യൂണിവേഴ്സിറ്റിയിൽ എത്തിയ ആദ്യത്തെ ദിവസം. മനസ്സിനെ അകാരണമായ ഒരു ഭയം അലട്ടിക്കൊണ്ടിരുന്നു. ഗ്രാജുവേഷന് ഉയർന്ന മാർക്കുണ്ടെന്നതിനാൽ സീറ്റ് കിട്ടുമെന്നുറപ്പായിരുന്നു. ഗോവണി കയറി മുകൾ നിലയിലെത്തിയപ്പോൾ നോട്ടീസ് ബാർഡിനു മുന്നിൽ നാലോ അഞ്ചോ വിദ്യാർത്ഥികൾ നമ്പർ തിരയുന്ന തിരക്കിലായിരുന്നു. നെടുവീർപ്പും ആശ്വാസവും സങ്കടവും സന്തോഷവും ഓരോരുത്തരുടേയും മുഖത്ത് പ്രകടമായിരുന്നു. ഫിസിക്സ് പോസ്റ്റ് ഗ്രാജുവേഷൻ ലിസ്റ്റിൽ രണ്ടാമതായി പേര് കണ്ടപ്പോൾ എനിക്ക് സന്തോഷം തോന്നി.
അഡ്മിഷൻ നടപടികൾ കഴിഞ്ഞ് പുറത്തേക്കിറങ്ങുന്നതിനിടയിൽ പിന്നിൽ നിന്നും ആരോ വിളിക്കുന്നു, “ഹലോ, ഒന്നു നിൽക്കണേ…”
എന്നോടായിരിക്കുമോ? ഒരു നിമിഷം ഞാൻ തിരിഞ്ഞു നോക്കി. നീല ജീനസും ഭംഗിയുള്ള ഷോർട്ട് ടോപ്പും ധരിച്ച ഒരു പെൺകുട്ടി. കാഴ്ചയ്ക്ക് ആരെയും ആകർഷിക്കുന്ന പ്രകൃതം, അപ്സര സൗന്ദര്യം. ഒരു നിമിഷം അവളെത്തന്നെ നോക്കി നിന്നു. എന്‍റെ മുഖത്ത് ആശ്ചര്യവും ആകാംഷയും നിറഞ്ഞുനിന്നിരുന്നു.
“ഷൂസിന്‍റെ ലേസ് അഴിഞ്ഞു കിടക്കുന്നു.” അവൾ എന്‍റെ ഷൂസിലേക്ക് തന്നെ നോക്കി നിൽക്കുന്നത് കണ്ട് ഞാനും ശ്രദ്ധിച്ചു. ശരിയാണ്, പക്ഷേ തട്ടിവീഴാനും പാകത്തിന് ലേസ് അഴിഞ്ഞിട്ടില്ല. എന്തായാലും നന്ദി പറഞ്ഞ് മുന്നോട്ട് നടക്കാനൊരുങ്ങവേ പിന്നിൽ നിന്നും പൊട്ടിച്ചിരിയുടെ ചിലമ്പൽ കേട്ടു.
അടുത്ത ദിവസം ക്ലാസിലെത്തിയപ്പോൾ മുൻവശത്തെ ബെഞ്ചിൽ രണ്ടാമതായി തലേദിവസത്തെ പരിചയക്കാരി. പേര് ഹസീന അഷ്റഫ്. കളിചിരി തമാശയോട് കൂടിയ പ്രകൃതം. എന്നാൽ എന്‍റേത് അൽപം ഒതുങ്ങിയ പ്രകൃതവും. അടുത്തിരിക്കുന്ന പെൺകുട്ടി നേഹയുമായി മാത്രമായിരുന്നു കൂട്ട്.
ക്ലാസ് തുടങ്ങി, പുസ്തകത്താളുകൾ മറിയും വേഗത്തിൽ ദിനങ്ങൾ നീങ്ങിക്കൊണ്ടിരുന്നു. പഠനത്തിൽ മാത്രമായിരുന്നു എന്‍റെ ശ്രദ്ധ. ഒന്നാം സെമസ്റ്റർ പരീക്ഷ കഴിഞ്ഞു. എനിക്കായിരുന്നു ക്ലാസിൽ ഉയർന്ന മാർക്ക്. “മിസ്. മുംതാസിന്‍റെ ഉത്തരക്കടലാസ് നിങ്ങൾ ഓരോരുത്തരം വായിക്കണം. വളരെ ചുരുങ്ങിയ വാക്കുകളിൽ എത്ര ഭംഗിയായാണ് ആ കുട്ടി ഉത്തരം പ്രസന്‍റ് ചെയ്തിരിക്കുന്നത്. ” മാഡം പെരേര പറഞ്ഞതുകേട്ട് ഉള്ളിന്‍റെയുള്ളിൽ ആഹ്ലാദവും അഭിമാനവും അലതല്ലി.
ക്ലാസ് കഴിഞ്ഞിരുന്നു, ക്യാമ്പസിൽ പൂത്തുനിൽക്കുന്ന ഗുൽമോഹർ വൃക്ഷങ്ങൾക്കിടയിലൂടെയുള്ള പാടയിലൂടെ ഞാൻ മുന്നോട്ട് നടന്നു. മെയിൻ ഗേറ്റ് കടന്ന് മുന്നിലെ റോഡ് മുറിച്ചു കടക്കാനൊരുങ്ങവേ പിന്നിൽ നിന്നും ഇമ്പമാർന്ന അതേ സ്വരം. “മിസ്. മുംതാസ്… ഒന്ന് നിൽക്കൂ…”
തിരിഞ്ഞുനോക്കിയപ്പോഴേക്കും തൊട്ടു പിന്നിലെത്തിയിരുന്നു ഹസീന. ഞാനുടനെ ഷൂസിലേക്ക് നോക്കി. എന്‍റെ പരിഭ്രമം കണ്ട് അവൾ കിലുകിലെ പൊട്ടിച്ചിരിച്ചു. ഒപ്പം കുപ്പിവള കിലുങ്ങുന്ന ഭംഗിയുള്ള കൈകൾ എന്‍റെ നേരെ നീട്ടി. ഇതെന്ത് തമാശ… ഞാനവളെത്തന്നെ നോക്കി. “മുംതാസ്… എന്നെ ഫ്രണ്ടാക്കുന്നതിൽ വിരോധമുണ്ടോ?” എന്തുപറയണം. എന്‍റെ ആശങ്ക കണ്ടിട്ടാവണം അവൾ ചോദിച്ചു, “മുംതാസ്… ആ ഉത്തരക്കടലാസ് ഒന്ന് വായിക്കാൻ തരുമോ? മാഡം പെരേര പറഞ്ഞിരുന്നല്ലോ…” ഞാൻ ഒന്നും മിണ്ടാതെ ഉത്തരക്കടലാസ് നൽകി.
