വർഷാവർഷം വിവാഹ വാർഷിക ദിനത്തിൽ ഒരു യാത്ര പതിവാണ്. തട്ടിയും മുട്ടിയും പൊട്ടലില്ലാതെ മുന്നോട്ടു പോകുന്ന ജീവിതയാത്രയിൽ സന്തോഷത്തിന്‍റെ വെട്ടം പകരുന്നത് ഇത്തരം യാത്രകൾ തന്നെയാണ്. കണ്ടു തീരാൻ കാഴ്ചകൾ ബാക്കിയുള്ളിടത്തോളം കാലം ജീവിതം ഒരു ആഘോഷമാണ്.

ഇത്തവണത്തെ യാത്ര ഓർമകളുടെ കളിമുറ്റത്തേക്കു കൂടിയായിരുന്നു. തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലെ സ്വപ്ന സുന്ദര ഭൂമിക കൂനൂർ (ഊട്ടിയിൽ നിന്നും 26 കി.മി )17 വർഷക്കാലം അച്ഛൻ താമസിച്ചതും ജോലി ചെയ്തതുമായ ഇടം. എന്‍റെ ബാല്യത്തിലെ നിറമുള്ള കഥകളിൽ നിറഞ്ഞു നിന്നയിടം. ഏറ്റവും കൂടുതൽ ഞാനുച്ചരിച്ച സ്ഥലപ്പേരും ഇതു തന്നെയാകും. ഭാഷയുടെ അതിർവരമ്പുകളില്ലാതെ സൗഹൃദം നുണയാൻ ഓരോ അവധിക്കാലവും കുനൂരിന്‍റെ കുളിരുതേടി അച്ഛനൊപ്പം ഞാനെത്തുമായിരുന്നു.

പതിനഞ്ച് വർഷം മുമ്പാണ് അവസാനമായി അവിടെത്തി സൗഹൃദം പുതുക്കിയത്. ഇന്ന് ആ സൗഹൃദ് ബന്ധങ്ങൾ പാടെ മുറിഞ്ഞിരിക്കുന്നു. അച്ഛന്‍റെ മരണശേഷം പിന്നിടൊരിക്കലും അവിടേക്ക് പോയിട്ടില്ല. ഇന്ന് വർഷങ്ങൾ പലതു കഴിഞ്ഞെങ്കിലും ഊട്ടിയും കൂനൂരുമൊക്കെ ഇന്നലെയെന്നോണം ഓർമ്മയിൽ സഞ്ചാര വഴികളായിരുന്നു.

അവിടെ ചിലവഴിച്ച ബാല്യത്തിന്‍റെ സുന്ദര നിമിഷങ്ങൾ ഓർമ്മയിൽ തെളിയുമ്പോഴൊക്കെ നീലമലകളിലെ കുളിർ കാറ്റ് എന്നുമെന്നെ വന്നു വാരി പുണരാറുണ്ട്, പരിഭവം പറയാറുണ്ട്. യാത്രയുടെ ഒരുക്കങ്ങളിലേക്കു കടക്കുമ്പോൾ തന്നെ ഊട്ടിയിലെ ബാല്യകാല അനുഭവകഥകളുടെ ഭാണ്ഡം തുറന്നു. കുട്ടികൾ ഓരോ കഥയും സാകൂതം കേട്ടിരുന്നു, അച്ഛൻ പ്രധാന കഥാപാത്രമായതുകൊണ്ടു മാത്രം (ഞാനായിരുന്നു പ്രധാന കഥാപാത്രമെങ്കിൽ കണ്ടം വഴി ഓടിയേനേ).

രാവിലെ 7 മണിയോടെ കല്പറ്റയിൽ നിന്നും നീലമലകളുടെ നാട്ടിലേക്ക് യാത്ര തുടർന്നു. ഇത്തവണ മേപ്പാടി റൂട്ട് ഒഴിവാക്കി ബത്തേരി വഴിയായിരുന്നു യാത്ര. നൂൽപുഴ, പാട്ടവയൽ, ബിതർക്കാട്, നെല്ലാകോട്ട റേഞ്ച് ഉൾപ്പെടുന്ന വനപാതയിലൂടെ ഗൂഡല്ലൂരിലേക്ക്. കാഴ്ചയ്ക്ക് ഹരം പകർന്ന് മാൻക്കൂട്ടങ്ങൾ.

ഗൂഡുലൂർ കഴിഞ്ഞ് ചുരം കയറുമ്പോൾ തലങ്ങും വിലങ്ങും നീങ്ങുന്ന വാഹനങ്ങളുടെ നിര കണ്ടാൽ ഊട്ടിയിലെ സഞ്ചാരികളുടെ ബാഹുല്യം എത്ര മാത്രമെന്ന് ഊഹിക്കാം. ഇരുവശത്തും യൂക്കാലി മരങ്ങൾ ഇടത്തൂർന്നു വളർന്നു നിൽക്കുന്ന പാതയോരത്ത് വാഹനം നിർത്തി. വാഹനങ്ങളുടെ നീണ്ട നിര തന്നെ ഇവിടെ കാണാം. ഗൂഡലൂരിൽ നിന്നും 9 കി.മീ അകലെയാണിത്. റോഡിൽ നിന്നു നോക്കുമ്പോൾ തന്നെ അങ്ങു ദൂരേ കാണുന്ന കൂർത്തു നിൽക്കുന്ന പാറക്കൂട്ടങ്ങൾ ആരെയും ഹഠാദാകർഷിക്കും.

അതെ…. അത് നീഡിൽ റോക്ക് വ്യൂ പോയിന്‍റ് ആണ്. ഊട്ടിയിലേക്കുള്ള ഈ ചുരം പാത (NH 181) താണ്ടുന്നവർക്ക് കാഴ്ചയുടെ ആദ്യ വിരുന്ന് ഒരുക്കുന്നിടം.

വ്യൂ പോയിന്‍റിലേക്കുള്ള പ്രവേശന ടിക്കറ്റെടുത്ത് (ഒരാൾക്ക് 5 രൂപ) ആൾക്കൂട്ടത്തിനൊപ്പം കരിങ്കല്ലു പതിച്ച വഴിയിലൂടെ ഞങ്ങൾ നടന്നു. ഏകദേശം അഞ്ഞൂറു മീറ്റർ ദൂരമുണ്ട് റോഡിൽ നിന്നും നീഡിൽ റോക്കിലേക്ക്. സദാ സമയം വീശുന്ന നനുത്ത കാറ്റേറ്റ് പാറക്കെട്ടിലേക്ക് നടന്നു. കമ്പിവേലികൾ പിടിപ്പിച്ച് സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്.

കുട്ടികൾ വേഗം ഓടി മറഞ്ഞ് പാറക്കൂട്ടങ്ങളിൽ ചെറിയ ഇരിപ്പിടങ്ങൾ കണ്ടെത്തി. 360° യിൽ കാഴ്ചകൾ ഇവിടെ നിന്നു കാണാം. ആദ്യം കണ്ട ചെറിയ പാറക്കെട്ടിലേക്ക് വലിഞ്ഞു കേറി താഴ്വരയിലേക്ക് കണ്ണോടിച്ചു. എത്ര ഉയരത്തിലാണ് നാമെന്നത് ഇവിടെ നിന്നാലറിയാം. അഗാധതയിൽ പച്ച സമുദ്രം പോലെ… താഴ്വര… കാറ്റിന്‍റെ തീവ്രത കൂടുന്നുണ്ടായിരുന്നു. എങ്കിലും കുറച്ചു ഫോട്ടോ എടുത്തു മടങ്ങി. മറു വശത്തെ വലിയ പാറക്കെട്ടിൽ അതിസാഹസികമായ് വലിഞ്ഞു കേറിയ ഒരു പറ്റം യുവാക്കളുടെ ഫോട്ടോ ഷൂട്ട് നടന്നു കൊണ്ടിരിക്കുന്നു.

