കാറിനുള്ളിൽ താര മുഖം വീർപ്പിച്ചിരിക്കുകയായിരുന്നു. അവൾ തന്‍റെ മടിയിൽ ടെഡിബിയറിനെ വച്ചുകളിച്ചു കൊണ്ടിരുന്ന കിച്ചു മോനോട് തട്ടിക്കയറി.

“എന്തോന്നാടാ ഈ സാധനം… ഹും നാറുന്നുണ്ടല്ലോ… ആ ചെക്കന്‍റെ കൈയ്യീന്ന് ഇത് തട്ടിപ്പറിച്ചു വാങ്ങിച്ചപ്പോ നിനക്കു സമാധാനമായി അല്ലേ?”

അങ്ങനെ പറഞ്ഞ് അവൾ അത് വാങ്ങി വലിച്ചെറിയാൻ നോക്കി. കിച്ചു മോൻ വിട്ടുകൊടുക്കാതെ അലറിക്കരഞ്ഞു. നന്ദൻമാഷ് അസ്വസ്ഥതയോടെ തലകുടഞ്ഞു

“അമ്മേ… എന്താമ്മേ ഇത്… അത് അവന്‍റെ കൈച്ചിലിരുന്നുവെന്ന് വച്ച് അമ്മയ്ക്കെന്താ”ചിന്നു മോൾ നീരസത്തോടെ ചോദിച്ചു.

“അതെ നിനക്കെന്താ താരെ. നീ മര്യാദക്ക് കാറോടിക്കാനും സമ്മതിക്കൂലെ.” സുമേഷ് വർദ്ധിച്ച ദേഷ്യത്തോടെ ചോദിച്ചു. താര ഒന്നും മിണ്ടാതെ മുഖം വീർപ്പിച്ചിരുന്നു.

“മോൻ കളിച്ചോട്ടോ. ആരും മോന്‍റെ ടെഡിബിയറിനെ വലിച്ചെറിയൂല്ല… അച്ഛൻ അമ്മയ്ക്കിട്ട് നല്ല അടി കൊടുക്കാം കേട്ടോ”

സുമേഷ് പറഞ്ഞതു കേട്ട് കിച്ചു മോൻ സ്വിച്ചിട്ടതുപോലെ കരച്ചിൽ നിർത്തി. അതോടെ കാറിനകത്ത് ശാന്തത നിറഞ്ഞു. സുമേഷ് ശാന്തമായി വണ്ടിയോടിച്ച് വീട്ടിലെത്തി. അന്നു മുഴുവൻ താര മുഖം വീർപ്പിച്ചു നടന്നു. സുമേഷ് എത്ര ചോദിച്ചിട്ടും അവൾ ഒന്നും പറഞ്ഞില്ല. രാത്രിയിൽ ബെഡ്റൂമിലെത്തിയ ഉടനെ താര പൊട്ടിക്കരഞ്ഞു.

“നിങ്ങടെ അച്ഛനെ നോക്കാൻ എന്നെക്കൊണ്ടാവൂല്ല. നിങ്ങൾക്കങ്ങേരെ ഏട്ടന്‍റെ കൂടെ പറഞ്ഞയക്കാമായിരുന്നില്ലെ? അല്ലെങ്കിൽ ആ വൃദ്ധസദനത്തിൽ കൊണ്ടുപോയാക്കാമായിരുന്നില്ലേ?”

താരയുടെ കരച്ചിലും പറച്ചിലും കേട്ട് സുമേഷ് വല്ലാതെയായി. അയാളുടെ മനസ്സിലെ പദ്ധതികൾ വേറെയായിരുന്നു. എങ്ങനെയെങ്കിലും അച്ഛന്‍റെ സൈൻ വാങ്ങി കൃത്രിമമായി ഒരു വിൽപ്പത്രം തയ്യാറാക്കണം. എന്നിട്ട് സ്വത്തുക്കൾ ഭൂരിഭാഗവും കൈക്കലാക്കണം. എന്നാൽ തന്‍റെ പ്ലാൻ ഭാര്യയോടു പോലും പറയാൻ അയാൾ ഭയപ്പെട്ടു. കേവലം ഒരു പെണ്ണായ അവളുടെ വായിൽ നിന്ന് പദ്ധതിയെല്ലാം ചോർന്നുപോയാലോ. അതുകൊണ്ട് അയാൾ ഭാര്യയോടു പോലും അതിനെക്കുറിച്ചു പറഞ്ഞില്ല.

“എല്ലാത്തിനും നമുക്കു സമാധാനമുണ്ടാക്കാം താരേ… നമുക്കഛനെ ഉടൻ തന്നെ സ്നേഹസദനത്തിൽ കൊണ്ടുപോയാക്കാം.” അയാൾ താരയെ സമാധാനിപ്പിക്കാൻ വേണ്ടി പറഞ്ഞു.

എന്നാൽ സുരേഷ് പോയ ഉടനെ നന്ദൻമാഷിന്‍റെ ദിനചര്യളെല്ലാം തെറ്റി. അദ്ദേഹത്തിന്‍റെ ഭക്ഷണ കാര്യത്തിലും, മരുന്ന് എടുത്തുകൊടുക്കുന്ന കാര്യത്തിലും ശ്രദ്ധിക്കാൻ ആരുമില്ലാതായി. വല്ലപ്പോഴും ശാന്തിയാണ് അതെല്ലാം ചെയ്തിരുന്നത്.അതോടെ നന്ദൻമാഷ് വീണ്ടും അതിവേഗം രോഗാവസ്ഥയിലേക്ക് നീങ്ങി. അദ്ദേഹത്തിന്‍റെ സ്ഥിതിപൂർവ്വാധികം വഷളായി. ആയിടയ്ക്ക് ശാന്തി അമ്മയ്ക്ക് സുഖമില്ലെന്നറിഞ്ഞ് പെട്ടെന്ന് തന്‍റെ വീട്ടിലേക്ക് പോയി. കിച്ചുവുള്ളതു കൊണ്ട് താര കുറച്ചു ദിവസം ലീവെടുത്തു.

