ആദിത്യൻ നിശബ്ദനായിരുന്നു. ഭാര്യ പറഞ്ഞത് അയാൾക്ക് വിശ്വാസമായില്ല. അയാൾ ഉറച്ച ശബ്ദത്തോടെ ചോദിച്ചു, “റിച്ചാ, നീയീപ്പറഞ്ഞത് സത്യം തന്നെയാണോ?”
“ആദ്യം എനിക്ക് വിശ്വാസമുണ്ടായിരുന്നില്ല. പക്ഷേ, ഞാനൊരു സ്ത്രീയാണ്. അങ്കിത ഇപ്പോൾ കടന്നുപോകുന്ന പ്രായത്തിലൂടെ ഞാനും കടന്നുപോയിട്ടുണ്ട്. അവളുടെ പെരുമാറ്റം കാണുമ്പോൾ എനിക്കറിയാം. എന്തോ കുഴപ്പമുണ്ടെന്ന്.”
ആദിത്യന്‍റെ കണ്ണുകളിൽ ഒരു ചോദ്യമുയർന്നു. റിച്ചയ്ക്ക് അയാളുടെ കണ്ണുകൾ വായിക്കാൻ കഴിഞ്ഞു.
“രാവിലെ നേരത്തേ വീട്ടിൽ നിന്നിറങ്ങുന്നു. സന്ധ്യക്ക് വൈകി വരുന്നു. ചോദിച്ചപ്പോൾ പറഞ്ഞത് ടൈപ്പിംഗ് ക്ലാസിൽ ജോയിൻ ചെയ്തു എന്നാണ്. അവൾക്കതിന്‍റെ ആവശ്യമില്ല. അവൾ ഇക്കാര്യം നമ്മളോട് ചോദിച്ചുകൂടിയില്ല. വീട്ടിലും ഒറ്റക്കിഇരിക്കാനാണ് ഇഷ്ടം. എപ്പോൾ നോക്കിയാലും മൊബൈലും പിടിച്ച് മുറിയടച്ച് ഇരുപ്പാണ്.”
“അവളോട് സംസാരിച്ചോ?”
“ഇതുവരെ ഇല്ല. ആദ്യം നിങ്ങളോട് പറയുന്നതാണ് നല്ലതെന്ന് തോന്നി. പെൺകുട്ടിയുടെ കാര്യമല്ലേ, ധൃതി കാണിച്ചാൽ കാര്യം വഷളാകും. ഒരു മോനെ നമുക്ക് നഷ്ടപ്പെട്ടു. ഇനി മോളെയും കൂടെ നഷ്ടപ്പെട്ടാൽ നമ്മുടെ ലോകം തന്നെ ഇല്ലാതാകും.”
ആദിത്യൻ ആലോചനയിൽ മുഴുകി. “ഇതെന്തൊരു കാലമാണ്. മക്കൾ അച്ഛനമ്മമാരുടെ നിഴലിൽ നിന്ന് ദൂരെപ്പോകുകയാണ്. മുതിരുമ്പോഴേക്കും പ്രേമത്തിന്‍റെ വഴിയേ പോകാൻ തുടങ്ങും. ചിറകുമുളച്ച പക്ഷിക്കുഞ്ഞുങ്ങൾ ഇനിയൊരിക്കലും കൂട്ടിലേക്ക് തിരിച്ചുവരാത്തവണ്ണം ദൂരെ പറന്നു പോകുന്ന ഇന്നത്തെ തലമുറയിലെ ആൺകുട്ടികളും പെൺകുട്ടികളും യൗവ്വനത്തിൽ എത്തും മുമ്പേ തന്നെ പ്രേമത്തിന്‍റെ ലോകത്ത് മുഴുകുന്നു. സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിച്ച് അച്ഛനമ്മമാരിൽ നിന്ന് ദൂരെ പോകുന്നു.”
ആദിത്യന്‍റെയും റിച്ചയുടെയും ഏകമകനും ഇതുതന്നെയാണ് ചെയ്തത്. ഇന്ന് അവർ രണ്ടുപേരും സ്വന്തം മകനിൽ നിന്ന് ദൂരെയാണ്. മകൻ അവരെക്കുറിച്ച് അന്വേഷിക്കാറുമില്ല. ഇതിൽ തെറ്റ് ആരുടേതാണ്? ആദിത്യന്‍റെയെന്നോ അയാളുടെ ഭാര്യയുടെയെന്നോ അല്ലെങ്കിൽ അവരുടെ മകന്‍റെയെന്നോ പറയാൻ ബുദ്ധിമുട്ടാണ്.
ആദിത്യൻ ആദ്യം ശ്രദ്ധിച്ചിരുന്നില്ല. ഇതിനെക്കുറിച്ച് ആലോചിച്ചിട്ടു കൂടെ ഉണ്ടായിരുന്നില്ല. പക്ഷേ, ഇന്ന് അയാളുടെ ഏകമകളും ആരുടേയോ പ്രണയത്തിൽ സ്വയം മറക്കുമ്പോൾ, ആരെയോ സ്വപ്നം കാണുമ്പോൾ ആയാൾ ഭൂതവും ഭാവിയും വിശകലനം ചെയ്ത് വിവശനാകുകയാണ്.
