ഒരു കംപ്ലീറ്റ് ഫൺ പായ്ക്കാണ് നീതുവിന്‍റെ ഓരോ വീഡിയോയും. തുടക്കം മുതൽ ചിരിയടക്കാതെ വീഡിയോകൾ കാണാൻ പറ്റില്ല. അസൂയക്കാരൻ അമ്മാവൻ, കുശുമ്പി അമ്മാവിയമ്മ, പാവം മരുമകൾ, കലഹപ്രിയയായ മരുമകൾ, പാവത്താൻ ഗൃഹനാഥൻ, ഫ്രീക്കൻ പയ്യൻ, മകൾ… ഇങ്ങനെ ഓരോ കഥാപാത്രങ്ങളിലൂടെ നീതു തകർപ്പൻ പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. നമ്മെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഓരോ കഥാപാത്രങ്ങൾ. സ്വന്തം ശബ്ദത്തിലൂടെ വീഡിയോകൾ തയ്യാറാക്കുന്ന നീതു സോഷ്യൽ മീഡിയയിലെ ശ്രദ്ധേയമായ ഒരു താരമാണ്. മാനറിസങ്ങളും സംഭാഷണരീതിയുമൊക്കെ കൊണ്ട് സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് ആരാധകരെയാണ് സ്വന്തമാക്കിയിരിക്കുന്നത്. നാട്ടിൻ പുറത്തെയും നഗരത്തിലെയും ജീവിത മുഹൂർത്തങ്ങളെ നർമ്മത്തിൽ ചാലിച്ച് അവതരിപ്പിക്കാനുള്ള നീതുവിന്‍റെ അസാമാന്യമായ കഴിവും ഊർജ്‌ജവും പ്രശംസനീയം തന്നെ! യുട്യൂബ് ചാനലിലൂടെ സ്വയം പര്യാപ്തത കൈവരിച്ച നീതുവിന്‍റെ വിശേഷങ്ങൾ അറിയാം.
തുടക്കം
ഞാൻ എംഎസ്സിക്ക് ബയോ കെമിസ്ട്രിയാണ് പഠിച്ചത്. ബയോകെമിസ്റ്റായി മൂന്നുവർഷം ഒരു സ്‌ഥാപനത്തിൽ ജോലി ചെയ്തിരുന്നു. അതുകഴിഞ്ഞ് വിവാഹം നടന്നതോടെ ജോലിക്ക് പോയില്ല. അങ്ങനെ ഇരിക്കെ യാദൃശ്ചികമായി ടിക്ടോക്കിലൂടെ വീഡിയോ ചെയ്തു തുടങ്ങി. അന്നൊക്കെ എല്ലാവരെയും പോലെ ലിപ് സിങ്കിംഗ് ചെയ്തു കൊണ്ടുള്ള വീഡിയോകളാണ് ചെയ്തിരുന്നത്. അങ്ങനെ ഒരു ദിവസം സ്വന്തം ശബ്ദത്തിൽ ടിക്ടോക്കിൽ ഒരു വീഡിയോ ചെയ്തിരുന്നു. ആദ്യമായി സ്വന്തം ശബ്ദത്തിൽ ചെയ്ത ഒന്ന്. സംഭവം കലക്കി, ആ വീഡിയോ ക്ലിക്ക് ആയി. ടിക്ടോക്കിൽ ക്ലിക്ക് ആയ വീഡിയോ നല്ല വ്യൂസും കിട്ടി. അതോടെ എന്‍റെ സ്വന്തം ശബ്ദം എല്ലാവർക്കും ഇഷ്ടമായെന്ന് മനസ്സിലായി. 2020 ആഗസ്‌റ്റിലാണ് ഞാൻ യുട്യൂബ് ചാനൽ തുടങ്ങുന്നത്. ടിക്ടോക് നിരോധിച്ചതോടെ യുട്യൂബിൽ വീഡിയോകൾ ഇട്ടു തുടങ്ങി. ആദ്യമൊക്കെ വ്യൂസ് വളരെ കുറവായിരുന്നു.