എല്ലാം മറന്നു തുടങ്ങിയ നന്ദൻമാഷ് ബാത്റൂമിൽ പോകാനും മറന്നു തുടങ്ങി അദ്ദേഹം തന്‍റെ പ്രാഥമികകൃത്യങ്ങളെല്ലാം മുറിയ്ക്കകത്ത് നിർവ്വഹിക്കുന്നത് കണ്ട് താരയ്ക്ക് കലികയറി.

“കണ്ടില്ലേ… ഇനി ഇങ്ങേരുടെ തീട്ടം കോരാൻ കൂടി ഞാനിരിക്കണമല്ലോ ഈശ്വരാ. ഇങ്ങനെ ഒരു മനുഷ്യനെ കെട്ടിയതു കൊണ്ട് എന്‍റെ തലേവിധി ഇങ്ങനെയായല്ലോ ഭഗവാനെ. ഒന്നു മന: സമാധാനത്തോടുകൂടി ജീവിച്ചിട്ട് എത്ര നാളായി..”

താരയുടെ പരിദേവനം കേട്ട് സുമേഷ് വല്ലാതെ ആയി. അയാൾ ചെന്ന് നോക്കിയപ്പോൾ ശരിയായിരുന്നു. നന്ദൻമാഷ് മുറിക്കകത്താകെ വൃത്തികേടാക്കി വച്ചിരിക്കുന്നു. സുമേഷിനതു കണ്ടിട്ട് കലി കയറി.

“അച്ഛനെന്താ ഇക്കാണിച്ചു വച്ചിരിക്കുന്നത്. മുറിക്കകത്താണോ അപ്പിയിടുന്നത്. എടീ താരെ… താരെ നീ ആ പിള്ളേരെ തല്ലുന്നവടി ഇങ്ങെടുത്തോണ്ടു വന്നേ..”

താര സന്തോഷത്തോടെ വടി എടുത്തു കൊടുത്തു. സുമേഷ് നിർദ്ദയം നന്ദൻമാഷിനെ തലങ്ങും വിലങ്ങും തല്ലാൻ തുടങ്ങി. അപ്പൂപ്പന്‍റെ കരച്ചിൽ കേട്ട് ചിന്നു മോൾ ഓടി എത്തി.

“അപ്പൂപ്പനെ തല്ലല്ലേ അച്ഛാ… തല്ലല്ലേ..” അവൾ ഇടക്കു കയറിനിന്നതോടെ അവൾക്കും കിട്ടി തല്ല്. അപ്പൂപ്പനു വേണ്ടി അവൾ അതെല്ലാം സഹിച്ചു. തനിക്കു കൊള്ളുന്ന അടിയെക്കാൾ അപ്പൂപ്പനു കൊള്ളുന്ന അടിയാണ് അവളെ വേദനിപ്പിച്ചത്.

പെട്ടെന്ന് സുമേഷ് വടി താഴെ ഇട്ട് “ഇനി ഇങ്ങനെ കണ്ടാൽ ഇതൊന്നുമായിരിക്കില്ല കിട്ടുക”

വേദന കൊണ്ട് നന്ദൻമാഷ് ഉറക്കെ ഉറക്കെ കരഞ്ഞു. അപ്പോൾ ചിന്നു മോൾ അടുത്തിരുന്ന് തടവിക്കൊടുത്തിട്ട് പറഞ്ഞു. “കരയല്ലേ അപ്പൂപ്പാ… അച്ഛൻ ദുഷ്ടനാ… ഞാനിനി അച്ഛനോട് മിണ്ടൂല.” ചിന്നുമോളുടെ ആശ്വസിപ്പിക്കലിൽ നന്ദൻമാഷ് വേദന മറന്നു.

അന്നു രാത്രിയിൽ ആരും വീട്ടിൽ ശരിക്ക് ഉറങ്ങിയില്ല. എല്ലാമനസ്സുകളും അസ്വസ്ഥമായിരുന്നു. ചിന്നു മോൾ അന്നു മുഴുവൻ പട്ടിണി ഇരുന്നു. അടിച്ച് കഴിപ്പിക്കാൻ നോക്കിയപ്പോഴെല്ലാം അവൾ വാശി പിടിച്ച് കരഞ്ഞതല്ലാതെ ആഹാരം കഴിച്ചില്ല. സുമേഷ് അസ്വസ്ഥനായി അങ്ങോട്ടുമിങ്ങോട്ടും നടന്നു. അതു കണ്ട് താര പറഞ്ഞു.

“നിങ്ങടെ അച്ഛനെ എത്രയും പെട്ടെന്ന് സ്നേഹ സദനത്തിൽ കൊണ്ടു പോയാക്കണം. എനിക്കുവയ്യ ഈ ഭാരം ചുമക്കാൻ… ലീവാണെങ്കിലും, കിച്ചുവിന്‍റേതുൾപ്പെടെ എന്തെല്ലാം കാര്യങ്ങൾ ഞാൻ തനിയെ ചെയ്യണം”

സുമേഷ് നടത്തം നിർത്തി അല്പനേരം മൗനമായി നിന്നു. പിന്നെ എന്തോ തീരുമാനിച്ചുറച്ചതുപോലെ പറഞ്ഞു.

“അതെ… നാളെത്തന്നെ അച്ഛനെ അവിടെ ക്കൊണ്ടു പോയി വിടണം.”

അന്നുരാത്രിയിൽ ഉറങ്ങിക്കിടന്ന നന്ദൻമാഷിന്‍റെ വിരലടയാളം ഒരു വെള്ള പേപ്പറിൽ പതിപ്പിക്കാൻ സുമേഷ് ഒരു ശ്രമം നടത്തി. എന്നാൽ നന്ദൻമാഷ് ഉണർന്ന് സുമേഷിനെക്കണ്ടയുടനെ പേടിച്ച് നിലവിളിക്കാൻ തുടങ്ങി. പെട്ടെന്ന് സുമേഷ് ശ്രമം ഉപേക്ഷിച്ച് മുറിക്കു പുറത്തുകടന്നു. തന്‍റെ മുറിയിൽ വന്നു കണ്ണടച്ചു കിടന്നു. താര ശബ്ദം കേട്ട് ഉണർന്നു ചോദിച്ചു.

