ആന്‍റ് ദി അവാർഡ് ഫോർ ദി ബെസ്റ്റ് ഫിക്ഷൻ ഗോസ് ടു… മിസ്റ്റർ സുദീപ് ചന്ദ്ര ഫോർ ദി സ്റ്റോറി ദി അൺ സെന്‍റ് പോസ്റ്റ്…
വിടർന്ന കണ്ണുകളും തോളറ്റം മുടിയുമുള്ള സുന്ദരിയായ ആങ്കർ മനോഹരമായ പുഞ്ചിരിയോടെ സദസിനെ നോക്കി സൂചകമായി കൈവിരലുയയർത്തിക്കാട്ടി. സദസ് ആരവത്തോടെ ആ പ്രഖ്യാപനത്തെ ഏറ്റുവാങ്ങുമ്പോൾ സീമയുടെ മനസിലൂടെ ഒരു മിന്നൽപിണർ പാഞ്ഞു. സുദീപ് ചന്ദ്ര… അത് അദ്ദേഹം തന്നെയാവുമോ? 20 വർഷമായി ആ പേര് എവിടെയെങ്കിലും കേട്ടിട്ട്… ഇവിടെ… എത്രയോ വർഷമായി ആ മുഖം കണ്ടിട്ട്… ആകാംഷ, ആവേശം… ഇവയെല്ലാം നിറഞ്ഞ സമ്മിശ്രവികാരത്തിൽ സീമയുടെ ശരീരം വിറച്ചുപോയി. അവൾ സ്വന്തം വിരലുകൾ കോർത്തുപിടിച്ചു.
ആ സമയം സാമാന്യം നല്ല ഉയരമുള്ള ഒരാൾ സ്റ്റേജിലേക്ക് ചുറുചുറുക്കോടെ കയറിവന്നു. ഇരു ചെവിക്കു പിന്നിലെ മുടിയിഴകളിൽ നേർത്ത വരപോൽ പടർന്ന വെളുപ്പുനിറം. പക്ഷേ, യുവത്വം സ്ഫുരിക്കുന്ന ആ മുഖവും പുഞ്ചിരിയും തിടുക്കപ്പെട്ടുള്ള നടത്തവും കണ്ണുകളിലെ ഗൂഢഭാവവും… അതിനുമാറ്റമില്ല. സീമ സ്വയമറിയാതെ പുഞ്ചിരിച്ചുപോയി. സുദീപ്… കാലം എത്ര ദൂരേക്ക് മാറ്റിയാലും നിങ്ങളെ തിരിച്ചറിയാൻ ഇപ്പോഴും എനിക്ക് കഴിയുന്നല്ലോ..
“താങ്ക്യൂ സോ മച്ച്… ദിസ് റിയലി മീൻസ് എ ലോട്ട് ടു മി…”
സുദീപിന്‍റെ പ്രസംഗം വളരെ ഹ്രസ്വമായിരുന്നു. പക്ഷേ, ആ സംസാരരീതികൾ, മാനറിസങ്ങൾ, ഗൂഢാർത്ഥ വാക്പ്രയോഗങ്ങൾ എല്ലാം അവളിൽ ഓർമ്മകളുടെ വേലിയേറ്റങ്ങൾ നിറച്ചു.
സാഹിത്യസമ്മേളനത്തിന്‍റെ സമാപന സമയമായിരിക്കുന്നു. റിഫ്രഷ്മെന്‍റ്സിനുള്ള സംവിധാനമുണ്ട്. വേദിയുടെ പുറത്ത് ചായ, കോഫി, സ്നാക്സ് ഇതൊക്കെ ഒരുക്കിയിട്ടുണ്ട്. ആളുകൾ അങ്ങോട്ട് തിക്കിതിരക്കി പോകുന്നു. അവൾക്ക് ഒട്ടും താൽപര്യം തോന്നിയില്ല. വിശപ്പ് കെട്ടടങ്ങിയപോലെ… ആൾക്കൂട്ടത്തിൽ നിന്ന് പുറത്ത് കടക്കാൻ അവൾ കൊതിച്ചു.