താഴെയിറങ്ങി വീണ്ടും കരിങ്കൽ പാതയിലൂടെ ജനതിരക്കിൽ തിക്കി തിരക്കി മുന്നിലെത്തി. ഇവിടെ നിന്നും ഗൂഡലൂർ നഗരത്തിന്‍റെ ദൃശ്യം കാണാം. തേയില തോട്ടങ്ങളും ജലാശയങ്ങളും കാഴ്ചയ്ക്ക് മാറ്റു കൂട്ടുന്നു. മുതുമല വന്യ ജീവി സങ്കേതവും കാഴ്ചയുടെ പരിധിയിൽ പെടുന്നു. വിദൂരതയിൽ വയനാടൻ മലനിരകളും.

ഒറ്റവാക്കിൽ കേരളം ,തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ ഭാഗങ്ങളെ ഒരു കാഴ്ചയിൽ അഥവാ ഒറ്റഫ്രെയിമിൽ ഈ വ്യൂ പോയിന്‍റ് പകരുന്നു. ഇവിടുന്നങ്ങോട്ട് പടവുകൾ കയറി കാഴ്ചകൾ കാണാനൊരുക്കിയ പച്ച ഛായം തേച്ച സിമന്‍റ് കൂടാരത്തിൽ എത്തി. മഞ്ഞിന്‍റെ മൂടുപടമില്ലാതെ ആദ്യമായാണ് ഇവിടെ നിന്നും കാഴ്ചകൾ കാണുന്നത്. മുമ്പൊരു മഴക്കാലത്ത് ശക്തിയായ കാറ്റിനേയും മഴയേയും തണുപ്പിനേയും തൃണവൽക്കരിച്ച് ഈ കൂടാരത്തിലെത്തിപ്പെടാനുള്ള കഷ്ടപ്പാടു ഞാനീ അവസരത്തിൽ ഓർത്തടുത്തു… വേനലിൽ വളരെ നിസ്സാരമായതും…

ഇവിടെ നിന്നും നാലുപാടുമുള്ള കാഴ്ചകൾ ആസ്വദിച്ചു. പച്ചപ്പു നിറഞ്ഞ താഴ്വരയും നമ്മൾ നിൽക്കുന്ന പാറക്കൂട്ടങ്ങളും വളഞ്ഞു പുളഞ്ഞു പോകുന്ന ചുരം പാതയും, അതിലൂടെ സഞ്ചരിക്കുന്ന സോപ്പുപ്പെട്ടിപ്പോലെ നീങ്ങുന്ന വാഹനങ്ങളും, ഉറുമ്പുകളുടെ സഞ്ചാര വഴിയെ അനുസ്മരിപ്പിക്കുന്ന വിധമുള്ള ഇവിടേക്കുള്ള പാതയും അതിലൂടെ നടന്നു നീങ്ങുന്ന സഞ്ചാരികളും… ഇടയിൽ പച്ച കുട നിവർത്തി വച്ച പോലെ ഒറ്റയായി നിൽക്കുന്ന മരങ്ങൾ. ഭാവന പുതിയ മേച്ചിൽ പുറങ്ങൾ തേടുമ്പോൾ.

“നീയിവിടെ എന്താലോചിച്ചിരിക്കുവാ… സമയമേറെ വൈകി…” ആ വിളി കേട്ടതും പടവുകൾ ഇറങ്ങി അവർക്കൊപ്പം താഴേക്ക് നടന്നു… കരിങ്കൽ പാതയിലൂടെ തിരികെ മടങ്ങുമ്പോഴും സഞ്ചാരികളുടെ ഒഴുക്ക് തുടരുന്നു. തമിഴിലും മലയാളത്തിലും കന്നടയിലും ഹിന്ദിയിലുമൊക്കെയുള്ള സംഭാഷണങ്ങൾ. ഇതിൽ മലയാളം ഒരു പടി മുന്നിട്ടു നിൽക്കുന്നുണ്ട്. മധുരം മലയാളം…

ശ്രവണാനന്ദം…

വ്യൂ പോയിന്‍റിലേക്കുള്ള സഞ്ചാരികളുടെ തിരക്കു കൂടി തുടങ്ങി. അവിടെ നിന്നും ഹെയർപിൻ വളവുകൾ പിന്നിട്ട് തുടർന്ന യാത്ര മിക്കയിടത്തും ഗതാഗത കുരുക്കിൽ കുടുങ്ങി…

ഷൂട്ടിങ്ങ് പോയിന്‍റിലെത്തുമ്പോൾ അവിടെയും സന്ദർശകരുടെ തിരക്ക്. മടങ്ങി വരവിൽ ഇവിടം സന്ദർശിക്കാമെന്ന കണക്കുകൂട്ടലിൽ കാർ ഊട്ടി ലക്ഷ്യമാക്കി നീങ്ങി… റോഡിനിരുവശത്തെ ഹരിതാഭ നിറഞ്ഞ കാഴ്ചകളും മലനിരകളും നയനാനന്ദകരമായിരുന്നു. ഇടയിൽ റോഡരികിൽ പൈൻ മരങ്ങൾ ഇടത്തൂർന്ന് വളർന്നു നിൽക്കുന്ന വെള്ളക്കെട്ടിന് സമീപം വണ്ടി നിർത്തി ഒരല്പം മുന്നിലോട്ടു നടന്നപ്പോൾ എന്ന ചെറിയ ഡാം. റോഡരികിൽ നിന്നു തന്നെ അതു നോക്കി കണ്ടു. അവിടെ നിന്നും വീണ്ടും കാറിൽ കയറി 12.30 യോടെ പൈൻ ഫോറസ്റ്റിൽ എത്തി.

ഊട്ടി- ഗൂഡലൂർ ദേശീയ പാതയോരത്താണ് ഇത്. ഇവിടെ നിന്നും ഊട്ടിയിലേക്ക് 7 കി.മീ ദൂരമേയുള്ളൂ. റോഡരികിൽ കാർ പാർക്കു ചെയ്ത് ചൂടു ചായ കുടിച്ച് ടിക്കറ്റുമെടുത്ത് പൈൻ മരക്കാട്ടിലേക്ക്… ഇവിടെയും സന്ദർശകരുടെ തിരക്കാണ്… ഇടതൂർന്നു വളർന്നു നിൽക്കുന്ന പൈൻ മരങ്ങൾ. താഴെ എമറാൾസ് ലേക്കിന്‍റെ ഭാഗമായ ജലാശയം. പേരു പോലെ തന്നെ ഇളം പച്ച നിറത്തിലുള്ള ജലാശയം. പൈൻ മരങ്ങൾ നിറഞ്ഞ മലഞ്ചെരിവിലൂടെ താഴേക്ക് ഇറങ്ങിയാൽ തടാകക്കരയിൽ എത്താം.

