രാവിലെ ഓഫിസിലേയ്ക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു ഞാൻ. പെട്ടെന്ന് വല്ലാത്ത ക്ഷീണവും അസ്വസ്ഥതയും തോന്നി. ഭയന്നിട്ടാവണം ചെറിയൊരു നെഞ്ചുവേദനയുമുണ്ട്. അയ്യോ.. തലയും കറങ്ങുന്നു. ശ്രീമതിയെ വിളിച്ച് കാര്യം അറിയിക്കണമെന്നുണ്ട്. പക്ഷേ, ഒച്ചവെച്ചിട്ടും ശബ്ദം പുറത്തുവരുന്നില്ല, തൊണ്ടയിൽ കുടുങ്ങിയതുപോലെ… വല്ലാതെ വിയർക്കുന്നുണ്ട്, എന്തു ചെയ്യും? ശ്രീമതി പ്രാതൽ ഉണ്ടാക്കുന്ന തിരക്കിലായിരുന്നു. “ഇന്നെന്താ ഓഫീസിൽ പോകുന്നില്ലേ, ലേറ്റാവുമല്ലോ? ദാ… ഞാൻ ലഞ്ചുബോക്സ് തയ്യാറാക്കി വച്ചിട്ടുണ്ട്. ഇതെന്താ നിലത്ത് കുത്തിയിരിക്കുന്നത്? ഇന്ന് ഓഫീസിൽ പോകാൻ ഉദ്ദേശ്യമില്ലേ?” അവസാനമായി അവളുടെ ശബ്ദം എന്‍റെ കാതുകളിൽ വീണു.
പിന്നെ ഒന്നും ഓർമ്മയില്ല. എന്താണ് നടന്നതെന്ന് ബോധം വന്നപ്പോൾ ശ്രീമതി പറഞ്ഞാണ് അറിഞ്ഞത്, “നിങ്ങൾ നിലത്ത് കിടക്കുന്നത് കണ്ടപ്പോൾ എന്നെ കമ്പളിപ്പിക്കാനുള്ള എന്തോ സൂത്രമായിരിക്കുമെന്നാണ് ആദ്യം കരുതിയത്. ഞാൻ വായിൽ തോന്നിയതൊക്കെ വിളിച്ചുപറഞ്ഞു. എന്നിട്ടും നിങ്ങൾക്ക് കുലുക്കമൊന്നുമില്ലെന്ന് കണ്ടപ്പോൾ ഞാൻ ചെറുതായൊന്നു പതറി. നിങ്ങളെ തൊട്ടുനോക്കുമ്പോൾ ഐസുപോലെ തണുത്ത് മരവിച്ചിരിക്കുന്നത് കണ്ട് ഞാൻ ശരിക്കും ഞെട്ടി. നിങ്ങൾ വിയർത്തുകുളിച്ചിരുന്നു. ഒരു നിമിഷം എന്തു ചെയ്യണമെന്നറിയാതെ ഞാൻ സ്തംഭിച്ചു നിന്നു. പിന്നെ ഓടി അയൽപക്കത്തുള്ള മണിചേട്ടനേയും സൗദാമിനിചേച്ചിയേയും വിവരം അറിയിച്ചു. അവർ ഓടിയെത്തി. നിങ്ങൾക്ക് ഹാർട്ട് അറ്റാക്കായിരിക്കുമെന്ന് പറഞ്ഞു.”
“കേട്ടിട്ട് എന്‍റെ കൈകാലുകൾ വിയർക്കുവാൻ തുടങ്ങി. പിന്നെയുള്ള 3 ദിവസങ്ങൾ. ഇഞ്ചക്ഷനും രക്തം നൽകലും വൈകിയിരുന്നെങ്കിൽ…” ശ്രീമതിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
“അതിന് നീയെന്തിനാ കരയുന്നത്, ഞാനില്ലാതെയായാൽ നിനക്ക് പകരം ജോലി കിട്ടില്ലേ. ഫണ്ടിലെ പണം, ബീമാ പോളിസി പിന്നെ കുറച്ച് സ്വസ്ഥതയും..” ഞാൻ കട്ടിലിൽ കിടന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു. ശ്രീമതി സാരിത്തലപ്പുകൊണ്ട് തത്തമ്മ മൂക്ക് ചീറ്റി… “നിങ്ങൾ എന്തൊക്കെയാണ് ഈ പറഞ്ഞു കൂട്ടുന്നത്. ഇനിയും ഇങ്ങനെയൊക്കെപ്പറഞ്ഞാൽ വിഷം കഴിച്ച് ഞാൻ ചത്തുകളയും.” അവളുടെ മുഖത്ത് ദുഃഖഭാവം നിഴലിച്ചു.
