നന്ദൻമാഷിന്‍റെ മുറിയ്ക്കകത്തു നിന്നും കരച്ചിലിന്‍റെ ശബ്ദം കേട്ട് ഓടിയെത്തിയവർ നോക്കിയപ്പോൾ കണ്ടത് കിച്ചുവും, നന്തുവും കൂടി ടെഡിബിയറിനു വേണ്ടി വഴക്കിടുന്നതാണ്.
“ഉം.. ഇത്. എന്‍റെ തെഡി ബിയർ ആണ്… ഞാനിതാക്കും കൊക്കൂല്ല…” നന്തു വീറോടെ പറഞ്ഞു.
“ഉം… എനിച്ചു വേനം.” അങ്ങനെ പറഞ്ഞ് കിച്ചു അവന്‍റെ കൊച്ചുകൈ കൊണ്ട് ടെഡിബിയറിനെ നന്തുവിൽ നിന്നും പിടിച്ച് വലിച്ചെടുക്കാൻ നോക്കി. അതോടെ നന്തു അവനെ പുറകോട്ടു പിടിച്ചു തള്ളി. അപ്പോൾ തലയടിച്ചു താഴെ വീണ കിച്ചുവിന്‍റെ കരച്ചിൽ ആണ് എല്ലാവരും കേട്ടത്. കിച്ചുവിനെ താര ഓടിച്ചെന്ന് എടുത്തു. അവന്‍റെ തല നല്ലവണ്ണം മുഴച്ചിരുന്നു. അവൻ ഉറക്കെ ഉറക്കെ കരഞ്ഞു കൊണ്ടിരുന്നു. താര അവനെ തന്‍റെ മാറോടു ചേർത്ത് അവന്‍റെ തലതിരുമ്മി.
അപ്പോൾ സുരേഷ് നന്തുവിന്‍റെ ചെവിയിൽ പിടിച്ച് പതുക്കെ തിരിച്ചു കൊണ്ട് പറഞ്ഞു. “അല്ലെങ്കിലും ഇവനിത്തിരി വികൃതി കൂടുതലാ…. നിന്നോടു ഞാൻ പറഞ്ഞതല്ലെ, ഇങ്ങോട്ടു പോരുമ്പോൾ ആ ടെഡി ബിയറിനെയൊന്നും എടുക്കേണ്ടാ എന്ന്… ഇപ്പോ മനസ്സിലായോടാ…”
നന്തു ഉറക്കെ കരയുന്നതു കണ്ടപ്പോൾ സുനന്ദയ്ക്ക് വിഷമമായി. “പോട്ടെ സുരേഷേട്ടാ… അവര് കൊച്ചു പിള്ളേരല്ലെ? അങ്ങനെ ഒക്കെ കിടക്കും.” എന്നു പറഞ്ഞ് സുനന്ദ നന്തുവിനെ വാരിയെടുത്തു.
രണ്ടമ്മമാർക്കും തങ്ങളുടെ മക്കളോടുള്ള സ്നേഹം കണ്ട് സുമേഷ് പറഞ്ഞു, “കണ്ടോ മക്കൾക്കല്ല നൊന്തത്.അവരുടെ തളളമാർക്കാ… അതുപോട്ടെ… നിങ്ങളെല്ലാം കളി മതിയാക്കി പുറത്തേക്കിറങ്ങ്. അപ്പൂപ്പനെ ഞങ്ങള് ഇപ്പത്തന്നെ ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ പോവുകയാ.”
“ഹോസ്പിറ്റലിലോ… അതിന് അപ്പൂപ്പന് എന്തസുഖമാ ചെറിയഛാ” രമ്യയാണത് ചോദിച്ചത്.
“അപ്പൂപ്പന് അസുഖമൊന്നുമില്ല. അപ്പൂപ്പൻ ഇത്രയും നേരം ഞങ്ങളുടെ കൂടെ ചിരിക്കുകയും കളിക്കുകയും ഒക്കെ ചെയ്തല്ലോ…”
“അത് ചിലപ്പോ അപ്പൂപ്പന് ചില അസുഖം ഉണ്ടാകാറില്ലേ? എല്ലാവരേയും ഉപദ്രവിക്കാൻ നോക്കുക, ചിലതെല്ലാം മറന്നു പോകുക…. അങ്ങനെ ചിലതെല്ലാം അതിനാ ഡോക്ടറെ കാണിക്കുന്നത്.”
“ഞങ്ങടെ കൂടെ കളിച്ചാ അപ്പൂപ്പന്‍റെ അസുഖമെല്ലാം മാറും.” ചിന്നുവാണ് അത് പറഞ്ഞത്.
