അവധിക്കാലയാത്ര എങ്ങോട്ട് എന്നതിനെക്കുറിച്ച് തലപുകഞ്ഞ് ചർച്ചകൾ നടത്തിക്കൊണ്ടിരിക്കുന്ന നന്ദന്‍റെയും അവന്തികയുടേയും മുന്നിൽ ചെന്ന് സുനന്ദ സധൈര്യം പ്രസ്താവിച്ചു “ഇത്തവണ അവധിക്കാലയാത്ര ഞാൻ തനിച്ചാണ്… അതും നാട്ടിലേക്ക്…”

ഭർത്താവിന്‍റേയും മകളുടേയും പ്രതികരണം അത്രകണ്ട് മെച്ചമാകാൻ ഇടയില്ലെന്ന് അറിഞ്ഞിട്ടും സുനന്ദ നന്ദന്‍റെയും അവന്തികയുടെയും എതിരെയുള്ള സോഫയിലിരുന്നു.

അവന്തിക ചീറുന്ന ശബ്ദത്തിൽ പറഞ്ഞു “വാട്ട് നോൺസെൻസ് യു ആർ ടോക്കിംഗ് അമ്മാ? അതൊരു ഹോറിബിൾ സ്പെയ്സ് ആണ്. അവിടെ പകൽ സമയത്ത് ഒരു പ്രൈവസിയും ഉണ്ടാകില്ല. മനുഷ്യരെക്കാളേറെ കൊക്ക്രോച്ചും സ്പൈഡറും മോസ്ക്വിറ്റോസും ആണ്. വി ആർ നോട്ട് കമിംഗ്.”

ഉള്ളിൽ ചിരിച്ചുകൊണ്ട് കുറ്റപ്പെടുത്തലിന്‍റെ കൂർപ്പിച്ച നോട്ടം എയ്തു സുനന്ദ പറഞ്ഞു “അതാണ് ഞാൻ തനിച്ചു പോകുന്നു എന്ന് ആദ്യമേ പറഞ്ഞത്.”

മുൻകാല അനുഭവങ്ങളിൽ നിന്ന് സുനന്ദയുടെ വാശിയുടെ ഉൾക്കരുത്ത് അറിഞ്ഞിട്ടുള്ളതിനാൽ നന്ദൻ നിരുപാധികം കീഴടങ്ങി.

“എങ്കിൽ അമ്മ ഇത്തവണ തനിച്ച് നാട്ടിൽ പോയിവരട്ടെ. നോ മോർ ഡിസ്കഷൻ.”

സോഫയിൽ നിന്നെഴുന്നേറ്റ് നന്ദൻ അകത്തേക്ക് നടന്നപ്പോൾ സുനന്ദയോട് മുഖം കൊണ്ടൊരു കോക്രി കാണിച്ച് അവന്തികയും നന്ദന്‍റെ പുറകേ നടന്നു.

എയർപോർട്ടിൽ ചെന്ന് ശുഭയാത്ര ആശംസിച്ച് സുനന്ദയെ യാത്രയാക്കുമ്പോഴും നന്ദന്‍റേയും അവന്തികയുടേയും മുഖത്തെ കാർമേഘങ്ങൾ പെയ്തൊഴിഞ്ഞിരുന്നില്ല.

യാതൊരു മുന്നറിയിപ്പും അമ്മയ്ക്ക് നൽകാതെ പടികയറി ചെല്ലണമെന്ന് സുനന്ദയുടെ മറ്റൊരു വാശിയായിരുന്നു. വിദേശവാസിയായ മകൾ അപ്രതീക്ഷിതമായി ഒരു പുലർ മഞ്ഞുകാല വേളയിൽ വീടിന്‍റെ പടികയറി വരുമ്പോൾ അമ്മയുടെ മുഖത്ത് വിരിയുന്ന സന്തോഷപൂങ്കുല കാണാനാനുള്ള മോഹം.

