“ഞാൻ “സേവന” എന്ന ഏജൻസിയിൽ നിന്നാണെ സാറെ. സാറിന്നലെ വിളിച്ചു പറഞ്ഞിരുന്നില്ലെ?”
സേവനയിൽ താൻ ഓൺലൈനായി കഴിഞ്ഞ ദിവസം പണമടച്ചതാണ്. അതു കഴിഞ്ഞ് ഇന്ന് “സേവന”യിൽ പോയി അവരെ വിളിച്ചുകൊണ്ടുവരണമെന്ന് വിചാരിച്ചിരുന്നതാണ്. അപ്പോൾ അവർ തനിയെ എത്തിയിരിക്കുന്നല്ലോ എന്ന് സുമേഷ് അത്ഭുതത്തോടെ വിചാരിച്ചു. സുമേഷ് ചെന്ന് ഗേറ്റിന്‍റെ കൊളുത്തെടുത്ത് കൊടുത്ത് അവരെ അകത്തു പ്രവേശിപ്പിച്ചു.
“സാറിന്നു വരുമെന്ന് ഏജൻസിയിൽ നിന്നു പറഞ്ഞിരുന്നു. പക്ഷെ ഞാനിങ്ങു പോന്നു സാറെ. എനിക്കിവിടെയൊക്കെ നന്നായി അറിയാം. പിന്നെ സാറ് അവിടെ വന്ന് മറ്റു വല്ലവരേം വിളിച്ചോണ്ടു പോന്നാലോ എന്ന് ഞാൻ വിചാരിച്ചു. എനിക്കാണേല് ഒരു ജോലി ഇപ്പ അത്യാവശ്യവുമാ…” ടൈൽ വിരിച്ച പാതയിലൂടെ സുമേഷിന്‍റെ പുറകേ അവർ അകത്തേക്ക് നടന്നു.
“നിങ്ങളുടെ വീടെവിടാന്നാ പറഞ്ഞത്?”
“അത്… ഇവിടെ നിന്ന് രണ്ടുമൂന്നു കിലോമീറ്റർ അപ്പുറത്താ സാറെ. എനിക്കിവിടൊക്കെ നല്ല പരിചയമാ. ഇവിടെ അടുത്ത് ഒരു ഡോക്ടറുടെ വീട്ടിൽ അവരുടെ അമ്മച്ചിയെ നോക്കാൻ ഞാൻ നിന്നിട്ടൊണ്ട്. അവരു നല്ല ആൾക്കാരായിരുന്നു സാറെ. ആ ഡോക്ടറാണെങ്കില് നല്ല തങ്കപ്പെട്ട സ്വഭാവം.”
ധരിച്ചിരിക്കുന്നത് ചട്ടയും മുണ്ടും ആയതു കൊണ്ടു തന്നെ അവർ ക്രിസ്താനിയാണെന്ന് ഊഹിച്ചു കൊണ്ട് സുമേഷ് ചോദിച്ചു.
“നിങ്ങടെ പേരെന്താന്ന് പറഞ്ഞില്ല?”
“സാറാമ്മ. ഞാൻ ഒന്നാന്തരം സത്യക്രിസ്ത്യാനിയാ സാറെ.”
“സാറാമ്മ നല്ല വാചകമടിക്കാരിയാണല്ലോ.”
“അയ്യോ ഞാനങ്ങനെ വർത്തമാനമൊന്നും പറയത്തില്ല സാറെ. ഇപ്പോ സാറ് ചോദിച്ചതുകൊണ്ട് പറഞ്ഞതാ…”
അവരുടെ വർത്തമാനം സുമേഷിന് ഒട്ടും പിടിച്ചില്ല. അയാൾ അല്പം ദേഷ്യത്തോടെ പറഞ്ഞു. “ങ… ഇവിടെ അധികം സംസാരമൊന്നും വേണ്ട. അല്പം ഓർമ്മക്കുറവുള്ള എന്‍റെ അച്ഛനെയാ നിങ്ങള് നോക്കേണ്ടത് അങ്ങേർക്കീ സംസാരമൊന്നും പിടിക്കില്ല.”
“ശരി. സാറെ” അവർ സിററൗട്ടിൽ കേറിയ ഉടനെ സംസാരം കേട്ട് താര പുറത്തേക്കിറങ്ങിവന്നു. സാറാമ്മ താരയയെക്കണ്ട് പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു, “സാറിന്‍റെ ഭാര്യയായിരിക്കും അല്ലേ?”
താര അവരെക്കണ്ട് സുമേഷിനോടു ചോദിച്ചു. “ഇതാരാ… സുമേഷേട്ടാ…”
“ഇത് സാറാമ്മ. സേവന ഏജൻസിയിൽ നിന്ന് പറഞ്ഞുവിട്ടതാണ്.”