“അതിനി ഹോസ്പിറ്റലിൽ പോയിട്ടു വന്നിട്ടാകട്ടെ…ഉം. എല്ലാവരും കളി മതിയാക്കി അപ്പൂപ്പന്‍റെ മുറിയിൽ നിന്ന് പുറത്തേക്കിറങ്ങിക്കേ. സുരേഷേട്ടൻ മാത്രം ഇവിടെ നിന്നാൽ മതി.”
അങ്ങനെ പറഞ്ഞ് സുമേഷ് സുരേഷിനെ ഒഴിച്ച് ബാക്കി എല്ലാപേരേയും പുറത്തിറക്കി. എന്നിട്ട് സുരേഷിനെ വിളിച്ച് അടുത്തു നിർത്തിയിട്ട് പറഞ്ഞു. “അച്ഛനെ ഇപ്പോത്തന്നെ ഹോസ്പിറ്റലിൽ കൊണ്ടുപോയാലോ എന്ന് എനിക്കൊരാലോചന. ചേട്ടനാണെങ്കിൽ ലീവും അധികമില്ലല്ലോ. എനിക്കും ഒഴിവുകിട്ടാൻ പ്രയാസമാണ്. ഇന്നത്തെ ദിവസം ഞാൻ ഏതായാലും ചേട്ടൻ വരുന്നതു പ്രമാണിച്ച് ലീവെടുത്തു. ഇനി ഇപ്പോൾ അച്ഛനെ ഡോക്ടറെ കാണാൻ താമസിപ്പിക്കണ്ട. എനിക്ക് പരിചയമുള്ള ഒരു ഹോസ്പിറ്റലും ഡോക്ടറുമുണ്ട്. ഞാൻ നേരത്തെ വിളിച്ച് അന്വേഷിച്ചപ്പോൾ അങ്ങോട്ടു ചെന്നാൽ മതി അപ്പോയിന്‍റ്മെന്‍റ് ഒന്നും എടുക്കണ്ട എന്നു പറഞ്ഞു. നമുക്ക് ഇപ്പത്തന്നെ അച്ഛനേയും കൊണ്ട് പോയാലോ ചേട്ടാ…” സുമേഷിന്‍റെ ചോദ്യം കേട്ട് സുരേഷ് ആലോചനയോടെ പറഞ്ഞു.
“നീ പറഞ്ഞതു ശരിയാണ്. അച്ഛന്‍റെ അസുഖം ഇപ്പോൾ ആരംഭത്തിലാണെന്നു തോന്നുന്നു. ഇനിയും വച്ചു താമസിപ്പിക്കാതിരിക്കുകയായിരിക്കും നല്ലത്. നമുക്ക് ഇന്ന് തന്നെ അച്ഛനെ ഏതെങ്കിലും സൈക്കിയാട്രിസ്റ്റിനെയോ ന്യൂറോളജിസ്റ്റിനേയോ കാണിക്കാം. അത് നിനക്ക് നല്ല പരിചയമുള്ള ഡോക്ടറാണെങ്കിൽ വളരെ നല്ലത്.”
“അതെ ചേട്ടാ, അതാ ഞാൻ പറഞ്ഞത് അധികം ദൂരെയല്ലാതെ ‘സ്മൃതി’ എന്ന പേരിൽ ഒരു ഹോസ്പ്പിറ്റൽ ഉണ്ട്. അവിടത്തെ ഡോക്ടർ സൈമൺ എന്‍റെ സുഹൃത്താണ്. വളരെ പേരു കേട്ട ഒരു സൈക്കിയാട്രിസ്റ്റാണദ്ദേഹം. നമുക്ക് അദ്ദേഹത്തെ കാണിക്കാം.”
“ഓകെടാ. നമുക്കെങ്കിൽ ഇപ്പോൾത്തന്നെ പോകാം.” അതു കേട്ടഉടൻ തന്നെ സുമേഷ് അച്ഛന്‍റെ ഷർട്ട് ഊരി മാറ്റാൻ തുടങ്ങി. അപ്പോൾ അടുത്തു നിന്ന സുരേഷ് പറഞ്ഞു.