ഇലപൊഴിയും പോലെ ദിനങ്ങളും കൊഴിഞ്ഞു തുടങ്ങിയിരുന്നു. പിന്നീടെപ്പോഴോ ഞാനവളുമായി സൗഹൃദത്തിലായി. അല്ല, അവൾ എന്‍റെ സൗഹൃദം നേടിയെടുക്കുകയായിരുന്നു. എവിടെ പോകുമ്പോഴും അവൾ എന്നേയും കൂട്ടിയിരുന്നു. ഏതുകാര്യവും നിമിഷനേരത്തിനകം ചെയ്തു തീർക്കാൻ സഹായിച്ചിരുന്നു. എന്നാൽ മറ്റുള്ളവരിലെ കുറ്റങ്ങളും കുറുവുകളും ചികഞ്ഞ് ഉറക്കെ പരിഹസിക്കുന്ന ഹസീനയുടെ സ്വഭാവം എനിക്ക് തീരെ ഇഷ്ടമല്ലായിരുന്നു. പലവട്ടം ഞാനവളെ ഒഴിവാക്കാൻ ശ്രമിച്ചിവെങ്കിലും ഓരോ ന്യായങ്ങൾ പറഞ്ഞ് അവൾ സൗഹൃദം ഊട്ടിയുറപ്പിക്കാൻ ശ്രദ്ധിച്ചു.
സമ്പന്ന കുടുംബത്തിലാണ് ഹസീന ജനിച്ചതും വളർന്നതും. ഒരേയൊരു സഹോദരൻ. യാതൊരു സാമ്പത്തിക പരാധീനതകളുമില്ലെന്നതിനാൽ ഏതാഗ്രഹവും ഉടനെ സാധിച്ചുകിട്ടിയിരുന്നു.
വാരിക്കോരി സൗന്ദര്യം കിട്ടിയിരുന്നുവെങ്കിലും അത്രതന്നെ പൊങ്ങച്ചവും പരിഹാസവും അവളുടെ വാക്കുകളിൽ നിറഞ്ഞു നിന്നിരുന്നു. സ്വഭാവത്തിലും സാഹചര്യങ്ങളിലും ഞങ്ങൾക്കിടയിൽ വലിയൊരു അന്തരം തന്നെയുണ്ടായി. രണ്ട് സഹോദരികളും ഒരു സഹോദരനുമടങ്ങുന്ന ഇടത്തരം കുടുംബമായിരുന്നു എന്‍റേത്. സാമ്പത്തിക പരാധീനതകൾ കുറേ അലട്ടിയിരുന്നു. ആഗ്രഹങ്ങളും യാഥാർത്ഥ്യമായി സദാ ഒരു മല്ലിടൽ മാത്രം നടന്നിരുന്നു. എൻജിനീയറിംഗ് പഠനം കഴിഞ്ഞ് ജ്യേഷ്ഠൻ ഒരു കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചു. ഇളയ സഹോദരി സൈന ഗ്രജുവേഷന് പഠിക്കുന്ന കാലം.
ഒരു ദിവസം യൂണിവേഴ്സിറ്റിയിൽ മ്യൂസിക് പ്രോഗ്രാം സംഘടിപ്പിച്ചിരുന്നു. അടിപൊളി ഡ്രസ്സൊന്നും വേണ്ട സിംപിൾ സാരി മതിയെന്ന് എല്ലാവരും തീരുമാനിച്ചു. നേരത്തെയെത്തിയവർ ഹാളിന് പുറത്ത് കൂട്ടുകാരികളെ കാത്തുനിൽക്കുകയായിരുന്നു.
അപ്പോൾ നീണ്ടുമെലിഞ്ഞ 5 അടി 6 ഇഞ്ച് ഉയരക്കാരി റിയ നടന്നുവരുന്നു. ക്രേപ്പ് ഷിഫോൺ സാരിയാണ് വേഷം. സ്വതേ ഉയരമുള്ള റിയയ്ക്കപ്പോൾ വല്ലാത്ത ഉയരക്കൂടുതൽ തോന്നിച്ചു.
“ഉണക്കക്കമ്പേൽ തുണി ചുറ്റിയിരിക്കുന്നത് കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ ഈ റിയയെ നോക്കിയാൽ മതി.” റിയ അടുത്തെത്തിയതും ഹസീന പറഞ്ഞു. വലിയൊരു തമാശയൊപ്പിച്ചെന്ന മട്ടിൽ അവൾ കുണുങ്ങിച്ചിരിക്കാൻ തുടങ്ങി. ചമ്മലും വിഷമവും കൊണ്ട് റിയയുടെ മുഖം ചുവന്നു.
“ഏയ്… അങ്ങനെയൊന്നുമില്ല റിയാ, നിനക്ക് സാരി നന്നായി ഇണങ്ങുന്നുണ്ട്. നല്ല ഹൈറ്റുള്ളതുകൊണ്ട് ഏതു സാരിയും നിനക്ക് നല്ല ചേർച്ചയായിരിക്കും.” ഞാൻ റിയയുടെ കൈ പിടിച്ച് സാന്ത്വനിപ്പിച്ചു.
