എടുത്തെറിഞ്ഞുടക്കാനും സ്വയം വീണു തകരാനും ആണ് ലോകം കുപ്പികൾ നിർമ്മിക്കുന്നതെന്ന് അയാൾക്കറിയാം.

എന്നിട്ടും അയാൾ കുപ്പികൾ ശേഖരിച്ചുകൊണ്ടിരുന്നു. പലനിറത്തിലും വലിപ്പത്തിലും ആകൃതിയിലും ഉള്ള കുപ്പികൾ.

ചെറുപ്പം മുതലുള്ള ഒരു ശീലം അനിവാര്യമായ ഒരു കർമ്മം പോലെ അയാൾ തുടർന്നു. കുപ്പികളെപ്പോലെ തന്നെ സൂക്ഷ്മതയോടെ എടുത്ത് പ്രയോഗിക്കേണ്ട ഒന്നാണ് ജീവിതം എന്ന് അയാൾക്ക് ബോധ്യം ഉള്ളതുപോലെ. അയാളുടെ ഏക കളിപ്പാട്ടം ചെറുപ്പത്തിൽ മണ്ണ് വാരിക്കളിച്ച ഒരു ചെറിയ കുപ്പിയായിരുന്നു. അമൂല്യമായ ഒരു നിധിപോലെ അത് ഇന്നും അയാളുടെ ശേഖരത്തിൽ ഉണ്ട്.

ആദ്യമായി സ്വന്തമാക്കിയത് ആ ചെറിയ കുപ്പിയായിരുന്നു എങ്കിലും വലിപ്പച്ചെറുപ്പം ഇല്ലാതെ അയാൾ കുപ്പികളെ സ്നേഹിച്ചു. അയാൾ ശേഖരിച്ചുവച്ച കുപ്പികൾക്കൊന്നും അടപ്പില്ലായിരുന്നു. ഒന്നും മൂടിവയ്ക്കുന്നത് അയാളുടെ ശീലമായിരുന്നില്ല.

തന്‍റെ സ്വകാര്യതയിലെ ആഹ്ളാദം നാട്ടുകാരറിയുന്ന വിശേഷമായി മാറിയത് കുപ്പികളോടുള്ള അയാളുടെ ഇഷ്ടം കലശലായപ്പോഴാണ്.

കേളു എന്ന കേളുക്കുട്ടിയെ നാട്ടുകാർ വിളിച്ചിരുന്നത് കേളുവേട്ടൻ എന്നായിരുന്നു. ഏതു കേളു എന്ന് ചോദിക്കുന്നവരോട് കുപ്പിക്കേളു എന്ന് അവർ പറയാൻ തുടങ്ങിയത് പിൽക്കാലത്താണ്.

അയാൾ ഇതറിഞ്ഞിരുന്നു എങ്കിലും സങ്കടപ്പെട്ടിരുന്നില്ല. പ്രകടമായി വിളിച്ചിരുന്നവരെ തിരിച്ചറിഞ്ഞപ്പോഴും ദേഷ്യപ്പെട്ടിരുന്നില്ല. കാരണം കുപ്പികളോട് ഒട്ടി നിൽക്കാൻ അയാൾക്ക് ഇഷ്ടമായിരുന്നു.

അയാളുടെ അച്ഛൻ സുഖമില്ലാതെ കിടന്ന കാലത്ത് ജനലിന്മേൽ നിരത്തിവെച്ച കഷായത്തിന്‍റെ കുപ്പികൾ അയാൾ എന്നും ശ്രദ്ധിച്ചിരുന്നു. പിന്നീട് മരുന്നുകളോടൊപ്പം അച്ഛനും ഒഴിഞ്ഞു പോയപ്പോൾ കുപ്പികൾ മാത്രം അയാളുടെ സ്വന്തമായി.

