തിരക്കുകളിൽ നിന്നകന്ന് പ്രശാന്ത സുന്ദരമായ കടൽ തീരങ്ങളും പച്ചപ്പിന്‍റെ മായാജാലം തീർക്കുന്ന കാടുകളും ഒപ്പം വാസ്തുകലയുടെ ഉദാത്തമായ പ്രതീക ങ്ങളും കൊണ്ട് സമ്പന്നമായ ഒരിടമാണ് നിങ്ങൾ സന്ദർശിക്കാൻ ഇഷ്ടപ്പെടുന്നതെങ്കിൽ തീർച്ചയായും അതിന് യോജിച്ച സ്‌ഥലമാണ് ഒഡീഷ. പ്രാചീന കലകളും സമ്പന്നമായ പൈകൃകങ്ങളുമുള്ള ഒഡീഷയിലെ ആളുകളാകട്ടെ അടുത്ത് ഇടപഴകുന്നവരുമാണ്.

ഒഡീഷയിലെ 3 പ്രധാന സ്‌ഥലങ്ങളായ ഭുവനേശ്വർ, പുനെ, കൊണാർക്ക് എന്നീ വിനോദ കേന്ദ്രങ്ങൾ ജീവിതത്തിലൊരിക്കല്ലെങ്കിലും സന്ദർശിക്കേണ്ട ഇടങ്ങളാണ്. ഒഡീഷയുടെ തലസ്ഥാനം എന്ന സവിശേഷത മാത്രമല്ല ഭുവനേശ്വറിനുള്ളത്. മറിച്ച് അത് വാസ്തുകലയുടെ കേദാര ഭൂമി കൂടിയാണ്. നൂറ്റാണ്ടുകൾക്ക് മുമ്പ് കോട്ടിലിംഗ് എന്ന് പേരിൽ അറിയപ്പെട്ടിരുന്ന ഈ നഗരം ക്ഷേത്രങ്ങളുടെയും കുളങ്ങളുടെയും തടാകങ്ങളുടെയും നഗരമെന്ന ഖ്യാതിയും ഇതിനുണ്ട്.

ഭുവനേശ്വർ നഗരത്തെ 2 ഭാഗങ്ങളായി വിഭജിക്കാവുന്നതാണ്. ഒന്നാമത്തേത് ആധുനിക ഭുവനേശ്വർ രണ്ടാമത്തേത് പുരാതന ഭുവനേശ്വർ. തലസ്ഥാന നഗരിയുടെ സർവ്വവിധ തലയെടുപ്പോടെ ആധുനികതയുടെ പ്രതിരൂപമായി നിലകൊള്ളുന്നു ആധുനിക ഭുവനേശ്വർ. എന്നാൽ ആധുനിക ഭുവനേശ്വറിൽ നിന്നും അൽപം വേറിട്ട മുഖമാണ് പുരാതന ഭുവനേശ്വറിന് ഉള്ളത്. ഒഡീഷയുടെ സാംസ്ക്കാരിക മുഖമുദ്ര സുരക്ഷിതമായി സംരക്ഷിക്കപ്പെടുന്നത് ഈ പുരാതന ഭുവനേശ്വറിൽ ആണ്. ആധുനിക ഭുവനേശ്വർ മറ്റേത് സംസ്ഥാനങ്ങളുടെയും തലസ്ഥാന നഗരിയെപോലെയും.

ലിംഗരാജ് ക്ഷേത്രം ഭുവനേശ്വറിലെ ഏറ്റവും വലിയ ക്ഷേത്രമാണ്. ഭുവനേശ്വർ മന്ദിർ എന്ന പേരിലും ഇതറിയപ്പെടുന്നു. ഈ ക്ഷേത്രത്തിൽ വലിയ ശിവലിംഗമുണ്ടെന്നതാണ് ഇതിന് കാരണം. ക്ഷേത്രാംഗണത്തിൽ ഒരു ദേവീ ക്ഷേത്രവുമുണ്ട്. ഗ്രാനൈറ്റ് സ്റ്റോണു കൊണ്ടാണ് ബൃഹത്തായ ഈ ശിവലിംഗം പണികഴിപ്പിച്ചിരുന്നത്. ശില്പ ചാതുര്യത്തിൽ ഈ ക്ഷേത്രം അദ്വിതീയമായ ഒരു മാതൃകയാണ്.