“മുംതാസ്… നീ വെറുതെ ഇവളെ ആശ്വസിപ്പിക്കാൻ ശ്രമിക്കുകയല്ലേ. ഓരോ മനുഷ്യർക്കും തങ്ങളാരാണെന്ന് വ്യക്തമായ ബോധമുണ്ടായിരിക്കണം. റിയാ… ഉള്ളത് ഉള്ളതുപോലെ തുറന്നു പറയുന്ന പ്രകൃതമാണെന്‍റേത്. അതുകൊണ്ട് നീയെന്നെ തെറ്റിദ്ധരിക്കരുത്. നിനക്ക് വല്ലാത്ത ഉയരക്കൂടുതലുണ്ട്. അതുകൊണ്ട് ഈ വേഷം നിനക്കൊട്ടും ഇണങ്ങുകയില്ല. ആത്രയ്ക്ക് ആഗ്രഹമുണ്ടെങ്കിൽ ഓർഗൻസാ സാരി ഉടക്കാമായിരുന്നു. അതായിരുന്നെങ്കിൽ ഒപ്പിക്കാമായിരുന്നു…”
റിയയുടെ വലിയ കണ്ണുകൾ ഈറനണിഞ്ഞു. ഞാൻ അവളെയും കൂട്ടി ഹാളിനടുത്തേക്ക് നീങ്ങി. ഹസീന അവിടെ നിൽക്കാൻ എന്നെ നിർബന്ധിച്ചുകൊണ്ടിരുന്നുവെങ്കിലും ഞാനതൊന്നും ശ്രദ്ധിക്കാതെ റിയയെയും കൂട്ടി ഹാളിലൊരിടത്തു ചെന്നിരുന്നു. റിയ ആകെ മൂഡോഫായി. എനിക്കും വല്ലാത്ത വിഷമം തോന്നി. പ്രോഗ്രാം കഴിയാൻ കാത്തു നിൽക്കാതെ ഞങ്ങൾ ഹാളിൽ നിന്നും പുറത്തിറങ്ങി.
അടുത്ത ദിവസം അവധിയായിരുന്നു. യാതൊരു ഭേദഭാവവും കൂടാതെയാണ് പിറ്റേന്ന് ഹസീന എന്നോടും റിയയോടും പെരുമാറിയത്. അന്നത്തെ ആ സംഭവത്തെ തുടർന്നുണ്ടായ ദേഷ്യം എനിക്കപ്പോഴും മാറിയിരുന്നില്ല. പിന്നീട് ഹസീനയോട് ഒറ്റയ്ക്ക് സംസാരിക്കാൻ അവസരം കിട്ടിയപ്പോൾ ഞാനതിനേക്കുറിച്ച് രൂക്ഷമായി വിമർശിച്ചു. “ഹസീന, നീ സുന്ദരിയാണെന്ന് സമ്മതിച്ചു. എന്നുവെച്ച് മറ്റുള്ളവരെ ഇങ്ങനെയൊന്നും അപമാനിക്കരുത്. നീ ഇന്നലെ റിയയോട് അങ്ങനെയൊന്നും സംസാരിക്കരുതായിരുന്നു. ശരിക്കും പറഞ്ഞാൽ നീ അവളോട് ക്ഷമ ചോദിക്കേണ്ടതുണ്ട്.”
കുറ്റബോധവും പശ്ചാത്താപവും ഹസീനയെ അലട്ടുമെന്നാണ് ഞാൻ കരുതിയത്. പകരം അവൾ ഉറക്കെ ചിരിക്കുകയാണുണ്ടായത്. “മുംതാസ്, അപ്പോ നീ ഈ ലോകത്തൊന്നുമല്ലേ ജീവിക്കുന്നത്. ഓരോ മനുഷ്യരിലും എന്തെങ്കിലുമൊക്കെ കുറ്റങ്ങളും കുറവുകളും കാണും. ഇതൊക്കെ മനസ്സിലാക്കി അതിനനുസരിച്ച് വേഷവിതാനം അണിയാനാണ് ശ്രമിക്കേണ്ടത്. എന്തായാലും സാരി റിയയ്ക്ക് ഒട്ടും ചേരില്ല. അനാവശ്യ സഹതാപം കാട്ടി അവളെ സന്തോഷിപ്പിക്കുന്നതിലും നല്ലത് സത്യം തുറന്ന് പറയുന്നതല്ലേ, സത്യം മനസ്സിലാക്കി അതിനനുസരിച്ച് ഇനിയെങ്കിലും അവൾ ഡ്രസ്സിംഗിൽ ശ്രദ്ധിക്കുമല്ലോ?”
“സത്യാസ്ഥ അറിഞ്ഞുകൊണ്ട് തന്നെയാ ഓരോരരുത്തരും ജീവിക്കുന്നത്. ഉള്ളതൊക്കെ പെരുമ്പറകൊട്ടി മറ്റുള്ളവരുടെ മനസ് വിഷമിപ്പിക്കുന്നതിൽ ഒരു കാര്യവുമില്ല.” മറുപടിയൊന്നും കേൾക്കാൻ കാത്തുനിൽക്കാതെ ഞാനെഴുന്നേറ്റ് നടന്നു.
ഫിസിക്സ് പൊതുവേ ടഫ് വിഷയമാണല്ലോ? നല്ല മാർക്ക് നേടുകയായിരുന്നു ലക്ഷ്യമെന്നതിനാൽ മുഴുവൻ സമയവും പഠനത്തിൽ മാത്രമായിരുന്നു എന്‍റെ ശ്രദ്ധ. പരീക്ഷ ഭാദപ്പെട്ട രീതിയിൽ എഴുതാൻ സാധിച്ചു. പരീക്ഷയ്ക്ക് ശേഷം പിക്നിക് പ്രോഗാമും പ്ലാൻ ചെയ്തിരുന്നു. കറക്കമൊക്ക കഴിഞ്ഞ് ഞങ്ങൾ അടുത്തൊരു പാർക്കിൽ ഭക്ഷണം കഴിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. അൽപം അകലെയായി കുറച്ച് കുട്ടികൾ കളിക്കുന്നുണ്ട്. പെട്ടെന്ന് പന്ത് എന്‍റെയരികിൽ വന്ന് വീണു. ഹസീനയാണ് പെന്തെടുത്തത്. തുടുത്തുരുണ്ട് ഓമനത്തം തോന്നിക്കുന്ന ഒരു കുഞ്ഞ് ഞങ്ങൾക്കരികിലേക്ക് ഓടിയെത്തി.
“എന്താ പേര്?” ഹസീന കുട്ടിയെ അരികിലേക്ക് വിളിച്ചു.
“ഗൗരവ്?” കുട്ടി കിതച്ചുകൊണ്ട് പറഞ്ഞു.
“മോനെത്ര വയസ്സുണ്ട്?”
“പതിനൊന്ന്?” അവൻ പോകാൻ തിടുക്കം കൂട്ടി.