കലാപ്രവർത്തനങ്ങൾ…
സ്കൂളിലും കോളേജിലും കലാപരിപാടികളിലൊന്നും സജീവമായിരുന്നില്ല. പ്ലസ്ടുവിന് പഠിക്കുമ്പോൾ ഒരു ഗ്രൂപ്പ് സോങ്ങിന് ചേർന്നത് ഓർമ്മയുണ്ട്. പിന്നെ അഞ്ചിലോ ആറിലോ മറ്റോ പഠിക്കുമ്പോൾ ഒരു നാടകത്തിൽ ഭടനായി അഭിനയിച്ചതും. ചെറിയ രീതിയിൽ പാട്ടുപാടുമായിരുന്നു. പഠനത്തിൽ ശരാശരിയായിരുന്നു. കലോത്സവം വിഷയമാക്കി ഒരു വീഡിയോ ചെയ്തപ്പോൾ കലോത്സവങ്ങളിൽ സജീവമായിരുന്ന ആളാണോ എന്ന് എന്നോട് പലരും ചോദിച്ചിരുന്നു. സ്റ്റേജിൽ കയറി എന്തെങ്കിലും ചെയ്യണമെന്നൊക്കെ ആഗ്രഹമുണ്ടായിരുന്നു. പക്ഷെ ആരും പ്രോത്സാഹിപ്പിക്കാൻ ഉണ്ടായിരുന്നില്ല. പൊതുവെ എല്ലാക്കാര്യത്തിൽ നിന്നും മാറി നിൽക്കുന്ന ഒരാളായിരുന്നു ഞാൻ.
ആദ്യ വീഡിയോ
വിവാഹം കഴിച്ചയച്ച മകൾ വീട്ടിൽ വന്നു നിൽക്കുന്ന ഒരു വീഡിയോയാണ് ഞാൻ ആദ്യമായി ചെയ്യുന്നത്. ഒരു ദിവസം നിൽക്കാൻ വന്ന മകൾ ഒരാഴ്ച രണ്ടാഴ്ചയും പിന്നിട്ട് ഒരു മാസം കഴിഞ്ഞിട്ടും മടങ്ങി പോകാത്തത് കണ്ട് അമ്മയ്ക്ക് ഉണ്ടാകുന്ന ആധി വിഷയമാക്കിയുള്ള വീഡിയോ. ടിക്ടോക്കിൽ ക്ലിക്ക് ആയ വീഡിയോ ആയിരുന്നു അത്.
കണ്ടന്‍റുകൾ കണ്ടെത്തുന്നത്
കൺസെപ്റ്റ് കണ്ടെത്തുന്നതും സ്ക്രിപ്റ്റ് തയ്യാറാക്കുന്നതും അഭിനയിക്കുന്നതും എഡിറ്റ് ചെയ്യുന്നതും അപ്പ്ലോഡ് ചെയ്യുന്നതുമൊക്കെ ഞാൻ തന്നെയാണ്. എന്തെങ്കിലും രസകരം ആയിട്ടുള്ള സമകാലിക സംഭവങ്ങളാണ് ഞാൻ വീഡിയോയിൽ പ്രമേയമാക്കുന്നത്. അല്ലാതെ ആരും എന്നോട് അത് ചെയ്യ് ഇത് ചെയ്യ് എന്നൊന്നും നിർദ്ദേശിക്കാറില്ല. ചുറ്റുവട്ടത്ത് നടക്കുന്ന സംഭവങ്ങളാണ് വീഡിയോയിൽ പ്രമേയമാക്കുക, അതിൽ വരുന്ന കഥാപാത്രങ്ങളെല്ലാം നമുക്ക് ചുറ്റിലും ഉള്ളവർ തന്നെയാണ്.