അച്ഛന്‍റെ മരണശേഷം വാടകവീട്ടിലായിരുന്നു അയാളുടെ താമസം. കൊച്ചു വീട്ടിൽ, തന്‍റെ കിടപ്പുമുറിയിൽ അയാൾ കുപ്പികൾ സൂക്ഷ്മതയോടെ അടുക്കി വെച്ചിരുന്നു.

മഴക്കാടുകൾ ഉള്ളിൽ നിറഞ്ഞ നേരം കാമുകിക്ക് സമ്മാനിച്ച സുഗന്ധദ്രവ്യം, തീർന്നപ്പോൾ അവൾ മടക്കിക്കൊടുത്ത പ്രണയം ഒഴിഞ്ഞ കുപ്പികൾ അയാൾ ആയിടെയാണ് തന്‍റെ ശേഖരത്തിൽ ഉൾപ്പെടുത്തിയത്. നഷ്ടപ്പെടലിന്‍റെ ഓർമ്മയ്ക്കായി വേദനയോടെ അയാൾ അത് സൂക്ഷിച്ചു.

വർഷങ്ങൾ കഴിഞ്ഞ് വിവാഹിതനായപ്പോഴും അയാൾ അത് ഉപേക്ഷിച്ചില്ല. ആദ്യരാത്രിയിൽ കിടപ്പുമുറിയിൽ എത്തിയ ഭാര്യക്ക് അത്ഭുതം ആയത് അയാൾ ഒരുക്കിവെച്ച കുപ്പികളുടെ പ്രപഞ്ചമാണ്. അന്ന് പുലരുവോളം കുപ്പികളെ കുറിച്ച് മാത്രമാണ് അവർ സംസാരിച്ചത്. പക്ഷേ ഒരു രഹസ്യം അയാൾ സൂക്ഷിച്ചു എടുത്തെറിഞ്ഞുടയ്ക്കാനും സ്വയം വീണ് തകരാനും ആണ് ലോകം കുപ്പികൾ നിർമ്മിക്കുന്നതെന്ന കണ്ടെത്തൽ അയാൾ അവളോട് പറഞ്ഞില്ല. അത് അനുഭവിച്ചറിയേണ്ട സത്യമാണെന്ന് അയാൾ കരുതിയിരിക്കണം.

കുപ്പികൾ മുഴുവൻ തുടച്ച് വൃത്തിയാക്കി വയ്ക്കുന്നത് അയാളുടെ ദിനചര്യയുടെ ഭാഗമായിരുന്നു. അശ്രദ്ധമൂലം ഒന്നു പോലും അയാളുടെ കൈകൊണ്ട് വീണ് തകർന്നിട്ടില്ല. വിവാഹശേഷം അയാളോടൊപ്പം ഭാര്യയും ആ പ്രക്രിയ പങ്കിട്ടു.

കുപ്പികൾ കൈകാര്യം ചെയ്യുന്നതിൽ അവൾക്ക് വേണ്ടത്ര ശ്രദ്ധ പോരാ എന്ന് അയാൾക്ക് തോന്നിയിരുന്നു. പക്ഷേ അയാൾ അതിനെക്കുറിച്ച് ഒന്നും പറഞ്ഞിരുന്നില്ല.

പരാതികൾ ഇല്ലാത്ത ജീവിതമായിരുന്നു അയാൾക്ക് ഇഷ്ടം. അതുകൊണ്ട് തന്നെ ആർക്കും പരിഭവം ഇല്ലാത്ത വിധം നല്ല കുടുംബസ്നേഹം ഉള്ളവനായി അയാൾ ജീവിക്കാൻ ശ്രമിച്ചു.

മൂക്കിൽ പൊടി വലിക്കുന്ന ശീലം അയാൾക്കുണ്ടായിരുന്നു. ഏതുസമയം തന്‍റെ കുപ്പായ കീശയിൽ ഒരു ചെറിയ കുപ്പി നിറയെ പുകയില പൊടി കരുതിയിരുന്നു. അയാളുടെ കൈവശമുള്ള ഏറ്റവും ചെറിയ കുപ്പികളിൽ ഒന്നായിരുന്നു അത്. ഭാര്യയ്ക്കും ആ കുപ്പി വലിയ ഇഷ്ടമായിരുന്നു.