“നിങ്ങടെ അച്ഛനല്ലെ കരഞ്ഞത്?” സുമേഷ് അപ്പോൾ ഉണർന്നതുപോലെ പറഞ്ഞു.

“ആവോ… നിനക്ക് തോന്നിയതാകും അല്ലെങ്കിൽ അച്ഛൻ ഉറക്കത്തിൽ കരഞ്ഞതാകും.” താര അതു കേട്ട് ഒന്നും മിണ്ടാതെ വീണ്ടും ഉറക്കമായി.

പിറ്റേന്ന് രാവിലെ സുമേഷ് നേരത്തേ ഉണർന്നു. അയാൾ സ്നേഹസദനത്തിലെ മാനേജർ രാജീവനെ വിളിച്ചു.

“അച്ഛനെ അങ്ങോട്ടു കൊണ്ടുവരികയാണ്. ഫോർമാലിറ്റീസ് എല്ലാം അവിടെ വന്നിട്ട് ചെയ്യാം.”

“ഓ.കെ സുമേഷ്സാർ. നിങ്ങൾ ഒരു പത്തുമണിയാകുമ്പോഴേക്കും അച്ഛനേയും കൊണ്ട് അവിടെഎത്തിക്കോളൂ. അപ്പോഴേക്കും ഞാനും അവിടെയെത്തും.” രാജീവൻ ഉറക്കച്ചടവോടെ പറഞ്ഞ് ഫോൺ വച്ചു.

സുമേഷ് ഉടൻ തന്നെ നന്ദൻമാഷിന്‍റെ മുറിയിലെത്തി. അദ്ദേഹം ഉണർന്നു കിടക്കുകയായിരുന്നു. സുമേഷിനെ കണ്ടയുടനെ നന്ദൻമാഷ് നിലവിളിക്കാൻ തുടങ്ങി “അയ്യോ… അയ്യോ… എന്നെ എന്നെ…” ബാക്കി വാക്കുകൾ കിട്ടാതെ അദ്ദേഹം വിഷമിച്ചു.

“മിണ്ടാതിരുന്നോണം… ഇല്ലെങ്കിൽ ഇതു കണ്ടോ..” സുമേഷ് തലേ ദിവസത്തെ വടി എടുത്തു കാട്ടി. അതോടെ നന്ദൻമാഷ് പേടിച്ച് നിശബ്ദനായി.

“ഉം നടക്ക് ബാത്റൂമിലേക്ക്..” സുമേഷ് നന്ദൻമാഷിനെ പിടിച്ചു വലിച്ച് ബാത്റൂമിൽ കൊണ്ടു വന്നു. എന്നിട്ട് ഷർട്ട് ഊരി ഷവറിന്‍റെ ചോട്ടിൽ നിർത്തി. നന്ദൻമാഷിന് തണുക്കുന്നുണ്ടായിരുന്നു.  അദ്ദേഹം വല്ലാതെ അസ്വസ്ഥനായി.പക്ഷെ സുമേഷ് അതൊന്നും വകവക്കാതെ നന്ദൻമാഷിന്‍റെ ദേഹത്തുള്ള വിസർജ്യവസ്തുകൾ പോകുന്നതു വരെ വെള്ളമൊഴിച്ചു. എന്നിട്ട് സോപ്പുതേച്ച് കുളിപ്പിച്ചു… പിന്നീട് തുടപ്പിച്ച് നല്ല ഷർട്ട് ധരിപ്പിച്ച് വെളിയിൽ കൊണ്ടു വന്നു. എന്നിട്ടു പറഞ്ഞു.

“ഞാൻ കുളിച്ചിട്ടു വരുന്നതു വരെ അനങ്ങാതെ ഇവിടെ ഇരുന്നോണം.”

പൂമുഖത്ത് സെറ്റിയിൽ നന്ദൻമാഷിനെ ഇരുത്തി സുമേഷ് താരയുടെ അടുത്ത് വന്നു പറഞ്ഞു.

“ഞാൻ കുളിച്ചിട്ടു വരാം… നീ അപ്പോഴേക്കും അച്ഛന്‍റെ ഡ്രസ്സും മരുന്നുമെല്ലാം എടുത്ത് വക്ക്.” താരക്ക് ദുർഗ്ഗന്ധം നിറഞ്ഞ ആ മുറിയിൽ കടക്കുന്നത് തന്നെ ഇഷ്ടമായിരുന്നില്ല. എങ്കിലും ഇന്നും കൂടി സഹിച്ചാൽ മതിയല്ലോ എന്നു വച്ച് അവൾ മൂക്കുപൊത്തിക്കൊണ്ട് നന്ദൻമാഷിന്‍റെ ഉടുപ്പുകൾ എല്ലാം ഒരു ബാഗിൽ കുത്തിനിറച്ചു വച്ചു. മരുന്നുകളും ഒരു കവറിലാക്കി ബാഗിൽ എടുത്തു വച്ചു.

സുമേഷ് കുളികഴിഞ്ഞു വരുന്നതു വരെ നന്ദൻമാഷ് പേടിച്ച് അനങ്ങാതെ ഇരുന്നു. താര എടുത്തു വച്ചിരുന്ന ബാഗ് അയാൾ കണ്ടു ചോദിച്ചു.

“നീ അച്ഛന്‍റെ ഡ്രസ്സും മരുന്നും എല്ലാം എടുത്തു വച്ചല്ലോ അല്ലേ?”

“എല്ലാം എടുത്ത് ആ ബാഗിൽ വച്ചിട്ടുണ്ട്. ആ മുറിക്കകത്ത് ദുർഗ്ഗന്ധം കാരണം നിക്കാൻ വയ്യായിരുന്നു.”

“അതെല്ലാം ഞാൻ വന്ന ശേഷം വൃത്തിയാക്കാം… ങാ… അതുപോട്ടെ… നീ ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കിയിട്ടുണ്ടോ? ഉണ്ടെങ്കിൽ കഴിച്ചിട്ടു പോകാം.”

