ക് കുട്ടികളൊക്കെയായി കഴിയുമ്പോൾ ഞങ്ങളുടേതായ ഒരു കുടുംബം ഉണ്ടാകും. അപ്പോൾ എനിക്ക് കുടുംബത്തിൽ ഒരു സ്ഥാനവും ഉണ്ടാകും. എന്നാൽ മോഹങ്ങൾ വ്യർത്ഥമാണെന്ന് വൈകാതെ എനിക്ക് മനസ്സിലായി.
മൂത്തമകൾ രേഖയ്ക്ക് ഇരുപത്തിനാല് തികഞ്ഞു. രഞ്ജിത്തിന് 22 രോഹിത്തിന് 19 വയസ്സായി. പണ്ട് എനിക്കെന്തിനും അമ്മായിഅമ്മയോട് പണം ചോദിക്കണം ആയിരുന്നു. എങ്കിൽ ഇന്ന് രേഖയോടാണ് ചോദിക്കേണ്ടത്. എന്നൊരു വ്യത്യാസമേയുള്ളൂ. രാഹുലേട്ടന്‍റെ നിർദ്ദേശമാണ് ഇത്. പണം കുട്ടികളുടെ കയ്യിൽ കൈകാര്യം ചെയ്യാൻ നൽകിയാലേ അവർ സ്വയം പര്യാപ്തരായി ഗൃഹഭരണം ശീലിക്കുകയുള്ളൂ അത്രേ. പണത്തിന്‍റെ മഹത്വം കുട്ടികളെ അറിയിക്കാനും ഇതാണ് നല്ല മാർഗ്ഗം എന്നാണ് അദ്ദേഹം കരുതുന്നത്. ഇന്നലെയും കൂടി അദ്ദേഹം പറഞ്ഞു രേഖ വളരെ സമർത്ഥയാണെന്ന്.
ബാങ്കിലെ സകല ഇടപാടിനും അവളെയാണ് അയക്കുന്നത്. മമ്മിക്ക് എന്തെങ്കിലും വാങ്ങണമെന്നുണ്ടെങ്കിൽ ഉറച്ചു പറയാത്തത് എന്താ? കഴിഞ്ഞ തവണ കുറേ സാധനങ്ങൾ വാങ്ങിയതല്ലേ? വെറുതെ കളയാൻ ഇവിടെ പൈസ ഇല്ലെന്നറിയില്ലേ? ഞാൻ മമ്മിയെ കുറ്റപ്പെടുത്തുകയല്ല. അടുത്ത ആഴ്ച പൈസ തരാം. അതുവരെ അഡ്ജസ്റ്റ് ചെയ്യ്! ഇങ്ങനെ പോകുന്നു അവളുടെ ഭരണം.
രാഹുലേട്ടൻ രേഖ പറഞ്ഞത് കേട്ടിട്ട് ഒന്നും മിണ്ടിയില്ലെങ്കിലും ഭൂമി പിളർന്ന് അതിലേക്ക് പോയാൽ മതി എന്നു പോലും ഞാൻ ചിന്തിച്ചു പോയി.
ബിഎസ്സി നേഴ്സിംഗ് കഴിഞ്ഞ് സർക്കാർ ആശുപത്രിയിൽ നേഴ്സ് ആയിരുന്നു ഞാൻ. സൗന്ദര്യം കൊണ്ടും സ്മാർട്നസ് കൊണ്ടും എല്ലാവരുടെയും പ്രീതി സമ്പാദിച്ചു.
ജോലി ചെയ്തിരുന്ന ആശുപത്രിയിലെ ഡോക്ടർ മോഹനുമായി ഞാൻ അടുത്തത് പെട്ടെന്നാണ്. ആ ആകാരഭംഗിക്ക് മുന്നിൽ ഞാൻ അടിപ്പെട്ടു എന്ന് പറയുന്നതാവും ശരി. ഒരു ദിവസം മോഹൻ തന്‍റെ പ്രണയം എന്നോട് വെളിപ്പെടുത്തിയപ്പോൾ 7 ആകാശത്തിനും മേലെയാണ് ഞാൻ എന്ന് എനിക്ക് തോന്നി.
ഒരേ സ്ഥലത്തെ ജോലിയും കൂടി കാഴ്ചകളും ഞങ്ങളുടെ പ്രണയത്തിന് നിറം പകർന്നു. അവസാനം ഞങ്ങൾ ഒന്നാകാൻ തീരുമാനിച്ചു. എന്‍റെ അച്ഛനമ്മമാർക്കും മോഹനെ ഒരുപാട് ഇഷ്ടമായി. തങ്ങളുടെ സമുദായത്തിൽ നിന്നു തന്നെ ഒരു ഡോക്ടർ പയ്യൻ ജാമാതാവായി എത്തുന്നതിൽ അവർക്ക് സന്തോഷമേ ഉണ്ടായിരുന്നുള്ളൂ.
