ചുറ്റുവട്ടത്തുള്ള നിറങ്ങൾക്കും ആകൃതിക്കും അനുസരിച്ച് സ്വയം മാറാൻ കഴിവുള്ള ചില പ്രത്യേക ചെടികളും ജീവജാലങ്ങളും ഉണ്ട്. നോക്കി നിൽക്കേ കൺവെട്ടത്തു നിന്നും സ്വയം അപ്രത്യക്ഷമാകുന്ന ജാലവിദ്യ വശമുള്ളവയാണ് ഇവയിൽ പലതും. തുറസ്സായൊരു പ്രദേശത്ത് നോക്കി നിൽക്കുന്നവരെ ഭ്രമിപ്പിച്ച് സ്വയം മായുക അത്ര എളുപ്പമുള്ള സംഗതിയൊന്നുമല്ലല്ലോ? ചില പ്രത്യേകയിനം ചിത്രശലഭങ്ങൾക്കും മൃഗങ്ങൾക്കും ഇത് സാധ്യമാണത്രേ.
വാനിഷിംഗ് എക്സ്പെർട്ട്സ്
ചുറ്റുപാടുമുള്ള നിറങ്ങൾക്ക് അനുസൃതമായി സ്വയം മാറുന്ന കലയാണ് ക്രിപ്സിസ്‍വ. നിറം മാറാനുള്ള ഈ അത്ഭുത കഴിവ് സസ്യജാലങ്ങളിൽ പ്രധാനമായും രണ്ട് തരത്തിലാണുള്ളത്. കൺസീലിംഗ് കളറേഷൻ അതായത് നിറങ്ങൾക്ക് അനുസരിച്ച് സ്വയം മാറുക. മറ്റൊന്ന് ഡിസർപ്റ്റീവ്, നിറങ്ങളിലേക്ക് സൂക്ഷിച്ചു നോക്കുന്നവരെ കുഴപ്പിക്കുക.
ഈർപ്പമുള്ള സ്ഥലങ്ങളിലും ചതുപ്പിലും ഭക്ഷണം തിരഞ്ഞുനടക്കുന്ന പ്ലോവർ പക്ഷി ഇരയെ ഭ്രമിപ്പിക്കുന്നതിനായി ശരീരത്തിന്‍റെ പിൻഭാഗത്തിനു ചെളിയുടെ നിറം വരുത്തുന്നു. പക്ഷിയേത് ചെളിയേത് എന്ന് വേർതിരിച്ചറിയാനാവാത്ത വിധം നാം കുടുങ്ങിപ്പോകും. അതേസമയം വരണ്ട സ്ഥലങ്ങളിൽ ഭക്ഷണം തിരഞ്ഞു നടക്കുന്ന ഇതേ ഇനത്തിലുള്ള പ്ലോവർ പക്ഷിയുടെ ശരീരം സ്വതവേ ഇളം ബ്രൗൺ നിറത്തോടു കൂടിയതായിരിക്കും.
ഇതുപോലെ കാലാവസ്ഥാമാറ്റങ്ങൾക്ക് അനുസരിച്ച് നിറം മാറ്റുവാൻ കഴിവുള്ള വിരുതന്മാർ പക്ഷികൾക്കിയിലുണ്ട്. ഇളം ബ്രൗൺ നിറത്തിലുള്ള സ്റ്റോട്ട് പക്ഷി മഞ്ഞുകാലത്ത് വെളുപ്പുനിറം സ്വീകരിക്കും. വസന്തകാലത്ത് ആർട്ടിക് പ്രദേശത്ത് കടും നിറത്തിൽ കാണപ്പെടുന്ന കുറുക്കന്മാർ വേനൽക്കാലത്ത് ഇളം ബ്രൗൺ നിറമുള്ളവയായി മാറും. മഞ്ഞിൽ എളുപ്പം തിരിച്ചറിയാനാവാത്ത വിധം വെള്ള നിറം ഇവ മഞ്ഞുകാലത്ത് സ്വീകരിക്കും.
വേനൽക്കാലത്ത് ആർട്ടിക് പ്രദേശത്തുള്ള മുയലുകൾക്ക് പൊതുവേ ബ്രൗൺ നിറമായിരിക്കും. ചുറ്റുവട്ടത്തുള്ള കുറ്റിച്ചെടികൾ ഉണങ്ങിയ പുല്ലുകൾ, കുന്നിൻ ചെരിവ് എന്നിവിടെയെല്ലാം സാമ്യം തോന്നുന്ന ഇളം ബ്രൗൺ നിറമാകും ഇവയ്ക്ക്. മഞ്ഞുകാലത്ത് ഇവ രോമം പൊഴിച്ച് തൂവെള്ള നിറം സ്വീകരിക്കും.
