8 വയസ്സുകാരി ശ്രുതി ഒരിക്കൽ അച്ഛനമ്മമാരുടെ വിവാഹ ആൽബം മറിച്ചു നോക്കാനിടയായി. ആൽബത്തിലെ ഓരോ താളുകൾ മറിക്കുമ്പോഴും ശ്രുതിയുടെ സംശയം തീരുന്നേയില്ല. “ഇതാരാ മമ്മീ… ഇതോ?” താലുകൾ മറിക്കുമ്പോൾ ആകാംഷയാണ് അവൾക്ക്. പറഞ്ഞുവരുമ്പോൾ അവരൊക്കെ അടുത്ത ബന്ധുക്കളാണ്. പക്ഷേ, ഒരാളെ പോലും കുട്ടിക്ക് അറിയില്ല. മുംബൈ പോലുള്ള തിരക്കുള്ള നഗരത്തിൽ 10 വർഷത്തോളമായി സ്ഥിരതാമസം ആക്കിയ ശ്രുതിയുടെ രക്ഷിതാക്കൾക്ക് വിവാഹത്തിനു ശേഷം ഒരിക്കൽ പോലും നാട്ടിൽ വരാന സാധിച്ചിട്ടില്ല. ഔദ്യോഗിക ഉത്തരവാദിത്തങ്ങൾ ബന്ധങ്ങളിൽ വിടവ് സൃഷ്ടിക്കുകയായിരുന്നു. കൊച്ചു ശ്രുതിയെ സംബന്ധിച്ച് ബന്ധങ്ങളുടെ ലോകം അച്ഛനേയും അമ്മയേയും ചുറ്റിപറ്റി ഉളളതായിരുന്നു. വല്ല്യച്ഛൻ, കൊച്ചച്ഛൻ, അമ്മാവൻ, അമ്മായി, ചിറ്റ തുടങ്ങിയ ബന്ധങ്ങളുടെ ഒരു വിശാല ലോകം തനിക്ക് ചുറ്റം ഉണ്ടെന്നതിനെ കുറിച്ച് ശ്രുതി അറിയുന്നേയില്ല. ഇത് ശ്രുതിയുടെ മാത്രം പ്രശ്നമല്ല.

ബന്ധങ്ങൾ അറിയാതെ പോകുന്നതെന്തുകൊണ്ട്?

ഒരു കുഞ്ഞ് ജനിക്കുമ്പോൾ അവനൊപ്പം ബന്ധങ്ങളും രൂപപ്പെടുകയാണ്. ബന്ധങ്ങളുടെ ഒരു നീണ്ട പട്ടിക തന്നെ അവന്‍റെ ജീവിതത്തിന്‍റെ ഭാഗമാകുന്നു. ഒന്ന് തിരിഞ്ഞുനോക്കൂ. നമുക്കും ഈ പറഞ്ഞ ബന്ധുക്കളൊക്കെയില്ലേ. പക്ഷേ, നമ്മിൽ എത്ര പേർക്ക് ഇന്നും ഈ ബന്ധങ്ങൾ ഭംഗിയായി കൊണ്ടുപോകാൻ സാധിക്കുന്നുണ്ട്. ബന്ധങ്ങളുടെ ഊഷ്മളത കുറയ്ക്കു്നന ജീവിത സാഹചര്യങ്ങളാണ് ഇന്നേറെയും. ബന്ധങ്ങൾ ശരിയായി നിലനിർത്തിക്കൊണ്ടുപോകാൻ മുതിർന്നവർ പരാജയപ്പെടുന്ന സാഹചര്യത്തിൽ കുട്ടികൾ ബന്ധങ്ങളുടെ വിലയറിയാതെ പോകുന്നതിൽ അത്ഭുതപ്പെടേണ്ടതില്ല. അതുകൊണ്ട് തന്നെ ബന്ധങ്ങളെക്കുറിച്ച് അറിയാനുള്ള ഉത്സാഹവും കുട്ടികൾക്ക് ഇല്ലാതാകുന്നു.

