ഡിസംബർ വന്നു. ഇനി തീൻമേശയിലെ താരം കേക്കാണ്. രൂപത്തിലും രുചിയിലും വൈവിദ്ധ്യം വരുത്തി അതിഥികളെ സ്വീകരിക്കാനും ഗിഫ്റ്റ് നൽകാനും കേക്ക് വിപണിയിലേക്ക് ഒഴുകിയെത്തുകയാണ്.
ഏവർക്കും പ്രിയങ്കരമായ കേക്ക് എന്നു മുതൽക്കാണ് ഉപയോഗിച്ചു തുടങ്ങിയതെന്നും ഇതിനു ചരിത്ര പ്രാധാന്യം കൈവന്നത് എങ്ങനെയെന്നും കൃത്യമായി പറയുക എളുപ്പമല്ല. കാരണം കേക്കിന്റെ ഉത്ഭവത്തെ സംബന്ധിക്കുന്ന ഒട്ടനവധി കെട്ടുകഥകളും നാടോടി കഥകളും ചരിത്രത്താളുകളിൽ കെട്ടുപിണഞ്ഞു കിടക്കുന്നുണ്ട്. എന്നിരുന്നാലും 3000 വർഷങ്ങൾക്ക് മുമ്പ് ഈജിപ്റ്റിലാണ് കേക്ക് നിർമ്മിച്ച് തുടങ്ങിയതെന്ന് കരുതപ്പെടുന്നു. ഈജിപ്റ്റിലെ മൂന്നാമത്തെ ഫറോവയായ റെമസിസ്സിനായി റോയൽ ബേക്കറിയിൽ കേക്ക് തയ്യാറാക്കുമായിരുന്നു. ഇതേ കുറിച്ച് റെമസിസ്സിന്റെ പിരമിഡിലെ ശിലകളിൽ കൊത്തി വയക്കുകയും ചെയ്തിട്ടുണ്ട്. മോഡേൺ കേക്ക് വിദഗ്ദ്ധരാകട്ടെ റെമസിസ്സ് മൂന്നാമന്റെ പിരമിഡിൽ നിന്ന് കേക്ക് തയ്യാറാക്കുന്ന റോയൽ ആർട്ടിൽ വിശദമായ അന്വേഷണവും നടത്തി. അങ്ങനെ 3000 വർഷം പഴക്കമുള്ള ഈജിപ്റ്റിലെ റോയൽ കേക്ക് റെസിപ്പിയും കണ്ടെടുത്തു. ഫറോവയ്ക്കു വേണ്ടി തയ്യാറാക്കിയിരുന്ന കേക്കിൽ മൈദ, തേൻ, വെണ്ണ, പഴങ്ങൾ, പഴച്ചാറുകൾ, വൈൻ എന്നിവയായിരുന്നു ചേരുവകൾ. കൂടാതെ കറുവപ്പട്ടയും ഏലയ്ക്കയും പ്രത്യേക മസാലകളും കേക്കിന് സ്വാദും സുഗന്ധവും പകരാൻ ചേർത്തിരുന്നു.
ഈജിപ്റ്റിനു ശേഷം ഗ്രീസിലാണ് കേക്കിന് പുനർജന്മം ലഭിച്ചതെന്ന് പറയപ്പെടുന്നു. മൈദ, തേൻ എന്നിവയ്ക്കൊപ്പം കുരുമുളക്, മുന്തിരി കൊണ്ട് തയ്യാറാക്കുന്ന വൈൻ, ഫലങ്ങൾ, പലതരം ഉണക്കപ്പഴങ്ങൾ, ഖസ്ഖസ് എന്നിവയും കേക്കിൽ ചേർത്തിരുന്നു. ഇവിടെയും കേക്കിന് റോയൽ കേക്ക് എന്ന വിശേഷണമാണ് നൽകിയിരുന്നത്.