നന്ദൻ കാനൻ പാർക്ക്

ഭുവനേശ്വറിലുള്ള നന്ദൻ കാനൻ പാർക്ക് കാഴ്ചകളുടെ അദ്ഭുത ചെപ്പാണ്. 400 ഹെക്റ്റർ ചതുരശ്ര കിലോ മീറ്ററിൽ വ്യാപിച്ച് കിടക്കുന്ന പച്ചപ്പ് നിറഞ്ഞ പാർക്കിൽ ചെറിയ തടാകവും പക്ഷി സങ്കേത കേന്ദ്രവും മൃഗശാലയും ഉണ്ട്.

ഒഡീഷ മ്യൂസിയം പുരാതന ഭുവനേശ്വറിന്‍റെ മധ്യഭാഗത്തായാണ് പണി കഴിപ്പിച്ചിരിക്കുന്നത്. മധ്യകാലഘട്ടത്തിന്‍റെ ശേഷിപ്പുകളായ അപൂർവ്വങ്ങളായ താമ്രപത്രങ്ങളും കലാരൂപങ്ങളും ശിലാലിഖിതങ്ങളും മറ്റും മ്യൂസിയത്തിൽ കാണാൻ കഴിയും.

ഭുവനേശ്വറിലെ ധൗലി പഹാഡി അശോക ചക്രവർത്തിക്ക് മാനസാന്തരം ഉണ്ടായ ചരിത്രത്തെ രേഖപ്പെടുത്തുന്നു. ഇവിടെ ഉണ്ടായ കലിംഗ യുദ്ധത്തിന് ശേഷം അശോക ചക്രവർത്തിക്ക് മാനസാന്തരമുണ്ടാവുകയും ബുദ്ധമതം സ്വീകരിക്കുകയുമായിരുന്നു. ഇവിടെയുള്ള പർവ്വതത്തിന് മുകളിൽ ഒരു ശാന്തിസ്തൂപം പണി കഴിപ്പിച്ചിട്ടുണ്ട്. സ്തൂപത്തിന് ചുറ്റിലുമായി ബുദ്ധന്‍റെ 4 ഭീമൻ പ്രതിമകളും പ്രതിഷ്ഠിച്ചിട്ടുണ്ട്. പർവ്വതത്തിലേക്കുള്ള ഇടവഴിക്ക് ഇരുവശത്തുമായി പറങ്കിമാവുകൾ നിരന്നു നില്ക്കുന്ന കാഴ്ച ആകർഷകമാണ്. പർവ്വതത്തിന് താഴെയുള്ള ഭാഗത്ത് കണ്ണെത്താ ദൂരത്തോളം വ്യാപിച്ച് കിടക്കുന്ന തെങ്ങിൻ തോട്ടം കാഴ്ച അതിമനോഹരമാണ്.

ചരിത്രം

ഒഡീഷയുടെ പഴയ തലസ്ഥാനമാണ് ശിശുപാൽഗഡ്. ഇതൊരു ഐതിഹാസിക സ്‌ഥലമാണ്. പുരാതന കാലത്തെ ചരിത്രശേഷിപ്പുകൾ ഇവിടെ കാണാൻ കഴിയും.

ഖണ്ഡ്ഗിരി ഗുഹകളും ഭുവനേശ്വറിലാണ് സ്‌ഥിതി ചെയ്യുന്നത്. ഖണ്ഡ്ഗിരി ജൈന മതക്കാരുടെ തീർത്ഥാടന കേന്ദ്രമാണ്. ധാരാളം വൃക്ഷങ്ങൾ ഉള്ള ഇടമാണിത്. പർവ്വതത്തിൽ 2000 വർഷം പഴക്കമുള്ള ധാരാളം ഗുഹകളുമുണ്ട്. ഗുഹകളിൽ പണ്ടുകാലങ്ങളിൽ ജൈനമത സന്യാസിമാർ ഗുഹകളിൽ താമസിച്ചിരുന്നുവെന്നാണ് പറയപ്പെടുന്നത്. ജൈന ആചാര്യനായ പാരസനാഥിന്‍റെ ക്ഷേത്രവും ഇവിടെ കാണാം. പച്ചപ്പാർന്ന വൃക്ഷങ്ങൾക്ക് മധ്യഭാഗത്തായാണ് ക്ഷേത്രം പണി കഴിപ്പിച്ചിരിക്കുന്നത്. ശില്പികൾ രൂപകൽപ്പന ചെയ്തിരിക്കുന്ന 24 തീർത്ഥാങ്കരന്മാരുടെ പ്രതിമകൾ ഉള്ള ഒരു കല്ലുമുണ്ട് ഇവിടെ.