“അച്ഛന്‍റെ ദേഹം വല്ലാതെ നാറുന്നു. അച്ഛനെ ആരും കുളിപ്പിക്കാറില്ലെ?” സുരേഷ് ചോദിച്ചു
“ആദ്യമൊക്കെ അച്ഛൻ തനിയെ കുളിക്കുമായിരുന്നു. ഇപ്പോ അച്ഛൻ കുളിക്കാൻ മറന്നു പോയതു പോലെ ബാത്റൂമിൽ പോയിട്ട് മടങ്ങിവരുന്നതു കാണാം.. കുറച്ചു നാളായി അച്ഛന്‍റെ ദിനകൃത്യങ്ങളെല്ലാം ശാന്തിയാണ് ചെയ്യിച്ചിരുന്നത്. ശാന്തി വല്ലപ്പോഴും മേലു തുടച്ചു കൊടുക്കും. അതല്ലാതെ കുറെ നാളായിട്ട് കുളിയൊന്നുമില്ല. കിച്ചുവിനെ നോക്കേണ്ടതുകൊണ്ട് ശാന്തിക്ക് സമയമില്ലാതെ വന്നതോടെയാണ് ഏജൻസിയിൽ നിന്ന് ആളെ വരുത്തിയത്. അവരാണ് രണ്ടു ദിവസമായി അച്ഛന്‍റെ കാര്യങ്ങൾ നോക്കിയിരുന്നത്. ഒടുവിൽ അതെങ്ങനെ ആയെന്ന് ചേട്ടൻ കണ്ടതല്ലെ?”
“എങ്കിൽ ആദ്യം അച്ഛനെ നമുക്ക് ഒന്ന് കുളിപ്പിക്കാമെടാ.” സുരേഷ് പറഞ്ഞതു കേട്ട് സുമേഷിന് അല്പം മടിയുണ്ടായിരുന്നെങ്കിലും ഏട്ടനെ അനുസരിക്കാതെ നിവൃത്തിയില്ലായിരുന്നു.
“അച്ഛൻ എണീറ്റേ. നമുക്ക് കുളിമുറിയിലേക്കു പോകാം.” അങ്ങനെ പറഞ്ഞ് അവർ രണ്ടുപേരും കൂടി നന്ദൻമാഷിനെ കുളിമുറിയിലെത്തിച്ചു. നന്ദൻമാഷ് കൈവിടുവിച്ച് പ്രതിഷേധിക്കാൻ നോക്കി.
“അച്ഛൻ മര്യാദയ്ക്കിരുന്നില്ലെങ്കിൽ എനിക്ക് പിള്ളേരെ തല്ലുന്ന വടിയെടുക്കേണ്ടി വരുമേ.” സുമേഷ് ഭീഷണിപ്പെടുത്തി.
“അച്ഛനെ തല്ലുമോടാ?” സുരേഷ് അമ്പരപ്പോടെ ചോദിച്ചു
“ഏയ്. ഒന്ന് പേടിപ്പിക്കാനാ ചേട്ടാ. പിള്ളേരെ തല്ലുന്ന വടിയെടുത്താ മതി അച്ഛന് പേടിയാ.”
അതു കേട്ട് സുരേഷിന് വിഷമം തോന്നിയെങ്കിലും ഒന്നും മിണ്ടിയില്ല. അങ്ങനെ ആദ്യം പ്രതിഷേധിച്ചെങ്കിലും നന്ദൻമാഷ് പിന്നീട് സുമേഷിന്‍റെ ഭീഷണിപ്പെടുത്തലിൽ പേടിച്ച് അതിനനുവദിച്ചു.
ഗീസറിൽ നിന്നുള്ള ചെറു ചൂടുവെള്ളത്തിൽ കുളി കഴിഞ്ഞപ്പോൾ നന്ദൻമാഷ് ഉഷാറായി. പിന്നീട് ടൗവ്വൽ കൊണ്ട് തുടച്ച് പുതിയ ഷർട്ട് ധരിപ്പിച്ചതോടെ നന്ദൻമാഷിന്‍റെ മുഖം പ്രസന്നമായി.
“നമുക്ക് ഒന്ന് പുറത്തുപോയി വന്നാലോ അച്ഛാ?” സുരേഷ് ചോദിച്ചു.
ആ മുറിക്ക് പുറത്തുകടക്കുന്നത് നന്ദൻമാഷിന് സന്തോഷമുള്ള കാര്യമായിരുന്നു. പുറത്തുപോകുന്നത് അതിലേറെ സന്തോഷവും. അവർ രണ്ടുപേരും കൂടി നന്ദൻമാഷിന്‍റെ കാലിൽ ചെരുപ്പ് ഇടീച്ചു കൊടുത്തു. എന്നിട്ട് പതുക്കെ നടത്തി പൂമുഖത്തെത്തിച്ചു.അതു കണ്ട് താരയും സുനന്ദയും അത്ഭുതപ്പെട്ടു നോക്കി നിന്നു.
“അച്ഛനെ നിങ്ങൾ എവിടെ കൊണ്ടു പോകുന്നു?” സുനന്ദ ചോദിച്ചു
“ഞങ്ങൾ അച്ഛനെ ഇന്നു തന്നെ ഇവിടെ അടുത്ത് ഒരു സൈക്കിയാട്രിസ്റ്റിനെ കാണിക്കാൻ കൊണ്ടുപോകുകയാണ്. ഇനിയും താമസിച്ചാൽ ശരിയാവുകയില്ല.”
