ആഘോഷവേളയെ വരവേൽക്കാൻ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് എല്ലാവരും. വീട് വൃത്തിയാക്കൽ മുതൽ അലങ്കാര വിളക്കുകളും കാലാവസ്തുക്കളും മറ്റും വാങ്ങി വീടലങ്കരിക്കുന്നത് വരെയുള്ള കാര്യങ്ങൾ ചെയ്യാനുള്ള തിരക്കുകളിലാണ് എല്ലാവരും. ഉത്സവനാളുകളിൽ മുഖവും മനസും നിറയാൻ ഒരു ഉഗ്രൻ മേക്കപ്പ് പരീക്ഷിച്ചു നോക്കാം. മുഖത്തിനും ചർമ്മത്തിനും ഇണങ്ങുന്ന മേക്കപ്പ് തെരഞ്ഞെടുത്തത് ഈ ആഘോഷ രാവിലെ താരമാകാം.
ഈ സ്പെഷ്യൽ മേക്കപ്പ് രീതികൾ ട്രൈ ചെയ്യുന്നതിന് സ്വന്തം മേക്കപ്പ് കിറ്റിൽ അത്യാവശ്യ മേക്കപ്പ് വസ്തുക്കൾ ഉണ്ടായിരിക്കണം. കൂടാതെ, മൊത്തത്തിലുള്ള രൂപഭംഗി വർദ്ധിപ്പിക്കുന്നതിന് മികച്ച ബ്രാൻഡിലുള്ള പിഗ്മെൻറഡ് ഐഷാഡോ പാലറ്റും മേക്കപ്പ് കിറ്റിൽ കരുതാം.
ഫെസ്റ്റിവൽ ലുക്കിനു അനുയോജ്യമായ ചില മേക്കപ്പ് രീതികൾ അറിയാം…
ഗ്ലാമറസ് ലുക്ക്
നൈറ്റ് പാർട്ടിക്കും ആഘോഷത്തിനും അനുയോജ്യമാണ് ഈ മേക്കപ്പ് രീതി. സിൽക്ക് സാരിയ്ക്കൊപ്പം മിനിമൽ ആഭരണങ്ങൾ അണിഞ്ഞ് സ്റ്റൈൽ ചെയ്യുന്ന രീതിയാണിത്. മോയ്സ്ചറൈസറും പ്രൈമറും ഉപയോഗിച്ച് മുഖം സുന്ദരമാക്കാം. ഈ മേക്കപ്പിൽ ഐഷാഡോയ്ക്ക് കൂടുതൽ പ്രാമുഖ്യം നൽകാം. കൺസീലർ ഉപയോ ഗിച്ച് ബേസ് ക്ലിയർ ചെയ്‌ത് കൺപോളയിൽ ഉടനീളം ന്യൂട് ഷാഡോ പുരട്ടുക. അതിന് മീതെയായി ബ്രോ ൻസ് ഷാഡോ ടച്ച് ചെയ്‌ത് ബ്രഷ് ഉപയോഗിച്ച് നന്നായി ബ്ലെൻഡ് ചെയ്യാം.
ഇനി മുഖത്തിന്‍റെ കാര്യം പറയുകയാണെങ്കിൽ ഫൗണ്ടേഷനും കൺസീലറും പുരട്ടുക. അടുത്തതായി, ബ്ലഷർ പ്രയോഗിച്ച് കവിൾത്തടങ്ങൾ, നെറ്റി, മൂക്ക് എന്നിവ ഹൈലൈറ്റ് ചെയ്യുക. ചുണ്ടിന് മനോഹാരിത പകരാൻ കാരറ്റ്, പിങ്ക് ഷേഡ് അല്ലെങ്കിൽ കടും ചുവപ്പ് എന്നിവയിൽ ഏതെങ്കിലും നിറത്തിലുള്ള ലിപ്സ്റ്റിക്ക് തെരഞ്ഞെടുക്കാം.
മിസ്റ്റി ലുക്ക്
വളരെ ബോൾഡും എന്നാൽ സൂക്ഷ്മവുമായ മേക്കപ്പ് സ്റ്റൈലിംഗ്. ഏത് ഔട്ട് ഫൈറ്റിനേയും കടത്തിവെട്ടുന്ന മേക്കപ്പ് ആണിത്. പരമ്പരാഗത മേക്കപ്പ് ലുക്ക് പകരുന്ന ഇത് ഒരു ഹോട്ട് ലുക്ക് നൽകും. നൈറ്റ് ടൈമിലെ ഫെസ്റ്റിവൽ പാർട്ടിയിൽ പങ്കെടുക്കുമ്പോൾ ഈ ലുക്ക് നിങ്ങളെ വേറിട്ടതാക്കും. ആദ്യം മുഖം മോയ്സ്ചറൈസ് ചെയ്ത് ഫൗണ്ടേഷൻ അപ്ലൈ ചെയ്ത് മുഖം ഒരുക്കി കൊണ്ട് മേക്കപ്പ് ആരംഭിക്കാം. തുടർന്ന് ഐ മേക്കപ്പ് ചെയ്യാം. ഇതിനായി മെറ്റാലിക് ഐഷാഡോ പാലറ്റ് ആവശ്യമാണ്. വിവിധ ഷെഡുകൾ ഉള്ള മികച്ച ബ്രാൻഡിലുള്ള മെറ്റാലിക് ഐ പാലറ്റ് മേക്കപ്പ് കിറ്റിൽ കരുതുന്നത് നല്ലതാണ്.