അവളെക്കാൾ കൂടുതൽ അയാളുടെ നെഞ്ചിനോട് ഒട്ടിനിന്നത് അയാൾ കീശയിൽ കൊണ്ടുനടന്ന ആ കുപ്പിയായിരുന്നു.

മകന്‍റെ വിവാഹം കഴിഞ്ഞ് ഏകദേശം ഒരു വർഷം കഴിഞ്ഞപ്പോഴാണ് അയാളുടെ ഭാര്യ മരിച്ചത്. അതിനുശേഷം കൂടുതൽ ക്ഷീണിതനായ അയാളെ ജീവിക്കുവാൻ പ്രേരിപ്പിച്ചത് മുറി നിറഞ്ഞുനിൽക്കുന്ന കുപ്പികളുടെ സാന്നിധ്യമായിരുന്നു.

ആശയും ആശങ്കകളും പങ്കുവെക്കാൻ ആളില്ലാതായപ്പോൾ ഏകാന്തമായ അയാളുടെ മനസ്സ് കുപ്പികളെ കൂടുതൽ സ്നേഹിച്ചു തുടങ്ങി. പിന്നെ അയാളുടെ അശാന്തമായ ചിന്തകൾ ഒക്കെയും കുപ്പികളെ കുറിച്ച് മാത്രമായി.

വാർദ്ധക്യസഹജമായ അസ്വസ്ഥതകൾക്കൊപ്പം അയാളുടെ കൈവശമുള്ള കുപ്പികളുടെ എണ്ണവും കൂടിക്കൂടിവന്നു. അതിന്‍റെ പെരുപ്പം ഉൾക്കൊള്ളാൻ വീട്ടിലെ മുറിക്കും വീട്ടുകാർക്കും സാധിച്ചിരുന്നില്ല.

മകൻ പുതിയൊരു വീട് വച്ചപ്പോൾ അയാൾക്കും കുപ്പികൾക്കും ആയി ഒരു മുറി ഒഴിഞ്ഞു കൊടുത്തിരുന്നു. കുറേക്കൂടി ഇടം കിട്ടിയ സന്തോഷത്തിലായിരുന്നു അയാൾ.

അവിടുത്തെ വലിയ മുറി നിറയെ കുപ്പികൾ ആയപ്പോൾ മകന്‍റെ ഭാര്യ അതു മുഴുവൻ എടുത്ത് വിൽക്കുവാൻ ഒരിക്കൽ അയാളോട് ആവശ്യപ്പെട്ടു.

ഒരു ഉപകാരവും ഇല്ലാത്തതിനെ എന്തിനാണ് ഇനിയും സംരക്ഷിക്കുന്നത് എന്ന് മകനും ദേഷ്യപ്പെട്ടിരുന്നു അയാളോട്. പിന്നീട് പലപ്പോഴും കാരണമില്ലാതെ ആ വീട് മുഴുവൻ അയാളോട് കലഹിക്കുമായിരുന്നു.

മകന്‍റെ മകൻ കളിത്തോക്ക് കൊണ്ട് കളിക്കുമ്പോൾ അയാൾ തന്‍റെ കളിപ്പാട്ടത്തെ കുറിച്ച് ഓർക്കുമായിരുന്നു.

മണ്ണ് വാരി കളിച്ച കുപ്പിയെ കുറിച്ച്.

ഇന്ന് മണ്ണില്ല, മനുഷ്യനെ സ്നേഹിക്കുന്ന മനസ്സുമില്ല. അതുകൊണ്ടാണ് കളിപ്പാട്ടങ്ങളൊക്കെയും ആയുധങ്ങൾ ആകുന്നത് എന്ന് അയാൾ സങ്കടപ്പെട്ടു.