മുറ്റം അടിച്ചുവാരുന്നതിനിടയിലെപ്പഴോ ഒന്ന് തല പൊക്കിയപ്പോഴാണ് അമ്മ സുനന്ദയെ കണ്ടത്. അവിശ്വസനീയതയിൽ ആ കണ്ണുകൾ ഒന്നു ചെറുതായി. പിന്നെ അത്ഭുതം കൊണ്ട് വിടർന്നു.

ചൂല് ഒരുവശത്തേക്ക് വലിച്ചെറിഞ്ഞ് ഉടുമുണ്ടിന്‍റെ വശങ്ങളിൽ കൈ തുടച്ച് ഓടി അടുത്തുവന്ന അമ്മയുടെ മെലിഞ്ഞു നീണ്ട വിരലുകൾ തന്‍റെ കൈത്തണ്ടയിൽ അമർന്ന നിമിഷം ഹൃദയത്തിന്‍റെ അഗാധതയിൽ നിന്നും ഉരുത്തിരിഞ്ഞ ഒരു കണ്ണീർ മുത്ത് സുനന്ദയുടെ കൺകോണിൽ ഒളിച്ചു നിന്നു.

സുനന്ദ അമ്മയെ കൺ നിറയെ കണ്ടു. അമ്മയ്ക്ക് വലിയ മാറ്റമൊന്നുമില്ല. മുണ്ടിൻ തലപ്പിൽ സ്ഥിരം പറ്റിയിരിക്കാറുള്ള അടുക്കളക്കരി പോലും സ്ഥാനം തെറ്റാതവിടെയുണ്ട്. നെറ്റിയിൽ പാതിയടർന്ന ചന്ദനക്കുറി. വിയർപ്പും രുദ്രാക്ഷമാലയും ചാലിട്ടൊഴുകുന്ന ചുളിവു നിറഞ്ഞ നീണ്ട കഴുത്ത്. വാരിക്കെട്ടി വച്ച തലമുടിക്കെട്ടിൽ നിന്നും പുറത്തേക്കിറങ്ങി നോക്കുന്ന തുളസിക്കതിരുകൾ.

സുനന്ദ തനിച്ചാണ് എന്നറിഞ്ഞതോടെ അമ്മയുടെ അമ്പരപ്പ് ഒന്നുകൂടെ വിശാലമായി.

“മോളെയെങ്കിലും നിനക്ക് കൂട്ടായിരുന്നില്ല്യേ…” അമ്മയുടെ ശബ്ദം നനഞ്ഞു താണു. പണ്ടും സ്നേഹം കൂടിയാൽ അമ്മയുടെ സ്വരം നനഞ്ഞു താഴും.

അടുക്കളയിൽ നിന്നും ഇറങ്ങിവന്ന ഏട്ടത്തിയമ്മയ്ക്ക് പതിവ് മുണ്ടും നേര്യതിനും പകരം ളോഹ പോലുള്ള നിശാവസ്ത്രം. പകൽനേരത്തും നിശാവസ്ത്രത്തിൽ പിടിമുറുക്കുന്ന മലയാളിത്തം.

“ഏട്ടനെവിടെ അമ്മേ?”

“അവന് എപ്ലാ ഒഴിവ്? രാവിലെ എറങ്ങും നാട്ടിൽക്ക്.”

“പിന്നേയ് എനിക്കറിയില്ലേ എന്‍റേട്ടനേ…” സുനന്ദ ചിരിച്ചു.

അമ്മയേയും ഏട്ടത്തിയമ്മയേയും പറഞ്ഞ് പറ്റിച്ച് നൂറ് തിരക്കഭിനയിച്ച് വീട്ടിൽ നിന്നിറങ്ങുന്ന ഏട്ടൻ തോട്ടുവക്കത്തെ കാട്ടുപൊന്തക്കരുകിൽ മീൻചൂണ്ടയുമായി ധ്യാനച്ചിരിക്കുകയോ വായനശാലയിൽ സമയം കൊല്ലി ചർച്ചയിലേർപ്പെട്ടിരിക്കുകയോ കമ്മറ്റിക്ക് ഒപ്പം പിരിവിന് നടക്കുകയോ ആയിരിക്കുമിപ്പോൾ എന്നോർത്ത് സുനന്ദയ്ക്ക് പിന്നേയും ചിരി വന്നു.

