കുറ്റം കണ്ടുപിടിക്കുക എന്നുള്ളത് ഭൂരിഭാഗം പേരുടെയും സ്വഭാവത്തിൽ അലിഞ്ഞു ചേർന്നിരിക്കുന്ന കാര്യമാണ്. പക്ഷേ, ഇത്തരക്കാർ എപ്പോഴെങ്കിലും ആത്മ പരിശോധന നടത്തി നോക്കാൻ ധൈര്യം കാട്ടിയാൽ…. എന്താവും അവസ്ഥ? ആണും പെണ്ണുമായി ഇത്തരത്തിൽ ധാരാളം കഥാപാത്രങ്ങളെ നമ്മൾ ദൈനംദിന ജീവിതത്തിൽ കണ്ടുമുട്ടാറുണ്ട്. പക്ഷേ, അവരിലെ പ്രത്യേക സ്വഭാവം നമ്മൾ ശ്രദ്ധിക്കാറില്ല എന്നുമാത്രം.

അത്തരം ചില കഥാപാത്രങ്ങളെയാണ് ഇവിടെ അവതരിപ്പിക്കുന്നത്.

അയൽക്കാരിയുടെ ക്യൂട്ട് ബേബിയെ കാണുമ്പോൾ…. അയ്യേ, കറുമ്പി കൊച്ച്, മൂക്കു ചപ്പിയ മോന്ത എന്നൊക്കെ തോന്നും. പക്ഷേ സാമാന്യ സൗന്ദര്യമുള്ള സ്വന്തം കുട്ടിയെ കാണുമ്പോഴോ… ഇവൾ മിടുമിടുക്കി, എന്‍റെ പൊന്ന് എന്ന് മട്ടുമാറും. വാഹ്… ഇതാണ് മാതൃസ്നേഹം.

മാർക്ക് 90 ശതമാനത്തിൽ കുറവായതിന്‍റെ മനോവേദനയിൽ മക്കളോട് കഴിഞ്ഞ ഒരാഴ്ചയായി മിണ്ടാതെ നടക്കുന്ന വാത്സല്യ നിധിയായ ഒരമ്മ. പക്ഷേ ലേഡീസ് ക്ലബിൽ കുട്ടികളിൽ അമിത പഠനഭാരം സൃഷ്ടിക്കുന്ന സമ്മർദ്ദത്തെക്കുറിച്ച് പ്രസംഗിക്കുകയാണ്.

വളരെ വൈകിയാവും ഓഫീസിലേക്ക് പുറപ്പെടുക. ഓഫീസിലെത്തിയാലോ വൈകി വന്നതിന്‍റെ ജാള്യത മായ്ക്കാൻ ബസ്സിനേയും ഡ്രൈവറേയും നൂറു കുറ്റം പറയും. സ്ഥിരം ബസ്സ് വളരെ നേരത്തേ പോയെന്നോ ബ്രേക്ക് ഡൗൺ ആയൊന്നോ ഓക്കെ പറഞ്ഞു കളയും.

ബുഫേ പാർട്ടി തകർക്കുകയാണ്. വെറൈറ്റി ഫുഡുകൾ കണ്ടിട്ട് വായിൽ കപ്പലോടുമെന്ന അവസ്ഥ. പക്ഷേ എന്തു ചെയ്യാം വെയിറ്റ് കുറയ്ക്കുമെന്ന കടുത്ത തീരുമാനത്തിലാണല്ലോ… ഒടുവിൽ സഹിക്കെട്ട് ഉറക്കെ പ്രഖ്യാപിക്കുന്നു. “വെയിറ്റ് കുറയ്ക്കാൻ പതിനെട്ട് പണിയും നോക്കി. പക്ഷേ എന്ത് പ്രയോജനം… ഒടുവിൽ പട്ടിണിയും കിടന്നു, എന്നിട്ടും കുറഞ്ഞില്ല… ഈ ഡയറ്റിംഗ് കൊണ്ടൊന്നും യാതൊരു പ്രയോജനവുമില്ലെന്നേ.”