മുമ്പ് ഞാനാരെയും നിരീക്ഷിക്കാറേയില്ലായിരുന്നു. യുട്യൂബിൽ സജീവമായതോടെയാണ് നിരീക്ഷിക്കാൻ തുടങ്ങിയത്. അവരുടെ സംഭാഷണങ്ങൾ, മാനറിസങ്ങൾ പ്രവർത്തികളൊക്കെ നിരീക്ഷിക്കാറുണ്ട്. അവരൊക്കെയാണ് എന്‍റെ കഥാപാത്രങ്ങളായി അവതരിക്കുന്നത്. കണ്ടന്‍റിന് ഒരു ക്ഷാമവുമില്ല. എന്നിരുന്നാലും ഒരേ കൺസെപ്റ്റിലുള്ള വീഡിയോ ആരെങ്കിലും ചെയ്തു കണ്ടാൽ അതിൽ നിന്നും വ്യത്യാസം വരുത്തി ചെയ്യാൻ ഞാൻ ശ്രമിക്കാറുണ്ട്. ക്യാപ്ഷൻ ചിലപ്പോൾ ഒരു പോലെയാകാം. ഉദാഹരണത്തിന് ആൺ കാണൽ ചടങ്ങ് പോലെയുള്ളവ. ആരും ചെയ്യാത്ത ഒരു ട്വിസ്റ്റ് എന്‍റെ വീഡിയോയിൽ ഉണ്ടാക്കാൻ ശ്രമിക്കാറുണ്ട്. ചിലപ്പോഴൊക്കെ ക്ലൈമാക്സ് കിട്ടാൻ രണ്ടുമൂന്നു ദിവസം വരെ ചെലവഴിക്കും.
എന്തെങ്കിലും ഐഡിയ പറയാമോ എന്ന് അമ്മയോടും അമ്മാവിയമ്മയോടും ചോദിക്കുമ്പോൾ ഞങ്ങൾ എന്ത് പറയാനാണ് നീ എന്തെങ്കിലും ആലോചിക്ക് എന്ന് അവർ പറയും. അവർക്കറിഞ്ഞുകൂടാത്ത് കൊണ്ടാണത്. അല്ലാതെ സഹായിക്കാൻ മനസ്സില്ലാത്തതു കൊണ്ടല്ല. എന്നാൽ എന്‍റെ കൺസെപ്റ്റ് ഒക്കെ കേട്ട് നല്ല അഭിപ്രായങ്ങൾ അവർ പറയാറുമുണ്ട്. ഏകദേശം 10 മണിക്കൂർ വരെ സമയം എടുക്കും സീൻ ബൈ ആയി സ്ക്രിപ്റ്റ് എഴുതാൻ. ഇക്കാര്യത്തിൽ ആരും സഹായിക്കാറില്ല.
എല്ലാ വീഡിയോയും ഹിറ്റ് ആകണമെന്ന് ഞാൻ വിചാരിക്കുന്നില്ല. 10000 പേരാണ് കാണുന്നതെങ്കിൽ അത്രയും പേർ കണ്ടല്ലോ, അല്ലാതെ ലക്ഷക്കണക്കിന് വ്യൂസ് കിട്ടണമെന്നൊന്നും ആഗ്രഹിക്കാറില്ല. നമ്മൾ ഒരു വീഡിയോ ചെയ്യുമ്പോൾ ഒരാളെങ്കിലും നല്ലതാണെന്ന് പറയാനുണ്ടായാൽ അതിൽ കൂടുതലായി മറ്റൊന്നും എനിക്ക് വേണ്ട.