ഏട്ടത്തിയമ്മയുടെ കാര്യപ്രാപ്തിയിലും പറമ്പുകളിലെ ആദായത്തിലും വല്ലപ്പോഴുമെത്തുന്ന സുനന്ദയുടെ ചെക്കുകളിലും മുന്നോട്ട് പോകുന്ന കുടുംബം.

“കുറച്ച് കാര്യഗൗരവമൊക്കെ വേണമെട്ടോ” എന്ന് ഉപദേശിക്കാൻ ചെന്നാൽ “ആർക്കുവേണ്ടി?” എന്ന മറുചോദ്യം കൊണ്ട് ഏട്ടൻ വായടപ്പിച്ചു കളയുമെന്ന് സുനന്ദയ്ക്ക് അറിയാം. ഒരുപക്ഷേ അനപത്യതാദുഃഖം ഏട്ടൻ ഇത്തരം കാര്യങ്ങളിലൂടെ അലിയിപ്പിച്ചെടുക്കുകയാകാം എന്നോർക്കുമ്പോൾ സുനന്ദയ്ക്കുള്ളിൽ നനവ് പടരും.

വീടിനകത്തു കാൽ കുത്തിയ നിമിഷം മുതൽ നന്ദനും മോളും കൂടെ ഉണ്ടായിരുന്നെങ്കിൽ അവരുടെ സുഖസൗകര്യങ്ങൾ നോക്കി തന്‍റെ കൈവെള്ളയിൽ നിന്നും താനറിയാതെ ചോർന്നു പോകുമായിരുന്ന ദിവസങ്ങൾ തന്‍റേതുമാത്രമാക്കി സ്വന്തമാക്കിയൊരഭിമാനം സുനന്ദയ്ക്കുള്ളിൽ നുരഞ്ഞു.

ഉച്ചയൂണ് കഴിഞ്ഞ ഇടനേരത്ത് അമ്മയുടെ മടിയൽ തലവെച്ച് കിടന്ന് ആ ഉടുമുണ്ടിന്‍റെ മൊരുമൊരുപ്പും കഞ്ഞിപ്പശയുടെ രൂക്ഷഗന്ധവും ആസ്വദിച്ച് സുനന്ദ പറഞ്ഞു “ഇത്തവണ എനിക്ക് അച്ഛന്‍റെ വീട്ടിലൊന്ന് പോകണമമ്മേ, ഇനിയിങ്ങനെ എന്‍റെ ഇഷ്ടപ്പടി ഒരു യാത്ര തരപ്പെടുമോ എന്നറിയില്ല.”

നിമിഷനേര നിശബ്ദതയ്ക്ക് ശേഷം അമ്മ പതിയെ പറഞ്ഞു. “എന്തിനാദ്? പത്ത് പതിനഞ്ച് വർഷമായി അങ്ങട്ടയ്ക്ക് ഉള്ള വരവ് പോക്കൊക്കെ നിന്നിട്ട്. നിന്‍റെ ചെറിയച്ഛന്മാര് തന്നെ തമ്മിൽ കണ്ടാൽ മിണ്ടാതായിട്ട് വർഷങ്ങളായി. നിന്‍റെ അച്ഛൻ പോയതും അവര് അവരുടെ അച്ചിമാരുടെ വാക്ക് കേട്ട് തന്നിഷ്ടപ്രകാരം ഭാഗം നടത്തി നമ്മളെ മാറ്റി നിർത്തിയതല്ലേ? എങ്ങനെ കഴിഞ്ഞതായിരുന്നു നമ്മളെല്ലാവരും ഒരുമിച്ച്. ഒക്കെ മറന്നില്ല്യേ.”