പ്രതീക് എംബിഎ ചെയ്തതായിരുന്നു. ബെംഗ്ലൂരുവിലെ ഒരു വലിയ കമ്പനിയിൽ മാനേജർ ആയിരുന്നു. എംബിഎ ചെയ്യുന്ന സമയത്തുതന്നെ അയാൾക്ക് ഒരു പെൺകുട്ടിയുമായി പ്രണയം ഉണ്ടായിരുന്നു. അതുവരെ അയാൾ വീട്ടിൽ പറഞ്ഞിരുന്നില്ല. ജോലി കിട്ടിയ ഉടനെ അച്ഛനമ്മാരോട് പ്രേമത്തിന്‍റെ കാര്യം പറഞ്ഞു. ആദിത്യനും റിച്ചയ്ക്കും ഇഷ്ടമായില്ല. അവൻ അവരുടെ ഏകമകനായിരുന്നു. അവർക്ക് അവരുടേതായ സ്വപ്നങ്ങൾ ഉണ്ടായിരുന്നു. കാര്യം അവർ ആധുനികരായിരുന്നു. പുതിയ കാലത്തിന്‍റെ രീതികളക്കുറിച്ച് അറിയാമായിരുന്നു. എങ്കിലും ഭാരതീയരുടെ കഴ്ചപ്പാട് വളരെ ദുർഗ്രഹമാണ്.
നമ്മൾ വിദ്യാഭ്യാസം നേടി ആധുനികരാകാൻ ശ്രമിക്കുന്നു. പുതിയ കാലത്തിന്‍റെ എല്ലാം സ്വന്തമാക്കുന്നു. പക്ഷേ, നമ്മുടെ കാഴ്ചപ്പാട് മാത്രം ഒരിക്കലും മാറുന്നില്ല. നമ്മുടെ മക്കൾ ആരെയെങ്കിലും പ്രേമിച്ചാൽ, അവർ പ്രേമവിവാഹം ചെയ്യാൻ ആഗ്രഹിച്ചാൽ നമുക്കത് സഹിക്കാൻ പറ്റില്ല.
നമ്മുടെ ചെറുപ്പത്തിൽ നമ്മളും ഇതൊക്കെതന്നെ ചെയ്യുന്നു അല്ലെങ്കിൽ ചെയ്യാൻ ആഗ്രഹിക്കുന്നു. പക്ഷേ നമ്മുടെ മക്കൾ അതുതന്നെ ചെയ്യാൻ തുടങ്ങുമ്പോൾ സഹിക്കാൻ പറ്റുന്നില്ല. അതിനെ എതിർക്കുന്നു.
അവർക്ക് പ്രതീകിന്‍റെ വിവാഹം കെങ്കേമമായി നടത്തണമെന്നുണ്ടായിരുന്നു. അവർ അവനെ കാമധേനുവായിട്ടാണ് കണ്ടിരുന്നത്. അവന്‍റെ വിവാഹത്തിന് നല്ല സ്ത്രീധനം ലഭിക്കും. ഈ പ്രതീക്ഷയിൽ അവരുടെ ഒരു ബന്ധുവിനോട് അവന്‍റെ വിവാഹക്കാര്യം പറഞ്ഞുവെച്ചിരുന്നു. ഇവിടെയാണ് അച്ഛനമ്മമാർക്ക് തെറ്റുപറ്റുന്നത്. തങ്ങളുടെ മുതിർന്ന മക്കളുടെ കാര്യം സ്വന്തം ഇഷ്ടപ്രകാരം തീരുമാനിക്കുന്നു. ഇക്കാരം അവരെ അറിയിക്കുക പോലുമില്ല. കുട്ടികളുടെ വികാരങ്ങളെപറ്റി ആവർ ആലോചിക്കുന്നേയില്ല. ഒന്നും മിണ്ടാതെ അവരുടെ എല്ലാവാക്കും അനുസരിക്കുന്ന ജീവനില്ലാത്ത വസ്തുവായിട്ടാണ് അവർ തങ്ങളുടെ മക്കളെ കാണുന്നത്. പക്ഷേ മക്കൾക്ക് വിവരം വയ്ക്കുമ്പോൾ അവർ തങ്ങളുടെ ജീവിതം സ്വയം തീരുമാനിക്കാൻ, തങ്ങളുടെതായ രീതിയിൽ ജീവിക്കാൻ ഇഷ്ടപ്പെടുന്നു.
പ്രതീക് തന്‍റെ പ്രേമത്തിന്‍റെ കാര്യം അവരോട് പറഞ്ഞപ്പോൾ അവർ അന്തംവിട്ടുപോയി. ഞെട്ടാതിരിക്കാൻ കഴിഞ്ഞില്ല. മകന്‍റെ മേൽ തങ്ങൾക്ക് അധികാരമുണ്ടെന്നാണ് അവർ കരുതിരുന്നത്. ആദിത്യനും റിച്ചയും ആദ്യം പരസ്പരം നോക്കി പിന്നെ പ്രതീകിനെ. അയാൾ തന്‍റെ വിവാഹക്കാര്യം അച്ഛനമ്മമാരോട് സംസാരിക്കുന്നതിന് ഒരാഴ്ചത്തെ അവധിയെടുത്ത് വന്നതായിരുന്നു. പ്രേമിച്ചു എന്നത് ശരി തന്നെ പക്ഷേ, അയാൾക്ക് അവരുടെ സമ്മതത്തോടെ വിവാഹം കഴിക്കാനായിരുന്നു ആഗ്രഹം. അവർ സമ്മതിച്ചാൽ നല്ലത്. ഇല്ലങ്കിലും അയാൾ തീരുമാനിച്ചിരുന്നു, തനിക്കഷ്ടപ്പെട്ട പെൺകുട്ടിയത്തന്നെയേ വിവാഹം കഴിക്കൂ എന്ന്. പ്രേമിച്ചവളെ ചതിക്കുകയില്ല.
