പഠനം കഴിഞ്ഞാൽ ഭൂരിപക്ഷത്തിന്‍റെയും ഏറ്റവും വലിയ സ്വപ്നം നല്ല ഒരു ജോലി നേടുക എന്നതായിരിക്കും. ആ സ്വപ്നം നിറവേറ്റാനായിപലരും കുറെയധികം ഇന്‍റർവ്യൂ അറ്റൻഡ് ചെയ്യാൻ പോകും. എന്നാൽ റിസൾട്ട് വരുമ്പോൾ റാങ്ക് ലിസ്റ്റിൽ പോലും ഉണ്ടാകില്ല. എന്താണ് നിങ്ങളുടെ പ്രശ്നമെന്ന് എപ്പോഴെങ്കിലും സെൽഫ് അനാലിസിസ് നടത്തിയിട്ടുണ്ടോ? ഇല്ലെങ്കിൽ നിങ്ങൾ ആദ്യം ചെയ്യേണ്ടത് ഒരു കടലാസെടുത്ത് നിങ്ങളുടെ സ്ട്രെംഗ്ത് എന്തൊക്കെയെന്ന് കുറിച്ചു നോക്കുക. എന്നിട്ട് വീക്ക്നസ് ഉള്ള ഭാഗങ്ങൾ കറക്റ്റ് ചെയ്യാൻ ശ്രമിക്കുക. അല്ലാതെ എന്നെക്കാളും യോഗ്യതയില്ലാത്തവർക്കാണ് ആ ജോലി കിട്ടിയിരിക്കുന്നത് എന്നൊക്കെ നിലവിളിച്ചു സ്വയം ന്യായീകരിക്കാൻ ശ്രമിച്ചാൽ വലിയ മണ്ടത്തരമായിരിക്കും.
യോഗ്യത
വിളിച്ച ജോലിക്കുള്ള കൃത്യമായ യോഗ്യത നിങ്ങൾക്കുണ്ടോ എന്നു പരിശോധന നടത്തി മാത്രം ഇന്‍റർവ്യൂ അറ്റൻഡ് ചെയ്യുക. അല്ലെങ്കിൽ അപേക്ഷിക്കുന്നതിന് മുമ്പായി ഏതെങ്കിലും ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം എന്ന് പരസ്യത്തിൽ കണ്ടാലും ജോലി എന്താണെന്ന് നോക്കിയ ശേഷം അതിന് സ്വയം യോഗ്യതയുണ്ടോ എന്നു മാത്രം പരിശോധിക്കുക. പരിശോധിച്ചു ഉറപ്പുവരുത്തി മാത്രം അപേക്ഷിക്കുക.
മിക്ക ഓഫീസുകളിലും കമ്പ്യൂട്ടർ ഉപയോഗിക്കുന്നുണ്ട്. മാത്രമല്ല ഓഫീസ് കാര്യങ്ങൾ മുഴുവനും കമ്പ്യൂട്ടർ വഴി മാത്രം നടത്തുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ വേഡ്, എക്സൽ, പവർ പോയിന്‍റ്, ടൈപ്പിംഗ് സ്പീഡ്, ഇമെയിൽ എന്നിവയെക്കുറിച്ചൊക്കെ നല്ല അറിവ് ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ടു തന്നെ അത്തരത്തിലുള്ള അഡീഷണൽ കോഴ്സുകൾ നിർബന്ധമായും പഠിച്ചു വയ്ക്കുക. കൂടാതെ ഇംഗ്ലീഷ് ഭാഷ നന്നായി കൈകാര്യം ചെയ്യാൻ നിർബന്ധമായും അറിഞ്ഞിരിക്കേണ്ടത് മുന്നോട്ടുള്ള വളർച്ചയ്ക്കും അത്യാവശ്യമാണ്. കൂടുതൽ ഭാഷകളിൽ പ്രാവീണ്യമുണ്ടെങ്കിൽ ജോലിയിലുള്ള ഉയർച്ചയും അതുമൂലം ഉന്നത പദവിയിലെത്താനുള്ള സാധ്യതയും കൂടുതലാണ്.
