നമ്മുടെ നാട്ടിലെങ്ങും നായ ശല്യം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ചും നായയുടെ കടിയേറ്റുള്ള സംഭവങ്ങൾ നാൾക്കുനാൾ വർദ്ധിച്ചു കൊണ്ടിരിക്കുന്നു. ഇത്തരത്തിൽ അപകടകരമാംവിധം വർദ്ധിച്ചു കൊണ്ടിരിക്കുന്ന ഈ വിപത്തിനെ പ്രതിരോധിക്കുന്ന മാർഗ്ഗങ്ങളെപ്പറ്റിയുള്ള ചർച്ചകൾ കൊടുമ്പിരികൊണ്ടിരിക്കുമ്പോഴും മൃഗങ്ങളുടെ ക്ഷേമ- പരിപാലന കാര്യത്തിലും ചില നിയമങ്ങളും സംവിധാനങ്ങളും നമുക്കുണ്ട്.
നഗരങ്ങളിലും നാട്ടിൻ പുറങ്ങളിലും വളർത്തുമൃഗങ്ങളെ സ്നേഹിക്കുന്നവരുടെ എണ്ണം നാൾക്കുനാൾ കൂടിവരികയാണ്. നായ്ക്കൾക്കൊപ്പം പൂച്ചകളും മറ്റ് വളർത്തു മൃഗങ്ങളും ഇവയിൽ ഉൾപ്പെടുന്നു. നായയെ ചൊല്ലി അയൽവാസികൾ തമ്മിൽ കലഹിക്കുകവരെ സംഭവങ്ങളും സാധാരണമായിരിക്കുന്നു. ചിലർ വെറുമൊരു ഹോബിയായി കണ്ട് മൃഗങ്ങളെ പരിപാലിക്കാറുണ്ട്. പിന്നീട് അവയെ വഴിയിൽ ഉപേക്ഷിക്കും. ചെറിയ നായ്ക്കുട്ടികളെ കളിപ്പാട്ടങ്ങൾ പോലെയാണ് ചിലർ പരിഗണിക്കുന്നത്. എന്നാൽ ഇനി ഇക്കാര്യത്തിൽ ജാഗ്രത പുലർത്തേണ്ടി വരും. മൃഗങ്ങളോടുള്ള ക്രൂരത തടയാൻ സർക്കാർ ഇപ്പോൾ നിയമം കർശനമാക്കിയിരിക്കുകയാണ്.
അത്തരം സാഹചര്യത്തിൽ മൃഗപരിപാലനത്തിൽ ഉണ്ടാകുന്ന എന്ത് പിഴവും മൃഗങ്ങളെ വളർത്തുന്നയാൾക്ക് വലിയ ഭാരമാകും. അലഞ്ഞു തിരിഞ്ഞു നടക്കുന്ന മൃഗങ്ങളെ ബന്ധപ്പെട്ട സർക്കാർ ജീവനക്കാർ ശ്രദ്ധിക്കാതിരിക്കുകയോ മൃഗങ്ങളെ പരിപാലിക്കുന്നവർക്കെതിരെ എന്തെങ്കിലും പരാതി ലഭിക്കുകയോ ചെയ്താൽ സർക്കാർ അവർക്കെതിരെ കർശന നടപടി സ്വീകരിക്കും.
ലക്‌നൗവിലെ പിറ്റ് ബുൾ ആക്രമണം
വളർത്തു മൃഗങ്ങളെ വളർത്തുന്നവരിൽ നായ്ക്കളെ വളർത്തുന്നവരാണ് ഏറ്റവും കൂടുതലായി ഉള്ളത്. സത്യത്തിൽ ഇതുകൊണ്ട് ചിലപ്പോഴൊക്കെ ഇത്തരക്കാരുടെ അയൽക്കാരാണ് പൊറുതിമുട്ടിയിരിക്കുന്നത്. ഇതിന് മറ്റൊരു വശവും കൂടിയുണ്ട്. ഇപ്പോൾ ആളുകൾ അപകടകരമായ ഇനത്തിൽപ്പെട്ട നായകളെ പോലും വളർത്താൻ തുടങ്ങിയിരിക്കുന്നു എന്നതാണ്. ഇത്തരം വളർത്തു മൃഗങ്ങളുള്ള വീടിന് സമീപത്ത് താമസിക്കുന്നവരുടെ അവസ്‌ഥ എന്തായിരിക്കും എന്ന് ഊഹിക്കാവുന്നതേയുള്ളൂ. മുതിർന്നവരും കുട്ടികളും വഴി നടക്കാൻ തന്നെ ഭയപ്പെടും. ഇത് കൂടാതെ, ഇത്തരം മൃഗങ്ങളുടെ വിസർജ്യങ്ങൾ പൊതു ഇടങ്ങളിൽ ആവും നിക്ഷേപിക്കപ്പെടുക. ഇതും വലിയൊരു പ്രശ്നമാണ്.