ഇത്രയും ഒക്കെയാണെങ്കിലും ഞാൻ പ്രേമാന്ധയൊന്നും ആയിരുന്നില്ല. മോഹന് വെറുമൊരു എംബിബിഎസ് ഡിഗ്രി മാത്രമേയുള്ളൂ. ഒരു സർക്കാർ ഡോക്ടർക്ക് ഏറിയാൽ എന്തു കിട്ടാനാണ്. സ്വന്തമായി ഒരു ആശുപത്രി തുടങ്ങാൻ മാത്രം ധനികനായിരുന്നില്ല മോഹൻ. തുടർന്ന് പഠിക്കുവാൻ എന്തുകൊണ്ട് മോഹനെ പ്രോത്സാഹിപ്പിച്ചു കൂടാ. എംഎസും കഴിഞ്ഞ ശേഷം മോഹനെ വിവാഹം കഴിക്കുകയാണെങ്കിൽ എന്‍റെ അന്തസ്സും വർദ്ധിക്കില്ലേ?
ഞാൻ മനസ്സിലുള്ളത് മോഹനോട് പറഞ്ഞു. വിവാഹശേഷം ഏതെങ്കിലും പട്ടണത്തിലോ ഗ്രാമത്തിലോ സ്വന്തം ഡിസ്പെൻസറി തുടങ്ങണം എന്ന ലക്ഷ്യമായിരുന്നു മോഹന്. തുടർന്ന് പഠിക്കണമെന്നുള്ള ആഗ്രഹത്തിന് മോഹൻ ഒടുവിലത്തെ സ്ഥാനമേ നൽകിയുള്ളൂ.
വിവാഹത്തിനു മുമ്പ് എംഎസ് ചെയ്യാം എന്ന് അദ്ദേഹം ഒടുവിൽ സമ്മതിച്ചു. മോഹൻ അതിനായി മുംബൈയ്ക്ക് പോയി. ഞാൻ കൊച്ചിയിൽ തന്നെ തുടർന്നു. എന്നെ കാണാൻ ഇടയ്ക്കിടെ മോഹൻ കൊച്ചിയിൽ എത്തണമെന്നും അദ്ദേഹത്തെ കാണാൻ ഞാൻ ഇടയ്ക്കിടെ മുംബൈയിലേക്ക് ചെല്ലണമെന്നും ഞങ്ങൾ തീരുമാനിച്ചിരുന്നു.
ഞങ്ങളുടെ വിവാഹ നിശ്ചയത്തിനു ശേഷമാണ് മോഹൻ പോയത്. എല്ലാ മാസവും ഒരു ദിവസം മോഹൻ മുടങ്ങാതെ കൊച്ചിയിൽ എത്തുമായിരുന്നു. കത്തുകളിലൂടെ ഞങ്ങൾ ബാക്കി പ്രണയം പങ്കിട്ടു. ഓണ അവധിക്ക് നാല് ദിവസത്തേക്ക് നാട്ടിലെത്തിയ മോഹൻ ഒരു തവണ മാത്രമാണ് എന്നെ കാണാൻ വന്നത്. ഒരു മാസത്തിനു ശേഷം ഞാൻ മുംബൈയ്ക്ക് തിരിച്ചു. അവിടെ എന്‍റെ അമ്മായിയുടെ വീട്ടിലെത്തിയശേഷം ഞാൻ മോഹനെ ഫോണിൽ വിളിച്ചു.
കാണാൻ എത്തിയപ്പോൾ മോഹൻ തനിച്ചായിരുന്നില്ല. സഹപാഠിയായ ഡോക്ടർ സ്നേഹയും ഒപ്പമുണ്ടായിരുന്നു. അവൾ മോഹന്‍റെ ഒപ്പം എംഡി ചെയ്യുകയാണ്. മോഹൻ ഞങ്ങളെ പരസ്പരം പരിചയപ്പെടുത്തി. വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടി എന്നതിനുപകരം കൊച്ചിയിലെ ഒരു നേഴ്സ് ആണെന്നും മോഹന്‍റെ നല്ല സുഹൃത്താണെന്നും ആണ് പറഞ്ഞത്.