ബയോഡാറ്റ
ബയോഡാറ്റ പരമാവധി സ്വന്തമായി തയ്യാറാക്കുക. തയ്യാറാക്കുമ്പോൾ കൃത്യമായി ബോധ്യമുള്ള വിവരങ്ങൾ മാത്രം ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക. ഉദാഹരണത്തിന് ഭാഷ തമിഴ്, ഇംഗ്ലീഷ് എന്നൊക്കെ കൊടുക്കും. തമിഴ് സിനിമ കണ്ടതിന്‍റെ ബലത്തിൽ ആയിരിക്കും. എന്നിട്ട് ആരെങ്കിലും തമിഴിൽ എന്തെങ്കിലും ചോദിച്ചാൽ ബ… ബ… ബ… അടിക്കും. പിന്നെ ഹോബിസ് എന്നും പറഞ്ഞു ട്രാവലിംഗ്, റീഡിംഗ് എന്നൊക്കെ കാച്ചിക്കളയും. ലാസ്റ്റ് വായിച്ച പുസ്തകം ഏതാണെന്ന് പോലും ഓർമ്മ കാണില്ല. അത് എഴുതിയത് ആര്, അദ്ദേഹത്തിന്‍റെ ഏറ്റവും പുതിയ പുസ്തകമേത് എന്ന് ചോദിച്ചാൽ വിയർക്കും. അവസാനം എവിടേക്കാണ് ട്രാവൽ ചെയ്തതെന്ന് ചോദിച്ചാൽ ജീവിതത്തിൽ ഇന്നേവരെ ജില്ല വിട്ടു പോയിട്ടുണ്ടാവില്ല. ആഗ്രഹമാണ് എന്നൊക്കെ പറയും. ഹോബിസ് എന്നത് ആഗ്രഹമല്ല എന്ന് ആദ്യം മനസ്സിലാക്കുക. പിന്നെ എക്സ്പീരിയൻസ് വയ്ക്കുമ്പോൾ ചെയ്ത ജോലിയുടെ മാത്രം വയ്ക്കുക. ചെയ്യാത്ത ജോലിയെക്കുറിച്ച് ചോദിച്ചാൽ തീരും നിങ്ങളുടെ മുന്നിലുള്ള ഭാവിയിൽ ലഭിച്ചേക്കാവുന്ന ജോലി. പിന്നെ ഏത് ഇന്‍റർവ്യൂവിന് പോകുമ്പോഴും അപ്ഡേറ്റ് ചെയ്ത ബയോഡാറ്റ തന്നെ എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
ഇന്‍റർവ്യൂ
ബയോഡാറ്റയിൽ പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളെക്കുറിച്ചും കൃത്യമായ ബോധ്യത്തോടൊപ്പം തന്നെ പഠിച്ച വിഷയത്തെക്കുറിച്ചും അറ്റൻഡ് ചെയ്യുന്ന ജോലിയുടെ സ്വഭാവത്തെക്കുറിച്ചും നന്നായി ഹോംവർക്ക് ചെയ്ത് പോവുക. അനുഭവ സമ്പത്തും ഒപ്പം അക്കാദമിക് മികവും കൂടിയുള്ള ഒരു വ്യക്‌തിയാണ് ഇന്‍റർവ്യൂ ബോർഡിൽ ഇരിക്കുന്നതെങ്കിൽ നിങ്ങൾ നല്ല രീതിയിൽ ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു.
ഇന്‍റർവ്യൂ അറ്റൻഡ് ചെയ്യുന്ന പുരുഷന്മാർ ശ്രദ്ധിക്കേണ്ടത്
ശരീരത്തിന് ഇണങ്ങിയ, ഫിറ്റായ ലൈറ്റ് കളർ ഷർട്ട് തെരഞ്ഞെടുക്കുക. അതും ഫോർമൽ ഷർട്ട്. ഒപ്പം ഫോർമൽ പാന്‍റ് തന്നെ ധരിക്കാൻ ശ്രദ്ധിക്കണം (പലരും ജീൻസ് ധരിച്ചു ഇന്‍റർവ്യൂ അറ്റൻഡ് ചെയ്യുന്നുണ്ട്). ഫോർമൽ ഷൂസ് തന്നെ തെരഞ്ഞെടുക്കുക. ഒപ്പം നന്നായി പോളീഷ് ചെയ്‌ത് ഉപയോഗിക്കുക.