“ആരെയാ സുമേഷേട്ടാ കാണിക്കുന്നത്?” താര ചോദിച്ചു
“അത് ‘സ്മൃതി’ ഹോസ്പിറ്റലിലെ ഡോ. സൈമണിനെ കാണിക്കാമെന്നു വിചാരിച്ചു. അദ്ദേഹത്തിനോടാകുമ്പോൾ എല്ലാം തുറന്നു സംസാരിക്കാമല്ലോ.” സുമേഷ് പറഞ്ഞു
“അതു നന്നായി. ഏതായാലും രണ്ടു പേരും കാപ്പി മുഴുവൻ കുടിച്ചില്ലല്ലോ. അതു കുടിച്ചിട്ട് പൊയ്ക്കോളു. അതുവരെ അച്ഛൻ പൂമുഖത്തിരിക്കട്ടെ.” താര പറഞ്ഞു.
“അച്ഛൻ വല്ലതും കഴിച്ചോ?” സുരേഷ് ചോദിച്ചു
“അച്ഛന് സാറാമ്മ കൊടുക്കാൻ ചെന്നതിന്‍റെ കോലാഹലങ്ങളാ നമ്മള് രാവിലെ കണ്ടത്. പിന്നെ ശാന്തി ചെന്ന് ആഹാരം എടുത്തുകൊടുത്തപ്പഴാ അച്ഛൻ കഴിച്ചത്.” താര അല്പം പുഛരസത്തിൽ പറഞ്ഞു.
“പിള്ളേരെവിടെ? അവരോട് കുറച്ചുനേരം കൂടി അച്ഛന്‍റെ അടുത്തിരിക്കാൻ പറ” സുരേഷ് താരയോട് പറഞ്ഞു.
“അവര് കാപ്പി കുടികഴിഞ്ഞ് മുറ്റത്ത് കളിക്കുന്നുണ്ട്. ഞാൻ ചെന്നു വിളിച്ചുകൊണ്ടു വരാം.” എന്നു പറഞ്ഞ് ശാന്തി അവരെ വിളിക്കാൻ പോയി. അവൾ പിള്ളേരെ വിളിച്ചുകൊണ്ടുവന്ന് അപ്പൂപ്പന്‍റെ അടുത്തിരുത്തി. അപ്പോൾ നന്ദൻമാഷ് സന്തോഷത്തോടെ അവരുടെ കൂടെ ഇരുന്നു. സുരേഷും, സുമേഷും, വേഗം കാപ്പി കുടി കഴിഞ്ഞ് തങ്ങളുടെ ഡ്രസ്സ് മാറാൻ പോയി.
പുതിയ ഷർട്ട് ധരിച്ച് പുറത്തെത്തിയ സുമേഷ് ഒരിക്കൽക്കൂടി ഡോ. സൈമണിനെ വിളിച്ച് തങ്ങൾ എത്തുകയാണെന്ന് അറിയിച്ചു. പിന്നീട് കാർഷെഡിൽ നിന്നും കാറെടുത്ത് മുറ്റത്തുവന്നു. അപ്പോൾ സുരേഷ് അച്ഛനെ മെല്ലെ പിടിച്ചു നടത്തി കാറിനടുത്തെത്തിച്ചു. അദ്ദേഹം സുരേഷിന്‍റെ അടുത്ത് ഏറെ അനുസരണയുള്ളതു പോലെ പെരുമാറി.
നന്ദൻമാഷ് കാറിൽ കയറി ഇരുന്നു കഴിഞ്ഞപ്പോൾ കുട്ടികൾ കാറിനു ചുറ്റും കൂടി “അപ്പൂപ്പാ ടാറ്റാ” എന്നു പറഞ്ഞു. നന്ദൻമാഷ് കുട്ടികളെ വിട്ടു പിരിയുന്നതിൽ അല്പം വിഷമത്തോടെ അവരെ നോക്കിയിരുന്നു. സുരേഷ് നന്ദൻമാഷിനോടൊപ്പം പുറകിലത്തെ സീറ്റിലിരുന്നു.
“അപ്പോൾ ഞങ്ങൾ പോയിട്ടു വരാം.” കാർ മുന്നോട്ട് എടുക്കുന്നതിനിടയിൽ സുമേഷ് സുനന്ദയേയും താരയേയും നോക്കി പറഞ്ഞു.