“ഓഹോ… മരിക്കുമ്പോഴും വലിയ പണച്ചിലവുണ്ടാക്കിയിട്ടേ പോകൂ എന്നുണ്ടോ?” ഞാൻ പരിഹാസസ്വരത്തിൽ പറഞ്ഞു.
“അല്ല അതിരിക്കട്ടെ, ഡോക്ടർ എനിക്കെന്തു രോഗമാണെന്നാണ് പറഞ്ഞത്?” ഞാൻ ആകാംഷയോടെ അവളുടെ മുഖത്തേക്ക് നോക്കി.
“3 ട്യൂബിലും ബ്ലോക്കേജുണ്ട്. കൊളസ്ട്രോൾ ലെവൽ ഉയർന്നിട്ടുണ്ട്. എണ്ണയിൽ വറുത്തത് കഴിക്കണ്ടെന്ന് ഞാൻ നൂറാവർത്തി പറഞ്ഞിട്ടില്ലേ? ഈ ഉപ്പും എരിവും ഇല്ലാത്ത പുഴുങ്ങിയ പച്ചക്കറി കഴിച്ച് മടുത്തു, എന്നായിരുന്നല്ലോ പരാതി. നിങ്ങളുടെ ആരോഗ്യകാര്യത്തിൽ ഞാനെത്ര ശ്രദ്ധിച്ചിരുന്നെന്ന് ഇപ്പോ മനസ്സിലായില്ലേ. ഇനിയിപ്പോ ഞാനുണ്ടാക്കുന്നത് കഴിച്ച് മിണ്ടാതിരുന്നോളണം.”
“ഇങ്ങനെ ഉപ്പും എരിവും ചേർക്കാതെ വേവിച്ച ഭക്ഷണം കഴിക്കുന്നതിനേക്കാൾ ഭേദമാണ് മരിക്കുന്നത്.” എനിക്ക് ദേഷ്യമടക്കാനായില്ല.
“ഇങ്ങനെ പോയാൽ ഞാൻ വിചാരിച്ചാൽ നിങ്ങൾ നന്നാകുമെന്ന് തോന്നുന്നില്ല. ഈ ലോകത്തിൽ ഒരാൾ വിചാരിച്ചാൽ മാത്രമേ കാര്യം നടക്കൂ…” അടുത്ത ദിവസം ശ്രീമതി ചിരിച്ചുകൊണ്ടാണ് മുറിയിൽ വന്നത്. അവൾ പറഞ്ഞ കാര്യം കേട്ട് എനിക്ക് വെറുതെ ഹാർട്ട്അറ്റാക്ക് വരുമോയെന്നുപോലും ഞാൻ സംശയിച്ചു.
“ചേട്ടാ, നാളെ സന്ധ്യയ്ക്കകം മമ്മി ഇങ്ങെത്തും.”
“നിന്‍റെ മമ്മിയോ? അതെന്തിനാ?” എന്‍റെ മുഖം വിവർണ്ണമായി.
“നിങ്ങളെ കാണാൻ. അല്ലാതെന്തിനാ?”
“അതിന് എനിക്കിപ്പൾ കുഴപ്പമൊന്നുമില്ലല്ലോ…”
“മമ്മി നിങ്ങളെ കാണണമെന്ന് വാശിപിടിക്കുമ്പോൾ വേണ്ടെന്ന് ഞാനങ്ങനെ പറയും.” ശ്രീമതി ഒഴിഞ്ഞുമാറി.
പിറ്റേന്ന് സന്ധ്യയോടെ അമ്മായിയമ്മ രംഗത്തെത്തി. എന്നെക്കണ്ടതും ഓടി അരികിലെത്തി. സുഖവിവരങ്ങൾ തിരക്കുന്നതിനു പകരം ഒറ്റശ്വാസത്തിൽ ഒരു ഡസനോളം ഉപദേശങ്ങൾ വെച്ചുവിളമ്പി.
അടുത്ത ദിവസം ബ്രഡിനൊപ്പം വെണ്ണ നൽകിയില്ല. വെള്ളം ചേർത്ത് കാച്ചിയ പാലും ഉപ്പും എരിവും ചേർക്കാത്ത ചമ്മന്തിയും. ഒരു നിമിഷം ഞാൻ തലയ്ക്ക് കൈകൊടുത്തിരുന്നുപോയി. ഇതെല്ലാം വിളമ്പിയതോ സാക്ഷാൽ അമ്മായിയമ്മ.