റിച്ച തന്നെയാണ് സംസാരം തുടങ്ങിയത്, “പക്ഷേ മോനേ, നിന്‍റെ വിവാഹത്തെപറ്റി ഞങ്ങൾ വേറെ ചിലതാണ് ആലോചിച്ചിരിക്കുന്നത്.”
“അതെങ്ങനെ? ഞാൻ എനിക്കിഷ്ടപ്പെട്ട പെൺകുട്ടിയെ കണ്ടുപിടിച്ചു കഴിഞ്ഞു. അവൾ എനിക്ക് ചേർന്നതാണ്. ഞങ്ങൾ ഒരുമിച്ചാണ് എംബിഎ ചെയ്തത്. ഇപ്പോൾ ഒരുമിച്ചാണ് ജോലി ചെയ്യുന്നതും. ഒരുമിച്ച് ജീവിക്കുകയും ചെയ്യും.”
“പക്ഷേ, ഞങ്ങളുടെ സ്വപ്നം….” റിച്ച തർക്കിക്കാൻ ശ്രമിച്ചു. പക്ഷേ, പ്രതീകിന്‍റെ ഉറച്ചതീരുമാനത്തിന്‍റെ മുന്നിൽ അത് ദുർബലമായി. റിച്ചയുടെ ശബ്ദത്തിന് ഒട്ടും ശക്തിയുണ്ടായിരുന്നില്ല. താൻ തോറ്റുപോകും എന്ന് അവൾക്ക് തോന്നി.
“മമ്മീ, ഒന്ന് മനസ്സിലാക്കാൻ ശ്രമിക്കൂ, മക്കൾ തന്നെയാണ് അച്ഛനമ്മമാരുടെ സ്വപ്നം. ഞാൻ സന്തോഷത്തോടെയിരുന്നാൽ നിങ്ങളുടെ സ്വപ്നം സഫലമാകും. അല്ലെങ്കിൽ എല്ലാം വെറുതെയാണ്.”
“അല്ലെങ്കിലും എല്ലാം വെറുതെയായിക്കഴിഞ്ഞു. ഞാനിനി ബലനോട് എന്തുപറയും?” ആദിത്യൻ ആദ്യമായി സംസാരിച്ചു. “അദ്ദേഹത്തോടൊപ്പം ബന്ധുക്കളും നമ്മിൽ നിന്ന് അകലും.”
“ആരും ആരിൽ നിന്നും അകലാൻ പോകുന്നില്ല. നിങ്ങൾ വിവാഹം ആഘോഷമായിത്തന്നെ നടത്തൂ. ബന്ധുക്കൾ രണ്ട് ദിവസം അതുമിതും പറയും. പിന്നെ അതെല്ലാം മറക്കും. പ്രേമവിവാഹം ഇപ്പോൾ പുതിയ കാര്യമൊന്നുമല്ല.” പ്രതീക് വളരെ ധൈര്യത്തോടെ തന്‍റെ ഭാഗം പറഞ്ഞു.
“നിനക്ക് മനസ്സിലാവില്ല മോനേ. നമ്മൾ ഉന്നതകുലത്തിൽപെട്ടവരാണ്. നമ്മുടെ സമുദായം ഇക്കാര്യത്തിൽ ഇപ്പോഴും ആധുനികരായിട്ടില്ല. എത്രപേരാണ് നിനക്കുവേണ്ടി ഓടിനടക്കുന്നത്. സ്വന്തം മക്കളെക്കൊണ്ട് നിന്നെ വിവാഹം കഴിപ്പിക്കാൻ. നീ വേറെ ജാതിയിൽപ്പെട്ട പെൺകുട്ടിയെ വിവാഹം കഴിച്ചു എന്നറിഞ്ഞാൽ അവർ നമ്മളെ സമുദായത്തിൽ നിന്ന് പുറത്താക്കും. നിന്‍റെ അനുജത്തിയുടെ വിവാഹത്തിന് ബുദ്ധിമുട്ടുകൾ ഉണ്ടാകും.”
“അവളും പ്രേമവിവാഹം നടത്തട്ടെ.” പ്രതീക് സാധാരണമട്ടിൽ പറഞ്ഞു. പക്ഷേ അദിത്യനും റിച്ചയ്ക്കും അത് അത്ര സാധാരണമായിരുന്നില്ല.
“മോനേ, നീ ഒന്നുകൂടെ ആലോചിക്ക്. നിന്‍റെ തീരുമാനം ചിലപ്പോൾ മാറിയെങ്കിലോ. ഞങ്ങൾ അതിനേക്കാൾ സുന്ദരിയായ പെൺകുട്ടിയെ നിനക്കുവേണ്ടി കണ്ടുപിടിക്കാം.”