ഖണ്ഡ്ഗിരി പർവ്വതങ്ങളുടെ സമീപത്തായി ഉദയഗിരി ഗുഹകളുമുണ്ട്. ബുദ്ധമതക്കാരുടെ തീർത്ഥാടന കേന്ദ്രമാണിത്. ബുദ്ധകാലത്തെ അനേകം ഗുഹകളും ഇവിടെ കാണാൻ കഴിയും. പാറക്കല്ലുകൾ കൊത്തി നിർമ്മിച്ചവയാണവ. ഓരോ ഗുഹയ്ക്കകത്തും ധാരാളം മുറികളും, മുറ്റവും വരാന്തയും കാണാൻ കഴിയും. ഇത്തരം ഗുഹകളിലാണ് ബുദ്ധ സന്യാസിമാർ താമസിച്ചിരുന്നത്.

ജഗന്നാഥ് പുരി

ഇന്ത്യയുടെ 4 ധാമങ്ങളിൽ പുരി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും പച്ചപ്പാർന്ന പൂന്തോട്ടങ്ങളും നിത്യഹരിത വനങ്ങളും ഓളങ്ങൾ വെട്ടുന്ന തടാകങ്ങളും തിരമാലകൾ നിറഞ്ഞ കടലും മറ്റും ചേർന്ന പുരിയുടെ പ്രകൃതിരമണീയമായ കാഴ്ച സഞ്ചാരികളെ ഹഠാദാകർഷിക്കുന്നു. ലോകത്തെ ഏറ്റവും മനോഹരമായ കടൽ തീരങ്ങളിലൊന്നായാണ് ഇവിടുത്തെ കടൽ തീരത്തെ കണക്കാക്കുന്നത്.

പുരുഷോത്തം ക്ഷേത്ര എന്നാണ് പുരിയുടെ പഴയ നാമം. 12-ാം നൂറ്റാണ്ടിൽ നരേശ് ചോട്ട്ഗംഗ് ഇവിടെ ജഗന്നാഥന്‍റെ വലിയൊരു ക്ഷേത്രം പണികഴിപ്പിച്ചിരുന്നു. അന്നു മുതലാണ് ഈ സ്‌ഥലം ജഗന്നാഥ് പുരിയെന്ന് അറിയപ്പെട്ട് തുടങ്ങിയത്. എന്നാൽ ഇന്ന് പുരി എന്ന ചുരുക്ക പേരിലാണ് ഇതറിയപ്പെടുന്നത്.

ശില്പ ചാതുരിയിൽ ആകർഷകമായ ക്ഷേത്രമാണ് ജഗന്നാഥ ക്ഷേത്രം. ക്ഷേത്രത്തിൽ 4 പ്രവേശന കവാടങ്ങളുണ്ട്. കിഴക്ക് സിംഹ കവാടം. കാഴ്ചയിൽ ഏറെ ആകർഷകമായ ഈ കവാടത്തിന് ഇരുവശത്തുമായി 2 സിംഹ മൂർത്തികളുണ്ട്. സിംഹ കവാടത്തിന് മുന്നിലായുള്ള കറുത്ത കല്ലിൽ സുന്ദരമായ ഗരുഢ സ്തംഭവുമുണ്ട്. ക്ഷേത്രത്തിന്‍റെ തെക്കായാണ് അശ്വ കവാടം. വടക്ക് ആന കവാടം, പടിഞ്ഞാറ് കടുവ കവാടവുമുണ്ട്. കവാടങ്ങൾക്ക് അരികിലായുള്ള മൃഗങ്ങളുടെ പ്രതിമകളുടെ പേരിലാണ് ഇത് ഓരോന്നും അറിയപ്പെടുന്നത്. മുമ്പ് കീഴ്ജാതിക്കാർക്ക് ക്ഷേത്രത്തിൽ പ്രവേശനാനുമതി നിഷേധിച്ചിരുന്നുവെങ്കിൽ ഇന്ന് അത്തരത്തിൽ യാതൊരു വിലക്കുമില്ല.