അമ്മയുടെ വാക്കുകളിൽ അനിഷ്ടം കയ്ച്ചു കിടന്നു. “ഇത്തിരി ഭുമിക്കും വസ്തുവകകൾക്കും വേണ്ടി എത്ര എളുപ്പാല്ലേ അമ്മേ നമ്മളൊരുമിച്ചുള്ള സ്നേഹക്കാലമൊക്കെ മറവിയിലേക്ക് തള്ളി ശത്രുക്കളാകുന്നത്.” സുനന്ദയുടെ ശബ്ദത്തിൽ കരച്ചിൽ കനിഞ്ഞു.

അച്ഛന്‍റെ മരണശേഷം നടന്ന ഭാഗം വെപ്പിൽ തങ്ങളോട് ചെയ്തത് അനീതിയാണെന്ന അമർഷത്തിന്‍റെ കറുപ്പു നിറഞ്ഞ മുഖവുമായി അമ്മ നിശബ്ദമായിരുന്നപ്പോൾ സുനന്ദയോർത്തു ജീവിതപച്ചപ്പുകൾ എത്രവേഗമാണ് വിദ്വേഷത്തിന്‍റെ വിഷമേറ്റ് കരിഞ്ഞുണങ്ങുന്നത്. ഇനിയത് തളിർക്കില്ലെന്നുണ്ടോ?

ഭാഗം വെപ്പിലെ അതൃപ്തി അമ്മയെ തന്‍റെ കൂടെ വരാനനുവദിക്കില്ലെന്നതും ഒരിക്കൽ അകന്നുപോയ അച്ഛന്‍റെ നാട്ടിലേക്ക് ഇനിയൊരു മടക്കം അമ്മ ആഗ്രഹിക്കുന്നില്ലെന്ന് മനസ്സിലാക്കിയതുകൊണ്ടും സുനന്ദ തനിച്ചാണ് യാത്ര തിരിച്ചത്.

പഴയ പ്രതാപത്തിന്‍റെ വിദൂര നിഴൽ ചിത്രം പോലെയുള്ള പിടപ്പുരക്ക് മുന്നിൽ സുനന്ദ കാർ നിറുത്തിയ കാലത്തിന്‍റെ വെൺ ചിതലുകൾ തിന്നുതീർത്തിട്ടും തുരുമ്പിച്ച വിജാഗിരിയിൽ ഗതകാലത്തിന്‍റെ അവശേഷിപ്പിപോലെ ഇളകിയാടി നിന്ന പടിപ്പുരവാതിൽ പതിയെ തള്ളിത്തുറക്കുമ്പോൾ സുനന്ദയ്ക്കുള്ളിൽ സുഖപ്രദമായൊരു കുളിർ മിന്നിപുളഞ്ഞു. പ്രിയതരമായ അനേകമോർമ്മകൾ പുഷ്പവൃഷ്ടിയായി പെയ്യും പോലെ.

ജീവിതയാത്രയിൽ നിരധി പരിണാമങ്ങൾക്ക് വിധേയനായെങ്കിലും മുളപൊട്ടാൻ അനുകൂല സാഹചര്യം കാത്തുകിടന്ന വിത്തുകളെപ്പോലെ സുനന്ദയിലെ ഗതകാലസ്മരണകൾ ഓർമ്മകളുടെ നനവേറ്റ് മുളപൊട്ടിത്തുടങ്ങി.