“അത്… സുമേഷേട്ടാ… ഇന്നലെ മര്യാദക്ക് ഉറങ്ങാത്തതു കാരണം രാവിലെ എണീറ്റപ്പോഴും താമസിച്ചു പോയി… ഇതുവരെ ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കാൻ കഴിഞ്ഞില്ല. ഇപ്പോഴാണ് ശാന്തി ഇല്ലാത്തതിന്‍റെ വിഷമം അറിയുന്നത്… ഇനി കിച്ചു മോൻ ഉണരുന്നതിനു മുമ്പ് ഞാൻ ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കാം.”

“ഓ… എങ്കിൽ വേണ്ട… ഞാൻ അച്ഛനെയും കൊണ്ട് പോകുകയാണ്. അച്ഛന് അവർ കൊടുത്തോളും ബ്രേക്ഫാസ്റ്റ്.നീ കിച്ചുമോന്‍റെ കാര്യങ്ങൾ നോക്ക്.” അങ്ങനെ പറഞ്ഞ് അയാൾ താര തയ്യാറാക്കി വച്ചിരുന്ന ബാഗുമെടുത്ത് കാറിനടുത്തേക്ക് നടന്നു. എന്നിട്ട് കാർ പോർട്ടിക്കോയുടെ അടുത്തു കൊണ്ടു വന്നു നിർത്തിയ ശേഷം അതിൽ നിന്നുമിറങ്ങി നന്ദൻമാഷിനെ പിടിച്ച് കൊണ്ടുവന്ന് കാറിന്‍റെ മുൻ സീറ്റിലിരുത്തി. നന്ദൻമാഷ് പേടിച്ചു വിറങ്ങലിച്ചതു പോലെ കാറിനകത്ത് ഇരുന്നു. സിറ്റൗട്ടിൽ നിന്നിരുന്ന താരയോട് യാത്ര പറഞ്ഞ് സുമേഷ് അതിവേഗത്തിൽ വണ്ടി ഓടിച്ചു പോയി. കാർ അകന്നു പോകുന്നതു നോക്കി നിന്ന താര ഒരു ദീർഘനിശ്വാസമുതിർത്തുകൊണ്ട് പിന്തിരിഞ്ഞു. ഇനി കിച്ചു മോൻ ഉണരും മുൻപ് രാവിലത്തെ കാപ്പി ഉണ്ടാക്കണം.

തലേദിവസത്തെ പട്ടിണി മൂലം താമസിച്ചാണ് ചിന്നു മോൾ എഴുന്നേറ്റത്. നോക്കിയപ്പോൾ അച്ഛന്‍റെ കാർ മുറ്റത്തു വന്നു നില്ക്കുന്നതും പിന്നെ അപ്പൂപ്പനെ കയറ്റി അകന്നു പോകുന്നതും കണ്ടു. വാതിൽക്കൽ ഉറക്കച്ചടവോടെയും ക്ഷീണത്തോടെയും നിന്ന് അവൾ അമ്മയെ നോക്കി. താരയുടെ മുഖ ഭാവത്തിൽ നിന്ന് എന്തോ മനസ്സിലാക്കിയ അവളുടെ കണ്ണുകൾ നിറഞ്ഞു വന്നുവെങ്കിലും അവൾ ആശ്വസിച്ചു.

“അപ്പൂപ്പന് ഇവിടെത്തെക്കാൾ ആശ്വാസം അവിടെക്കിട്ടും”. പൂമുഖത്തിരുന്ന ശ്രീകൃഷ്ണ വിഗ്രഹത്തിൽ നോക്കി ആ കുഞ്ഞു മനസ് നൊന്തു പ്രാർത്ഥിച്ചു ”അതിനിടയാക്കണേ കൃഷ്ണ ഭഗവാനെ.”

പത്തുമണിയായിട്ടും നേർത്ത മഞ്ഞുണ്ടായിരുന്നുവെങ്കിലും, വൃക്ഷങ്ങൾക്കിടയിലൂടെ പാറി വീണ സൂര്യകിരണങ്ങൾ ചെടികളിലെ മഞ്ഞുതുളളികളെ തഴുകുന്നുണ്ടായിരുന്നു.

സ്നേഹസദനത്തിൽ നേരത്തേ എഴുന്നേൽക്കുന്ന ശീലമുള്ള ചിലർ പ്രഭാത സവാരിക്കിറങ്ങി മടങ്ങിവന്നു കഴിഞ്ഞിരുന്നു. മറ്റു ചിലരാകട്ടെ പ്രാതൽ കഴിഞ്ഞ്, തോട്ടത്തിൽ ചെന്ന് വിരിഞ്ഞു നിന്ന പനിനീർപൂക്കളെ തൊട്ടുതലോടി. മറ്റു ചിലർ കൂട്ടിനുള്ളിൽ പാറിക്കളിക്കുന്ന പക്ഷികളെയും, കൂട്ടിനുള്ളിൽ തുള്ളിക്കളിക്കുന്ന മുയലുകളെയും നോക്കി ആനന്ദത്തോടെ നിന്നു.

ഇതിനിടയിലേക്കാണ് ആ കറുത്ത കാർ ഒഴുകിയെത്തിയത്. മുറ്റത്തു നിന്ന എല്ലാ പേരുടെയും ശ്രദ്ധ അങ്ങോട്ടേക്കായി. അല്പം കഴിഞ്ഞ് ആ കാറിൽ നിന്ന് ഒരു ചെറുപ്പക്കാരൻ ഇറങ്ങുന്നതു കണ്ടു. അയാൾ എല്ലാവരേയും ഒന്നു നോക്കിയശേഷം അപ്പുറത്തെ സൈഡിലെ ഡോർ തുറന്നു. തീരെ അവശനായഒരു വൃദ്ധൻ അതിലിരിക്കുന്നത് അവർ കണ്ടു.

“ഓ… ഇത് അന്ന് വന്ന നന്ദൻമാഷും മകനുമല്ലേ?” അടുത്തു വന്ന് നോക്കിയ ആരോ പറഞ്ഞു.