പ്രധാന ക്ഷേത്രത്തിനകത്ത് പടിഞ്ഞാറ് ഭാഗത്തായി വലിയൊരു രത്ന വേദിയിൽ സുദർശന ചക്രം സ്‌ഥാപിച്ചിട്ടുണ്ട്. വാസ്തുവിദ്യാ വിധി പ്രകാരം ക്ഷേത്രത്തിന് 4 ഭാഗങ്ങളുണ്ട്. മണ്ഡപം ആണ് ആദ്യ ഭാഗം. രണ്ടാമത് നൃത്ത മണ്ഡപം, ഇവിടെയാണ് ഭക്തർ നൃത്തവും മറ്റും അവതരിപ്പിക്കുന്നത്. ജഗ്മോഹൻ മണ്ഡപം ആണ് മൂന്നാമത്തെ ഭാഗം. ഇവിടെയാണ് കാണികൾ ഇരിക്കുക. ഈ മണ്ഡപത്തിന്‍റെ ചുവരുകളിൽ സ്ത്രീപുരുഷന്മാരുടെ അനേകം കലാരൂപങ്ങൾ ആലേഖനം ചെയ്തിരിക്കുന്നു. പ്രധാന മണ്ഡപമാണ് നാലാമത്തെ ഭാഗം.

പരസ്പരം ബന്ധപ്പെടുത്തിയിരിക്കുന്ന രീതിയിലാണ് ഈ 4 മണ്ഡപങ്ങളും രൂപകൽപന ചെയ്തിരിക്കുന്നത്. അതായത് ഒരു മണ്ഡപത്തിൽ നിന്നും അനായാസം അടുത്ത മണ്ഡപത്തിലേക്ക് പ്രവേശിക്കാൻ കഴിയുമെന്ന് സാരം. ക്ഷേത്രം സന്ദർശിക്കാൻ എത്തുന്നവരുടെ വ്യാജ സന്യാസിമാരുടെ തട്ടിപ്പിൽ പെടാതെ സൂക്ഷിക്കുക.

സൂര്യന്‍റെ സ്വർണ്ണവർണ്ണ പ്രകാശത്തിൽ തിളങ്ങി നിൽക്കുന്ന പുരിയുടെ സമുദ്രതീരം ആരെയും ആകർഷിക്കുന്ന കാഴ്ചയാണ് സമ്മാനിക്കുക. സൂര്യോദയത്തിലും സൂര്യാസ്തമന സമയത്തും തിരമാലകളിൽ സൂര്യരശ്മികൾ വളഞ്ഞും പുളഞ്ഞും സൃഷ്ടിക്കുന്ന പ്രകാശ വിസ്മയം കാണേണ്ട കാഴ്ച തന്നെയാണ്. ഭുവനേശ്വറിൽ നിന്നും പുരിയിലേക്ക് ധാരാളം ബസ് സർവീസുകളും ടാക്സികളും ഉണ്ട്.

കൊണാർക്ക്

ഒഡീഷയുടെ ആകർഷകവും ശാന്തവുമായ കടൽ തീരത്തിനടുത്തായി ഒരു നദി ഒഴുകുന്നുണ്ട്. ചന്ദ്രഭാഗം മനോഹരമായ ഈ നദീത്തീരത്തായാണ് കൊണാർക്ക് സ്ഥിതി ചെയ്യുന്നത്. കൊണാർക്കിന് ഇതിഹാസപരമായി സവിശേഷമായ സ്‌ഥാനമുണ്ട്.

ഒഡീഷ ശില്പ കലയുടെ ഉദാത്തമായ മാതൃകയാണ് കൊണാർക്കിലെ സൂര്യക്ഷേത്രം. കല്ലിൽ ജീവൻ തുടിക്കുന്ന പ്രതീതിയാണ് ഈ ക്ഷേത്രം കാണുമ്പോൾ തോന്നുക. 9-ാം നൂറ്റാണ്ടിൽ കേസരി വംശത്തിലുള്ള ഏതോ രാജാവാണ് ഈ ക്ഷേത്രത്തിന് കല്ലിട്ടതെന്നാണ് ഐതിഹ്യം. തുടർന്ന് 13-ാം നൂറ്റാണ്ടിൽ ഗംഗവംശീയ രാജാവായ നരേശ് സിംഹ് ദേവ് (ഒന്നാമൻ) ക്ഷേത്രത്തെ പുനരുദ്ധരിച്ച് ഇപ്പോഴുള്ള ഈ രൂപത്തിലാക്കുകയായിരുന്നു.

