“ചേച്ചി, സിറ്റർ സുന്ദരി തന്നെയാ, പക്ഷേ ചേച്ചിയുടെ അത്രയുമില്ല കേട്ടോ” ശിൽപയെ അടിമുടി നോക്കിയശേഷം ആനന്ദ് ഉറക്കെ ചിരിച്ചു.
“എടാ, നിന്‍റെ വിലയിരുത്തൽ ശരിയല്ല.” അരവിന്ദനും ചിരി നിയന്ത്രിക്കാനായില്ല.“ ഇവൾ ശിൽപയെക്കാൾ സുന്ദരിയാ.”
“ശിൽപയെ കണ്ടിട്ട് അനിയന്‍റെ കണ്ണ് മഞ്ഞളിച്ചു പോയെന്നാ തോന്നുന്നത്.” ശ്രുതി അവനെ കളിയാക്കി.
“ചേച്ചി, എന്‍റെ സ്മാർട്ട്നസിന് എന്താ കുറവ്. അത് കണ്ടിട്ടാകണം കക്ഷി കൺഫ്യൂഷനിലായത്. നോക്ക്, കണ്ണ് മിഴിച്ച് നോക്കുന്നത് കണ്ടില്ലേ.” ആനന്ദ് കോളർ പിടിച്ചുയർത്തി ഗമ കാണിച്ചു.
“ഹേയ് മിസ്റ്റർ, അത് നിങ്ങളുടെ തെറ്റിദ്ധാരണയാ. മൃഗശാലയിൽ ചെന്നാൽ നമ്മൾ ചില വിചിത്രജീവികളെ അത്ഭുതത്തോടെ നോക്കാറില്ലേ? എന്താ സ്മാർട്ട്നസ് ഉള്ളതുകൊണ്ടാണോ?” ശിൽപ തിരിച്ചടിച്ചു.
“വെരിഗുഡ്… നല്ല മറുപടി തന്നെ.” അരവിന്ദ് കൈ കൊട്ടി ചിരിച്ചു.
“ശിൽപ, എന്തുപറയണമെന്ന് ഈ പെണ്ണിന് ഒരു നിശ്ചയവുമില്ല. വായിൽ വന്നതങ്ങ് പറയുകയാ.” സാവിത്രിയമ്മ ശിൽപയെ ചെറുതായൊന്ന് താക്കീത് ചെയ്തു.
“ആന്‍റി… വഴക്ക് പറയണ്ട. പ്രശംസ കുറഞ്ഞുപോയതിന്‍റെ പ്രതിഷേധമാ” ആനന്ദ് ശിൽപയെ നോക്കി ചിരിച്ചു.
“നിനക്ക് ശിൽപയെ ഇഷ്ടമായോ?” ശ്രുതി ആനന്ദിനെ നോക്കി.
“ങ്ഹാ, കുഴപ്പമില്ല.” ആനന്ദ് അലക്ഷ്യമായി പറഞ്ഞു.
വീട്ടിലെ ഏറ്റവും ഇളയ ആളായതിനാൽ ആനന്ദിനോട് ചേട്ടനും ഭാര്യ ശ്രുതിക്കും പ്രത്യേക വാത്സല്യമുണ്ടായിരുന്നു. ഭർത്താവിന്‍റെ അനുജൻ എന്നതിലുപരി ആനന്ദ് ശ്രുതിക്ക് സ്വന്തം അനുജനപ്പോലെയായിരുന്നു. ആനന്ദിനും ചേച്ചിയെന്നാൽ ജീവനായിരുന്നു. വീട്ടിൽ വരുമ്പോഴൊക്കെ അനുജത്തിയോടും അമ്മയോടും ആനന്ദിനക്കുറിച്ച് പറയാനേ അവൾക്ക് നേരമുള്ളൂ. മൂംബൈയിൽ എൻജിനീയറാണ് ആനന്ദ്.
ചേട്ടന്‍റെയും ചേച്ചിയുടെയും വിവാഹവാർഷികം ആഘോഷിക്കാനാണ് ശിൽപയും സാവിത്രിയമ്മയും തിരുവന്തപുരത്തു നിന്നും കൊച്ചിയിലെ അവരുടെ വീട്ടിലെത്തിയത്. അരവിന്ദന്‍റെയും ആനന്ദിന്‍റെയും അച്ഛനമ്മമാർ നേരത്തേ മരിച്ചു പോയതിനാൽ ഏത് വിശേഷാവസരത്തിലും സാവിത്രിയമ്മ വേണമെന്നത് അവർക്ക് നിർബന്ധമായിരുന്നു.