“ഓ… ഇത്ര പെട്ടെന്ന് അവർ ആളെ പറഞ്ഞു വിട്ടോ. നല്ല ഏജൻസിയാണല്ലോ സുമേഷേട്ടാ…”
“ങാ… നീ ഇവരെക്കൊണ്ടു പോയി അച്ഛന്‍റെ മുറികാണിച്ചു കൊടുക്ക്.”
“വരൂ… നിങ്ങടെ പേരെന്തെന്നാ പറഞ്ഞത്?” താര ചോദിച്ചു
“സാറാമ്മ” അവർ പുഞ്ചിരിയോടെ പറഞ്ഞു.
“ങാ… കാര്യമൊക്കെ കൊള്ളാം. അച്ഛന് ഒന്നും ശരിക്ക് ഓർമ്മയില്ലാത്ത പോലെയാ ഇപ്പഴത്തെ പെരുമാറ്റം. ചിലപ്പോ ചെറിയ ചില അക്രമങ്ങളുമുണ്ട്. നിങ്ങൾ സൂക്ഷിച്ചും കണ്ടും പെരുമാറണം. അങ്ങേർക്കിഷ്ടമില്ലാത്തതൊന്നും ചെയ്യരുത്.”
“ശരി. മാഡം… ഞാൻ മറവിരോഗം ബാധിച്ചവരെ ഇതിനു മുമ്പ് നോക്കിയിട്ടുളളതാ…”
“ശരി… ശരി… നിങ്ങൾക്കുള്ള മുറി കാണിച്ചു തരാം.” അങ്ങനെ പറഞ്ഞ് താര ശാന്തിയുടെ മുറിയുടെ അടുത്ത് ഉള്ള ചെറിയ മുറി അവർക്ക് കാണിച്ചു കൊടുത്തു. എന്നിട്ട് ചട്ടയും മുണ്ടുമൊക്കെ മാറ്റി നൈറ്റി ഇട്ടോളാൻ പറഞ്ഞ് താരയുടെ ഒരു പുതിയ നൈറ്റി എടുത്തു കൊടുത്തു.
“ഞാൻ വേറെ നൈറ്റികൾ കൊണ്ടുവന്നിട്ടുണ്ട് മാഡം.” അവർ പുഞ്ചിരിയോടെ പറഞ്ഞതു കേട്ട് താര പറഞ്ഞു.
“ങാ… ഇപ്പോ ഇതിട്ടോളു. പിന്നെ നിങ്ങളു കൊണ്ടു വന്നത് അടുത്ത ദിവസം മുതൽ ഉപയോഗിക്കാം. ഡ്രസ്സുമാറിക്കഴിഞ്ഞ് നിങ്ങള് ഊണുമുറിയിലേക്ക് പോന്നോളു. അവിടെ നിങ്ങൾക്ക് കഴിക്കാനുള്ളത് എടുത്തു വയ്ക്കാം.”
“രാവിലെ കഴിച്ചിട്ടിറങ്ങിയതാ മാഡം. പക്ഷെ ഇവിടെ വരെ യാത്ര ചെയ്തപ്പോ എല്ലാം ദഹിച്ചു പോയി. ഇപ്പോ നല്ല വിശപ്പ്…”
അവരുടെ സംസാരത്തിൽ നിന്ന് അവർ നല്ല ഭക്ഷണ പ്രീയയാണെന്ന് താരയ്ക്ക് ബോദ്ധ്യമായി. ഏതായാലും കുടുംബ ബജറ്റ് ചുരുക്കേണ്ടതിനെക്കുറിച്ച് ഗൗരവപൂർവ്വം ചിന്തിക്കേണ്ടിയിരിക്കുന്നു. രണ്ടു പേർക്കും ഒരു വിധം ശമ്പളം ഉണ്ടെങ്കിലും ആറേഴു വയറുകൾ നിറക്കേണ്ടതുണ്ട്. പിന്നെ മറ്റു വീട്ടുചിലവുകളും. എല്ലാ ചിലവും കഴിഞ്ഞ് നീക്കിയിരുപ്പ് ഒന്നും ബാക്കിയുണ്ടാവില്ല… രണ്ടു പേരും കഷ്ടപ്പെടുന്നത് മാത്രം മിച്ചം. താര വിചാരിച്ചു. സാറാമ്മ മുറിയടച്ച് ഡ്രസ്സു മാറാൻ തുടങ്ങിയപ്പോൾ താര അടുക്കളയിലേക്ക് ചെന്ന് ശാന്തിയോടു പറഞ്ഞു.