കുഞ്ഞുങ്ങളിൽ നല്ല സ്വഭാവം, സംസ്കാരം, ശീലങ്ങൾ എല്ലാം രക്ഷിതാക്കളാണ് പകർന്നു നൽകേണ്ടത്. രക്ഷിതാക്കൾ ബന്ധുക്കൾക്ക് പ്രാധാന്യം നൽകുന്നില്ലെങ്കിൽ കുട്ടികൾ ഇതേക്കുറിച്ച് അറിയുന്നതെങ്ങനെ?

ഇന്നത്തെ കുട്ടികൾ ബന്ധങ്ങളുടെ വിലയറിയാതെ പോകുന്നത് ഈ കാരണങ്ങൾ കൊണ്ടൊക്കെയാണ്. സാമൂഹിക ബോധവും മറ്റുള്ളവരോട് ഇടപഴകുമ്പോൾ ലഭിക്കുന്ന ലോകപരിചയവും നല്ല ബന്ധങ്ങളിൽ നിന്നാണ് ലഭിക്കുക. രക്ഷിതാക്കൾ കുട്ടികൾക്ക് അതിനുള്ള അവസരം ഒരുക്കി കൊടുക്കണം.

ന്യൂക്ലിയർ ഫാമിലി

സമൂഹത്തിൽ കൂട്ടുകുടുംബ വ്യവസ്ഥിതി മാറി അണുകുടുംബ രീതി ശക്തി പ്രാപിച്ചിരിക്കുകയാണ്. മുത്തച്ഛൻ, മുത്തശ്ശി, അമ്മാവൻ, ചെറിയമ്മ എന്നിങ്ങനെ ബന്ധങ്ങളുടെ വലിയൊരു തണൽ മരത്തിനു ചുവട്ടിൽ കുഞ്ഞിനു വളരാനുള്ള അവസരം കൂട്ടുകുടുംബങ്ങളിൽ ലഭ്യമായിരുന്നു. ഇന്നാകട്ടം അച്ഛനും അമ്മയും ഒന്നോ രണ്ടോ മക്കളും മാത്രമടങ്ങുന്ന അണുകുടുംബങ്ങളാണ് അധികവും. ബന്ധുക്കളുടെ വീട് സന്ദർശിക്കുന്നതിനോ ബന്ധുക്കളെ വീട്ടിലേക്ക് ക്ഷണിക്കുന്നതിനോ കഴിയാതെ വരുമ്പോൾ ബന്ധങ്ങളുടെ വിലയറിയാതെ പോകും. അതിനാൽ പാരമ്പര്യവും ബന്ധങ്ങളുടെ തീക്ഷ്ണതയും കുട്ടികൾ അറിയാതെ പോകുന്നു.

തറവാട്, വീട്, സംസ്കാരം, കുടുംബമാഹാത്മ്യം എന്നിവയെക്കുറിച്ച് അറിവ് പകരാൻ പല രക്ഷിതാക്കളും മുതിരാറില്ല. അച്ഛന്‍റെ സഹോദരനെ വല്ല്യച്ഛനെന്നും കൊച്ഛനെന്നും അച്ഛന്‍റെ സഹോദരിയെ അപ്പിച്ചിയെന്നും  സ്നേഹത്തോടെ വിളിച്ചിരുന്ന ഒരു കാലമുണ്ടായിരുനന്നു. ഇന്നത്തെ കുട്ടികൾക്കാകട്ടെ ബന്ധുക്കളെ അങ്കിൾ, ആന്‍റി വിളികളിൽ ഒതുക്കുന്നു.