ഗ്രീസിൽ കാമോദ്ദീപത്തിനായാണ് പോപ്പി കുരുക്കൾ (ഖസ്ഖസ്) ഉപയോഗിച്ചിരുന്നത് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. വിക്ടോറിയൻ കാലഘട്ടത്തിൽ ഇംഗ്ലണ്ടിൽ ബ്രിഡ്ജ് വിനോദം തുടങ്ങിയപ്പോൾ രാജകീയ സംസ്കാരത്തിന് ആഡംബരം നൽകാൻ കേക്കും വൈനും ഉൾപ്പെടുത്തിയിരുന്നു. അങ്ങനെ ചൂത്, കേക്ക്, മദ്യം എന്നിവയുടെ പുതിയ ഒരു സംസ്കാരം ഇംഗ്ലണ്ടിൽ പിറവി കൊള്ളുകയായിരുന്നു. ബ്രിട്ടനിലെ മഹാറാണി വിക്ടോറിയയുടെ ഭർത്താവായ ആൽബർട്ട് പ്രത്യേകതരം കേക്ക് തയ്യാറാക്കിയിരുന്നത്രേ. ടിപ്സി എന്നായിരുന്നു അതിന്റെ പേര്. ഈ കേക്ക് തയ്യാറാക്കുന്നതിന് ആൽക്കഹോൾ ബേസ്ഡ് സ്വീറ്റും പ്രത്യേകതരം വൈനും വൈൻ ജെല്ലിയുമൊക്കെ ഉപയോഗിച്ചിരുന്നു. വൈൻ ജെല്ലി, പോർട്ട് വൈൻ ജെല്ലിയെന്നും അറിയപ്പെട്ടിരുന്നു. പ്രത്യേക സ്വാദുള്ള ഈ ജെല്ലി ലൈംഗിക തൃഷ്ണ വർദ്ധിപ്പിക്കുന്നതിന് വേണ്ടിയാണ് ഉപയോഗിച്ചിരുന്നതത്രേ. ടിപ്സി കേക്കും റം ബോളും ബ്രിട്ടന്റെ സംഭാവന ആയിരുന്നെന്നും പറയപ്പെടുന്നു. പക്ഷേ, വിക്ടോറിയൻ കാലഘട്ടത്തിലെ ഈ ടിപ്സി കേക്ക് ഇന്ന് വിപണിയിൽ കിട്ടുമെന്നൊന്നും കരുതണ്ട്. റം ബോൾ സ്വീറ്റ്സ് ഷോപ്പുകളിൽ ലഭിക്കും.
കാക്കായിൽ നിന്നും കേക്ക്
കേക്ക് എന്ന വാക്ക് എങ്ങനെ ഉണ്ടായി? ഇതിനു പിന്നിൽ രസകരമായ ഒരു കഥയുണ്ട്. കാക്കാ എന്ന വാക്കിൽ നിന്നാണ് കേക്ക് എന്ന വാക്ക് ഉരുത്തിരിഞ്ഞതത്രേ. ഉത്തര യൂറോപ്പിലെ നോർവീജിയൻ സ്കാൻഡിനേവിയൻ വാക്കാണ് കാക്കാ. ഉത്തര ധ്രുവത്തോട് ചേർന്നുള്ള ഉത്തര യൂറോപ്യൻ രാജ്യങ്ങളിൽ എല്ലുറയ്ക്കുന്ന ശൈത്യത്തെ അകറ്റാൻ കാക്കാ ഉത്സവം കൊണ്ടാടാറുണ്ടായിരുന്നു. വാസ്തവത്തിൽ ശൈത്യത്തോട് മല്ലിടുക എന്നതായിരുന്നു ഉദ്ദേശ്യം. മരം കോച്ചുന്ന ശൈത്യത്തിൽ വിറക് കത്തിച്ച് അന്തരീക്ഷത്തിന് ചൂട് പകർന്ന ശേഷം സുരാ മിശ്രിതം ഉപയോഗിച്ച് കേക്ക്/ കാക്കാ തയ്യാറാക്കിയിരുന്നു. അങ്ങനെ കടുത്ത അധ്വാനം വേണ്ടിവരുന്ന ഉദ്യമമാണ് ഇത് എന്നതിനാൽ നോർവീജിയക്കാർക്കും സ്കാൻഡി നേവിയക്കാർക്കും തണുപ്പിനോട് മല്ലിടുന്നതിന് ശക്തി ലഭിച്ചിരുന്നു.