വർഷങ്ങൾക്കുശേഷം അദ്ദേഹത്തെ കണ്ടപ്പോൾ മനസ് ആകെ കലങ്ങി മറിഞ്ഞുപോയി. എവിടെയോ നഷ്ടപ്പെട്ട മനസ് വീണ്ടെടുക്കാനെന്നപോലെ അവൾ ദീർഘമായി ശ്വസിച്ചു. പ്രവേശന കവാടത്തിലെ തിരക്ക് അൽപം കുറയാനായി കാത്തുനിൽക്കുമ്പോൾ ഒരു പരിചിതശബ്ദം അവളെ പിന്നിൽനിന്ന് വിളിച്ചു.
“എക്സ്ക്യൂസ് മി”
തിരിഞ്ഞുനോക്കാതെ തന്നെ ആ ശബ്ദത്തിന്‍റെ ഉടമയെ സീമക്കു മനസ്സിലായി. ഒരു നിമിഷനേരത്തേക്ക് ഹൃദയം നിലച്ചതുപോലെ അവൾ കണ്ണടച്ചു നിന്നു. വീണ്ടും അതേ ശബ്ദം… കുറച്ചുകൂടി അടുത്തായി.
സീമക്ക് തിരിഞ്ഞുനോക്കാതെ നിവൃത്തിയില്ലെന്നായി. അദ്ദേഹം… മുഖത്ത് സംശയത്തിന്‍റെയോ ആകാംഷയുടെയോ സമ്മിശ്രഭാവത്തോടെ തന്നെത്തന്നെ നോക്കി നിൽക്കുന്നു.
“വിളിച്ചതിൽ ക്ഷമിക്കണം… ഈ മുഖം എനിക്ക് നന്നായറിയാം… പക്ഷേ…” സുദീപ് നെറ്റിയിൽ കൈവിരലമർത്തി സീമയുടെ മുഖത്തേക്ക് ഉറ്റു നോക്കി.
സത്യത്തിൽ സീമക്ക് കടുത്ത ആശയക്കുഴപ്പം തോന്നി. എന്തു ചെയ്യണമെന്നറിയാതെ അവൾ ദൂരേക്ക് മിഴികളൂന്നി…
“ഹാ… സീമ… സീമ വിശ്വാസ്… ശരിയല്ലേ?” അദ്ദേഹം തിരിച്ചറിഞ്ഞിരിക്കുന്നു. സീമ യാന്ത്രികമായി പുഞ്ചിരിച്ചു.
“അതേ… സീമ തന്നെ…” അപ്പോൾ അദ്ദേഹവും ചിരിക്കുകയാണ്. കണ്ണുകളിൽ സന്തോഷത്തിന്‍റെ തിരയിളകുന്നു.
“നീണ്ട മുടിയുണ്ടായിരുന്നല്ലോ നേരത്തേ… ഇപ്പോൾ മുടി ഷോർട്ടായപ്പോൾ അൽപനേരത്തേക്ക് എനിക്കൊരു കൺഫ്യൂഷൻ.”
“എന്താ, എനിക്ക് മാത്രമാണോ മാറ്റം സംഭവിച്ചത്?”
അവളുടെ മറുപടി ആസ്വദിച്ചുകൊണ്ട് അയാൾ പൊട്ടിച്ചിരിച്ചു. താൻ ഒറ്റനിമിഷംകൊണ്ട് ഭൂതകാലത്തിലേക്ക് പോയതായി അവൾക്ക് തോന്നി. കഴിഞ്ഞുപോയ സംഭവങ്ങളെക്കുറിച്ചോർക്കുമ്പോൾ ഇങ്ങനെ ഒപ്പം നിന്ന് ചിരിക്കാനും തമാശ പറയാനും തനിക്കെങ്ങനെ കഴിഞ്ഞു. സീമ അമ്പരന്നു.
