എനിക്കിവിടെ ആരോടും കടപ്പാടുകളില്ല. ചെയ്തു തീർക്കാൻ കടമകളില്ല. പാറിപ്പറക്കാം. ഞാൻ അവധി ചോദിച്ചിരിക്കുകയാണ്; ദൈവത്തോട്. എനിക്കിപ്പോൾ ശരീരമില്ലല്ലോ. എവിടെയുമെത്താം, എന്തും കാണാം. കുറച്ചു ദിവസങ്ങൾ ഏതായാലും എനിക്കനുവദിച്ച് കിട്ടിയിട്ടുണ്ട്, ഏതാണ്ട് നല്ലനടപ്പിന് കിട്ടുന്ന പരോൾ പോലെ.

ആദ്യം ഞാൻ ദൈവത്തിന്‍റെ അടുത്തെത്തുമ്പോൾ എനിക്ക് സ്വബോധമുണ്ടായിരുന്നില്ല; ഏതാണ്ട് മയങ്ങുന്ന അവസ്ഥയിലാണത്രേ എന്നെ പരലോകത്തിലെത്തിച്ചത് എന്ന് അവിടെ കാവൽ നിൽക്കുന്ന മാലാഖക്കുഞ്ഞുങ്ങൾ എന്നോട് പറഞ്ഞു. ദുർമരണം ആണെങ്കിലും സ്വന്തം തെറ്റുകൊണ്ടല്ലാത്തതിനാലാവും എനിക്ക് പ്രധാന മാലാഖയെ വളരെക്കുറച്ച് ദിവസങ്ങൾക്കുള്ളിൽത്തന്നെ കാണാൻ സാധിച്ചത്. ആ മാലാഖയാണെങ്കിൽ ഗന്ധർവ കിന്നരൻമാരുടെ വീണാവാദനം ആസ്വദിക്കുകയും.

എനിക്കദ്ഭുതമായിരുന്നു; മാലാഖമാരുടെയടുത്ത് ഗന്ധർവ കിന്നരൻമാർക്ക് എന്തു കാര്യം? ഏറ്റവും നല്ല തമാശ എന്താണെന്ന് കേൾക്കണോ? സർവമതസ്ഥരുടെയും ആരാധനാമൂർത്തികൾ ഈ സ്വർഗ്ഗലോകത്തുണ്ട്.

സ്വർഗ്ഗം… സ്വർഗ്ഗം… എന്ന് ഭൂലോകവാസികളെ ഉദ്ബോധിപ്പിച്ചിട്ട് പ്രത്യേകം പ്രത്യേകം സ്വർഗ്ഗം പണിയാനൊന്നും അവർ മിനക്കെട്ടില്ലല്ലോ എന്ന് ഓർത്ത് കൗതുകമാണ് തോന്നിയത്. പിന്നെ അദ്ഭുതങ്ങളുടെ പൂരക്കാഴ്ച തന്നെയായിരുന്നു.

മരണ ശേഷം എത്തിച്ചേരുന്ന ആത്മാക്കളെ ഏത് ദേവന്‍റെയടുത്തും കൊണ്ടു പോയേക്കാം. എല്ലാവരും ഒരുപോലെ ശാസിക്കും! കഠിന പാപികളെ നരകജീവിതത്തിലേക്ക് അയയ്ക്കും; അത് ഭൂമിയിലെ പാപവും കലഹവും നിറഞ്ഞ ജീവിതവുമാകാം.

നീയെന്താണ് എന്നെ ആരാധിക്കാഞ്ഞത് എന്ന് ഒരു ദൈവവും ആരോടും ചോദിക്കുന്നത് കേട്ടില്ല. പക്ഷെ, അവരെല്ലാം ഒരു പോലെ, പ്രബോധനം ചെയ്ത കാര്യങ്ങളിൽ നിന്നും വ്യതിചലിച്ചവരെ, ചെയ്ത തെറ്റുകളെക്കുറിച്ച് ബോധവൽക്കരിക്കുന്നതും, അവരവരുടെ കർമ്മത്തിനനുസരിച്ചു തക്കതായ പുനരധിവാസം കൊടുക്കുന്നതും കണ്ടു.