മകനും മകന്‍റെ ഭാര്യയും ചീത്ത പറയുമ്പോഴൊക്കെയും അവരുടെ കണ്ണുകളിലേക്ക് നോക്കി അർത്ഥവത്തായി ചിരിക്കുമായിരുന്നു അയാൾ. ഉള്ള് പൊള്ളിക്കുന്ന ആ ചിരിക്ക് ശേഷം അയാളെ കൂടുതൽ വഴക്ക് പറയാൻ അവർക്ക് കഴിഞ്ഞിരുന്നില്ല.

അങ്ങനെ സ്വയം തോൽപ്പിക്കാനായി ജീവിതത്തിൽ ഉടനീളം അയാൾ ചിരി കൊണ്ട് നടന്നു.

മൂർച്ചയുള്ള ഒരു കഷണം കുപ്പിച്ചില്ലുപോലെ.

പകൽ സമയങ്ങളിൽ പഴയ സാധനങ്ങൾ വിൽക്കാനുണ്ടോ എന്ന് അന്വേഷിച്ച് വീട്ടിടവഴിയിലൂടെ മൂക്കുത്തി അണിഞ്ഞ ഒരു സ്ത്രീ വരാറുണ്ടായിരുന്നു. ഒരിക്കൽ മകന്‍റെ ഭാര്യ അവരെ വിളിച്ച് കുപ്പികൾ മുഴുവൻ വിൽക്കാൻ ഒരുങ്ങിയപ്പോൾ അയാൾ മുറിയിൽ കയറി കതകടച്ചിരുന്നു.

ഇനിയൊരിക്കലും കതക് തുറക്കില്ല എന്ന് തീർച്ചപ്പെടുത്തിയത് ആയിരുന്നു. പക്ഷേ പുകയിലപ്പൊടി കുപ്പി പുറത്തുവച്ച് മറന്നത് കൊണ്ട് മാത്രമാണ് പ്രതിഷേധവും സങ്കടവും സമം ചേർന്ന അയാളുടെ വൃദ്ധ മനസ്സ് വാശി ഉപേക്ഷിച്ചത്.

കുപ്പികൾ ഈ വീട്ടിലെ അധികപ്പറ്റാകുന്നുണ്ടോ എന്ന ചിന്ത അയാളുടെ വ്യാകുലതയായത് അന്നുമുതലാണ്.

വീട്ടിലെത്തുന്ന പരിചിതരോട് പോലും പേരെന്താണ്? വീട് എവിടെയാണ്? ജോലി എന്താണ്? എന്നൊക്കെ അവർ പോകുന്നത് വരെ ആവർത്തിച്ചു ചോദിക്കുന്ന തരത്തിലേക്ക് അയാളുടെ ഓർമ്മ ശക്തി ക്ഷയിച്ച ഒരു കാലത്താണ് അയാളുടെ കുപ്പികൾ മുഴുവൻ വിൽക്കപ്പെട്ടത്.

ശേഷിപ്പുകൾ നഷ്ടമായ അയാളുടെ ബാക്കിയുള്ള ജീവിതം ഒരു അനുഷ്ഠാനമായി തീർന്നു. അശാന്തി പെയ്യുന്ന മനസ്സിൽനിന്ന് കനലുകൾ കണ്ണുകളിൽ വന്ന് നിറയുമ്പോൾ പകൽ രാത്രിയാവാനും രാത്രി പകുതി പിന്നിടുമ്പോൾ നേരം പുലരാനും അയാൾ പ്രാർത്ഥിക്കും. ഉള്ളിൽ എന്തോ ചിതറി തറഞ്ഞതിന്‍റെ വേദനയോടെ അയാൾ ഉണരുക വരണ്ട പകലിലേക്കോ, നിലാവ് ചത്ത രാത്രിയിലേക്കോ ആയിരിക്കും.