“നിന്‍റെ മമ്മിയും പപ്പയും നിന്നെ മൂപ്പെത്തും മുമ്പ് പറിച്ചെടുത്തതാണെന്ന് തോന്നുന്നല്ലോ. അതാ ഇങ്ങനെ ചുരുങ്ങി കുള്ളനായത്. ഉയരം വേണമെങ്കിൽ ഇനി തൂങ്ങികിടക്കേണ്ടി വരും.” ഹസീന പറഞ്ഞു.
അടുത്തിരുന്ന നാലഞ്ച് പെൺകുട്ടികളും ഹസീനയുടെ ഈ തമാശകേട്ട് പൊട്ടിച്ചിരിച്ചു.
ഗൗരവ് ഹസീനയുടെ കൈയിലുള്ള പന്ത് തട്ടിപ്പറിച്ച് രണ്ടടി ഓടി തിരിഞ്ഞു നിന്നുകൊണ്ട് പറഞ്ഞു, “മാഡം, ഒരുപാട് മൂപ്പെത്തിയ ശേഷമാകും നിങ്ങളുടെ മമ്മിയും പപ്പയും പറിച്ചെടുത്തത്.” മറുപടി കേൾക്കാൻ നിൽക്കാതെ അവൻ ഒറ്റയോട്ടം.
ഉരുളയ്ക്കുപ്പേരി പോലുള്ള മറുപടി ഹസീന ആദ്യമായാണ് കേൾക്കുന്നത്. അവൾ ശരിക്കും ഇളിഭ്യയായി. എന്തായാലും വടി കൊടുത്തടി വാങ്ങിയല്ലോ. എനിക്ക് ചെറിയൊരു സന്തോഷം തോന്നി.
അവസാനവർഷ പരീക്ഷയും കഴിഞ്ഞു. കുറ്റങ്ങൾ ചികയുന്ന ഹസീനയുടെ ശീലത്തിനു മാത്രം മാറ്റം വന്നില്ല. എന്നാൽ അപ്പോഴേക്കും ഞങ്ങൾ അവളുടെ ഈ ശീലവുമായി പൊരുത്തപ്പെട്ടിരുന്നു.
ജൂനിയേഴ്സ് ഞങ്ങളുടെ സെന്‍റ് ഓഫ് ഗംഭീരമാക്കാൻ തീരുമാനിച്ചിരുന്നു. രണ്ടാം വർഷ വിദ്യാർത്ഥിയായ ഹർഷ നന്നായി പാട്ട് അവതരിപ്പിച്ചു. ഹാളിൽ നിർത്താതെയുള്ള കരോഘോഷത്തിന്‍റെ ആരവം തന്നെ ഉണ്ടായി.
പാട്ടിനുശേഷം അവൾ എന്‍റെയരികിൽ വന്നിരുന്നു. ഞാനവളെ പ്രത്യേകം അഭിനന്ദിച്ചു. രണ്ട് സീറ്റിനപ്പുറത്തിരുന്ന ഹസീന പതിയെ എണീറ്റ് ഞങ്ങൾക്കരികിലുള്ള ഒഴിഞ്ഞ കസേരയിൽ വന്നിരുന്നു. “പാട്ടൊക്കെ കൊള്ളാം പക്ഷേ, ഈ ഡ്രസ് ബഹുമോശം. ഇരുണ്ട നിറമുള്ളവർക്ക് കടും മഞ്ഞനിറം ഒട്ടും ചേരില്ല. പാലും കരിക്കട്ടയും പോലുള്ള കോമ്പിനേഷൻ.”
ഒരു വിചിത്രജീവിയെ നോക്കികാണുന്നതുപോലെ ഹർഷ ഹസീനയെ തുറിച്ചു നോക്കി.
“ഭംഗിയും നിറവുമൊക്കെ സ്വാഭാവികമായി കിട്ടുന്നതല്ലേ? അതെന്‍റെ തെറ്റല്ലല്ലോ. പക്ഷേ, കരുതിക്കൂട്ടി ആളുകളെ ചെറുതാക്കി കാണിക്കുന്ന ചേച്ചിയുടെ ഈ പെരുമാറ്റം അത് സ്വയം ശ്രമിച്ചാൽ മാറ്റാവുന്നതേയുള്ളൂ…”
തന്‍റെ നീരസമറിയിച്ചുകൊണ്ട് അവൾ വേഗമെഴുന്നേറ്റ് നടന്നു. മറുപടി പറയാൻ അവസരം കിട്ടാത്തതിലുള്ള ദേഷ്യം ഹസീനയുടെ മുഖത്ത് പ്രകടമായിരുന്നു.
ഫൈനൽ പരീക്ഷ കഴിഞ്ഞു. എല്ലാവരും അവരവരുടേതായ തിരക്കുകളിൽ വ്യാപൃതരായി. റിസൾട്ട് വന്നു. പ്രതീക്ഷിച്ചതുപോലെ എനിക്ക് നല്ല മാർക്ക് ലഭിച്ചു. പിഎച്ച്ഡിക്കുള്ള തയ്യാറെടുപ്പിലായിരുന്നു ഞാൻ. എങ്കിലും ഇടയ്ക്കിടെ സുഹൃത്തുക്കളുമായി ഫോണിൽ വിശേഷങ്ങൾ ചോദിച്ചറിഞ്ഞിരുന്നു. വല്ലപ്പോഴും ഹസീനയും വിളിക്കാറുണ്ടായിരുന്നു. രണ്ട് മാസത്തിനുശേഷം ഹസീന വിവാഹക്ഷണക്കത്തുമായി വീട്ടിലെത്തി.
ധനികനായ ഒരു ബിസിനസുകാരനായിരുന്നു വരൻ. ഞാനും കോളേജ് സുഹൃത്തുക്കളോടൊപ്പം വിവാഹത്തിൽ പങ്കെടുത്തു. വിവാഹം അതിഗംഭീരമായി. വിശാലമനസ്കരും ധനികരുമായ ഹസീനയുടെ രക്ഷിതാക്കൾ, അതിലേറെ സമ്പന്നമായ ഭർതൃഗൃഹം. വധുവരന്മാർ തമ്മിൽ നല്ല ചേർച്ച. ഹസീനയെപ്പോലെ സ്മാർട്ടായിരുന്നു സഹീറും.