“അതെ… അതെ അവർ തന്നെ”

“അന്ന് വന്നിട്ട് പോയതല്ലെ. പിന്നെയും അവരെന്തിനാണാവോ വന്നത്.”

അങ്ങനെ പലതരത്തിലുള്ള അഭിപ്രായങ്ങളും പറഞ്ഞുകൊണ്ട് ഓരോരുത്തരായി അടുത്തെത്തി. നന്ദൻമാഷ് എല്ലാരേയും പകപ്പോടെ നോക്കി. തന്‍റെ വീടാണതെന്നും, താൻ ഇതിനു മുമ്പ് അവിടെ തനിയെ എത്തിയിട്ടുണ്ടെന്നും ഉള്ള കാര്യമെല്ലാം അദ്ദേഹം മറന്നു കഴിഞ്ഞിരുന്നു. ചുറ്റും കൂടിയവരെക്കണ്ട് സുമേഷ് ചോദിച്ചു.

“നിങ്ങളുടെ മാനേജർ രാജീവ് ഇതുവരെ വന്നില്ലെ?”

“വരാറായിട്ടുണ്ട്. സാധാരണയായി പത്തുമണിക്കെത്താറുണ്ട്.” പറയേണ്ട താമസം, രാജീവിന്‍റെ ബൈക്ക് സ്നേഹസദനത്തിന്‍റെ മുറ്റത്തെത്തി നിന്നു. ബൈക്കിലിരുന്നുകൊണ്ടു തന്നെ സുമേഷിനേയും നന്ദൻമാഷിനേയും അയാൾ കണ്ടു. വേഗം താഴെയിറങ്ങി സുമേഷിന്‍റെ അടുത്തേക്ക് ചെന്നു.

“ഹലോ സുമേഷ്… നിങ്ങൾ പറഞ്ഞ സമയത്തു തന്നെ വന്നുവല്ലോ.”

”അതെ… അച്ഛനെ ഇവിടെ കൊണ്ടു വന്നാക്കാൻ അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടർ തന്നെയാണ് പറഞ്ഞത്.”

“ഏതു ഡോക്ടർ?”

“സ്മൃതി ഹോസ്പിറ്റലിലെ ഡോക്ടർ സൈമൺ.”

“ഓ… ഡോക്ടർ ഇവിടെ വിസിറ്റിനു വരാറുണ്ട്. അദ്ദേഹം റഫർ ചെയ്ത ചില രോഗികൾ ഇവിടെയുണ്ട്.”

“ശരി… ശരി… അപ്പോൾ അച്ഛനെ അകത്തോട്ട് ഇരുത്താമല്ലോ അല്ലേ?”

“തീർച്ചയായും… വേണമെങ്കിൽ നന്ദൻമാഷിനെ ഞാനും പിടിക്കാം.” അങ്ങനെ പറഞ്ഞ് അവർ രണ്ടു പേരും കൂടി നന്ദൻമാഷിനെ മെല്ലെ നടത്തി അകത്തെത്തിച്ചു. അദ്ദേഹം ആകെ ക്ഷീണിതനായിരിക്കുന്നതായി രാജീവിന് തോന്നി.

“നിങ്ങൾ പറഞ്ഞതു കാരണം ഞാൻ മാഷിനു വേണ്ടി ഒരു നല്ല മുറി തന്നെ ഒരുക്കിയിട്ടുണ്ട്. വരൂ… നമുക്ക് അങ്ങോട്ടു കൊണ്ടുപോകാം.”

വേറെ ചിലരും കൂടി അവരെ സഹായിക്കാനെത്തി. അവർ ആ മുറിയിലെ കട്ടിലിൽ നന്ദൻമാഷിനെ പിടിച്ചു കിടത്തി. രാജീവ് ഒരു നല്ല പുതപ്പെടുത്ത് അദ്ദേഹത്തെ പുതപ്പിച്ചു. അല്പം കഴിഞ്ഞ് എവിടെ നിന്നെന്നറിയാതെ ഹേമാംബിക ഓടിയെത്തി. നന്ദൻമാഷ് വന്നിട്ടുണ്ടെന്ന് ആരോ പറഞ്ഞ് അറിഞ്ഞാണ് അവർ ഓടി എത്തിയത്. സ്വന്തം കണ്ണുകളെ വിശ്വസിക്കാനാവാത്തതു പോലെ അവർ അദ്ദേഹത്തെ അല്പനേരം നോക്കി നിന്നു. ഒരിക്കൽക്കൂടി ഈശ്വരൻ തന്‍റെ അഭിലാഷ പൂർത്തീകരണം നടത്തി തന്നിരിക്കുന്നു. ഇന്നലെ രാജീവ് പറയുമ്പോൾ പോലും അവർക്ക് ആയാഥാർത്ഥ്യം അംഗീകരിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ഇന്നിപ്പോൾ തന്‍റെ കൺമുന്നിൽ തന്നെ ആ യാഥാർത്ഥ്യം അവതരിച്ചിരിക്കുന്നു… ഹേമാംബിക സ്വയം മറന്നു. തന്നെ ആരോ ഏതോ ആനന്ദത്തിന്‍റെ കൊടുമുടികളിലേക്ക് ഒരു തൂവൽ പോലെ പറത്തിക്കൊണ്ടു പോകുന്നതായി അവർക്കുതോന്നി.

“അല്ലാ ഹേമാംബിക ടീച്ചർ വാതിൽക്കൽ തന്നെ സ്വപ്നം കണ്ട് നിൽക്കുകയാണോ?”

രാജീവ് ഹേമാംബിക ടീച്ചറിന്‍റെ നില്പുകണ്ട് കളിയാക്കി ചോദിച്ചു. അത് കേട്ട് ഹേമാംബിക ഒന്നു വല്ലാതെയായി. എങ്കിലും പറഞ്ഞു.

“നന്ദൻമാഷിനെ വീണ്ടും ഇവിടെത്തന്നെ കൊണ്ടുവന്നല്ലോ അല്ലേ? അതു നന്നായി.”

“അതെ… ഇദ്ദേഹം ഇനി കുറെ നാൾ നമ്മുടെ പരിചരണത്തിൽ ഇവിടെ ഉണ്ടാകും. ചിലപ്പോൾ ദീർഘകാലത്തേക്ക്. അല്ലെ സുമേഷ്.”