പിറ്റ് ബുൾ, ലാബ്രഡോർ എന്നിങ്ങനെ രണ്ടിനങ്ങളിൽ പെട്ട നായ്ക്കൾ ഉള്ള ഉത്തർപ്രദേശിന്‍റെ തലസ്ഥാനമായ ലക്‌നൗവിലെ കേസർബാഗിലെ ഒരു വീട്ടിൽ നടന്ന സംഭവം ഇങ്ങനെയാണ്. വീട്ടിൽ അമിതും അയാളുടെ 82 വയസ്സുള്ള അമ്മ സുശീലയാണ് കഴിഞ്ഞിരുന്നത്. അമ്മ റിട്ടയേർഡ് അധ്യാപികയായിരുന്നു. മകൻ ജിം പരിശീലകനും. ഒരു ദിവസം വീട്ടിൽ തനിച്ചായ അമ്മയെ പിറ്റ്ബുൾ ഇനത്തിൽപ്പെട്ട നായ അതിക്രൂരമായി ആക്രമിക്കുകായിരുന്നു. ഗുരുതരമായി പരിക്കേറ്റ അമ്മയെ മകൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും അമ്മയെ ഡോക്ടർമാർക്ക് രക്ഷിക്കാനായില്ല.
ഈ പ്രശ്നം അറിഞ്ഞ് നാട്ടുകാർ നായയെ ഉപേക്ഷിക്കാൻ അയാളോട് ആവശ്യപ്പെട്ടു. നഗരസഭ അധികൃതർ ഒടുവിൽ നായയെ കൊണ്ടുപോയി. നായയുടെ സ്വഭാവം നിരീക്ഷിച്ചു. അവരുടെ മേൽനോട്ടത്തിൽ 14 ദിവസം നായയെ ആശുപത്രിയിലാക്കി. മോശം ലക്ഷണങ്ങൾ കാണിക്കാത്തതിനാൽ ഒടുവിൽ അധികൃതർ നായയെ ഉടമയ്ക്ക് തിരിച്ചു നൽകുകയാണ് ഉണ്ടായത്. ഇതിനു ശേഷവും ആളുകൾ ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു.
ഇത്തരം പ്രതിഷേധം ഒരിടത്ത് മാത്രമല്ല നടക്കുന്നത്. നായയേയും പൂച്ചയും മറ്റും പരിപാലിക്കുന്ന ഫ്ളാറ്റിൽ ഉള്ളവർക്കെതിരെയും സമീപവാസികൾ ശബ്ദമുയർത്താറുണ്ട്.
നായകൾക്കും നിയമം
നായകൾക്കായി സമ്പൂർണ്ണ നിയമം തന്നെ ഉണ്ടായിരിക്കുന്നു. നായയെ വളർത്താൻ മുൻസിപ്പിൽ കോർപ്പറേഷൻ നിന്നും ലൈസൻസ് എടുക്കണം എന്ന് മാത്രവുമല്ല ഇടയ്ക്കിടയ്ക്ക് അവർക്കുള്ള കുത്തിവയ്പ്പും നിർബന്ധമായും എടുത്തിരിക്കണം. അയൽപക്കത്ത് താമസിക്കുന്നവർക്ക് ബുദ്ധിമുട്ടുണ്ടാകുന്ന കാര്യങ്ങൾ ചെയ്യാത്ത തരത്തിൽ ആയിരിക്കണം നായയുടെ പരിപാലനവും പരിശീലനവും. ചില ഉത്തരേന്ത്യൻ കോളനികൾ ആകട്ടെ ഇതിനായി പ്രത്യേക നിയമങ്ങൾ തന്നെ ഉണ്ടാക്കിയിട്ടുണ്ട്. വളർത്തു മൃഗങ്ങളെ ശരിയായി പരിശീലിപ്പിക്കുകയും പരിസരവാസികൾക്ക് അലോസരം ഉണ്ടാക്കാത്തവിധം അവയെ പരിപാലിക്കുകയും വേണം.