ഈ വായിക്കുന്നതെല്ലാം തമാശയായേ നിങ്ങൾക്ക് തോന്നൂ എന്നെനിക്കറിയാം. ഒരിക്കലെങ്കിലും അനുഭവിച്ചാലല്ലേ നിങ്ങൾക്കിത് മനസിലാവൂ. ഞാനേതായാലും എന്‍റെ യാത്ര തുടങ്ങിക്കഴിഞ്ഞു.

എനിക്ക് ഏറ്റവും സന്തോഷം, ഞാനെന്‍റെ അച്ഛനെക്കണ്ടു. പിന്നെ സ്കൂളിൽ പഠിക്കുമ്പോൾ മഞ്ഞപ്പിത്തം ബാധിച്ചു മരിച്ച എന്‍റെ പ്രിയ കൂട്ടുകാരിയെ കണ്ടു.

അച്ഛനെന്നോട് പറഞ്ഞു: പല പ്രാവശ്യം ഞങ്ങളെക്കാണാൻ വീട്ടിൽ വന്നിട്ടുണ്ടെന്ന്. സ്വർഗ്ഗം ഒരു വിചിത്ര സ്ഥലം തന്നെ. ആരും പരസ്പരം അധികം സംസാരിക്കില്ല. അതു തന്നെ വളരെ പതിഞ്ഞ ശബ്ദത്തിൽ. ചുറ്റും എപ്പോഴും പൂർണ്ണമായും തെളിച്ചമുള്ള ഒരു അലൌകിക പ്രഭയാണ്. ഉറക്കവുമില്ല. ആ ദിവ്യ പ്രകാശധാരയുമായി ഇണങ്ങിയാൽപ്പിന്നെ ഭൂമണ്ഡലത്തിലെ രാത്രി ഇരുട്ട് ഓർക്കുമ്പോൾത്തന്നെ അരോചകമാകും.

ഞാൻ അമ്മയെ ഓർക്കുകയായിരുന്നു. അമ്മ അന്ന് എന്‍റെ ചലനമറ്റ ദേഹം കണ്ട് മോഹാലസ്യപ്പെടുകയും, ബോധം തെളിഞ്ഞപ്പോഴൊക്കെ അലമുറയിടുകയും ചെയ്തിരുന്നു. ഞാനന്ന് എവിടെയും പോയിട്ടില്ല. എനിക്ക് അമ്മയുടെ കരച്ചിൽ സഹിക്കാൻ കഴിയുമായിരുന്നില്ല. തൂവലിന്‍റെ ഭാരം പോലുമില്ലാത്ത ഞാൻ എന്തു ചെയ്യാൻ?

പാവം ചേട്ടൻ അടുത്തു നിന്ന് തേങ്ങുന്നുണ്ടായിരുന്നു. എന്‍റെ ശവസംസ്കാരത്തിനുള്ള കാര്യങ്ങൾ നോക്കി നടത്തേണ്ടിയിരുന്നതിനാൽ ചേട്ടനൊന്ന് മനസു തുറന്ന് കരയാൻ പോലും കഴിഞ്ഞില്ല. എന്‍റെ കൂട്ടുകാരികളുടെ കരച്ചിൽ ഇപ്പോഴും കൺമുന്നിലുണ്ട്.

ഞാനേതായാലും ആദ്യം എന്‍റെ അമ്മയെ കാണാൻ പോകും. അമ്മയുടെ കരച്ചിൽ നിന്നിട്ടുണ്ടാവുമോ? ഒരാഴ്ചയായപ്പോഴേക്കും വേണ്ടപ്പെട്ടവരൊക്കെ എന്നെ മറന്നിട്ടുണ്ടാവുമോ? അല്ല, എല്ലാവരും കരയാതിരിക്കട്ടെ. അവർക്കറിയില്ലല്ലോ, നൻമ ചെയ്തു ജീവിച്ചാൽ, കരച്ചിലും, പല്ലുകടിയുമില്ലാത്ത, രാത്രിയുടെ പേടിപ്പെടുത്തുന്ന ഇരുട്ടില്ലാത്ത, സ്നേഹ സുരഭിലവും, സംഗീത സാന്ദ്രവും, പ്രകാശമാനവും, ഭൂമിയിലെ ദേവാധിദേവകളെല്ലാം ഏകോദര സഹോദരൻമാരായി വസിക്കുകയും ചെയ്യുന്ന ഒരു സുന്ദരലോകത്തിലേക്കാണ് വിസ ലഭിക്കുക എന്ന്.