“പുതിയ ഹോംനഴ്സ് വന്നിട്ടുണ്ട്. നീ അവരുമായി അധികംകൂട്ടു കൂടാനൊന്നും പോകണ്ട…” രണ്ടു പേരും കൂടി സംസാരിച്ച് സമയം കളഞ്ഞാൽ വീട്ടു ജോലിയൊന്നും നടക്കാതെ വരുമെന്ന് താര ഭയപ്പെട്ടു. മാത്രമല്ല സാറാമ്മയെക്കണ്ടതോടെ ശാന്തി ഒരു വെറും പാവം പെണ്ണാണെന്ന് താരക്ക് ബോദ്ധ്യമായി. ഇനി സാറാമ്മയായിട്ട് അവൾക്ക് വേണ്ടാതീനം വല്ലതും ഓതിക്കൊടുത്ത് അവളെ ഇവിടെ നിന്ന് പോകാൻ പ്രേരിപ്പിച്ചാലോ എന്നും താര ഭയപ്പെട്ടു.
“ഇല്ല ചേച്ചീ… ഞാനായി… എന്‍റെ പാടായി. ഞാനെന്തിനാ അവരെ നോക്കുന്നെ. എന്‍റെ ജോലി ചെയ്തുകൊണ്ട് ഞാൻ മിണ്ടാതിവിടെ കഴിഞ്ഞോളാം.” അപ്പോഴേക്കും സാറാമ്മ നൈറ്റിധരിച്ചു കൊണ്ട് അടുക്കളയിലേക്ക് വന്നു.
അവർ ശാന്തിയെക്കണ്ട് ചോദിച്ചു. “ഇതാരാ മാഡം?”
“ഇത് ശാന്തി… ഇവിടുത്തെ വേലക്കാരിയാ.”
“ഓ… വേഷോം പടുതിം കണ്ടപ്പോ ഞാൻ വിചാരിച്ചു ഇവിടെ നിങ്ങടെ സ്വന്തക്കാര് ആരോ ആണെന്ന്. ങ്ങാ… ഏതായാലും എനിക്ക് സംസാരിക്കാൻ ഒരാളായല്ലോ.”
അതു കേട്ട് താര, സാറാമ്മ കാണാതെ കണ്ണിറുക്കി കാണിച്ചു. അവരോട് സംസാരിക്കാൻ പോകണ്ട എന്ന അർത്ഥത്തിൽ. ശാന്തി തലകുലുക്കി. സത്യത്തിൽ അവൾക്ക് അവരെ അത്ര പിടിച്ചില്ലായിരുന്നു പക്ഷെ സാറാമ്മയാകട്ടെ ശാന്തിയെ നോക്കി ലോഹ്യത്തോടെ ചിരിച്ചു
സാറാമ്മക്ക് ഊണുമുറിയിൽ ചപ്പാത്തിയും ഉരുളക്കിഴങ്ങ്കറിയും ശാന്തി എടുത്തു വച്ചിരുന്നു. താര അവരെ അങ്ങോട്ടു ക്ഷണിച്ചു കൊണ്ടു പറഞ്ഞു.
“സാറാമ്മച്ചേടത്തി ഇങ്ങോട്ട് വന്നാട്ടെ. ഇവിടെ നിങ്ങക്ക് കഴിക്കാനുള്ളത് എടുത്തു വച്ചിട്ടുണ്ട്.”
പ്ലേറ്റിൽ ചപ്പാത്തിയും, ഉരുളക്കിഴങ്ങുകറിയും കണ്ട് അവർ നെറ്റിചുളിച്ചു.
“ഓ… എനിക്കീ ഉരുളകിഴങ്ങുകറിയോട് വല്യ പത്ത്യമൊന്നും ഇല്ലാ മാഡം. എനിക്ക് ചപ്പാത്തിയുടെ കൂടെ ബീഫ് കറിയോ, ചിക്കൻ കറിയോ, മുട്ടക്കറിയോ ഒക്കെ ആണിഷ്ടം.” അതുകേട്ട് താരക്ക് തല കറങ്ങുന്നതായി തോന്നി. അവൾ ഒരു വിളറിയ ചിരിയോടെ പറഞ്ഞു.
“ങാ… അതൊക്കെ നമുക്ക് ഉണ്ടാക്കാം. ഇപ്പോൾ ചേടത്തി ഇതു കഴിക്ക്…”
അത് പറയേണ്ട താമസം ഏഴെട്ട് ചപ്പാത്തികൾ ഒറ്റ ഇരിപ്പിന് അവർ കഴിച്ചു തീർത്തു. എന്നിട്ട് കൈകഴുകി ഏമ്പക്കം വിട്ടുകൊണ്ട് ചോദിച്ചു, “എവിടെയാ രോഗി കിടക്കുന്നതെന്നാ പറഞ്ഞെ.”
അവരുടെ രീതികണ്ട് തലയിൽ കൈ വച്ചു നിന്ന താര പെട്ടെന്ന് ഞെട്ടിക്കൊണ്ട് പറഞ്ഞു.
“അത്… അത്… ഈ മുറിയിലാ…” താര നന്ദൻ മാഷിന്‍റെ മുറിയുടെ ലോക്ക് തുറന്നു കൊണ്ട് അവരെ അകത്തേക്ക് നയിച്ചു.