കയ്യിലും കഴുത്തിലും അനാവശ്യ നൂലുകളും മാലകളും വളകളും ഒഴിവാക്കുന്നത് നല്ലതായിരിക്കും. അഥവാ അങ്ങനെയുണ്ടെങ്കിൽ അധികം പുറത്ത് കാണാത്ത രീതിയിൽ മറച്ചു വയ്ക്കുക. മുടി ഭംഗിയായി വെട്ടിയൊതുക്കി വയ്ക്കുക. കൈവിരലിലെ നഖങ്ങളും വൃത്തിയായി വെട്ടി വയ്ക്കുക. മറ്റുള്ളവർക്ക് അരോചകമാവാത്ത പെർഫ്യൂം ഉപയോഗിക്കുക.
ഇന്‍റർവ്യൂ അറ്റൻഡ് ചെയ്യുന്ന സ്ത്രീകൾ ശ്രദ്ധിക്കേണ്ടത്
ശരീരത്തിന് ഇണങ്ങിയ, ഫിറ്റായ ഫോർമൽ വസ്ത്രങ്ങൾ അല്ലെങ്കിൽ സാരിയോ ചുരിദാറോ ധരിക്കുക. എന്ത് ധരിക്കുമ്പോഴും ശരീരത്തിന് ഇണങ്ങിയതാണോ എന്തെങ്കിലും അസ്വസ്ഥതകൾ ഉണ്ടാക്കുന്നവയാണോ എന്നൊക്കെ പരിശോധിക്കുക. ഉദാഹരണത്തിന് ചുരിദാർ ധരിക്കുമ്പോൾ ഷോൾ ഇടുന്നവർ അത് ഇടയ്ക്കിടെ നേരെയാക്കി കൊണ്ടിരിക്കുക, മുടി മുഖത്ത് പാറി വരുമ്പോൾ അത് ഇടയ്ക്കിടെ പിന്നോട്ട് ശരിയാക്കാൻ ശ്രമിക്കുക, സാരി ഉടുത്തു പോയാൽ അരക്കെട്ട് കാണുന്നുണ്ടോ, മുൻഭാഗം ശരിയായി ഒതുക്കത്തിൽ നിൽക്കുന്നുണ്ടോ എന്നൊക്കെ ഇടയ്ക്കിടെ ശ്രദ്ധിക്കുമ്പോൾ ഇന്‍റർവ്യൂ ചെയ്യുന്ന വ്യക്തിക്ക് അസ്വസ്ഥത തോന്നിയേക്കാം.
ലൈറ്റ് ഷേഡ് ലിപസ്റ്റിക്കും അത്യാവശ്യം മേക്കപ്പും മാത്രം ചെയ്യുക. അതുപോലെ തന്നെ വസ്ത്രത്തിന് ഇണങ്ങും വിധമുള്ള ആഭരണങ്ങൾ മാത്രം ധരിക്കുക. നെയിൽ പോളീഷ് ചെയ്യുന്നവർ വൃത്തിയായി ചെയ്യുക. അവിടെയും ഇവിടെയും അടർന്നു പോയ നഖങ്ങൾ കാണുമ്പോൾ അരോചകം സൃഷ്ടിച്ചേക്കാം. കാലിന് ഇണങ്ങുന്ന ചപ്പലോ ഷൂസോ ധരിക്കുക. ഇട്ടിരിക്കുന്ന വസ്ത്രത്തിനും മാച്ചുണ്ടായാൽ നല്ലത്.
പൊതുവായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഇന്‍റർവ്യൂന് പോകുമ്പോൾ ആവശ്യമായ എല്ലാ ഒറിജിനൽ രേഖകളും എടുക്കുന്നതിനോടൊപ്പം എല്ലാറ്റിന്‍റെയും ഫോട്ടോകോപ്പിയും കരുതുക. ഒപ്പം പാസ്പോർട്ട് സൈസ് ഫോട്ടോസ്, ഒറിജിനൽ ഐഡന്‍റിറ്റി കാർഡ്, പാൻ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയും അവയുടെ ഫോട്ടോകോപ്പിയും കരുതുക. എല്ലാറ്റിന്‍റെയും ഓരോ കോപ്പി ഓർഡറിൽ പിൻ ചെയ്ത് വയ്ക്കുക. കയ്യിൽ കറുപ്പും നീലയും മഷിയുള്ള ഒന്നിലധികം പേനകൾ കരുതുക. എല്ലാ സർട്ടിഫിക്കറ്റുകളും കൃത്യമായി കാണിക്കാൻ പറ്റിയ ഒതുക്കമുള്ള ഒരു ഫയലിൽ ഓർഡറിൽ തല കീഴാകാതെ ഒരേ ഭാഗത്ത് കാണാത്തക്ക രീതിയിൽ വയ്ക്കുക. ഇത്തരം ഫയലിൽ അനാവശ്യ സർട്ടിഫിക്കറ്റുകളും കടലാസുകളും ഒഴിവാക്കുക.
വളരെയധികം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
നിങ്ങൾ പല സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നവരായിരിക്കാം. പല തരത്തിലുള്ള പോസ്റ്റുകൾ സ്വന്തമായി എഴുതിയിടുന്നവരോ, അതുമല്ലെങ്കിൽ മറ്റുള്ളവരുടെ പോസ്റ്റുകൾ ഷെയർ ചെയ്യുന്നവരാകാം. എന്തുതന്നെയായാലും അത് നിങ്ങളെ ഏത് തരത്തിൽ ആളുകൾ വിലയിരുത്തുന്നുണ്ടെന്നോ, അതിലെ അപകടം എന്താണെന്നോ നിങ്ങൾ ചിന്തിച്ചു കാണുമോ എന്നറിയില്ല.
കോളിളക്കം സൃഷ്ടിച്ച ഒരു ബലാത്സംഗ കൊലപാതക കേസിലെ പ്രതിയെ തൂക്കിക്കൊല്ലണമെന്നും, അവനെ നേരിൽ കണ്ടാൽ തല്ലി കൊല്ലണമെന്നൊക്കെയുള്ള പോസ്റ്റുകൾ കയ്യടി നേടിയേക്കാം. പക്ഷെ, അത്രത്തോളം അഗ്രസീവും നിയമത്തെക്കുറിച്ചുള്ള ബോധമില്ലാത്തവരും, നിയമത്തെ പേടിയില്ലാത്തവരും ഭരണകൂടത്തെയും ജുഡീഷ്യൽ വ്യവസ്ഥകളോട് പുച്ഛമുള്ളവരുമായിരിക്കും ഇത്തരം ആളുകൾ. ആ പോസ്റ്റ് ഷെയർ ചെയ്യുമ്പോൾ നമ്മുടെ ചിന്തയും അതിനോട് അനുകൂലിക്കുന്നു എന്നതാണ് നാം മനസ്സിലാക്കേണ്ടത്. പ്രത്യക്ഷമായ സ്വഭാവവും പരോക്ഷമായ സ്വഭാവവും രണ്ടും രണ്ടായിരിക്കും. അതുകൊണ്ടു തന്നെ ഇത്തരത്തിലുള്ള ഒരാളെ ജോലിക്കെടുക്കാൻ ബന്ധപ്പെട്ടവർ ഒന്ന് മടിക്കും.