ഹോസ്പിറ്റലിലെ കാർ പാർക്കിംങ് ഏരിയായിൽ കാർ കൊണ്ടിട്ടശേഷം സുരേഷും സുമേഷും ചേർന്ന് നന്ദൻമാഷിനെ പിടിച്ചിറക്കി. അദ്ദേഹം തീരെ നടക്കാൻ വയ്യാത്ത വിധം അവശനാണെന്നു തോന്നി. ഓരോ ദിവസം ചെല്ലുന്തോറും അദ്ദേഹം ക്ഷീണിതനായിക്കൊണ്ടിരുന്നു. ഡോ. സൈമണിന്‍റെ മുറിയിലേക്ക് ലിഫ്റ്റ് കയറി പോകണമായിരുന്നു. ഹോസ്പിറ്റലിലെ റിസപ്ഷനിൽ ചെന്ന് പേര് രജിസ്റ്റർ ചെയ്തു കഴിഞ്ഞപ്പോൾ സുമേഷ് വീൽ ചെയറിന്‍റെ ആവശ്യം പറഞ്ഞു. അവർ ഒരു വീൽചെയർ വരുത്തി നന്ദൻമാഷിനെ അതിലിരുത്തി. ലിഫ്റ്റിൽ മൂന്നാം നിലയിലേക്കവർ കയറി ചെന്നു. അവിടെ ഡോ. സൈമണിന്‍റെ റൂമിനു മുന്നിൽ വലിയ ആൾക്കൂട്ടമൊന്നുമുണ്ടായിരുന്നില്ല.
“പേഷ്യന്‍റ് അകത്തുണ്ട്.” നഴ്സ് വന്ന് അറിയിച്ചതനുസരിച്ച് അവർ പുറത്തു കാത്തിരുന്നു. ഈ സമയത്തെല്ലാം നന്ദൻമാഷ് നിശ്ശബ്ദനായിരുന്നു. പത്തു മിനിട്ട് കഴിഞ്ഞ് ആ രോഗി പുറത്തിറങ്ങിയപ്പോൾ അവർ നന്ദൻമാഷിനേയും കൊണ്ട് അകത്തുകയറി. ഡോ. സൈമൺ സുമേഷിനെ കണ്ട് പുഞ്ചിരിച്ചു കൊണ്ട് അഭിവാദ്യം ചെയ്തു. “ഹലോ സുമേഷ്.”
“ഹലോ ഡോക്ടർ, ഞാൻ നേരത്തെ ഡോക്ടറെ വിളിച്ചിരുന്നു.”
“യെസ്… യെസ്… താങ്കളുടെ അച്ഛനെ കൊണ്ടുവരുന്ന കാരും പറഞ്ഞിരുന്നു. അപ്പോൾ ഇതാണല്ലേ അച്ഛൻ. മറ്റേതാരാ?”
“അത് എന്‍റെ ജ്യേഷ്ഠനാണ് ഡോക്ടർ. അദ്ദേഹം ഇന്ന് കാലത്ത് ഗൾഫിൽ നിന്നും എത്തിയതേ ഉള്ളൂ.”
“ഓകെ. അച്ഛന് ഈ ഓർമ്മപ്പിശക് തുടങ്ങിയിട്ട് എത്ര നാളായി?”
“ഏതാണ്ട് മൂന്നു നാലു മാസമേ ആയിട്ടുള്ളു. അമ്മ മരിച്ചതിനു ശേഷമാണ് അദ്ദേഹത്തിൽ ഈ മാറ്റങ്ങൾ കണ്ടുതുടങ്ങിയത്.”
അതിനു ശേഷം നന്ദൻമാഷിനുണ്ടായിട്ടുള്ള മാറ്റങ്ങളെപ്പറ്റിയും അദ്ദേഹം സ്നേഹസദനത്തിലേക്ക് ഭാര്യയെ അന്വേഷിച്ചു പോകാറുള്ളതിനെപ്പറ്റിയും ഈയിടെയായി നന്ദൻമാഷിൽ കാണുന്ന ആക്രമണോത്സുകതയെപ്പറ്റിയും സുമേഷ് വിസ്തരിച്ചു പറഞ്ഞു. എല്ലാം കേട്ടുകഴിഞ്ഞ് ഡോക്ടർ നന്ദൻമാഷിനോട് ചില ചോദ്യങ്ങൾ ചോദിച്ചു അതിൽ നിന്നും പുതിയ കാര്യങ്ങളെക്കാൾ വളരെ പഴയ കാര്യങ്ങളാണ് നന്ദൻമാഷിന്‍റെ ഓർമ്മയിൽ തങ്ങിനില്ക്കുന്നതെന്ന് ഡോക്ടർക്കു മനസ്സിലായി. പ്രത്യേകിച്ചും ഭാര്യയെ പറ്റിയുള്ള കാര്യങ്ങൾ. ഭാര്യയുടെ അഭാവം അംഗീകരിക്കാൻഅദ്ദേഹത്തിന്‍റെ മനസ്സിനു കഴിയുന്നില്ലെന്നു ഡോക്ടർ മനസ്സിലാക്കി. ഭാര്യയും, മക്കളുമൊത്തുള്ള ആ ചെറുപ്പകാലത്തിലാണ് അദ്ദേഹത്തിന്‍റെ മനസ്സിപ്പോൾ തങ്ങി നില്ക്കുന്നത്.