എരിയുന്ന ഹൃദയവുമായി ഞാൻ തിരിച്ചെത്തി. ഞങ്ങളുടെ ബന്ധത്തിന് ഉലച്ചിൽ തട്ടിയതായി ഇരുവീട്ടുകാരും മനസ്സിലാക്കി. ഇത്രയൊക്കെ സംഭവങ്ങളും നടന്നിട്ടും ഞാൻ നിരാശയ്ക്ക് അടിമപ്പെടാത്ത ഭാവം നടിച്ചു. എന്‍റെ പ്രസന്ന ഭാവത്തിന് യാതൊരു മാറ്റവും വരുത്തിയില്ല. ആറു മാസങ്ങൾക്ക് ശേഷം മോഹന്‍റെ വിവാഹവാർത്ത അറിഞ്ഞ ദിവസം ഞാൻ തളർന്നുപോയി. മുറിയടച്ചിരുന്ന് നിയന്ത്രണം വിട്ട് ഞാൻ കരഞ്ഞു.
അടുത്ത ദിവസമായപ്പോഴേക്കും യാഥാർത്ഥ്യവുമായി ഞാൻ താദാത്മ്യം പ്രാപിച്ചിരുന്നു. ഞാൻ ആലോചിച്ചു തെറ്റ് എന്റേതാണ്. മോഹൻ കല്യാണത്തിന് എപ്പോഴേ തയ്യാറായതാണ്. അപ്പോൾ മോഹന് എംഎസ് ബിരുദം ഇല്ലാത്തതിൽ എനിക്ക് കുറച്ചിലായിരുന്നു. ഇപ്പോൾ എംഎസ് നേടി വലിയ സർജനായി കഴിയുമ്പോൾ എന്നെപ്പോലെയുള്ള സാധാരണ നഴ്സിനെ എങ്ങനെ ഉൾക്കൊള്ളും?
അതുകഴിഞ്ഞ് രണ്ടു വർഷങ്ങൾക്കുശേഷമാണ് ഞാൻ രാഹുലേട്ടനെ പരിചയപ്പെടുന്നത്. വണ്ടിയിടിച്ച് ശരീരം മുഴുവൻ പരിക്കുകളുമായി റോഡ് അരികിൽ കിടന്നിരുന്ന ഒരു മനുഷ്യനെ ആശുപത്രിയിൽ എത്തിച്ചതായിരുന്നു രാഹുലേട്ടൻ. മെഷീനുകളുടെ സ്പെയർപാർട്സുകൾ നിർമ്മിക്കുന്ന ഫാക്ടറിയിൽ മെക്കാനിക്കായി ജോലി നോക്കുന്ന അദ്ദേഹത്തിന് എന്നെ വിവാഹം കഴിക്കാൻ താല്പര്യം ഉണ്ടെന്ന് പറഞ്ഞു.
അച്ഛനമ്മമാർ, ചേട്ടൻ, ചേട്ടത്തിയമ്മ, അനിയൻ, പെങ്ങന്മാർ എന്നിങ്ങനെ ഒരുപാട് അംഗങ്ങൾ ഉള്ള വലിയ കുടുംബത്തിൽ അംഗമായിരുന്നു അദ്ദേഹം. രാഹുലേട്ടൻ ഒരു കാര്യം കൂടി പറഞ്ഞു. വിവാഹശേഷം സ്ത്രീകളെ ജോലിക്ക് അയക്കുന്ന പതിവ് തന്‍റെ കുടുംബത്തിൽ ഇല്ലെന്ന്. ജോലി തുടരാൻ എനിക്ക് താല്പര്യമുണ്ടായിരുന്നില്ല. അതുകൊണ്ട് ആ അഭിപ്രായത്തെ ഞാൻ അനുകൂലിച്ചു. അദ്ദേഹത്തിന്‍റെ നിഷ്കളങ്കതയും സഹൃദയത്വവും തുറന്ന പെരുമാറ്റവും എന്നെ വല്ലാതെ ആകർഷിച്ചു. തുടർന്ന് രാഹുലേട്ടൻ എന്‍റെ മാതാപിതാക്കളെ കണ്ടു. അങ്ങനെ ഞങ്ങളുടെ വിവാഹം ഗംഭീരമായി നടന്നു.
രാഹുലേട്ടൻ കഠിനാധ്വാനി ആയിരുന്നതുകൊണ്ട് ജീവിതത്തിൽ പുരോഗതി ഏറി കൊണ്ടിരുന്നു. ഇന്ന് അദ്ദേഹം സ്പെയർ പാർട്സുകൾ നിർമ്മിക്കുന്ന ഫാക്ടറിയുടെ ഉടമസ്ഥനാണ്.