യാത്ര പറഞ്ഞ് മടങ്ങാനൊരുങ്ങവേ ഹസീന എന്‍റെ തോളിൽ കൈയിട്ടു പറഞ്ഞു, “കണ്ടോ മുംതാസ്, ഞാൻ കരുതിയതുപോലെ നല്ലൊരു ഭർതൃഗൃഹം തന്നെ….” അവൾ കിലുകിലെ പൊട്ടിച്ചിരിച്ചു.
ഒന്നോരണ്ടോ മാസങ്ങൾക്കുശേഷം എനിക്കും നല്ലൊരു വിവാഹാലോചന വന്നു. വീട്ടുകാർക്കെല്ലാം ഇഷ്ടമായി. ഉടനെ വിവാഹം നിശ്ചയിച്ചു. ഞാൻ കൂട്ടുകാരികൾക്കെല്ലാം വിവാഹക്ഷണക്കത്ത് നൽകി ഒപ്പം ഫോണിൽ സംസാരിക്കുകയും ചെയ്തു. ഹസീന ഭർത്താവിനൊപ്പം അമേരിക്കയിൽ പോയിരിക്കുകയാണെന്നാണ് അറിഞ്ഞത്.
ഹസീന വിവാഹത്തിൽ പങ്കെടുക്കുന്നില്ലെന്നത് മനസ്സിൽ എന്തുകൊണ്ടോ ആശ്വാസം നിറച്ചു. എന്‍റെ ഭാവിവരൻ കമാലുദ്ദീൻ പണവും പത്രാസുമില്ലാത്ത ഒരു സാധാരണ യുവാവ്. എന്നെയും വീട്ടുകാരെയും സംബന്ധിച്ച് ഈയോരു വിവാഹബന്ധം സന്തോഷം നൽകുന്നതായിരുന്നു. വിവാഹജീവിതവും തുടർന്നുള്ള സാഹചര്യങ്ങളും കാരണം ഞാൻ ഉപരിപഠനം വേണ്ടെന്നുവെച്ചു.
മനുഷ്യന്‍റെ ബാഹ്യരൂപത്തിനല്ല ആന്തരികസൗന്ദര്യത്തിനാണ് ഞാനെന്നും മുൻതൂക്കം നൽകിയിരുന്നത്. നല്ല മനസ്സും ഹൃദ്യമായ പെരുമാറ്റവും… അതായിരുന്നു എന്‍റെ കാഴ്ചപ്പാടിൽ ശരിക്കുള്ള സൗന്ദര്യം. കമാലുദ്ദീനും നല്ലൊരു മനസ്സിനുടമയാണെന്നത് രണ്ടാമത്തെ കൂടിക്കാഴ്ചയിൽ തന്നെ എനിക്ക് ബോധ്യമായി.
“സ്ത്രീധനത്തെക്കുറിച്ചോർത്ത് താങ്കൾ ടെൻഷനാവേണ്ട. വീട്ടിൽ ഒന്നിനുമൊരു കുറവുമില്ല. വീട്ടുകാര്യമൊക്കെ നോക്കുന്ന നല്ല വിവേകമുള്ള ഒരു പെൺകുട്ടി. അങ്ങയുടെ മകളെ വധുവായി ലഭിക്കുന്നത് തന്നെ ഭാഗ്യം. പണം ധൂർത്താക്കിയുള്ള വിവാഹമൊന്നും വേണ്ട.” കമാലുദ്ദീൻ. ബാപ്പയോട് പറയുന്നത്കേട്ട് മനസ്സ് ശരിക്കും തണുത്തു.
ആർഭാടമൊന്നുമില്ലാതെ വിവാഹം നടന്നു. ബംഗ്ലൂരിലായിരുന്നു ഭർതൃഗൃഹം. വളരെ പെട്ടെന്നുതന്നെ അവിടുത്തെ സാഹചര്യങ്ങളുമായി ഇണങ്ങിച്ചേരാൻ എനിക്ക് സാധിച്ചു. നാളുകൾ പിന്നിട്ടു. എനിക്കൊരു ആൺകുഞ്ഞുണ്ടായി. വലിയ സന്തോഷം നിറഞ്ഞ ദിനങ്ങൾ. അമ്മായിയമ്മ ശ്രദ്ധയോടെ കുഞ്ഞിനെ പരിപാലിച്ചു. വർഷങ്ങൾ കടന്നുപോയി.
സഹോദരന്‍റെ വിവാഹത്തിനു നാട്ടിലെത്തിയപ്പോൾ തിരക്കുകാരണം കൂട്ടുകാരികളെ കാണാനോ സംസാരിക്കാനോ സാധിച്ചില്ല. സഹോദരി സൈനയുടെ വിവാഹവും ഇതിനോടകം കഴിഞ്ഞിരുന്നു. ഞാൻ വീണ്ടുമൊരു പെൺകുഞ്ഞിന് ജന്മം നൽകി. ജീവിതം ശരിക്കും സാർത്ഥകമായതുപോലെ. സമയം ചിറകടിച്ചു പറന്നുകൊണ്ടിരുന്നു.
പിന്നീട് സഹോദരന്‍റെ മകന്‍റെ പിറന്നാളിനാണ് നാട്ടിലെത്തുന്നത്. ഇത്തവണ രണ്ടാഴ്ചയെങ്കിലും വീട്ടിൽ തങ്ങണമെന്ന് വീട്ടുകാർശഠിച്ചു. ഇതറിഞ്ഞ് കുട്ടികളും സന്തോഷിച്ചു. കമാലുദ്ദീനും അവധിയായിരുന്നു. നാളുകൾക്ക് ശേഷമാണ് ബന്ധുക്കളെല്ലാം ഒത്തുചേർന്ന ഈ ഫംഗ്ഷനിൽ പങ്കെടുക്കാൻ സാധിക്കുന്നത്.