കടും ചുവപ്പ്, മഞ്ഞ, നീല കലർന്ന ഗാർട്ടർ പാമ്പിനെ തിരിച്ചറിയുക ബുദ്ധിമുട്ടുള്ള കാര്യമാണ്. ക്രിപ്റ്റിക്ക് ഇനത്തിൽപ്പെട്ട തവളകളാകട്ടെ തൊട്ടടുത്ത ഇലകളുടെ നിറം സ്വീകരിച്ച് ഒളിക്കുവാൻ കഴിവുള്ളവരാണ്.
ഒളിച്ചുകളിയുടെ കാരണങ്ങൾ
ഉഭയ ജീവികൾക്കും വാനിഷിംഗ് വിദ്യ വശമുണ്ട്. മൃഗങ്ങളിൽ നിന്നും രക്ഷ നേടാനും ഇരയെ വേട്ടയാടാനുമാണ് ഇവ ഈ സൂത്രം പ്രയോഗിക്കുന്നത്. ജലജന്യ ജീവികൾ മുട്ടയിടാനും വെയിൽ കായാനുമാണ് വെള്ളത്തിൽ നിന്നും കരയിലേക്കിറങ്ങി വരുന്നത്. സ്വന്തം സുരക്ഷയെ കരുതിയാണ് കരയുടെ നിറം സ്വീകരിക്കുന്നത്. തിരണ്ടിയും താരമത്സ്യവും അധികസമയവും സമുദ്രത്തോട് ചേർന്നുള്ള കരഭാഗത്ത് വസിക്കുന്നവയാണ്. ഇര തേടുന്നതിനും മുട്ടയിടുന്നതിനമാണ് ഇവ കരഭഗത്ത് എത്തുന്നത്. സുരക്ഷയ്ക്ക് വേണ്ടി കടൽ- കര ഭാഗത്തെ നിറമായിരിക്കും അപ്പോൾ ഇവയുടെ തൊലിക്ക് ഉണ്ടാവുക.
ഡിസർപ്ടീവ് കളറേഷൻ
ചുറ്റുവട്ടത്തുള്ള സാഹചര്യങ്ങൾക്ക് അനുസരിച്ച് നിറവും രൂപവും മാറി ഇരയേയോ ശത്രവിനെയോ തെറ്റിദ്ധരിപ്പിക്കുന്ന കലയാണ് ഡിസർപ്ടീവ് കളറേഷൻ. നിറം മാറുന്നതുപോലെ തന്നെ ശരീരത്തിലെ വരകളും പാടുകളും ഉപയോഗിച്ച് മറ്റുള്ളവരെ കുഴപ്പിക്കുന്ന വിരുതരും മൃഗങ്ങൾക്കിടയിലുണ്ട്.
സീബ്രയുടെ കറുപ്പും വെളുപ്പും നിറഞ്ഞ വരകൾ പുൽനാമ്പുകൾക്കിടയിൽ മറഞ്ഞിരിക്കാൻ ഇവയെ സഹായിക്കുന്നു. ഒരുപറ്റം സീബ്രകൾ ഒന്നിച്ചു നീങ്ങുമ്പോൾ ഒരു വലിയ വര നീങ്ങുന്നതുപോലെയെ തോന്നൂ. ഈയൊരു കാരണത്താൽ കൂട്ടത്തിലൊരു സീബ്രയെ ഉന്നം വെച്ച് പിടിക്കാൻ സിംഹത്തിന് സാധിക്കുകയില്ല. സമുദ്രത്തിലെ മീനുകൾ ശത്രുവിന് ഇരയാകാതിരിക്കാൻ ഇതേ ടെക്നിക് അവലംബിക്കാറുണ്ട്. ഇവ കൂട്ടമായി നീന്തുമ്പോൾ വലിയൊരു സമുദ്രജീവിയെന്ന തെറ്റിദ്ധാരണയയുണ്ടാക്കും.
ക്യാമലോൺ മത്സ്യത്തിന് തന്‍റെ തൊലി നിറം മാറ്റാൻ കഴിവുണ്ട്. മഞ്ഞ, ചുവപ്പ്, തവിട്ട്, പച്ച, കറുപ്പ്, വെളുപ്പ് എന്നിങ്ങനെ നിറം മാറ്റാൻ കഴിവുണ്ടിവയ്ക്ക്. സ്വയം അപ്രത്യക്ഷരാകാൻ സ്വീകരിക്കുന്ന സൂത്രമൊന്നുമല്ലിത്. കാലാവസ്ഥാമാറ്റങ്ങൾക്ക് അനുസൃതമായാണ് ഈ നിറം മാറ്റം നടക്കുന്നത്.