പാശ്ചാത്യ നാടുകളിൽ രൂപം കൊണ്ട ഈ വിഭവം ഇന്ന് ലോകമൊട്ടാകെ പ്രിയങ്കരമായിത്തീർന്നിരിക്കുന്നു. വിവാഹം, ജന്മദിനം, ക്രിസ്മസ്സ്, ഈസ്റ്റർ തുടങ്ങിയ വിശേഷാവസരങ്ങളിൽ കേക്ക് ഒരു അഭിവാജ്യ ഘടകമാണ്. വിവാഹത്തോട് അനുബന്ധിച്ച് നടക്കുന്ന സത്കാര വേളയിൽ വധുവരന്മാർ പരസ്പരം കേക്ക് മുറിച്ച് നൽകാറുണ്ടല്ലോ. ജന്മദിനാഘോഷ വേളയിൽ പിറന്നാളുകാരാന്റെ വയസ്സിന്റെ എണ്ണത്തോളം മെഴുകുതിരികൾ കത്തിച്ച് വയ്ക്കുന്നതും സാധാരണമാണല്ലോ.
തലശ്ശേരിയിലെ ചരിത്ര പ്രാധാന്യമുള്ള മുനിസിപ്പൽ ടൗണിലായിരുന്നു കേരളത്തിൽ ആദ്യമായി കേക്ക് ഉണ്ടാക്കിയതെന്നും കരുതുന്നു. കേക്കിന്റെ 129-ാം ജന്മദിനത്തിൽ ഏറ്റവും വിലയ കേക്ക് ഉണ്ടാക്കിയതിന്റെ ബഹുമതി തലശ്ശേരിക്കാണ്. 1200 കിലോ ഉണ്ടായിരുന്ന ഭീമൻ കേക്കിന് 350 അടി നീളവും ഉണ്ടായിരുന്നു. തലശ്ശേരി കേക്കിന് പിന്നിൽ രസകരമായ ഒരു ചരിത്ര കഥയും ഉണ്ട്.
ഒരിക്കൽ ഈസ്റ്റ് ഇന്ത്യ കമ്പനിയിലെ ഒരു ഉദ്യോഗസ്ഥൻ കുതിര സവാരിക്കിടെ മാമ്പള്ളി ബാപ്പുവിന്റെ ബിസ്ക്കറ്റ് ഫാക്ടറിയുടെ മുമ്പിലെത്തി. ബ്രട്ടീഷ് ഉദ്യോഗസ്ഥൻ നാട്ടിൽ നിന്നും കൊണ്ടു വന്ന കേക്കിന് സമാനമായ രുചിയും സുഗന്ധവും അടങ്ങുന്ന കേക്ക് തയ്യാറാക്കാൻ ബേക്കറോട് ആവശ്യപ്പെട്ടു. ആശ്ചര്യമെന്നേ പറയേണ്ടൂ, തയ്യാറാക്കിയ കേക്ക് കൊണ്ടുവന്ന കേക്കിനെക്കാൾ കേമമായിരുന്നു. പിന്നീട് മാമ്പള്ളി ബാപ്പുവിന് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. ഒന്നാം ലോക മഹായുദ്ധക്കാലത്ത് കേക്കും മറ്റ് മധുരപലഹാരങ്ങളും സൈനികർക്കായി കയറ്റുമതി ചെയ്തു. മാർബിൾ കേക്ക്, ഹണി കേക്ക്, സ്ട്രോബറി കേക്ക്, പ്ലം കേക്ക്, ഫ്രൂട്ട് കേക്ക്, കാരറ്റ് കേക്ക്, റെഡ് വെൽവെറ്റ് കേക്ക്, ട്രഫിൾ കേക്ക് തുടങ്ങി പ്ലെയിനായും ഐസിംഗ് ചെയ്ത് അലങ്കരിച്ചും നിത്യേനയെന്നോണം പുതിയതരം കേക്കുകൾ വിപണിയിൽ എത്തിച്ചേരുകയാണ്. ലോകത്ത് ഏറ്റവും കൂടുതൽ പരീക്ഷണം നടക്കുന്നതും കേക്ക് നിർമ്മാണമേഖലയിൽ ആണത്രേ.