“മമ്മീ, ഇത് ഞാൻ ഇന്നെടുത്ത തീരുമാനമല്ല. കഴിഞ്ഞ 3 വർഷമായി ഞങ്ങൾ തീരുമാനിച്ച് വച്ചിരിക്കുകയാണ്. ഇനിയതിൽ മാറ്റമില്ല. നിങ്ങൾ നിങ്ങളുടെ കാര്യം പറയൂ. നിങ്ങൾ ഞങ്ങളുടെ വിവാഹം നടത്തിത്തരുമോ അതോ ഞങ്ങൾ തനിയെ നടത്തണോ?”
ആരും പ്രതീകിനോട് മറുപടി പറഞ്ഞില്ല. അവരാകെ അന്തംവിട്ടിരിക്കുകയായിരുന്നു. അവർ സംസ്കാരം ഉള്ളവരായിരുന്നു. അടിയും വഴക്കും ഉണ്ടാക്കാൻ കഴിയില്ല. വാക്കുകൾകൊണ്ട് കാര്യം ശരിയാക്കാൻ ശ്രമിച്ചു. പക്ഷേ അവർക്ക് രണ്ടുപേർക്കും പ്രതീകിനെ സമ്മതിപ്പിക്കാനോ തീരുമാനം അംഗീകരിക്കാനോ കഴിഞ്ഞില്ല. പ്രതീക് അടുത്ത ദിവസം ബെംഗ്ലൂരുവിന് തിരിച്ചുപോയി. പിന്നീടാണ് അറിഞ്ഞത് അയാൾ നിയമപരമായി പ്രണയിനിയെ വിവാഹം കഴിച്ചുവെന്ന്.
പ്രതീക് സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം കഴിച്ചതെന്ന് അവർക്ക് അറിയാമായിരുന്നെങ്കിലും അയാൾ അവരുടെ മനസ്സിൽ നിന്നും പോയിരുന്നില്ല. അവർക്ക് അവരുടേതായ വാശിയുണ്ടായിരുന്നു എന്ന് മാത്രം. ആ വാശി കാരണം ഇതുവരെ മകനുമായി ബന്ധപ്പെട്ടിട്ടില്ല. മകൻ ആദ്യം ഒന്നുരണ്ട് പ്രാവശ്യമൊക്കെ ഫോൺ ചെയ്തിരുന്നു. ആദിത്യനും റിച്ചയും അയാളോട് സംസാരിച്ചിരുന്നു, വിശേഷമൊക്കെ ചോദിച്ചു. പക്ഷേ വീട്ടിലേക്ക് വരാൻ ഒരിക്കലും പറഞ്ഞില്ല. പിന്നെ മകൻ ഫോൺ വിളിക്കുന്നത് നിർത്തി.
ആ വാശി ചിലപ്പോൾ തീരുമായിരിക്കും. എങ്കിലും അങ്കിതയുടെ കാര്യത്തിൽ അവർ ആദ്യത്തെ തെറ്റ് ആവർത്തിക്കാൻ ആഗ്രഹിച്ചിരുന്നില്ല. “റിച്ചാ, നമ്മൾ ബുദ്ധിപൂർവ്വം നീങ്ങണം. പെൺകുട്ടിയുടെ കാര്യമാണ് പ്രേമത്തിന്‍റെ കാര്യത്തിൽ ഒരുവിവേകവുമില്ലാതെ, വികാരപരമായി പെരുമാറും. അച്ഛനമ്മമാർ തങ്ങളുടെ പ്രേമത്തിന് എതിരാണെന്ന് അവർക്ക് തോന്നിയാൽ പിന്നെ വലിയ അബദ്ധങ്ങൾ കാണിക്കും. ഒന്നുകിൽ വീട്ടിൽനിന്ന് ഓടിപ്പോകും അല്ലെങ്കിൽ ആത്മഹത്യ ചെയ്യും. അങ്കിത അങ്ങനെ ഒന്നും ചെയ്യാതിരിക്കാൻ നമ്മൾ ശ്രദ്ധിക്കണം.” ആദിത്യൻ ശാന്തനായി പറഞ്ഞു.
റിച്ച ആകുലയായി “നമ്മൾ എന്തുചെയ്യും?”
“ഒന്നും ചെയ്യേണ്ട കാര്യമില്ല, അവളോട് സംസാരിച്ചാൽ മതി. അവൾ പറയുന്നതെല്ലാം ശ്രദ്ധയോടെ കേൾക്കൂ, അവളുടെ മനസ് അറിയാൻ ശ്രമിക്കൂ. നമുക്ക് ചിലപ്പോൾ അവളെ സഹായിക്കാൻ പറ്റും. അവൾക്ക് മനസ്സിലായാൽ വഴിതെറ്റാതെ രക്ഷപ്പെടും. അവൾ തെറ്റായ വഴിയിൽ നീങ്ങുകയില്ല. ആ വഴി വളരെ വഴുക്കലുള്ളതാണ്. കാല് തെറ്റാൻ അധികനേരം വേണ്ട.”
“ശരി” റിച്ച ആശ്വാസത്തോടെ പറഞ്ഞു.