ചെമ്പ്, തവിട്ട്, മെറൂൺ എന്നിവയാണ് ഷേഡുകളാണ് ഇവിടെ ഉപയോഗിക്കുന്നത്. അകം വശത്ത് ചെമ്പ്, പുറംതവിട്ട്, അവസാനം കണ്ണിന്‍റെ ക്രീസ് ലൈനിൽ മെറൂൺ. നിറം ടച്ച് ചെയ്യാം. ഒരു ബ്രഷിന്‍റെ സഹായത്തോടെ നന്നായി ഇത് ബ്ലെൻഡ് ചെയ്യുക.
ഐലൈനർ ഉപയോഗിച്ച് കണ്ണിന് നേർത്ത ഔട്ട് ലൈൻ വരയ്ക്കാം. കടും ചുവപ്പ് നിറത്തിലുള്ള ലിപ്സ്റ്റിക്കാണ് ഈ മേക്കപ്പിന്‍റെ ഹൈലൈറ്റ്. ചുണ്ടിൽ കടും ചുവപ്പ് ലിപ്സ്റ്റിക്ക് അണിയാം. തുടർന്ന് മുഖത്ത് ഹൈഡ്രാ-മിസ്റ്റ് പൗഡർ അപ്ലൈ ചെയ്ത് മേക്കപ്പ് സെറ്റ് ചെയ്യാം. കവിൾത്തടങ്ങൾ, നെറ്റി, താടി, മൂക്ക്, കോളർ ബോൺ എന്നിവ ഹൈലൈറ്റ് ചെയ്‌ത് മേക്കപ്പിന് റിച്ച് ലുക്ക് നൽകാം. മേക്കപ്പ് ഫിക്സർ ഉപയോഗിച്ച് മേക്കപ്പ് ലുക്ക് സെറ്റ് ചെയ്യാം.
ഡ്രമാറ്റിക് മേക്കപ്പ് ലുക്ക്
ഈ ലുക്ക് ഒരുക്കാൻ അൽപ്പം ശ്രമകരമാണ്. എന്നാൽ ശരിയായ ടൂളുകളും മേക്കപ്പ് പാലറ്റുകളും ഉപയോഗിച്ച് അദ്ഭുതകരമായ ഈ മേക്കപ്പ് സൃഷ്ടിയ്ക്കാം. ഇതിന് ഗോൾഡ് ഹൈലൈറ്ററും ബ്രോൺസറും ഉള്ള മാറ്റ് ഫിനിഷ് ഫൗണ്ടേഷനാണ് മുഖത്ത് അപ്ലൈ ചെയ്യുന്നത്. ഒപ്പം അദ്ഭുതകരമായ ഐ മേക്കപ്പ് ലുക്ക് ലഭിക്കാൻ ആദ്യം കണ്ണുകളിൽ കൺസീലർ ഉപയാഗിച്ച് ഒരു ബേസ് ഉണ്ടാക്കുക. തുടർന്ന് ക്രീസ് വരെ ഇരുണ്ട തവിട്ട് നിറത്തിലുള്ള ഷേഡ് അപ്ലൈ ചെയ്യുകയെന്നതാണ് ആദ്യപടി.
ക്രീസ് ലൈനിന് മുകളിൽ മെറൂൺ അല്ലെങ്കിൽ ചുവപ്പ് ഷേഡ് ടച്ച് ചെയ്ത് നന്നായി യോജിപ്പിക്കുക. നാടകീയ രൂപം ലഭിക്കാൻ ഗോൾഡൻ ഐഷാഡോ ഉപയോഗിക്കുക. ഐഷാഡോ ഉപയോഗിക്കുന്നതിന് മുമ്പ് പുരികം ഐ ബ്രോ പെൻസിൽ ഉപയോഗിച്ച് ഷേപ്പ് ചെയ്യാം. അവസാനം ലുക്ക് പൂർത്തിയാക്കാൻ ന്യുഡ് ഷേഡ് ലിക്വിഡ് ലിപ്സ്റ്റിക് ചുണ്ടിൽ അപ്ലൈ ചെയ്യാം.