“ഇതൊരുതരം ഡിമെൻഷ്യ ആണ്. ഇത്തരം രോഗികളിൽ വളരെ പഴയ ഭൂതകാലം ഓർമ്മയിൽ തങ്ങി നില്ക്കുകയും, വർത്തമാനകാലം വിസ്മൃതിയിലാകുകയും ചെയ്യും. ഇത്തരത്തിലുള്ള രോഗികൾ ചില സന്ദർഭങ്ങളിൽ അക്രമാസക്തരാകാറുണ്ട്. ഏതായാലും ചില സ്ക്കാനിങ് ടെസ്റ്റുകളും ബ്ലഡ് ടെസ്റ്റുകളും വേണ്ടിവരും. അതു കഴിഞ്ഞു പറയാം ഈ രോഗം ചികിത്സിച്ചു ഭേദമാക്കാൻ കഴിയുമോ എന്ന്. അതിനിടയിൽ ഇവിടെയുള്ള നൂറോ സർജനുമായിട്ടും ഞാൻ ഒന്ന് കൺസൽട്ട് ചെയ്യാം. പിന്നെ ഇത്തരം രോഗികൾക്ക് സ്നേഹപൂർണ്ണമായ പരിചരണം ആണ് ആവശ്യം. അല്ലാതെയുള്ള പെരുമാറ്റങ്ങൾ അവരുടെ രോഗം വർദ്ധിപ്പിക്കുകയേ ഉള്ളൂ നിങ്ങളിൽ രണ്ടു പേരിൽ ആർക്കാണതിനു കൂടുതൽ കഴിയുക എന്നതനുസരിച്ച് അദ്ദേഹത്തെ കൂടെ താമസിപ്പിക്കുക. അദ്ദേഹത്തിന്‍റെ കൂടെത്തന്നെ ഇരുന്ന് പരിചരിക്കാൻ ആരെങ്കിലും വേണം.”
“ഡോക്ടർ, എന്‍റെ വീട്ടിൽ എനിക്കും ഭാര്യക്കും ജോലിയുണ്ട്. ഡോക്ടർക്കും അതറിയാമല്ലോ. പിന്നെ ഹോം നഴ്സിനെ നിർത്തിയിട്ട് അച്ഛന് അവരെ ഇഷ്ടപ്പെടുന്നില്ല. പിന്നെ കൊച്ചുമോനെ നോക്കേണ്ടതുള്ളതു കൊണ്ട് സ്ഥിരമായി നിൽക്കുന്ന വേലക്കാരിക്കും അദ്ദേഹത്തെ പരിചരിക്കാൻ ബുദ്ധിമുട്ടുണ്ട്. അതുകൊണ്ട് ചേട്ടൻ കൊണ്ടുപോയി നോക്കുന്നതായിരിക്കും നല്ലതെന്നാണ് എനിക്കു തോന്നുന്നത്” സുമേഷ് പറഞ്ഞു നിർത്തി. അതു കേട്ട് ഡോക്ടർ പറഞ്ഞു.
“ശരിയാണ് സുമേഷ്… നിങ്ങളുടെ ബുദ്ധിമുട്ട് എനിക്കറിയാം. ഈ രോഗാവസ്ഥയിലുള്ള ഒരു രോഗിയെ പരിചരിക്കാൻ നല്ല ബുദ്ധിമുട്ടുണ്ട്. അഥവാ അതിനു തയ്യാറായാൽ തന്നെ അസാധാരണമായ ക്ഷമയും സഹനശക്തിയും വേണം.”
“അതെ. ഡോക്ടർ. അച്ഛൻ ചിലപ്പോൾ അനുസരിക്കാതെ ഇരിക്കുമ്പോൾ എനിക്ക് കൊച്ചുകുട്ടികളെപ്പോലെ വടി കാണിച്ച് പേടിപ്പിക്കേണ്ടി വന്നിട്ടുണ്ട്.”