സൂര്യക്ഷേത്രത്തിന്‍റെ മണ്ഡപത്തിൽ അനേകം മൂർത്തികളെ കൊത്തി വച്ചിട്ടുണ്ട്. നൃത്തമുദ്രയിൽ ചിത്രീകരിച്ചിട്ടുള്ള മൂർത്തികളെ കണ്ടാൽ അവയുടെ കാലുകളിലെ ചിലങ്കകളുടെ ധ്വനി ഇപ്പോഴും മുഴങ്ങി കൊണ്ടിരിക്കുന്നതുപോലെ തോന്നി പോകും.

ഗജശാർദൂലിന്‍റെ വിചിത്ര രചനകളും ഇതേ മണ്ഡപത്തിൽ കാണാൻ കഴിയും. ക്ഷേത്രത്തിന്‍റെ ഗർഭഗൃഹത്തിൽ വിഭിന്നങ്ങളായ കലാരൂപങ്ങളും ആലേഖനം ചെയ്തിരിക്കുന്നു. അവയിൽ ജീവികളും ഗന്ധർവ്വന്മാരും അപ്സരസ്സുകളും മറ്റും ഉൾപ്പെടും.

കൊണാർക്ക് ക്ഷേത്രത്തിനടുത്തായി കൊണാർക്ക് മ്യൂസിയവും സ്‌ഥിതി ചെയ്യുന്നു. ദുർലഭമായ കലാവസ്തുക്കളുടെ ശേഖരം ഈ മ്യൂസിയത്തിൽ കാണാൻ കഴിയും. കേന്ദ്ര സർക്കാരിന്‍റെ ആർക്കിയോളജിക്കൽ വകുപ്പാണ് ഈ മ്യൂസിയം സ്‌ഥാപിച്ചിരിക്കുന്നത്.

കൊണാർക്കിന്‍റെ ശാന്തമായ കടൽ തീരത്ത് പിക്ക്നിക്ക് ആസ്വദിക്കാം. കൊണാർക്ക് ക്ഷേത്രത്തിൽ നിന്നും 3 കി.മീ അകലെയാണ് സമുദ്രതീരം സ്‌ഥിതി ചെയ്യുന്നത്.

എങ്ങനെ പോകാം

ഭുവനേശ്വർ എയർപോർട്ടുമായി ഒട്ടുമിക്ക എയർലൈൻസും ബന്ധപ്പെട്ടിരിക്കുന്നു. റെയിൽ മാർഗ്ഗവും ഇവിടെ എത്തിച്ചേരാം. പുരിയിൽ വരെ ട്രെയിൻ മാർഗ്ഗം സഞ്ചരിക്കാവുന്നതാണ്. പുരിയിൽ ഇറങ്ങിയാൽ അവിടെ നിന്ന് 2 മണിക്കൂർ ബസ് മാർഗ്ഗം സഞ്ചരിച്ചാൽ ഭുവനേശ്വറിൽ എത്തിച്ചേരാം. ഭുവനേശ്വറിൽ നിന്നും 65 കി.മീ അകലെയാണ് കൊണാർക്ക് സ്‌ഥിതി ചെയ്യുന്നത്. പുരിയിൽ നിന്നും 35 കി.മീറ്ററും.

ദില്ലിയിൽ നിന്നും ഭുവനേശ്വറിലേക്ക് 2063 കി.മീ. ദൂരമുണ്ട്. ചെന്നൈയിൽ നിന്നും 1222 കി.മീറ്ററും. ഹൈദരാബാദിൽ നിന്നും 1170 കി.മീറ്റും. ദേശീയപാത 5 മാർഗ്ഗം ഭുവനേശ്വർ കോൽക്കത്ത, റാഞ്ചി, റായ്പൂർ, ദുർഗ്ഗപൂർ, വിശാഖപട്ടണം, ടാറ്റാനഗർ എന്നിവ ബന്ധിക്കപ്പെട്ടിരിക്കുന്നു. കാർ മാർഗ്ഗവും ഈ പാതയിലൂടെ സഞ്ചരിച്ച് ഇവിടെ എത്തിച്ചേരാം. മനോഹരിയായ ഒഡീഷയെ നിങ്ങൾ ഒരിക്കലും മിസ് ചെയ്യരുത്.

और कहानियां पढ़ने के लिए क्लिक करें...