സന്ദർശകർ നിരന്തരം നടന്ന് സ്വതവേ മിനുസമായ വഴിയിൽ പൈൻ മരങ്ങളുടെ ഇലകൾ പൊഴിഞ്ഞു വീണ് അഴുകിയതും (ഒരു പക്ഷെ തലേന്ന് മഴ പെയ്തിരിക്കാം) കൊണ്ട് നല്ല വഴുക്കൻ ആയിട്ടുണ്ട് ഇവിടം. പൈൻ മരങ്ങൾക്കിടിയിലൂടെ താഴെ തടാക്കരയിൽ എത്തുക എന്നത് രസകരകവും ഒരല്പം സാഹസികത നിറഞ്ഞതായിരുന്നു. ചിലരൊക്കെ തെന്നി വീഴുന്നതും ചിരിച്ചു കൊണ്ട് എഴുന്നേൽക്കുന്നതും ചുറ്റുമുള്ളവരിലും ചിരി പടർത്തി. ഒന്നുരണ്ടു വട്ടം ഞാനും തെന്നി താഴേന്ന് ഊർന്നെങ്കിലും പൈൻ മരത്തടിയിൽ പിടിച്ചു രക്ഷപ്പെട്ടു… അങ്ങനെ ഒരു വിധം തടാകക്കരയിൽ എത്തി. എമറാൾഡ് ലേക്ക് എന്നറിയപ്പെടുന്ന ഈ ജലാശയം എമാറാർഡ് ഡാമിന്‍റെ ഭാഗമാണ്. ജലക്ഷാമം പൊതുവെ രൂക്ഷമായ ഊട്ടിയിലെ പ്രധാന കുടിവെള്ള സ്രോതസ്സാണിത്.

തടാകത്തിന്‍റെ മറുകരയിലെ പൈൻ മരങ്ങളും മലനിരകളും ഭംഗിക്ക് മാറ്റുകൂട്ടുന്നു. തീരത്തെ പുൽത്തകിടിയിൽ ഇരുന്ന് പലരും സല്ലപിക്കുന്നു. തീരത്തോടു ചേർന്ന ചെറിയ പാറയിൽ ഇരുന്ന് ചുറ്റും കണ്ണോടിക്കുമ്പോൾ ആണ് കുതിര സവാരി എന്‍റെ ശ്രദ്ധയിൽ പെട്ടത്. കുതിരപ്പുറത്തു സവാരി സ്വപ്നമായി കൊണ്ടു നടക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. ഇത്തവണ നെഗറ്റീവ് കമന്‍റിനു ചെവികൊടുക്കാതെ കുതിര സവാരിക്ക് റെഡിയായി. അങ്ങനെ ഞാനും മോനും കുതിരപ്പുറത്തേറി. ഫോട്ടോയും വീഡിയോയും എടുക്കാൻ മറക്കരുതേ എന്ന് അദ്ദേഹത്തെ ചട്ടം കെട്ടി… കുതിരയെ വളരെ പതുക്കെ നടത്തിച്ചാൽ മതിയെന്ന് കുതിരക്കാരനോടും ഏർപ്പാടാക്കി.. ആദ്യം തീരത്തുകൂടെ വളരെ സാവധാനം നടന്ന കുതിരയുടെ മട്ടും ഭാവവും പൊടുന്നനെ മാറാൻ തുടങ്ങി… ശക്തിയോടെ കുതിര മുന്നോട്ടു ആയുമ്പോൾ കുതിരക്കാരൻ മറ്റൊരു സഹായിയെ വിളിക്കുന്നത് കണ്ടു.

“ദൈവമേ… ഈ പ്രാന്തൻ കുതിരയുടെ പുറത്താണോ ഞങ്ങളെ ഇവന്മാർ കയറ്റിയത്…” എന്ന ചിന്തയിൽ ഒരു ഘട്ടത്തിൽ പുൽതകിടിയിലേക്ക് എടുത്തു ചാടിയാലോ എന്ന് പോലും ആലോചിച്ചു. തടാകത്തിലേക്ക് കുതിര ഞങ്ങളെ തള്ളിയിടുമോ എന്നു ഭയപ്പെട്ടു. അപ്പോഴേക്കും സഹായിയും എത്തി ഒരു വിധത്തിൽ ഞങ്ങളെ തിരിച്ചെത്തിച്ചു.

ഇറങ്ങിയപ്പോൾ ആ ശോഷിച്ച കുതിരയെ കണ്ട് ഭക്ഷണം പോലും കൊടുക്കാതെ പത്തെഴുപതു കിലോ ഭാരം അതിന്‍റെ മുതുകത്തു വെച്ചാൽ അത് ചവിട്ടി കൂട്ടാത്തത് ഭാഗ്യം എന്നാശ്വസിച്ചു. ആനപ്പുറത്തു കേറാനുള്ള സ്വപ്നത്തിന് ഇതോടെ ഞാനവിടെ തിരശ്ശീലയിട്ടു…

സൂര്യൻ തലയ്ക്കു മുകളിൽ കത്തി നിൽക്കുന്ന ആ നട്ടുച്ച നേരത്ത് കുളിർ കാറ്റിന്‍റെ തലോടലേറ്റ് പൈൻ മരക്കാട്ടിലെ മരബെഞ്ചിലിരുന്നു. എവിടെയും ആഹ്ളാദാരവങ്ങൾ മാത്രം… ഓള പരപ്പിൽ സൂര്യൻ വർണ്ണ ചിത്രങ്ങൾ വരച്ചു തുടങ്ങി… ദൂരേ മാമലകൾ തെളിഞ്ഞു നിൽക്കുന്നു… മഞ്ഞിന്‍റെ ആവരണമില്ലാതെ ഊട്ടി തൂവെള്ള പുടവ മാറ്റി വർണ്ണ പുടവ ചുറ്റിയിരിക്കുന്നു… തിരികെ മടങ്ങാൻ മനസ്സു സമ്മതിക്കുന്നില്ലെങ്കിലും മടിച്ചു മടിച്ചു വഴുക്കൻ വഴിയിലൂടെ മുകളിലെത്തി, ഊട്ടി നഗരവും താണ്ടി കൂനൂരിലേക്ക്. ഓർമ്മകളിലെ ആ കളി മുറ്റത്തേക്ക്.

കാർ കൂനൂരിലേക്ക് നീങ്ങുമ്പോൾ

ഓർമ്മകളിലേക്ക് മനസ്സ് സഞ്ചാരം തുടങ്ങി. ഊട്ടിയിൽ നിന്നും കൂനൂരിലേക്കുള്ള ഈ പാതയിലൂടെ എത്രയോവട്ടം അച്ഛനൊപ്പം സഞ്ചരിച്ചിരിക്കുന്നു. ഒരു വശം അഗാധമായ കൊക്കയും മറുവശം കൂറ്റൻ മലനിരകളും സദാ സമയവും മഞ്ഞുമൂടി അവ്യക്തമായ വീതി കുറഞ്ഞ ഈ റോഡിലൂടെയുള്ള യാത്ര അന്നൊക്കെ ഏറെ ഭയമായിരുന്നു. അച്ഛന്‍റെ അടുത്ത സുഹൃത്ത് ഇവിടെ വച്ചുണ്ടായ അപകടത്തിൽ മരിച്ചതോടെ ആ ഭയം ഇരട്ടിച്ചു. അച്ഛൻ നാട്ടിൽ വരുന്നുണ്ടെന്നറിഞ്ഞാൽ ഈ വഴിയെ കുറിച്ചുള്ള ആധി ആയിരുന്നു കുഞ്ഞു മനസ്സു നിറയെ, അച്ഛന് അപകടം വരുത്തരുതേ എന്ന പ്രാർത്ഥനയും. കാലങ്ങൾക്കിപ്പുറം ഇന്നീവഴിയെ വരുമ്പോൾ മഞ്ഞ് മാറിനിന്നു ഓർമകളിലേക്കുള്ള വാതായനം മലർക്കെ തുറന്നിട്ട് കൊണ്ട്.