അപകടകരമായ ഇനങ്ങളെ ഓമന മൃഗങ്ങളായി വളർത്തുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. വളർത്തു മൃഗങ്ങളുടെ പെരുമാറ്റത്തിൽ, ആരോഗ്യ കാര്യത്തിൽ എന്തെങ്കിലും അസാധാരണമായ മാറ്റങ്ങൾ കാണുന്നുവെങ്കിൽ ഉടനടി ഡോക്ടറെ സമീപിക്കുക. കാരണം ഇത്തരം കാര്യങ്ങൾ അവഗണിക്കുന്നത് വലിയ അപകടം ക്ഷണിച്ചു വരുത്തും.
വളർത്തുമൃഗങ്ങളുടെ പേരിൽ ആരെങ്കിലും ഉടമയെ അനാവശ്യമായി ശല്യപ്പെടുത്തുകയാണെങ്കിൽ വളർത്തു മൃഗ പരിപാലകർക്കായി പ്രത്യേകം നിയമം തന്നെയുണ്ട് എന്ന് ഓർക്കുക. മൃഗസ്നേഹികളെ സഹായിക്കുകയും അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി ശബ്ദം ഉയർത്തുകയും ചെയ്യുന്ന നിരവധി സന്നദ്ധ സംഘടനകളും ഉണ്ട്. മൃഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി ഇന്ത്യ ഗവൺമെന്‍റ് ഒരു നിയമം തന്നെ ഉണ്ടാക്കിയിട്ടുണ്ട്. മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമം.
എന്താണ് മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമം
മൃഗങ്ങളെ അനാവശ്യമായി വേദനിപ്പിക്കുകയോ ശിക്ഷിക്കുകയോ ചെയ്യുന്നത് തടയാൻ ലക്ഷ്യമിട്ടു കൊണ്ടുള്ള നിയമമാണിത്. 1962 ൽ ഉണ്ടാക്കിയ ഈ ആക്ടി ന്‍റെ സെക്ഷൻ 4 പ്രകാരം “ഇന്ത്യൻ അനിമൽ വെൽഫെയർ ബോർഡും” സ്‌ഥാപിക്കുകയുണ്ടായി. ഇത് പ്രകാരം മൃഗങ്ങളോടുള്ള ക്രൂരകൃത്യത്തിന് എതിരെ മൂന്ന് മാസത്തിനുള്ളിൽ കേസ് ഫയൽ ചെയ്യാം. ഈ കാലാവധിയ്ക്കു ശേഷം ഈ നിയമപ്രകാരം ഒരു കുറ്റത്തിനും കേസെടുക്കില്ല.
വളർത്തു മൃഗങ്ങളെ വീട്ടിൽ വളർത്തുന്നവർ അറിഞ്ഞോ അറിയാതെയോ മൃഗങ്ങളോട് പലതവണ മോശമായി പെരുമാറുന്നത് കുറ്റകൃത്യങ്ങളുടെ വിഭാഗത്തിൽ ഉൾപ്പെടും. ഇതും ശിക്ഷാർഹമായ കുറ്റകൃത്യമാണ്. അതുപോലെ അലഞ്ഞു നടക്കുന്ന മൃഗങ്ങളോടുള്ള ആളുകളുടെ പെരുമാറ്റവും വളരെ പ്രധാനമാണ്. തെറ്റായ പെരുമാറ്റം കാട്ടിയാൽ ശിക്ഷ ഉറപ്പ്.
ശിക്ഷാർഹമായ കുറ്റം
ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 51(1) അനുസരിച്ച് എല്ലാ ജീവജാലങ്ങളോടും സഹാനുഭൂതി കാട്ടുകയെന്നത് ഇന്ത്യയിലെ ഓരോ പൗരന്‍റെയും കടമയാണ്. മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമം അനുസരിച്ച് (കോഴി ഉൾപ്പെടെ) ഏതെങ്കിലും മൃഗത്തെ അറവ് ശാലയിൽ മാത്രമേ കശാപ്പ് ചെയ്യാവൂ എന്ന് നിയമം പ്രത്യേകം നിഷ്കർഷിക്കുന്നുണ്ട്.