ഇടയ്ക്കൊരു ദിവസം ഞാനും സൈനയും ഷോപ്പിംഗിനായി പുറത്തിറങ്ങി. മാളിലേക്ക് കടക്കുന്നതിനിടയിലാണ് പെട്ടെന്ന് എന്‍റെ കണ്ണുകൾ ഹസീനയിലുടക്കിയത്. പരസ്പരം തിരിച്ചറിയാൻ ഏറെ നേരമൊന്നും വേണ്ടിവന്നില്ല. എന്നെക്കണ്ട് ഹസീനയുടെ സന്തോഷത്തിനതിരില്ലായിരുന്നു. ഞാൻ കുട്ടികളേയും സൈനയേയും അവൾക്ക് പരിചയപ്പെടുത്തി. സാധാരണ കുഞ്ഞുങ്ങളിൽ കവിഞ്ഞ് പ്രത്യേകതയൊന്നുമില്ലാത്ത എന്‍റെ കുട്ടികളെ ചേർത്തുനിർത്തി അവൾ താലോലിച്ചു.
ഹസീന വല്ലാതെ മാറിയിരുന്നു. അധികാരസ്വരത്തിന് പകരം വിനയത്തോടെയാണവൾ സംസാരിച്ചത്. എനിക്ക് ആശ്ചര്യം തോന്നി. അവളുടെ സൗന്ദര്യത്തിന് ഒട്ടും മങ്ങലേറ്റിരുന്നില്ല. പക്ഷേ, കണ്ണുകളിൽ വിഷാദത്തിന്‍റെ അലയടിക്കുന്നതായി തോന്നി. “ഹസീന, എല്ലാവർക്കും സുഖമല്ലേ?”
പതിവുപോലെ കിണുങ്ങിച്ചിരിച്ചുവെങ്കിലും ചിരി വല്ലാതെ പതിഞ്ഞിരുന്നു. ഇതുവരെ കാണാത്തതിലും സംസാരിക്കാത്തതിലുമുള്ള പരാതികളും പരിവേദനങ്ങൾക്കൊടുവിൽ യാത്ര പറുമ്പോൾ ഹസീനയുടെ പുതിയ മേൽവിലാസം എന്‍റെ കൈവശം വന്നുചേർന്നിരുന്നു. ഒപ്പം വീട് സന്ദർശിക്കാമെന്ന ഉറപ്പും.
വീട്ടിലാണെങ്കിൽ ഓരോ ദിവസവും ഓരോരോ തിരക്കുകൾ. നിന്നു തിരിയാൻ പോലും നേരമില്ല. ഹസീനയുടെ വീട്ടിൽ പോകാൻ അവസരമൊത്തുവരുന്നില്ല. ഒരു ദിവസം വീട്ടിലെല്ലാവരും സിനിമ കാണാൻപോയി. ഈയവസരത്തിൽ ഞാൻ ഹസീനയുടെ വീട് സന്ദർശിക്കാൻ തീരുമാനിച്ചു. കൊട്ടാരസദൃശ്യമായ വീട്. ഗേറ്റിൽ നിന്നിരുന്ന വാച്ച്മാൻ കൈയിലുള്ള കാർഡ് കാണിച്ചപ്പോൾ അകത്ത് കടക്കുവാൻ അനുവാദം നൽകി. ഫിലിം സെറ്റ് പോലെ തോന്നിക്കുന്ന വീടും പരിസരവും.
എന്നെക്കണ്ടതും ഹസീന ഓടി വന്ന് സ്നേഹത്തോടെ അകത്തേക്ക് കൂട്ടി. ചായസത്കാരത്തിനിടയ്ക്ക് രണ്ട് കുട്ടികൾ ഓടിവന്നു. പെൺകുട്ടിക്ക് എട്ട് വയസ്സും ആൺകുട്ടിക്ക് ആറ് വയസ്സും തോന്നിച്ചു. വീട്ടിലെ ജോലിക്കാരുടെ കുട്ടികളായിരിക്കുമെന്ന് ഞാൻ കരുതി.
“മുംതാസ്, ഇതെന്‍റെ കുട്ടികൾ, സുഹ്റയും സമീറും.” ഹസീന കുട്ടികളെ പരിചയപ്പെടുത്തി.
കുട്ടികൾ കൈവീശി ഹായ് പറഞ്ഞുവെങ്കിലും ആശ്ചര്യംകൊണ്ട് ഞാൻ സ്തബ്ധയായിരുന്നു. തലയൊന്നു ചെരിച്ച് യാന്ത്രികമായി മറുപടി പറഞ്ഞു. കുട്ടികളെ ഒന്ന് ലാളിച്ചതുപോലുമില്ല. ഇത് ഹസീനയുടെ കുട്ടികളാണെന്ന് മനസ്സ് സമ്മതിക്കുന്നില്ല. പെൺകുട്ടി കറുത്ത് നീണ്ട് മെലിഞ്ഞ്… ഹസീനയുമായി താരതമ്യം ചെയ്യാനേ പറ്റില്ല. വെളുത്ത നിറമായിരുന്നു ആൺകുട്ടിയുടേത്, പക്ഷേ കുഴിഞ്ഞ, അഭംഗി തോന്നിക്കുന്ന കണ്ണും മൂക്കും. കുറച്ച് കഴിഞ്ഞപ്പോൾ കുട്ടികൾ അകത്തേക്ക് പോയി.
ഞാൻ ഒന്നും മിണ്ടാതെ ഹസീനയെ തന്നെ നോക്കി ഒരു നിമിഷമിരുന്നു. എന്‍റെ കണ്ണുകൾ പലതും സംസാരിച്ചു. അതു മനസ്സിലായെന്നോണം ഹസീനയുടെ കണ്ണുകളും നിറഞ്ഞു. അല്ല അവൾ കരയുകയായിരുന്നു. കരഞ്ഞ് മനസ്സ് തെല്ലൊന്ന് ശാന്തമായതോടെ ഞാൻ മുന്നിലിരുന്ന ഒരു ഗ്ലാസ്സ് വെള്ളം അവൾക്ക് നേരെ നീട്ടി. “മുംതാസ്, നീ പറഞ്ഞത് സത്യമാണ്. സൗന്ദര്യവും നിറവുമൊക്കെ സ്വാഭാവികമായി കിട്ടുന്നതല്ലേ, കുറ്റപ്പെടുത്തുവാനും പരിഹസിക്കാനും നമ്മുക്കവകാശമില്ല. അന്നൊക്കെ സൗന്ദര്യത്തിൽ മതിമറന്ന് അഹങ്കരിച്ചിരുന്നു. നീ ഒരു നൂറു തവണ ഉപദേശിച്ചെങ്കിലും എന്‍റെ സ്വഭാവം മാറിയതേയില്ല. അതിനുള്ള ശിക്ഷ ഞാനിന്ന് അനുഭവിക്കുകയാണ്. ജീവിക്കുന്നുണ്ട് പക്ഷേ… ചിരിക്കാതെ ജീവിക്കുന്നു.”