റിച്ച ഒട്ടും വൈകിച്ചില്ല. പെട്ടെന്നു തന്നെ അവസരം കിട്ടി. അവൾ തന്‍റെ മുറിയിലായിരുന്നു. റിച്ച മുറിയിൽ കടന്ന ഉടനെ ചോദിച്ചു. “മോളേ നി എന്തുചെയ്യുകയാ?”
അങ്കിത പരിഭ്രമിച്ച് ചാടിയെഴുന്നേറ്റു. അവൾ കട്ടിലിൽ കിടന്ന് ആരോടോ സംസാരിക്കുകയായിരുന്നു. അങ്കിതയുടെ മുഖഭാവം കണ്ടാൽ തോന്നും അവൾ ഏതോ കള്ളത്തരം കാണിച്ചിട്ട് പിടിക്കപ്പെട്ടപോലെയുണ്ടെന്ന്.
റിച്ചക്ക് എല്ലാം മനസ്സിലായി. പക്ഷേ, അവൾ ധൈര്യത്തോടെ പറഞ്ഞു, “മോളേ നിന്‍റെ പഠിത്തം എങ്ങനെ പോകുന്നു?”
“നന്നായി പോകുന്നു.” അങ്കിത സ്വയം നിയന്ത്രിച്ചുകൊണ്ട് പറഞ്ഞു. അവളുടെ കണ്ണുകൾ കിടക്കയുടെ നേരെയായിരുന്നു. അവൾക്ക് അമ്മയുടെ നേരെ നോക്കാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല.
അങ്കിതയുടെ മനസ്സിൽ എന്താണെന്ന് റിച്ചക്ക് മനസ്സിലാകുമായിരുന്നു. അവൾ മകളെ കട്ടിലിൽ ഇരുത്തിക്കൊണ്ട് പറഞ്ഞു, “ഇരിക്ക്, എന്നിട്ട് ഞാൻ പറയുന്നത് ശ്രദ്ധിച്ച് കേൾക്കുക.”
അവളും മകളുടെ കൂടെ കട്ടിലിന്‍റെ ഒരു ഭാഗത്ത് ഇരുന്നു. അങ്കിതയുടെ ഹൃദയം വളരെ വേഗത്തിൽ മിടിച്ചുകൊണ്ടിരുന്നു. എന്താണാവോ സംഭവിക്കാൻ പോകുന്നത്. മമ്മിക്ക് എന്തായിരിക്കും പറയാനുള്ളത്? അവൾക്ക് ഒന്നും മനസ്സിലാകുന്നുണ്ടായിരുന്നില്ല. പക്ഷേ, അവളുടെ മനസ്സിൽ കുറ്റബോധമുണ്ടായിരുന്നു. അവൾ ഫോൺ ചെയ്യുന്നത് മമ്മി കണ്ടിരുന്നു. റിച്ച നേരെ പറയാൻ തുടങ്ങി “മോളേ, എനിക്ക് നിന്‍റെ മനസ്സിന്‍റെ പോക്ക് മനസ്സിലാകും. ഞാൻ നിന്‍റെ അമ്മയാണ്. ഈ പ്രായത്തിൽ എല്ലാവർക്കും പ്രേമം തോന്നും.”
പ്രേമം എന്ന വാക്ക് റിച്ച എടുത്തു പറഞ്ഞു. “നിനക്ക് സംഭവിക്കുന്നത് പുതിയ കാര്യമൊന്നുമില്ല. പക്ഷേ, മോളേ, ഈ പ്രായത്തിൽ പെൺകുട്ടികൾ പലപ്പോഴും വഴി തെറ്റിപ്പോകും. ആൺകുട്ടികൾ അവരെ പ്രലോഭിപ്പിച്ച്, നടക്കാത്ത സ്വപ്നങ്ങൾ കാണിച്ച് അവരുടെ മാനം കൊണ്ട് കളിക്കും. പിന്നീട് പെൺകുട്ടികൾക്ക് മാനക്കേടല്ലാതെ മറ്റൊന്നും ഉണ്ടാവില്ല. അവർ അപമാനത്തിന്‍റെ കറ പുരണ്ട് ജീവിക്കും. ഉള്ളിന്‍റെ ഉള്ളിൽ മരിച്ച് ജീവിക്കും.”
അങ്കിതയുടെ ഹൃദയം കൂടുതൽ വേഗത്തിൽ മിടിച്ചു.
“മോളേ, നിനക്ക് അങ്ങനെ വല്ലതും സംഭവിക്കുന്നുണ്ടെങ്കിൽ ഞങ്ങളോട് പറയൂ. നീ തെറ്റായ വഴിയിലൂടെ നടക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. നീ അറിവില്ലാതെ ഓരോന്ന് ചെയ്ത് മാനക്കേടുണ്ടാക്കരുത്. ഇപ്പോൾ പഠിക്കേണ്ട കാലമാണ്. പക്ഷേ, നിനക്ക് വല്ല പ്രേമമോ മറ്റോ ഉണ്ടെങ്കിൽ തുറന്നു പറയുക. ആ പയ്യന് നിന്നെ വിവാഹം കഴിക്കാൻ താൽപര്യമുണ്ടോ? അവൻ നിന്‍റെ കാര്യത്തിൽ സീരീയസാണോ അതോ വെറും കളിയാണോ?”
