ആർത്തലച്ചെത്തിയ തിരമാലകൾ കാലുകളെ നനക്കാതിരിക്കാനാണ് രേഖ കുറച്ചു കൂടി പുറകിലേക്ക് മാറി നിന്നത്. പക്ഷേ അവൾ ആദ്യം നിന്ന സ്ഥലത്തെത്തുന്നതിന് മുൻപേ കടൽ തിരികെ പോയി. നിൽക്കുന്ന സ്ഥലം വരെ എത്തില്ലെന്ന് അവൾക്കു ഉറപ്പുണ്ടായിരുന്ന അടുത്തതായി എത്തിയ തിരമാലകൾ രേഖയുടെ കാലുകളെ തഴുകി. ഇത്തരം ചെറിയ ചെറിയ സംഭവങ്ങളാണ് രേഖയുടെ നിരാശയുടെ ആഴവും പരപ്പും കൂട്ടുന്നത്. ജീവിതത്തിലെ കാര്യങ്ങളെല്ലാം അപ്രതീക്ഷിതങ്ങളോ പ്രതീക്ഷയ്ക്ക് വിപരീതങ്ങളോ ആയിരിക്കുമെന്ന് നിരാശ നൽകുന്ന വിശ്വാസം അവളിൽ ശക്തമാവുകയും ചെയ്യും.
രേഖേ പരിചയമുള്ള ഒരു സ്വരം അവളെ ചിന്തയിൽ നിന്നുണർത്തി.
ഓ, സാബുവോ അയാളെ കണ്ടപ്പോൾ രേഖ ഞെട്ടി.
പാറിപ്പറന്ന് തലമുടി, വളർന്നിറങ്ങിയ താടി, മുഷിഞ്ഞ വസ്ത്രങ്ങൾ ഏതാനും വർഷങ്ങൾ കൊണ്ട് ഒരാൾക്ക് ഇത്ര മാറ്റമോ? അവസാനമായി സാബുവിനെ കണ്ടപ്പോൾ എത്ര ആകർഷണിയമായ രൂപം ആയിരുന്നു അയാളുടെതെന്ന് ഓർത്തു. ഷേവ് ചെയ്ത് മിനുസമേറിയ കവിളുകളിൽ വെറുതെ വിരൽ ഓടിക്കാൻ ആയിരുന്നു അവൾക്ക് ഏറെ ഇഷ്ടം.
എന്‍റെ രൂപം കണ്ട് വിഷമമായോ? നിനക്ക് സന്തോഷിക്കാം. ഇത് എന്‍റെ മാത്രം കുറ്റമല്ലേ സാബു നിസംഗതയോടെ പറഞ്ഞു.
മറ്റുള്ളവരുടെ വിഷമം കണ്ട് സന്തോഷിക്കാൻ ഒരു മനസ്സ് എനിക്കില്ല. ഉറച്ച സ്വരത്തിലാണ് രേഖ പറഞ്ഞത്.
അല്ല രേഖ, ഞാൻ നിന്നെ കുറ്റപ്പെടുത്തുകയല്ല. നിനക്ക് എന്‍റെ ഈ അവസ്ഥ കണ്ട് പൊട്ടിച്ചിരിക്കാം. അയാളുടെ സ്വരത്തിൽ വേദന നിറഞ്ഞിരുന്നു.
എനിക്ക് നിന്‍റെ സ്വഭാവം അല്ല സാബു അങ്ങനെ പറയണമെന്നല്ല അവൾ ആഗ്രഹിച്ചത്. എന്നിട്ടും പറഞ്ഞു. അഞ്ചു വർഷങ്ങൾക്കു മുമ്പ് അടച്ച ഒരു പുസ്തകം തുറക്കാൻ ശ്രമിക്കുന്നതിനിടയിലെ തത്രപ്പാടുകൾ.