വിചിത്രമായൊരു ദുഃഖവും പേറിയാണ് ഞാൻ മടങ്ങിയത്. എല്ലാമുണ്ട്, പക്ഷേ, ഒന്നുമില്ലെന്ന അവസ്ഥ. ഗർവ്വും അഹങ്കാരവും ശമിപ്പിക്കാന കാലം നൽകിയ ശിക്ഷയാവുമോയിത്…..
“ഒരുപക്ഷേ, എന്‍റെ തീരെ ചെറുപ്പത്തിൽ തന്നെ നീയുമായി കൂട്ടായിരുന്നെങ്കിൽ…. എത്ര നന്നായിരുന്നു. ഭംഗി, ഡ്രസ്സിംഗ്, സ്റ്റൈൽ… ചെറുപ്പം മുൽക്കേ മമ്മിയും പപ്പയും സദാ എന്നെ പ്രശംസിക്കുകയായിരുന്നു.”
“മറ്റുള്ളവരെ വിഷമിപ്പിക്കുന്ന രീതിയിൽ താഴ്ത്തി സംസാരിക്കുക, പരിഹസിക്കുക, കുറ്റപ്പെടുത്തുക എന്‍റെ സ്വഭാവമായിരുന്നു. സുഹൃത്തുക്കളും സഹപ്രവർത്തകരും എന്നെ തലയിലേറ്റിവച്ചിരിക്കുകയായിരുന്നല്ലോ. നീ മാത്രമാണ് എപ്പോഴും എന്നെ ഉപദേശിച്ച് നന്നാക്കാൻ നോക്കിയത്. ഒരു സാധാരണക്കാരി എന്നെ വിലക്കുകയോ? പലപ്പോഴും നിന്നോട് ദേഷ്യം തോന്നിയിരുന്നു.”
“എന്നാൽ പഠനത്തിൽ നീ മിടുക്കിയായതുകൊണ്ട് നിന്‍റെ സൗഹൃദം എന്‍റെയൊരാവശ്യം കൂടിയായിരുന്നു. പതിയേ നിന്‍റെ ഈ സ്വഭാവം മറ്റുള്ളവരെ കെയർ ചെയ്യുന്ന രീതി ഒക്കെ എനിക്കിഷ്ടമായി. എന്‍റെ ഈ തുറന്നടിച്ചുള്ള സംസാരം നിനക്കിഷ്ടമില്ലായിരുന്നു. പലപ്പോഴും നീ എന്നിൽ നിന്നകലാൻ ശ്രമിച്ചു. പക്ഷേ ഞാനതിനുവദിച്ചില്ല. പൊങ്ങച്ചവും സൗന്ദര്യത്തിന്‍റെ ഗർവ്വും യൂണിവേഴ്സിറ്റിയിൽ മിത്രങ്ങളേക്കാൾ അധികം ശത്രുക്കളെ സമ്പാദിക്കുകയായിരുന്നു ഞാൻ. പിന്നീട് സുന്ദരനും ധനികനുമായ സഹീറുമായുള്ള എന്‍റെ വിവാഹം. എന്നിലെ അഹങ്കാരത്തെ പാരമ്യത്തിലെത്തിക്കുകയായിരുന്നു. വിദേശയാത്രകൾ, നല്ല ഭർതൃഗൃഹാന്തരീക്ഷം… ഞാൻ വീണ്ടും അഹങ്കരിച്ചുകൊണ്ടിരുന്നു.”
“ഒന്നാം വിവാഹവാർഷികത്തിനാണ് സഹീർ ഈ കൊട്ടാരസദൃശ്യമായ വീട് എനിക്ക് സമ്മാനിക്കുന്നത്. അന്ന് ലോകത്തെ ഏറ്റവും സന്തോഷവതി ഞാനായിരുന്നു. ഇതേ വർഷം എനിക്കൊരു പെൺകുഞ്ഞുണ്ടായി. സുഹ്റ. കുഞ്ഞിനെ കണ്ടവർ മൂക്കത്ത് വിരൽ വെച്ചു. ഇത്ര സുന്ദരിയായ സ്ത്രീക്ക് കറുത്ത് അഭംഗിയുള്ള കുഞ്ഞോ…”
“പക്ഷേ, ഞാനുമൊരു അമ്മയല്ലേ, എന്നിലെ മാതൃഹൃദയം കുഞ്ഞിന്‍റെ പോരായ്മകൾ ചികയുവാൻ തുനിഞ്ഞില്ല. മറിച്ച് നിറയെ മാതൃത്വവും സ്നേഹവും മാത്രമായിരുന്നു. പിന്നീടാണ് മകൻ ജനിക്കുന്നത്. വെളുത്ത നിറം പക്ഷേ, കണ്ണിനും മൂക്കിനും ചെറിയൊരപാകത.”
“സഹീറിനും എനിക്കും ഇവരെന്നു വച്ചാൽ ജീവനാ. ഇവരെ സന്തോഷിപ്പിക്കാൻ ഞങ്ങൾ ആവും വിധമൊക്കെ ശ്രമിക്കുന്നുണ്ട്. പക്ഷേ, ഈ വിചിത്രമായ ലോകം… മനുഷ്യർ സ്വസ്ഥമായി ജീവിക്കാൻ സമ്മതിക്കുന്നില്ല. ഞാനിവരേയും കൂട്ടി പുറത്തുപോകുമ്പോൾ ഫംഗ്ഷനിലും മറ്റും ഇതാകും സംസാരം. കുട്ടികളാണല്ലോ… പക്ഷേ, ചിലർ തുറിച്ചു നോക്കും, ചിലർക്ക് ആശ്ചര്യം, മറ്റുചിലർ മുഖത്തടിച്ചതുപോലെ കമന്‍റ് പറയും.”