ചേട്ടന്‍റെയും ചേച്ചിയുടെയും വിവാഹവാർഷികം ആഘോഷിക്കാനായി ആനന്ദ് ഒരാഴ്ചത്തെ അവധിയെടുത്ത് മുംബൈയിൽ നിന്നും പറന്നെത്തുകയായിരുന്നു. ഇതിലുപരിയായി അനന്ദും ശിൽപയും പരസ്പരം കാണണമെന്നും ശ്രുതിക്കും അരവിന്ദിനും ഉദ്ദേശ്യമുണ്ടായിരുന്നു. അനിയന്‍റെ ഭാര്യയായി ശിൽപ വരുന്നതിൽ അരവിന്ദനാണ് ഏറ്റവുമധികം സന്തോഷിച്ചിരുന്നത്. കാരണം അരവിന്ദിന് ശിൽപയോട് ഒരനുജത്തിയോടുള്ള വാത്സല്യമുണ്ടായിരുന്നു. അരവിന്ദ് ഈ ആഗ്രഹം അറിയിച്ചപ്പോൾ സാവിത്രിയമ്മക്ക് മറിച്ചൊന്നും പറയാനുണ്ടായിരുന്നില്ല. ഒരേ വീട്ടിലേക്ക് പെൺമക്കളെ വിവാഹം കഴിച്ചയക്കുക ഒരു ഭാഗ്യം തന്നെയല്ലേ. ശ്രുതിക്കും അതിൽ വലിയ താൽപര്യമായിരുന്നു.
അതുകൊണ്ട് ഈ കൂടിക്കാഴ്ചയിൽത്തന്നെ അവരുടെ വിവാഹകാര്യത്തെക്കുറിച്ച് തീരുമാനം ഉണ്ടാകണമെന്ന് അവരെല്ലാവരും ഒരേപോലെ ആഗ്രഹിച്ചിരുന്നു.
ശിൽപയെ ഇഷ്ടമായിയെന്ന് ആനന്ദ് തന്‍റെ പെരുമാറ്റത്തിലൂടെ ആദ്യമെ പ്രകടമാക്കിയിരുന്നു.
അയാളുടെ കണ്ണുകൾ ആ ഇഷ്ടം വെളിപ്പെടുത്തിയിരുന്നു. തന്നെപ്പോലെ സ്മാർട്ടായ ഒരു ചെറുപ്പക്കാരനെ ശിൽപക്ക് ഇഷ്ടപ്പെടാതിരിക്കാൻ കഴിയില്ലെന്ന് അയാൾ ധരിച്ചു.
രാത്രിയിലേക്കുള്ള ഭക്ഷണം തയ്യാറാക്കിക്കൊണ്ടിരുന്ന ചേച്ചിയെ സഹായിക്കാനായി ശിൽപയും അവിടേക്ക് വന്നു.
“എന്‍റെ ഫേവറേറ്റ് ഡിഷസ് ഏതൊക്കെയാണെന്ന് ചേച്ചിക്ക് നല്ലവണ്ണം അറിയാം. അതൊക്കെ നേരത്തേ ചോദിച്ച് മനസ്സിലാക്കിയേക്കണേ.” ആനന്ദ് ശിൽപയെ കളിയാക്കാനെന്നോണം പറഞ്ഞു.
“എനിക്കൊരു ആഗ്രഹമുണ്ട്… അക്കാര്യം ഒരുപക്ഷേ താങ്കൾക്ക് അറിയില്ലായിരിക്കാം.” ശിൽപയും വിട്ടുകൊടുക്കാൻ തയ്യാറായില്ല.
“എങ്കിൽ… അതെന്താണെന്ന് ഞാനൊന്ന് കേൾക്കട്ടെ…”
“ലോകത്തെ ഏറ്റവും മോശം പാചകക്കാരിയാകണമെന്നാ എന്‍റെ ആഗ്രഹം. അതുകൊണ്ട് കുക്കിംഗിനെക്കുറിച്ച് പഠിക്കാൻ എനിക്കൊട്ടും താൽപര്യമില്ല.”