ഇതേപോലെ തന്നെയാണ് നമ്മുടെ മറ്റുള്ള സമൂഹ മാധ്യമ ഇടപെടലും സൂചിപ്പിക്കുന്നത്. തീവ്ര ജാതിമത, രാഷ്ട്രീയ ചിന്തകൾ നിങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രകടിപ്പിക്കുമ്പോൾ നിങ്ങൾ ഇന്‍റർവ്യൂവിന് കടന്നു ചെല്ലുന്ന കമ്പനികളുടെ മേധാവികൾ നിങ്ങളുടെ ചിന്തകൾക്ക് എതിർ ചേരിയിൽ നിൽക്കുന്ന ജാതിമത രാഷ്ട്രീയ ചിന്തകളുമായി സഹകരിച്ചു പോകുന്നവരായിരിക്കാം. ഇതിനോടൊക്കെ വൈമുഖ്യം കാണിക്കുന്നവരുമായിരിക്കാം. അതുകൊണ്ടുതന്നെ നിങ്ങളുടെ ഇത്തരം തീവ്ര ചിന്തകളും നിങ്ങൾക്ക് പ്രതികൂലമായി ബാധിച്ചേക്കാം.
വാട്സ്ആപ്പ് സ്റ്റാറ്റസ് ഇട്ടതിന്‍റെ പേരിൽ അടിച്ചു പിരിഞ്ഞ ദമ്പതികളും കാമുകീ കാമുകന്മാരും സുഹൃത്തുക്കളും വരെയുണ്ട്. ഇത്തരം അശ്രദ്ധകളും, അറിവില്ലായ്മകളൊക്കെ നമ്മുടെ സ്വകാര്യ ജീവിതത്തിനും ജോലിക്കും തടസ്സമായി വന്നേക്കാം.
സമൂഹ മാധ്യമങ്ങൾ കൈകാര്യം ചെയ്യുന്നതിലെ പിഴവ് മുതലാളിമാർക്കും ഉയർന്ന പോസ്റ്റിൽ ഇരിക്കുന്നവർക്കും സ്‌ഥാപനങ്ങൾക്കും സ്‌ഥാനഭ്രംശവും സ്‌ഥാപനം സുഗമമായി മുന്നോട്ട് പോകുന്നതിനെ തടസ്സപ്പെടുത്തുകയും ചെയ്തേക്കാം. സർക്കാർ തലത്തിലും ഭിന്നതകൾ സംഭവിച്ചേക്കാം. നിർദ്ദോഷമായി ഏതെങ്കിലും പോസ്റ്റുകളിൽ പോയി ഇടുന്ന കമന്‍റുകളിൽ പോലും എട്ടിന്‍റെ പണി കിട്ടിയേക്കാം. ലോകം നമുക്ക് മുന്നിൽ ഇരുപത്തിനാലു മണിക്കൂറും ഇമ ചിമ്മാതെ കിടക്കുന്ന സിസിടിവി ക്യാമറ പോലെയാണ്.
പഠിക്കുന്ന സമയത്ത് വിദ്യാർത്ഥി പ്രസ്ഥാനത്തിലും മറ്റും പ്രവർത്തിച്ചു പലതരത്തിലുള്ള കേസുകൾ ഉണ്ടാകാം. അത്തരത്തിലുള്ള കേസുകൾ ജോലിക്ക് കയറുന്ന സമയത്ത് പാരയായി വന്നേക്കാം. ഇങ്ങനെയുള്ള കേസുകൾ ഉണ്ടെങ്കിൽ പരമാവധി പഠിത്തം കഴിഞ്ഞിറങ്ങുമ്പോൾ തന്നെ സ്വന്തം ചെലവിൽ വക്കീലിനെയൊക്കെ വച്ചു ഏറ്റവും വേഗത്തിൽ ഒഴിവാക്കുക. ഒന്നിൽ കൂടുതൽ കേസുകൾ പല സ്ഥലങ്ങളിൽ ഉണ്ടെങ്കിൽ ഹൈക്കോടതിയിൽ പോയി ക്വാഷ് ചെയ്‌ത് ഉത്തരവ് കയ്യിൽ സൂക്ഷിക്കുക.