“കുഞ്ഞുങ്ങളായിരുന്നപ്പോൾ അവർക്കിതൊന്നും മനസ്സിലായിരുന്നില്ല. പക്ഷേ, വളർച്ചയുടെ ഓരോ ഘട്ടങ്ങളും പിന്നിട്ടതോടെ ഞാനും അവരും തമ്മിലുള്ള അന്തരം അറിഞ്ഞു തുടങ്ങി. ഇപ്പോൾ അവർ എന്‍റെയൊപ്പം പുറത്ത് വരാൻ താൽപര്യമില്ല. അവരെ കുറ്റപ്പെടുത്താനും പറ്റില്ലല്ലോ. ഇതാണോ നിന്‍റെ കുട്ടികൾ… എന്ന പുച്ഛവും പരിഹാസവും കേട്ട് ആർക്കും മുടുത്തു കാണും.”
“ഇതൊക്കെ കേട്ട് അവരിൽ അപകർഷതാബോധം ഏറി വരുകയാണ്. ഞാനും ഹീറും അവർക്ക് സ്നേഹവും വാത്സല്യവും വാരിക്കോരി കൊടുക്കുന്നുണ്ട്. അവർക്കും ഞങ്ങളെ ഇഷ്ടമാണ്. പക്ഷേ, ഞങ്ങളോടൊപ്പം എങ്ങുമില്ലെന്ന ശാഠ്യം മാത്രമേയുള്ളൂ. സ്കൂൾ പരിപാടിക്ക് പോലും ഞങ്ങൾ പോകുന്നവർക്കിഷ്ടമല്ല. സ്വന്തം കുഞ്ഞുങ്ങൾ ഇങ്ങനെ തഴയുന്നത് ശിക്ഷയാണ്.”
അവൾ വീണ്ടുമൊന്ന് വിതുമ്പി. ഞാൻ ഹസീനയെ എന്നോട് ചേർത്തുപിടിച്ച് സാന്ത്വനിപ്പിച്ചു. “തെറ്റാണ് ചെയ്തതെന്ന് മനസ്സ് സമ്മതിച്ചല്ലോ… തെറ്റ് ഏറ്റു പറഞ്ഞല്ലോ… നിന്‍റെ തെറ്റിനുള്ള ശിക്ഷ കിട്ടിക്കഴിഞ്ഞു. കുട്ടികൾ ഇല്ലായിരുന്നെങ്കിലോ… ബാഹ്യരൂപം കണ്ട് മനുഷ്യരെ വിലയിരുത്തരുതെന്ന് ഞാൻ പറയാറില്ല. മനസ്സ് പെരുമാറ്റം ഒക്കെ നന്നാവണം. നിന്‍റെ കുട്ടികൾ കാഴ്ചയ്ക്ക് ഭംഗിയില്ലെങ്കിലും പഠനത്തിലും മറ്റും മുന്നിലാണല്ലോ. അവർ പ്രഗത്ഭരാകും.”
“ദാ… ഈ ഞാൻ തന്നെ ഉദാഹരണമല്ലേ, സാധാരണക്കാരിയാണെങ്കിലും പഠനത്തിൽ യൂണിവേഴ്സിറ്റിയിൽ എന്‍റെയൊപ്പം നിൽക്കാൻ ആരുമില്ലായിരുന്നു. നിന്‍റെ കുട്ടികളും വളർന്നു വലുതാകുമ്പോൾ മിടുക്കരാകും. സമൂഹത്തിൽ സ്ഥാനം നോടും. പിന്നെ ഈ അകൽച്ചയും പ്രശ്നങ്ങളുമൊക്കെ അവസാനിക്കും.”
എന്‍റെ വാക്കുകൾ ഹസീനയുടെ മുഖത്ത് ആശ്വാസം നിറച്ചു. ഇത്തവണ ഞാൻ കുട്ടികളെ ചേർത്തുപിടിച്ചു, മതിവരുവോളം താലോചിച്ചു. പതിയെ സുഹ്റയുടെ നീണ്ടു മെലിഞ്ഞ കൈകൾ എന്‍റെ കൈവെള്ളയിൽ ഒതുക്കി ഞാൻ പറഞ്ഞു. “സുഹ്റാ, നീണ്ടുമെലിഞ്ഞ നിന്‍റെ കൈകൾ… ഭാവിയിൽ നീയൊരു വലിയൊരു കലാകാരിയാകും. പേരും പ്രശസ്തിയും നേടും. ” അപ്പോൾ ഒരു പ്രവാചകയുടെ ഭാവമായിരുന്നു എനിക്ക്.
കുഞ്ഞുസുഹ്റയുടെ മുഖത്ത് സന്തോഷം അലതല്ലി. സ്പോർട്സിലുള്ള തന്‍റെ അഭിരുചിയെക്കുറിച്ച് സമീറും വാതോരാതെ പറയാൻ തുടങ്ങി. ഭാവിയിൽ വലിയൊരു കായികതാരമാകണമെന്നും നല്ലൊരു മനുഷ്യനാകണമെന്നും ഞാനവനെ ഉപദേശിച്ചു.
അൽപസമയത്തിനകം അവർ എന്നോട് ഏറെ അടുത്തു. ഞാൻ മടങ്ങാൻ ഒരുങ്ങുന്നത് കണ്ട് വീണ്ടും വരണമെന്ന് നിർബന്ധം പിടിക്കുവൻ തുടങ്ങി. അവരുടെ കണ്ണുകളിൽ സന്തോഷവും ആത്മവിശ്വാസവും സ്ഫുരിക്കുന്നുണ്ടായിരുന്നു.
“മുംതാസ്, ഒഴിവുകിട്ടുമ്പോൾ ഇടയ്ക്ക് വരണേ… കുട്ടികൾക്ക് നിന്നെ വളരെ ഇഷ്ടമായി…”
“തീർച്ചയായും വരാം… നിനക്കു വേണ്ടിയല്ല, നിന്‍റെ ഈ കുഞ്ഞുങ്ങൾക്കു വേണ്ടി.” ഞാൻ ഹസീനയുടെ കൈകൾ പിടിച്ച് യാത്ര പറഞ്ഞു.
വിചിത്രമായൊരു ദുഃഖവും പേറിയാണ് ഞാൻ മടങ്ങിയത്. എല്ലാമുണ്ട്, പക്ഷേ, ഒന്നുമില്ലെന്ന അവസ്ഥ. ഗർവ്വും അഹങ്കാരവും ശമിപ്പിക്കാൻ കാലം നൽകിയ ശിക്ഷയാവുമോയിത്…