“ഭക്ഷണം കഴിക്കാൻ പോകുന്നോ?” സുദീപ് ചന്ദ്ര ചോദിച്ചു.
“ഒട്ടും വിശക്കുന്നില്ല. മാത്രമല്ല, അവിടെ എന്തു തിരക്കാണ്…”
“യു ആർ റൈറ്റ്.” സുദീപ് പറഞ്ഞു
“എന്നാൽ നമുക്ക് പുറത്തു നിന്ന് ഒരു കപ്പ് കാപ്പി കുടിച്ചാലോ?”
“താങ്കൾ ഫ്രീയാണെങ്കിൽ…” ശരീരത്തെ വ്യാപിച്ച വിറയൽ ശബ്ദത്തിലേക്ക് പടരാതിരിക്കാൻ സീമ നന്നേ പണിപ്പെട്ടു.
“ഓകെ… ഞാൻ വരാം…”
സുദീപിനൊപ്പം അൽപനേരം കൂടി കിട്ടുന്നതിന് തന്‍റെ മനസ് കൊതിക്കുന്നത് സീമ അറിഞ്ഞു. ഇക്കഴിഞ്ഞ വർഷങ്ങളത്രയും രണ്ടുപേരും കാണാതെ, വിവരങ്ങൾ ഒന്നും അറിയാതെ ജീവിക്കുകയായിരുന്നല്ലോ. 20 വർഷം മുമ്പ് അവരുടെ ജീവിതം രണ്ടു വഴിയിലാണ്. വിളിച്ചപ്പോഴുടൻ കോഫി കുടിക്കാൻ കൂടെ ചെന്നാൽ സുദീപ് തന്നെക്കുറിച്ച് എന്തു വിചാരിക്കും? ഒരു നിമിഷം സീമ ആലോചിച്ചു. പക്ഷേ, ചിന്തകളെ അതിന്‍റെ വഴിക്ക് വിട്ടുകളഞ്ഞു.
സമയം 7 മണിയായിട്ടുണ്ടാകും. അവർ നഗരത്തിലെ തിരക്കുള്ള കഫേയിലേക്ക് കയറുമ്പോൾ അവിടെ കൂടുതലും ചെറുപ്പക്കാരായിരുന്നു. അവർക്കിടയിലേക്ക് ചെല്ലുമ്പോൾ അവൾക്ക് ചെറിയ മടി തോന്നിയെങ്കിലും സുദീപ് അതൊന്നും ശ്രദ്ധിക്കുന്നില്ലെന്ന് തോന്നി. ഒതുങ്ങിയ ഇടം തേടിയ അയാൾ ജനാലയ്ക്കരികിൽ രണ്ട് സീറ്റുകൾ കണ്ടുപിടിച്ചു.
“അപ്പോൾ അതും സംഭവിച്ചു.” അയാൾ ആശ്ചര്യഭാവത്തിൽ പുഞ്ചിരിച്ചു.
“സീമാ, തന്നെ ഇനി കണ്ടുമുട്ടുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല. അതും ഈ മസൂറിയിൽ…” അതുകേട്ട് സീമ പുഞ്ചിരിച്ചു.
“കൊൽക്കത്തയിൽ നിന്ന് ഞാനിവിടെ വന്നത് ഒരു സുഹൃത്തിന്‍റെ കല്യാണത്തിൽ പങ്കെടുക്കാനാണ്. ഇന്നലെയായിരുന്നു.” സീമ പറഞ്ഞു
“ഇന്ന് ഞാൻ ഫ്രീയായിരുന്നു… അപ്പോൾ പുറത്ത് കാഴ്ച കാണണമെന്ന് തോന്നി. പിന്നെ…”
“പിന്നെ…?” സുദീപ് ചോദിച്ചു
“എന്‍റെ ഫ്രണ്ട് മീനുവാണ് സാഹിത്യോൽസവത്തെക്കുറിച്ച് പറഞ്ഞത്. രണ്ട് പാസുണ്ടായിരുന്നു. എന്‍റെ സാഹിത്യപ്രേമം അറിയാവുന്നതുകൊണ്ട് അവൾ പാസ് എനിക്ക് തന്നു.” അവൾ തല ചെരിച്ചുപിടിച്ച് സുദീപിനെ നോക്കി.