അന്ന് നീലാംബരിയുടെ മകളുടെ വിവാഹദിനമായിരുന്നു. അതിരാവിലെ തന്നെ ഉണർന്നെണീറ്റ ഹേമാംബിക തന്നോടൊപ്പം കല്യാണത്തിനു വരുന്നവരേയും വിളിച്ചുണർത്തി.
“എല്ലാവരും വേഗം റെഡിയായിക്കോളു… നമുക്ക് കല്യാണത്തിന് പോകണ്ടേ.”
നയനയുൾപ്പെടെ അഞ്ചാറു പേർ പെട്ടെന്ന് കുളിച്ചു റെഡിയായി. മറ്റു ചിലരും കൂടെ ചെല്ലാൻ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ ഹേമാംബിക പറഞ്ഞു.
“ഗുരുവായൂരിൽ വച്ച് ഇന്ന് നടക്കുന്ന കല്യാണത്തിനാണ് ഞങ്ങൾ കുറച്ചു പേർ ഇപ്പോൾ പോകുന്നത്. ഇത് കഴിഞ്ഞ് വീണ്ടും… വൈകുന്നേരം റിസപ്ഷനുണ്ടാകും. അപ്പോൾ ബാക്കിയുളളവർക്ക് പോകാം.” അങ്ങനെ പറഞ്ഞ് സമാധാനിപ്പിച്ച് ഹേമാംബിക തന്‍റെ മുറിയിലേക്ക് നടന്നു.
കുളി കഴിഞ്ഞ് നീലാംബരി കൊണ്ടുവന്ന നീലപ്പട്ടുസാരി ധരിച്ചു. അതുടുക്കുമ്പോൾ വർഷങ്ങൾക്കു ശേഷമാണല്ലോ താൻ പട്ടുസാരി ഉടുക്കുന്നതെന്ന് ഹേമാംബിക ചിന്തിച്ചു. ഭർത്താവും പത്തുവയസ്സുണ്ടായിരുന്ന മകനും സ്കൂട്ടറാക്സിഡന്‍റിൽ മരിച്ചതോടെ താൻ പട്ടുസാരികൾ ഉപേക്ഷിച്ചതാണ്. പിന്നീട് എന്നും വെള്ള സാരികൾ മാത്രമായിരുന്നു തനിക്കു പഥ്യം. എന്നാൽ ഇന്നിപ്പോൾ വളരെ വർഷങ്ങൾക്കു ശേഷം പട്ടുസാരി ഉടുക്കുമ്പോൾ മനസ്സ് എന്തുകൊണ്ടോ ആഹ്ളാദഭരിതമാകുന്നു. അവർ തനിക്ക് ഉള്ള ഏക സ്വർണ്ണാഭരണമായ നീലക്കൽ നെക്ലസ്സും എടുത്തണിഞ്ഞു. ഇപ്പോൾ ഹേമാംബികയെക്കണ്ടാൽ അതിസുന്ദരിയായ ഒരു മദ്ധ്യവയസ്ക്കയായിട്ടേ ആർക്കും തോന്നുകയുള്ളു. അറിയാതെ അവരുടെ കണ്ണുകൾ കണ്ണാടിയിൽ ചെന്നുമുട്ടി. ഇനിയും ഒളിമങ്ങാത്ത സൗന്ദര്യം ഒരിക്കൽക്കൂടി അപ്പോൾ ദൃശ്യമായി.
“എന്താ കണ്ണാടിയിൽ നോക്കി ഭംഗി ആസ്വദിക്കുന്നത്. ഹേമാമ്മയെക്കാണാൻ ഇപ്പോഴും നല്ല ഐശ്വര്യമുണ്ട്. വാർദ്ധക്യം ഹേമാമ്മയെ ബാധിച്ചിട്ടില്ലെന്നു തോന്നുന്നു.” നയനയുടെ വാക്കുകൾക്ക് മുന്നിൽ അറിയാതെ ചൂളിക്കൊണ്ട് പറഞ്ഞു.
“അല്ലാ രാവിലെ കുളികഴിഞ്ഞ് വന്നപ്പോ കണ്ണുകൾക്ക് നല്ല നീറ്റലും ചൊറിച്ചലും. എന്തോ അലർജിയാണെന്നു തോന്നുന്നു… കണ്ണുകൾ ചുമന്നിട്ടുണ്ടെന്നു തോന്നി. അതുകൊണ്ട് നോക്കിയതാ.”
“ഉം… ഉം… എന്തിനാ എന്നോട് കള്ളം പറയുന്നത്? ഞാൻ കണ്ടുവല്ലോ അമ്മ കണ്ണാടിയിൽ നോക്കി ഭംഗി ആസ്വദിക്കുന്നത്. അമ്മക്കിനിയും ഒരു അങ്കത്തിനുള്ള ബാല്യമുണ്ട് കേട്ടോ… അമ്മക്കിഷ്ടമാണെങ്കിൽ നമുക്ക് ഒരു കല്യാണം ആലോചിക്കാം.” കളിചിരി വർത്തമാനങ്ങൾക്കിടയിൽ എന്തും തുറന്നടിക്കുന്ന നയന വെറുതെ വിടില്ലെന്നു മനസ്സിലായി.
