ഓണം, വിവാഹം, പാർട്ടികൾ പോലെയുള്ള അവസരങ്ങളിൽ മുഖം സുന്ദരവും സൗമ്യവുമായിരിക്കണമെന്ന് ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാവില്ല. അത്തരം അവസരങ്ങളിലെ മിന്നുന്ന താരങ്ങളാവാൻ ഈ സൗന്ദര്യ പരിചരണ രീതികളൊന്ന് പരീക്ഷിച്ചു നോക്കൂ.
ജീവിതം അനുദിനം മാറിക്കൊണ്ടിരിക്കുകയാണ്. ഫാഷൻ രംഗത്തും ലുക്കിലും ട്രെൻഡുകളിലുമൊക്കെ വിപ്ലവാത്മകമായ മാറ്റങ്ങളാണ് സംഭവിച്ചിരിക്കുന്നത്. നമ്മുടെ ആധുനിക ജീവിതശൈലി അനുസരിച്ച് ചർമ്മ പരിപാലനത്തിലും ബ്യൂട്ടി ഗ്രൂമിംഗിലുമൊക്കെ ഒരുപാട് മാറ്റങ്ങൾ വന്നിരിക്കുകയാണ്. അതെല്ലാം തന്നെ ഇന്നിന്‍റെ ആവശ്യം കൂടിയായിരിക്കുന്നു. അതിനാൽ ഈ ഫെസ്റ്റിവൽ സീസണിൽ അല്പം വ്യത്യസ്തമായ സൗന്ദര്യ പരിചരണ രീതികൾ പരീക്ഷിച്ച് ആഘോഷം ഗംഭീരമാക്കാം. അതിനായി ന്യൂ ഏജ് കോസ്മെറ്റിക് പ്രോഡക്ടുകൾ ഉപയോഗിച്ച് നമ്മുടെ ലുക്കിനെ തന്നെ മാറ്റി മറിക്കാം. ഇതേക്കുറിച്ച് പ്രശസ്ത ഡെർമറ്റോളജിസ്റ്റ് ഡോക്ടർ ഭാരതി തനേജ നൽകുന്ന ചില നിർദ്ദേശങ്ങൾ അറിയാം.
ന്യൂ ഏജ് കോസ്മെറ്റിക് പ്രൊഡക്ടുകൾ
ചർമ്മം കൂടുതൽ സുന്ദരവും ആരോഗ്യമുള്ളതും ആകർഷകവും ആകാൻ ന്യൂ ഏജ് കോസ്മെറ്റിക് ഉൽപ്പന്നങ്ങൾ വാങ്ങി ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവരാണ് മിക്കവരും. ആന്‍റി ഓക്സിഡന്‍റുകളാൽ സമ്പന്നവും ഒപ്പം പ്രകൃതിദത്ത പോഷകങ്ങളും എസെൻഷ്യൽ ഓയിലു കളും അടങ്ങിയവയാണ് ഇത്തരം ഉൽപ്പന്നങ്ങൾ. അതുകൊണ്ടാണ് ഇവ സ്ത്രീകളുടെ പ്രിയപ്പെട്ടതാകുന്നതും. ചർമ്മത്തിന് ഇവ കൂടുതൽ ഗുണപരമായ മാറ്റങ്ങൾ നൽകുന്നു. അത്തരംചില ഉൽപ്പന്നങ്ങളെ പരിചയപ്പെടാം.
അഡ്വാൻസ്ഡ് ആന്‍റി റിങ്കിൾ റെറ്റിനോൾ ഫേസ് ക്രീം
സ്ത്രീകളെ അലട്ടുന്ന പ്രധാനപ്പെട്ട ഒരു പ്രശ്നമാണ് മുഖത്തുണ്ടാകുന്ന ചുളിവുകളും വരകളും. ചർമ്മം സുന്ദരവും കോമളവുമായിരിക്കണമെന്നാണ് ഏതൊരു സ്ത്രീയും ആഗ്രഹിക്കുക. എന്നാൽ തെറ്റായ ചില സൗന്ദര്യവർദ്ധകങ്ങൾ ഉപയോഗിച്ചോ ചർമ്മത്തെ ശരിയായ രീതിയിൽ പരിപാലിക്കാതെയോ ഹോർമോൺ അസന്തുലുതാവസ്‌ഥ കൊണ്ടോ ചർമ്മത്തിൽ ഏജിംഗ് സംബന്ധമായതോ അല്ലാത്തതുമായതോ ആയ പ്രശ്നങ്ങൾ കണ്ടു തുടങ്ങും.