ഒരുതവണ എനിക്ക് തെറ്റി. പൊറുക്കാനാവാത്ത തെറ്റ്. നിനക്കും എനിക്കും ഇടയിൽ അസമാനതകൾ ഏറെയുണ്ട്. അവ ഇപ്പോൾ ഞാൻ തിരിച്ചറിഞ്ഞിരിക്കുന്നു. അയാൾ ഒരു നിമിഷം നിർത്തി. നിന്നോട് അല്പം സംസാരിക്കണം എന്നുണ്ടെനിക്ക് നമുക്ക് എവിടെയെങ്കിലും ഇരുന്നാലോ?
എന്തു കാര്യം? ഇനിയും വല്ലതും ബാക്കിയുണ്ടോ വിരസതയോടെ അവൾ തിരക്കി.
സാബുവിന്‍റെ രൂപം മനസ്സിൽ ഉണർത്തിയ ആശങ്ക മറക്കുന്നതിൽ അവൾ ഏറെ വിജയിച്ചു. അവനോട് സംസാരിക്കണോ വേണ്ടയോ എന്ന ചിന്തയാണ് അവളെ കുഴക്കിയത്.
നീ തെറ്റിദ്ധരിക്കേണ്ട ഞാനിപ്പോൾ പഴയ സാബു അല്ല. കാലം എന്നെ മാറ്റി. അയാളുടെ സ്വരം വല്ലാതെ തളർന്നിരുന്നു. പിന്നീട് അപേക്ഷ രൂപേണ ഒരിക്കൽ കൂടി പറഞ്ഞു പ്ലീസ്, ഒരു തവണത്തേക്ക് മാത്രം നമുക്ക് ഇത്തിരി സംസാരിക്കാം.
ശരി പക്ഷേ ഇപ്പോഴല്ല. നാളെ സിറ്റി കഫെയിൽ ഇതേസമയം വന്നാൽ മതി. ഇത്രയും പറഞ്ഞശേഷം അവൾ ഓട്ടോയിൽ കയറി തിരിച്ചുപോയി. സാബുവിനോട് ഇത്രയും സംസാരിച്ചപ്പോൾ തന്നെ രേഖയുടെ രക്തസമ്മർദ്ദം ഉയരുകയും ശരീരം വിയർക്കുകയും ചെയ്തു.
അപ്രതീക്ഷിത സംഭവങ്ങൾക്ക് ജീവിതത്തെ അപ്പാടെ മാറ്റിമറിക്കാനുള്ള ശക്തി ഉണ്ടോ? വീട്ടിലെത്തിക്കഴിഞ്ഞ് ഗതകാല സംഭവങ്ങൾ ഓർക്കുകയായിരുന്നു രേഖ. സാബു മൂലം അവളുടെ ജീവിതത്തിൽ ഭൂകമ്പം പോലെ എന്തോ ഒന്ന് സംഭവിച്ചതിനെ പറ്റി അവളുടെ സ്വപ്നങ്ങൾ എല്ലാം ഒരു തൂവൽ പോലെ കാറ്റിൽ പറന്നു എങ്ങോ പോയി മറഞ്ഞതിനെപ്പറ്റി.
അച്ഛൻ റിട്ടയർ ചെയ്യുന്നതിനു മുമ്പ് മകളുടെ വിവാഹം നടത്തണം എന്നായിരുന്നു അവളുടെ അമ്മയ്ക്ക്. ആലോചനകൾ ആണെങ്കിൽ ഒന്നും ശരിയാകുന്നില്ല. അച്ഛനമ്മമാരുടെ ഉറക്കം നഷ്ടപ്പെട്ടു. അവരുടെ അവസ്ഥ കണ്ട് രേഖയ്ക്ക് സമാധാനവും നഷ്ടപ്പെട്ടു. അവളുടെ കല്യാണം അത്ര മഹാകാര്യമൊന്നുമല്ലെന്ന് അവരെ പറഞ്ഞു മനസ്സിലാക്കാൻ അവൾ ശ്രമിച്ചെങ്കിലും നടന്നില്ല.