ഒരച്ഛനും മൂന്ന് ആൺമക്കളും ഉണ്ടായിരുന്ന അച്ഛൻ വീട്ടിലെ ആദ്യ ആൺസന്തതിയുടെ ആദ്യ സന്താനമെന്ന നിലയിലും തറവാട്ടിലെ ഏകപെൺതരിയെന്ന നിലയിലും മുത്തച്ഛനും ചെറിയച്ഛന്മാരും തന്ന സ്നേഹമത്സരങ്ങൾ ഓർക്കുമ്പോൾ സുനന്ദയുടെ മനസ് സുന്ദയോട് ചോദിച്ചു “എന്നിട്ടും എങ്ങനെയാണ് ഞങ്ങളൊക്കെ ഇത്രമാത്രം അകന്നുപോയത്?” കലത്തിന്‍റെ അനിവാര്യതയ്ക്കൊപ്പം സ്വയം വരുത്തിവെച്ച അകൽച്ചയല്ലേ ഇത്?

ഊഞ്ഞാലടണമെന്ന് താൻ വാശിപിടിച്ചതും ഉടുമുണ്ടഴിച്ച് മുറ്റത്തെ കിളിച്ചുണ്ടൻ മാവിന്‍റെ താഴ്ന്ന കവരത്തിൽ കെട്ടി കോണക കൃന്തനായി നിന്ന് ഊഞ്ഞാലാട്ടിതന്ന മുത്തച്ഛനോ തന്നേയും തോളിലിരുത്തി കാടും മലയും വയലേലകളും അലഞ്ഞു നടന്ന് പ്രകൃതിയുടെ വിസ്മയങ്ങളും നിഗൂഢതകളും കാണിച്ചുതന്ന് തന്നെ ഫാന്‍റസിയുടെ ലോകത്തടച്ചിട്ട ചെറിയച്ഛനോ അൽപം റൗഡിത്തരത്തിലൂടെ തന്‍റെ വീരാരാധനാപാത്രമായിരുന്ന വലിയ ചെറിയച്ഛനോ ആരാരയിരുന്നു തന്നെ ഏറെ സ്നേഹിച്ചിരുന്നതെന്ന കാര്യത്തിൽ മാത്രം സുനന്ദയ്ക്ക് ഉത്തരം ലഭിച്ചിരുന്നില്ല. ആരെയായിരുന്നു താനേറെ സ്നേഹിച്ചതെന്ന കാര്യത്തിലും.

സുനന്ദ പടിപ്പുര കടന്ന് മുറ്റത്തെത്തി. ഉമ്മറത്തിണ്ണയിൽ തൂങ്ങിയാടുന്ന ഭസ്മക്കൊട്ടയുടെ സ്ഥാനം അപഹരിച്ച് പ്ലാസ്റ്റിക് ഞാത്തിൽ തൂങ്ങിക്കിടക്കുന്ന പൂച്ചെട്ടി. തിണ്ണയുടെ ഓരത്ത് ചന്ദനക്കല്ല് വരണ്ടു കിടക്കുന്നു. പുലർക്കാലത്ത് കുളിച്ചീറനായി വന്ന് കൃഷ്ണ സ്തുതി മൂളി ചന്ദനമരയ്ക്കുന്ന മുത്തച്ഛന്‍റെ രൂപം കണ്ണിൽ തെളിഞ്ഞതും വല്ലാത്തൊരു സങ്കടത്താൽ സുനന്ദയുടെ ഉടൽ വിറച്ചു.

മൂത്തമകൻ നോക്കിയാലേ തന്‍റെ കാര്യങ്ങൾ ശരിയാകൂ എന്നൊരു വിശ്വാസത്തിൽ മുത്തച്ഛന് എന്തിനും ഏതിനും അച്ഛൻ വേണമായിരുന്നു എന്ന് സുനന്ദയോർത്തു. അതായിരിക്കാം മുത്തച്ഛൻ പോയി ഏറെ കഴിയും മുമ്പ് അച്ഛനും രംഗം വിട്ടത്. ഭൂമിയിലെ ഇടപാടുകൾക്ക് സമയപരിധി നിശ്ചയിച്ചപ്പോൾ രണ്ടാളും മറുലോകത്തേക്ക് നടന്നു മറഞ്ഞതാകാം.