രാജീവിന്‍റെ ആ ചോദ്യം അർത്ഥഗർഭമായിരുന്നു. സുമേഷിനെ അയാൾ അതിനകം നല്ല വണ്ണം പഠിച്ചു കഴിഞ്ഞിരുന്നു. തന്‍റെ ജൂനിയറായി സ്ക്കൂളിൽ പഠിക്കുന്ന കാലത്തു തന്നെ അയാൾക്ക് സുമേഷിനെ അറിയാം. മനുഷ്യപ്പറ്റു കുറഞ്ഞ ഏറെ സ്വാർത്ഥത മാത്രം കൈമുതലായുള്ള ഒരു വിദ്യാർത്ഥിയായിരുന്നു അയാൾ അന്നും. അയാളുടെ ലക്ഷ്യങ്ങൾ എന്തൊക്കെയായിരിക്കുമെന്നും ബുദ്ധിമാനായ രാജീവ് ഏതാണ്ടൊക്കെ ഊഹിച്ചിരുന്നു. എങ്കിലും ഒന്നും പ്രകടിപ്പിക്കാതെ രാജീവ് പറഞ്ഞു

“നമുക്ക് ബാക്കി ഫോർമാലിറ്റീസ് നോക്കിയാലോ സുമേഷ്. നന്ദൻമാഷിനെ ഹേമടീച്ചർ നോക്കിക്കോളും. അല്ലാ… മാഷ് വല്ലതും കഴിച്ചതാണോ?” രാജീവ് സുമേഷിനെ നോക്കി.

“ഇല്ല രാവിലെ ബ്രേക്ഫാസ്റ്റ് കഴിക്കാതെയാണ് ഞങ്ങൾ ഇറങ്ങിയത്.”

അതു കേട്ട് രാജീവ് തിരിഞ്ഞ് ഹേമാംബികയോടു പറഞ്ഞു. “എന്നാൽ ടീച്ചർ വേഗം അദ്ദേഹത്തിന് ബ്രേക്ഫാസ്റ്റ് കൊടുക്കു.”

വീണ്ടും രാജീവ് തിരിഞ്ഞ് സുമേഷിനോടു ചോദിച്ചു, “അദ്ദേഹത്തിന്‍റെ മരുന്നുകൾ കൊണ്ടുവന്നിട്ടുണ്ടോ?”

“ഉണ്ട്. കാറിലിരിക്കുകയാണ്. ഞാൻ പോയി എടുത്തു കൊണ്ടുവരാം.”

സുമേഷ് കാറിനടുത്തേക്ക് നടന്നു. അപ്പോൾ രാജീവ് ഹേമാംബിക ടീച്ചറിനോടു പറഞ്ഞു.

“കണ്ടോ ടീച്ചർ, സമയം പത്തുമണിയായിട്ടും അവർ അദ്ദേഹത്തിന് ബ്രേക്ഫാസ്റ്റ് നൽകിയിട്ടില്ല. ഇതിൽ നിന്നു തന്നെ അറിയാം സുഖമില്ലാത്ത ഈ മനുഷ്യനെ അയാളും ഭാര്യയും എങ്ങനെയാണ് നോക്കിയിരുന്നതെന്ന്.”

ഹേമാംബിക ടീച്ചർ അത് കേട്ട് സഹതാപത്തോടെ നന്ദൻമാഷിനെ നോക്കി. അപ്പോഴേക്കും സുമേഷ് ഒരു കവറിൽ മരുന്നും, നന്ദൻമാഷിന്‍റെ ഉടുപ്പുകൾ നിറച്ച ബാഗുമായെത്തി… ബാഗ് മേശപ്പുറത്തു വച്ച് അയാൾ പറഞ്ഞു.

“ഇതിൽ അച്ഛന്‍റെ ഡ്രസ്സുകളുണ്ട്. കവറിൽ മരുന്നുകളും.” എന്നിട്ടയാൾ രാജീവിനെ നോക്കി പറഞ്ഞു.

“എങ്കിൽ നമുക്ക് ഓഫീസ് റൂമിലേക്ക് പോകാം രാജീവ്. എന്തൊക്കെയാണ് ഫോർമാലിറ്റീസ് എന്നു പറഞ്ഞാൽ ഞാൻ ചെയ്യാം.”

“എന്നാൽ സാർ വരൂ. നമുക്ക് ഓഫീസ് റൂമിലേക്കു പോകാം..” രാജീവ് സുമേഷിനേയും കൂട്ടി ഓഫീസ് റൂമിലേക്ക് നടക്കാൻ തുനിഞ്ഞപ്പോൾ ഹേമാംബിക പറഞ്ഞു.

“രാജീവ്… ഒരു മിനിട്ട്… ഞാൻ നന്ദൻമാഷിനുള്ള ആഹാരം എടുത്തുകൊണ്ടുവരാം. അതുവരെ രാജീവ് ഇവിടെ ഒന്ന് നില്ക്കുമോ?”

“ഓ.കെ… ടീച്ചർ പോയി ആഹാരം എടുത്തു കൊണ്ടുവന്നു കൊള്ളൂ. ഞാനും സുമേഷ് സാറും നന്ദൻമാഷിന്‍റെ അടുത്ത് അതുവരെ നിന്നു കൊള്ളാം.”

“വളരെ ഉപകാരം രാജീവ്.” അങ്ങനെ പറഞ്ഞ് ഹേമാംബിക ആഹാരം എടുക്കാനായി അടുക്കളയിലേക്കു നടന്നു. അടുക്കളയിൽ ഉച്ചക്കുള്ള ആഹാരം പാകം ചെയ്യുന്ന തിരക്കിൽ നയന മുഴുകി നിന്നിരുന്നു. ഹേമാംബിക ഒരു പ്ലേറ്റിൽ പ്രാതൽ വിളമ്പുന്നതു കണ്ട് നയന ചോദിച്ചു.