ആരോഗ്യം, സൗന്ദര്യം, സ്വഭാവം, വിദ്യാഭ്യാസം, വിവരം, ജോലി ഒന്നിനും അവൾക്ക് കുറവില്ല. അവളെക്കാൾ ധാരാളം കുറവുകൾ ഉള്ള കൂട്ടുകാരികളൊക്കെ ഒന്നും രണ്ടും കുട്ടികളുടെ അമ്മയായി കഴിഞ്ഞു. തന്‍റെ കല്യാണം ഒരിക്കലും നടക്കില്ലെന്നാണ് അവൾക്ക് തോന്നിയത്. പക്ഷേ അച്ഛൻ തോൽക്കാൻ തയ്യാറായിരുന്നില്ല.
ഒരു ദിവസം ആ സന്തോഷ വാർത്തയുമായി അച്ഛൻ എത്തി. അദ്ദേഹത്തിന്‍റെ കൂട്ടുകാരന്‍റെ മകനായ സാബുവിന് രേഖയെ വിവാഹം കഴിക്കാൻ താല്പര്യം ഉണ്ടത്രേ. രേഖയ്ക്ക് ഇതറിഞ്ഞപ്പോൾ ആ വീട്ടുകാരോട് ആദരവ് തോന്നി. ചൊവ്വ ദോഷമുള്ള അവളുടെ ജാതകം അവർക്ക് പ്രശ്നമായില്ലല്ലോ. സാബുവിന്‍റെ പ്രമോഷൻ ശരിയാകുമ്പോഴേക്കും ഒരു വർഷത്തിനുള്ളിൽ വിവാഹം തീരുമാനിച്ചു.
വീട്ടിൽ ആകെ ഉത്സവ അന്തരീക്ഷം ആയിരുന്നു സാബു ഇടയ്ക്കിടെ ഫോൺ ചെയ്യാൻ തുടങ്ങി. പിന്നീട് അത് കൂടിക്കാഴ്ചകളിലേക്ക് വ്യാപിച്ചു, വീട്ടുകാരുടെ അനുഗ്രഹാശിസും പിന്തുണയുമാണ് രേഖയ്ക്ക് കരുത്തേകിയത്. നിറയെ പ്രണയം കൊടുക്കാനും സ്വീകരിക്കാനും അടുത്തറിയാനും ഇങ്ങനെയൊരു സുവർണ്ണാവസരം കിട്ടിയല്ലോ എന്നോർത്ത് അവൾ ഏറെ സന്തോഷിച്ചു. സാബുവിനെ കാണാതെ അയാളുടെ ശബ്ദം കേൾക്കാതെ പറ്റില്ലെന്ന് അവസ്ഥയിലായി രേഖ. സാബുവിന് പ്രമോഷനായി. ഒപ്പം അടുത്ത പട്ടണത്തിലേക്ക് സ്ഥലം മാറ്റവും.
വിവാഹം വേഗം നടത്തണമെന്ന് രേഖയുടെ അച്ഛൻ സാബുവിന്‍റെ അച്ഛനെ അറിയിച്ചു. മറുപടിക്കായി 15 ദിവസം, 20 ദിവസം….. കാത്തിരിപ്പ് ഒരു മാസം വരെ നീണ്ടു. അച്ഛന്‍റെ ക്ഷമ നശിച്ചു. ഒരു ദിവസം സാബുവിന്‍റെ കത്ത് വന്നു.
ബഹുമാനത്തോടെ അച്ഛന്, ഒരു കാര്യം അറിയിക്കാൻ ആണ് ഇത് എഴുതുന്നത്. തീരുമാനം പറയാൻ വൈകിയതിന് മാപ്പ്. അങ്ങയുടെ സന്തോഷം കണ്ടപ്പോൾ എനിക്ക് കാര്യം തുറന്നു പറയാൻ കഴിഞ്ഞില്ല. ഞാൻ ജാതകത്തിൽ വിശ്വസിക്കുന്ന ആളാണ്. കുടുംബജീവിതത്തിന്‍റെ ഭദ്രതയ്ക്ക് ജാതകത്തിന് വളരെ സ്വാധീനം ഉണ്ടെന്ന് വിശ്വാസമുണ്ട് എനിക്ക്. എന്‍റെയും അങ്ങയുടെ മകളുടെയും ജാതകങ്ങൾ തമ്മിൽ യാതൊരു പൊരുത്തവുമില്ല. അതുകൊണ്ട് ഈ വിവാഹത്തിൽ എനിക്ക് താല്പര്യമില്ല.