ഈ സാഹചര്യത്തിൽ ന്യൂ ഏജ് കോസ്മെറ്റിക് പ്രൊഡക്ടിൽ ഉള്ള അഡ്വാൻസ്ഡ് ആന്‍റി റിങ്കിൾ റെറ്റിനോൾ ഫേസ് ക്രീം ഉപയോഗിക്കുന്നത് ഫലപ്രദം ആയിരിക്കും.
പ്രകൃതിദത്ത ചേരുവകൾ അടങ്ങിയിരിക്കുന്നതിനാലും ക്ലിനിക്കിലി ടെസ്റ്റഡായതിനാലും ഇത് ഫേഷ്യൽ മസിലുകളെ ബലപ്പെടുത്തുന്നതിനൊപ്പം റിലാക്സേഷനും പകരുന്നു.
ഇതിലെ വിറ്റാമിൻ സി പ്രോപ്പർട്ടീസ് പ്രകൃതിദത്ത രീതിയിൽ കൊളാജൻ നിർമ്മിച്ച് പ്രായം വർദ്ധിപ്പിക്കുന്ന ചർമ്മ കോശങ്ങളെ ഹെൽത്തിയാക്കുന്നു. തൽഫലമായി ചർമ്മത്തിലെ ചുളിവുകൾ അകലുകയും ചെയ്യുന്നു. വിറ്റാമിൻ സി അടങ്ങിയ ഫേഷ്യൽ മോയിസ്ചറൈസർ ചർമ്മത്തിൽ വിറ്റാമിൻ ലെവലിനെ ബാലൻസ് ചെയ്യുന്നതിനൊപ്പം ചർമ്മത്തെ ആരോഗ്യമുള്ളതുമാക്കുന്നു.
ഈ ക്രീം മുഖത്ത് പുരട്ടുന്നതിലൂടെ ചർമ്മം മൃദുലവും കോമളവും ആകുന്നതിനൊപ്പം ആഘോഷാവസരങ്ങളിൽ അണിഞ്ഞൊരുങ്ങുമ്പോൾ മുഖം കൂടുതൽ സുന്ദരമാകുകയും ചെയ്യും. എല്ലാത്തരം ചർമ്മത്തിനും നന്നായി ഇണങ്ങുമെന്ന് മാത്രമല്ല എല്ലാ പ്രായക്കാർക്കും ഇത് ധൈര്യപൂർവ്വം ഉപയോഗിക്കുകയും ചെയ്യാം.
വിറ്റാമിൻ സി സിറം
ചർമ്മം ആന്തരികമായി സുഖപ്പെടാതെ മുഖത്ത് ഏതുതരം മേക്കപ്പ് ഇട്ടാലും ശരി അത് സുന്ദരമായി കാണപ്പെടണമെന്നില്ല. ഇത്തരത്തിലുള്ള ചർമ്മത്തെ വിറ്റാമിൻ സി സിറം മികച്ച രീതിയിൽ ഹൈഡ്രേറ്റ് ചെയ്യും.
ചർമ്മത്തിന് പ്രകൃതിദത്ത സൗന്ദര്യം പകരും. പ്രകൃതിദത്ത ചേരുവകൾ അടങ്ങിയിരിക്കുന്നതിനാൽ ഏതുതരം ചർമ്മത്തിനും ഇത് ഫലപ്രദമാണ്. വിറ്റാമിൻ സി സിറം നിത്യവും ഉപയോഗിക്കാം.
വാട്ടറി ടെക്സ്ച്ചറിൽ ആയതിനാൽ ചർമ്മത്തിൽ അതിവേഗം ആഗീരണം ചെയ്യപ്പെടുമെന്ന് മാത്രമല്ല അനായാസം ഉപയോഗിക്കുകയും ചെയ്യാം. ഞൊടിയിട നേരം കൊണ്ട് ചർമ്മത്തിൽ ഇത് അദ്ഭുതകരമായ മാറ്റം തന്നെ സൃഷ്ടിക്കും.