മുട്ടയില്ല മീനില്ല ചിക്കനില്ല… സാരമില്ല ഫ്രൂട്ട്സെങ്കിലും നേരാംവണ്ണം കിട്ടിയാൽ മതിയായിരുന്നു. സ്വീകരണമുറിയിലെ ഡൈനിംഗ്ടേബിളിനു മീതെ മാതളനാരങ്ങ, പപ്പായ, ആപ്പിൾ, ഓറഞ്ച് ഒക്കെ നിറച്ച കൂടകൾ കാണാമായിരുന്നു. പക്ഷേ ഇതിൽ 25ശതമാനം മാത്രമേ രോഗിയായ എനിക്ക് കിട്ടിയിരുന്നുള്ളൂ. ബാക്കി എവിടെ പോകുന്നു? ഫ്രൂട്ട്സിന്‍റെ തൊലി അമ്മായിയമ്മയുടെ മുറിയ്ക്കകത്തുള്ള വേസ്റ്റ് ബിന്നിൽനിന്നും കണ്ടെടുത്തതോടെ സംഗതി പിടികിട്ടി.
അടുത്ത ദിവസം എന്‍റെ സുഹൃത്ത് ടോണിയും പാചകവിദഗ്ദ്ധനുമായ ഭാര്യ അന്നയും എന്നെ കാണനെത്തി. എന്‍റെ ഭക്ഷണക്കൊതി കണ്ട് തന്തൂർ ചിക്കൻ തയ്യാറാക്കി ആരുമറിയാതെ വീട്ടിലെത്തിക്കാമെന്ന് അവരേറ്റു. ജീവിതത്തിനൊരു അർത്ഥം വന്നതുപോലെ… ചിക്കൻ കാര്യം ഞാൻ സാവകാശം ശ്രീമതിയോടും പറഞ്ഞു. അവളെക്കൊണ്ട് ഒരു കണക്കിന് സമ്മതിപ്പിച്ചു. അത്താഴത്തിന് സമയമാകുന്നു. എനിക്കിനി കാത്തിരിക്കാൻ വയ്യ. പ്രതീക്ഷകൾക്ക് വിപരീതമായി അമ്മായിമ്മയാണ് പ്ലെയിറ്റുമായി മുറിയിലെത്തിയത്. പ്ലെയിറ്റിൽ ചിക്കനു പകരം പരിപ്പുകറി. “മോന്‍റെ കൂട്ടുകാരൻ… പേര് മറന്നല്ലോ… ആ.. ഓർമ്മവന്നു. ഒരു മി.ടോണി തന്തൂർ ചിക്കൻ ഇവിടെ എത്തിച്ചിട്ടുണ്ട്. സുഖമില്ലാത്തവരിതൊന്നും കഴിക്കരുതെന്ന് ആ പഹയന് അറിയില്ലെന്ന് തോന്നുന്നു. ” എന്‍റെ മുഖത്തെ പരിഭ്രമം കണ്ടിട്ടാവണം അമ്മായിയമ്മ ഇത്രയും പറഞ്ഞത്.
“അമ്മേ അത്… ചിക്കൻ എവിടെ?” എന്‍റെ ശബ്ദം തൊണ്ടയിൽ കുടുങ്ങി.
“പാവം അയാൾ കഷ്ടപ്പെട്ട് ഇത്രേടം വരെ കൊണ്ടുവന്നതല്ലേ, വെറുതെ കളയണ്ട. മോൻ വേഗം ചപ്പാത്തിയും പരിപ്പുകറിയും കഴിച്ച് തീർക്ക് ഞാനപ്പോഴേക്കും..” അമ്മായിയമ്മ മുറിവിട്ട് പുറത്തിറങ്ങി.
ഞാൻ കണ്ണടച്ച് പരിപ്പുകറിയിൽ മുക്കി ചപ്പാത്തി കഴിച്ചു. “അവർ തന്നയച്ച ചിക്കൻ മുഴുവനും അറ്റയിരുപ്പിന് മമ്മിയാണ് കഴിച്ച് തീർത്തത്.” പിറ്റേന്ന് ഭാര്യ പറഞ്ഞു. പിന്നെ എനിക്ക് കിട്ടേണ്ട പല ഭക്ഷണസൗഭാഗ്യങ്ങൾക്കും അമ്മായിയമ്മ വിലങ്ങുതടിയാവുകയായിരുന്നു. ഒരു മാസം കടന്നുപോയി. ഒരു ദിവസം ഡോക്ടർ നിർദ്ദേശിച്ച പ്രകാരം ചെക്ക്അപ്പും രക്തപരിശോധനയും നടത്തി. “ഒരു മാസമല്ലേ ആയുള്ളു. ഈയൊരു ഡയറ്റ് പിന്തുടർന്നാൽ 3-4 മാസത്തിനകം നോർമ്മലാകും.” ഡോക്ടർ ശ്രീമതിയെ പ്രശംസിച്ചു.