“തികച്ചും അവിചാരിതമായ കണ്ടുമുട്ടൽ. താങ്കൾ ഇപ്പോഴും ഡൽഹിയിലാണോ താമസം?”
“ഓ… യെസ്.. ആം സ്റ്റിൽ എ ഡെൽഹൈറ്റ്.” അയാൾ പറഞ്ഞു.
“ഓൺലൈൻ വഴി നടന്ന കഥാമത്സരത്തിൽ ഞാൻ പങ്കെടുത്തിട്ടുണ്ടായിരുന്നു. കഴിഞ്ഞ മാസമാണ് സംഘാടകർ എന്നെ അറിയിച്ചത്. മസൂറിയിൽ നടക്കുന്ന സമ്മേളനത്തെക്കുറിച്ചും… താമസസൗകര്യവും യാത്രാസൗകര്യവും അവർതന്നെ ഏർപ്പെടുത്തിത്തന്നു.”
“എഴുത്തിനോടുള്ള സുദീപിന്‍റെ ആവേശത്തെക്കുറിച്ച് മറ്റാരേക്കാളും എനിക്കറിയാമല്ലോ… എന്‍റെ അഭിനന്ദനങ്ങൾ… പക്ഷേ, ഒന്നു ചോദിച്ചോട്ടെ… ഇത്രയും കാലം എന്നെ മറന്നിരിക്കുകയായിരുന്നോ?”
“മറവി, അതല്ലല്ലോ സീമേ, പഴയതുപോലെ കമ്യൂണിക്കേഷൻ ആരുമായും നിലനിർത്താൻ കഴിയുന്നില്ല എന്നേയുള്ളൂ.”
ആ വിഷയം അവിടെ അവസാനിച്ചു. പക്ഷേ, സീമയുടെ മനസിൽ പലതരം സംശയങ്ങൾ ഉണർന്നുകൊണ്ടിരുന്നു. സുദീപ് ഇപ്പോൾ ബാങ്ക് ഓഫ് ഇന്ത്യയിൽ ഡവലപ്മെന്‍റ് ഓഫീസറാണ്. ജോലിയുടെ തിരക്കുകളിലും ഇടവേളകളിൽ എഴുത്തിന്‍റെ ലോകത്തും അയാൾ ജീവിക്കുകയാണ്. സീമയെ സംബന്ധിച്ചാണെങ്കിൽ അച്ഛൻ മരിച്ചു. അമ്മയാകട്ടെ വാർദ്ധക്യത്തിന്‍റെ അവശതകളിലും.
“സുദീപ് ഭാര്യയെക്കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ?”
“എന്തു പറയാനാണ്… എന്‍റെ…?” സുദീപിന്‍റെ സ്വരം വളരെ നേർത്തു.
“ഞാൻ രണ്ട് വിവാഹം ചെയ്തു…” അയാൾ അൽപനേരം നിശബ്ദനായി.
“പക്ഷേ, നിർഭാഗ്യം കൊണ്ടാകാം, രണ്ടും പരാജയമായിരുന്നു. എല്ലാം എന്‍റെ തെറ്റായിരുന്നു.”
“ഏയ്, അങ്ങനെ കുറ്റബോധം തോന്നേണ്ട കാര്യമില്ല, എനിക്ക് മനസ്സിലാകും ആ സാഹചര്യങ്ങൾ. ഒരു പക്ഷേ, നമ്മൾ തെറ്റായ ഇടങ്ങളിലായിരിക്കണം സന്തോഷം കണ്ടെത്താൻ ശ്രമിച്ചത്. അതുകൊണ്ടാകാം ഇങ്ങനെയൊക്കെ… നീരജും ഞാനും വിവാഹമോചനം നേടിയിട്ട് ഇപ്പോൾ 8 വർഷമായിരിക്കുന്നു.”