ചിന്തകളിങ്ങനെ ഭൂതകാല തുരുത്തിൽ മേയുമ്പോൾ കുനൂരെത്തിയത് അറിഞ്ഞില്ല. നഗരത്തിരക്കിൽ നിന്നും മാറി മുമ്പേ ബുക്ക് ചെയ്ത ഹോട്ടൽ റൂമിലെത്തി. സമയം മൂന്നുമണിയോടടുത്തതിനാൽ കുട്ടികൾക്ക് വിശന്നു തുടങ്ങിയിരുന്നു.

പുറത്തിറങ്ങി ഉച്ചഭക്ഷണം കഴിച്ച് സിംസ് പാർക്കിലേക്ക് നടന്നു. താമസിക്കുന്ന ഹോട്ടലിന് ഏറെ അടുത്താണിത്. സിംസ് പാർക്കിലേക്കുള്ള നടത്തിനിടെ തൊട്ടടുത്തുള്ള വെല്ലിംങ്ങ്ടൺ കൺടോൺമെന്‍റ് എരിയലിലേക്കുള്ള വലിയ കവാടം. അക്ഷരങ്ങൾ പെറുക്കി എടുത്ത് എഴുതാൻ തുടങ്ങിയ കാലം തൊട്ട് സ്നേഹം ചാലിച്ച് ഞാൻ അച്ഛനെഴുതിയ കത്തുകളിൽ ഏഴുതി തഴമ്പിച്ച മേൽവിലാസം വെണ്ടക്ക അക്ഷരത്തിൽ കവാടത്തിൽ തെളിഞ്ഞു നിൽക്കുന്നു. അച്ഛന്‍റെ ഓഫീസ് കെട്ടിടം ഈ മതിൽ കെട്ടിനകത്താണ്. അച്ഛനൊപ്പം പലതവണ ഞാനുമിവിടെ വന്നിട്ടുണ്ട്. പരിചിതമായ ഈ വഴികൾക്ക് ഇന്നൊരു അപപരിചിതയാണു ഞാൻ. അച്ഛനൊപ്പമുണ്ടായിരുന്നെങ്കിൽ അനായാസേന കയറാനാകുമായിരുന്ന ഇടം ഇന്ന് അപരിചിതയായ എനിക്ക് മുന്നിൽ തുറക്കപ്പെടില്ല. എങ്കിലും ഈ സ്ഥലവും ഇവിടുള്ള സൗഹൃദങ്ങളും ഓർമ്മത്താളുകളിൽ ഒളിമങ്ങാതെ എന്നുമുണ്ടാകും.

മാനത്ത് മഴക്കാർ താണു തുടങ്ങി. ഒരു തകർപ്പൻ മഴയുടെ ലക്ഷണം. സിംസ് പാർക്കിൽ എല്ലാം വർഷവും പതിവായി നടക്കാറുള്ള ഫ്രൂട്ട് മേളയാണ് അതിനാൽ തന്നെ നല്ല സന്ദർശക തിരക്കും. കൗണ്ടറിനു മുന്നിലെ വലിയ ക്യൂവിൽ നിന്നു ടിക്കറ്റെടുത്ത് അകത്ത് കയറി. മഴയുടെ വരവ് കണ്ട് പലരും തിക്കും തിരക്കും കൂട്ടുന്നുണ്ട്. ഇതിനകത്ത് പ്രവേശിച്ചയുടൻ ആദ്യം കാണുക ഫ്രൂട്ട് മേളയുടെ ഭാഗമായി ഫലങ്ങൾ കൊണ്ടുണ്ടാക്കിയ ചിത്രശലഭത്തെ ആണ്. ഏറെ ആകർഷണീയമാണത്.

ഒരു പൂമ്പാറ്റയോട് നമുക്കു തോന്നുന്ന ഇഷ്ടവും കൗതുകവും ഒരു പക്ഷെ ഇരട്ടിയായി പ്രായഭേദമന്യേ പഴങ്ങൾ കൊണ്ടു നിർമ്മിച്ച ഈ ശലഭത്തോടും തോന്നും. വിവിധ നിറങ്ങളിലുള്ള പഴങ്ങൾ കൊണ്ട് മനോഹരമായ സൃഷ്ടി ഒരുക്കാൻ മികച്ച കലാകാരൻമാർക്കേ കഴിയൂ. ഇതിനു മുമ്പിലാണ് വലിയ സന്ദർശക തിരക്ക്. പൂവിൽ നിന്നും മധു നുകരാനെത്തും പൂമ്പാറ്റയെപ്പോലെ, ഇന്നീ ഫലങ്ങൾ കൊണ്ടു നിർമിച്ച പൂമ്പാറ്റയ്ക്കു ചുറ്റും കൂടി ജനസഞ്ചയം ആസ്വാദനത്തിന്‍റെ മധു നുകരുകയാണ്.

മഴ ചന്നം പിന്നം പാറി തുടങ്ങി. ഒപ്പം നേർത്ത കുളിരും അനുഭവപ്പെട്ടു. മഴയെ വകവെക്കാതെ കാഴ്ച്ചകൾ കണ്ടു നടന്നെങ്കിലും “എങ്കിൽ കാണിച്ചു തരാം” എന്ന ഭാവത്തിൽ പൊടുന്നനെ മഴ ശക്തിയായി പെയ്തു കുറുമ്പു കാട്ടി തുടങ്ങി. മഴയിൽ നിന്നു രക്ഷത്തേടി സമീപത്തുള്ള വലിയ ഷെഡിൽ എല്ലാവരും ഇടം പിടിച്ചു. തമിഴും കന്നടയും മലയാളവും ഇടകലർന്ന സംഭാഷണങ്ങൾ മഴയുടെ താളത്തിൽ അലിഞ്ഞു ചേരുമ്പോൾ മഴയോളം മത്സരിച്ച് ഓർമകളും എന്നിൽ പെയ്തു കൊണ്ടിരുന്നു.

കുറുമ്പു മാറി മഴ തെല്ലു മാറിനിന്നപ്പോൾ വീണ്ടും കാഴ്ചകളിലേക്ക് തിരിഞ്ഞു. ചക്ക, മാങ്ങ, ഓറഞ്ച്, മുന്തിരി, സപ്പോട്ട എന്നു വേണ്ട പേരറിയാത്ത ഒട്ടേറെ ഫലങ്ങൾ കൊണ്ട് മയിൽ, കാളവണ്ടി,അശോകസ്തഭം തുടങ്ങി വിവിധങ്ങളായ രൂപങ്ങൾ നിർമ്മിച്ചിരിക്കുന്നു. നമ്മുടെ നാട്ടിലെ പ്ലാവിൻ ചുവട്ടിൽ ആർക്കും വേണ്ടാതെ അടിഞ്ഞു കിടക്കുന്ന ചക്കയൊക്കെ ഈ നിർമിതിയിൽ രാജകീയ പദവിയിൽ വിലസുന്നു…