അവർ സന്തോഷിച്ചു. പക്ഷേ ഭക്ഷണത്തിലെ ഈ തൊട്ടുകൂടായ്മയെ കുറിച്ചോർത്ത് ഞാൻ ശരിക്കും വിഷമിച്ചു. നീണ്ട ഒരു ഇടവേളയ്ക്ക് ശേഷമേ വായ്ക്കു രുചിയുള്ള ഭക്ഷണം കിട്ടൂ എന്നറിഞ്ഞ് എന്‍റെ സകല ഉത്സാഹവും കെട്ടടങ്ങി. എന്നാൽ അമ്മായിയമ്മയുടെ ശരീരഭാരം ഒറ്റയടിയ്ക്ക് 85 ആയി.
“നിങ്ങളുടെ രോഗം ശരിക്കും ഭേദമായിട്ടേ മമ്മി മടങ്ങുന്നുള്ളു” ഭാര്യ ഒരുനാൾ പറഞ്ഞു. പിന്നീട് ഇഷ്ടഭക്ഷണം കിട്ടാത്ത മൂന്ന് മാസങ്ങൾ എങ്ങനെയോ തള്ളിനീക്കി.
പെട്ടെന്നൊരു ദിവസം ഭാര്യ അലമുറയിട്ട് കരഞ്ഞുകൊണ്ട് എന്‍റെ അരികിലെത്തി. “ഒന്നോടി വരൂ, മമ്മിയ്ക്ക് സഹിക്കാനാകാത്ത നെഞ്ചുവേദന, വല്ലാതെ വിയർക്കുന്നുമുണ്ട്. എനിക്ക് പേടിയാകുന്നു.” ഞാൻ ഉടനെ അവളുടെ സഹായത്തിനായി ഓടി. എന്‍റെ അതേ അവസ്ഥ. തത്ക്ഷണം ആംബുലൻസ് വിളിച്ച് ആശുപത്രിയിലെത്തിച്ചു.
ഹാർട്ട്അറ്റാക്ക് ഡോക്ടർ വിധിയെഴുതി. ഇനിമുതൽ മുട്ട, നെയ്യ്, വെണ്ണ, ചിക്കൻ ഒന്നും തൊടരുത്. ഭക്ഷണനിയന്ത്രണത്തിൽ എനിക്ക് നൽകിയതിനേക്കാൾ കൂടുതൽ ശക്തമായ വിലക്കുകൾ.
ആശുപത്രിയിലെ ചികിത്സ കഴിഞ്ഞ് വീട്ടിലെത്തി. ആശുപത്രി വാർഡുപോലെയായി വീടും. എന്നെ കണ്ടാവണം അമ്മായിയമ്മ മുഖത്ത് ചിരി വരുത്തി “മോനെ, വേണ്ടിയിട്ടല്ല. ഭക്ഷണസാധനങ്ങൾ വീട്ടിലിരുന്നാൽ മോനതൊക്കെ എടുത്ത് കഴിക്കുമല്ലോ എന്നോർത്ത് ഭയന്നാണ് വേണ്ടാതിരുന്നിട്ടും പലതും ഞാൻ കഴിച്ചത്.” പറയുമ്പോൾ മുഖത്തെ കൃത്രിമചിരി നിലനിർത്താൻ നന്നേ പാടുപെട്ടു.
“എന്‍റെ ആരോഗ്യകാര്യത്തിൽ അമ്മയ്ക്കെന്തൊരു ശ്രദ്ധയാണ്. പക്ഷേ, രോഗിയായ എന്നെ ശുശ്രൂഷിക്കാൻ വന്ന അമ്മയും രോഗിയായല്ലോ എന്ന ഒറ്റസങ്കടമേയുള്ളൂ.” എന്‍റെ കുറിക്കുകൊള്ളുന്ന മറുപടി കേട്ട് അമ്മായിയമ്മയും ഭാര്യയും തരിച്ചു നിന്നു.