മുന്നോട്ട് നടക്കുന്തോറും ചില ചിന്തകൾ മുള്ളുപോലെ സുനന്ദയ്ക്കുള്ളിൽ തറഞ്ഞു നിന്ന് വേദനിപ്പിക്കുന്ന ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരുന്നു. എന്‍റെ വേരുകൾ ആഴത്തിലാണ്ടു കിടക്കുന്ന ഈ മണ്ണിലല്ലേ ഞാൻ കൽപ്പാന്തകാലത്തോളമുറങ്ങേണ്ടത്? ഈ തെന്നലും ഈ കുളിർമഴയുമേറ്റല്ലേ ഞാൻ നിതാന്തമായി വിശ്രമിക്കേണ്ടത്? ഭാഗം വെച്ച് പിരിച്ചകറ്റിയാൽ തീരുന്നതാണോ എന്‍റെയീ അവകാശം?

ഓർമ്മയുടെ കരിയിലകൾ ചിന്നം പിന്നം പാറിപ്പറക്കുന്ന മനസ്സോടെ സുനന്ദ ഉമ്മറത്തിണ്ണയിലേക്ക് കയറി. അമ്പേ നരച്ച തലയുമായി ഉമ്മറത്തൂണിൽ ചാരിയിരുന്ന ചെറിയച്ഛൻ “എന്നെ ഓർമ്മയുണ്ടോ?” എന്ന സുനന്ദയുടെ ചോദ്യത്തിനു മുന്നിൽ “ഹൊ ന്‍റെ കുട്ടി” എന്ന പിറുപിറുപ്പോടെ ഞെട്ടിത്തെറിച്ചെഴുന്നേറ്റു.

കാലമെത്ര തൊങ്ങലുകൾ തന്നിൽ ചേർത്ത് വെച്ചാലും ഇവരുടെ മനസ്സിന്‍റെ ഗർഭഗൃഹങ്ങളിൽ താനിപ്പോഴും കുട്ടി മാത്രമാണെന്നതിൽ സുനന്ദയ്ക്ക് ചിരി വന്നു. അങ്ങിങ്ങ് വെള്ളിനൂൽ ഇടപാകിയ തലയോടെ കാലം ചുളിവ് തീർത്ത മുഖത്തോടെ ഒരു കുട്ടി.

തറവാടിനെ രണ്ടായി ഭാഗിച്ച് നിന്ന മുൾവേലിക്കരികിലേക്ക് ഇളയ ചെറിയച്ഛൻ പ്രാഞ്ചി പ്രാഞ്ചി ഓടുന്നത് സുനന്ദ കണ്ടു.

“ഏട്ടാ… നമ്മടെ കുട്ടി വന്നിരിക്കുണൂ…”

ചെറിയച്ഛന്‍റെ ശബ്ദമുയർന്നതും അടുത്ത പറമ്പിലെ വാഴച്ചോട്ടിൽ നിന്നും പതിയെ വലിയ ചെറിയച്ഛന്‍റെ രൂപം പൊന്തി വന്നു. വർഷങ്ങൾക്കു ശേഷം ജ്യേഷ്ഠനും അനിയനും പരസ്പരം സംസാരിക്കാൻ താൻ ഒരു നിമിത്തമായല്ലോ എന്നോർത്തപ്പോൾ സുനന്ദയുടെ ഹൃദയം സന്തോഷം കൊണ്ട് പൂത്തുലഞ്ഞു. പകയുടെ മുൾവേലിക്കെട്ടുകൾ തകരാൻ ഒരു കാഴ്ച ഒരു വിളിയൊച്ച കാണാമതിലുകൾക്കപ്പുറം നിന്നിരുന്നതെന്ന ചോദ്യം വീണ്ടും സുനന്ദയിലുണർന്നു.