സമയക്കുറവ്

ഇന്നത്തേത് ഫാസ്റ്റ് ലൈഫാണ്. സ്വന്തം കാര്യങ്ങൾ നേരാംവണ്ണം നോക്കാൻ പോലും പലർക്കും സമയമില്ല. ഈ തിരക്കിനിടയിൽ ബന്ധങ്ങളുടെ പ്രാധാന്യം കുട്ടികൾക്ക് പറഞ്ഞു കൊടുക്കാനൊന്നും ആരും ശ്രമിക്കാറില്ല. കണ്ണുമടച്ച് സമയത്തിനൊപ്പം ഓടിയെത്താനുള്ള ശ്രമത്തിലാണ് എല്ലാവരും തന്നെ. ഈയൊരു ഓട്ടപ്പാച്ചിലിനിടയിൽ അടുത്ത ബന്ധങ്ങൾ പോലും കാണാതെ പോകുന്നു. മുമ്പോക്കെ അവധി ദിനങ്ങളിലും വിശേഷ അവസരങ്ങളിലും ബന്ധുഗൃഹങ്ങൾ സന്ദർശിക്കുന്ന പതിവുണ്ടായിരു്നു. ഇന്നാർക്കും ഒന്നിനും നേരമില്ല. അതിനാൽ ഇതാണ് കുടുംബം ഇതാണ് ബന്ധങ്ങളുടെ ലോകം എന്ന് കുരുന്നു മനസ്സ് വിശ്വസിക്കുന്നു.

വെറും പൊങ്ങച്ചം

ബന്ധങ്ങളും ഇന്ന് പൊങ്ങച്ചം കാട്ടലിന്‍റെ ഭാഗമാകുകയാണ്. ഒരു ഹൈടെക് ലൈഫ് സ്റ്റൈലാണ് മിക്കവരും പിന്തുടരുന്നത്. ഏതു കാര്യത്തിലും പൊങ്ങച്ചവും മത്സരബുദ്ധിയുമാണ്. ബന്ധുവിന്‍റെ പക്കൽ നല്ലൊരു കാറുണ്ട്. അപ്പോൾ സ്വന്തമായി ഒരു കാറില്ലെങ്കിൽ മോശമല്ലേ? കാറൊക്കെയുള്ളവരാണെന്നു കാണിക്കാൻ ഉടനെ കാർ വാങ്ങും. ഇതൊക്കെ കണ്ടു വളരുന്ന കുട്ടികളിലും ഈയൊരു മത്സരബുദ്ധി വളരും. മുതിർന്നവരെ അനുകരിച്ച് കുട്ടികൾ സമപ്രായക്കാരായ കുട്ടികളോട് മത്സരത്തിനൊരുങ്ങും. പൊങ്ങച്ചവും മത്സരവും ബന്ധങ്ങളിലെ സ്വാഭാവികത നഷ്ടപ്പെടുത്തുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്നുണ്ട്.

സ്വാർത്ഥത കൂടുന്നു

ഞാൻ, എന്‍റേത് എന്ന ചിന്താഗതി ഇന്ന് പ്രബലമാകുകയാണ്. എന്‍റെ ഭാര്യ, എന്‍റെ കുഞ്ഞ് എന്നിങ്ങനെ ചിന്താഗതി സങ്കുചിതമാകുന്നു. അതിനാൽ മറ്റ് ബന്ധങ്ങൾ അപ്രധാനമാകുകയാണ്. രക്ഷിതാക്കളുടെ ഈ മനോഭാവം കുഞ്ഞിനേയും സ്വർത്ഥതൽപരനാക്കുന്നു. വളരുമ്പോൾ ഈ മനോഭാവത്തിലാവും അവർ രക്ഷിതാക്കളോടും പെരുമാറുക.

സ്വന്തം ആവശ്യങ്ങൾ നേടിയെടുക്കുന്നതുവരെ മാത്രമേ അവർക്ക് രക്ഷിതാക്കളുടെ സഹായം വേണ്ടി വരുന്നുള്ളു. വിതച്ചതേ കൊയ്യൂ എന്നു പറയും പോലെയാണിത്. കാലം എത്രയൊക്കെ പുരോഗമിച്ചു എന്നു പറഞ്ഞാലും ബന്ധങ്ങളുടെ പ്രസക്തി ഇല്ലാതാകുന്നില്ല. ബന്ധങ്ങൾ മറന്ന് ആധുനികരാകാനുള്ള ഓട്ടമാകരുത് ജീവിതം. കുടുംബപാരമ്പര്യവും ബന്ധങ്ങളുടെ പ്രാധാന്യവുമൊക്കെ അറിഞ്ഞു തന്നെ കുട്ടികളും വളരട്ടെ…

और कहानियां पढ़ने के लिए क्लिक करें...