അങ്ങയെ അച്ഛനെ പോലെ കരുതുന്ന സ്വന്തം സാബു.
ഇടിമിന്നലേറ്റ അവസ്ഥയിൽ എത്തി ആ മാതാപിതാക്കൾ. രേഖയാണെങ്കിലോ തന്‍റെ വ്യക്തിത്വം തന്നെ ചോദ്യം ചെയ്യപ്പെട്ട അവസ്ഥയിലും. പിറ്റേന്ന് ഓഫീസിലേക്ക് ഇറങ്ങിയ രേഖ നേരെ പോയത് സാബുവിന്‍റെ ഓഫീസിലേക്കാണ്. അവൾക്കറിയാവുന്നിടത്തോളം, ആകർഷകമായ വ്യക്തിത്വത്തിനുടമയായിരുന്നു സാബു. ഏതൊരു പെണ്ണും മോഹിക്കും അവനെ ഭർത്താവായി കിട്ടാൻ. പറഞ്ഞറിയിക്കാനാവാത്ത ഒരു നോവ് അവളുടെ മനസ്സിനെ അസ്വസ്ഥമാക്കി.
നീ എന്തിനാ എന്‍റെ അച്ഛനോട് നുണ പറഞ്ഞത്? പെട്ടെന്നാണ് അവൾ ചോദിച്ചത്.
എനിക്കാ മനുഷ്യന്‍റെ ഹൃദയം വ്രണപ്പെടുത്താൻ വയ്യ. കുനിഞ്ഞ ശിരസ്സോടെ സാബു പറഞ്ഞു.
ഇപ്പോൾ ഹൃദയം വ്രണപെട്ടില്ലെന്നാണോ?
അച്ഛന് വിഷമം ഉണ്ടാകും എന്ന് അറിയാം. നീയെങ്കിലും ഞാൻ പറയുന്നത് മനസ്സിലാക്കണം.
നീ ഇത്ര തന്ത്രപൂർവ്വം ഒഴിവാക്കുമെന്ന് ഞാൻ ചിന്തിച്ചതേയില്ല. വെറുപ്പോടെ രേഖ പറഞ്ഞു.
എന്നെ തന്ത്രശാലി എന്ന് എത്ര തവണ വേണമെങ്കിലും വിളിച്ചോളൂ. പക്ഷേ ദാമ്പത്യജീവിതം സുഖകരമാക്കാനുള്ള സമവാക്യത്തിലാണ് ഞാൻ വിശ്വസിക്കുന്നത്. ഇനി ജാതക പൊരുത്തം ഇല്ലായ്മ മൂലം എന്തെങ്കിലും കുഴപ്പം വന്നിട്ട് പിന്നെ പറഞ്ഞിട്ട് കാര്യമില്ലല്ലോ.
ഒന്ന് നിർത്തുന്നുണ്ടോ? ജാതക പൊരുത്തം ഉണ്ടായാൽ മാത്രം ജീവിതം ഹാപ്പി ആകും എന്നാണോ ഇയാള് കരുതിവെച്ചിരിക്കുന്നത്? ഇതൊക്കെ നോക്കി കിട്ടിയിട്ടും ഡൈവോഴ്സ് കേസുകൾ എത്രയാ നടക്കുന്നത്? സ്നേഹവും സമർപ്പണവും ആണ് ദാമ്പത്യ ജീവിതത്തിന്‍റെ സമവാക്യങ്ങൾ. രേഖ അവസാന ആയുധവും പ്രയോഗിച്ചു നോക്കി.
ഇത് നിന്‍റെ കാഴ്ചപ്പാട് ആയിരിക്കും. എനിക്ക് എന്‍റേതായ വീക്ഷണമുണ്ട്. അടുത്ത ആഴ്ച എന്‍റെ കല്യാണമാണ്. ഏതായാലും ഞാൻ ക്ഷണിക്കുന്നു. വരുകയോ വരാതിരിക്കുകയോ നിന്‍റെ ഇഷ്ടം. പറ്റുമെങ്കിൽ വരിക.