അമ്മ വേലുവണ്ണന്‍റെ കടയിൽ നിന്നും സാധനങ്ങൾ വാങ്ങി വരികയാണ്. ഇടയ്ക്കമ്മ തോർത്തിന്‍റെ തുമ്പെടുത്ത് മൂക്കു തുടയ്ക്കുന്നുമുണ്ട്. ഈ അമ്മയുടെ ഒരു കാര്യം. അമ്മേ, അമ്മയുടെ ഈ മകൾ എത്ര സന്തോഷവതിയാണെന്നോ? പാവം അമ്മ എങ്ങനെ കരയാതിരിക്കും? കല്യാണം കഴിഞ്ഞ് ഞാനും സുകുവേട്ടനും കൂടി വിരുന്നിനെത്തേണ്ട ദിവസങ്ങൾ. അമ്മ വെപ്രാളത്തോടെ വിഭവങ്ങൾ പാചകം ചെയ്ത് ഓടി നടക്കേണ്ട സമയം. ആ വീട്ടിൽ ഇപ്പോൾ ശ്മശാന മൂകത. ഏട്ടൻ ജോലി കഴിഞ്ഞ് രാത്രിയിലെത്തി എന്തെങ്കിലും സംസാരിച്ചാലായി.

പശുക്കുട്ടി കരയുന്ന സ്വരം കേൾക്കുന്നുണ്ട്. അമ്മയുടെ ഓമനപ്പൂവാലി എവിടെ? അതിനെയും കൊടുത്തു കാണും. എന്‍റെ കല്യാണച്ചെലവിന് പണം സ്വരൂപിക്കാൻ വേണ്ടി കാത്തു പരിപാലിച്ചിരുന്നതാണ് അവളെ. പത്തു ലിറ്റർ പാലു കിട്ടുന്ന നല്ലയിനം പശുവായിരുന്നു. ഞാനുള്ളപ്പോൾ അവളുടെ അടുത്ത് നിന്നും മാറില്ല. സന്ധ്യാ സമയം കഴിഞ്ഞിട്ടും എന്നെ കണ്ടില്ലെങ്കിൽ അവൾ നിർത്താതെ അമറും. അമ്മയുടെ സ്വൈരം നശിച്ചിട്ടുണ്ടാവും.

ഇനി ഏട്ടൻ ജോലി നോക്കുന്ന ബേക്കറിയിലേക്ക് പോകാം. ഹായ്, അതാ ഏട്ടൻ. ഈ ഏട്ടന്‍റെ മുഖവും സങ്കടം പൊട്ടി വരും പോലെയാണ്. കൂട്ടുകാരെയും, അടുത്ത പരിചയക്കാരെയുമെല്ലാം എന്‍റെ കല്യാണത്തിന് ക്ഷണിച്ചിരുന്നു ഏട്ടൻ. എല്ലാവരും കൂടി തലേ ദിവസം മുതൽ തന്നെ ഒരാഘോഷമാക്കാൻ തീരുമാനിച്ചിരുന്നുവത്രെ.

അച്ഛനില്ല എന്ന ഒരു കുറവ് ഏട്ടനെന്നെ അറിയിച്ചിട്ടില്ല. ആദ്യമൊക്കെ ഏട്ടന് രാത്രി കൂട്ടുകരോടൊപ്പം ചുറ്റി നടക്കലൊക്കെ ഉണ്ടായിരുന്നു. പക്ഷെ അമ്മയും, ഞാനും ഏട്ടനെ കാണാതെ വിഷമിക്കുന്നുണ്ടെന്ന് മനസിലാക്കി രാത്രി കൂട്ടുകെട്ടുകൾ എല്ലാം ഒഴിവാക്കുകയായിരുന്നു.