“ഇതൽപം ടെൻഷൻ പിടിച്ച കാര്യമാണല്ലോ. ഞാനാണെങ്കിൽ ഒരു തീറ്റപ്രിയനുമാ.”
“അതിന് ഞാനെന്തു വേണം?” ശിൽപ തിരിച്ചടിച്ചു.
“പക്ഷേ ശിൽപ, നീ കുക്കിംഗ് പഠിച്ചില്ലെങ്കിൽ ഞാനെന്ത് കഴിക്കും?” ആനന്ദ് തലയിൽ കൈവച്ചു. ആനന്ദ് മനപൂർവ്വം ഓരോന്ന് പറഞ്ഞ് ശിൽപയെ ചൊടിപ്പിച്ചുകൊണ്ടിരുനന്നു.
പിറ്റേദിവസം ശ്രുതിയുടെയും അരവിന്ദന്‍റെയും വിവാഹവാർഷികമായിരുന്നു. അന്ന് എല്ലാവരും ചേർന്ന് വീട്ടിൽ ഒരുഗ്രൻ സദ്യ തയ്യാറാക്കി. അവർക്ക് വിവാഹാശംസകൾ നേരാൻ ചില കൂട്ടുകാരുമെത്തി. ആഘോഷത്തിനിടയിലും ആനന്ദും ശിൽപയും തർക്കിച്ചുകൊണ്ടിരുന്നു. ആനന്ദിന്‍റെ പെരുമാറ്റം ചിലപ്പോഴൊക്കെ ശിൽപയിൽ നീരസമുണ്ടാക്കി. ആഘോഷവും വിരുന്നും സൽക്കാരവും കഴിഞ്ഞ് ശിൽപ അമ്മയോടും ചേച്ചിയോടുമായി ആനന്ദിനക്കുറിച്ചുള്ള തന്‍റെ അഭിപ്രായമറിയിച്ചു.
“ചേച്ചി എന്‍റെ സങ്കൽപത്തിലുള്ള ഒരാളേയല്ല ആനന്ദ്. അയാളെ പാർട്ണറായി അംഗീകരിക്കാൻ എനിക്കാവില്ല. അതുകൊണ്ട് നിർബന്ധിക്കരുത്.” ശിൽപ ഉറച്ചസ്വരത്തിൽ തീരുമാനമറിയിച്ചു.
“എന്ത് കഉറവാ മോളേ അവനുള്ളത്?” സാവിത്രിയമ്മക്ക് അവളോട് ദേഷ്യം തോന്നി.
“അമ്മേ… അമ്മയ്ക്കറിയില്ല. ആനന്ദിനപ്പോലെ ആയിരം പേർ കാണും. സദാസമയവും തമാശയും പറഞ്ഞ് പെൺകുട്ടികളുടെ പിന്നാലെ സൊള്ളി നടക്കുന്നവർ. ഇവർക്കൊന്നും ജീവിതത്തെക്കുറിച്ചൊന്നും ഒരു ധാരണയുമുണ്ടാവില്ല. സുന്ദരികളായ പെൺകുട്ടികളെ കാണുമ്പോൾ ഇത്തരക്കാർ പിന്നാലെ കൂടിക്കോളും.” ശിൽപ ദേഷ്യത്തോടെ പറഞ്ഞു.
“ശിൽപ, ഒന്ന് പതുക്കെ, അവൻ കേൾക്കും. എനിക്ക് അവനെ നന്നായി അറിയുന്നതുകൊണ്ടാ ഞാൻ ഈ ബന്ധത്തിന് താൽപര്യം കാട്ടിയത് തന്നെ, വേണ്ടെങ്കിൽ വേണ്ട.” ശ്രുതി തെല്ലൊരു നീരസത്തോടെ പറഞ്ഞു.
“ചേച്ചി അയാൾ മോശക്കാരനാണെന്ന് ഞാൻ പറയുന്നില്ല. അയാളെപ്പോലെയുള്ള ഒരാളെ ഭർത്താവായി കരുതാൻ എനിക്കാവില്ലെന്നെ ഞാൻ പറയുന്നുള്ളൂ. എന്തോ ഒരു വിശ്വാസക്കുറവ്.”