ഏജ് ഡിഫയിംഗ് ക്രീം
ന്യൂ ഏജ് കോസ്മെറ്റിക് ഉൽപ്പന്നങ്ങളിൽ ഏജ് ഡിഫയിംഗ് ക്രീം സൗന്ദര്യ പ്രേമികളുടെ ഇഷ്ട ചോയിസാണ്. കാരണം ഇത് ചർമ്മത്തിന്‍റെ ഈർപ്പം നിലനിർത്തുന്നതിനൊപ്പം ചർമ്മത്തെ പരിപോഷിപ്പിക്കുകയും ചെയ്യും. ഒപ്പം ചർമ്മത്തിൽ ഉണ്ടാവുന്ന നേർത്ത വരകളെ കുറച്ച് ചർമ്മത്തെ കൂടുതൽ ചെറുപ്പം ഉള്ളതാക്കുന്നു. ഇത് സെല്ലുലാർ കോശങ്ങളെയും പുനർ നിർമ്മിച്ച് സ്കിൻ ഏജിംഗിനെ മന്ദഗതിയിൽ ആക്കുകയും ചെയ്യും.
ചർമ്മത്തിന്‍റെ ഇലാസ്തികത നിലനിർത്തുന്നതിനൊപ്പം ചർമ്മത്തിൽ ഉണ്ടാകുന്ന ഡാർക്ക് പാച്ചുകൾ, ചുളിവുകൾ എന്നിവയെ നല്ലൊരു പരിധി വരെ കുറയ്ക്കാൻ ഇത് സഹായിക്കുന്നുണ്ട് എന്നതാണ് ഇതിന്‍റെ പ്രധാന സവിശേഷത. ഫ്രീ റാഡിക്കലുകളെ നശിപ്പിക്കുന്നതിനൊപ്പം ഓക്സിഡേഷൻ ഡാമേജിൽ നിന്നും ചർമ്മത്തെ രക്ഷിക്കുകയും ചെയ്യും.
വിറ്റാമിൻ സി,ഇ, വിറ്റാമിൻ ബി 3, ഫേഷ്യൽ ഓയിൽ തുടങ്ങിയ ചേരുവകൾ ഇതിൽ അടങ്ങിയിരിക്കുന്നു. ഇത് ചർമ്മത്തിൽ അദ്ഭുതകരമായ മാറ്റം തന്നെ സൃഷ്ടിക്കും. അതിനാൽ നൈറ്റ് റൂട്ടിനിൽ ഏജ് ഡിഫയിംഗ് ക്രീം ഉൾപ്പെടുത്തുന്നത് ഏറെ ഗുണംചെയ്യും. ഒപ്പം വിശേഷാവസരങ്ങളിൽ ചർമ്മത്തിന് ഗുണകരമായ മാറ്റം ഉണ്ടാക്കുന്നതിന് ഇത് സഹായിക്കുകയും ചെയ്യും.
കോസിക് ആസിഡ് ഫോർ വൈറ്റനിംഗ്
ഫേഷ്യലിൽ ഉൾപ്പെടുത്തുന്ന ഒരു ചേരുവയാണിത്. സൂര്യന്‍റെ അൾട്രാ വയലറ്റ് രശ്മികൾ ഏറ്റുള്ള ദോഷങ്ങൾ, മുഖത്തുണ്ടാകുന്ന പാടുകൾ, കരിവാളിപ്പ് എന്നിവ അകറ്റാൻ കോസിക് ആസിഡ് ഉപയോഗിച്ചുള്ള ഫേഷ്യൽ ഏറെ ഫലവത്തായിരിക്കും. ചർമ്മത്തിന് ഇത് കൂടുതൽ തിളക്കവും മൃദുത്വവും നൽകും. ഈ ചേരുവ ലൈറ്റനിംഗ് ഏജൻറായും പ്രവർത്തിക്കുന്നുണ്ട്.