“ആർക്കാ അമ്മേ… ഇതെല്ലാം എടുക്കുന്നത്… എല്ലാപേരും നേരത്തേ ബ്രേക്ക്ഫാസ്റ്റ് കഴിച്ചുകഴിഞ്ഞതാണല്ലോ.”

അതു കേട്ട് ഹേമാംബിക പുഞ്ചിരിയോടെ പറഞ്ഞു. “ഇത് നന്ദൻമാഷിനുള്ളതാണ്.”

നയന അതു കേൾക്കേണ്ട താമസം “ഹായ്… നന്ദൻമാഷോ… നന്ദൻമാഷ് വന്നിട്ടുണ്ടോ? എന്നിട്ട് എവിടെ?” എന്ന് ആഹ്ളാദത്തോടെ ചോദിച്ചു.

“അദ്ദേഹം അകത്ത് മുറിയിലുണ്ട്. ഇതുവരെ അദ്ദേഹം ഒന്നും കഴിച്ചിട്ടില്ല. ഞാൻ ഈ ആഹാരം അദ്ദേഹത്തിന് വേഗം കൊണ്ടുപോയി കൊടുക്കട്ടെ.” എന്ന് പറഞ്ഞ് ധൃതിയിൽ ഒരു പ്ലേറ്റിൽ ഇഡ്ഡലിയും, ടംബ്ലറിൽ സാമ്പാറും ചമ്മന്തിയും മറ്റും എടുത്തു നടന്നു.

“അപ്പോൾ അമ്മയ്ക്കിന്നുത്സവമാണല്ലോ. ഈ കറി ഒന്നു പാകം ചെയ്ത് കഴിയട്ടെ. ഞാനും വരാം നന്ദൻമാഷിനെ കാണാൻ.” നയന ഒരുപാട് സന്തോഷത്തോടെ വിളിച്ചു പറഞ്ഞു. അവൾ നോക്കിയപ്പോൾ അകന്നു പോകുന്ന അമ്മയുടെ മുഖത്ത് ഈ പ്രായത്തിലും ചുമപ്പു പടരുന്നതും, കണ്ണുകളിൽ ആയിരം പൂത്തിരികൾ പൊട്ടി വിടരുന്നതും കണ്ടു.

അവൾ ഹേമാംബിക ടീച്ചറിൽ നിന്ന് നന്ദൻമാഷിനെപ്പറ്റി ഇതിനോടകം ധാരാളം കേട്ടുകഴിഞ്ഞിരിക്കുന്നു. ഒരു കാലത്ത് നന്ദൻമാഷ് ഹേമാംബിക ടീച്ചറിന്‍റെ ഹൃദയേശ്വരനായിരുന്നു എന്ന കാര്യവും അവൾക്കറിയാമായിരുന്നു. മറ്റാരേയുംകാൾ നന്നായി ഹേമാംബിക ടീച്ചറിനെ അറിഞ്ഞിരുന്ന നയന അതുകൊണ്ടു തന്നെ ഏറെ സന്തോഷിച്ചു. തന്‍റെ അമ്മക്ക് ഇതിൽപ്പരം സന്തോഷം വേറെയുണ്ടാവുകയില്ലെന്ന ധാരണയിൽ അവൾ സ്വയം മറന്നു.

അടുക്കളയിൽ നിന്നും തിരിച്ചെത്തിയ ഹേമാംബികടീച്ചർ പ്ലേറ്റ് മേശപ്പുറത്ത് വച്ച് രാജീവിനോടു പറഞ്ഞു.

“ഇനി നിങ്ങൾ പൊക്കോളു. ഞാൻ നന്ദൻമാഷിന് ഈ ആഹാരം എടുത്തു കൊടുത്തു കൊള്ളാം.”

“ശരി ടീച്ചർ” രാജീവും സുമേഷും നടന്നുനീങ്ങിയപ്പോൾ, ഹേമാംബിക ശാന്തനായി കണ്ണടച്ചു തളർന്നു കിടക്കുന്ന നന്ദൻമാഷിനെ നോക്കി. അവർ അദ്ദേഹത്തിന്‍റെ അടുത്ത് ഇരുന്നു. നരകയറിയ ശ്മശ്രുക്കൾ നിറഞ്ഞ ആ മുഖത്ത് പഴയ നന്ദൻമാഷിനെ സങ്കല്പിക്കാൻ അവർ ശ്രമിച്ചു നോക്കി. അതീവസുന്ദരനായ ആ നന്ദൻമാഷിന്‍റെ രൂപത്തിന് ഇന്നത്തെ വൃദ്ധന്‍റെ രൂപവുമായി അല്പം പോലും സാമ്യതയിലെന്ന ദുഃഖസത്യം അവർ തിരിച്ചറിഞ്ഞു. ആ നന്ദൻമാഷിന്‍റെ ഒരു പേക്കോലം മാത്രമാണ് ഇന്ന് താൻ മുന്നിൽ കാണുന്നത്. ആ കാലങ്ങൾ മനസ്സിലേക്കോടിയെത്തിയപ്പോൾ അവരുടെ കണ്ണുകൾ ഈറനണിഞ്ഞു. പെട്ടെന്ന് കണ്ണുകൾ തുടച്ച് അവർ നന്ദൻമാഷിനെ തൊട്ടു വിളിച്ചു

“മാഷെ… ഒന്നെണീറ്റേ… നമുക്കീ ഭക്ഷണം കഴിക്കാം.”

നന്ദൻമാഷ് പെട്ടെന്ന് ഞെട്ടിയുണർന്ന് ചുറ്റും പകപ്പോടെ നോക്കി. മുന്നിലിരിക്കുന്ന ഹേമാംബികയെ തുറിച്ചു നോക്കി.എന്നിട്ട് പേടിയോടെ പറഞ്ഞു.

“എന്നെ… തല്ലല്ലേ…” ഹേമാംബിക ആ വാക്കുകൾ കേട്ടത് ഏറെ ഹൃദയവേദനയോടെയാണ്.അപ്പോൾ ആരോ അദ്ദേഹത്തെ ഉപദ്രവിക്കാൻ ശ്രമിച്ചിരിക്കുന്നു. അതൊരു പക്ഷെ സുമേഷായിരിക്കും. അയാൾ അതിനും മടിക്കുകയില്ല. ഹേമാംബിക വിചാരിച്ചു. പെട്ടെന്ന് മുഖത്ത് പുഞ്ചിരി വരുത്തി ഹേമാംബിക പറഞ്ഞു.