ഇരുവരും പറഞ്ഞറിയിക്കാനാകാത്ത ഒരുതരം വികാരത്തോടെ കണ്ണിൽകണ്ണിൽ നോക്കി നിൽക്കുന്നതും വേലി ചാടാൻ പ്രയാസപ്പെടുന്ന ഏട്ടനെ അനിയൻ വേലിമുള്ളുകൾ ഒതുക്കി കൈപിടിച്ച് സഹായിക്കുന്നതും സുനന്ദ കൌതുകത്തോടെ കണ്ടു നിന്നു.

അതിർത്തി ലംഘിച്ചാൽ കാൽവെട്ടുമെന്ന് പരസ്പരം വെല്ലുവിളിച്ചവർ പരസ്പരം കൈത്താങ്ങായി സുനന്ദയ്ക്കരികിലെത്തി. സുനന്ദയെ ചായ്ച്ചും ചെരിച്ചും വട്ടം തിരിച്ചും നോക്കി അവർ ഒരുമിച്ച് പ്രസ്താവിച്ചു. “കുട്ടിക്കൊരു മാറ്റംല്യ” വർഷങ്ങൾ ഒന്നിലും ഒരു മാറ്റവും വരുത്തിയില്ല എന്ന കപട വിധിന്യായത്തെ അതൊരുതരം തിരിച്ചു പിടിക്കലാണ് എന്നറിഞ്ഞുകൊണ്ടു തന്നെ സുനന്ദയും അംഗീകരിച്ചു. പകയുടേയും സ്വാർത്ഥതയുടേയും കറകൾ കണ്ണീർചാലാൽ കഴുകി കളയുന്ന അവരുടെ കവിൾത്തടങ്ങളിൽ സുനന്ദയിലെ കുട്ടിയുടെ സ്നേഹമുദ്രകൾ അതീവ നിഷ്കളങ്കതയോടെ പതിഞ്ഞു.

കാലം തങ്ങൾക്കിടയിൽ ചുറ്റിത്തിരിഞ്ഞ് സ്തബ്ദമായി നിൽക്കുന്ന ഈ നിമിഷങ്ങളിൽ നിന്ന് ഒരടി മുന്നോട്ടോ പിന്നോട്ടോ ചലിക്കാനിഷ്ടപ്പെടാതെ നിന്ന അവരെ ചേർത്ത് പിടിച്ച് നിൽക്കുമ്പോൾ സുനന്ദയുടെ ഫോൺ റിംഗ് ചെയ്തു. നന്ദനാണ്.

“എങ്ങനെയുണ്ടെഡോ തന്‍റെ സ്വന്തം അവധിക്കാലം?”

“നന്ദാ… കൈമോശം വന്ന അമൂല്യനിധി കണ്ടെത്തി ഞാൻ…” സുനന്ദയുടെ വാക്കുകൾ ആവേശം കൊണ്ട് ചിലമ്പിത്തെറിച്ചു.

“എന്താഡോ? പഴയ പ്രണയം വല്ലതും?”

“കോൾ യു ലേറ്റർ” എന്നു പറഞ്ഞ് നന്ദനെ ആകാംഷയുടെ മുൾമുനയിൽ നിർത്തി ഫോൺ കട്ട് ചെയ്യുമ്പോൾ സുനന്ദയിൽ കുസൃതി നിറഞ്ഞു.

തന്‍റെ ചുണ്ടിലെ നിലാപുഞ്ചിരിയുടെ അനുരണനങ്ങൾ വിടരുന്ന ചെറിയച്ഛന്മാരുടെ മുഖം നോക്കി സുനന്ദ മനസ്സിൽ മന്ത്രിച്ചും കരിഞ്ഞുണങ്ങിയ ഓരോ ഓർമ്മ പുൽനാമ്പും കിളിർക്കുന്ന ജീവിതപച്ചയിലാണ് ഞങ്ങളിപ്പോൾ…

और कहानियां पढ़ने के लिए क्लिक करें...