“ഞാനാ കാർത്തികാമ്മയെ ഒന്നു നോക്കിയിട്ടു വരട്ടെ. അവർക്ക് നല്ല തലവേദനയുണ്ടെന്ന് പറഞ്ഞിരുന്നു.”
അങ്ങനെ പറഞ്ഞ് അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു. ഹേമാംബിക മുറിക്കു പുറത്തുകടന്നയുടനെ പുറകിൽ നയനയുടെ ചിരിനിന്നിരുന്നു. അവൾ ഇപ്പോൾ സഹതാപത്തോടെ തന്നെ നോക്കുകയാവാം. ഹേമാംബിക വിചാരിച്ചു. ചെറുപ്പത്തിൽ തന്നെ ഭർത്താവും മകനും നഷ്ടപ്പെട്ട തന്‍റെ വേനൽ കിനാക്കളെ ഓർത്ത് അവൾ സഹതപിക്കുകയാവാം.
“എന്‍റെ കുട്ടി, ഇനി ഒരിക്കൽക്കൂടി ഈ ഉഷ്ണമരത്തിൽ വസന്തം പൂവിടുമെന്ന് നീ വിചാരിക്കുന്നെങ്കിൽ നിനക്കു തെറ്റി. ഒരിക്കൽ നന്ദൻ മാഷിലൂടെ പൂത്തുതളിർത്തു തുടങ്ങിയ ഈ ചെറുവൃക്ഷം അദ്ദേഹത്തിന്‍റെ അഭാവത്തിൽ ഉണങ്ങാൻ തുടങ്ങുമ്പോഴാണ് നിധിമോന്‍റെ അച്ഛൻ വന്ന് എന്‍റെ കൈപിടിക്കുന്നത്. വീണ്ടും എന്നിൽ വസന്തം തളിരിട്ടുവെങ്കിലും ഏതാണ്ട് പതിനൊന്നു വർഷങ്ങൾക്കു ശേഷം അത് വീണ്ടും ഉണങ്ങി. ഇനിയും ഒരു തളിരിടലോ. അതൊരിക്കലും ഉണ്ടാകുമെന്ന് എനിക്കു തോന്നുന്നില്ല കുഞ്ഞെ…”
അങ്ങനെ ചിന്തിച്ച് ഹേമാംബിക നടന്നു. വാൻ അറേഞ്ച്മെന്‍റ് എവിടം വരെയായി എന്നറിയാൻ അവർ രാജീവിനെ അന്വേഷിച്ച് ഓഫീസ് റൂമിലെത്തി.
രാജീവ് തിരക്കിട്ട് ഏതോ കണക്കുകൾ നോക്കുകയായിരുന്നു. പെട്ടെന്ന് പാദപതനം കേട്ട് അയാൾ തലയുയർത്തിനോക്കി. അണിഞ്ഞൊരുങ്ങിയ ഹേമാംബിക ടീച്ചറിനെക്കണ്ട് അത്ഭുതത്തോടെ ചോദിച്ചു, “അല്ല… മുന്നിൽ ഒരു വസന്തം പൂത്തുലഞ്ഞ മട്ടുണ്ടല്ലോ. ഇന്നെന്താ ഹേമാംബികടീച്ചർ പതിവില്ലാതെ ഈ വേഷത്തിൽ.” ഹേമാംബിക അല്പം ചൂളിക്കൊണ്ട് പറഞ്ഞു.
“അത്… ഞാൻ ഇന്നലെ ഒരു കല്യാണത്തിന്‍റെ കാര്യം രാജീവനോട് പറഞ്ഞിരുന്നില്ലെ? എന്‍റെ അനുജത്തിയുടെ ഇളയ മകളുടെ കല്യാണമാണ്. അവൾ ഇവിടെ വന്ന് ക്ഷണിച്ചിരുന്നു. ഇവിടെ എല്ലാവരോടും അവൾ കല്യാണത്തിന് ചെല്ലണമെന്ന് പ്രത്യേകം പറഞ്ഞിരുന്നു. ഞങ്ങൾ കുറച്ചുപേർ കല്യാണത്തിന് പോകാമെന്ന് തീരുമാനിച്ചു. ഗുരുവായൂര് വച്ചാണ് കല്യാണം. അതിനു വേണ്ടി ഒരു മിനിവാൻ അറേഞ്ചു ചെയ്യുന്ന കാര്യം ഞാൻ രാജീവിനോട് പറഞ്ഞിരുന്നില്ലേ?”