വീഡിയോയിൽ അമ്മ, ചേച്ചി, കുട്ടികൾ എന്നിവരൊക്കെ സജീവമാണല്ലോ
എന്‍റെ ചേച്ചിയുടെ രണ്ടാമത്തെ മോൾ കുഞ്ഞുനാൾ തുടങ്ങി എന്‍റെ വീഡിയോയിൽ അഭിനയിക്കുന്നുണ്ട്. എന്തു പറഞ്ഞു കൊടുത്താലും അവൾ പെട്ടെന്ന് ക്യാച്ച് ചെയ്ത് ചെയ്യും. എനിക്കൊരു മകനാണ് ഉള്ളത്. കുറെ പ്രാവശ്യം വിളിച്ചാൽ മാത്രമേ അവൻ എന്തെങ്കിലും ഒരു ഡയലോഗ് പറയാനോ വീഡിയോയിൽ പ്രത്യക്ഷപ്പെടാനോ തയ്യാറാകൂ. പക്ഷേ ചേച്ചിയുടെ രണ്ട് മക്കൾക്കും വീഡിയോയിൽ അഭിനയിക്കാൻ വലിയ താല്പര്യമാണ്. അതിൽ കൂടുതൽ ഉത്സാഹം രണ്ടാമത്തെ മോൾക്കാണ് ചില സമയത്ത് അവൾ മൂഡ് ഓഫ് ഒക്കെ ആകും, പറ്റില്ല എന്നൊക്കെ പറയും. കയ്യും കാലും പിടിച്ചു സമ്മതിപ്പിച്ചുമാണ് വീഡിയോയിൽ കൊണ്ടുവരുന്നത്. ചെറിയ സീനുകളിലൊക്കെ അമ്മ പ്രത്യക്ഷപ്പെടാറുണ്ട്. ചേച്ചിയും അങ്ങനെ തന്നെ. പിന്നെ എടുത്ത് പറയേണ്ടത് എന്‍റെ ഭർത്താവിന്‍റെ അമ്മയുടെ പിന്തുണയെക്കുറിച്ചാണ്. ചേട്ടന് അഭിനയിക്കാൻ താൽപര്യമില്ലെങ്കിലും അദ്ദേഹത്തിന്‍റെ സർവ്വവിധ പിന്തുണ എനിക്കുണ്ട്. ചേട്ടൻ ഇല്ലാത്തപ്പോൾ വീഡിയോ എടുത്ത് തരാൻ സഹായിച്ചിരുന്നത് അമ്മയാണ്. എന്‍റെ ഭർത്താവിന് ക്യാമറയ്ക്ക് മുന്നിൽ വരാൻ മടിയാണ്. പക്ഷേ അദ്ദേഹം വീഡിയോ ഒക്കെ എടുത്തു തരും. എത്ര രാത്രിയായാലും ശരി! ട്രിപ്പ് പോകാൻ തയ്യാറായി നിൽക്കുമ്പോൾ പോകുന്നതിന് മുമ്പായി ഉള്ള സീൻ എടുക്കേണ്ടി വരും. ട്രിപ്പിന് പോകാൻ എത്ര വൈകിയാലും ശരി അത് എടുത്തു തരാൻ അദ്ദേഹത്തിന് വലിയ ഇഷ്ടമാണ്. ചേട്ടന്‍റെ അമ്മയുള്ളപ്പോൾ അമ്മയായിരിക്കും വീഡിയോ എടുത്തു തരിക. അങ്ങനെ എല്ലാവരുടെയും ഫുൾ സപ്പോർട്ട് എനിക്കുണ്ട്. വീട്ടിൽ ഭർത്താവ്, ഭർത്താവിന്‍റെ അച്‌ഛനും അമ്മയും എന്‍റെ അമ്മയും അച്‌ഛനും ചേച്ചിയും ചേട്ടനും അനിയനും അനിയന്‍റെ ഭാര്യയും ഒക്കെ എനിക്ക് പിന്തുണയായി ഉണ്ട്. എന്തെങ്കിലും ഫംഗ്ഷനോ പ്രമോഷൻ പരിപാടിയോ വന്നാൽ കൊണ്ടു പോകുന്നത് ചേച്ചിയും ചേച്ചിയുടെ ഭർത്താവും കൂടിയാണ്. അവരെല്ലാവരും കൂടിയുള്ളതാണ് എന്‍റെ ശക്തിയും ബലവും.