ഏകദേശം 26 ഏക്കർ വിസ്തൃതിയിൽ കിടക്കുന്ന ഈ ഉദ്യാനം ലോകത്തിലെ തന്നെ വിവിധ സ്പീഷീസിൽപ്പെടുന്ന വൈവിധ്യമാർന്ന വൃക്ഷങ്ങളാൽ സമ്പന്നമാണ്. ഇവിടുള്ള വൃക്ഷ മുത്തച്ഛമാർ എത്രയോ തലമുറകളെ കണ്ടിരിക്കുന്നു. എലിഫന്‍റ് ലെഗ്ഗ് ട്രീ യാണ് വൃക്ഷങ്ങളിൽ എറെ കൗതുകം ജനിപ്പിച്ചത്. പേരു പോലെ തന്നെ ആനയുടെ കാല് പോലെയുള്ള തായ്ത്തടി. കല്ലു പതിച്ച വഴികളിലൂടെ ഉദ്യാന കാഴ്ചകളോരോന്നായി കണ്ടു നടന്നു. വിവിധങ്ങളായ പൂക്കൾ വിരിഞ്ഞു നിൽക്കുന്നു. റോസ്, ചെണ്ടുമല്ലി, ആന്തൂറിയം, ജമന്തി…. ഇങ്ങനെ നീളുന്നു പൂക്കളുടെ വൈവിധ്യം. മഴത്തുള്ളികളുടെ ചുംബനമേറ്റ് പൂക്കൾ നാണത്താൽ മുഖംകുനിച്ചിരിപ്പാണ്. വൃക്ഷതലപ്പുകളിൽ നിന്ന് വാനരൻമാർ കലപില കൂടുന്നു.

സുഹൃത്തുക്കൾക്കൊപ്പം അന്നൊക്കെ ഏത്രയോ സായാഹ്നങ്ങൾ ഞാനിവിടെ വന്നിരുന്നിട്ടുണ്ട്. ഒരിക്കൽ പിന്നാലെ ഓടിയെത്തി ഒരു വാനരൻ കൈയ്യിലെ ബിസ്കറ്റ് പൊതി തട്ടിയെടുത്തു, കുരങ്ങുമായുള്ള ആ മല്ലയുദ്ധത്തിൽ പരിക്കുപറ്റി. അതൊടെ ഞങ്ങൾ കുട്ടികൾ മാത്രമായുള്ള ഇവിടേക്കുള്ള വരവു നിലച്ചു.

ഫ്രൂട്ട് മേളയുടെ ഭാഗമായുള്ള വില്പനസ്റ്റാളിലെത്തി.വിവിധങ്ങളായ ഫലങ്ങൾ ചക്ക, മാങ്ങ, ഓറഞ്ച്, ആപ്പിൾ, മുന്തിരി, പൈനാപ്പിൾ, പിച്ചീസ് എന്നു വേണ്ട കണ്ടതും കേട്ടതും ഇനി കാണേണ്ടതുമായ എല്ലാം ഫലങ്ങളും ഞാനിവിടെ കണ്ടു. മാമ്പഴങ്ങൾ തന്നെ തരാതരം. അന്നും ഇന്നും പ്രിയം ഫലങ്ങളുടെ രാജാവായ മാമ്പഴത്തോടു തന്നെയായനിനാൽ ഒരു മാമ്പഴരാജനെ ഉപ്പും മുളകും തേച്ച് അകത്താക്കി.

ചെറിയൊരു തടാകവും അതിലൂടെയുള്ള ബോട്ട് സവാരിയും സിംസ് പാർക്കിലെ പ്രധാന ആകർഷണമാണ്. റോസ് പാർക്ക്, കുട്ടികളുടെ പാർക്ക്, ഗ്ലാസ്സ് ഹൗസ് എന്നിവിടങ്ങളും കറങ്ങി തിരിച്ച് ഗാനമേള നടക്കുന്ന ഇടത്തെത്തി. നിറഞ്ഞ സദസ്സ്. സ്‌റ്റേജിൽ ഗായകനും ഗായികയും “മുക്കാലാ മുക്കാബില” പാട്ടു പാടി ചുവടു വയ്ക്കുന്നു. സ്റ്റേജിനു മുന്നിൽ ഒരു പറ്റം യുവാക്കൾ മതിമറന്ന് നൃത്തം വയ്ക്കുന്നു. മൂന്നു നാലു പാട്ടുകൾ ആസ്വദിച്ച് ഞങ്ങൾ പാർക്കിൽ നിന്നും മടങ്ങി. നേരത്തെ ഭക്ഷണം കഴിഞ്ഞ് റൂമിലെത്തി. അപ്പോഴേക്കും കൂനൂർ നഗരം ദീപാലംകൃതമായി കഴിഞ്ഞു. മലമുകളിലെ വീടുകളിൽ തെളിയുന്ന വൈദ്യുത വിളക്കുകളാണ് ആ മനോഹര വിരുന്നൊരുക്കിയത്. യാത്രാ ക്ഷീണം ഉറക്കത്തെ നേരത്തെ ക്ഷണിച്ചു വരുത്തിയതിനാൽ ഉറക്കത്തിലേക്കു വഴുതി. ഓർമ്മകളുടെ പട്ടുമെത്തയിൽ കിടന്ന് സുഖ നിദ്ര പുൽകി.

പിറ്റേന്ന് പ്രഭാതത്തിൽ ഉണർന്ന് ഫ്രഷായി സമീപത്തെ ഹോട്ടലിൽ നിന്ന് ഭക്ഷണവും കഴിച്ച് കൂനൂർ തിരക്കിലമർന്നു തുടങ്ങുന്നതിനു മുമ്പേ ഇവിടെ നിന്നും 23 കി. മീ അകലെയള്ള ലാംമ്പ്സ്സ് റോക്കിലേക്ക് തിരിച്ചു. ഇടുങ്ങിയ റോഡെങ്കിലും കാടും തേയില തോട്ടങ്ങളും മഞ്ഞ് നിറഞ്ഞ മലനിരകളും താഴ്വരകളും കണ്ടു കൊണ്ടുള്ള ആ യാത്ര ഏറെ ഹൃദ്യമായിരുന്നു.

കാർ പാർക്ക് ചെയ്ത് ലാമ്പ്സ് റോക്കിലേക്ക് നടക്കുമ്പോഴാണ് നമ്മുടെ കണ്ണൻ ദേവൻ ചായപ്പൊടിയുടെ പേക്കറ്റിലെ പരസ്യചിത്രത്തിലെ പോലുള്ള വേഷമിട്ട് സ്ത്രീകൾ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടത്. എന്നാപ്പിന്നെ എനിക്കും ഫോട്ടോ എടുക്കണമെന്ന ആഗ്രഹം ജനിച്ചു. 100, 200 എന്നിങ്ങനെ ഫോട്ടോയുടെ വലിപ്പം അനുസരിച്ചാണ് ചാർജ്. വസ്ത്രവും വളയും കൊട്ടയും ഒക്കെ വച്ച് ഒരുക്കി ഫോട്ടോ എടുത്തു തരും. ഫോട്ടോ ഷൂട്ട് കഴിഞ്ഞ് ടിക്കറ്റെടുത്ത് മുന്നോട്ട് നടക്കുമ്പോൾ ആണ് കൃഷ്ണമൂർത്തി എന്ന ഗൈഡിനെ കിട്ടിയത്.

സ്വയമേകാര്യങ്ങൾ ഇവിടെ നിന്നും ഗണിച്ചെടുക്കൽ അത്ര പന്തിയല്ലെന്ന് തിരിച്ചറിഞ്ഞ് കൃഷ്ണമൂർത്തിയെ ഒപ്പം കൂട്ടി… അല്ലെങ്കിലും വെറുതെ കാഴ്ചകൾ കണ്ടു മടങ്ങല്ലല്ലോ യാത്ര?