“ഓ… ശരിയാണല്ലോ ഹേമാംബിക ടീച്ചർ, ഞാനതു മറന്നു പോയി… അതു സാരമില്ല ഞാനിപ്പോൾ ആ നജീബിനെ ഒന്ന് വിളിച്ചു നോക്കട്ടെ. അയാളുടെ വണ്ടികളിലൊന്ന് അയച്ചു തരാൻ പറയാം.” രാജീവ് ഉടൻ തന്നെ ഫോണിൽ വിളിച്ച് വാൻ അറേഞ്ച് ചെയ്തു.എന്നിട്ട് ഹേമാംബികയോട് വാൻ തയ്യാറാണ് എന്നറിയിച്ചു.
“വളരെ നന്ദി രാജീവ്. വാൻ കിട്ടിയില്ലായിരുന്നെങ്കിൽ ഈ പ്രോഗ്രാം ക്യാൻസൽ ചെയ്യേണ്ടി വന്നേനെ, ഈ വയ്യാത്ത ആൾക്കാരേയും കൊണ്ട് ബസ്സിലും ട്രെയിനിലും മറ്റും വലിഞ്ഞു കേറി പോകുന്നതെങ്ങിനെ?”
“അന്ന് ഹേമാംബിക ടീച്ചറിന്‍റെ അനുജത്തി വന്നപ്പോൾ എനിക്ക് കാണാൻ കഴിഞ്ഞില്ല. ഞാനന്ന് ഇവിടെ ഉണ്ടായിരുന്നില്ലല്ലോ. ഏതായാലും എന്‍റേയും വിവാഹ മംഗളാശംസകൾ അനുജത്തിയുടെ മകളെ അറിയിച്ചോളു”
“അറിയിക്കാം രാജീവ്. വേണമെങ്കിൽ രാജീവ് കൂടെ പോന്നോളു. അവൾ ഇവിടെയുള്ള എല്ലാ പേരേയും ഒന്നിച്ചാണ് ക്ഷണിച്ചത്. ആരേയും പ്രത്യേകമായി ക്ഷണിച്ചിട്ടില്ല.”
“അതു വേണ്ട ടീച്ചർ. ഞാൻ കൂടി കല്യാണത്തിനു വന്നാൽ ഇവിടെ ആരും മേൽനോട്ടത്തിന് ഇല്ലാതാവുകയില്ലേ… പിന്നെ പുതുതായി ആരെങ്കിലും ഇന്നിവിടെ വന്നുചേരുമോ എന്നും അറിയില്ലല്ലോ?”
“അതു ശരിയാണ് രാജീവ്. ഞാനക്കാര്യം ഓർത്തില്ല. ഇനി ആരെങ്കിലും പുതുതായി വന്നാൽ രാജീവ് ഇവിടെ ഇല്ലാതെ വന്നാൽ ശരിയാവുകയില്ല. എങ്കിൽ ഞങ്ങൾ പോയിട്ടു വരാം.” ഹേമാംബിക രാജീവിനോട് യാത്ര പറഞ്ഞിറങ്ങി.
അപ്പോൾ സ്നേഹസദനത്തിന്‍റെ പൂമുഖത്ത് ഒരു മിനിവാനിൽ കൊള്ളാവുന്ന കുറെപ്പേർ ഹേമാംബികയെ കാത്തു നിന്നിരുന്നു. അക്കൂട്ടത്തിൽ നയനയും ഉണ്ടായിരുന്നു.
“ഞങ്ങൾ എല്ലാപേരും റെഡിയാണ് ഹേമാമ്മേ…” നയന എല്ലാ പേരേയും പ്രതിനിധീകരിച്ചു കൊണ്ട് പറഞ്ഞു. അല്പം കഴിഞ്ഞപ്പോൾ ഒരു വാൻ സ്നേഹസദനത്തിന്‍റെ മുമ്പിൽ വന്നു നിന്നു. ഹേമാംബിക ഉടനെ എല്ലാവരോടുമായി പറഞ്ഞു.
“നിങ്ങൾ എല്ലാവരും വാനിൽ കേറിക്കോളു. ഞാൻ പുറകേ കേറാം.”
കൈപിടിച്ചു കേറ്റേണ്ട കുറച്ചുപേരെ നയനയും ഹേമാംബികയും മറ്റു ചിലരും കൂടി കൈ പിടിച്ചു കേറ്റി.