“അയാളെ നന്നായി മനസ്സിലാക്കാതെ ഞാനെങ്ങനെ സമ്മതം മൂളും? ഇക്കാര്യം പറഞ്ഞ് നിങ്ങളെന്നെ നിർബന്ധിച്ചാൽ ഞാൻ നാളത്തന്നെ വീട്ടിലേക്ക് പോകും.” ശിൽപ ഭീഷണി മുഴക്കിയതോടെ പിന്നീട് അതേക്കുറിച്ച് സാവിത്രിയമ്മയോ ശ്രുതിയോ ഒന്നും മിണ്ടിയില്ല.
രാത്രി കിടക്കാൻ നേരത്ത് ശ്രുതി ഇക്കാര്യം അരവിന്ദിനെ ധരിപ്പിച്ചു. അയാൾ അവളെ ആശ്വസിപ്പിച്ചു. “തീരുമാനമെടുക്കാനുള്ള അവകാശം അവൾക്കുണ്ട്. അവളെ കുറ്റപ്പെടുത്തണ്ട. ഞാനീക്കാര്യം ആനന്ദിനെ പറഞ്ഞ് ധരിപ്പിച്ചുകൊള്ളാം. നീ വിഷമിക്കാതിരിക്ക്”
പിറ്റേന്ന് രാവിലെ തന്നെ അരവിന്ദ് രഹസ്യമായി ആനന്ദിനോട് ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചു.
“ശിൽപക്ക് എന്തോ ഒരു താൽപര്യക്കുറവ്. നീ വളരെ ഫ്രീയായി ഇടപെടുന്നതൊന്നും അവൾക്ക് ഇഷ്ടമാകുന്നില്ല. അവളൽപം റിസർവ്ഡ് ടൈപ്പാണ്. അതുകൊണ്ട് നീ സ്വയം കുറച്ച് കൺട്രോൾ ചെയ്യണം. ഇക്കാര്യത്തിൽ നമുക്കാരെയും നിബന്ധിക്കാനാവില്ലല്ലോ.”
“പക്ഷേ ചേട്ടാ… ഞാനവളെ വിവാഹം കഴിക്കാൻ പോവുകയല്ലേ. ആ സ്വതന്ത്ര്യം കൊണ്ടാ…”
“ഞങ്ങൾക്കറിയാം… പക്ഷേ…” അരവിന്ദ് നിസ്സാഹായനായി നോക്കി.
“പിന്നെന്തുകൊണ്ടാ ഈ മനം മാറ്റം?”
“നീ അതോർത്ത് വിഷമിക്കണ്ട. ഇത്തരം കാര്യങ്ങളിൽ നമ്മൾ വാശി പിടിക്കുന്നതിൽ അർത്ഥമില്ലല്ലോ?”
“എനിക്ക് മനസ്സിലായി. ഇനി പരാതിക്കിട വരുത്തുന്ന രീതിയിൽ യാതൊന്നും ഞാൻ ചെയ്യില്ല.” ആനന്ദ് ഉദാസീനനായി പറഞ്ഞു.
അന്ന് മുഴുവൻ ആനന്ദ് നിശ്ശബ്ദനായിരുന്നു. വൈകുന്നേരം ശിൽപയെ തനിച്ച് കിട്ടിയപ്പോൾ അയാൾ പറഞ്ഞു, “ശരിക്കും പറഞ്ഞാൽ ഞാനൊരു തിരുമണ്ടനാ. എന്‍റെ വാക്കുകൾ ശിൽപയെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ എന്നോട് ക്ഷമിക്കണം. ഐ ആം സോറി ഫോർ ദാറ്റ്.”
“ഏയ്, അങ്ങനെ വിഷമമൊന്നുമുണ്ടായിട്ടില്ല. നിങ്ങളെല്ലാവരും എന്നെ തെറ്റിദ്ധരിച്ചിരിക്കുകയാണ്.” ശിൽപ പുഞ്ചിരിയോടെ പറഞ്ഞെങ്കിലും ആനന്ദിനെ മുഖം മ്ലാനമായിരുന്നു. തുടർന്ന് അവൾ എന്തെങ്കിലും പറയും മുമ്പേ ആനന്ദ് അവിടെ നിന്നും എഴുന്നേറ്റ് പോയി.