സീമ പറഞ്ഞതുകേട്ട് സുദീപ് ഞെട്ടലോടെ അവളെ നോക്കി. എന്നിട്ട് പറഞ്ഞു “കഴിഞ്ഞുപോയ കാലം കഴിഞ്ഞു. അത് ഇനി മറക്കാം. അതല്ലേ നല്ലത്.”
പക്ഷേ, സീമക്ക് ഒന്നും അങ്ങനെ എളുപ്പം മറക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. ഈ ജീവിതം എത്ര ഏകാന്തമാണ് സീമ ആലോചിച്ചു. കോളേജിലെ പ്രണയജോഡികളായിരുന്നു അവർ. വിവാഹം കഴിക്കണമെന്ന് വരെ തീരുമാനിച്ചിരുന്നവർ. പക്ഷേ, വീട്ടലറിഞ്ഞപ്പോൾ സീമയുടെ പപ്പയ്ക്ക് കടുത്ത എതിർപ്പായിരുന്നു.
സുഹൃത്തിന്‍റെ വെൽ സെറ്റിൽഡ് ആയ മകനെക്കൊണ്ട് വിവാഹം കഴിപ്പിക്കണമെന്ന് പപ്പയ്ക്ക് നിർബന്ധമായിരുന്നു. നീരജിന് അപ്പോൾ ഒരു ബഹുരാഷ്ട്രകമ്പനിയിൽ ലക്ഷങ്ങളുടെ ശബളമുണ്ടായിരുന്നു. പക്ഷേ, സുദീപിനാകട്ടെ ശരാശരി വരുമാനവും. സുദീപിന്‍റെ ആദ്യ ജോലിയായിരുന്നു അത്. ഒരു സാധാരണക്കാരന്‍റെ പ്രതിഛായയുള്ള സുദീപിനു മേലെ തിളങ്ങുന്നതായിരുന്നു നീരജിന്‍റെ കോർപ്പറേറ്റ് ലുക്ക്. എന്നിട്ടും പപ്പയുടെ നിർബന്ധത്തെ അവഗണിച്ച് സുദീപും താനും ഒരുമിക്കാൻ തീരുമാനിക്കുകയും ചെയ്തു. അതിനായി 2003 ഏപ്രിൽ 30 ന് വൈകിട്ട് 6 മണിക്ക് ഹൗറ സ്റ്റേഷനിൽ എത്താൻ ഞങ്ങൾ തീരുമാനിച്ചു. ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. ഡൽഹിയിലേക്കുള്ള ഹൗറ എക്സ്പ്രസിൽ. പക്ഷേ… വിചാരിച്ചതുപോലെയൊന്നും കാര്യങ്ങൾ നടന്നില്ല.
“അപ്പോൾ എപ്പോഴാണ് മടക്കം?” സുദീപിന്‍റെ ചോദ്യം അവളെ ചിന്തകളിൽനിന്നുണർത്തി.
“ഞാൻ നാളെ മടങ്ങും.” അവൾ പറഞ്ഞു “ശീതൽ എക്സ്പ്രസ്… 8 മണിക്ക്.”
“അപ്പോൾ 2 മണിക്കൂർ നേരത്തേ ഞാനും പുറപ്പെടും. 6 മണിക്കാണ് എന്‍റെ വണ്ടി. അത്രയും നേരത്തേ പോകാൻ ഇഷ്ടമുണ്ടായിട്ടല്ല, പക്ഷേ വിമല ട്രസ്റ്റ് ബുക്ക് ചെയ്തത് ആ വണ്ടിയാണ്.”