ലൈറ്റ് ഫെസ്റ്റിവ് ലുക്ക്
ഔദ്യോഗികമായ പാർട്ടിയ്ക്കാണ് ഈ ലുക്ക് ഇണങ്ങുക. അത് മാത്രമല്ല മേക്കപ്പ് മിതമായി ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും ഈ രീതി അവലംബിക്കാം. മേക്കപ്പിനായി മുഖം തയ്യാറാക്കിയ ശേഷം പുരികങ്ങൾ ഐ ബ്രോ പെൻസിൽ ഉപയോഗിച്ച് ഷേപ്പ് ചെയ്യാം. തുടർന്ന് ഐ മേക്കപ്പ് ചെയ്യാം.
വളരെ അനായാസമായ ഐ മേക്കപ്പ് ആണിത്. കൂടാതെ ഉപയോഗിക്കുന്ന മേക്കപ്പ് ഉൽപ്പന്നങ്ങളുടെ എണ്ണവും കുറവാണ്. പ്രൈമറും മോയ്സ്ചറൈസവും പ്രയോഗിച്ച് മേക്കപ്പ് തുടങ്ങുക. തുടർന്ന് ഐ മേക്കപ്പ്. അതിനുശേഷം കവിളുകൾ ബ്ലഷ് ചെയ്ത് ചുണ്ടിൽ കോറൽ ലിപ്സ്റ്റിക് പുരട്ടുക.
ഗ്ലിറ്ററിംഗ് ഫെസ്റ്റിവ് മേക്കപ്പ് ലുക്ക്
ബോൾഡ് മേക്കപ്പ് ആഗ്രഹിക്കുന്നവർക്ക് ഇത് അനുയോജ്യമാണ്. ഈ മേക്കപ്പിന്‍റെ ഹൈലൈറ്റ് കനത്ത ഐഷാഡോ പ്രയോഗിക്കുക എന്നതാണ് തിളങ്ങുന്ന ഐഷാഡോ മുതൽ ഇരുണ്ട ഷേഡിലുള്ള ലിപ്സ്റ്റിക്ക് വരെ, ഈ മേക്കപ്പ് പ്രതീതി പകരും.
വളരെ സൂക്ഷ്മമായ ഫേസ് മേക്കപ്പ് ആണ് ഇതിൽ ചെയ്യുക. ഐ മേക്കപ്പിൽ സിൽവർ ഐഷാഡോ ഹൈലൈറ്റ് ചെയ്യുന്നു. വൈൻ ഷേഡ് ലിപ്സ്റ്റിക്ക് മൊത്തത്തിലുള്ള ലുക്കിനെ ഹൈലൈറ്റ് ചെയ്യുന്നു. ഈ ഐഷാഡോ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം കണ്ണിന്‍റെ മേൽപോളയിൽ ഒരു ക്രീസ് ലൈനിന്‍റെ സഹായത്തോടെ ഒരു പാർട്ടീഷൻ ഉണ്ടാക്കുക എന്നതാണ്.
മുകളിലെ ക്രീസ് ഏരിയയിൽ ഐ മേക്കപ്പിൽ വ്യത്യസ്ത ഷേഡുകൾ കാണാം. അതിനു താഴെ വെള്ളിയുടെയും വൈൻ ഐഷാഡോയുടെയും മിശ്രിതം. കണ്ണ് ഐ ലൈനർ ഉപയോഗിച്ച് വാലിട്ട് എഴുതാം.
ഫെസ്റ്റിവ് മേക്കപ്പ് ലുക്കിനുള്ള ചില ടിപ്പുകൾ
ഏത് പാർട്ടിയിലും മികച്ച ആകർഷകവുമായ രൂപഭാവം സൃഷ്ടിച്ച് പാർട്ടിയിലെ താരമാകാൻ സഹായിക്കുന്ന ചില മേക്കപ്പ് ലുക്കുകളാണ് ഇവ. എന്നിരുന്നാലും, സ്വന്തമായി വേറിട്ട മേക്കപ്പ് ലുക്ക് സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ചില ടിപ്പുകൾ ഇതാ.
- മികച്ച ബ്രാൻഡിലുള്ള മെറ്റാലിക് ഐഷാഡോ പാലറ്റുകൾ മേക്കപ്പിനായി തെരഞ്ഞെടുക്കാം.
- ഇരുണ്ട ലിപ്ഷേഡുകൾ അല്ലെങ്കിൽ ഗ്ലിറ്ററിങ് ഇഫക്റ്റ് ഉള്ളത് തെരഞ്ഞെടുക്കുക.
- സ്മോക്കി ഐ മേക്കപ്പ് ചെയ്യാം. നിത്യഹരിത ട്രെൻഡ് ആണിത്.
- ഗ്ലിറ്ററിങ് മേക്കപ്പ് ലുക്കിന് സാറ്റിൻ അല്ലെങ്കിൽ ഡ്യൂ ഫിനിഷ് തെരഞ്ഞെടുക്കുക.