“അതെ. അതാണ് ഞാൻ പറഞ്ഞത്. അതുകൊണ്ട് ഈ അവസ്ഥയിലുള്ളവരെ ഉപദ്രവിച്ച് അനുസരിപ്പിക്കുന്നതും ശരിയാണെന്ന് ഞാൻ പറയില്ല. അപ്പോൾ നല്ല ക്ഷമ ഇതിനാവശ്യമാണ്. നിങ്ങൾ എന്തു പറയുന്നു സുരേഷ്.” ഡോക്ടർ സുരേഷിന്‍റെ നേരേ തിരിഞ്ഞു ചോദിച്ചു
“ഞാൻ എന്തു പറയാനാണ് ഡോക്ടർ. എന്തെങ്കിലും നിവൃത്തിയുണ്ടായിരുന്നെങ്കിൽ ഞാൻ അച്ഛനെ കൊണ്ടു പോയി നല്ലോണം നോക്കുമായിരുന്നു. എനിക്ക് രണ്ടു പെൺമക്കളും ഒരു മകനുമാണുള്ളത്. പിന്നെ ഭാര്യ ഗൾഫിൽ തന്നെ കമ്പനിയിൽ വർക്കു ചെയ്യുന്നുണ്ട്. അവിടെയാണെങ്കിൽ ഒരു വേലക്കാരിയെ നിർത്തുവാനുള്ള സാഹചര്യവുമില്ല. അഥവാ നിർത്തിയാൽ തന്നെ അവർ അച്ഛനെ കാര്യമായിട്ട് നോക്കുമോ എന്നറിയില്ല. പിന്നെ അച്ഛനു വേണ്ടി ഞാൻ എന്‍റെ ജോലി ഉപേക്ഷിക്കേണ്ടിവരും. അതിനും ഞാൻ തയ്യാറാണ് ഡോക്ടർ. എന്‍റെ അച്ഛനാണ് എനിക്ക് വലുത്.” സുരേഷ് വികാരഭരിതനായി പറഞ്ഞു. അയാളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. പെട്ടെന്ന് ഡോ. സൈമൺ സുരേഷിനെ നോക്കി പറഞ്ഞു.
“ഒരു മകനെന്ന നിലയിൽ നിങ്ങൾ വലിയവനാണ് സുരേഷ്. പക്ഷെ നിങ്ങൾക്ക് അച്ഛനെ മാത്രം നോക്കിയാൽ പോരല്ലോ. നിങ്ങളെ ആശ്രയിച്ചു ജീവിക്കുന്ന ഒരു കുടുംബവും നിങ്ങൾക്കില്ലേ? പിന്നെ കുട്ടികളുടെ വിദ്യാഭ്യാസത്തിനും മറ്റും അവിടെവരുന്ന ചിലവ് എത്രത്തോളമാണെന്ന് എനിക്കറിയാം. നിങ്ങളുടെ ഭാര്യയുടെ ശമ്പളം കൊണ്ടു മാത്രം കുടുംബം കൊണ്ടുനടക്കാൻ കഴിയില്ലെന്നറിയാം. അതുകൊണ്ട് നിങ്ങളിപ്പോൾ ജോലി രാജി വക്കുന്ന കാര്യമൊന്നും ആലോചിക്കേണ്ട. ഞാൻ മറ്റൊരു പോംവഴി നിർദ്ദേശിക്കാം. നിങ്ങൾ പറഞ്ഞില്ലേ വൃദ്ധസദനത്തിലേക്ക് നിങ്ങളുടെ അച്ഛൻ ഇടയ്ക്ക് ഭാര്യയെ അന്വേഷിച്ചു പോയിരുന്നു എന്ന് അവിടെത്തന്നെ നിങ്ങളുടെ അച്ഛനെ എത്തിക്കുന്നത് നന്നായിരിക്കും. ഒരിക്കൽ തന്‍റേതായിരുന്ന ആ ഭവനത്തിൽ ഭാര്യയുണ്ടെന്നുള്ള വിശ്വാസത്തിൽ അദ്ദേഹം അവിടെ സ്വസ്ഥനായിരിക്കും. പിന്നെ അദ്ദേഹത്തെ സ്നേഹപൂർണമായി പരിചരിക്കാനും അവിടെ ആളുണ്ടല്ലോ? വീട്ടുകാർക്ക് ഇത്തരം രോഗികളെ പരിചരിക്കാൻ സാധ്യമല്ലാത്ത അവസരത്തിൽ ഇങ്ങനെയുള്ള സ്ഥലങ്ങൾ ഞങ്ങൾ നിർദ്ദേശിക്കാറുണ്ട്. ഞങ്ങൾ ഡോക്ടർമാരുടെ സേവനവും അവിടെ ലഭ്യമായിരിക്കും.”