പിരിയുന്നതു വരെ മതിവരാത്തവരെപ്പോലെ അവർ സംസാരിച്ചുകൊണ്ടിരുന്നു. ബസ് സ്റ്റോപ്പിലെത്തുന്നതിന് അൽപനേരം മുമ്പാണ് സുദീപ് മനസ് തുറന്നത്.
“വളരെ വൈകിയെന്നെറിയാം, എങ്കിലും നിന്നോടത് പറയാതെ വയ്യ, അന്ന് ഞാൻ മനപൂർവം വരാതിരുന്നു. നമ്മൾ പ്ലാൻ ചെയ്തതിനു വിരുദ്ധമായി. എന്‍റെ പ്രവൃത്തികൾ തുറന്നതായിരിക്കണം എന്ന് ഞാൻ ആഗ്രഹിച്ചു. ഒരു ഒളിച്ചോട്ടം എനിക്ക് ഇഷ്ടമില്ലായിരുന്നു. പക്ഷേ, അത് എനിക്ക് നിന്നോട് തുറന്ന് പറയാൻ മടി തോന്നി. നിന്നെ സ്നേഹിക്കുന്നില്ലെന്ന് ചിന്തിക്കുമെന്ന് ശങ്കിച്ചു.” അയാൾ ദീർഘമായി നിശ്വസിച്ചു.
“ഹൊ.. ഞാനെത്ര ഭീരുവായിരുന്നു. പക്ഷേ, സത്യമായും എന്നെ വിശ്വസിക്കൂ… എനിക്ക് ആ ദിവസത്തെക്കുറിച്ചോർക്കുമ്പോൾ ഇപ്പോഴും ഉറക്കം നഷ്ടപ്പെടും. നീ എന്നെക്കാത്ത് എത്രസമയം റെയിൽവേ സ്റ്റേഷനിലിരുന്നിട്ടുണ്ടാവും, നിന്‍റെ അവസ്ഥ എന്തായിരുന്നു, ഇതൊക്കെ ആലോചിക്കുമ്പോൾ ചെയ്ത തെറ്റ് ഒരു വേതാളത്തെപ്പോലെ ഇത്രയും കാലം എന്നെ പിന്തുടരുകയാണ്. ഇന്ന് നിന്നെ ഇവിടെവെച്ച് കാണുമ്പോൾ എനിക്ക് അതിയായ സന്തോഷം തോന്നി. അതോടൊപ്പം ഭീതിയും. നീയെന്നെ വെറുക്കുന്നില്ലേ എന്ന ഭീതി. സീമ, ആം റിലി സോറി… പ്ലീസ്…” സുദീപ് ഗദ്ഗദകണ്ഠനായി. അന്ന് പറയാൻ മറന്നതെല്ലാം അയാളുടെ നിറഞ്ഞ കണ്ണുകൾ പറയുന്നുണ്ടായിരുന്നു.
“പക്ഷേ, സുദീപ് ഞാനും അന്ന് സ്റ്റേഷനിൽ വന്നില്ല. ആരുമറിയാതെ, ഒരുമിച്ചുള്ള ജീവിതത്തിലേക്ക് ഒളിച്ചോടുന്നത് എന്‍റെ ആശയങ്ങൾക്ക് വിരുദ്ധമായി എനിക്കു തോന്നി. നിങ്ങൾ പറഞ്ഞ അതേ കാരണങ്ങൾ കൊണ്ടുതന്നെ അക്കാര്യം അന്ന് സംസാരിക്കാനും മടി തോന്നി.”