ചിരിപ്പിച്ച സ്വന്തം വീഡിയോ
അങ്ങനെ കുറെ വീഡിയോസ് ഉണ്ട്. പ്രത്യേകിച്ചും എഡിറ്റ് ചെയ്യുമ്പോൾ അതിലെ രംഗങ്ങളും മറ്റ് കണ്ടിട്ട് എനിക്ക് ചിരി വരാറുണ്ട്. ഹൗസ് വാമിംഗ് വിഷയമാക്കിയ ഒരു വീഡിയോയിൽ ഒരു അമ്മാവൻ ഉണ്ട്. വീട് അഴുക്കാവുമെന്ന് പറഞ്ഞ് കൊച്ചിന്‍റെ പിന്നാലെ നടക്കുന്ന അമ്മാവൻ. അതിലെ കുട്ടി എന്‍റെ മകനാണ്. അതിലെ അമ്മാവനെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. ആ വീഡിയോ എപ്പോൾ കണ്ടാലും എനിക്ക് ചിരി വരും. പിന്നെ മറ്റൊരു വീഡിയോയിലെ സൈക്കോ ഭാര്യ. നല്ലതും മോശവുമായ വശങ്ങൾ പറയുന്ന കഥാപാത്രം. അങ്ങനെ കുറെ ചിരിപ്പിച്ച വീഡിയോകൾ ഒരുപാടുണ്ട്.
വെറൈറ്റി അമ്മായിഅമ്മമാർ…
കുറേ അമ്മായിയമ്മമാർ ഉണ്ടല്ലോ. അവരിൽ ചിലരൊക്കെ പാവങ്ങളായിരിക്കും. ചിലർ കുശുമ്പുള്ളവരും മറ്റ് ചിലർ വഴക്കാളികളും ആയിരിക്കും. അക്കൂട്ടത്തിൽ നല്ലതു പറഞ്ഞിട്ട് തിരിഞ്ഞു നിന്ന് മോശം പറയുന്നവരുമുണ്ടാകും. അങ്ങനെ ഉള്ള റിയലിസ്റ്റിക് ആയ അമ്മായിയമ്മമാരെയാണ് ഞാൻ വീഡിയോയ്ക്ക് വേണ്ടി തെരഞ്ഞെടുത്തത്. അവർ ഹിറ്റായി. ഇത്തരത്തിൽ 25 ടൈപ്പ് അമ്മാവിയമ്മമാരെ ഒരു വീഡിയോയിൽ അവതരിപ്പിച്ചത് കണ്ട് കൗമുദി ചാനലിൽ നിന്ന് ഒരു ഇന്‍റർവ്യൂവിന് എന്നെ വിളിക്കുകയുണ്ടായി. യഥാർത്ഥത്തിൽ വീഡിയോയിൽ 32 അമ്മാവിയമ്മമാരെയാണ് ഞാൻ അവതരിപ്പിച്ചത്. റൗണ്ട് ഫിഗർ ആകട്ടെ എന്ന് വിചാരിച്ച് 25 ൽ ഒതുക്കുകയായിരുന്നു. 25 ഭാര്യമാരെയും ചെയ്തിട്ടുണ്ട്. പക്ഷേ അത് അത്ര ഹിറ്റായില്ല.
സിനിമ അവസരങ്ങൾ…
മൂന്നാല് സിനിമയിൽ നിന്നുള്ള ഓഫറുകൾ വന്നിരുന്നു. എന്നാൽ ചാൾസ് എന്‍റർപ്രൈസസ് എന്ന സിനിമയിൽ മാത്രമാണ് ഞാൻ അഭിനയിച്ചത്. സിനിമ എന്താണെന്ന് എനിക്കറിയണമായിരുന്നു. അങ്ങനെയാണ് ഞാൻ അതിൽ അഭിനയിക്കാൻ പോകുന്നത്. അതിനുശേഷം രണ്ടുമൂന്നു സിനിമകൾ വന്നിരുന്നു. പക്ഷേ വേണ്ടായെന്ന് പറഞ്ഞ് അവരെ മുഷിപ്പിച്ചില്ല. ഞാൻ അപ്പോൾ പ്രിപെയേഡ് ആയിരുന്നില്ല. സിനിമയ്ക്ക് സമയം നല്ലവണ്ണം വേണം.