തമിഴ്, മലയാളം, ഹിന്ദി, ഇംഗ്ലീഷ് എല്ലാമറിയാമെന്ന് പറഞ്ഞ് കൂടെ കൂടിയ നമ്മുടെ ഗൈഡിന് മലയാളം ഒരു തരിമ്പു പോലും അറിയില്ലെന്ന് ഏതാനും നിമിഷം കൊണ്ട് മനസ്സിലായി. ഇടയ്ക്കിടെ മുറി തമിഴിൽ സംശയങ്ങൾ ചോദിച്ച് കൃഷ്ണമൂർത്തിയെ ഞാൻ നന്നായി വെള്ളം കുടിപ്പിച്ചു. മെലിഞ്ഞ ശരീരപ്രകൃതിയുള്ള കൃഷ്ണമൂർത്തി വളരെ ഉത്സാഹവാനാണ്. ഒരോന്നും വ്യക്തമായി പറഞ്ഞു തരുന്നു. കല്ലു പതിച്ച വഴിയിലൂടെ അൽപ ദൂരം സഞ്ചരിച്ചു കഴിഞ്ഞപ്പോൾ ദൂരെയുള്ള മാമല ചൂണ്ടിക്കാട്ടി കൃഷ്ണമൂർത്തി പറഞ്ഞു “അങ്കേ പാറുങ്കോ sleeping lady Rock…” പേരു പോലെ തന്നെ ഒരു സ്ത്രീ ഉറങ്ങുന്നത് പോലെയുണ്ട് ആ മല കണ്ടാൽ. മുഖവും കാലുകളും അഴിഞ്ഞ കൂന്തലും എല്ലാം പാറയിൽ ശില്പി കൊത്തി വച്ച പോലെ. പ്രകൃതിയുടെ ഓരോ വികൃതികൾ… ഓരോയിടത്തും നിന്നും കൃഷ്ണമൂർത്തി വിവിധ പോസിൽ ഫാമിലി ഫോട്ടോ എടുത്തു തന്നു. ഒരു നല്ല ഫോട്ടോ ഗ്രാഫറുടെ എല്ലാ ലക്ഷണവും കൃഷ്ണമൂർത്തിയിൽ കാണാം. സഞ്ചാരികളുടെ തിരക്കിലൂടെ വഴിതെളിച്ച് മുന്നോട്ട് ആനയിച്ചു. നടന്നുപോകുന്ന ആ വഴികളിൽ നിന്നുള്ള താഴ്വരയിലെ വിദൂര കാഴ്ചകൾ അതീവ ഹൃദ്യമായിരുന്നു. നടത്തത്തിനിടയിൽ കൃഷ്ണമൂർത്തി വാചാലനായി…

ചാൾസ് ലാംമ്പ് എന്ന ബ്രിട്ടീഷുകാരന്‍റെ പേരിലാണ് ലാമ്പ്സ് റോക്ക് എന്നും അദ്ദേഹമാണ് ഈ മനോഹര സ്ഥലത്തെ ജനശ്രദ്ധയിലേക്ക് എത്തിച്ചതെന്നും ഇങ്ങനെ ഓരോന്നു സംസാരിച്ചു കൊണ്ടു കൈവരികൾ ഘടിപ്പിച്ച സുരക്ഷിതമാക്കിയ വ്യൂ പോയിന്‍റിലെത്തി. അവിടെ നിന്നും താഴേക്കുള്ള പച്ചപ്പിന്‍റെ മാസ്മരികത നയനാനന്ദകരമായിരുന്നു.

മേട്ടുപാളയവും കോയമ്പത്തൂരും ഈ വ്യൂ പോയിന്‍റിൽ നിന്നു കാണാം. ഒരു ഭാഗത്ത് സത്യമംഗലം കാടുകളും. എലിഫന്‍റ് റോക്ക്, ടോർടോയ്സ് റോക്ക് എന്നിവയും ഈ ലാമ്പ്സ് റോക്കിനടുത്തായി കാണാം. കൃഷ്ണമൂർത്തി കൂടെ ഇല്ലെങ്കിൽ ഈ ആനയുടേയും ആമയുടേയും രൂപമുള്ള ഈ പാറകൾ കണ്ണിലുടക്കിയാലും എന്താണെന്ന് പോലും മനസ്സിലാവില്ലായിരുന്നു എന്ന് ഞാനോർത്തു. പല തവണ ചൊല്ലി ഹൃദ്യസ്ഥമായ ഒരു കവിത തെറ്റില്ലാതെ താളത്തിൽ ഒരധ്യാപകനെ ചൊല്ലി കേൾപ്പിക്കുന്ന കുട്ടിയെപ്പോലെയാണ് വളരെ ഒഴുക്കോടും താളത്തിലുമുള്ള കൃഷ്ണമൂർത്തിയുടെ വിശദീകരണം.

എസ്‌റ്റേറ്റ് റോഡ്, നീലഗിരി മൗണ്ടെയ്ൻ റെയിൽവേ പാത എന്നിവയൊക്കെ ഇവിടെ നിന്നും കാണാം. സാജൻ എന്ന ഹിന്ദി സിനിമയിൽ ഹിറ്റ് ഗാനമായ “തും സെ മിൽനെ കി തമന്ന ഹെ” എന്ന ഗാനത്തിൽ സൽമാൻ ഖാൻ ജീപ്പോടിച്ചു പോകുന്ന വളഞ്ഞു പുളഞ്ഞ വഴികൾ ഈ എസ്റ്റേറ്റ് റോഡാണെന്ന് കൃഷ്ണമൂർത്തി ചൂണ്ടി കാണിച്ചു. ദിൽസെയിലെ സൂപ്പർ ഹിറ്റ് ഗാനമായ “ചൽ… ചയ്യ…ചയ്യ… ചയ്യാ…” എന്നു തുടങ്ങുന്ന ട്രെയിനിനു മുകളിൽ നിന്നുള്ള ഷാരുഖാനും സംഘവും ആടി തകർത്ത രംഗം ചിത്രീകരിച്ചതും ഇവിടെ നിന്നു കാണുന്ന റെയിൽ പാളത്തിൽ നിന്നാണ്. ലാമ്പ്സ് റോക്കിന് തൊട്ടു താഴെയായി കാണുന്ന വലിയ പാറക്കെട്ടിലാണ് മലയാള സിനിമയായ ഫ്രണ്ട്സിന്‍റെ ക്ലമാക്സ് രംഗം ചിത്രീകരിച്ചത്. വിജയ്, സൂര്യ ചേർന്നഭിനയിച്ച ഫ്രണ്ട്സിന്‍റെ തമിഴ് റിമേക്കിന്‍റെ ചിത്രീകരണവും ഇവിടെ വച്ചാണെന്ന് പറയുമ്പോൾ കൃഷ്ണമൂർത്തിയുടെ കണ്ണുകൾ വിടരുന്നുണ്ടായിരുന്നു. കൃഷ്ണമൂർത്തി വിജയ് ആരാധകനാണ്…..