കാലബോധം അറിയാതെ ഉണർന്ന ഒരു പകൽ ജനലിന് അരികിൽ ഇരുന്ന് കുപ്പികളെ കുറിച്ച് ഒരു കിനാവ് കാണുന്നതിനിടയിലാണ് പുറത്ത് വെയിലിൽ അണ്ണാച്ചികൾ തൊടി കിളയ്ക്കുന്നത് അയാളുടെ ശ്രദ്ധയിൽപ്പെട്ടത്. പിന്നെ മണ്ണിനടിയിൽ ഉപേക്ഷിക്കപ്പെട്ട കുപ്പികളെ കുറിച്ചായി ചിന്ത.

മണ്ണ് വാരി കളിച്ച കുപ്പികളും മരണത്തിന് മുമ്പ് മരുന്നു കുടിച്ച് ഉപേക്ഷിച്ച കുപ്പികളും ഒറ്റിക്കൊടുക്കുന്നതിന് മുമ്പ് സ്നേഹിതൻ ഉപേക്ഷിച്ച മദ്യത്തിന്‍റെ കുപ്പികളും എല്ലാം ആയുധങ്ങൾ കൊണ്ട് തകർക്കപ്പെടുമെന്ന് അയാൾ ഭയപ്പെട്ടിരിക്കുമ്പോഴാണ് ഒരു കാറ്റ് വന്ന് ജനൽ പാളികൾ അടച്ചത്.

ജനൽ കാഴ്ച മറഞ്ഞതും കുപ്പികളെ കുറിച്ചുള്ള അയാളുടെ വിചാരവും നിലച്ചു. പിന്നെ വേറെ എന്നും ചെയ്യാൻ ഇല്ലാത്തതുകൊണ്ട് അയാൾ കട്ടിലിൽ പോയി കിടന്നു. നടുവേദനയും മൂത്രം നനഞ്ഞ കിടക്കയിലെ പുളിച്ച ഗന്ധവും അയാളുടെ അരിശമായി.

നിന്‍റെ ചെക്കൻ കിടക്കയിൽ മുഴുവൻ പാത്തിയിട്ടിക്കിന്ന്, സ്വൈര്യമായി കിടക്കാനും സമ്മതിക്കില്ല അസത്തേള് പതിവില്ലാത്ത വിധം അയാൾ മകന്‍റെ ഭാര്യയോടായി ഒച്ചവെച്ചു.

ഉടുമുണ്ടിന്‍റെ ഒത്ത നടുവിലെ നനവ് പടർന്ന അടയാളങ്ങൾ എന്നും അയാൾക്കെതിരായിരുന്നു. അതുകൊണ്ടുതന്നെ പിടിക്കപ്പെടുമ്പോൾ ഒച്ച വെക്കൽ അവസാനിപ്പിച്ച് അയാൾ അവിടെ തന്നെ പോയി കിടക്കും. എട്ടും പൊട്ടും തിരിയാത്ത കുഞ്ഞിനെ പോലെ.

തൊടുന്നതിനും പിടിക്കുന്നതിനും എല്ലാം കുറ്റം ചാർത്തപ്പെടാൻ തുടങ്ങിയപ്പോൾ ആ വീട്ടിലെ വേഗം ഏറിയ മറ്റു ജീവിതങ്ങളുമായി പൊരുത്തപ്പെടാൻ അയാൾ പാടുപെട്ടു.

എന്നിട്ടും…

പുകയില പൊടി നിറം പടർന്ന മൂക്കട്ട തുടച്ചുകൊണ്ട് രാപ്പകലിന്‍റെ രഹസ്യങ്ങൾ അറിയാതെ നനവ് ഉണങ്ങാത്ത കിടക്കയിൽ നഷ്ടപ്പെടുന്നതിനെ കുറിച്ച് ഓർത്ത് കൂടുതൽ വൃദ്ധനാവാൻ കാലം അയാളെ അനുവദിച്ചു.