അങ്കിത മനസ്സ് തുറന്നു. പതുക്കെ പതുക്കെ അവൾ എല്ലാക്കാര്യവും തുറന്നു പറഞ്ഞു. റിച്ച മകളെ സമാധാനിപ്പിച്ചുകൊണ്ട് പറഞ്ഞു, എല്ലാം ശരിയാക്കാമെന്ന്. പയ്യനും അവന്‍റെ വീട്ടുകാരും സമ്മതിക്കുകയാണെങ്കിൽ ഈ വർഷം തന്നെ അവളുടെ വിവാഹം നടത്താം.
തന്‍റെ കൂടെ പഠിക്കുന്ന ഒരു ആൺകുട്ടിയുമായി പ്രേമത്തിലാണെന്നാണ് അങ്കിത പറഞ്ഞത്. അവന്‍റെ വീട്ടുകാരെക്കുറിച്ച് അവൾക്ക് അധികമൊന്നുമറിയില്ല. അവർ രണ്ടുപേരും പ്രേമത്തിന്‍റെ സുന്ദരസ്വപ്നങ്ങൾ കാണുക മാത്രമാണ് ചെയ്യുന്നത്. ചിറകില്ലാതെ പറക്കുന്നു. ഭാവിയെക്കുറിച്ച് അറിയില്ല. പ്രേമത്തിന്‍റെ അവസാനം എന്താവും എന്നതിനെപ്പറ്റി ആലോചിച്ചിട്ടുപോലുമില്ല. അവർക്ക് പരസ്പരമുള്ള ആവേശം മാത്രമേയുള്ളൂ. ഇത് ശാരീരിക ആകർഷണം മാത്രമാണ്. ഇതുകാരണം പെൺകുട്ടികൾ അനഭിലഷണീയമായ വിപത്തുകൾക്ക് ഇരയാകുന്നു.
റിച്ച ആദിത്യനോട് എല്ലാം പറഞ്ഞു. കാര്യം ശരിക്കും ഗൗരവമുള്ളതാണ്. അങ്കിത ഇപ്പോൾ അറിവില്ലാത്തവളാണ്, ചിന്തകൾക്ക് പക്വത വന്നിട്ടില്ല. അവൾക്കിപ്പോൾ 20 വയസ്സാണ്. ആൺകുട്ടിക്കും ഇതേ പ്രായമായിരിക്കും. അവർ രണ്ടുപേരും നാശത്തിലേക്കാണ് നീങ്ങുന്നത്, അവരെ നിയന്ത്രിച്ചേ പറ്റൂ.
പക്ഷേ, റിച്ചക്കും ആദിത്യനും ഒന്നും ചെയ്യേണ്ടി വന്നില്ല, കാര്യം തനിയെ ശരിയായി. കൃത്യസമയത്ത് തന്നെ അവൾക്ക് ബുദ്ധിയുദിച്ചു. മമ്മിക്ക് എല്ലാക്കാര്യവും അറിയമെന്ന് അങ്കിത പറഞ്ഞപ്പോൾ അവൻ പരിഭ്രമിച്ചു, “ഇതിൽ പരിഭ്രമിക്കാൻ എന്താണുള്ളത്? മമ്മി നിന്‍റെ ഡാഡിയുടെ അഡ്രസ്സും ഫോൺ നമ്പറും ചോദിച്ചിട്ടുണ്ട്. അവർക്ക് നിന്‍റെ വീട്ടുകാരുമായി നമ്മുടെ വിവാഹക്കാര്യം സംസാരിക്കണമെന്നുണ്ട്.”
“ആകെ കുളമായി. നിന്‍റെ അച്ഛനും അറിയാമോ?” അവന്‍റെ നെറ്റിയിൽ വിയർപ്പ് പെടിഞ്ഞു.
“തീർച്ചയായും അറിയാമായിരിക്കും. മമ്മി പറഞ്ഞിട്ടുണ്ടാകും. പക്ഷേ, നീയെന്തിനാ വിഷമിക്കുന്നത്? നമ്മൾ പരസ്പരം പ്രേമിക്കുന്നുണ്ട്, വിവാഹം കഴിക്കുന്നതിൽ എന്താ കുഴപ്പം? എന്നായാലും ചെയ്യണ്ടേ, ഇന്നല്ലെങ്കിൽ നാളെ.” അങ്കിത വലിയ ധൈര്യത്തോടെ പറഞ്ഞു.
“എടീ, നിനക്ക് അറിയില്ല. വിവാഹം കഴിക്കാനുള്ള പ്രായമാണോ ഇത്. ഡാഡി എന്‍റെ തല തല്ലിപൊട്ടിക്കും, പിന്നയല്ലേ വിവാഹം?”
അവൾ ചോദിച്ചു. “നിനക്ക് എന്നെ പ്രേമിക്കാമെങ്കിൽ പിന്നെ വിവാഹത്തിന്താ പ്രശ്നം? അച്ഛനമ്മമാരോട് ചോദിച്ചിട്ടല്ലല്ലോ പ്രേമിച്ചത്. അവർ നമ്മുടെ വിവാഹത്തിന് തയ്യാറാവില്ലെങ്കിൽ വിവാഹവും അവരോട് ചോദിക്കാതെ ചെയ്യണം. നമ്മൾ പ്രായപൂർത്തിയായവരല്ലേ.”