കോസിക് ആസിഡ് ടെറോസൈൻ എന്ന പേരുള്ള അമിനോ ആസിഡ് ബ്ലോക്ക് ചെയ്യുന്നതിനും ഫലവത്താണ്. ഇത് മെലാനിൻ ഉത്പാദനത്തെ തടയുന്നു. ആന്‍റി ബാക്ടീരിയൽ, ആന്‍റി ഫംഗൽ ചേരുവകൾ ഉള്ളതിനാൽ ബാക്ടീരിയൽ ഇൻഫെക്ഷൻ പോലെയുള്ള പ്രശ്നങ്ങളിൽ നിന്ന് ചർമ്മത്തെ ഇത് സംരക്ഷിക്കുകയും ചെയ്യും. ഒപ്പം ചർമ്മത്തിൽ ഉണ്ടാകുന്ന പാടുകളെ കുറയ്ക്കുകയും ചെയ്യുന്നു.
ബേബി ഗ്ലോ ട്രീറ്റ്മെന്‍റ്
പ്രത്യേകതരം ചർമ്മ പരിപാലന രീതിയാണിത്. ഫൗണ്ടേഷൻ പോലെ ചർമ്മത്തിന് ഈവൻ ടോൺ ലുക്ക് നൽകാൻ ഇത് മികച്ചതാണ്. സമാനമല്ലാത്ത ചർമ്മനിറം ഒരുപോലെയാക്കാൻ, കറുത്ത പാടുകൾ, പുള്ളി കുത്തുകൾ, മറ്റ് അടയാളങ്ങൾ എന്നിവയെ കുറയ്ക്കാനും മികച്ചതാണ്. സ്കിൻ പിഗ്മെന്‍റേഷനെ കുറയ്ക്കുക മാത്രമല്ല മറിച്ച് ചർമ്മത്തിന്‍റെ ഇലാസ്തികതയെ മികച്ച രീതിയിലാക്കുന്നു. സെമി പെർമനന്‍റ് മേക്കപ്പ് ട്രീറ്റ്മെന്‍റ ആയ ഇത് ഒരു നോൺ സർജിക്കൽ പ്രൊസീജറാണ്. ചർമ്മത്തിൽ നാനോ നീഡലുകൾ കുത്തി ഇറക്കിയാണ് ഈ പ്രക്രിയ ചെയ്യുന്നത്.
സ്കിൻ റിജുവനേഷൻ, കോളാജൻ ഉൽപാദനം എന്നിവ മെച്ചപ്പെടുത്തുന്നതിന് ഏറെ ഫലവത്തായ പ്രക്രിയയാണിത്. ബേബി ഗ്ലോ സിറം ചർമ്മത്തിൽ അത്യാവശ്യ പോഷകങ്ങളെ എത്തിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്നു. നേർത്തവരകൾ, ബ്ലാക്ക് ഹെഡ്സ്, ചുളിവുകൾ തുടങ്ങിയവയെ ഇല്ലാതാക്കി ചർമ്മത്തിന് തിളക്കം പകരുന്നു. ഈ ട്രീറ്റ്മെന്‍റിന് വിധേയമായ ശേഷം ഒരു മാസത്തേക്ക് മേക്കപ്പൊന്നും ചെയ്യേണ്ടി വരികയില്ല. ചർമ്മത്തിൽ ഇൻസ്റ്റന്‍റ് ഗ്ലോ ലഭിക്കും. എല്ലാത്തരം ചർമ്മത്തിനും ഇത് അനുയോജ്യമാണ്.
കോപ്പർ പെപ്റ്റൈഡ് ഫേഷ്യൽ
ചർമ്മത്തിൽ സിറമിനൊപ്പം ത്രെഡ് അപ്ലൈ ചെയ്യുന്ന ഒരു ചികിത്സ രീതിയാണിത്. തുടർന്ന് അതിനു മുകളിലായി അൾട്രാ സോണിക് മെഷീൻ ഉപയോഗിച്ച് കോപ്പർ പെപ്റ്റൈഡ് ത്രെഡുകളെ ചർമ്മത്തിനകത്ത് കടത്തുന്നു. അതുവഴി ഫേസ് അപ്പ്ലിഫ്റ്റ് സാധ്യമാക്കുന്നു. ചർമ്മത്തിന് മുറുക്കം പകരുന്നതിനൊപ്പം കോളജൻ ഉത്പാദനത്തെ വർദ്ധിപ്പിച്ച് ചർമ്മത്തെ മിനുസമാർന്നതാക്കുന്നു. അതുവഴി ചർമ്മത്തിൽ ഉള്ള ചുളിവുകളും പാടുകളും ഒക്കെ അകലുകയും ഇലാസ്തികത മെച്ചപ്പെടുകയും ചെയ്യും.