അന്നു മുഴുവൻ ആനന്ദ് ആരോടും അധികമൊന്നും സംസാരിച്ചതേയില്ല. എത്രയും പെട്ടെന്ന് ഈ ശ്വാസം മുട്ടിക്കുന്ന അന്തരീക്ഷത്തിൽ നിന്നും രക്ഷപ്പെട്ടാൽ മതിയെന്ന ചിന്തയായിരുന്നു ശിൽപക്ക്. അമ്മയോട് പറയാൻ അവൾക്ക് ധൈര്യമുണ്ടായില്ല. കാരണം ചേച്ചിയിപ്പോൾ ആറു മാസം ഗർഭിണിയാണ്. ചേച്ചിയുടെ കൂടെ 3- 4 ദിവസം കഴിയാൻ കൂടിയാണ് അമ്മ ഇത്രയും ദൂരം വന്നതുതന്നെ. മാത്രമല്ല ഏറെ നാളത്തെ ചികിത്സയെത്തുടർന്നാണ് ചേച്ചി ഗർഭിണിയായത്. അമ്മക്കും കാണില്ലേ മകളെ ശുശ്രൂഷിക്കാൻ മോഹം.
എന്നാൽ അന്ന് രാത്രി ശ്രുതി അടുക്കളയിൽ വീണു. അന്നേരം കുഴപ്പമൊന്നും തോന്നാതിരുന്നതിനാൽ ശ്രുതിയത് കാര്യമായെടുത്തില്ല. രാത്രി ഏറെ കഴിഞ്ഞതോടെ കഠിനമായ വയറുവേദന തുടങ്ങി, തുടർന്ന് രക്തസ്രാവുമുണ്ടായി. എല്ലാവരും ഭയഭീതരായി. ഒട്ടും താമസിയാതെ അരവിന്ദും ആനന്ദും ശ്രുതിയെയും കൊണ്ട് അടുത്തുള്ള നേഴ്സിംഗ് ഹോമിലേക്ക് പാഞ്ഞു. സാവിത്രിയമ്മയ്ക്ക് ഇങ്ങനെയുള്ള സാഹചര്യത്തിൽ പ്രഷർ ഉണ്ടാകുമെന്നതിനാൽ ആശുപത്രിയിൽ കൊണ്ടുപോകാൻ അരവിന്ദ് വിസ്സമതിച്ചു.
വീട്ടിൽ സാവിത്രിയമ്മയും ശിൽപയും വീട്ടിൽ ശ്രുതിക്കും കുഞ്ഞിനും ഒന്നും സംഭവിക്കരുതേയെന്ന പ്രാർത്ഥനയിലായിരുന്നു. ശ്രുതിയെ ഐസിയുവിൽ ആക്കിയിരിക്കുകയാണെന്ന് കുറച്ചു കഴിഞ്ഞ് അരവിന്ദ് വിളിച്ചു പറഞ്ഞു. അതുകേട്ട് അവർ കൂടുതൽ പരിഭ്രമിച്ചു. അന്ന് രാത്രി അവർക്ക് ഉറങ്ങാനേ കഴിഞ്ഞില്ല. പിറ്റേന്ന് രാവിലെ ആനന്ദ് മടങ്ങിയെത്തി. അയാളുടെ കണ്ണുകൾ കണ്ടാലറിയാം ഇന്നലെ രാത്രി ഒരുപോള കണ്ണടച്ചിട്ടില്ലെന്ന്.
“ചേച്ചിക്ക് നല്ല ക്ഷീണമുണ്ട്.” തുടർന്ന് ഒന്നും പറയാനാകതെ അയാളുടെ കണ്ഠമിടറി.
ആനന്ദ് പെട്ടെന്ന് തന്നെ കുളി കഴിഞ്ഞ് പ്രാതൽ കഴിക്കാൻ നിൽക്കാതെ ചായ കുടിച്ചശേഷം ആശുപത്രിയിലേക്ക് പുറപ്പെട്ടു. ആനന്ദ് പോയി അരമണിക്കൂറിന് ശേഷം അരവിന്ദ് വീട്ടിലെത്തി. അയാളുടെ ഉദാസീനമായ മുഖം കണ്ട് സാവിത്രിയമ്മ പൊട്ടിക്കരഞ്ഞു.