“എന്തു മണ്ടത്തരമാണ് പറയുന്നത്, എങ്ങനെ വിവാഹം കഴിക്കാനാണ്?” അവൻ ദേഷ്യത്തോടെ പറഞ്ഞു. “നമ്മൾ ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുകയാണ്. അച്ഛനമ്മമാരോട് ചോദിക്കാതെ ഇത്രവലിയ കാര്യം എങ്ങനെ ചെയ്യാനാണ്?”
“അതുശരി, അച്ഛനമ്മമാരോട് ചേദിക്കാതെ നിനക്ക് പെൺകുട്ടികളെ പ്രലോഭിപ്പിക്കാം. അവരെ കപട പ്രേമത്തിൽ കുടുക്കാം. വിവാഹം ചെയ്യാമെന്ന് പറഞ്ഞ് അവരുടെ മാനം കവരാം. ഇതെല്ലാം ചെയ്യാൻ നിനക്ക് പ്രായപൂർത്തിയായി. പക്ഷേ, വിവാഹത്തിന് കഴിയില്ല.” അവൾക്ക് കരച്ചിൽ വന്നു.
അങ്കിതയ്ക്ക് മമ്മിയുടെ വാക്കുകൾ ഓർമ്മ വന്നു. സത്യമാണ് പറഞ്ഞത്. ഈ പ്രായത്തിൽ പെൺകുട്ടികളെ ആൺകുട്ടികൾ പ്രലോഭിപ്പിച്ച് മാനം കൊണ്ട് കളിക്കും. ശിവനും ഇതുതന്നെയാണ് ചെയ്തുകൊണ്ടിരുന്നത്. കൃത്യസമയത്തുതന്നെ മമ്മി മുന്നറിയിപ്പ് തന്നു. അവൾ രക്ഷപ്പെട്ടു. അൽപം വൈകിയിരുന്നെങ്കിൽ ശിവൻ എന്നെങ്കിലും ഒരിക്കൽ അവളുടെ മാനം കവർന്നേനേ. എത്ര വരെ സ്വയം രക്ഷിക്കും. അവൾക്ക് അവനൊരു ഭ്രാന്തായിരുന്നു.
അങ്കിത ഒരിക്കൽക്കൂടെ ശ്രമിച്ചു, “നീ നിന്‍റെ വീടിന്‍റെ അഡ്രസ്സും ഫോൺ നമ്പറും താ. നിന്‍റെ അച്ഛനമ്മമാർക്ക് ഈ ബന്ധം സമ്മതമാണോ എന്ന് ചോദിക്കുകയെങ്കിലും ചെയ്യാമല്ലോ.”
“എന്തിനാ വിവാഹത്തിൽ കയറിപ്പിടിച്ചിരിക്കുന്നത്.” അവൻ പല്ലിറുമ്മിക്കൊണ്ട് പറഞ്ഞു, “നമ്മൾ പഠിക്കാനാണ് കോളേജിൽ വന്നിരിക്കുന്നത്, അല്ലാതെ വിവാഹം കഴിക്കാനല്ല.”
“അല്ല, പ്രേമിക്കാൻ…” അങ്കിത അവനെ അനുകരിച്ചു. അവളും പല്ലിറുമ്മിക്കൊണ്ട് പറഞ്ഞു, “എന്നാൽ വാ, നമുക്ക് പാട്ടുപാടി നൃത്തം ചെയ്ത് ആഘോഷിക്കാം.” അവളുടെ വാക്കുകൾക്ക് കാഠിന്യം വന്നു. “ദുഷ്ടാ, നിന്നെപ്പോലുള്ള ആൺകുട്ടികൾ കാരണം പെൺകുട്ടികൾക്ക് മാനം നഷ്ടപ്പെട്ടിരിക്കുന്നു. ഞാനും വിഡ്ഢിയാണ്. നിന്‍റെ കുരുക്കിൽ വീണുപോയി. എല്ലാം അവസാനിച്ചു. ഇനിയൊരിക്കലും എന്‍റെ അടുത്ത് വന്നുപോകരുത്.”
അന്ന് വൈകുന്നേരം അങ്കിത നേരത്തേ വീട്ടിൽ വന്നു. കുറേ നാളുകൾക്കുശേഷമാണിത്. റിച്ചയും ആദിത്യനും പരസ്പരം നോക്കി. അവൾ ഒന്നുംമിണ്ടാതെ മുറിയിലേക്ക് പോയി. അവർ പിന്നാലെ ചെന്നു.
“ഇന്ന് വളരെ നേരത്തേ വന്നല്ലോ മോളേ?” റിച്ച ചോദിച്ചു.
“മമ്മീ, ഇന്ന് ഞാനെന്‍റെ മനസ്സിന്‍റെ ഭാരം ഇറക്കിവെച്ചിട്ടാണ് വന്നിരിക്കുന്നത്.” അവൾ എല്ലാം തുറന്നു പറഞ്ഞു.