കുട്ടികൾ കാർട്ടൂൺ ചാനലെങ്ങാനും കണ്ടാൽ മതി അമ്മമാർ ഉടൻ വാളോങ്ങും. സൂത്രത്തിൽ കുട്ടികളെ പറഞ്ഞുവിട്ടിട്ട് നൂറ്റാണ്ടുകളോളം നീളുന്ന അമ്മായിയമ്മ മരുമകൾ സീരിയലുകൾക്ക് മുന്നിൽ അടയിരിക്കും. ഇനി ഭൂമി കുലുങ്ങിയാലോ പിള്ളേർ വിശന്ന് ഉറങ്ങിയാലോ അനങ്ങില്ല ഈ പാറക്കല്ലുകൾ…

നാത്തൂനും ഭർത്താവും വരുന്ന വിവരമറിഞ്ഞ ഉടനെ വീടിനെ മൊത്തത്തിലൊന്ന് മോടിപിടിപ്പിക്കും. കാണുന്നവർ അന്തം വിട്ട് നിൽക്കണമല്ലോ, അതാണല്ലോ മെയിൻ ഉദ്ദേശ്യം. പക്ഷേ നാത്തൂനും കുടുംബവും വീട്ടിൽ ലാന്‍റു ചെയ്തു കഴിയുമ്പോഴാകും രസം. വീട്ടിൽ 144 പ്രഖ്യാപിക്കും. നോ ബഹളം. വികൃതികളായിരുന്ന കുട്ടികൾ ഒബീഡിയന്‍റ്. നോ ടിവി ടൈം, വർഷം മുഴുവനും പഠിക്കേണ്ട പാഠങ്ങളത്രയും ഒറ്റ ദിവസം കൊണ്ട് പഠിക്കാനുള്ള തീവ്രയജ്ഞത്തിന് കുട്ടികൾ അനുസരണയോടെ വിധേയരാവും.

സ്വന്തം മക്കൾ മാവിലെറിഞ്ഞാലും കുത്തിമറിഞ്ഞാലും ക്രിക്കറ്റ് കളിച്ചാലും ഒന്നും ഒരു പ്രശ്നമില്ല. കുട്ടികളുടെ കളി കണ്ടുകൊണ്ടിരിക്കുമ്പോൾ പഴയ കുട്ടിക്കാലത്തിലെ ഓർമ്മ വരുന്നുവെന്ന് വലിയ ഡയലോഗും അടിക്കും. പക്ഷേ അയലത്തെ കുട്ടികളെങ്ങാനും കളിക്കുന്നത് കാണുമ്പോഴാകും സ്നേഹനിധിയായ ഈയമ്മയുടെ ഹാലിളകുക. “ഹൊ… എന്തൊരു നശിച്ച പിള്ളേര്, വീട് തകർക്കും.” എന്ന് പറഞ്ഞ് രാക്ഷസ കണ്ണുരുട്ടും.

ചില വീട്ടമ്മമാരുണ്ട്. മൊബൈലിൽ അമ്മായിയച്ഛന്‍റെയും അമ്മായിയമ്മയുടേയും നാത്തുന്‍റേയും ഒക്കെ റിസീവ്ഡ് മിസ്ഡ് കോളുകൾ നിറഞ്ഞാലും തിരിച്ചു വിളിക്കുക പോലും ഇല്ല. അച്ഛന്‍റേയും അമ്മയുടേയും സഹോദരന്‍റേയും നമ്പറുകൾ മാത്രമേ ഇവരുടെ ഡയൽഡ് നമ്പറുകളിൽ മിന്നിത്തെളിയൂ.

അയ്യോ ഒരിക്കലും ഇത് വായിച്ച് ദേഷ്യപ്പെടല്ലേ. കാരണം നമുക്ക് ചുറ്റും ഉള്ളവരിൽ നിന്നാണ് ഈ മാതൃകകളെ കണ്ടെത്തിയിരിക്കുന്നത്. ഇത് വായിച്ച് നിങ്ങൾക്ക് സ്വന്തം ചേട്ടത്തിയേയോ നാത്തൂനെയോ കൂട്ടുകാരിയേയോ ഓർമ്മ വരുന്നെങ്കിൽ അതിന് ഞങ്ങൾ ഉത്തരവാദികളല്ല.

और कहानियां पढ़ने के लिए क्लिक करें...