എല്ലാവരും വാനിൽ കേറിക്കഴിഞ്ഞപ്പോൾ ഹേമാംബികയും നയനയും ഏറ്റവും പുറകിലായി ഇരുന്നു. വണ്ടി നീങ്ങിത്തുടങ്ങിയപ്പോൾ വരാന്തയിൽ നിന്നിരുന്ന പലരും കൈവീശി. വണ്ടിയിലുള്ളവർ തിരിച്ചും. വളരെക്കാലം കൂടിയുളള ആ യാത്ര അവർക്കെല്ലാം എത്രത്തോളം ആനന്ദകരമാണെന്ന് അവരുടെ മുഖം വിളിച്ചു പറയുന്നുണ്ടായിരുന്നു. അവരുടെ കൂട്ടത്തിൽ പതിവായി അന്തേവാസികളെ പരിശോധിക്കാനും ചികിത്സിക്കാനുമെത്തിയിരുന്ന ഒരു ഡോക്ടറും യാത്ര ചെയ്തിരുന്നു. ഹേമാംബികയുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് അദ്ദേഹം വന്നത്.
ആർക്കെങ്കിലും അടിയന്തര ശുശ്രൂഷ വേണമെങ്കിൽ നൽകാൻ അദ്ദേഹം തയ്യാറായിരുന്നു. രണ്ടുമുന്നു മണിക്കൂർ ദീർഘയാത്ര പരിചയമില്ലാത്ത ചിലർ ചർദ്ദിക്കുന്നുണ്ടായിരുന്നു. ഡോക്ടർ രാമദാസ് അവരെയെല്ലാം പരിശോധിച്ച് മരുന്നു കൊടുത്തു കൊണ്ടിരുന്നു. അതുകൊണ്ടു തന്നെ അവരിൽ പലരും ക്ഷീണം മറന്ന് ഉത്സാഹത്തോടെ ഇരുന്നു.
അവർ ഗുരുവായൂരിൽ എത്തിച്ചേർന്നപ്പോൾ സമയം ഏതാണ്ട് ഒമ്പതുമണിയോടടുപ്പിച്ച് ആയിട്ടുണ്ടായിരുന്നു. പതിനൊന്നു മണിക്കാണ് മുഹൂർത്തം എന്നാണ് പറഞ്ഞിരുന്നത്. ഹേമാംബിക ആദ്യം വാനിൽ നിന്നിറങ്ങി. പിന്നീട് ഓരോരുത്തരെയായി കൈപിടിച്ച് ഇറക്കി. നടക്കാൻ വിഷമമുള്ള പലരേയും കൈപിടിച്ചു മെല്ലെ നടത്തി. ജീവിതത്തിൽ ഗുരുവായൂരപ്പനെ തൊഴാൻ കിട്ടിയ അപൂർവ്വം ചില സന്ദർഭങ്ങളിലൊന്നായി അവരിൽ പലരും ആ യാത്രയെ കണ്ടു. സീനിയർ സിറ്റിസൺസിനു പ്രത്യേകമായുള്ള ക്യൂവിൽ നിന്ന് അവർ ഭഗവാനെ കണ്ടു തൊഴുതു നിർവൃതിയടഞ്ഞു.
“എത്ര നാളായി ഞാൻ ആഗ്രഹിക്കുന്നുവെന്നോ ഭഗവാനെ ഒന്നു കണ്ടു തൊഴണമെന്ന്. ഏതായാലും ആ ആഗ്രഹവും ഇപ്പോൾ പൂർത്തിയായി.” കാർത്ത്യായനിയമ്മ എന്ന വൃദ്ധസ്ത്രീ ഭക്തി നിർവൃതിയോടെ പറഞ്ഞു.
“അതെ… ഞാനും… ഏറെക്കാലത്തെ മോഹമാണ് ഇപ്പോൾ നടന്നത്. കൃഷ്ണാ… ഭക്തവത്സല…” സുമതിക്കുട്ടി എന്ന സ്ത്രീയാണ് അതു പറഞ്ഞത്.
“മരിക്കുന്നതിനു മുമ്പ് ഒന്നു വന്നു തൊഴണംന്ന് ഉണ്ടായിരുന്നു. ഏതായാലും ഭഗവാനിപ്പോൾ അത് നിറവേറ്റിത്തന്നു.” രാഘവൻ മാഷ് കണ്ണടച്ചു കൈ കൂപ്പി.
“ഇനിവരൂ… എല്ലാവരുടേയും ഒരു വലിയ ആഗ്രഹം നടന്നില്ലെ? നമുക്ക് ഇനി കല്യാണം നടക്കുന്ന ഹാളിലേക്കു പോകാം.കൗസ്തുഭം കല്യാണ മണ്ഡപത്തിൽ വച്ചാണ് കല്യാണം. നമുക്കാദ്യം പെണ്ണിനെക്കണ്ട് ആശീർവദിക്കാം.”