സ്വതന്ത്രമായി ഞങ്ങളെ കാഴ്ചകൾ കാണാനനുവദിച്ച് കൃഷ്ണമൂർത്തി മടങ്ങി. അല്പം മുകളിലായി കാണുന്ന പാറക്കെട്ടിലെ കാഴ്ചകൾ കാണാനൊരുക്കിയ കോൺക്രീറ്റ് കൂടാരത്തിലേക്ക് കല്ലുപതിച്ച വഴിയിലൂടെ നടന്നു. ചുറ്റുമുള്ള വൃക്ഷത്തലപ്പിൽ നിന്ന് വാനരമാർ കലപില കൂട്ടുന്നു. ചിലതൊക്കെ പിന്നാലെ കൂടിയെത്തിലും കയ്യിൽ ഒന്നും കാണാത്തതിനാൽ നിരാശരായി അടുത്തയാളെ നോട്ടമിട്ടു. നനുത്ത കാറ്റേറ്റ് പടവുകൾ കയറി കൂടാരത്തിലെത്തി. ഒരു മാജീഷ്യന്‍റെ മാജിക്കിൽ അത്ഭുതപ്പെട്ടു നിൽക്കുന്ന കുട്ടിയെ പോലെയാണ് ഇത്തരം വ്യൂ പോയിന്‍റിലെത്തുമ്പോൾ പലപ്പോഴും നമ്മൾ. വിശപ്പും ദാഹവുമറിയാതെ മണിക്കൂറെത്ര വേണമെങ്കിലും പ്രകൃതിയുടെ ഈ അത്ഭുത കാഴ്ചകളിൽ മതിമറന്നിരിക്കാം…

ഇവിടെ നിന്നും അടുത്ത ഇടമായ ഡോൾഫിൻ നോസ് വ്യൂ പോയിന്‍റിൽ. പാർക്കിങ്ങ് സൗകര്യം ഇല്ലാത്തത് ഇവിടെത്തുന്നവരെ തെല്ലൊന്നുമല്ല ബുദ്ധിമുട്ടിക്കുന്നത്. പേരു പോലെ തന്നെ ഡോൾഫിന്‍റെ മൂക്കു പോലെ മുന്നിലോട്ട് തള്ളി നിൽക്കുന്ന കൂറ്റൻ പാറ. കാതറിൻ വാട്ടർ ഫാൾസിന്‍റെ വിദൂര കാഴ്ച ഈ വ്യൂ പോയിന്‍റിൽ നിന്നു കാണാം. വേനലായതിനാൽ നേർത്ത ജലരേഖയായി… പ്രകൃതിയുടെ പച്ച ക്യാൻവാസിൽ വീണുകിടക്കുന്ന വെള്ളി നൂലു കണക്കെ അതിങ്ങനെ താഴേക്ക്… ജലസമൃദ്ധമാകുന്നതോടെ മഴക്കാലം ഈ വെള്ളച്ചാട്ടം കൂടുതൽ മനോഹരമാകും… ഇവിടെനിന്നും ഭക്ഷവും കഴിച്ച് കൊടാനാട് വ്യൂ പോയിന്‍റിലേക്ക്.

കോത്തഗിരിയിൽ നിന്നും ആ 23 കിലോമീറ്റർ അകലെയുള്ള കോടനാട് വ്യൂ പോയിന്‍റ് പ്രകൃതി ഭംഗിയാൽ അനുഗ്രഹീതമായ ഇടമാണ്. പച്ച പുതച്ച തേയില തോട്ടങ്ങൾക്കിടയിലൂടെ, മലനിരകളും താഴ്വരകളും നീർച്ചോലകളും കണ്ടു കൊണ്ടുള്ള യാത്ര ഏതൊരു സഞ്ചാരിയുടേയും മനം കുളിർപ്പിക്കും.

മലനിരകളും സമതലങ്ങളും ഉൾപ്പെടുന്ന നിമ്നോന്നതങ്ങളായ താഴ്വരയുടെ ദൃശ്യം വർണ്ണനാതീതമാണ്. കർണാടയിലെ ചാമരാജ് നഗറിന്‍റെ ഭാഗമായ മലനിരകൾ വരെ ഇവിടെ നിന്നു വീക്ഷിക്കാം. താഴ്വരയിലൂടെ മൊയാർ നദി ഇന്ത്യൻ ഭൂപടത്തിന്‍റെ ആകൃതിയിൽ (ദക്ഷിണ ഭാഗം) ഒഴുകി വന്ന് ഭവാനി സാഗർ നദിയോടു ചേരുന്നു. മസിനഗുഡിയിൽ വച്ച് ഒരിക്കൽ മോയാർ വാട്ടർ ഫാൾസ് കണ്ടത് ഓർത്തു, അവിടെ നിന്നും മോയാർ നദി താഴേക്ക് പതിച്ച് ഈ താഴ്വരയിലൂടെയാണ് ഒഴുകുന്നത്. തെങ്ങുമരട എന്ന കാടിനു നടുവിലെ ഗ്രാമം, ഭവാനി സാഗർ ഡാം ഇവയെല്ലാം ഈ വ്യൂ പോയന്‍റിൽ നിന്നും സുഗമമായി കാണാം.

വിവിധ ഭാവപകർച്ച പകർന്ന് ഈ താഴ്വര നമ്മെ ഉന്മത്തയാക്കും. കാറ്റിന്‍റെ ശീൽക്കാരം പശ്ചാത്തല സംഗീതമൊരുക്കും. വശ്യാത്മകമായ ഈ പ്രകൃതി ഭംഗിയിൽ ചിന്തകളില്ലാതെ സ്വയം മറന്ന് അലിയാം. ധ്യാനം ഇവിടെ തുടങ്ങുന്നു. മിനുട്ടുകളോളം എല്ലാ വിഷമങ്ങളിൽ നിന്നും മാറി ,ചിന്തകളൊഴിഞ്ഞ് ബന്ധങ്ങളുടെ കെട്ടു പാടുകൾ പോലും മറന്ന്, ശ്വാസനിശ്വാസങ്ങൾ പോലുമറിയാതെ പ്രകൃതിയിലങ്ങനെ. പരമമായ ആനന്ദം അനുഭവിച്ചറിഞ്ഞ്.

“തിരിച്ചു പോകണ്ടെ ഇവിടിങ്ങനെ ഇരുന്നാൽ മതിയോ?” സത്യത്തിൽ എന്നെക്കാളേറെ അദ്ദേഹത്തിനും തിരികെ മടങ്ങാൻ മടിയെന്ന് ചോദ്യത്തിൽ നിന്നറിയാം. അവിടുള്ള ഫോട്ടോഗ്രാഫറെകൊണ്ട് ഒരുമിച്ചൊരു ഫോട്ടോയും എടുത്ത് സമീപത്തെ കടയിൽ നിന്നും ചൂടു ചായയും മുളകുബജിയുമൊക്കെ കഴിച്ച് പിന്നെയും ഒരു മണിക്കൂറെടുത്തു അവിടം വിടാൻ.

മടങ്ങുമ്പോൾ കോടനാട് എസ്റ്റേറ്റിനു മുന്നിൽ വണ്ടി നിർത്തി ഫാക്ടറി ഔട്ട് ലെറ്റിൽ നിന്ന് തേയിലപ്പൊടി വാങ്ങുമ്പോൾ “ഈ എസ്റ്റേറ്റ് ജയലളിതയുടേതല്ലേ?”  എന്ന് ജീവനക്കാരിയോടു ചോദിച്ചപ്പോൾ അവരുടെ മുഖത്തെ വിഷാദം എത്രമാത്രം അവർ അമ്മയെ സ്നേഹിക്കുന്നെന്ന് വെളിവാക്കുന്നു. ജയലളിത മരിച്ച സമയത്ത് ഞങ്ങളുടെ അയൽക്കാരായ തമിഴ് കുടംബത്തിന്‍റെ കൂട്ടകരച്ചിൽ കേട്ട് ആശ്വാസിപ്പിക്കാനെത്തിയ എന്‍റെ കണ്ണുകളെ പോലും ഈറനണിയിച്ച തലൈവിയോടുള്ള അവരുടെ സ്നേഹം ഒരിക്കൽ നേരിൽ ഞാനനുഭവിച്ചറിഞ്ഞതാണ്.