എന്‍റെ സുകുവേട്ടൻ എന്തു ചെയ്യുകയായിരിക്കും? മോട്ടോർ വർക്ക്ഷോപ്പിൽ ജോലിക്ക് പോയിത്തുടങ്ങിയില്ല എന്നു തോന്നുന്നു. കല്യാണം പ്രമാണിച്ച് ഒരാഴ്ചത്തെ അവധി ചോദിച്ചിരുന്നതല്ലേ. എന്നെ എത്രമേൽ സ്നേഹിച്ചിരുന്നു, സുകുവേട്ടൻ. ചില കാര്യങ്ങൾ ഓർത്താൽ ചിരി വരും. എനിക്ക് ഉത്സവത്തിന് കതിന പൊട്ടുന്നത് പേടിയാണ് എന്ന് പറഞ്ഞപ്പോൾ എത്രമാത്രം കളിയാക്കിയിരുന്നു. എന്‍റെ പെണ്ണേ! ഇങ്ങനെ പേടിച്ചാൽ ജീവിക്കാൻ പറ്റില്ല എന്നൊക്കെ പറഞ്ഞ് ധൈര്യം പകരാൻ എന്തെല്ലാം ശ്രമം നടത്തിയിരുന്നു.

ഇനി എനിക്ക് കാണേണ്ടത് അവനെയാണ്; എന്‍റെ ഭൂമിയിലെ സ്വപ്നങ്ങളവസാനിപ്പിച്ചവനെ. എന്‍റെ ഏട്ടനെപ്പോലെ ഞാൻ കരുതിയിരുന്നവൻ. പരസ്പരം അറിയാത്തവരായി ഞങ്ങളുടെ ഗ്രാമത്തിൽ ഒരു വീട്ടുകാരുമില്ല.

എന്നു മുതലാണ് രമേശേട്ടൻ നഗരത്തിലെ ലഹരിക്കച്ചവടക്കാരുമായി ചങ്ങാത്തത്തിലായത്? അറിയില്ല. ലഹരിയും മദ്യവും ഉപയോഗിച്ച് നാട്ടിൽ വഴക്കും വക്കാണവും ഉണ്ടാക്കിത്തുടങ്ങിയപ്പോൾ കൂട്ടുകാർ പോലും അവനെ വെറുത്തു.

“അമ്മേ, രമേശേട്ടന് ഒരു പന്തിയല്ലാത്ത നോട്ടമാണ് കേട്ടോ. എന്നെ പലപ്പോഴായി ഓരോന്നു പറഞ്ഞു ശല്യം ചെയ്യുന്നു. എന്നെ സുകുവേട്ടന് കല്യാണം പറഞ്ഞുറപ്പിച്ചതാണെന്ന് രമേശേട്ടന് അറിയാഞ്ഞിട്ടാണോ?” അമ്മയോട് ഇത് പറയുമ്പോൾ എനിക്ക് സങ്കടം വരുന്നുണ്ടായിരുന്നു. മിക്കപ്പോഴും അമ്മാവന്‍റെ മകൾ ചിന്നു കൂടി തയ്യൽ ജോലി കഴിഞ്ഞ് കൂട്ടിനുണ്ടാകും. അതൊരു ധൈര്യമായിരുന്നു.

ആ വൈകുന്നേരം ബൈൻഡിംഗ് പ്രസിലെ ജോലി കഴിഞ്ഞിറങ്ങാൻ അൽപം വൈകി. പ്രകാശം ചെറുതായി മങ്ങി തുടങ്ങി. ബസിറങ്ങി നടക്കുമ്പോൾ ആരും കൂട്ടിനുണ്ടായില്ല. സാധാരണ വൈദ്യശാലയിൽ പോയി മടങ്ങുന്ന ആരെങ്കിലും ഉണ്ടാവും.

കരിമ്പന കൂട്ടങ്ങൾ നിറഞ്ഞു നിൽക്കുന്ന നാണുവാശാന്‍റെ ഒഴിഞ്ഞ പറമ്പിനടുത്ത് എത്തിയപ്പോൾ എന്തോ നെഞ്ചിടിപ്പു വല്ലാതെ വർദ്ധിച്ചു. അവിടെ ചില ആളുകൾ മദ്യപാനമൊക്കെ നടത്താറുണ്ട് എന്ന് അമ്മ പറഞ്ഞ് കേട്ടിട്ടുണ്ട്. രമേശൻ അവിടെ പതുങ്ങി നിൽപുണ്ടായിരുന്നു.