നല്ല തളർച്ചയും ക്ഷീണവും കാരണം അരവിന്ദ് കുറച്ചുസമയം മയങ്ങി. കുറച്ച് കഴിഞ്ഞ് സാവിത്രിയമ്മ അരവിന്ദനെ എണീപ്പിച്ച് പ്രാതൽ കഴിക്കാൻ ആവശ്യപ്പെട്ടു.
പ്രാതൽ കഴിച്ചശേഷം അരവിന്ദും സാവിത്രിയമ്മയും നേഴ്സിംഗ് ഹോമിലേക്ക് പുറപ്പെട്ടു. വീട്ടിൽ തനിച്ചായ ശിൽപ എല്ലാവർക്കുമായി ഭക്ഷണമൊരുക്കി കാത്തിരുന്നു. വൈകുന്നേരം ആശുപത്രിയിൽ നിന്നും ആരുമെത്തിയില്ല. ശ്രുതിയുടെ വിവരമൊന്നുമറിയാത്തതിനാൽ അവൾ ഉത്കണ്ഠപ്പെട്ടു. അരവിന്ദനെ വിളിക്കാൻ അവൾക്ക് ധൈര്യമുണ്ടായിരുന്നില്ല. ആനന്ദിനെ വിളിക്കാൻ അവർക്ക് തോന്നിയില്ല, സാവിത്രിയമ്മയ്ക്ക് മൊബൈൽ ഇല്ലതാനും.
ഏകദേശം 7 മണിയോടെ അരവിന്ദും സാവിത്രിയമ്മയും മടങ്ങിയെത്തി. ചേച്ചിയുടെ അടുത്തുനിന്നും ഒരു മിനിറ്റുപോലും മാറി നിൽക്കാൻ ആനന്ദ് തയ്യാറായിരുന്നില്ല.
ഇപ്പോൾ ശ്രുതിയും കുഞ്ഞും അപകടനില തരണം ചെയ്തിരിക്കുന്നു. കുഴപ്പമൊന്നുമില്ലെന്ന് അറിഞ്ഞ ശിൽപയ്ക്ക് ആശ്വാസം തോന്നി.
ആ രാത്രിയും അരവിന്ദും ആനന്ദും ആശുപത്രിയിൽ നിന്നു. ശിൽപയും സാവിത്രിയമ്മയും ഉറങ്ങാതെ തിരിഞ്ഞുംമറിഞ്ഞും കിടന്ന് നേരം വെളുപ്പിച്ചു. നേരം പുലർന്നതോടെ സാവിത്രിയമ്മ എഴുന്നേറ്റ് അടുക്കളയിലേക്ക് പോയി. ശിൽപ കുറച്ച്നേരം കൂടി ആലോചനയിലാണ്ട് കിടന്നു. പെട്ടെന്ന് എഴുന്നേറ്റ് പുറത്തേക്ക് നോക്കി.
പുറത്ത് ബാൽക്കണിയിൽ ആനന്ദ് നിലത്തിരിക്കുന്നത് കണ്ട് അവൾ അത്ഭുതത്തോടെ നോക്കി. അയാളുടെ മിഴികൾ നനഞ്ഞിരിക്കുന്നു. ആരും കാണാതെ അയാൾ കരയുകയാണെന്ന് അവൾക്ക് മനസ്സിലായി. ശിൽപ പരിഭ്രാന്തിയോടെ വാതിൽ തുറന്ന് അയാളുടെ അടുത്തേക്ക് ഓടിച്ചെന്നു. പിന്നിലൂടെ ആരോ വരുന്ന ശബ്ദം കേട്ട് തിടുക്കപ്പെട്ട് അരവിന്ദ് കണ്ണുകൾ തുടച്ച് തിരിഞ്ഞുനോക്കി.
ആനന്ദിന്‍റെ തളർന്ന് ക്ഷീണിച്ച മുഖം കണ്ട് അവൾ ഭയന്നു. അരുതാത്തതെന്തെങ്കിലും….. നെഞ്ചിടിപ്പുകളുടെ വേഗം കൂടുന്നത് അവൾ അറിഞ്ഞു.