തിരികെ കൂനൂരേക്കുള്ള മടക്കത്തിൽ എന്‍റെ മനസ്സ് വായിച്ചെടുത്ത പോലെ “മഴക്കാലത്ത് ഒന്നുകൂടി ഇവിടെ വരണം” എന്നദ്ദേഹം ഡ്രൈവിംഗിനിടെ പറയുമ്പോൾ ചാറ്റൽ മഴ പെയ്തു തുടങ്ങിയിരുന്നു…

തിരികെ കൂനൂര് എത്തിയപ്പോൾ വർഷങ്ങളോളം അച്ഛൻ താമസിച്ച സ്ഥലം പോയി കാണാനുറച്ചു. ഒരു ഓട്ടോയിൽ കയറി വന്നാർപെട്ട എന്ന ആ സ്ഥലപ്പേരു പറയുമ്പോൾ അവിടെ എതു വീട്ടിലേക്കെന്ന ഓട്ടോക്കാരന്‍റെ മറുചോദ്യത്തിൽ വർഷങ്ങൾക്ക് മുമ്പ് അച്ഛൻ താമസിച്ച ഇടം ഒന്നു കാണാനെന്ന മുറി തമിഴിലുള്ള എന്‍റെ മറുപടിയിൽ അദ്ദേഹത്തിന്‍റെ മുഖത്ത് ആശ്ചര്യം. നഗരത്തിൽ നിന്നു നടന്നു പോകേണ്ട ദൂരമേ ഉള്ളൂ എങ്കിലും വികസന കുതിപ്പിൽ മുഖം മിനുക്കിയ നഗരത്തിൽ നിന്നു അവിടേക്കുള്ള വഴി പോലും മറന്നതിനാലാണ് ഒട്ടോയെ ആശ്രയിച്ചത്. അന്ന് അവിടെയുള്ള സുഹൃത് ബന്ധങ്ങൾ പാടെ മുറിഞ്ഞിരിക്കുന്നു. എന്നെ കണ്ടാൽ അവർക്കോ അവരെ കണ്ടാൽ എനിക്കോ ഒരു പക്ഷെ മനസ്സിലാവുക പോലുമില്ല. ഇന്ന് പലരും പല സ്ഥലത്തേക്ക് താമസംമാറി കാണും.

ഓട്ടോ മുന്നിലോട്ട് സഞ്ചരിക്കും തോറും മനസ്സ് വർഷങ്ങൾ പിന്നിലോട്ട് സഞ്ചരിച്ചുകൊണ്ടിരുന്നു. എത്രയെത്ര സായാഹ്നങ്ങൾ അച്ഛന്‍റെ കൈവിരൽ പിടിച്ച് ഈ വഴി ഞാൻ നടന്നിരിക്കുന്നു. ഇന്ന് ഇരുവശവും കടകൾ നിറഞ്ഞിരിക്കുന്നു.

മലമുകളിൽ നിറയെ തീപ്പെട്ടി കൂടു നിരത്തി വച്ച പോലെ വീടുകൾ. അന്നു താമസിച്ച കെട്ടിടത്തിനു മുന്നിൽ വണ്ടി നിർത്തുമ്പോൾ സ്ഥലം മാറിയോ എന്ന് ഞാൻ സന്ദേഹപ്പെട്ടു. സമീപത്തുള്ള പുഴ കണ്ടപ്പോൾ സ്ഥലം ഇതു തന്നെയെന്ന് ഉറപ്പിച്ചു. വേഗം പുഴക്കരയിലേക്ക് നടന്നു. മെയ് മാസമായതിനാലാകാം നന്നെ വറ്റിയിരിക്കുന്നു പുഴ. ഈ പുഴക്കരയിലിരുന്നു കൂട്ടുകാർക്കൊപ്പം ചെലവിട്ട എത്രയെത്ര സുന്ദരനിമിഷങ്ങൾ. പുഴയോരത്തെ പിച്ചീസ് മരത്തിൽ കയറി പറിച്ചിട്ട പിച്ചീസ് പഴങ്ങൾ. അറിയാതെ ആ മരത്തിനായി കണ്ണുകൾ പരതി. പുഴയ്ക്കു കുറുകെയുള്ള പാലം കാലത്തിന്‍റെ മാറ്റത്തിൽ സാക്ഷിയായി നില്പുണ്ട്. ഈ പാലവും കടന്ന് മുന്നിലെ പടവുകൾ കയറിയിറങ്ങി അച്ഛൻ ഓഫീസിലേക്ക് നടന്നു പോകുന്ന വഴിയിലേക്ക് ഏറെ നേരം ഞാൻ നോക്കി നിന്നു. ഈ ഒരു നിമിഷമെങ്കിലും അച്ഛൻ ഒന്നു തിരികെ വന്നിരുന്നെങ്കിൽ. ഓർമ്മകൾക്ക് മുന്നിൽ രണ്ടു തുള്ളി കണ്ണീർ ഇറ്റു.

പഴയ താമസ സ്ഥലത്തിനു മുന്നിലെ റോഡിലൂടെ നടക്കുമ്പോൾ പഴയ സൗഹൃദങ്ങളിൽ ആരെയെങ്കിലും കണ്ടുമുട്ടിയെങ്കിലെന്ന് ആശിച്ചു. ഒന്നു രണ്ടു വീടുകളിൽ ചോദിച്ചെങ്കിലും അവർക്കാർക്കും അവരെ അറിയില്ല. എവിടെയായാലും ഈ പഴയ കൂട്ടുകാരി നിങ്ങളെ തേടിയെത്തിയത് മനസ്സുകൊണ്ടെങ്കിലും നിങ്ങളറിഞ്ഞു കാണുമെന്ന് കരുതട്ടെ. അല്ലെങ്കിലും നഷ്ടങ്ങൾ എന്നും നഷ്ടങ്ങൾ തന്നെയാണ്. അത് സൗഹൃദമായാലും ബന്ധങ്ങളായാലും. ഉള്ളു നീറ്റുന്ന വേദനയായി എന്നുമത് നമ്മെ പിൻ തുടരും.

കുട്ടികൾ ഈ നിമിഷമത്രയും എന്‍റെ മുഖത്തെ ഭാവമാറ്റങ്ങൾ ശ്രദ്ധിക്കുകയായിരുന്നു എന്നു തിരിച്ചറിഞ്ഞതോടെ കൂട്ടുകാർക്കൊപ്പം അമ്മ കുഞ്ഞായിരുന്നപ്പോൾ കളിച്ച കളിയിടങ്ങൾ കാണിച്ചു ശ്രദ്ധ തിരിച്ചു. പിന്നെ ഓടി മറിഞ്ഞാ പുൽത്തകിടിയിൽ അവർക്കൊപ്പം ഞാനുമിരുന്നു. ആ പഴയ ഊടുവഴികൾ കാടു പിടിച്ചു കിടക്കുന്നു. എങ്കിലും ആ വഴികളിലൂടെ തിരികെ നടന്ന് ഓർമകളുടെ പടവുകൾ ഓരോന്നായി ഇറങ്ങി. ആ സായംസന്ധ്യയിൽ നീല മലകളെ തഴുകിയെത്തിയ കുളിർകാറ്റ് ഞങ്ങളെ സ്നേഹാശ്ലേഷണം ചെയ്തു. ബാല്യം മറന്നു വെച്ച വഴികളിലൂടെ ഇനിയുമിനിയും സഞ്ചരിക്കണം നഷ്ട സുഗന്ധം തേടി.

और कहानियां पढ़ने के लिए क्लिक करें...