സിനിമ മോഹം ഇല്ല. കിട്ടുന്ന അവസരം പാഴാക്കരുത് എന്നൊക്കെ പലരും പറയാറുണ്ട്. പക്ഷേ എനിക്ക് അങ്ങനെ ആഗ്രഹം ഇല്ല. വീട്ടുകാരോടൊപ്പം ചിരിച്ച് സന്തോഷമായിട്ടിരിക്കുന്നതിലാണ് എനിക്കിഷ്ടം. കൊതി എന്ന ഷോർട്ട് ഫിലിമിൽ അഭിനയിച്ചിരുന്നു. അതിലെനിക്ക് മികച്ച അഭിനേത്രിക്കുള്ള ഒരു അവാർഡ് ലഭിച്ചിരുന്നു.
നടി കൽപ്പനയെ പോലെ…
ഒരിക്കൽ ഒരു സിനിമയുടെ കഥ കേൾക്കാൻ പോയപ്പോൾ കൽപ്പന ചേച്ചി, ലളിതാമ്മ എന്നിവരുടെയൊക്കെ ഇരിപ്പിടങ്ങൾ ഒഴിഞ്ഞു കിടക്കുകയാണ്. നീതുവിന് അവരെപ്പോലെ നല്ല കഴിവുണ്ട് എന്നൊക്കെ ആ സിനിമയുടെ ഡയറക്ടർ പറഞ്ഞിരുന്നു. സത്യത്തിൽ ആ സിനിമയിൽ ഞാൻ അഭിനയിച്ചില്ല എന്നുള്ളതാണ് രസകരമായ കാര്യം. അത് മറ്റൊന്നും കൊണ്ടായിരുന്നില്ല അന്നെനിക്ക് സുഖമില്ലാതെ വന്നു.
കോസ്റ്റ്യൂംസ് തെരഞ്ഞെടുക്കുന്നത്…
വീട്ടിൽ ചേച്ചിയുടെയും അമ്മയുടെയൊക്കെ നൈറ്റിയും സാരിയും ഡ്രസ്സുമൊക്കെയാണ് ഞാൻ എന്‍റെ കഥാപാത്രങ്ങൾക്കായി ഉപയോഗിക്കുന്നത്. ഒരു കൺസെപ്റ്റ് കിട്ടുമ്പോൾ അതിലെ കഥാപാത്രങ്ങളുടെ ചെറിയ കാര്യങ്ങൾ വരെ ഞാൻ ശ്രദ്ധിക്കാറുണ്ട്. ഉദാഹരണത്തിന് കമ്മല് പോലും. പക്ഷേ മറന്നു പോകുന്ന ഒരു കാര്യമുണ്ട്. എന്‍റെ കൈയിലുള്ള ടാറ്റൂ. എന്‍റെ ഹസ്ബൻറിന്‍റെ പേരാണ് ടാറ്റൂവിലുള്ളത്. വീഡിയോ ഷൂട്ട് ചെയ്യുമ്പോൾ ആ ടാറ്റു മറയ്ക്കാൻ മറന്നു പോകാറുണ്ട്. ബാക്കി എല്ലാം ഡ്രസ്സ്, സ്റ്റൈൽ ഒക്കെ കഥ അനുസരിച്ച് മാറ്റം വരുത്തും. പിന്നെ എന്‍റെ ആ ചുരുണ്ട മുടിക്കാരൻ ഫ്രീക്കൻ പയ്യനെ എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ്. അവന്‍റെ ചുരുളൻ മുടിയും വേഷവും ഒക്കെ മിക്കവരെയും ചിരിപ്പിക്കാറുണ്ടെന്നാണ് പറയുന്നത്. പക്ഷേ എന്‍റെ അമ്മ പറയുന്നത് ഫ്രീക്കൻ പയ്യന് ഒരു ഭ്രാന്തന്‍റെ ലുക്ക് ആണെന്നാണ്. കഥാപാത്രങ്ങൾക്കുള്ള മീശ, വിഗ് ഒക്കെ ഞാൻ ആലുവയിലുള്ള ഒരു കടയിൽ നിന്നാണ് വാങ്ങുന്നത്.