ഓഹോ അപ്പോൾ അതാണ് കാരണം. നിങ്ങൾ വധുവിന്‍റെ ജാതകം പരിശോധിച്ചു നോക്കിയോ? പൊരുത്തം ഉണ്ടോന്ന് ?പുച്ഛത്തോടെ രേഖ തിരക്കി.
10 പൊരുത്തവും ഉണ്ട് സാബു ചിരിച്ചു.
അവൾ നിരാശയായി മടങ്ങി. കണ്ട് സംസാരിച്ചു കഴിയുമ്പോൾ സാബു എല്ലാം മറന്ന് തന്‍റെ സ്നേഹം മനസ്സിലാക്കുമെന്നാണ് രേഖ കരുതിയത്. അവൾ ഏറെ പണിപ്പെട്ട് മനസ്സിനെ അടക്കി. അവൾ ബാഗും എടുത്ത് അവിടുന്ന് ഇറങ്ങി. പുറത്തെ വെയിലിന് ചൂട് പിടിച്ചു തുടങ്ങി.
ഇന്ന് തികച്ചും അപ്രതീക്ഷിതമായി സാബു മുന്നിൽ വന്നപ്പോൾ അറിയാതെ ചിന്തകൾ പിന്നിലേക്ക് പോയെന്നു മാത്രം. സിറ്റി കഫെയിൽ പിറ്റേന്ന് അവൾ എത്തിയപ്പോൾ സാബു കാത്തു നിൽക്കുന്നുണ്ടായിരുന്നു.
എനിക്കുറപ്പായിരുന്നു നീ വരുമെന്ന് അയാളുടെ കണ്ണുകൾ പ്രകാശിച്ചു.
എന്താണ് നിങ്ങൾക്ക് പറയാനുള്ളത്?
എനിക്ക് മനസ്സിലായില്ല.
എന്‍റെ ഭാര്യയുടെ രക്തം എച്ച്ഐവി പോസ്റ്റീവ് ആണ്. സ്വരം താഴ്ത്തി അയാൾ പറഞ്ഞു.
എന്താ ഞാൻ ഈ കേൾക്കുന്നത്? രേഖ സ്തബ്ധയായി.
അതേ രേഖേ, എന്‍റെ ജീവിതം നശിച്ചു. ഇനി എന്തു ചെയ്യണമെന്ന് എനിക്കറിയില്ല. നിന്‍റെ സാമീപ്യം ഉണ്ടായിരുന്നുവെങ്കിൽ എത്ര ആശ്വാസമായേനേന്നോ?
ബ്ലഡ് ഗ്രൂപ്പിന് പകരം ജാതകം നോക്കിയത് വഴി തെറ്റ് ചെയ്തു. അത് പോരാഞ്ഞാണോ ഞാൻ കൂടെ വേണം എന്ന് പറയുന്നത്? നിങ്ങളുടെ ഭാര്യക്ക് പിന്തുണ നൽകുകയാണ് നിങ്ങൾ ഇപ്പോൾ ചെയ്യേണ്ടത്.
പക്ഷേ…
ഒരുപക്ഷേയുമില്ല. ജാതകത്തിന്‍റെ പേരും പറഞ്ഞ് നിങ്ങളെന്നെ വേണ്ടെന്നുവച്ചു. പക്ഷേ മനുഷ്യത്വമെങ്കിലും വിചാരിച്ച് നിങ്ങൾ ഭാര്യയെ ഉപേക്ഷിക്കരുത്.
നീ പറഞ്ഞതാണ് ശരി. ഇനി തെറ്റുകൾ ഞാൻ ആവർത്തിക്കില്ല. അവളുടെ മുന്നിൽ ഒന്ന് പൊട്ടിക്കരയാൻ പോലും ആവാതെ അയാൾ നിസ്സഹായനായി. കുറെ നേരം ഇരുവരും ഒന്നും മിണ്ടാതെ വിദൂരതയിലേക്ക് നോക്കി നിന്നു.
ഏതൊക്കെയോ ഓർമ്മയിൽ ഇരുവരുടെയും കണ്ണുനിറഞ്ഞു.