രോഗികളും ഗർഭിണികളും ആയവർ മൃഗങ്ങളെ കൊല്ലാൻ പാടില്ല. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 428, 429 വകുപ്പുകൾ പ്രകാരം അലഞ്ഞു തിരിഞ്ഞു നടക്കുന്ന മൃഗങ്ങൾ ആണെങ്കിൽ പോലും അവയെ കൊല്ലുകയോ അംഗഭംഗം വരുത്തുകയോ ചെയ്യുന്നത് ശിക്ഷാർഹമായ കുറ്റമാണ്. മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമമനുസരിച്ച് മൃഗത്തെ തെരുവിൽ ഉപേക്ഷിക്കുന്നത് മൂന്നുമാസം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. വന്യജീവി നിയമപ്രകാരം കുരങ്ങുകൾക്ക് നിയമപരിരക്ഷ നൽകിയിട്ടുണ്ട്. ഇത് അനുസരിച്ച് കുരങ്ങുകളെ കൊണ്ട് അഭ്യാസപ്രകടനം നടത്തുകയോ അവയെ തടവിലാക്കുകയോ ചെയ്യുന്നത് നിയമവിരുദ്ധമാണ്. നായകൾക്കായുള്ള നിയമം രണ്ടു വിഭാഗങ്ങളായി തരം തിരിച്ചിരിക്കുന്നു. വളർത്ത് നായകൾ, തെരുവ് നായകൾ എന്നിങ്ങനെ.
വ്യക്‌തിക്കോ പ്രാദേശിക മൃഗക്ഷേമ വകുപ്പിന്‍റെ സഹായത്തോടെയോ നായകളുടെ വന്ധീകരണ ശസ്ത്രക്രിയ നടത്താം. അവയെ കൊല്ലുന്നത് നിയമവിരുദ്ധമാണ്.
മൃഗത്തിന് മതിയായ ഭക്ഷണം, വെള്ളം, പാർപ്പിടം എന്നിവ നിഷേധിക്കുന്നതും ദീർഘകാലത്തേയ്ക്ക് അവയെ കൂട്ടിൽ അടച്ചിടുന്നതും ശിക്ഷാർഹമായ കുറ്റമാണ്. ഇതിന് പിഴയോ മൂന്നുമാസം തടവോ രണ്ടും കൂടിയോ ഉള്ള ശിക്ഷയോ ലഭിക്കാം. പോരാട്ടത്തിനായി മൃഗങ്ങളെ പ്രേരിപ്പിക്കുന്നതും അത്തരം പോരാട്ടത്തിൽ വ്യക്‌തികൾ പങ്കെടുക്കുന്നതും കുറ്റകരമാണ്.
പിസിഎ നിയമത്തിലെ സെക്ഷൻ 22(2) പ്രകാരം കരടി, കുരങ്ങ്, കടുവ, പുള്ളിപ്പുലി, സിംഹം, കാള എന്നിവ വിനോദത്തിനായി വ്യാപാരം ചെയ്യുന്നതും ഉപയോഗിക്കുന്നതും നിയമവിരുദ്ധമാണ്.
ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് റൂൾസ് 1945 അനുസരിച്ച് മൃഗങ്ങളിൽ സൗന്ദര്യ വർദ്ധക വസ്തുക്കളുടെ പരീക്ഷണവും മൃഗങ്ങളിൽ പരീക്ഷിച്ച സൗന്ദര്യവർദ്ധക വസ്തുക്കളുടെ ഇറക്കുമതിയും നിരോധിച്ചിട്ടുണ്ട്.
സ്ലോട്ട് ഹൗസ് റൂൾസ് 2001 അനുസരിച്ച് രാജ്യത്തിന്‍റെ ഏത് ഭാഗത്തും മൃഗബലി നടത്തുന്നത് നിയമവിരുദ്ധമാണ്.
മൃഗശാല സന്ദർശിക്കുമ്പോൾ പാലിക്കേണ്ട ചില നിയമങ്ങളുമുണ്ട്. മൃഗശാലയിലോ പരിസരത്തോ ഉള്ള മൃഗങ്ങളെ ശല്യപ്പെടുത്തുക, ഭക്ഷണം കൊടുക്കുക, ഉപദ്രവിക്കുക എന്നിവ ശിക്ഷാർഹമായ കുറ്റകൃത്യങ്ങളാണ്.
മൃഗങ്ങളെ ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്നതിനും നിയമമുണ്ട്. ഏതെങ്കിലും വാഹനത്തിൽ കയറ്റി അവയ്ക്ക് അസൗകര്യം സൃഷ്ടിച്ചും വേദനിപ്പിച്ചും വിഷമിപ്പിച്ചും കൊണ്ടു പോകുന്നത് മോട്ടോർ വാഹനം നിയമപ്രകാരവും പിസിഎ നിയമപ്രകാരവും ശിക്ഷാർഹമായ കുറ്റമാണ്. 7 വർഷം വരെ കുറ്റവാളിയ്ക്ക് തടവ് അല്ലെങ്കിൽ 25000 രൂപ പിഴ അതുമല്ലെങ്കിൽ രണ്ടും കൂടിയോ ഉള്ള ശിക്ഷ ലഭിക്കാം.