യുട്യൂബ് വരുമാനം…
മുമ്പ് ജോലിയില്ലാതിരുന്ന സാഹചര്യത്തിൽ ഭർത്താവ് തരുന്ന പണം സൂക്ഷിച്ചു വയ്ക്കുമായിരുന്നു. അല്ലെങ്കിൽ എന്തെങ്കിലും ആവശ്യം വന്നാൽ ഭർത്താവിനോട് ചോദിക്കും. അതുകൊണ്ട് വരുമാനമില്ല എന്നതോർത്തു വിഷമിക്കേണ്ടി വന്നിട്ടില്ല. തരുന്ന പണം സൂക്ഷിച്ചു വച്ച് മോന്‍റെയും ചേട്ടന്‍റെയുമൊക്കെ പിറന്നാളിന് സമ്മാനങ്ങൾ വാങ്ങി അവർക്ക് നൽകുമായിരുന്നു. അതൊക്കെ കുഞ്ഞുസമ്മാനങ്ങൾ ആയിരുന്നു. സ്വന്തമായി വരുമാനം കിട്ടി തുടങ്ങിയതോടെ മോന് ചെയിനും മറ്റും വാങ്ങി നൽകി. എന്‍റെ വരുമാനം കൊണ്ട് വീടുവച്ചു, കാർ വാങ്ങി. തുടക്കത്തിൽ പണം കിട്ടും എന്നൊന്നും വിചാരിച്ചായിരുന്നില്ല വീഡിയോകൾ ചെയ്‌തിരുന്നത്. അങ്ങനെ വലിയ വ്യൂസ് കിട്ടണമെന്നൊന്നും ആഗ്രഹമില്ല. രണ്ടുമൂന്നു മണിക്കൂർ കൊണ്ട് ഒരു ലക്ഷം വ്യൂസ് കിട്ടിയ വീഡിയോകൾ ഉണ്ട്. ഒരു ദിവസം കൊണ്ട് ഒരു മില്യൺ വ്യൂസ് വരെ കിട്ടിയ വീഡിയോകളും ഉണ്ട്. എല്ലാവർക്കും ഇഷ്ടപ്പെടുന്നതു കൊണ്ടാണത്. കഷ്ടപ്പെടുന്നതിന് ഫലം ഉണ്ടാകണമെന്ന് ആഗ്രഹിക്കാറുണ്ട്.