അങ്ങനെ പറഞ്ഞ് ഹേമാംബിക എല്ലാവരുമായി ഹാളിലേക്കു നടന്നു. അവിടെ ഒഴിഞ്ഞു കിടന്ന കസേരകളിൽ അവർ ഓരോരുത്തരേയുമിരുത്തി ഹേമാംബിക നീലാംബരിയെ അന്വേഷിച്ച് ചെന്നു. സ്റ്റേജിനോടനുബന്ധിച്ചുള്ള സൈഡ് ഹാളിൽ അപ്പോൾ പെണ്ണിനെ ഒരുക്കുന്ന തിരക്കിലായിരുന്നു ഏതാനും പേർ. അക്കൂട്ടത്തിൽ നീലാംബരിയും നിന്നിരുന്നു. ബ്യൂട്ടീഷ്യന്‍റെ കരവിരുത് വധുവിന്‍റെ ഓരോ അംഗവടിവിലും പ്രകടമായിരുന്നു. ഒരു ദേവസുന്ദരിയെപ്പോലെ കല്ലു മോൾ കാണപ്പെട്ടു. ഹേമാംബികയെ കണ്ടയുടനെ നീലാംബരി കെട്ടിപ്പിടിച്ചു കൊണ്ടു പറഞ്ഞു.
“എങ്കിലും എന്‍റെ ചേച്ചി കല്യാണത്തിന് വന്നുവല്ലോ. ഇനി എന്തെങ്കിലും കാരണം പറഞ്ഞ് ചേച്ചി ഒഴിഞ്ഞു നില്ക്കുമോ എന്ന് ഞാൻ ഭയപ്പെട്ടിരുന്നു.”
“അങ്ങനെ മാറിനില്ക്കാൻ എനിക്കു കഴിയുമോ നീലു. വർഷങ്ങൾക്ക് ശേഷം നിന്നെക്കണ്ടപ്പോൾ ഞാൻ എത്ര സന്തോഷിച്ചുവെന്നോ. സ്വന്ത- ബന്ധങ്ങൾ വീണ്ടെടുക്കാൻ കഴിയുമ്പോൾ കിട്ടുന്ന ആനന്ദം എത്രത്തോളമാണെന്ന് ജീവിതത്തിൽ ഒറ്റപ്പെടുന്നവർക്കേ അറിയൂ.” ഹേമാംബികയുടെ കണ്ണുകളിൽ അപ്പോൾ ഒരു തുള്ളി കണ്ണുനീർ തങ്ങി നിന്നു.
“ചേച്ചിയുടെ കൂടെ എന്നും ഞങ്ങളുണ്ടാകും. ചേച്ചി ഇനി അതോർത്ത് വിഷമിക്കരുത്.”
“ഇല്ല മോളെ. ചേച്ചിക്കിപ്പോഴാണ് വിശ്വാസമായത്. ജീവിതത്തിൽ നാം നല്കുന്ന സ്നേഹം എന്നെങ്കിലും നമുക്ക് തിരിച്ചു കിട്ടാതിരിക്കയില്ലെന്ന്.” നീലാംബരി പെട്ടെന്നു തിരിഞ്ഞ് ഈ രംഗം വീക്ഷിച്ചു നിന്ന കല്ലാണിയോട് പറഞ്ഞു.
“കല്ലുമോളെ… നീ ദക്ഷിണ കൊടുത്ത് വല്യമ്മയെ നമസ്ക്കരിക്കൂ…”
കല്യാണി ഹേമാംബികയുടെ കയ്യിൽ ദക്ഷിണ നൽകി ആ കാൽക്കൽ വീണ് നമസ്കരിച്ചു. അപ്പോൾ ഹേമാംബിക കയ്യുയർത്തി ആശിർവദിച്ചു. “ദീർഘ സുമംഗലീ ഭവ:”
അതു കഴിഞ്ഞ ഉടനെ കല്ലുവിനെ… തന്നോടു ചേർത്തണച്ചു കൊണ്ട് പറഞ്ഞു, “എന്‍റെ മോളെ നിന്നെ ഇപ്പോഴെങ്കിലും കാണാൻ എനിക്കു കഴിഞ്ഞല്ലോ. എത്ര കാലമായി ഞാൻ നിങ്ങളെയെല്ലാം കാണാൻ കൊതിക്കുന്നെന്നോ?”
“ഹേമ വല്യമ്മയെ എനിക്കറിയാലോ… അമ്മയുടെ ശേഖരത്തിൽ ഹേമ വല്യമ്മയുടെ ധാരാളം ഫോട്ടോകൾ ഉണ്ട്.”
“അതെ… കാലമിത്രയായിട്ടും ചേച്ചിയുടെ സൗന്ദര്യത്തിന് ഒരുടവും തട്ടിയിട്ടില്ല. ഈ നീല സാരിയിൽ ചേച്ചി അതി സുന്ദരിയായിട്ടുണ്ട്.” അടുത്തു നിന്ന നീലാംബരിയാണതു പറഞ്ഞത്. ഹേമാംബിക അതുകേട്ട് പുഞ്ചിരിച്ചതേയുള്ളു. അപ്പോൾ അതിസുന്ദരിയായ ഒരു പെൺകുട്ടി ചിരിച്ചുകൊണ്ട് അങ്ങോട്ടേക്ക് വന്നു.