സുദീപ് അതുകേട്ട് അമ്പരന്നു പോയി. ഒരു പക്ഷേ, ജാള്യത മറക്കാൻ അവൾ നുണ പറയുന്നതാവുമോ? അങ്ങനെയാകാൻ തരമില്ല. അവളുടെ കണ്ണുകളിൽ കണ്ട തിളക്കം… അത് പക്ഷേ, അന്ന് യഥാർത്ഥത്തിൽ സംഭവിച്ചത് അതല്ലെന്നത് സീമക്ക് മാത്രമറിയാവുന്ന രഹസ്യം. അതങ്ങനെ തന്നെയിരിക്കട്ടെ. ആ സത്യം ആർക്കു മുന്നിലും മറ നീക്കിക്കാണിക്കാൻ അവൾ ഇഷ്ടപ്പെട്ടില്ല. ആൾക്കൂട്ടത്തിന്‍റെ ബഹളങ്ങളിൽ തികച്ചും ഒറ്റപ്പെട്ട് അസ്തപ്രജ്ഞനായി നിന്ന നിമിഷങ്ങൾ. ആ ആരവങ്ങൾ ഇപ്പോഴും ചെവിയിൽ മുഴങ്ങുന്നു.
അപ്രതീക്ഷിതമായി മനസ്സിലെ ആ മൂടുപടങ്ങൾ മെല്ലെ ഊരിയെറിയാൻ അവസരം കിട്ടിയിരിക്കുന്നു. കലങ്ങിത്തെളിഞ്ഞ ജലം പോലെ മനസ്. പക്ഷേ, എന്താണിപ്പോഴും ചെറിയ ഓളങ്ങൾ? ആരെയും കുറ്റപ്പെടുത്തേണ്ടതില്ലെന്ന് മനസ് വീണ്ടും വീണ്ടും ബോധ്യപ്പെടുത്തുന്നതിനിടെ അവൾ സ്വയമറിയാതെ പറഞ്ഞു, “വൈകി, ഞാൻ പോകട്ടെ… നാളെ പുലർച്ചെ പോകേണ്ടതല്ല… ഇറ്റ് വാസ് നൈസ് ടു മീറ്റ് യു….”
സീമ വാച്ചിലേക്ക് നോക്കി. സമയം 7.30, ട്രെയിൻ വരാൻ ഇനിയുമുണ്ട് അരമണിക്കൂർ. ചിന്തകളുടെ വേലിയേറ്റങ്ങളിൽ സ്വയം മുങ്ങി സീമ വീണ്ടും പരവശപ്പെട്ടു. താനന്ന് സുദീപിനെ കാത്ത് മണിക്കൂറുകളോളം സ്റ്റേഷനിൽ നിന്നത് അറിഞ്ഞുവെങ്കിൽ എങ്ങനെയാണ് അയാൾ പ്രതികരിക്കുക. അത് പറയാമായിരുന്നു. ഒരു പക്ഷേ… അവൾക്ക് വീണ്ടും നിരാശ തോന്നി.
ട്രെയിൻ വരുന്ന വിവരം അനൗൺസ് ചെയ്യുന്നത് കേട്ടു. അത് വിധിവാചകം പോലെ അവളുടെ കാതുകളെ വിറകൊള്ളിച്ചു. തന്‍റെ വിധി. വീണ്ടും ഒരു ട്രെയിനിന്‍റെ രൂപത്തിൽ തന്നെ തേടിയെത്തുകയാണ്. കൊൽക്കത്തയിലേക്ക് മടങ്ങിപോകാൻ… സ്വന്തം വീട്ടിലേക്ക്… ജോലിയിലേക്ക്… പതിവു ജീവിതത്തിലേക്ക്…