“ചേച്ചിക്കിപ്പോൾ….” ശിൽപ കരച്ചിലിന്‍റെ വക്കിലെത്തിയിരുന്നു.
“ഒരു കുഴപ്പവുമില്ല. സുഖമായിരിക്കുന്നു.” ആനന്ദ് പുഞ്ചിരിയോടെ മറുപടി പറഞ്ഞു.
“പിന്നെന്താ കരയുന്നേ?” അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.
“അത് സന്തോഷം കൊണ്ടാ ശിൽപ.” ആനന്ദ് കണ്ണുകൾ അമർത്തി തുടച്ചുകൊണ്ട് ചിരിക്കാൻ ശ്രമിച്ചു.
“ശിൽപ, സമാധാനമായി പോയ്ക്കോളൂ, ചേച്ചി ഈസ് ഓകെ.”
ആനന്ദ് നിസ്സംഗതയോടെ നോക്കി നിന്നു. ശിൽപയ്ക്ക് സങ്കോചം തോന്നി. ആനന്ദ് തന്‍റെ സാന്നിദ്ധ്യത്തെ ഒഴിവാക്കാൻ ശ്രമിക്കുന്നതുപോലെ.
“എന്തിനാ ഈ ഒഴിഞ്ഞുമാറൽ, എന്താ ഞാൻ ശല്യമായോ?” ശിൽപ ശബ്ദം താഴ്ത്തി ചോദിച്ചു.
“അത് മനപൂർവ്വമല്ല. മനസ്സിൽ നിന്നും ശിൽപയെ മാറ്റിനിർത്താനുള്ള ശ്രമം വിഷമമുണ്ടാക്കുമല്ലോ. ഞാനിപ്പോൾ അതിനുള്ള തയ്യാറെടുപ്പിലാണ്.” ആനന്ദ് നിസ്സംഗതയോടെ പറഞ്ഞു.
“എങ്കിൽ ആ ശ്രമം ഉപോക്ഷിച്ചേക്കൂ ജെന്‍റിൽമാൻ. ഞാനിപ്പോൾ ആ കള്ളകാമുകനെ സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു. റിയലി ഐ ലവ് യു.” അവൾ ആവേശത്തോടെ ആനന്ദിന്‍റെ കൈ പിടിച്ചു.
ആനന്ദിന്‍റെ മുഖത്ത് ആയിരം പൂത്തിരികൾ കത്തിച്ചതുപോലെ സന്തോഷം നിറഞ്ഞു. എന്നാലും അയാളത് പ്രകടിപ്പിക്കാതെ ഗൗരവം നടിച്ചു.
“ഞാനിപ്പോൾ ഒരു വലിയ ടെൻഷനിലാ. എന്നോട് ഇഷ്ടം തോന്നി എന്‍റെ കൈയിൽ പടിച്ചിരിക്കുന്ന പെണ്ണിനെ കല്യാണം കഴിച്ചാൽ മാരീഡ് ലൈഫ് ശരിയാകുമോയെന്നാണ്….”
“ഓഹോ… എന്നെ കളിയാക്കുകയാണല്ലേ…” ശിൽപ അയാളുടെ കൈയിൽ നുള്ളി.
“പിന്നെ…”
“പിന്നെ എന്താ…?” ആനന്ദ് അവളുടെ കണ്ണുകളിൽ പ്രണയാർദ്രമായ മിഴികളോടെ ഉറ്റുനോക്കി.
“ഞാനിപ്പോൾ നിങ്ങളെ ശരിക്കും സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു.” എന്നു പറഞ്ഞുകൊണ്ട് മുഷ്ടിചുരുട്ടി ആനന്ദിന്‍റെ നെഞ്ചിൽ ചെറുതായൊന്ന് ഇടിച്ചശേഷം അകത്തേക്ക് ഓടിപ്പോയി. അയാളുടെ മനസ്സ് വീണ്ടും പൂമരമായി. ജീവിതത്തിൽനിന്ന് അടർത്തിമാറ്റാനാകാത്ത സ്നേഹം പോലെ അവളുടെ സ്നേഹം അയാളുടെ ഉള്ളിൽ പൂത്തുനിന്നു. ഒരിക്കലും കൊഴിയാനാകാത്ത വിധം.