എന്തോ ഒന്നും രണ്ടും പറഞ്ഞ് തർക്കമായി. ആ ചോദ്യവും നിൽപ്പും എല്ലാം എനിക്ക് വല്ലാതെ പേടിയാവുന്നുണ്ടായിരുന്നു. കഷ്ടിച്ചു അരക്കിലോമീറ്റർ മാത്രമേ വീട്ടിലേക്കുളളൂ. ഓടാൻ ശ്രമിക്കുമ്പോഴേക്കും അവൻ കടന്നുപിടിച്ചു. എതിർക്കുന്നത് തടയാൻ കുറെ അടിച്ചു. അവന്‍റെ ഉദ്ദേശ്യം നടക്കില്ല എന്നു വന്നപ്പോൾ അടുത്ത കിടന്ന പാറക്കഷ്ണം കൊണ്ട് എന്‍റെ തലയിലിടിച്ചു. എനിക്കു പിന്നെ ഒന്നും ഓർമ്മയില്ല.

അന്ന് ഒരു ശനിയാഴ്ച ആയിരുന്നു എന്നെനിക്കറിയാം. പിറ്റേന്ന് സുകുവേട്ടന്‍റെ അടുത്ത ബന്ധുക്കൾ കുറച്ചു പേർ ഞങ്ങളുടെ വീട്ടിലേക്ക് വരുന്നുവെന്ന് അറിയിച്ചിരുന്നു. ഞാൻ നേരത്തെ പറഞ്ഞില്ലേ, ഞങ്ങളുടെ ഗ്രാമത്തിൽ വളരെക്കുറച്ച് ആളുകളെ ഉള്ളു എന്ന്. എന്നാലും ഒരു ചടങ്ങിന് വേണ്ടി. അത്ര തന്നെ.

വീട്ടിൽ വന്നിട്ട് പിറ്റേന്നത്തെ ആവശ്യത്തിന് വേണ്ട പലഹാരങ്ങൾ ഉണ്ടാക്കാൻ ഞാനും കൂടാം എന്നു വാക്കു കൊടുത്തിട്ടാണ് ഞാൻ രാവിലെ ഇറങ്ങിയത്. രാത്രി മുഴുവൻ എന്നെ ആളുകൾ അന്വേഷിച്ചു നടന്നു. ഞാൻ എവിടെ എന്നു ചോദിച്ചു ബൈൻഡിംഗ് പ്രസിലെ മാമനെ കുറെപ്പേർ ഉപദ്രവിച്ചത്രേ. പിറ്റേന്ന് വെളുപ്പാൻകാലമായപ്പോഴാണ് അവർക്ക് എന്‍റെ ചലനമറ്റ ശരീരം കരിമ്പനക്കാടുകൾക്കിടയിൽ നിന്ന് കണ്ടെടുക്കാനായത്.

ഞാനിപ്പോൾ ഞങ്ങളുടെ അടുത്തുള്ള ഗ്രാമീണ വായനശാലയിലാണ്. ഞങ്ങളുടെ ഗ്രാമത്തിൽ ടി.വി ഉള്ളത് ഇവിടെയും, പത്രോസ് മുതലാളിയുടെ വീട്ടിലും മാത്രം. ഇപ്പോഴും വിശകലനങ്ങൾ നിന്നിട്ടില്ല. എന്നെപ്പറ്റി ഞാൻ പോലും ഞെട്ടിപ്പോകുന്ന വാർത്തകളാണ് വന്നു കൊണ്ടിരിക്കുന്നത്.

മറ്റു പല ബന്ധങ്ങളും ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നോ എന്ന് അന്വേഷിക്കണം പോലും. ഈ ഗ്രാമവും അവിടെ ജീവിക്കുന്ന 40, 50 കുടുംബങ്ങളും. ഈ ഗ്രാമത്തിലെ മനുഷ്യരുടെ നിഷ്കളങ്കതയും, വിശുദ്ധിയും, ഈ പച്ചപ്പരിഷ്കാരികളോട് പറഞ്ഞിട്ട് കാര്യമില്ല.