“അതൊരു നല്ല ഐഡിയ ആണ് ഡോക്ടർ. ഞങ്ങൾ അത് പ്രാവർത്തികമാക്കാൻ ശ്രമിക്കാം.” സുമേഷ് സന്തോഷത്തോടെ പറഞ്ഞു. നന്ദൻമാഷ് മുഖാന്തിരം തങ്ങൾ ഇപ്പോൾ നേരിടുന്ന ഒരുപാട് ബുദ്ധിമുട്ടുകൾക്ക് അത് പരിഹാരമാകുമെന്ന് സുമേഷ് ഊഹിച്ചു.
“എന്നാൽ പിന്നെ അതിനുള്ള ഏർപ്പാടുകൾ ഉടൻ ചെയ്യുക. നിങ്ങൾ ഇടയ്ക്കിടക്ക് ചെന്ന് അദ്ദേഹത്തിന്‍റെ ക്ഷേമം അന്വേഷിച്ചാൽ മാത്രം മതിയാകും. ബ്ലഡ് ടെസ്റ്റും സ്ക്കാനിങ്ങും നടത്തിയിട്ട് ഒരാഴ്ച കഴിഞ്ഞ് വീണ്ടും വരിക. അതിനുള്ള സൗകര്യം ഇവിടെത്തന്നെ ഉണ്ട് കേട്ടോ സുമേഷ്. എവിടെയാണെന്ന് സിസ്റ്റർ കാണിച്ചു തരും. ടെസ്റ്റ് റിസൽട്ടുകൾ കിട്ടാൻ ഏതാണ്ട് രണ്ടു മണിക്കൂറെടുക്കും ഞാനിനി ഉച്ചകഴിഞ്ഞേ ഇവിടെ ഉണ്ടാകൂ. അപ്പോൾ നിങ്ങൾ വന്നാൽ മതി.”
“ഓ.കെ ഡോക്ടർ. ബ്ലഡ് ടെസ്റ്റും സ്കാനിങ്ങും നടത്തിയ ശേഷം ഞങ്ങൾ വരാം.” ഡോക്ടറോട് യാത്ര പറഞ്ഞ് പുറത്തിറങ്ങുമ്പോൾ സുമേഷ് ദീർഘമായി നിശ്വസിച്ചു. ഒരു വലിയ ബാധ്യതയിൽ നിന്നാണ് താൻ ഒഴിവാകാൻ പോകുന്നത്. പോരാത്തതിന് മറ്റുള്ളവരുടെ മുന്നിൽ നാണംകെടേണ്ടി വരുമ്പോഴുള്ള താരയുടെ നിരന്തരമുള്ള കുറ്റപ്പെടുത്തലുകളിൽ നിന്നുള്ള മോചനവും ആകും അത്.
പുറത്തിറങ്ങിയ ഉടനെ അറ്റൻഡർ വീൽചെയറുമായെത്തി. “സ്കാനിങ്ങ് സെന്‍ററിലേക്ക്” ഡോക്ടറുടെ സമീപമുണ്ടായിരുന്ന സിസ്റ്റർ അറ്റൻഡറോടു പറഞ്ഞു. നന്ദൻമാഷിനേയും കൊണ്ട് വീൽചെയർ പോയ വഴിയെ അവർ ഇരുവരും നീങ്ങി. അല്പം കഴിഞ്ഞ് സെക്കന്‍റ് ഫ്ലോറിലുള്ള സ്കാനിങ്ങ് സെന്‍ററിൽ അവർ എത്തിച്ചേർന്നു. നന്ദൻമാഷിനെയും കൊണ്ട് വീൽ ചെയർ അതിനകത്തു പ്രവേശിച്ചു കഴിഞ്ഞപ്പോൾ സുരേഷും സുമേഷും പുറത്തെ വരാന്തയിൽ നിന്നു അപ്പോൾ ഒരു സിസ്റ്റർ പുറത്തു വന്നുപറഞ്ഞു
“നിങ്ങളിലാരെങ്കിലും പോയി ബില്ലടച്ചിട്ടു വരൂ. ഇതാ സ്ലിപ്പ്.”
സുരേഷ് സിസ്റ്ററിൽ നിന്നും സ്ലിപ്പ് വാങ്ങിക്കൊണ്ടുപറഞ്ഞു “ഞാൻ പോയി സ്കാനിംങ്ങിനും ബ്ലഡ് ടെസ്റ്റിനുമുള്ള ബില്ലടച്ചിട്ടു വരാം സുമേഷ്.”
സുമേഷ് അപ്പോൾ തന്നെ സ്നേഹ സദനത്തിലേക്ക് വിളിച്ച് രാജീവിനോട് കാര്യങ്ങൾ അന്വേഷിച്ചു. അവിടത്തെ പ്രവേശന മാനദണ്ഡങ്ങൾ എന്തെല്ലാമെന്ന് അന്വേഷിച്ച സുമേഷിന്‍റെ മുഖം പെട്ടെന്ന് വിളറി വെളുത്തു.