ജോലി ലഭിച്ചാൽ
ജോലി ലഭിച്ചാൽ എന്തും ആകാം, പഴയ പോലെയൊക്കെ നടന്നു കളയാം എന്നൊന്നും വിചാരിക്കരുത്. ഓരോ കമ്പനിക്കും ഓരോ പോളിസിയും നിയമങ്ങളും വ്യവസ്ഥകളും ഉണ്ട്. അതുകൊണ്ടു തന്നെ പ്രൊബേഷൻ പിരിഡിൽ ഇത്തരം കാര്യങ്ങളൊക്കെ കമ്പനികൾ കർശനമായി നിരീക്ഷിക്കും. പിന്നെ പെർഫോമൻസ്, ടൈം മാനേജ്മെന്‍റ്, ടാർഗറ്റ് അചീവ്മെന്‍റ് തുടങ്ങി മറ്റു പല ഘടകങ്ങളുടെയും അടിസ്‌ഥാനത്തിൽ വിലയിരുത്തിയായിരിക്കും നിങ്ങളെ ആ കമ്പനിയിൽ സ്‌ഥിരപ്പെടുത്തുന്നത്. മേൽ സൂചിപ്പിച്ചതൊക്കെ സർക്കാർ ജോലിക്കും ബാധകമാണ്( ഓഫർ ലെറ്റർ കൃത്യമായി വായിച്ചു നോക്കുക).
ഒരു ജോലി പോയാൽ വേറെ നൂറുജോലി കിട്ടുമെന്നൊക്കെ വീമ്പിളക്കാമെങ്കിലും കരിയർ ബ്രേക്കും തുടർച്ചയായ മാറ്റവും ഒരു ജോലിയിലും അധികം പിടിച്ചു നിൽക്കാത്ത വ്യക്തിയെന്ന ലേബൽ നൽകും. പിന്നീട് ഉദ്ദേശിച്ച ജോലികളൊന്നും ലഭിക്കാതെ വരികയും ചെയ്യും. പല കമ്പനികളും മുമ്പ് ജോലി ചെയ്ത കമ്പനിയിലെ സാലറി സ്ലിപ്പൊക്കെ നോക്കി ഉറപ്പു വരുത്തുന്ന പതിവും ഉണ്ട്. എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് നൽകിയാൽ ഇന്‍റേണൽ വെരിഫിക്കേഷനും നടത്താറുണ്ട്.
ഫിറ്റ്നസ്
ഏത് ജോലി ലഭിച്ചാലും തട്ടിമുട്ടി പോകാമെന്നും ജോലി ലഭിച്ചു കഴിഞ്ഞാൽ പിന്നെ ഇഷ്ടമുള്ള രീതിയിൽ നടക്കാമെന്നൊക്കെയുള്ള ചിന്ത ആദ്യം ഒഴിവാക്കുക. എല്ലാ കമ്പനികളും ഒരാളുടെ ആരോഗ്യം, മെന്‍റൽ ഹെൽത്ത്, വർക്ക് എഫിഷ്യൻസി, ധരിക്കുന്ന വസ്ത്രം, വൃത്തി എല്ലാം ശ്രദ്ധിക്കും. ഇതൊക്കെയും കൃത്യമായി മെയിന്‍റൻ ചെയ്യാൻ സാധിക്കുന്നില്ല എന്നു കമ്പനിക്ക് തോന്നിയാൽ കമ്പനി ഏതെങ്കിലും തരത്തിൽ ഒഴിവാക്കും.
ഒട്ടുമിക്ക കമ്പനികളും ആറുമാസത്തിലൊരിക്കൽ പെർഫോമൻസ് അപ്രൈസൽ, ട്രെയിനിംഗ് എന്നൊക്കെയുള്ള പരിപാടികൾ കാര്യക്ഷമമായി തന്നെ നടത്താറുണ്ട്. അത്തരത്തിലുള്ള പരിപാടികളിൽ മോശം പെർഫോമൻസ് കാഴ്ച വയ്ക്കുന്നവരെയാണ് കമ്പനികൾ പല കാരണങ്ങൾ പറഞ്ഞു പിരിച്ചു വിടുന്നത്. പിരിച്ചുവിടലിന് കാരണമായി കമ്പനികൾ പലപ്പോഴും റിസക്ഷൻ എന്നൊക്കെയാണ് പുറത്തു പറയുന്നത്. യഥാർത്ഥ കാരണങ്ങൾ ഇതൊക്കെത്തന്നെയാണ്. കാരണം, കൂട്ട പിരിച്ചുവിടൽ നടത്തിയ പല കമ്പനികളും നല്ല ഗ്രോത്ത് കാഴ്ചവയ്ക്കുകയും നല്ല ലാഭത്തിൽ തന്നെയാണ് മുന്നോട്ട് പോകുന്നതും.