പത്താം ക്ലാസിനപ്പുറം ഇവിടെ ആരും പഠിച്ചിട്ടില്ല. പിന്നീട് പഠിക്കണമെങ്കിൽ അടുത്തുള്ള പട്ടണത്തിൽ പോകണം. രണ്ടും മൂന്നും മണിക്കൂറുകൾ ഇടവിട്ട് വരുന്ന ബസുകളാണ് ആശ്രയം. അത് തന്നെ സമയത്ത് വരാറില്ല. ഇങ്ങനെ പല പല കാരണങ്ങൾ കൊണ്ട് ഞാൻ കൂടുതൽ പഠിക്കാനുള്ള ആഗ്രഹം ഉപേക്ഷിച്ചു.

വീട്ടിൽ ടിവിയും പത്രവും ഇല്ലാത്തത് എത്ര നന്നായി! അല്ലെങ്കിൽ പാവം അമ്മ, ഈ വാർത്തകൾ ഒക്കെ കണ്ട് എത്ര ദുഃഖിക്കും? സ്വന്തം മകളെ ഒരുത്തൻ ക്രൂരമായി കൊലപ്പെടുത്തിയതിന്‍റെ ദു:ഖം താങ്ങാനാവാതെ കഴിയുമ്പോൾ ആ ദാരുണ മരണം ഒരാഘോഷമാക്കുന്നവർ. കാക്ക മലം ചിക്കിച്ചികയും പോലെ അപവാദങ്ങൾക്കായി പരതുന്നവർ. നേരും നെറിയുമുള്ളവർ വളരെക്കുറവ്. വല്ലാത്ത ലോകം തന്നെ. എന്നെ കൊന്നതിന് ജയിലിൽ പോയ രമേശേട്ടൻ തിന്നു കൊഴുത്തിട്ടുണ്ട്. അയാൾക്ക് പട്ടണത്തിൽ വലിയ ആളുകളുമായി ചങ്ങാത്തമുണ്ടത്രേ.

ഇന്നെനിക്ക് രൂപമില്ല. സ്വരമില്ല. ആത്മാവ് മാത്രം. പലരുടെയും ഓർമ്മകളിൽ മാത്രം എനിക്ക് മരണമില്ല. ഞാൻ മരിച്ചതെത്ര നന്നായി എന്നു അമ്മയ്ക്കറിയോ? അർദ്ധ പ്രാണനോടെങ്കിലും ഞാൻ ജീവിച്ചിരുന്നെങ്കിൽ ധാരാളം തെളിവുകൾ അവർ എന്നോട് ചോദിച്ചേനേ.

ഈ ദുർ നടത്തക്കാരനുമായി എനിക്ക് രഹസ്യ ബന്ധമില്ല എന്നതിന് തെളിവുണ്ടോ! സന്ധ്യയായപ്പോൾ രമേശൻ എന്നെ കാത്ത് കരിമ്പനകൾക്കിടയിൽ പതുങ്ങി നിന്നതിന് തെളിവുണ്ടോ? ഞാൻ സ്വമേധേയാ രമേശനെ കാണാൻ എത്തിയതല്ല എന്നതിന് തെളിവുണ്ടോ? കല്യാണപ്പന്തൽ സ്വപ്നം കണ്ട് വീട്ടിലേക്ക് തിരിച്ച എന്‍റെ ചാരിത്ര്യം ഇതിന് മുൻപ് നഷ്ടപ്പെട്ടിട്ടില്ല എന്നതിന് തെളിവുണ്ടോ? ഇതിനും പുറമേ ഈ ക്രൂരകൃത്യം ചെയ്തത് രമേശൻ തന്നെയാണെന്ന് തെളിവുണ്ടോ? അമ്മേ ഇപ്പോൾ പറയൂ. ഞാൻ മരിച്ചതെത്ര നന്നായി. തെളിവുകൾ ഒന്നും വേണ്ടല്ലോ… ദുഷ്കൃത്യങ്ങളൊക്കെ തെളിയാതെ.. ജീവനുള്ളവർക്ക് കണ്ണുണ്ടെങ്കിലും കാണാൻ പറ്റാത്ത തെളിവുകളായി അങ്ങനെ അവശേഷിക്കട്ടെ. അമ്മ ഇനി കരയരുത്.

और कहानियां पढ़ने के लिए क्लिक करें...