“മാഷ് എന്നെ ഓർക്കുന്നില്ലെ? ഞാൻ സൗദാമിനിയാണ്… മാഷിന്‍റെ ഭാര്യ…”

അന്നൊരിക്കൽ ഇവിടെ എത്തിയ നന്ദൻമാഷ് തന്നെ സൗദാമിനിയായി കണ്ട കാര്യം ഓർമ്മിച്ചാണ് ഹേമാംബിക അത് പറഞ്ഞത്.

“സൗ… ദാമിനി… സൗ… ദാ… മിനി..” നന്ദൻമാഷ് ആ വാക്കുകൾ പലവുരു ഉരുവിട്ടു, എന്തോ ഓർമ്മിച്ചെടുക്കാൻ ശ്രമിക്കുന്നതു പോലെ ഇരുന്നു. അപ്പോൾ ഹേമാംബിക അദ്ദേഹത്തിന്‍റെ വായിലേക്ക് ചമ്മന്തിയിൽ മുക്കിയ ഇഡ്ഡലിക്കഷ്ണം വച്ചു കൊടുക്കാൻ ശ്രമിച്ചു. അപ്പോൾ നന്ദൻമാഷ് “ഉം… ഉം..” എന്ന് പറഞ്ഞ് പ്രതിഷേധിച്ചു കൊണ്ട് അത് തട്ടിക്കളഞ്ഞു. എന്നിട്ട് വായടച്ചുപൂട്ടി ഇരുന്നു.

അപ്പോൾ ഹേമാംബിക അദ്ദേഹത്തിന്‍റെ കൈകളിൽ മെല്ലെ തഴുകി പറഞ്ഞു.

“അതെ മാഷെ… ഞാൻ മാഷിന്‍റെ സൗദാമിനി തന്നെയാണ്. മാഷിന്‍റെ മിനി..”

പെട്ടെന്ന് എന്തോ മനസ്സിൽ പതിഞ്ഞതുപോലെ മാഷ് ശാന്തനായി. അപ്പോൾ ഹേമാംബിക അദ്ദേഹത്തെ പിടിച്ച് എണീപ്പിച്ച് തലയിണയിൽ ചാരി ഇരുത്തി. എന്നിട്ട് പ്ലേറ്റിൽ നിന്ന് ഇഡ്ഡലി എടുത്ത് ഓരോ കഷ്ണം ചമ്മന്തിയിൽ മുക്കി മാഷിന്‍റെ വായിൽ വച്ചു കൊടുത്തു. അപ്പോൾ മാഷ് ശാന്തനായ ഒരു മാൻകുട്ടിയെ പോലെ തോന്നി.

താൻ സ്വയം സൗദാമിനിയായി മാറുകയാണെന്ന് ഹേമാംബികയ്ക്ക് തോന്നി. അവർ ചിരിച്ചുകൊണ്ട് മാഷിനോട് പറയാൻ തുടങ്ങി.

“മാഷിന് ഓർമ്മയുണ്ടോ എന്നറിയില്ല. പണ്ടിതു പോലെ മാഷിന് പനി വന്നപ്പോൾ ഞാൻ മാഷിന് നാരങ്ങാ നീരൊഴിച്ച കഞ്ഞി കോരി തന്നത്. അന്ന് കയ്ക്കുന്നു എന്ന് പറഞ്ഞ് മാഷ് ആ കഞ്ഞി മുഴുവൻ തുപ്പിക്കളഞ്ഞു… പിന്നെ അന്നെല്ലാം മരുന്നു കഴിക്കാൻ മാഷിന് എന്തു മടിയായിരുന്നു. എന്നാലും ഞാൻ തന്നാൽ മാഷ് കണ്ണുമടച്ച് അതു കഴിക്കും.”

ഇങ്ങനെ സൗദാമിനിയായി സ്വയം സങ്കല്പിച്ച് ഹേമാംബിക ആ പഴയ കാലങ്ങളിലൂടെ മാഷിനെ നടത്തിക്കൊണ്ടു പോകാൻ തുനിഞ്ഞു. മാഷിന് ഹേമാംബിക പറയുന്നത് മുഴുവൻ മനസ്സിലായില്ലെങ്കിലും എന്തൊക്കെയോ തലയിൽ കയറുന്നുണ്ടായിരുന്നു. താൻ പറയുന്നത് വെറും കെട്ടുകഥകളാണെന്ന ചിന്ത ഹേമാംബികയ്ക്കും ഉണ്ടായിരുന്നില്ല. ഒരു പക്ഷെ സൗദാമിനിയുടെ ആത്മാവ് ഹേമാംബികയിൽ ആവേശിച്ചതാണോ എന്ന് കാഴ്ച്ചക്കാർക്ക് തോന്നും വിധം ആയിരുന്നു അവരുടെ പെരുമാറ്റം…

സൗദാമിനിയുടെ മാസ്മരിക ശക്തിയിൽ മയങ്ങിയെന്നവണ്ണം നന്ദൻമാഷ് ആഹാരം മുഴുവൻ കഴിച്ചു തീർത്തു. അപ്പോൾ വാതിൽക്കൽ നയനയെത്തി ആ കാഴ്ച കണ്ടു. നന്ദൻമാഷിനെ ഒരു കൊച്ചു കുഞ്ഞിനെ എന്ന വണ്ണം തഴുകിക്കൊണ്ട് ഹേമാംബിക അദ്ദേഹത്തിന്‍റെ വായിലേക്ക് ആഹാരം വച്ചു കൊടുക്കുന്നു. അവൾ കൗതുകപൂർവ്വം വാതിൽക്കൽ അല്പനേരം അത് നോക്കി നിന്നു. എന്നിട്ട് നടന്ന് ഹേമാംബികയുടെ സമീപമെത്തി.

और कहानियां पढ़ने के लिए क्लिक करें...