എക്സ്പീരിയൻസ്
ഒരു കമ്പനിയിൽ വളരെക്കാലം ജോലി ചെയ്യുകയും ആ ജോലിയിൽ വളരെ നല്ല പെർഫോമൻസ് കാഴ്ചവയ്ക്കുകയും ചെയ്താൽ മറ്റു കമ്പനികൾ കൂടുതൽ ശമ്പളം ഓഫർ ചെയ്‌ത് ഇന്‍റർവ്യൂ ഇല്ലാതെ തന്നെ എടുക്കുകയും ചെയ്യും. ഇത്തരത്തിൽ ഓഫർ ലഭിക്കുമ്പോഴും ഓഫർ ചെയ്ത കമ്പനിയെക്കുറിച്ചും ലഭിക്കുന്ന പദവിയെക്കുറിച്ചും ശമ്പളത്തെക്കുറിച്ചും കൃത്യമായ ധാരണയുണ്ടായിരിക്കണം. അല്ലെങ്കിൽ ഉത്തരത്തിലുള്ളത് എടുക്കാനും വയ്യ കക്ഷത്തിലുള്ളത് പോവുകയും ചെയ്തു എന്ന് പറഞ്ഞപോലൊരു അവസ്‌ഥയാകും. പിന്നീട് പഴയ പദവിയും പഴയ ശമ്പളവും ലഭിക്കാതെയും വരാം.
ടെർമിനേഷൻ
ഒരു കമ്പനിയും ഒരാളെ പരമാവധി ടെർമിനേറ്റ് ചെയ്യാൻ നിൽക്കാറില്ല. അങ്ങനെ ചെയ്താൽ മറ്റൊരു കമ്പനിയിൽ ജോലിക്ക് ശ്രമിച്ചാൽ കിട്ടാതെ വരും. ഒരു കമ്പനിയിൽ ജോലിയിലിരിക്കെ മോശം പെരുമാറ്റമോ, കമ്പനിയുടെ പോളിസിയും, നിയമങ്ങളും വ്യവസ്‌ഥകളും പാലിക്കാതിരിക്കുകയും കമ്പനിയുടെ സൽപ്പേരിനെ ബാധിക്കുന്ന രീതിയിൽ പ്രവർത്തിക്കുകയും ചെയ്താൽ ടെർമിനേഷൻ എന്ന നടപടിയിലേക്ക് കമ്പനി പോകും.
മൾട്ടിനാഷണൽ കമ്പനികളൊക്കെയാണെങ്കിൽ മറ്റു കമ്പനികളിലേക്ക് കൂടി ടെർമിനേഷൻ വിവരം അറിയിക്കുകയും പിന്നീട് ആ കമ്പനികളിലൊന്നും തന്നെ ജോലി ലഭിക്കാതിരിക്കുകയും ചെയ്യും. സർക്കാർ ജോലികളിൽ നിന്നും ഇതുപോലെ നിർബന്ധിത പിരിച്ചുവിടൽ പ്രക്രീയ നടന്നു കഴിഞ്ഞാൽ പിന്നെ പ്രൈവറ്റ് കമ്പനികളിൽ കൂടി ജോലി സാധ്യത വിരളമായിരിക്കും. കയ്യിലിരിപ്പ് ന ന്നായാൽ ടെൻഷനില്ലാതെ ജീവിക്കാം.
– മോഹൻദാസ് വയലാംകുഴി
ഫൗണ്ടർ, ബൈറ്റർ ലൈഫ് ഫൗണ്ടേഷൻ