അങ്ങനെ കാലം ചെയ്യാതെ കിടന്ന അയാളുടെ കാതുകളിലേക്കും കണ്ണുകളിലേക്കും പിന്നെ ഹൃദയത്തിലേക്കും കളിത്തോക്കിൽ നിന്ന് ഉണ്ടകൾ വന്ന് പതിക്കുന്നത് പതിവായപ്പോഴാണ് സ്വയം നഷ്ടപ്പെട്ടത് അയാൾ അറിഞ്ഞത്.

അപൂർവമായി ഓർമ്മ തിരിച്ചുകിട്ടുമ്പോഴെല്ലാം അയാൾ ഇന്നലെകളിൽ ഒരു നല്ല സ്വപ്നം പരത്തും. അപ്പോഴൊക്കെ അലോസരപ്പെടുത്തുന്ന എന്തെങ്കിലുമൊക്കെയാവും തെളിഞ്ഞു വരിക.

അയൽക്കാരൻ അതിഥിയെ കുപ്പി പൊട്ടിച്ച് കൊലപ്പെടുത്തിയതോ മറ്റോ ഉള്ളിൽ നിറയുമ്പോൾ അയാൾക്ക് പതിവില്ലാത്ത വിധം പേടി തോന്നും.

ഇങ്ങനെ സ്വയം ശപിച്ചിരിക്കുമ്പോഴാണ് അണ്ണാച്ചികൾ തൊടിയിൽ നിന്ന് ശ്രദ്ധാപൂർവ്വം കുഴിച്ചെടുത്ത ഒരു വലിയ കുപ്പി മകൻ അയാൾക്ക് കാഴ്ച വെച്ചത്.

അപ്രതീക്ഷിതമായി അനുഭവപ്പെട്ട മകന്‍റെ സ്നേഹം അയാൾക്ക് അത്ഭുതമായി. കൈവിട്ടതിൽ അധികം തിരിച്ചുകിട്ടിയ സന്തോഷത്തിൽ വൃദ്ധന്‍റെ മനസ്സ് നിറഞ്ഞു.

അപൂർവ്വമായ ആ കുപ്പി സ്വന്തമാക്കിയ അയാളുടെ ആഹ്ളാദം മകൻ പങ്കുവെച്ചത് അയാളെ അതേ കുപ്പിയിൽ അടച്ചുവെച്ചുകൊണ്ടാണ്.

ഈ സ്നേഹപ്രകടനം കണ്ട്  പകച്ചുപോയ വൃദ്ധ പിതാവിന്‍റെ കണ്ണിൽ നിസ്സഹായത നിറഞ്ഞു. താമസിയാതെ അയാളെ നിറച്ചു വെച്ച കുപ്പി അതിഥി മുറിയിൽ സ്ഥാപിക്കപ്പെട്ടു.

പ്രിയമുള്ളവരെ, നിങ്ങൾ നിങ്ങളുടെ തോക്കുകളിൽ ഉണ്ടകൾ കരുതിവയ്ക്കുക. കാരണം ഈ ലോകം ഇനിയും കുപ്പികൾ നിർമ്മിക്കും. അതിൽ സുന്ദരങ്ങളായ ജീവിതങ്ങൾ വന്ന നിറയുമ്പോൾ നിങ്ങൾക്ക് വെടിവെച്ച് കളിക്കാം.

ഉള്ളിൽ അമർന്നുപോയ വൃദ്ധവിലാപത്തിനുശേഷം അയാൾ ദയാവധം കാത്തു കിടന്നു.

അനന്തരം

ആരോ ശ്വാസം മുട്ടി ചില്ലു കഷണങ്ങളായി ചിതറിത്തെറിക്കുന്നത് ആ വീട് അറിഞ്ഞു.

और कहानियां पढ़ने के लिए क्लिक करें...