മറ്റൊന്ന് ഇത് ചർമ്മത്തെ ഹൈഡ്രേറ്റ് ആക്കുമെന്നതാണ്. ഇത് ചർമ്മത്തിന് കൂടുതൽ യുവത്വം നൽകും. യഥാർത്ഥത്തിൽ ഇതിലടങ്ങിയിരിക്കുന്ന ആന്‍റി ഓക്സിഡന്‍റ് പ്രോപ്പർട്ടീകൾ ചർമ്മത്തെ ഫ്രീ റാഡിക്കലുകളിൽ നിന്നും പരിരക്ഷിച്ച് കൊളാജൻ ഉല്പാദനത്തെ മെച്ചപ്പെടുത്തി ഇലാസ്തികത വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്.
ട്രെൻഡി നെയിൽ ആർട്ട്
ആഘോഷമേതായാലും ഏത് ട്രെൻഡി വസ്ത്രങ്ങൾ അണിഞ്ഞാലും ശരി കൈകൾ മനോഹരമല്ലെങ്കിൽ അത് മൊത്തം ലുക്കിനെ തന്നെ ബാധിക്കും. വിശേഷാവസരങ്ങളിൽ പരീക്ഷിക്കാവുന്ന ഒരു ടെക്നികാണ് നെയിൽ ആർട്ട് എന്നത്.
ഡോട്ടെട് ഡിസൈൻ, മാറ്റ് ലുക്ക് ഷൈൻ ഡിസൈൻ, റോസ് ഗോൾഡ് ഗ്ലിറ്റർ നെയിൽസ്, പ്ലേ വിത്ത് ട്രൂ കളേഴ്സ് നെയിൽസ് എന്നിവ ലേറ്റസ്റ്റ് ട്രെൻഡിൽ ഉള്ള ചില നെയിൽ ആർട്ടുകളാണ്. ഇത് വിരലുകൾക്ക് വർണ്ണാഭമായ ലുക്ക് പകരുന്നതിനൊപ്പം സൗന്ദര്യം പകരുമെന്ന് മാത്രമല്ല വിശേഷാവസരങ്ങളിൽ മനം നിറഞ്ഞു ആഹ്ളാദിക്കുകയും ചെയ്യാം.
എന്നാൽ നെയിൽ ആർട്ടിന് പകരമായി നെയിൽ പെയിന്‍റ് ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ അതിനും മികച്ച ഓപ്ഷനുകൾ തന്നെയുണ്ട്. ഇലക്ട്രിക് ബ്ലൂ ചെറി, ജ്വൽ ടോൺസ്, ഷെയ്ഡ്സ് ഓഫ് പിങ്ക് എന്നിങ്ങനെ സ്വന്തം വസ്ത്രത്തിനിണങ്ങുന്ന ചാമിംഗ് കളറുകൾ വേറെയുമുണ്ട്.
ചുണ്ടുകൾ സുന്ദരമാക്കാൻ
മേക്കപ്പ് എത്ര ചെയ്താലും ചർമ്മകാന്തി ഉണ്ടായാലും ശരി ചുണ്ടുകളിൽ യോജിച്ച ലിപ്സ്റ്റിക് അണിഞ്ഞില്ലെങ്കിൽ ലുക്ക് പരിപൂർണ്ണമാവണമെന്നില്ല. വിശേഷാവസരങ്ങളിൽ ഫെസ്റ്റിവൽ ട്രെൻഡ് ലിപ്സ്റ്റിക് അപ്ലൈ ചെയ്യാൻ മറക്കരുത്. ചെറി റെഡ്,ഡാർക്ക് പിങ്ക്, ന്യൂഡ് പിങ്ക്, ന്യൂഡ് ബ്രൗൺ, കോറൽ, കൂൾ ടോണ്ട് പിങ്ക്, പ്ലം, ചോക്ലേറ്റ്, ബ്രൈറ്റ് ഓറഞ്ച് എന്നിങ്ങനെയുള്ള ഷെയ്ഡുകൾ അപ്ലൈ ചെയ്തു ട്രെൻഡി ലുക്ക് സ്വന്തമാക്കാം.