ഡോർബെൽ ശബ്ദിച്ചപ്പോഴാണ് ഞാൻ ചിന്തയിൽ നിന്നുണർന്നത്. ക്ലോക്കിലേക്ക് നോക്കി മണി അഞ്ചാവാറായിരിക്കുന്നു. ഞാൻ ഓടിച്ചെന്ന് വാതിൽ തുറന്നു. രേഖ അകത്തു കയറി അവളോടൊപ്പം സുഹൃത്ത് മനീഷും ഉണ്ടായിരുന്നു. രേഖയ്ക്ക് ഈയിടെയായി അവനോട് അല്പം സൗഹൃദം കൂടുതലാണ്.
ഒരു സ്വകാര്യ കൺസഷൻ കമ്പനിയിൽ എൻജിനീയറാണ് അവൻ. രാഹുലേട്ടന്‍റെ കമ്പനിയുടെ തൊട്ടടുത്തുള്ള ബിൽഡിംഗ് പണിത മനീഷിന്‍റെ കമ്പനിയാണ്. അവിടെ സൂപ്പർവൈസർ ആയിരുന്നപ്പോൾ രാഹുലേട്ടൻ പരിചയപ്പെട്ടതാണ്. ഒരിക്കൽ അവൻ അദ്ദേഹത്തോടൊപ്പം വീട്ടിലെത്തി. രേഖയും അപ്പോഴാണ് അവനെ കാണുന്നത്. പിന്നെ എപ്പോഴോണോ ഇവർ സുഹൃത്തുക്കൾ ആയത്?
അവൻ പോയശേഷം തന്‍റെ റൂമിലേക്ക് നീങ്ങിയ രേഖയെ ഞാൻ സോഫയിൽ ഒപ്പം പിടിച്ചിരുത്തി. അല്പനേരത്തെ മൗനത്തിന് ശേഷം ഞാൻ ചോദിച്ചു, മോളെ മമ്മി കുറെ നാളായി ശ്രദ്ധിക്കുന്നു മനീഷുമായുള്ള നിന്‍റെ അടുപ്പം കൂടുന്നില്ലേ എന്ന് മമ്മിക്ക് ഒരു സംശയം നിനക്ക് അവനെ വിവാഹം കഴിക്കാൻ താല്പര്യം ഉണ്ടെങ്കിൽ ഞങ്ങൾ അവന്‍റെ മാതാപിതാക്കളോട് സംസാരിക്കാം എന്തുപറയുന്നു?
രേഖ ചിരിച്ചുകൊണ്ട് പറഞ്ഞു, മമ്മിക്ക് അറിയാമോ മനീഷിന്‍റെ അച്ഛൻ ഹാർട്ട് സ്പെഷലിസ്റ്റ് ഡോക്ടർ മേനോൻ എത്ര വലിയ പേര് കേട്ട മനുഷ്യനാണെന്ന്? അവന്‍റെ അമ്മയാണെങ്കിൽ…
അറിയാം ഞാൻ സംഭാഷണം ദീർഘിപ്പിക്കാൻ ആഗ്രഹിച്ചില്ല.
അതല്ല മമ്മി കാര്യം! മനീഷ് അച്ഛന്‍റെയും അമ്മയുടെയും മുന്നിൽ ഒന്നുമല്ല. എൻജിനീയറാണെങ്കിലും അവന്‍റെ വരുമാനം തുച്ഛമാണ്. അവൻ എംബിഎ ചെയ്യുകയാണെങ്കിൽ ഏതെങ്കിലും മൾട്ടി നാഷണൽ കമ്പനിയിൽ ജോലി കിട്ടാൻ സാധ്യതയുണ്ട്. നല്ല ശമ്പളവും കിട്ടും. അവൻ ഒത്തിരി ഉയരത്തിൽ എത്തണമെന്നാണ് എനിക്ക്.
അപ്പോൾ അവനെ മുംബൈയിലേക്ക് പറഞ്ഞുവിടാൻ ആണോ നിന്‍റെ ഉദ്ദേശം? ഞാൻ തിരക്കി.
അതെ മമ്മി, പക്ഷേ അവൻ പോകുന്നതിനു മുമ്പ് നമുക്ക് എൻഗേജ്മെന്‍റ് നടത്താം.
ഞാൻ ആലോചിക്കുകയായിരുന്നു ഇനിയും മിണ്ടാതിരിക്കുന്നത് ശരിയല്ല. ഞാൻ എന്‍റെ ജീവിതത്തിലെ ഏടുകൾ രേഖയ്ക്ക് മുന്നിൽ തുറന്നു. അവളെല്ലാം ശ്രദ്ധയോടെ കേട്ടു.