ട്രെയിൻ പാളങ്ങളിൽ ഞെരിഞ്ഞമർന്നു നിൽക്കുന്നതിന്‍റെ ശബ്ദം. അഞ്ച് മിനിട്ടേയുള്ളൂ, യാത്രക്കാർ കയറാനും ഇറങ്ങാനും തിരക്കു കൂട്ടുന്നു. പാദങ്ങൾ ചലിപ്പിക്കാനാകാതെ സീമ നിന്നു. അവളുടെ ഹൃദയം ഒരു തീരുമാനത്തിന് വേണ്ടി മടിച്ചുകൊണ്ടിരുന്നു. എന്‍റെ വിധി എന്ന് പറഞ്ഞ് ഈ വണ്ടിയിൽ കയറി കൊൽക്കത്തയിലെ തിരക്കുകളിലേക്ക് മടങ്ങിയെത്തണോ? സുദീപ് ഇപ്പോൾ ഡൽഹിയിലേക്ക് മടങ്ങിയിട്ടുണ്ടാകണം. എന്നിട്ടും എന്താണ് താൻ ചെയ്യുന്നത്… ആ നിമിഷങ്ങളിൽ തീവണ്ടി മെല്ലെ അനങ്ങിത്തുടങ്ങി. പക്ഷേ, നിന്നനിൽപ്പിൽ നിന്ന് അനങ്ങാൻ സീമയ്ക്ക് കഴിഞ്ഞില്ല. മടങ്ങിപ്പോകുന്നില്ല… എങ്ങോട്ടും…
റെയിൽവേ സ്റ്റേഷനിലെ ക്ലോക്കിൽ 8.10 എന്ന് മിന്നിത്തെളിയുന്നു. അവൾ തൊട്ടടുത്ത് കണ്ട ബെഞ്ചിലേക്ക് ചാഞ്ഞിരുന്നു. കണ്ണുകളിലെ നനവ് ആരും കാണാതെ ഒപ്പിയെടുക്കാൻ അവൾ മുഖം കുനിച്ചു. ആ സമയം ആരോ തോട്ടടുത്തിരുന്ന് മുരടനക്കി.
അവൾ അറിയാതെ നോക്കി… സുദീപ്, അവിശ്വസനീയമായ മിഴികളോടെ അതിലേറെ സന്തോഷം നിറഞ്ഞ ഉന്മാദത്തോടെ അവൾ ഉറ്റു നോക്കി.
6 മണിയുടെ വണ്ടിക്ക് പോകേണ്ടിയിരുന്നു സുദീപ്.. വണ്ടി കിട്ടിയില്ലെന്നുണ്ടോ?
സുദീപ് ലേശം മടിയോടെ പറഞ്ഞു “നീ പോകുന്നതിന് മുമ്പ് യാത്ര തിരിക്കാൻ വിഷമം തോന്നി. എന്തോ ഒരു ശക്തി എന്നെ പിടിച്ചു നിറുത്തി. ഇതുപോലൊരു തോന്നൽ എന്‍റെ ജീവിതത്തിലിന്നുവരെ ഉണ്ടായിട്ടില്ല… ഒരുപക്ഷേ, നീ വണ്ടിയിൽ കയറുമോ എന്ന് കാത്തിരിക്കാമെന്ന് കരുതി.”
സുദീപിന്‍റെ ആ ഇടപെടൽ… ആ സംസാരം… അത് അവളെ രക്ഷപ്പെടുത്തി. എന്താണ് താൻ പോകാതിരുന്നത് എന്ന് വിശദീകരിക്കുന്നതിൽ നിന്ന്.
അവരുടെ കണ്ണുകൾ ഏറെ സംസാരിച്ചു. ഒന്നും മിണ്ടാതെ ഹൃദയങ്ങൾ അവരുടെ പ്രണയം ചേർത്തു പിടിച്ചു. പരസ്പരം ഇനിയും മനസ്സിലാക്കാതിരിക്കാനാവില്ല.
“നമ്മൾ വീണ്ടും ഒരു അപ്പോയ്ൻമെന്‍റ് എടുത്തിരിക്കുന്നു. ഒട്ടും മുൻവിധിയില്ലാതെ. ഇത് നമ്മുടടെ ഹൃദയങ്ങൾ രഹസ്യമായെടുത്ത തീരുമാനമാണ്.” സുദീപിന്‍റെ വാക്കുകൾ കേട്ടപ്പോൾ സീമയുടെ ഹൃദയം വിതുമ്പി. അയാൾ സ്നേഹത്തോടെ അവളെ ചേർത്തു പിടിച്ചു.