വീഡിയോയ്ക്ക് പൊതുവേ നെഗറ്റീവ് കമന്‍റ്സ് ഉണ്ടാകാറില്ലല്ലോ
ശരിയാണ് എന്‍റെ വീഡിയോസിന് നെഗറ്റീവ് കമന്‍റ് പൊതുവെ ഇല്ല. സാധാരണ ഞാൻ ചെയ്യുന്ന 10 കഥാപാത്രങ്ങളിൽ രണ്ടോ മൂന്നോ പേരെ സ്വന്തം ജീവിതത്തിൽ കണ്ടിട്ടുള്ളവരായിരിക്കും മിക്കവരും. അതുകൊണ്ടാണ് നെഗറ്റീവ് കമന്‍റ് പറയാൻ പറ്റാത്തതെന്ന് തോന്നുന്നു. ഇനി അത്തരം കമന്‍റുകൾ കാണാതെ കിടപ്പുണ്ടോ എന്നും അറിയില്ല. 200 കമന്‍റ്സ് ഉണ്ടെങ്കിൽ അതിൽ എല്ലാം നല്ലതാണെന്ന അഭിപ്രായമായിരിക്കും ഉണ്ടാവുക. പരമാവധി എല്ലാ കമന്‍റ്സിനും റിപ്ലൈ കൊടുക്കാൻ ശ്രമിക്കാറുണ്ട്. വീഡിയോ കാണുന്നവർ അവരുടെ വിലപ്പെട്ട സമയം എനിക്ക് വേണ്ടി മാറ്റി വയ്ക്കുന്നതല്ലേ. അതുകൊണ്ട് ഞാൻ അതിനെ അങ്ങേയറ്റം വിലമതിക്കുന്നുണ്ട്. ചിലർ ഒക്കെ ഇൻസ്റ്റയിൽ പരാതി പറയാറുണ്ട്. റിപ്ലൈ തരുന്നില്ലായെന്നു. പലപ്പോഴും സമയക്കുറവുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്. ടിക്ടോക്കിൽ വീഡിയോ ചെയ്യുമ്പോൾ കമന്‍റ് ബോക്സിൽ ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞുള്ള ലൗ സിംബലും, ഇമോജി യുമൊക്കെ കണ്ട് ഒരുപാട് സന്തോഷിച്ചിരുന്ന ആളാണ് ഞാൻ. എങ്കിലും പരമാവധി സമയമനുസരിച്ച് റിപ്ലൈ കൊടുക്കാൻ ശ്രമിക്കാറുണ്ട്.
അഭിനന്ദനങ്ങൾ…
എന്‍റെ വീഡിയോ കണ്ട് എന്‍റെ വീട്ടിലുള്ളവർ പറയുന്ന നല്ല വാക്കുകൾ വിലമതിക്കാനാവാത്ത അഭിനന്ദനങ്ങൾ തന്നെയാണ് എനിക്ക്. എന്‍റെ അമ്മ, ഭർത്താവ്, എന്‍റെ അമ്മാവിയമ്മ, എന്‍റെ ചേച്ചി, ചേച്ചിയുടെ ഭർത്താവ്, എന്‍റെ അനിയൻ, അനിയന്‍റെ ഭാര്യ എന്നിവരൊക്കെ നല്ല അഭിപ്രായങ്ങൾ പറയാറുണ്ട്. അതെനിക്ക് ഒരുപാട് ഇഷ്ടമാണ്. നടി ശ്രിന്ദ ഒരിക്കൽ പ്രൗഡ് ഓഫ് യു എന്ന ക്യാപ്ഷൻ ഇട്ടുകൊണ്ട് എന്‍റെ വീഡിയോ ഷെയർ ചെയ്യുകയുണ്ടായി. ആ അഭിനന്ദനം ഞാനേറെ വിലമതിക്കുന്നു. അവർ പങ്കുവച്ച വീഡിയോ വൈറൽ ആയതിനുശേഷമാണ് കൂടുതൽ പേരിലേക്ക് എന്‍റെ വീഡിയോ കടന്നു ചെല്ലുന്നത്. എന്നെ വ്യക്തിപരമായി അഭിനന്ദിച്ച് മറ്റൊരു നടി കൂടിയുണ്ട്. കനി കുസൃതി. അവർ എന്നെ അഭിനന്ദനമറിയിച്ചു കൊണ്ട് മെസ്സേജ് അയച്ചിരുന്നു. വലിയ ആളുകൾ പറഞ്ഞാൽ മാത്രമേ അഭിനന്ദനങ്ങൾ ആകൂ എന്ന അഭിപ്രായം എനിക്കില്ല. ഇത് എന്‍റെ ജീവിതം ആണ് എന്ന് മനസ്സിൽ തൊട്ടു കൊണ്ടു പറഞ്ഞ ഒരുപാട് പേരു ണ്ട്. അത് വലിയ സന്തോഷം നൽകുന്ന കാര്യമാണ്.