എന്‍റെ കഥ മുഴുവൻ വിവരിച്ച ശേഷം ഞാൻ അവളോട് പറഞ്ഞു. ഭർത്താവിന്‍റെ ഉന്നതി ആഗ്രഹിക്കുന്ന ഭാര്യ ഉയർച്ച ഉണ്ടായിക്കൊണ്ടിരിക്കുന്ന സമയത്തും ഒപ്പം ഉണ്ടാവും. കാമുകന്‍റെ ഉയർച്ച ആഗ്രഹിക്കുന്ന കാമുകിക്ക് ഒരു പരിധിവരെ മാത്രമേ അവനെ അനുഗമിക്കാൻ സാധിക്കൂ. അതിനുശേഷം കാമുകന്‍റെ ഒപ്പം എത്താൻ കഴിയാതെ അവൾക്ക് പിൻവലിയേണ്ടി വരും. ജീവിതത്തിന്‍റെ പാതയിൽ അവർക്ക് വഴി പിരിയേണ്ടതായും വരും.
രേഖ കർച്ചീഫ് കൊണ്ട് കണ്ണുകൾ ഒപ്പി.
മമ്മി പറയുന്നതിന് അപ്പുറം ഒന്നും ഞാൻ ചെയ്യില്ല. മമ്മി പറഞ്ഞത് സത്യമാണ്. എംബിഎ കഴിയുമ്പോൾ എന്നെപ്പോലെ ബിഎ മാത്രം പഠിച്ച പെൺകുട്ടിയെ മനീഷിനൊരു പക്ഷേ ഉൾക്കൊള്ളാൻ പറ്റില്ല. മമ്മി ഡോക്ടറെ സ്നേഹിച്ചത് പോലെയാവും എന്‍റെ ഗതി.
പിന്നെ അവൾ അല്പം സങ്കോചത്തോടെ ആരാഞ്ഞു, മമ്മി ആ ഡോക്ടറുടെ പേര് പറഞ്ഞില്ലല്ലോ? പ്ലീസ് മമ്മി, ഒന്നു പറയൂ! ഇക്കാര്യം നമ്മൾ രണ്ടാളും മാത്രമേ അറിയൂ.
ഡോക്ടർ മേനോൻ! മോഹൻലാൽ മേനോൻ. മനേഷിന്‍റെ അച്ഛൻ. താൽപര്യമില്ലാതെ ഞാൻ പറഞ്ഞു.
പിന്നിൽ രാഹുലേട്ടൻ മുരടനക്കുന്ന ശബ്ദം. അദ്ദേഹം എത്തിയിട്ട് കുറച്ചധികം സമയം കഴിഞ്ഞിരുന്നു. ഇനി എന്താ സംഭവിക്കുക എന്‍റെ ഈശ്വര, എനിക്കാ ഇരിപ്പിൽ നിന്നും ഒന്ന് ചലിക്കാൻ കൂടി കഴിഞ്ഞില്ല. രാഹുലേട്ടൻ എന്‍റെ സമീപം സോഫയിൽ ഇരുന്നു. നിറ കണ്ണുകളോടെ എന്‍റെ കൈയെടുത്ത സ്വന്തം കൈകളിൽ അമർത്തിക്കൊണ്ട് അദ്ദേഹം പറഞ്ഞു. ലക്ഷ്മി, നമുക്കൊന്ന് പുറത്തുപോകാം. ഭക്ഷണവും ഇന്ന് പുറത്തുനിന്നാക്കാം.
എനിക്കെന്‍റെ കാതുകളെ വിശ്വസിക്കാനായില്ല. ഇത്രയും വർഷങ്ങൾക്കുശേഷം ഇന്ന് എന്‍റെ വ്യക്തിത്വത്തിന്, അസ്തിത്വത്തിന്, ജന്മത്തിനു തന്നെ അർത്ഥം ഉണ്ടായിരിക്കുന്നു. മങ്ങിയിരുന്ന എന്‍റെ മുഖത്ത് തിളക്കമുള്ള പ്രകാശം വന്നുനിറയുന്നതായി എനിക്ക് തന്നെ അനുഭവപ്പെട്ടു. പടത്തിലെ, പിൻനിരയിലെ അവ്യക്തമായ മുഖമായിരുന്നില്ല അപ്പോൾ ഞാൻ. ഏഴു നിറങ്ങൾ ചാലിച്ചെഴുതിയ ആകാശം നിറഞ്ഞുനിന്ന ഒരു മഴവില്ല്.