റിച്ച അവളെ പുണർന്നുകൊണ്ട് പറഞ്ഞു, “എനിക്ക് നിന്നെക്കുറിച്ച് അഭിമാനം തോന്നുന്നു. എല്ലാ അച്ഛനമ്മമാർക്കും നിന്നെപ്പോലത്തെ മകളെ കിട്ടിയിരുന്നെങ്കിൽ…”
“മമ്മീ, കൃത്യസമയത്ത് മമ്മി എന്നെ നിയന്ത്രിച്ചതുകൊണ്ട് നാശത്തിന്‍റെ കുഴിയിൽ വീഴാതെ രക്ഷപ്പെട്ടു. മമ്മി അൽപം കൂടി വൈകിയിരുന്നെങ്കിൽ എന്‍റെ നാശം സംഭവിക്കുമായിരുന്നു. ഇനി ഞാൻ മനസ്സിരുത്തി പഠിക്കും. നിങ്ങളുടെ ഉപദേശം അനുസരിച്ച് ഒരു നല്ല മകളായി ജീവിക്കും.”
“അതേ മോളേ, നീയല്ലാതെ ഞങ്ങൾക്ക് മറ്റാരാണ് ഉള്ളത്?”
“എന്തിനാ മമ്മി ഇങ്ങനെയൊക്കെ പറയുന്നത്? ഞാൻ നിങ്ങളുടെ കൂടെയുണ്ട് പിന്നെ ചേട്ടനും ചേച്ചിയുമുണ്ട്.”
“അവർ ഇപ്പോൾ നമ്മുടെ കൂടെയില്ലല്ലോ…” റിച്ച പശ്ചാത്താപത്തോടെ പറഞ്ഞു.
“അങ്ങനെയല്ല മമ്മി, അവർ ഇപ്പോഴും നമ്മുടെ കൂടെയുണ്ട്.”
“നീയിതെന്താ പറയുന്നത്?”
“മമ്മീ, ഞാനൊരു രഹസ്യം പറയാം. ചേട്ടനോടും ചേച്ചിയോടും ഞാൻ എന്നും സംസാരിക്കാറുണ്ട്. ചേച്ചി തന്നെയാണ് വിളിക്കാറ്. ഞാൻ അവരെ കണ്ടിട്ടില്ല. പക്ഷേ അവർ സ്നേഹത്തോടെയാണ് സംസാരിക്കുക. അവർക്ക് നമ്മളെയെല്ലാം കാണണമെന്നുണ്ട്. ചേട്ടനാണെങ്കിൽ ഒരു ദിവസംപോലും എന്നോട് സംസാരിക്കാതിരിക്കാൻ പറ്റില്ല. ചേട്ടനും ചേച്ചിക്കും ഇവിടെ വരണമെന്നുണ്ട്. പക്ഷേ, ഡാഡിയെ പേടിച്ചിട്ടാണ് വരാത്തത്. മമ്മീ, നിങ്ങൾ ഒരുപ്രാവശ്യം ക്ഷമിച്ചു എന്ന് അവരോട് പറയൂ, അവർ ഓടി വരും.”
“സത്യമാണോ?” അവളെ തന്‍റെ മാറോട് ചേർത്തു. “മോളേ നീയെനിക്ക് ഇരട്ടി സന്തോഷമാണ് തന്നത്.”
“അതേ മമ്മീ, അവരെ ഫോണെങ്കിലും ചെയ്യൂ. എനിക്ക് ചേച്ചിയെ കാണണം” അങ്കിത ആവേശം കൊള്ളുകയായിരുന്നു.
“ഇപ്പോൾ ചെയ്യാം. ആദ്യം അദ്ദേഹത്തോട് പറയട്ടെ. കേട്ടാൽ അദ്ദേഹവും സന്തോഷം കൊണ്ട് തുള്ളിച്ചാടും. ഞങ്ങൾ അവരെ വിളിക്കാൻ പലപ്രാവശ്യം ആലോചിച്ചു, എന്നാൽ മകന്‍റെ മുന്നിൽ തല കുനിക്കാൻ ആഗ്രഹിച്ചിരുന്നില്ല. പക്ഷേ, ഇന്ന് മകനുവേണ്ടി ചെറുതാവും.”
മുറിക്ക് പുറത്ത് നിന്നിരുന്ന ആദിത്യൻ തന്‍റെ കണ്ണ് തുടക്കുകയായിരുന്നു. അയാൾക്ക് നഷ്ടപ്പെട്ട സന്തോഷം ഇന്ന് തരികേ ലഭിക്കുകയാണ്. മകളും ഇരുട്ട് നിറഞ്ഞ വഴിയിൽനിന്ന് രക്ഷപ്പെട്ടു, മകനേയും കിട്ടി. ഇന്ന് അയാളുടെ കടുംപിടുത്തമെല്ലാം തകർന്നുവീണു. ആദിത്യൻ പുറത്ത് നിൽക്കുന്നത് റിച്ച കണ്ടു. അയാളുടെ അടുത്ത് ചെന്ന് പറഞ്ഞു, “വരൂ, മോന് ഫോൺ ചെയ്യാം. മരുമകളെ സ്വീകരിക്കാൻ തയ്യാറെടുക്കാം. ഇന്ന് നമുക്ക് ഇരട്ടി സന്തോഷമാണ് ലഭിച്ചിരിക്കുന്നത്. കൂട്ടിൽനിന്നും പറന്നുപോയ കിളി തിരിച്ചുവരുന്നതുപോലെയാണ് തോന്നുന്നത്. ഇനി നമ്മുടെ കിളിക്കൂട് ശൂന്യമാകില്ല.”