നിറം മാറി അപ്രത്യക്ഷരാകുക
മാൻ, അണ്ണാൻ, മുള്ളന പന്നി തുടങ്ങിയ ജീവികളുടെ ശരീരത്തിന്‍റെ നിറം മണ്ണിന്‍റേതു പോലെ ഇളം ബ്രൗൺ ആയിരിക്കും. വൃക്ഷങ്ങൾ, കുറ്റിച്ചെടികൾ, മൺകൂന എന്നിവയ്ക്ക് പിന്നിൽ മറഞ്ഞിരിക്കാൻ ഈ നിറം ഇവയ്ക്ക് ഏറെ സഹായകമാണ്. സ്രാവിന്‍റെയും ഡോൾഫിന്‍റെയും മുതുകഭാഗത്തിന് മണ്ണിന്‍റെ നിറം കലർന്ന നീലനിറവും ചുവടുഭാഗം വെളുത്തതും ആയിരിക്കും. ഇതുകാരണം പലപ്പോഴും ഇവയുടെ സാന്നിദ്ധ്യം ശത്രുവിന് തിരിച്ചറിയാൻ സാധിക്കാറില്ല.
നിറം മാറുന്ന കാര്യത്തിൽ ഒന്നാം സ്ഥാനം ഓന്തിനു തന്നെ. മരക്കൊമ്പിലും കുന്നിൻ ചെരുവിലും വിശ്രമിക്കുമ്പോൾ ഇവയുടെ സാന്നിദ്ധ്യം അറിയാനെ പറ്റില്ല. ഇവയുടെ ശരീരത്തിലെ വരകൾ നീളൻ വരകൾ നീളൻ പുല്ലുകൾക്ക് പിന്നിൽ മറഞ്ഞിരിക്കുന്നതിനും ഇളം ബ്രൗൺ കലർന്ന മഞ്ഞനിറം ചുറ്റുവട്ടത്തുള്ള സാഹചര്യങ്ങളുമായി ഇഴുകിച്ചേരാനും സഹായിക്കും.
പവിഴപ്പുറ്റുകൾക്കിടയിൽ കണ്ടുവരുന്ന ഹാർലക്വീൻ മീനുകളുടെ ശരീരത്തിന് പൊതുവേ നീല/മഞ്ഞ കലർന്ന വരകളാണുള്ളത്. ശത്രുവിൽ നിന്ന് രക്ഷനേടാനാണ് ഇവ ശരീരത്തിൽ വരകൾ വരുത്തുന്നത്. ഇതുമൂലം അവയെ കണ്ടാൽ പവിഴപ്പുറ്റാണെന്നെ തോന്നിക്കൂ.
നിറവും ആകൃതിയും മാറുന്ന വിദ്യ
നിറങ്ങൾ സ്വീകരിക്കുന്ന അത്ഭുതവിദ്യ ചിത്രശലഭങ്ങൾക്കും വശമുണ്ട്. ഇവയുടെ ഈ സവിശേഷത ഏതാണ്ട് 100 വർഷം മുമ്പ് വിക്ടോറിയൻ ഇംഗ്ലണ്ട് തിരിച്ചറിഞ്ഞു. ഫാക്ടറികളിൽ നിന്നും പുറം തള്ളുന്ന കരിയും പുകയും ഒരുകാലത്ത് ഇവിടുത്തെ കെട്ടിടങ്ങളെ മലിനമാക്കിയിരുന്നു. കരിപുരണ്ട കെട്ടിടങ്ങളിൽ മറഞ്ഞിരിക്കാൻ ഇളം നിരത്തിലുള്ള ചിറകുകൾ പതിയെ കടും നിറങ്ങളായി മാറ്റിയിരുന്നു പൂമ്പാറ്റകൾ.
നിറം മാറ്റത്തിലൂടെ ശത്രുവിനെ കബളിപ്പിക്കുന്ന കാര്യത്തിൽ പരുംപാമ്പും വിരുതന്മാരാണ്. ഇവയുടെ ചോക്ലേറ്റ് ക്രീം നിറത്തിലുള്ള തെലി മരച്ചില്ലകൾ, മൺകൂനകൾ, ഇലകൾ എന്നിവയിൽ മറഞ്ഞിരിക്കാൻ സഹായിക്കുന്നു. ഇവയുടെ തിളക്കവും ചുറ്റിവളഞ്ഞുള്ള ഇരുപ്പും പലപ്പോഴും കണ്ണുകളെ കുഴപ്പിക്കുന്നതാണ്.